പൂമുഖം EDITORIAL പ്രഭാഷണങ്ങളും പ്രകടനങ്ങളും കൊണ്ട് കാർണിവൽ രണ്ടാം ദിനം സമ്പന്നം

എന്തെഴുതണമെന്ന് എഴുത്തുകാരനോട് പറയേണ്ടെന്ന് സച്ചിദാനന്ദന്‍; കവിത ചൊല്ലി എം എ ബേബി; പുതിയ കവിതയുടെ മെലിച്ചിൽ പുതിയ ഭാഷയെ കണ്ടെത്തലാണെന്ന് ഉദയകുമാർ : കവിതയുടെ കാര്‍ണിവല്‍ രണ്ടാം ദിവസം കാവ്യസമ്പന്നം: പ്രഭാഷണങ്ങളും പ്രകടനങ്ങളും കൊണ്ട് കാർണിവൽ രണ്ടാം ദിനം സമ്പന്നം

കാർണിവൽ റിപ്പോർട്ട് ജനുവരി 28
പട്ടാമ്പി: എഴുത്തുകാരനോട് എന്തെഴുതണമെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറുപുലര്‍ത്തണമെന്നും പറയേണ്ടെന്ന് കവി സച്ചിദാനന്ദന്‍. അതിഥിയായെത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കവിത ചൊല്ലലും. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവല്‍ രണ്ടാം ദിവസം അക്ഷരാര്‍ഥത്തില്‍ കാവ്യസമ്പന്നമായി.
ഏതു കാലത്തെയും ജൈവ ആവിഷ്‌കാരമാണ് കവിത എന്നായിരുന്നു കവിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു സച്ചിദാനന്ദന്‍ പറഞ്ഞത്. ദുര്‍നീതികളെയും ദുരാധിപത്യത്തെയും നീതി ലംഘനങ്ങളയും എല്ലാക്കാലത്തും എഴുത്തുകളിലൂടെ ചോദ്യം ചെയ്തിട്ടുള്ളവരാണ് എഴുത്തുകാരും കലാകാരന്‍മാരും. മലയാളത്തില്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള കവികള്‍ നീതിബോധത്തെയും സൗന്ദര്യബോധത്തെയും ഒരേസമയം ആവിഷ്‌കരിച്ചവരാണ്. ഇത് ലോകത്തെ എല്ലാ ഭാഷകളിലും സംഭവിച്ചിട്ടുള്ളതാണ്.
ധര്‍മാധര്‍മങ്ങള്‍ മനുഷ്യനെ പഠിപ്പിക്കേ പൈങ്കിളിപ്പാട്ടായി മാറുന്നതിനെക്കുറിച്ച് ഇടശേരി പറഞ്ഞിട്ടുണ്ട്.മനുഷ്യര്‍ ജീവിക്കുന്നത് ആശയങ്ങള്‍ കൊണ്ടുകൂടിയാണെന്നാണ് അദ്ദേഹം കവിതയിലൂടെ ചൂണ്ടിക്കാട്ടിയത്. കവികളെക്കുറിച്ച് സൗവര്‍ണ പ്രതിപക്ഷമെന്നാണ് വൈലോപ്പിള്ളി പറഞ്ഞിരിക്കുന്നത്. മുന്‍കാല എഴുത്തുകാരെ പഠിക്കുമ്പോള്‍ സമകാലിക സാഹചര്യം കൂടി ഓര്‍മയില്‍ വരും. അവരുടെ ഉദ്വേഗങ്ങള്‍, സങ്കടങ്ങള്‍, ആശങ്കകള്‍, സന്തോഷങ്ങള്‍ എന്നിവയൊക്കെത്തന്നെയാണ് ഇന്നും കവിതയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.
IMG-20170128-WA0025
sssss
കടമ്മനിട്ട രാമകൃഷ്ണന്റെ ക്യാ എന്ന കവിത ചൊല്ലിക്കൊണ്ടാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കാര്‍ണിവലിലെത്തിയത്. ഗുജറാത്ത് കലാപത്തിന്റെ നാളുകളെയും രാജ്യത്തെ ഹൈന്ദവവല്‍കരണശ്രമങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന കവിത കാലം സംവദിക്കുന്നത് എന്ന മുഖവുരയോടെയാണ് ബേബി ചൊല്ലിയത്. മെലിയുന്ന നിളയുടെ തീരത്ത് കവിതയ്ക്കും സാഹിത്യത്തിനുമായി ഇത്തരമൊരു വേദി അനിവാര്യമായിരുന്നെന്നും തുടര്‍ച്ചകളുണ്ടാകണമെന്നും ബേബി പറഞ്ഞു.
കവിതയിലെ താളത്തെക്കുറിച്ച് മനോജ് കുറൂറും കവിതയുടെ അരങ്ങുജീവിതത്തെക്കുറിച്ച് ജി ദിലീപനും പ്രഭാഷണം നടത്തി. കവിതയുടെ അതീത സഞ്ചാരങ്ങള്‍ എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡോ. ഉദയകുമാര്‍ പ്രഭാഷണം നടത്തി. കവിതയുടെ ചൊല്‍വഴികളെക്കുറിച്ച് കവിത ചൊല്ലിയും കാര്യം പറഞ്ഞു പ്രൊഫ. വി മധുസൂദനന്‍നായരുടെ പ്രഭാഷണവും ശ്രദ്ധേയമായി.
