പൂമുഖം Travel കൃഷ്ണഗാഥ തേടിയൊരു യാത്ര – 2

കൃഷ്ണഗാഥ തേടിയൊരു യാത്ര – 2

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ജന്തുലോകങ്ങളുടെ സ്വാതന്ത്ര്യ ബോധം

ാനരക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന ഭൂമികയാണ് വൃന്ദാവനം . യുവാക്കളും യുവതികളും ഗർഭിണികളും മധ്യവയസ്കരും നെറ്റിയിൽ കാലം നൽകിയ ദീക്ഷണരേഖകൾ ഉള്ള പടുവൃദ്ധന്മാരും  വരെ അക്കൂട്ടത്തിലുണ്ട്.
മതിലുകൾ,പുരപ്പുറങ്ങൾ, വൃക്ഷങ്ങൾ,റോഡുകൾ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലം പോലും ഭൂമിയിലില്ല.
ജന്മഗുണമായി വന്നു ചേർന്ന ചാപല്യങ്ങൾ നിമിത്തം പലരിൽ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങൾ ചിലതിന്‍റെയെല്ലാം ശരീരത്തിൽ മുറിപ്പാടുകളായി കിടപ്പുണ്ട്.
പഴക്കച്ചവടക്കാരുടേയും  മറ്റു ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവരുടേയും അടുത്ത് ഇവരുടെ വിളയാട്ടം അധികം നടക്കാറില്ല. അവർ കയ്യിലുള്ള മുട്ടൻ വടികൾ കൊണ്ട് ഇവയെ അകറ്റി നിർത്തുന്നു
എന്നാൽ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്ന തീർത്ഥാടകരെ  ഒറ്റയായും കൂട്ടായും വന്നു ആക്രമിച്ചു തട്ടിപ്പറിച്ചോടുന്ന പ്രവണത എമ്പാടുമുണ്ട്.
ജന്തുജാലങ്ങളോട് കരുണയും സഹാനുഭൂതിയും ആവോളമുണ്ടായിരുന്ന ശ്രീകൃഷ്ണ ജന്മത്തിന്റെ സ്മരണകളിലൂടെ  വൃജവാസികൾക്കിടയിൽ അന്തർലീനമായ ഒരു കുലീനജന്തുസ്നേഹം നിലനിൽപ്പുണ്ട് . അവയുടെ ഗുണദോഷസമ്മിശ്രമായ സാമീപ്യം അനുഗ്രഹമായിക്കണ്ടു പുഞ്ചിരിക്കുന്നതും കാണാം.
കുരങ്ങുകൾക്ക് അവയുടെ ജന്മം കൊണ്ട് പ്രകടമായ മർക്കടസ്വഭാവങ്ങളുണ്ട് . സ്ഥലകാല ബോധമില്ലാതെ അത് എവിടെയും പ്രകടമാക്കിക്കൊണ്ടിരിക്കും.വൃന്ദാവനവാസികളായ സന്യാസിമാരോ സാധാരണക്കാരോ അവരുടെ ആക്രമണങ്ങൾക്കു ഇരയായി കാണാറില്ല. മറിച്ച് വൃന്ദാവനകാഴ്ച കാണാനായി ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നെത്തിയിട്ടുള്ള തീർത്ഥാടകരാണ് അവരുടെ ഇര.
തീർത്ഥാടകർ ക്യാമ്പ് ചെയ്യുന്ന പുരാതന കെട്ടിടത്തിലെ വരാന്തകളും പ്രധാന കവാടങ്ങളും ജാലകങ്ങളുമെല്ലാം ഇവറ്റകളുടെ ശല്യമൊഴിവാക്കാനായി ബലമുള്ള കമ്പിവലയിട്ട്  മറച്ചിരുന്നു. സന്ദർഭവശാൽ ആരെങ്കിലും എന്തെങ്കിലും പുറത്ത് വെയ്ക്കാനിടയായാൽ അത് കുരങ്ങുകൾ കൊണ്ട്പോകുമെന്നത് തീര്‍ച്ച..
