പൂമുഖം CINEMA IFFK – ചലച്ചിത്രമേളയിലെ ചുവരെഴുത്തുകള്‍

IFFK – ചലച്ചിത്രമേളയിലെ ചുവരെഴുത്തുകള്‍

iffk2

മേളയുടെ പ്രധാനവേദി – ടാഗോര്‍ തീയേറ്റര്‍

ിരുവനന്തപുരത്തെ ‘നിള’യിലേയ്ക്കു വരുമ്പോൾ, ‘നിള പോലെയാണിന്നു ഞാൻ ; ഒഴുകാനാവുന്നില്ല. ആരോ എന്നെ കോരിയെടുത്തു’ എന്ന് ചൊല്ലിയ കവിയുണ്ടാകുമോ ഇത്തവണയും എന്നായിരുന്നു എന്‍റെ സംശയം. ‘ജലജീവി’യായ ലൂയിസ് പീറ്റർ ഒന്നാമൻ എന്ന കവി കഴിഞ്ഞ വർഷം എന്‍റെ മനസ്സിൽ കോറിയിട്ടുപോയ വാക്കുകൾ! ‘നിള’യിലായിരുന്നു ഞങ്ങളുടെ ആദ്യസമാഗമം.

ഇല്ല. കണ്ടില്ല.

ഹാലാ ഖലീലിൻറെ ഈജിപ്ഷ്യൻ ചിത്രമായ ‘നവാര’ കണ്ടിറങ്ങുമ്പോൾ, കൈരളിയുടെ താഴത്തെ പടവിൽ ലൂയിസ് പീറ്റർ സുഖസുഷുപ്തിയിൽ.
ഉണർത്തേണ്ടെന്ന് വച്ചു. അയാൾ അശാന്തമാകാതിരിക്കാൻ ഈ ഉറക്കമെങ്കിലും വേണം. ഞാൻ കാത്തുനിന്നു..

അരമണിക്കൂർ ആ ഉറക്കത്തിനു കൂട്ടിരുന്നു. കണ്ണുതുറക്കുമ്പോൾ എന്നെ കണി കണ്ടതിൽ അതിയായ സന്തോഷം. ഒരു കുറ്റബോധത്തിന്‍റെ തലചൊറിച്ചിലിൽ എന്നോടു പറഞ്ഞു

”പേരിന്‍റെ രണ്ടാം ഭാഗം അറിയാം. ഏതുരാജ്യത്തുനിന്നാണെന്നുമറിയാം. … ഞാൻ പേര് മറന്നു.”

അതാണ് ലൂയിസ് പീറ്റർ. ഒന്നാമൻ എന്ന് ഞാൻ ആ പേരിനൊരു വാലും കൂട്ടിച്ചേ ർത്തു. തീവണ്ടിയിടിച്ചിട്ടും, അടിച്ചുപരത്തപ്പെട്ട ശരീരം ഒന്ന് കുടഞ്ഞെണീറ്റു വരുന്ന ടോം പൂച്ചയെപ്പോലെ ലൂയിസ് പീറ്റർ എനിക്ക് മുമ്പിൽ നിറഞ്ഞു നിൽക്കുന്നു. ഒറ്റ സിനിമ പോലും കാണില്ല. അങ്ങനെ, സിനിമ കാണാതിരിക്കാനും രാജ്യാന്തരചലച്ചിത്ര മേളയിൽ എത്രയോ പേർ വന്നുചേരുന്നു.

iffk5

എഴുത്തുകാരായ അയ്മനം ജോണ്‍, വി.വിജയകുമാര്‍, കെ.എ. മോഹന്‍ ദാസ്, വേണു ഇടക്കഴിയൂര്‍ എന്നിവര്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായ കോയയോടൊപ്പം