കവിതാ വിവര്‍ത്തനത്തിന്റെ നവീന മാതൃക സൃഷ്ടിച്ച് ദക്ഷിണേന്ത്യന്‍ കവിതകളുടെ വിവര്‍ത്തന ശില്‍പശാല സാഹിത്യാസ്വാദകര്‍ക്കു പുതിയ അനുഭവം പകര്‍ന്നു. കവി ശൈലന്റെ വേട്ടൈക്കാരന്‍, ശൈലന്റെ കവിതകള്‍ എന്നീ പുസ്തകങ്ങള്‍ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയതു. കവി സെബാസ്റ്റ്യന്‍, സുബൈദ എന്നിവര്‍ ഏറ്റുവാങ്ങി. കവിതാവതരണവുമായെത്തിയ പി രാമനും കവിതയുടെ ചൊല്‍ക്കാഴ്ച എന്ന പോയ്ട്രി ബാന്‍ഡുമായെത്തി കുഴൂല്‍ വില്‍സണും കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിനെ സമ്പന്നമാക്കി.
കുഞ്ചൻ സ്മാരകം അവതരിപ്പിച്ച ഓട്ടൻ തുള്ളൽ, മേധയും സീനാ ശ്രീവൽസനും അവതരിപ്പിച്ച നൃത്താവിഷ്കാരം, ആറങ്ങോട്ടുകര പാഠശാല അവതരിപ്പിച്ച മുളവാദ്യകാവ്യാലാപനം, പാലക്കാട് മെഹ്ഫിൽ അവതരിപ്പിച്ച സംഗീതനിശ എന്നീ ആവിസ്കാരങ്ങൾ രാത്രിയെ സമ്പന്നമാക്കി.  പാട്ടും കവിതയും ആട്ടവുമായി കാർണിവൽ രൻടാം ദിനം അവസാനിച്ചപ്പോൾ രാത്രി ഒരു മണി കഴിഞ്ഞിരുന്നു.
കവിതാ കാര്‍ണിവലില്‍ ഇന്ന് (28 ജനുവരി)
രാവിലെ 9.30ന് കവിസന്ധിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ഹിന്ദി കവി മംഗലേഷ് ദെബ്രാള്‍ അതിഥിയായെത്തും. റോഷ്ണി സ്വപ്‌ന, മുരളീ കൃഷ്ണന്‍, ബാബു രാമചന്ദ്രന്‍ എന്നിവര്‍ ദെബ്രാളിന്റെ കവിതകള്‍ പരിഭാഷപ്പെടുത്തും. പതിനൊന്നരയ്ക്ക് ദക്ഷിണേന്ത്യന്‍ കവിതാ വിവര്‍ത്തന ശില്‍പശാലയില്‍ വിവര്‍ത്തനം ചെയ്ത രചനകളുടെ അവതരണം. തമിഴ് കവികളായ സുകുമാരന്‍, സുകൃതറാണി, ഇശൈ, കന്നഡ കവികളായ അബ്ദുള്‍ റഷീദ്, മമത സാഗര്‍, മഞ്ജുനാഥ്, തെലുഗു കവികളായ ഡോ. പി മോഹന്‍, മന്ദാരപ്പൂ ഹൈമവതി, മന്ത്രി കൃഷ്ണമോഹന്‍ എന്നിവരുടെ കവിതകളാണ് വിവര്‍ത്തനം ചെയ്ത് അവതരിപ്പിക്കുന്നത്.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് കവിയോടൊപ്പം പരിപാടിയില്‍ കെ ജി ശങ്കരപ്പിള്ള പങ്കെടുക്കും. രണ്ടരയ്ക്ക് പ്രതീക്ഷിക്കാത്തിടത്തെ കവിതയെക്കുറിച്ച് കെ സി നാരായണന്‍ പ്രഭാഷണം നടത്തും. കവിതയുടെ ആവിഷ്‌കാര രൂപങ്ങളെക്കുറിച്ച് ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു നടക്കുന്ന ദേശീയ സെമിനാറില്‍ സി ജെ ജോര്‍ജ്, എ വി സന്തോഷ് കുമാര്‍, ബിജു കാഞ്ഞങ്ങാട്, എല്‍ തോമസ്‌കുട്ടി, കുഴൂര്‍ വില്‍സണ്‍, സുധീഷ് കോട്ടേമ്പ്രം, കവിത ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് ദീരാബായി നാടകത്തിന്റെ രംഗാവിഷ്‌കാരവും വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഹലി ആലങ്കോടിന്റെ സന്തൂര്‍വാദനവും നടക്കും.
സുനില്‍ പി ഇളയിടം, പി പവിത്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. പുതിയ കാല സാമൂഹികാവിഷ്‌കാരങ്ങളെക്കുറിച്ച് റിയാസ് കോമുവും അന്‍വര്‍ അലിയും തമ്മിലുള്ള സംഭാഷണം. കെ എ ജയശീലന്‍, എന്‍ ജി ഉണ്ണികൃഷ്ണന്‍, സച്ചിദാനന്ദന്‍ പുഴങ്കര, നിരഞ്ജന്‍ എന്നിവര്‍ പങ്കെടുക്കുന്ന കവി സംവാദവുമുണ്ടാകും. സോഷ്യല്‍ മീഡിയയിലെ കവിതാ വ്യവഹാരങ്ങളെക്കുറിച്ചു പുതുകവികളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായവരും നയിക്കുന്ന സംവാദവും പൂതപ്പാട്ടിന്റെ സാമൂഹികാവിഷ്‌കാരമായി ഒരു ദേശം കവിത ചൊല്ലുന്നു പരിപാടിയുമാണ് ഇന്നത്തെ മുഖ്യ ആകര്‍ഷണം. നാലു ദിവസങ്ങളിലായി നടക്കുന്ന കാര്‍ണിവല്‍ 29ന് സമാപിക്കും.
Comments
Print Friendly, PDF & Email

You may also like