അവയുടെ വിക്രസ്സുകളെ ക്കുറിച്ചു ധാരണയില്ലാത്ത സന്ദർശകർ കബളിക്കപ്പെടുന്നത് നിത്യ സംഭവമാണ്
കണ്ണട,ചെരുപ്പ്, ഉണങ്ങാനിട്ട അടിവസ്ത്രങ്ങൾ തുടങ്ങി ഏതു വസ്തുക്കളിലും നോട്ടമിട്ടു നാമറിയാതെ അവ പിന്തുടർന്നുകൊണ്ടിരിക്കും. കെട്ടിടങ്ങളുടെ മറപറ്റി മതിലുകൾക്കു മുകളിലൂടെ കറണ്ട് കമ്പികൾക്കിടയിലൂടെ മൂന്നോ നാലോ സംഘങ്ങൾ പല ഭാഗത്തുനിന്നും ഒരേ സമയം ചാടിവീണു പിടിച്ചു പറിച്ചുകൊണ്ടോടുന്നു.അങ്ങനെയുള്ള  വസ്തുക്കളുമായി കെട്ടിടങ്ങൾക്കു മുകളിലോ വൃക്ഷശിഖരങ്ങളിലോ കയറിയിരുന്നു വിലപേശൽ തന്ത്രവും ആവിഷ്കരിക്കുന്നു
അടിസ്ഥാന കാരണം വിശപ്പുതന്നെ.
തട്ടിയെടുത്ത സാമഗ്രികൾ തിരിച്ചു ലഭിക്കാനായി ഒരു ഓറഞ്ചോ പഴമോ എറിഞ്ഞു കൊടുത്താൽ അത് പിടിച്ചെടുത്ത ശേഷം വസ്തുക്കൾ താഴേയ്ക്കു ഇടുന്നതു കാണാം. ഇത്തരത്തിൽ കണ്ണടയും ഷർട്ടും ചെരിപ്പുമെല്ലാം തട്ടിയെടുക്കുന്നതും പഴപ്രയോഗത്തിലൂടെ തിരിച്ചു വാങ്ങുന്നതും കാണാൻ യോഗമുണ്ടായി.
സ്ത്രീകളോടും കുട്ടികളോടും ലേശം ഭീഷണിയുടെ ഭാഷയിലാണ് അവരുടെ ഇടപെടലുകൾ .അതുകൊണ്ടു തന്നെ മിക്കവരും കയ്യിൽ വടിയും കല്ലുമായി നടക്കുന്നുണ്ടായിരുന്നു.
vri-3
തീർത്ഥാടകസംഘത്തിൽപ്പെട്ട ഒരു സ്ത്രീ കൂട്ടത്തിൽ നിന്നകന്നുമാറി തോളിലൊരു ബാഗുമായി നിൽക്കുന്നുണ്ടായിരുന്നു. അസൂയ മൂത്ത മുഖമുള്ളൊരു വാനരനിഷേധി നിലത്ത് കൂടി പതുങ്ങിയെത്തി അവരുടെ കാലിൽ ഒരു കടി കടിച്ചു . രണ്ടു പല്ലുകളും ആഴത്തിൽ താഴ്ന്ന കടിയായിരുന്നു അത് . അവർ കരഞ്ഞു കൊണ്ട് അതിനെ തള്ളി മാറ്റുന്നതിനിടയിപ്പോൾ മറ്റൊരു വാനരൻ അവരുടെ തോളിൽ കിടന്ന ബാഗിൽ പിടുത്തമിട്ടു. ബാഗിലെ പിടുത്തം വിടാത്തതിനാൽ അത് നഷ്ടപ്പെട്ടില്ല., അലറിക്കരഞ്ഞ സ്ത്രീയെ വൃജ വാസികളും കൂടെയുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി. കടിച്ച കുരങ്ങ് നിരാശാബോധത്താൽ മുകളിലിരുന്ന് പല്ലിളിച്ചു
കുരങ്ങുപനി വ്യാപകമായ ഉത്തരേന്ത്യയിൽ,അത് കടിച്ചാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ഞങ്ങളോട് വൃജവാസിയായ സത്രം സൂക്ഷിപ്പുകാരി മുറിവിൽ പുരട്ടേണ്ട മരുന്ന് ഉപദേശിച്ചു തന്നു;
കടിപ്പാടിൽ കുരങ്ങിന്‍റെ അപ്പി പുരട്ടുക !
