തുടർക്കഥ നോവൽ

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്…


ഭാഗം 14
echu 14

ഭാഗം  14

ിമന്‍സ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിയുണ്ടെന്ന് പറയുവാന്‍ ദേവി  തീരുമാനിച്ചു. ഇനി ആ വീട്ടിലേക്ക് മടങ്ങുവാന്‍ അവള്‍ക്ക് മനസ്സില്ല. ഉടുത്ത വേഷത്തോടെയാണ് അവള്‍ ആ വീട് വിട്ടത്. അവളുടെയും പേരിലുള്ള ആ വീട്ടിലാണ് എല്ലാ സാധനങ്ങളും. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍,അവാര്‍ഡുകള്‍, അവളുടെ വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെറിയ കൌതുകവസ്തുക്കള്‍, അമ്മ കൊടുത്ത കുറച്ച് ആഭരണങ്ങള്‍ അങ്ങനെ എല്ലാമെല്ലാം. .. അവളുടെ ജീവിതം മുഴുവന്‍ അവിടെ ആ മുറികളില്‍ പരന്നു കിടക്കുകയാണ്..

പോലീസുകാരി പറഞ്ഞു, ‘നിങ്ങളുടെ ഓഫീസ് എവിടെയാണെന്ന് പറയൂ. അവിടെ വന്ന് മൊഴിയെടുക്കാം.അല്ലാതെ ഫോണില്‍ പറഞ്ഞാല്‍ ശരിയാവില്ല.’

ദേവി വിലാസം കൊടുത്തു.

ഓഫീസിലെ എച്ച് ആര്‍ ഡിവിഷനില്‍ ചെന്ന് അവള്‍ക്ക് താമസിക്കാനിടമില്ലെന്നും ജീവിതം ഇത്ര ദുരിതപൂര്‍ണമായെന്നും എഴുതിക്കൊടുത്തു. ഓഫീസ് ഗസ്റ്റ് ഹൌസിലെ ഒരു ഡബിള്‍ റൂം അവള്‍ക്ക് അനുവദിച്ച് അപ്പോള്‍ തന്നെ എച്ച് ആര്‍ ഹെഡ് ഉത്തരവായി.

ചേട്ടനെയും ചേട്ടത്തിയമ്മയേയും അനിയത്തിയേയും വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. കേട്ട വാര്‍ത്തയുടെ ആഘാതത്തില്‍ ആരും കൂടുതല്‍ സംസാരിച്ചില്ല.

ഉച്ചയ്ക്ക് മകനെ സ്ക്കൂളില്‍ ചെന്ന് വിളിച്ചുകൊണ്ടു വന്നു. സ്ക്കൂള്‍ ബസ്സില്‍ വീട്ടിലേക്ക് പോകാത്തതില്‍ ഹരിമോന്‍  വിരോധം ഒന്നും പറഞ്ഞില്ല.ഓഫീസിന്‍റെ ഗസ്റ്റ് ഹൌസില്‍ ദേവി  അവനൊപ്പം താമസിച്ചു.

ഒരു മൂന്നര മണിയായപ്പോള്‍ അനൂപിനു  മനസ്സിലായി, മോനും അവളും കൂടി വീട് വിട്ടിരിക്കുന്നു എന്ന്.. മകന്‍ സ്ക്കൂള്‍ ബസ്സില്‍ മടങ്ങി വന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ തുടരെത്തുടരെ അവളുടെ ഫോണില്‍ വിളിച്ചു. അവള്‍ എടുത്തതേയില്ല.

വരാമെന്ന് പറഞ്ഞെങ്കിലും വിമന്‍ ഹെല്‍പ് ലൈനില്‍ നിന്ന് ആരും അവളെ അന്വേഷിച്ചു വന്നില്ല. ഒരു ഫോണ്‍ പോലും വരികയുണ്ടായില്ല.