‘നവാര’ എന്ന വേലക്കാരി പെൺകുട്ടി ഉൾപ്പെടുന്ന സാധാരണക്കാർ, മുൻഭരണാധികാരികൾ വിദേശത്തേയ്ക്കു കടത്തിയ അനധികൃത സ്വത്തിൻറെ ഓഹരിയായ 22000 പൗണ്ടിനു മേൽ അവരുടെ സ്വപ്നങ്ങൾ കെട്ടിപ്പൊക്കുകയാണ്. ഇന്ത്യയിലെ ഭരണമാറ്റക്കാലത്തും ഇതുപോലെ ഒരു ഒരു വാഗ്‌ദാനഭൂമികയിലുടെ സാധാരണക്കാരന്‍ കടന്നു പോന്നത് നമ്മുടെയൊക്കെ ഓർമ്മയിലുണ്ടല്ലോ. അത് അനധികൃത മായി വിദേശങ്ങളിൽ സൂക്ഷിച്ചു വയ്ക്കപ്പെട്ട കള്ളപ്പണമായിരുന്നെന്ന് മാത്രം. കിട്ടാൻ പോകുന്ന ആ തുകയുടെ മേൽ ഇന്ത്യയിലെ സാധാരണക്കാരനും ആകാശക്കൊട്ടാരങ്ങൾ പണിതു. പിന്നെപ്പിന്നെ അധികാരികൾ സൗകര്യപൂർവ്വം ആ വാഗ്ദാനങ്ങൾ മറന്നു. ഇന്ത്യയിലും ഈജിപ്റ്റിലും മറ്റു പല രാജ്യങ്ങളിലും ഇതേ കാര്യങ്ങൾ വലിയ വ്യത്യാസങ്ങളില്ലാതെ സംഭവിക്കുകയാണ്. ഭരണകർത്താക്കൾ ഒരേ ഭാഷയാണ് ലോകത്തിലെല്ലായിടത്തും സംസാരിക്കുന്നതെന്ന് ഒരു ഞെട്ടലോടെ നാം മനസ്സിലാക്കുകയാണ്. അവര്‍ സാധാരണജനങ്ങളെ പറ്റിക്കാനുപയോഗിക്കുന്നത് ഒരേ വാക്കുകളാണെന്ന് നാം തിരിച്ചറിയുകയാണ്‌.

ബിജു സം‌വിധാനം ചെയ്ത ‘കാടു പൂക്കുന്ന നേര’ത്തും, കിം കി ഡൂക്കിന്‍റെ ‘നെറ്റി’ലും സമാനരീതിയിലല്ലെങ്കില്‍പ്പോലും ചില ഭരണത്തമാശകള്‍ സംഭാഷണങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ആ കറുത്ത ഹാസ്യമാണ്‌ അവ രണ്ടിനേയും വ്യത്യസ്തചിത്രങ്ങളുടെ നിരയില്‍ നിറുത്തുന്നത്. ‘കബനീനദി ചുവക്കുമ്പോള്‍’ കാണുന്നത് ഒരു ഭീതിയുടേയും ഭീകരതയുടെയും കാലത്തായിരുന്നതിനാല്‍ അത്തരമൊരു ചലനമുണ്ടാക്കാന്‍ ‘കാടു പൂക്കുന്ന നേരത്തിനു കഴിഞ്ഞില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു കണ്ടു. ‘മാവോയിസ്റ്റ്’ കാലമായതിനാല്‍ ചിത്രത്തിനു പ്രസക്തിയേറി. ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിലും രാഷ്ട്രീയവടം‌വലികള്‍ക്കിടയിലും കുടുങ്ങിപ്പോകുന്ന ഒരു സാധാരണമത്സ്യത്തൊഴിലാളിയുടെ കഥയാണ്‌ ‘ദ് നെറ്റ്’ എന്ന സിനിമയിലൂടെ കിം കി ഡുക്ക് അവതരിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തിനു മുമ്പ് ‘മോബിയസ്’ കണ്ടതിനു ശേഷം ഞാന്‍ കിം കി ഡുക്കില്‍ നിന്ന് മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു. അറിയാതെ പോലും അതിര്‍ത്തി കടന്നു പോകുന്നവനെ ചാരനാക്കി ചിത്രീകരിക്കാനുള്ള ബദ്ധപ്പെടലുകളും തിരിച്ചെത്തുമ്പോള്‍ അവനെ ശുദ്ധീകരിച്ചെടുക്കാനുള്ള ചോദ്യം ചെയ്യലുകളുമൊക്കെ പ്രേക്ഷകരില്‍ ചിരിയുയര്‍ത്തിക്കൊണ്ട് കിം കി ഡുക്ക് വീണ്ടും മലയാളിയുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുകയാണ്‌.