പ്രഭാതത്തിൽ ഉണർന്നെണീറ്റു വരുമ്പോൾ വരാന്തകളിലും നിരത്തിലുമെല്ലാം ഈ വസ്തു കണികണ്ടുണരുന്ന ഞങ്ങൾക്ക് ആ ചികിത്സ പ്രാകൃതമായി തോന്നി
അതിനാൽ ഒരു പ്രതിരോധ കുത്തിവയ്പിനെപ്പറ്റി ആലോചിച്ചുകൊണ്ടു വൃജവാസിയായ ഒരു ഡോക്ടറെ തേടിപ്പിടിച്ചു സമീപിച്ചപ്പോൾ അദ്ദേഹവും കുരങ്ങു കാഷ്ഠം നല്ലതാണെന്നു പറയുകയുണ്ടായി
എങ്കിലും ഒരു കുത്തിവെയ്‌പ്പെടുത്ത് വാനര ദംശന ഭയത്തിൽ നിന്നും മുക്തി നേടി
പകൽ മുഴുവൻ സ്വൈരം കെടുത്തുന്ന കപിക്കൂട്ടങ്ങൾ ഇരുട്ടുന്നതോടെ സകുടുംബം മതിലിനു മുകളിലും മരത്തിനു മുകളിലുമായി പരസ്പരം കെട്ടിപ്പിടിച്ച് ചൂട് പകർന്നു ഉറങ്ങുന്നതും കാഴ്ചയാണ്.
മുത്തശ്ശൻ മുതുക്കനു ചുറ്റും അച്ഛനുമമ്മയും കുട്ടികളുമെല്ലാം ഒരു ഗോളം പോലെ നാലു വശത്തേക്കും നോട്ടം കിട്ടുമാറ് ഇരിപ്പുണ്ടാകും. അപ്പോൾ ആ മുഖങ്ങൾ എത്ര ശാന്തം . ശൗര്യമില്ല,ആർത്തിയില്ല ,കൗശലമില്ല ,പിടിച്ചുപറിക്കും വിലപേശലിനും ഒരു താത്കാലിക ഇടവേള.
ലോക ശുചിത്വമാനദണ്ഡങ്ങളുടെ അളവുകോൽ വെച്ചു വൃന്ദാവനത്തെ നോക്കിക്കാണാൻ ശ്രമിച്ചാൽ ഒരു മിനിറ്റ് പോലും ആ പ്രദേശത്ത് നിൽക്കാൻ ഇന്നത്തെ ആധുനിക ജീവിതക്രമങ്ങളിൽ ജീവിക്കുന്നവർക്ക് സാധിച്ചെന്നു വരില്ല. ശുചിത്വ പരിപാലനം വളരെ പരിതാപകരമായ അവസ്ഥയിലാണിവിടെ , സർക്കാർ സംവിധാനങ്ങൾ, പ്രദേശത്ത് കാലു കുത്തിയിട്ടു നൂറ്റാണ്ടുകളായിട്ടുണ്ടാകും എന്ന്‍ തോന്നും.
ദൈനംദിനമാലിന്യങ്ങൾ തോന്നിയപോലെ വഴിയരികിൽ കുന്നുകൂട്ടിയിരിക്കുന്നു, അവ ശേഖരിക്കാനുള്ള പാത്രങ്ങളോ മറ്റു സംവിധാനങ്ങളോ കണ്ടില്ല. മുറികളിൽ ദിനംപ്രതി ബാക്കി വരുന്ന മാലിന്യങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ചു സൂക്ഷിക്കുകയും രാത്രിയിലെ ഇരുട്ടിന്‍റെ സുരക്ഷിതത്വത്തിൽ ഒരു കുറ്റവാളിയുടെ മനസോടെ റോഡരുകിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തുകൊണ്ടിരുന്നു. വീഴേണ്ട താമസം കുരങ്ങുകൾ അവയെല്ലാം കുത്തിപ്പൊളിച്ച് ചിക്കിചികഞ്ഞു പരിസരമെങ്ങും കൂടുതൽ വൃത്തിഹീനമാക്കി ക്കൊണ്ടിരുന്നു. തീർത്ഥാടന മാർഗത്തിന്‍റെ മടുപ്പു തോന്നിക്കുന്ന രംഗങ്ങളായിരുന്നു അവ.
വൃന്ദാവനത്തിലെ ജന്തുലോകത്ത് ബഹുമാനിതരായ  വർഗമാണ് പശുക്കൾ.
നിരത്തിലൂടെ നടക്കുമ്പോൾ എതിർഭാഗത്ത് നിന്നും കൊമ്പുകൂർത്ത രണ്ടു കൂറ്റൻപശുക്കൾ റോഡ് നിറഞ്ഞു അലസമായി ആടിക്കുഴഞ്ഞു വരുന്നത് കണ്ടു. ഇന്നത്തെ  ലോകത്ത് കൊലക്കത്തി സ്വപ്നം കണ്ടുകഴിയുന്ന പശുക്കളുടെ മുഖത്തുള്ള ജീവഭയം അവറ്റകളിലുണ്ടായിരുന്നില്ല
അവ ശങ്കകൂടാതെ അരികിലെത്തി എന്തെങ്കിലും തീറ്റ പ്രതീക്ഷിച്ചു കാത്തു നിന്നു. ബാഗിൽ കരുതിയ ഓറഞ്ചെടുത്ത് പകുത്ത് രണ്ടിനുമായി കൊടുത്തു തൊട്ടു തലോടിയപ്പോൾ ആ കണ്ണുകളിലെ സ്നേഹഭാവം വായിച്ചെടുക്കാനായി .