ഒരു സഹപ്രവര്‍ത്തകന്‍റെ കൈയില്‍ നിന്ന് കടം വാങ്ങിയ പതിനായിരം രൂപ മാത്രമേ ദേവിയുടെ  പക്കല്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ഹരിമോന്‍ സ്കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു. അവള്‍ അവനു ഇഷ്ടമുള്ള ആഹാരം വയറു നിറയെ മേടിച്ചു കൊടുത്തു. ആഹാരം കഴിക്കുമ്പോള്‍ അമ്മയുടെ കൈയില്‍ പൈസയില്ല, അല്ലേഎന്നവന്‍ ചോദിക്കാതിരുന്നില്ല. അവന്‍റെ ശബ്ദത്തില്‍ ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു. അവള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. ‘അതൊക്കെ ശരിയാവും മോന്‍ വിഷമിക്കാതെ ഭക്ഷണം കഴിച്ചോളൂ,.’ വയറു നിറഞ്ഞപ്പോള്‍ സന്തോഷത്തോടെ മുറിയിലെ ടി വി ഓണ്‍ ചെയ്ത് ഹരിമോന്‍ കട്ടിലില്‍ കിടന്നു, അങ്ങനെ ടി വി കണ്ട് കിടന്ന് അവന്‍ ഉറങ്ങിപ്പോയി. പാവം, ഇന്നലത്തെ രാത്രി അവന് എത്ര മേല്‍ ആഘാതം നല്‍കിയിരിക്കുമെന്ന് ഓര്‍ത്ത് ദേവിക്ക് കരച്ചില്‍ വന്നു.

നാളെ രാവിലെ എത്താമെന്ന് ചേട്ടത്തിയമ്മ അവളെ വിളിച്ചറിയിച്ചത് അപ്പോഴാണ്. ചേട്ടനും വരുന്നുണ്ടെന്ന് അവര്‍ അവളെ സമാധാനിപ്പിച്ചു.ചേട്ടനേക്കാള്‍ ചേട്ടത്തിയമ്മ വരുന്നുണ്ടെന്നതാണ് അവളെ കൂടുതല്‍ ശാന്തയാക്കിയത് .

രാത്രി എട്ടര മണിയായപ്പോള്‍ ദേവിയുടെ ഒന്നു രണ്ട് സഹപ്രവര്‍ത്തകര്‍ വന്നു,അവര്‍ കുറച്ച് ഫയലുകളും ഡ്രോയിംഗുകളും കൊണ്ടുവന്നിരുന്നു.അടിയന്തരമായി അവള്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഓഫീസ് വിട്ടതുകൊണ്ട് അവയൊന്നും അവള്‍ നോക്കീരുന്നില്ല. കൃത്യം അപ്പോഴാണ് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അവള്‍ക്ക് ഫോണ്‍ വന്നത്. അവള്‍ ഫോണ്‍ എടുത്തു.

പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു അത്.

അനൂപ്  പോലീസില്‍ പരാതിപ്പെട്ടിരുന്നു. അവള്‍ അയാളുടെ മകനേയും തട്ടിക്കൊണ്ട് മുങ്ങിയെന്നായിരുന്നു അയാളുടെ പരാതി.

അവള്‍ പറഞ്ഞു. ‘ഞാനും എന്‍റെ മകനും ഇവിടെ തന്നെയുണ്ട്. എങ്ങും മുങ്ങിയിട്ടില്ല. ഞാന്‍ അയാള്‍ക്കൊപ്പം ഇനി താമസിക്കില്ല. അയാള്‍ എന്നെ അടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ഞാന്‍ പെറ്റ എന്‍റെ മകനെക്കൊണ്ട് എന്നെ അടിപ്പിക്കുകയും ചെയ്തു. എന്‍റെ എ റ്റി എം കാര്‍ഡും ചെക്കുബുക്കുമടക്കം സകല സാധനങ്ങളും ആ വീട്ടിലാണുള്ളത്. ‘

പോലീസുകാരന്‍ ഒ കെ മാഡംഎന്ന് ഫോണ്‍ വെച്ചു.