ആന്ദ്രേ വൈദയുടെ അവസാന ചിത്രമായ ‘ആഫ്റ്റര്‍ഇമേജി’ (Afterimage) ലും അധിനിവേശഭരണം തന്നെയാണ്‌ കഥാംശം. പോളണ്ടിനു മേലുള്ള സ്റ്റാലിന്‍ കാലത്ത് ഒരു വിഖ്യാതചിത്രകാരനായ വ്ലാദിസ്‌ലോ ട്രെമിന്‍സ്കി (Wladislaw Strzeminski) . നേരിടുന്ന പ്രശ്നങ്ങളാണ്‌ ഈ ചിത്രം പറയുന്നത്. ടൊറോന്‍‌ടോ – ബുസാന്‍ മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം. ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് നടക്കുന്നതിനാല്‍ രാഷ്ട്രീയപ്രാധാന്യമുള്ള ചലച്ചിത്രമാണിത്. ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂടത്തിന്‍റെ കടന്നു കയറ്റം ഏതുകാലത്തിന്‍റേയും പ്രത്യേകതയായിന്നല്ലോ. സൈന്യവും പൊലീസും ചേര്‍ന്ന ക്രമസമാധാനപാലകരുടെ നീക്കങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും ഭരണകൂടങ്ങള്‍ക്കു പോലും തലകുനിക്കേണ്ടി വരുന്നതു കാണാം.

iffk3

മോഹവലയത്തിന്‍റെ സംവിധായകന്‍ ടി.വി. ചന്ദനും നടന്‍ സന്തോഷ് കീഴാറ്റൂരും

ഓരോ പരിചയപ്പെടലും ഓരോ പുതിയ അനുഭവങ്ങളായിട്ട് ഞാന്‍ മനസ്സിന്‍റെ ഹാര്‍ഡ് ഡിസ്‌കിലേയ്ക്ക് സൂക്ഷിച്ചു വയ്ക്കുകയാണ്‌. അങ്ങനെ രസകരമായ ഒരു അനുഭവവും ഇത്തവണയുണ്ടായി. ഏതോ ഒരു സിനിമയ്ക്കുള്ള ക്യൂവില്‍ മുഷിഞ്ഞു നില്‍ക്കുമ്പോളാണ്‌ സപ്തതി കഴിഞ്ഞ നാഗന്‍പിള്ളച്ചേട്ടനെ പരിചയപ്പെടുന്നത്. കണ്ട ചിത്രങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനത്തിനിടയില്‍ പിള്ളച്ചേട്ടന്‍ പറഞ്ഞു.

ജയന്‍ ചെറിയാന്‍റെ ‘കാ-ബോഡിസ്‌ക്കേപ്‌സ്’ കാണേണ്ടായിരുന്നു.

എന്തേ, അങ്ങനെ തോന്നാന്‍? – ഞാന്‍ ചോദിച്ചു.

കഥ ഇങ്ങനെ.
നാഗന്‍പിള്ളച്ചേട്ടന്‍ ഒരു ഹനുമാന്‍ ഭക്തനാണ്‌. ഹനുമാന്‍ ചാലിസില്‍ ജീവിതവിജയവും ശാരീരികശക്തിയും കൂട്ടിക്കെട്ടിയ വ്യക്തി. അതേപോലെ തന്നെ അദ്ദേഹത്തിന്‌ മാനസികോല്ലാസം തരുന്ന ഒന്നാണ്‌ ചലച്ചിത്രങ്ങളും. ‘കാ-ബോഡിസ്‌ക്കേപ്‌സ്’ കണ്ടതു മുതല്‍ അതിലെ ഹനുമാനാണ്‌ മനസ്സില്‍ കയറിയിരിക്കുന്നത്. ജയന്‍ ചെറിയാന്‍റെ ഉദ്‌ധൃതലിംഗിയായ നവഹനുമാന്‍, മനസ്സില്‍ വര്‍ഷങ്ങളായി കയറിക്കൂടിയിരുന്ന ശക്തിസ്വരൂപിയായ ഹനുമാനെ പുറത്തിറക്കിവിട്ട് മനസ്സിന്‍റെ വാതിലടച്ചിരിക്കുന്നു. പുതിയ ഹനുമാനെ പുറത്തിറക്കി വിടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ല.