വൃജ വാസികൾ പശുക്കളുടെ ക്ഷേമത്തിനെ മാത്രം മുന്നിൽ കണ്ടു തങ്ങളുടെ ജീവിത ക്രമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു
മിക്കവീടുകളോടും ചേർന്ന് മുൻവശത്ത് പുൽത്തൊട്ടിയും പുല്ലരിയാനുള്ള യന്ത്രങ്ങളും സ്ഥാപിച്ചിരിക്കുന്നു,
പശുക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യപ്രവർത്തിയായി ഗണിക്കുന്നതിനാലാവണം വഴിനീളെ ഇളം പുല്ലുകൾ നിറച്ച കുട്ടകളുമായി സ്ത്രീകളും, കുട്ടികളും തീർത്ഥാടകരെ കാത്ത് നിൽക്കുന്നുണ്ട് . കുറച്ചകലെ കുറച്ചധികം പശുക്കളും അയവെട്ടുന്നു.
പന്നികളാണ് മറ്റൊരു ജീവി വർഗം
ഭഗവാന്റെ അവതാരങ്ങളിൽ വരാഹാവതാരത്തിനുള്ള സ്ഥാനം പ്രസിദ്ധമാണ് . വൃന്ദാവനത്തിലെ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലും യമുനയുടെ ചതുപ്പിലും ഓടകളിലുമെല്ലാം പന്നിക്കൂട്ടങ്ങൾ കുത്തി മറിയുന്നത് കാണാം
ഓരോ ജീവിക്കും പ്രകൃതി രചിച്ചിട്ടുള്ള ജന്മ സ്വഭാവങ്ങളുണ്ട് . മീനിന് തീറ്റയിലാണ് ഭ്രമം. ഈയ്യാംപാറ്റയ്ക്കു വെളിച്ചമാണ് ഇഷ്ടം, ആനയ്ക്ക് സ്പർശനത്തിലാണ് കമ്പം, പട്ടിയ്ക്കു വാസനയിലാണ് വിരുത് . ഇപ്രകാരം ചിന്തിച്ചാൽ പന്നികൾക്കു സന്തോഷം കൊടുക്കുന്ന ഇടമാണ് ചെളിക്കുണ്ട്.
ഒരു പ്രസവത്തിൽ എട്ടും പത്തും കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത് സകുടുംബം ഏതെങ്കിലുമൊരു ചെളിക്കുണ്ടിൽ കുത്തിമറിഞ്ഞു അവർ ജീവിതം ധന്യമാക്കുന്നു
ആധുനിക ലോകക്രമത്തിൽ നിന്ന് ഒരു തീർത്ഥാടകനായി വൃന്ദാവനത്തിലെ പ്രകൃതിദത്തമായ യാഥാർഥ്യങ്ങളെ അതേപടി തുടരാൻ അനുവദിച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് വന്നുചേരുമ്പോൾ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി ആദ്യ ദിനങ്ങളിൽ കലശലായിരുന്നു.
നിരത്തിലേക്ക് ചെരുപ്പില്ലാതെ പുറത്തിറങ്ങാതിരുന്ന പതിവ് മാറ്റി രണ്ടാം നാൾ നഗ്നപാദനായി നടക്കാനുള്ള കരുത്ത് നേടി .മൂന്നാം നാളിൽ   വൃജവാസികളുമായുള്ള സംസർഗം കൊണ്ട്, പ്രകൃതിയിലെ എല്ലാ കാഴ്ചകളും ഭഗവത് പ്രഭാവത്തിന്‍റെ വിവിധ സ്വരൂപങ്ങളാണെന്നും അവയിൽ നല്ലതെന്നോ ചീത്തയെന്നോ കരുതേണ്ട തില്ലെന്നുമുള്ള അറിവ് നേടി..
vri-2

ക്ഷേത്രങ്ങൾ സമാധികൾ

ഭഗവാൻ ശ്രീകൃഷ്ണന്‍റെ പരമ്പരയിലെ ആറു ഗോസ്വാമിമാരിൽ പെട്ട പ്രമുഖ സന്ന്യാസിവര്യനായ ഗോപാല ഭട്ട് ഗോസ്വാമിയുടെ പിന്തുടർച്ചക്കാരനാണ് ഘനശ്യാമദാസ്‌ ബാബാജി.