ദേവി  ഫയലുകള്‍ നോക്കി, ഡ്രോയിംഗുകളില്‍ ഒപ്പ് വെച്ചു. സഹപ്രവര്‍ത്തകര്‍ ധൈര്യമായിരിക്കാന്‍ ആശ്വസിപ്പിച്ച് നല്ല രാത്രി നേര്‍ന്ന് മടങ്ങിയപ്പോള്‍ അവള്‍ വാതില്‍ തഴുതിട്ട് മകനെ ഗാഢമായി ആലിംഗനം ചെയ്തു കിടന്നു.

അടുത്ത നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അമ്മ  സ്പര്‍ശിച്ചതറിഞ്ഞ് ഹരിമോന്‍ മോഹനമായ ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് കിടന്ന് അവളുടെ മേല്‍ കാല്‍ കയറ്റി വെച്ചു. എന്നിട്ട് സമാധാനമായി ഉറക്കം തുടര്‍ന്നു.

അവന്‍റെ പുറത്ത് മന്ദമായി തട്ടിക്കൊണ്ട് അവളും മെല്ലെ ഉറക്കത്തിലേക്ക് വഴുതി ..

ശാന്തവും ഗാഢവുമായ നിദ്ര. ആരുടേയും അലട്ടില്ലാത്ത ദു:സ്വപ്നങ്ങളില്ലാത്ത സുഖനിദ്ര.

 

ാവിലെ ഒമ്പതു മണിയ്ക്ക് വാതില്‍ക്കല്‍ അക്ഷമയോടെയുള്ള, ഉറക്കെയുള്ള മുട്ടുകള്‍ കേട്ടപ്പോഴാണ് ദേവി  ഉണര്‍ന്നത്. സ്ഥലകാലബോധം വരാന്‍ കുറച്ചു മിനിറ്റുകള്‍ എടുത്തു. മകന്‍റെ മൃദുലമായ കരവലയം അവളില്‍ സുരക്ഷിതയെന്ന ഒരു പുഞ്ചിരി തെളിയിക്കാതിരുന്നില്ല.. നിദ്രയില്‍ ലയിച്ചു കിടക്കവേ, അവന്‍റെ തുപ്പലൂര്‍ന്ന് വീണ കമ്മീസിന്‍റെ കൈ നനവ് ഇടതു കൈ കൊണ്ട് തുടച്ച് , തലമുടി ഒന്നൊതുക്കി അവള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ചേട്ടനെയും ചേട്ടത്തിയമ്മയേയും ഇന്ദുമോളേയുമായിരുന്നു.

ഇന്ദു മോള്‍ അമ്മായീഎന്ന് വിളിച്ച് അവളെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ചേട്ടനും ചേട്ടത്തിയമ്മയും മൌനമായിരുന്നതേയുള്ളൂ.

കുറച്ച് കഴിഞ്ഞ് ദേവി  എല്ലാം വിശദീകരിച്ചപ്പോള്‍ ചേട്ടന്‍ ചോദിച്ചു. ‘ഇനി എന്താണ് നിന്‍റെ ഉദ്ദേശം ? എന്തു ചെയ്യാനാണ് നീ അഗ്രഹിക്കുന്നത്?തീരുമാനങ്ങള്‍ നീ സ്വന്തമായി എടുക്കണം. ഒടുവില്‍ ഞങ്ങള്‍ പറഞ്ഞു അതുകൊണ്ട് ചെയ്തു എന്നാവരുത്. സ്വന്തം ജീവിതത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുക്കണം.’

അവള്‍ക്ക് പൊടുന്നനെ വിശാലമായ ഒരു മരുഭൂമിയില്‍ ഒറ്റപ്പെട്ടതു പോലെ തോന്നി.

ഇത് പറയാനാണോ ചേട്ടന്‍ വിമാനം കയറി വന്നത്? ഉത്തരവാദിത്തം എന്ന ഭാരത്തിന്‍റെ ഘനം ചേട്ടന്‍റെ ചുമലിലല്ല എന്ന് പിന്നെയും പിന്നെയും പ്രഖ്യാപിയ്ക്കാന്‍..