എന്‍റെ ചിരി നാഗന്‍പിള്ളച്ചേട്ടന്‍ വഴി കേട്ടുനിന്നവരിലേയ്ക്ക് മാലപ്പടക്കമായി കത്തിപ്പടര്‍ന്നു. എനിക്കോര്‍മ്മ വന്നത് മറ്റൊരു കഥയാണ്‌. സര്‍‌വ്വരോഗസംഹാരകനായ, കോഴിക്കോട്ടെ മായി‌ന്‍കുട്ടി വൈദ്യരുടെ കഥ. ഏതു രോഗത്തിനും ചികിത്സിക്കും. ചിലതൊക്കെ ഭേദമാകും. ചിലത് ബാക്കി നില്‍ക്കും. (ഡോക്ടര്‍ ചികിത്സിക്കും; ദൈവം ഭേദപ്പെടുത്തും – ഡോക്‌ടര്‍മാരെ പരിഹസിച്ചുള്ള ഇംഗ്ലീഷ് പഴമൊഴി) ഭേദമാകുമെന്ന് ഉറപ്പില്ലാത്ത ചികിത്സയില്‍ മരുന്നു കൊടുത്തതിനു ശേഷം വൈദ്യര്‌ പറയും.

”ഈ മരുന്ന്, വളരെ ശ്രദ്ധിച്ചുകയിക്കേണ്ട ഒന്നാണ്‌.”

”ഉം. എന്തേ?” – രോഗി.

”ഇതു കയിക്കുമ്പം ഒരു കാരണവസാലും ജ്ജൊരു സാതനത്തിനെപ്പറ്റി ഓര്‍ക്കരുത്!”

”അയെന്തേ… വൈദ്യരേ?”

”ഇത് കയിക്കുമ്പം കൊരങ്ങിനെപ്പറ്റീള്ള ഒരു ബിസാരോം പാടില്ല.”

പെട്ടില്ലേ? മരുന്ന് കഴിക്കാനെടുക്കുമ്പോള്‍ രോഗിയുടെ മനസ്സില്‍ കുരങ്ങല്ലാതെ ഒരു സാധനമുണ്ടാവില്ല. രോഗം ഭേദമാകാതെ രോഗി തിരിച്ചു വരുമ്പോള്‍ വൈദ്യര്‌ പറയും.

”ഒറപ്പാ… ങ്ങള്‌ കൊരങ്ങിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാവും.”

ഒരു പക്ഷേ, കുരങ്ങിനെക്കുറിച്ച് പറയാതിരുന്നാല്‍ രോഗി അതോര്‍ക്കുമായിരുന്നില്ല. ഇതാണ്‌ ജയന്‍ ചെറിയാന്‍റെ സിനിമയിലും സംഭവിച്ചത്. ഈ ചിത്രം മികച്ചതൊന്നുമായിരുന്നില്ല. പക്ഷേ, അതുളവാക്കിയ ചില ചിന്തകളുണ്ട്. സ്ത്രീപീഡനവും, സ്ത്രീസ്വാതന്ത്ര്യവും, ലൈംഗികസ്വാതന്ത്ര്യവുമൊക്കെ ചര്‍ച്ച ചെയ്ത് കൈയ്യടി നേടുന്നുണ്ടെങ്കിലും ഒരു മികച്ച സിനിമയുടെ ചേരുവകളൊന്നും ഇതിനവകാശപ്പെടാനില്ല. നാം പറയാന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ ഒരു സൂപ്പര്‍ നായകന്‍ സിനിമയില്‍ ചെയ്യുന്നതു കാണുമ്പോള്‍ നാം കൊടുക്കുന്ന ഒരു കൈയ്യടി തന്നെയാണ്‌ ഈ സിനിമയ്ക്കും കിട്ടുന്നത്.