വൃന്ദാവനത്തിലെ പ്രശസ്തമായ രാധാരമൻ ക്ഷേത്രത്തിനടുത്തുള്ള സമാധി മന്ദിരത്തിൽ തന്‍റെ ശിഷ്യ സമ്പത്തിനോടും അന്തേവാസികളോടുമൊപ്പം ധ്യാനനിമഗ്നമായ ജീവിതം തുടരുന്നു
ഞങ്ങളുടെ തീർത്ഥാടക സംഘത്തിലെ അമരക്കാരിലൊരാളായ ശങ്കർഷൻദാസിന്‍റെ ഗുരു ഘനശ്യാമദാസ് ബാബാജിയാണ് . അതുകൊണ്ടു തന്നെ സമാധി മന്ദിരത്തിൽ അദ്ദേഹം ഞങ്ങൾക്കായി ഒരുക്കിയിരുന്ന ആതിഥ്യമര്യാദ സംവിധാനങ്ങൾ എക്കാലത്തും ഓർത്തിരിക്കാൻ വക നൽകുന്നതായിരുന്നു
സന്ന്യാസിമാർ സർവ്വവും പരിത്യജിച്ചു ശ്രീകൃഷ്ണ പ്രണയത്താൽ ബന്ധിക്കപ്പെട്ടു ഉൾനേത്രങ്ങളുടെ കാഴ്ചകളെ സമ്പന്നമാക്കി ആനന്ദരസം നുകരുന്നവരാണ് . ഒരു നാഗരികന്‍റെ കാഴ്ചയിൽ വർഷങ്ങളായി മുറിക്കാത്ത താടിയും ജടയും ജീർണ്ണവസ്ത്രങ്ങളും ധരിച്ചു കഴിച്ചു കൂട്ടുന്നവരെ പെട്ടെന്ന് മനസിലാക്കാനും പരിമിതികളേറെയുണ്ട്.
ഗുരുനാഥൻ ഘനശ്യാമദാസ്‌ ബാബാജിയ്ക്കും പ്രായം തൊണ്ണൂറ്റി മൂന്നിനോടടുക്കുന്നു. എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണം. നരച്ചു ചെമ്പിച്ച താടികൾക്കുള്ളിൽ നിന്ന് സദാ പുഞ്ചിരി പൊഴിക്കുന്ന മുഖം. ഒരു കയറുകൊണ്ട് പലവുരു തലയിൽ ചുറ്റിയ പോലെ വർഷങ്ങളായി സൂക്ഷിച്ചു പോരുന്ന ജടാഭാരം . പാതി അടഞ്ഞിരിക്കുന്ന ഇടഞ്ഞ ചെറുകണ്ണുകൾ. അവയിൽ നിന്ന് പുറപ്പെടുന്ന പ്രകാശ കിരണങ്ങൾക്കു ഏതു മനസിന്‍റേയും പൂട്ട് തുറക്കാനുള്ള പ്രഭാവം. നോട്ടത്തിന്‍റെ അന്തർഭാവം ചെറിയ വാക്കുകളിലൂടെ പുറത്തു വരുന്നു.
ആ കണ്ണുകളിലെ ഭാവം വായിച്ചെടുത്തു കാര്യങ്ങൾ നടപ്പാക്കാനായി അന്തേവാസികൾ തയാറായി നിൽക്കുന്നു. നമസ്കരിക്കാനെത്തുന്ന ഓരോരുത്തരുടെയും നെറ്റിയിൽ ചെണ്ടുമല്ലിപ്പൂവുകൾ മുക്കിയ ഗോപീ ചന്ദനം പൂശി അനുഗ്രഹിച്ചു വിടുന്നു . ജീവിത കാലം മുഴുവൻ ശ്രീകൃഷ്ണ ധ്യാനത്തിലൂടെ സംഭരിച്ച ഊർജ്ജ സ്രോതസ്സ് കൃഷ്ണമണികളിലൂടെ രശ്മികളായി പതിയുന്നു.