മോന് അവര്‍ പാര്‍ത്തിരുന്ന ആ കോളനിയില്‍ തന്നെ വീടെടുത്ത് താമസിക്കണമെന്നാണ് ആഗ്രഹമെന്ന് അവന്‍ അറിയിച്ചിട്ടുണ്ട്. അവന്‍റെ കൂട്ടുകാരെല്ലാം അവിടെയാണ്. അവന്‍റെ സ്ക്കൂള്‍ ബസ്സ് അവിടെയാണ് വരിക. അവന്‍ അധിക ദിവസവും അമ്മയ്ക്കൊപ്പം പാര്‍ക്കും. വേണെമെങ്കില്‍ ഒന്നോ രണ്ടോ ദിവസം അച്ഛന്‍റെ കൂടെയും അവനു നില്‍ക്കാമല്ലോ.

അപ്പോള്‍ അവന്‍ സ്ഥിരമായി നിനക്ക് ഒപ്പമുണ്ടാവില്ലേഎന്ന ചേട്ടത്തിയമ്മയുടെ ചോദ്യത്തില്‍ വല്ലാത്ത ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു.

അവന്‍ അച്ഛനെ കാണരുതെന്ന് ഞാന്‍ പറയാമോ, ഏട്ടത്തിഎന്നവള്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ കര്‍ശനമായി വിലക്കി. ‘ഒരിക്കലും നീ ആ തെറ്റ് ചെയ്യരുത്.’

അപ്പോഴാണ് ഹരിമോന്‍ ഉണര്‍ന്നത്.

എണീറ്റപ്പോള്‍ അവന്‍റെ മുഖം ഇരുണ്ടു.

ഇന്ദു ചേച്ചിയെ കാണണ്ടഎന്നവന്‍ അലറി. ‘അമ്മയ്ക്ക് എന്നെക്കാള്‍ ഇഷ്ടം ഇന്ദു ചേച്ചിയോടാണെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. അതല്ലേ അമ്മ അന്ന് അങ്ങനെ ചെയ്തത്?’

അവള്‍ എത്ര ശ്രമിച്ചിട്ടും അവന്‍ ശാന്തനായില്ല.

അമ്മാവനേയും അമ്മായിയേയും കണ്ടതും അവനു തീരെ ഇഷ്ടമായില്ല. അവര്‍ അവനു കിട്ടേണ്ട അവന്‍റെ അമ്മയുടെ സമ്പാദ്യം തട്ടിയെടുക്കുന്നവരാണെന്ന് അച്ഛന്‍ അവനെ അറിയിച്ചിട്ടുണ്ട്.

ഇവരൊക്കെക്കൂടി അമ്മയെ പറ്റിക്കുമോ എന്ന വല്ലാത്ത ഒരു തരം അരക്ഷിതത്വം ഹരിമോനെ വലയം ചെയ്തു.

ഇന്ദുചേച്ചി വിശദീകരണത്തിനു മുതിര്‍ന്നത് അവനെ കൂടുതല്‍ അരിശം പിടിപ്പിച്ചതേയുള്ളൂ. അവള്‍ രണ്ട് വര്‍ഷം മുന്‍പൊരിക്കല്‍ അവനെയും അമ്മായിയേയും കാണാന്‍ വന്ന സമയത്ത് ഒരു രാത്രി അവന്‍ ദേഷ്യം പിടിച്ച് അവന്‍റെ അമ്മയെ ഒരു ജി ഐ പൈപ്പ് കഷണം കൊണ്ട് തല്ലാന്‍ ശ്രമിച്ചിരുന്നു. തണുപ്പുകാലമായതുകൊണ്ട് അവന്‍ സ്വറ്റര്‍ ധരിക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചതായിരുന്നു അതിനു കാരണം. നല്ല തടിമിടുക്കും പത്ത് പന്ത്രണ്ട് വയസ്സ് മുതിര്‍ച്ചയുമുള്ള ഇന്ദുചേച്ചി അവന്‍റെ അടി ബലമായി തടുക്കുകയും പകരം അവനെ നല്ല ചുട്ട അടി അടിക്കുകയും ചെയ്തു. ‘പെറ്റമ്മയെ തല്ലുന്നോടാ വൃത്തികെട്ടവനെഎന്ന് ചോദിച്ചായിരുന്നു ചേച്ചി അടിച്ചത്. ഇന്ദു ചേച്ചി ക്യാന്‍സര്‍ പിടിച്ചോ വണ്ടിയിടിച്ചോ റേപ് ചെയ്യപ്പെട്ടോ മരിക്കുമെന്ന് അവന്‍ അന്ന് ശപിച്ചപ്പോള്‍ എന്‍റെ മോന്‍ അങ്ങനെ ഒരിയ്ക്കലും പറയരുതെന്ന് അമ്മ അവനെ വിലക്കിയെങ്കിലും അവനെ അടിക്കരുതെടീ നാശം പിടിച്ചവളേഎന്ന് ഇന്ദുചേച്ചിയെ തടഞ്ഞില്ല.