ഈ സിനിമ കാണേണ്ടി വന്നതിനുള്ള പ്രതികാരമായി പിള്ളച്ചേട്ടന്‍ മനസ്സില്‍ സൂക്ഷിച്ചുവയ്ക്കുന്നത്, ഇതിനു സെന്‍സര്‍ സേര്‍ട്ടിഫിക്കേഷന്‍ കിട്ടില്ലല്ലോ എന്ന ഒരു ഇക്കിളി മാത്രമാണ്‌.

iffk1

കസാക്കിസ്ഥാനി സംവിധായകനായ സെറിക് അപ്രിമോവുമായി കെ.എം.കമാല്‍ നടത്തിയ അഭിമുഖം

തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ LGBT (Lesbian, Gay, Bisexual & Transgender) പ്രത്യേകമായി ഒരു സ്ഥാനം അടയാളപ്പെടുത്തിയെങ്കിലും അതിനോടൊപ്പം നിന്നവര്‍ കൂടുതലും ശ്രദ്ധിച്ചിരുന്നത് സെല്‍ഫികളെടുക്കുന്നതിലായിരുന്നു. വീഡിയോ ചിത്രീകരണത്തിലും സെല്‍ഫികളിലും കൂട്ടത്തമാശകളിലും മുഴുകി സമയം കളഞ്ഞ അവര്‍ സിനിമകള്‍ കാണുന്നതില്‍ വേണ്ടത്ര ശ്രദ്ധിച്ചോ എന്നുള്ള സംശയം പലരിലുമുണ്ടായി. ഭിന്നലിംഗപ്രവര്‍ത്തകര്‍ ചാനലുകള്‍ക്കും വീഡിയോകള്‍ക്കുമായി മാത്രം ക്യൂവില്‍ കയറിക്കൂടുന്നതും പുറത്തുവരുന്നതുമല്ലാതെ ഗൗരവമായി സിനിമയെ ശ്രദ്ധിച്ചതായി കാണപ്പെട്ടില്ല. ഈ പാക്കേജില്‍ പെട്ട ‘ക്വിക്ക് ചെയ്ഞ്ച്’ (Quick Change) പോലുള്ള ഫിലിപ്പിനോ ചിത്രങ്ങള്‍ അവിടുത്തെ ജീവിതരീതികള്‍ പകര്‍ത്തിയെങ്കിലും സാങ്കേതികമായ മേന്മ കുറഞ്ഞവയായിരുന്നു.

ചൈനയിലെ നിംഗ് സിയ (Ning Xia) പ്രവിശ്യയിലെ ഒരു കുഗ്രാമകഥയാണ്‌ വാംഗ് സ്യൂബൊ (Wang Xuebo) ഒരുക്കിയ ‘നൈഫ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍’ (Knife in the Clear Water). തിരക്കുപിടിച്ച ജീവിതത്തില്‍ ഇത്തരമൊരു ചിത്രം കാണുന്നതു തന്നെ ധ്യാനതുല്യമായ ഒരനുഭവമാണ്‌. വൈദ്യുതി എത്തി നോക്കാത്ത ഗ്രാമം. വളര്‍ത്തുമൃഗങ്ങളുമായി ജീവിക്കുന്ന നിഷ്ക്കളങ്കരായ ഗ്രാമവാസികളുടെ കുഞ്ഞുകുഞ്ഞു ജീവിതങ്ങളുടെ കഥ. നല്ല സിനിമകളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഈ ലാളിത്യചിത്രീകരണത്തിനു കഴിഞ്ഞു. മുസ്തഫ കാരായുടെ ടര്‍ക്കിഷ് ചിത്രമായ ‘കോള്‍ഡ് ഒഫ് കലാന്തര്‍’ (Cold of Kalandar) ലാളിത്യം നിറഞ്ഞ മറ്റൊരു ഗ്രാമജീവിതത്തിന്‍റെ കഥപറയുന്നു.പരീക്ഷണങ്ങളും പരാജയങ്ങളും നിറഞ്ഞ ജീവിതത്തിനുടമയായ മെഹ‌്‌മത് എന്ന സാധാരണ കുടുംബനാഥന്‍റെ, അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെ കഥയാണിത്.

വിധു വിന്‍സെന്‍റ് ഒരുക്കിയ ‘മാന്‍‌ഹോള്‍’ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥപറയുന്നതിലൂടെ പുരസ്കാരങ്ങളും നേടിയെടുത്തു. ഈജിപ്ഷ്യന്‍ ചിത്രമായ ‘ക്ലാഷും’ ടര്‍ക്കിഷ് ചിത്രമായ ‘ക്ലെയര്‍ ഒബ്‌സ്ക്യുറും’ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ടൊറോന്‍റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പാവ്‌ലോ ലറെയ്ന്‍റെ ‘നെരൂദ’ യും മീര നയ്യാറുടെ ‘ക്വീന്‍ ഒഫ് കത്‌വേ’യും തിരുവനന്തപുരത്തുമുണ്ടായിരുന്നു.

ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സംഘാടകര്‍ അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂര്‍ ക്യൂവില്‍ നിന്ന് വിയര്‍ത്ത് ജനങ്ങള്‍ തീയേറ്റരിനുള്ളില്‍ കയറിവരുമ്പോള്‍ ഇരിപ്പിടങ്ങള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടത് ചിലരെയൊക്കെ അസ്വസ്ഥരാക്കി. മുന്‍‌കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കു പുറമേ സൗഹൃദങ്ങളും ബന്ധങ്ങളും പിന്‍വാതിലുകളും ചിലരൊക്കെ ഉപയോഗിച്ചതാണ്‌ ഇതിനൊക്കെ കാരണമായത്. ഇതുപോലെയുള്ള ചില പരാതികള്‍ ന്യായീകരിക്കത്തക്കതായിരുന്നെങ്കിലും പല വിവാദങ്ങളും മാധ്യമങ്ങള്‍ക്കു വേണ്ടിയുള്ള വെറും പ്രകടനങ്ങളായി മാറിയിരുന്നു. അതിലൊന്നായിരുന്നു, ദേശിയഗാന പ്രശ്നത്തില്‍ ചലച്ചിത്രമേളയുടെ തലവനായിരുന്ന സം‌വിധായകന്‍ കമലിനെ വലിച്ചിഴച്ചുണ്ടാക്കിയ വിവാദം. പല കാര്യങ്ങളിലും ഉണ്ടായ ചെറിയ പിഴവുകള്‍ വല്ലാതെ ഊതിവീര്‍പ്പിച്ച് ചില നിക്ഷിപ്ത താല്പര്യക്കാര്‍ മുതലെടുപ്പു നടത്തി.

iffk6

ചലച്ചിത്രപ്രവര്‍ത്തകരായ എം.എഫ്. തോമസും വി.കെ. ചെറിയാനും

ദില്ലിയിലെ മാധ്യമ-ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായ വി.കെ. ചെറിയാന്‍ ഏഴുതിയ ഏഴ് പതിറ്റാണ്ടിന്‍റെ ചരിത്രം പറയുന്ന ‘ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം’ (India’s Film Socety Movement – The Journey and Its Impact) എന്ന പുസ്തകം മേളയ്ക്കു മുമ്പായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് വിഖ്യാത ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍‌വ്വഹിക്കുകയുണ്ടായി. ചടങ്ങില്‍ ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

പല ഓണ്‍ലൈന്‍ സൗഹൃദങ്ങളും നേരില്‍ കണ്ടുമുട്ടി പൂര്‍ണ്ണത പൂകിയ വേദി കൂടിയായിരുന്നു തിരുവനന്തപുരത്തെ ചലച്ചിത്രോത്സവം. ഒരൊറ്റവേദിയിലുണ്ടാകുന്ന ആ സൗഹൃദസംഗമങ്ങള്‍ ശിഷ്ടജീവിതത്തില്‍ ഓര്‍ത്തുവയ്ക്കാനുള്ള വഴിത്തിരിവുകളായിരുന്നു, പലര്‍ക്കും. യാത്രാക്ലേശങ്ങളും ഏറിയ യാത്രാച്ചെലവുകളും ബന്ധങ്ങള്‍ കണ്ടുപുതുക്കാന്‍ തടസ്സമാകുന്ന ഇക്കാലത്ത് ഞാനുള്‍പ്പടെ ഒട്ടേറെപ്പേര്‍ക്ക് ഒരു വെടിക്കു വീഴുന്ന അനേകം പക്ഷികളായിരുന്നു, മേളയുടെ വേദികള്‍.

ഒരു ചലച്ചിത്രമേള, പുതുലോകത്തെ സംബന്ധിച്ചിടത്തോളം ഒരൊറ്റ ബിന്ദുവിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്ന ആഗോളസമ്മേളനമാണ്‌. പല രാജ്യങ്ങളിലൂടെ, പല ജനപദങ്ങളിലൂടെ യാത്ര ചെയ്ത ജീവിതാനുഭവസമ്പത്തുമായിട്ടാണ്‌ നാം രാജ്യാന്തരചലച്ചിത്രമേളകളില്‍ നിന്നു മടങ്ങുന്നത്.

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like