ബൗദ്ധിക വിഷയങ്ങളെ അടക്കി ഭഗവത് ഭക്തിയിൽ മുഴുകി ജീവിക്കുമ്പോൾ മനുഷ്യ ജീവിതത്തിൽ വന്നു ചേരുന്ന ഗുണഭാവമാണ് ജീവജാലങ്ങളോട് തോന്നുന്ന കരുണാർദ്രമായ സമഭാവം.
അത്തരക്കാരിൽ നല്ലതു-ചീത്ത എന്ന വേർതിരിവ് നഷ്ടപ്പട്ടു പോവുന്നു.
സാധാരണ മനുഷ്യർക്ക് സ്വാഭാവികമായുണ്ടാകുന്ന അസൗകര്യങ്ങളും അസ്വസ്ഥതകളും മനസ്സിൽ ഉണ്ടായെങ്കിലും അവയെല്ലാം ചഞ്ചലത്വവും ചാപല്യവുമായി തിരിച്ചറിയാനും കഴിയുന്നു.
സമാധിയിൽ ഗുരുനാഥന്‍റെ ആഗ്രഹപ്രകാരം ഞങ്ങൾക്കായി തയാറാക്കിയിട്ടുള്ള പ്രസാദം (പ്രാതൽ) വിളമ്പാൻ തയാറെടുക്കുന്ന അന്തേവാസികൾ . അവർ തവിയോ സ്പൂണോ ഉപയോഗിക്കാതെ ചില വസ്തുക്കൾ കൈ കൊണ്ടുമാത്രം കോരി വിളമ്പിക്കൊണ്ടിരുന്നു .മനസ്സിൽ ശുചിത്വബോധത്തിന്‍റെ സ്കൂൾപാഠങ്ങൾ വന്നു ചോദ്യം ചെയ്യാനാരംഭിച്ചു.
 അതിനെ മറികടക്കും വിധം വയറ്റിൽ ജഠരാഗ്നി ജ്വലിച്ചിരുന്നതിനാൽ ശുചിത്വബോധ ചിന്തകളെ തുടക്കത്തിലേ കൂമ്പുകിള്ളി കളഞ്ഞു ഭഗവത് പ്രസാദമായി മുന്നിലിരിക്കുന്ന ഭോജ്യത്തെ നിരൂപിച്ചു സ്വാദോടെ കഴിക്കാനും കഴിഞ്ഞു . തീർത്ഥാടന യാത്ര കൊണ്ട് നേടിയ ഒരു മാനസിക പരിവർത്തനം തന്നെയെന്ന് തിരിച്ചറിയാനും സാധിക്കുന്നു.
ഗുണദോഷ ചിന്തകൾ ഉയർന്നു വരുന്ന സ്ഥലം മനസ്സിൽ നിന്നാണ് . അതേ മനസ് തന്നെയാണ് ഭക്ഷണം സ്വാദിഷ്ടമാക്കി അനുഭവിപ്പിക്കുന്നത് . തൃപ്തിയെന്ന അനുഭൂതി പകർന്നു തന്നതും മനസ് തന്നെ.
പ്രസാദം കഴിച്ച ശേഷം വൃന്ദാവനത്തിൽ നിന്ന് ഇരുപത്തിയാറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗോവർധന പർവ്വതത്തിനു പ്രദക്ഷിണം വയ്ക്കുക എന്ന പുണ്യ പ്രവർത്തിയാണ് അനുഷ്ഠിക്കേണ്ടത്.
ശ്രീകൃഷ്ണ ലീലകളുമായി ബന്ധപ്പെട്ടു നിറഞ്ഞു നിൽക്കുന്ന വിശ്വവിഖ്യാതമായൊരു പർവതമാണത് .ദേവരാജ്യമായ ഇന്ദ്രന്‍റെ കോപം മൂലം പ്രദേശത്ത് കനത്ത വൃഷ്ടിയുണ്ടായപ്പോൾ കൃഷിനാശവും ദുരിതങ്ങളുമുണ്ടാകാതിരിക്കാനായി ഗോവർധന ഗിരി ഉയർത്തി കുടയായി പിടിച്ചു മഹാമാരിയിൽ നിന്നും  വൃജവാസികളെ സംരക്ഷിച്ച ശ്രീകൃഷ്ണ ലീലാചാതുര്യം പ്രസിദ്ധമാണ്
സമാധി മന്ദിരത്തിനടുത്തുള്ള ഗല്ലിയിൽ ഒരു ബഹളം ഉയർന്നു പൊങ്ങി . സ്ത്രീകളുടെയും കുട്ടികളുടെയും കൂക്കി വിളികളും ഒപ്പം കേൾക്കാം .