അച്ഛന്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍ തിരിച്ചെത്തും മുമ്പേ അവന്‍ കുറെ കരഞ്ഞു പിഴിഞ്ഞെങ്കിലും അമ്മയോടും ചേച്ചിയോടും അപ്പോഴേക്കും ഒരുവിധം സ്നേഹമാവുകയും ചെയ്തുകഴിഞ്ഞിരുന്നു.

പക്ഷെ, പിന്നീട് കുറെ നാള്‍ കഴിഞ്ഞ് അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ആണ്‍കുട്ടിയായ ഹരിമോനെ തല്ലാന്‍ ഇന്ദു എന്ന പെണ്‍കുട്ടിക്ക് ഒരു അധികാരവുമില്ലെന്ന കാര്യം അവനു മനസ്സിലായത്. ആണ്‍കുട്ടികളെ പെണ്ണുങ്ങള്‍, അമ്മൂമ്മയായാലും അമ്മയായാലും ചേച്ചിയായാലും ടീച്ചറായാലും ആരു തന്നെയായാലും എപ്പോഴും ബഹുമാനിക്കണം. അവരെ ദേഷ്യം പിടിപ്പിച്ച് അടികൊള്ളാനും അവരുപദ്രവിച്ചു എന്ന് പരാതിപ്പെടാനും നില്‍ക്കരുത്.ആണ്‍കുട്ടികള്‍ക്ക് അവര്‍ പറയുന്നതു പോലെ സേവനവും ശുശ്രൂഷയും സ്നേഹവും കൊടുക്കാന്‍ മാത്രമായിട്ടാണ്, ആണ്‍കുട്ടികളെ അനുസരിക്കാന്‍ മാത്രമായിട്ടാണ് ദൈവം പെണ്‍കുട്ടികളെ ഭൂമിയില്‍ ജനിപ്പിക്കുന്നത്. അച്ഛന്‍ പല പല ബുക്കുകളില്‍ നിന്നും ഇന്‍റര്‍നെറ്റില്‍ നിന്നും മറ്റും പെണ്ണുങ്ങള്‍ക്ക് ഈ ലോകത്ത് എന്തു സ്ഥാനമാണുള്ളത്, അവര്‍ക്ക് എത്ര ബുദ്ധിയാണുള്ളത് ,എന്തു കഴിവാണുള്ളത് എന്തൊക്കെയാണ് അവരുടെ ജോലികള്‍ എന്നൊക്കെ അവനു വിശദമായി പറഞ്ഞുകൊടുത്തിട്ടുണ്ട്.

മാമിയെപ്പറ്റിയും അവനു പരാതി ഉണ്ട്. മാമി അവന്‍ കുഞ്ഞായിരുന്നപ്പോള്‍ കുളിപ്പിച്ചിട്ടൊക്കെയുണ്ട്. പക്ഷെ, അതൊക്കെ അവനെ കരയിച്ചുകൊണ്ടായിരുന്നു, അവനോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ കാലില്‍ കിടത്തി കുളിപ്പിക്കുമ്പോള്‍ അവനെ കരയിക്കുമായിരുന്നില്ല.

ഹരിമോന്‍ മുഖം കുത്തി വീര്‍പ്പിച്ചു തന്നെ ഇരുന്നു.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.