കുരങ്ങുകൾ ഒരു കണ്ണട തട്ടിയെടുത്തിരിക്കുന്നു .
തീർത്ഥാടക സ്ത്രീകളിലൊരാളുടെ കണ്ണടയാണത് .റാഞ്ചിയ പാടെ, മതിലിനു മുകളിലിരുന്ന് കുരങ്ങു് വിലപേശുന്ന ലാഘവത്തോടെ പല്ലിളിച്ചു.
ആരുടേയും കൈവശം തീറ്റ സാധനങ്ങൾ ഒന്നും കാണാത്തതിനാൽ പ്രതീക്ഷ നഷ്ടപ്പെട്ട കുരങ്ങു് പൂർവാധികം ശൗര്യ ഭാവത്തിൽ കരണം മറിഞ്ഞു അടുത്ത് കണ്ട ഒരു മരത്തിന്‍റെ ഉയരങ്ങളിൽ കയറി ഇരുപ്പായി,
ഇതെല്ലാം നിരീക്ഷിച്ചു കൊണ്ട് വൃജവാസിയായ ഒരു സൂത്രശാലി രംഗത്തെത്തി . കണ്ണട നഷ്ടപ്പെട്ട സ്ത്രീയോട് അമ്പതു രൂപ കൊടുക്കാമെങ്കിൽ കണ്ണട തിരിച്ചു വാങ്ങിച്ചു കൊടുക്കാമെന്നു വാഗ്ദാനം നടത്തി
നിസ്സഹായയായ സ്ത്രീ സമ്മതം മൂളിയതോടെ അയാൾ സഞ്ചിയിൽ നിന്നും ഓറഞ്ച് എടുത്ത് കുരങ്ങിനെ ആകർഷിക്കാനായി ഓടി നടക്കാൻ തുടങ്ങി.
അയാൾ കുരങ്ങിനോടായി ചില പ്രത്യേക ശംബ്ദങ്ങൾ പുറപ്പെടുവിക്കുകയും ഓറഞ്ച് മുകളിലേക്കിട്ടു പ്രോത്സാഹിപ്പിക്കുകയും ചെയ്തു . കുരങ്ങു് കണ്ണടയുമായി അടുത്ത കെട്ടിടത്തിലേക്ക് ചാടി. അയാൾ അവിടെ ചെന്ന് വീണ്ടും ഓറഞ്ച് എറിഞ്ഞു . അത് ഉയർന്നപാടെ തന്മയ ഭാവത്തോടെ പിടിച്ചെടുത്തു കണ്ണട അലസമായി താഴക്കിട്ടു . അയാൾ അതെടുത്ത് സ്ത്രീക്ക് കൊടുത്ത് അമ്പത് രൂപയും വാങ്ങി അടുത്ത ബഹളം നടക്കുന്ന ഇടം തേടി വേഗത്തിൽ നടന്നകന്നു.
ഇത്തരത്തിൽ കുറച്ചു പേർ ഓറഞ്ചുമായി കുരങ്ങിന്‍റെ ആശ്രിതത്വത്തിൽ ജീവിക്കുന്നതും ഒരു വിശേഷമായി തോന്നി .
ഒരു വിഷയത്തിന്‍റെ കീഴിൽ മൂന്നു പേര് ഒരേ സമയം സന്തോഷിക്കുന്നത് കാണാനായി. കണ്ണട തിരിച്ചു ലഭിച്ച സ്ത്രീ,ഓറഞ്ച് ലഭിച്ച കുരങ്ങച്ചൻ , അമ്പത് രൂപ ലഭിച്ച വൃജവാസി എന്നിവരാണവർ .
കാഴ്ചക്കാർക്ക് മൂവരും ചേർന്നൊരുക്കിയ ആവേശം ജനിപ്പിക്കുന്ന ദൃശ്യവിരുന്നു കൂടിയായി ഈ സംഭവം മാറിക്കഴിഞ്ഞിരുന്നു .
കുരങ്ങു ബഹളമെല്ലാം അടങ്ങി .,
vri1
സമാധിയിൽ ഗുരുനാഥൻ ഘനശ്യാമദാസ്‌ ബാബാജിയെ അന്തേവാസികൾ താങ്ങിപ്പിടിച്ചു മുൻവശത്ത് കൊണ്ടുവന്നിരുത്തിയിട്ടുണ്ട്. ശരീരത്തിൽ നിറം മങ്ങിയ കമ്പിളിക്കോട്ടും മുണ്ടും കഴുത്തിൽ പലവിധ മാലകളും;ഉം കയ്യിൽ ജപമാലയുരുളുന്ന സഞ്ചിയുമുണ്ട് .
ചുണ്ടുകളിൽ വിടർന്ന ചിരിയോടൊപ്പം അവ്യക്തമായി തെറിച്ചു വീഴുന്ന മന്ത്രാക്ഷരങ്ങളും അതിനിടയിലൂടെ വ്യാവഹാരിക ലോകത്തെ കുശലാന്വേഷണങ്ങളും, ആശീർവാദങ്ങളും.
സമാധിയിലെ കറുപ്പും വെളുപ്പും മാർബിൾ ചതുരങ്ങൾ ഇടവിട്ട് പാകിയ നിലത്ത് പായയിട്ടു പ്രാതൽ കഴിക്കാനായി ആളുകളെ ഇരുത്തി. എല്ലാവരുടെയും മുന്നിൽ അലുമിനിയം ഫോയിലുകൾ പതിപ്പിച്ച താൽകാലിക കടലാസ് പ്ളേറ്റുകൾ നിരന്നു . ഒപ്പം, പേരാൽ ഇലകളെ യന്ത്രത്തിലൂടെ കടത്തി വിട്ടുണ്ടാക്കിയ ചെറു പാത്രങ്ങളും ഒപ്പമുണ്ടായിരുന്നു
എണ്ണ പുരളാത്ത ചപ്പാത്തിയോടൊപ്പം അരിയും മറ്റു പരിപ്പു ധാന്യ വർഗ്ഗങ്ങളും ഒന്നിച്ച് വേവിച്ച ഒരിനം കിച്ചടി ആവി പറത്തിക്കൊണ്ട് എല്ലാവരുടെയും പാത്രങ്ങളിൽ വിളമ്പി .ഒപ്പം പേരറിയാത്ത പലതരം ഉപദംശങ്ങളും വെറും കൈകൊണ്ടു വിളമ്പി. സന്തോഷത്തോടെ ഓരോന്ന് എടുത്ത് രുചിക്കാൻ തുടങ്ങിയപ്പോൾ തലയ്ക്കു മുകളിൽ ചില കുറുകലുകൾ കേൾക്കാനിടയായി . നോക്കിയപ്പോൾ അവിടെ ധാരാളം പ്രാവിൻ കൂട്ടങ്ങളിരുന്നു ഞങ്ങളുടെ സദ്യ നിരീക്ഷിക്കുന്നു . ചിലതെല്ലാം അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിയ്ക്കുന്നു . മുകളിലെ മര ഉരുപ്പടികളിലും പങ്കയുടെ ഇതളുകളിലുമെല്ലാം പ്രാവിന് കാഷ്ടം നിറഞ്ഞു ഉണങ്ങിപ്പിടിച്ചിരിക്കുന്നു . തൂവലുകൾ ഒട്ടിയിരിക്കുന്നു
സംന്ന്യാസി വര്യന്മാർക്കു ഈ പക്ഷികൾ അവരുടെ നിത്യ ജീവിതത്തോട് ചേർന്ന് നിൽക്കുന്നു. സാധാരണ പ്രതിഭാസമെങ്കിലും മനസ്സിൽ അടക്കി വെച്ചിട്ടുള്ള ശുചിത്വബോധ സങ്കൽപം പത്തി വിടർത്തുന്നു.
ഋഷിമാരുടെ സത്യസന്ധതയും ഇരിക്കുന്ന സ്ഥലത്തിന്റെ പാവന ഭാവവും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ മറ്റുള്ളവരോടൊപ്പം പ്രസാദം അകത്താക്കി കൊണ്ടിരുന്നു . ഓരോ പ്രാവശ്യവും കൈ വായിലേയ്ക്ക് പോകുന്തോറും പ്രാവുകളെ സംശയ ദൃഷ്ടിയോടെ നോക്കി . മറ്റൊന്നുമല്ല പ്രസാദ കിച്ചടിയിലേയ്ക്ക് അവയുടെ മാലിന്യം വന്നു വീഴുമോയെന്ന ശങ്ക തന്നെ കാരണം.
എന്നാൽ ആശ്രമ ചിട്ടകൾ ശീലിച്ചത് കൊണ്ടാണോയെന്നറിയില്ല സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കി പ്രാവുകൾ പിന്നീടുള്ള ദിനങ്ങളിൽപ്പോലും ഒരു തൂവൽ പോലും പൊഴിച്ചില്ലായെന്നത് അത്ഭുതം തന്നെ.

ഗോവർധന പർവത തടം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു .

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like