പൂമുഖം തുടർക്കഥ വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്

ഭാഗം 8: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്

 

ച്ഛന്‍റെ പൂര്‍ണ നിസ്സഹകരണത്തിലും ഹരിമോന്‍ ചെസ്സില്‍ മിടുക്കനായി. അവനു സ്കൂളില്‍ ചെസ്സ് ചാമ്പ്യന്‍ എന്ന പേരുണ്ടായി .

എങ്കിലും ചെസ്സ് സാറിന്‍റെ പേരില്‍ നിത്യമുണ്ടായിക്കൊണ്ടിരുന്ന വഴക്കും ചീത്തവിളിയും ദേവിയേയും  മോനേയും സാറിനേയും ഒരുപോലെ മടുപ്പിച്ചു.

സാറിനും വാശിയായിരുന്നു, മോന്‍റെ അച്ഛനെ ബഹുമാനിക്കില്ലെന്ന്..

അങ്ങനെ അവന്‍റെ ചെസ്സ് പഠിത്തം സാറിന്‍റെ വരവ് നിലച്ചതോടെ അവസാനിച്ചു.

പിന്നെ ദേവി  മോനെ കരാട്ടെ ക്ലാസ്സില്‍ ചേര്‍ത്തു. പണം ചെലവാക്കുന്നതില്‍ അനൂപിനു  എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ, അവള്‍ക്കായിട്ട് ഒന്നും വേണമെന്ന് പറയാത്ത അവളുടെ ആ സന്യാസമനസ്ഥിതി അയാളെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു. അതുകൊണ്ട് മോനുവേണ്ടി  ഫീസ് കൊടുക്കുന്നതില്‍ അയാള്‍ കുറച്ചു കാലം മൌനിയായി.

കരാട്ടെ ഹരിമോനിഷ്ടമായി. ദേവിയും  അതില്‍ പങ്കെടുത്തു. അവനെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി ആരംഭിച്ചതാണെങ്കിലും അവള്‍ക്ക് കരാട്ടെ ക്ലാസ് സന്തോഷം നല്‍കി.

കരാട്ടെയും കുങ്ഫൂവും കളരിപ്പയറ്റുമൊക്കെ അനാവശ്യമായ ഏര്‍പ്പാടുകളാണെന്ന് അനൂപ് വാദിച്ചു തുടങ്ങി. ഇന്നത്തെ ജനാധിപത്യ ലോകത്ത് അതിന്‍റെ ആവശ്യമില്ല. അതൊക്കെ രാജഭരണകാലത്താണ് വേണ്ടിയിരുന്നത്.

പിന്നെ എന്തു പഠിയ്ക്കാന്‍ പോകുമ്പോഴും ഉണ്ടാവുമല്ലോ അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ . അവന്‍ ഒരു ചെറിയ ബുദ്ധിമുട്ട് അവതരിപ്പിച്ചാല്‍ എന്‍റെ മക്കളു പഠിയ്ക്കേണ്ട, ഇത്ര കഷ്ടപ്പെടണ്ട, നിന്‍റെ അമ്മയ്ക്ക് വട്ടായിട്ടാണ് നിന്നെ ഇതിനൊക്കെ വിട്ട് കഷ്ടപ്പെടുത്തുന്നത് എന്ന് എപ്പോഴും ആവര്‍ത്തിക്കുന്നതായിരുന്നു അനൂപിന്‍റെ  ശീലം.

മോനു അച്ഛന്‍ പറയുന്നത് കേട്ട് അമ്മയ്ക്ക് ശകലം വട്ടുണ്ടോ എന്ന സംശയവും അതനുസരിച്ച് മടിയും കൂടി വന്നു. അവന്‍ കരാട്ടേ ക്ലാസ്സില്‍ പോകാതെയായി.

ദേവി  യുവരാജ് ക്രിക്കറ്റ് അക്കാഡമിയില്‍ ഹരിമോനെ ചേര്‍ത്തു. അവിടെയുള്ള ഇന്‍സ്ട്രക്ടര്‍ മാര്‍ വിഡ്ഡികളാണെന്ന് അവിടെ പഠിക്കാന്‍ വരുന്ന കുട്ടികള്‍ അഹങ്കാരികളാണെന്ന് അനൂപ് എന്നും പ്രഖ്യാപിച്ചുപോന്നു.

കൂടുതല്‍ മിടുക്കരായ കുട്ടികള്‍ അവിടെ ഉണ്ടെന്നറിഞ്ഞ് മോനും  വിഷമമായി. അവരെ നേരിടാന്‍ അവനു ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. തന്നെയുമല്ല ഞാനെന്തിനു അവര്‍ക്കൊപ്പം കളിച്ച് തോല്‍ക്കണം എന്നായി അവന്‍റെ ചോദ്യം. കുട്ടികള്‍ ആണെങ്കില്‍ കറുത്തവന്‍ എന്നതുകൊണ്ടും കൈകാലുകളിലെ രോമങ്ങള്‍ കൊണ്ടും ഹരിമോനെ സാധിക്കുമ്പോഴെല്ലാം കരടി എന്ന് വിളിച്ചു.

അവന്‍റെ അച്ഛന്‍ കൃത്യമായി ദേവിയുടെ കറുത്ത നിറത്തേയും അവളുടെ ദേഹത്തുള്ള രോമങ്ങളേയും കാരണമായി അവനു വിശദീകരിച്ചു കൊടുത്തു.

അമ്മ വെളുക്കണമെന്ന് അവന്‍ വാശി പിടിയ്ക്കാന്‍ തുടങ്ങി. അമ്മയുടെ കൈകാലുകളില്‍ രോമങ്ങള്‍ കാണുമ്പോള്‍ അവനു അറയ്ക്കുന്നു എന്നുമവന്‍ പറഞ്ഞു. അമ്മ കാരണം അവന്‍ അനാവശ്യമായി അപമാനിതനാകുന്നു എന്ന സങ്കടം അവനില്‍ ആദ്യമായി ജനിച്ചത് അങ്ങനെയാണ്. അമ്മ ദളിതാണെന്നും അവന്‍ വിശ്വസിച്ചു. ദളിതാവുന്നത് അറപ്പുണ്ടാവേണ്ട ഒരു കാര്യമാണെന്ന് അനൂപ്  ഹരിമോനെ ബോധ്യമാക്കിയിരുന്നു.

വെളുത്ത അച്ഛന്‍ എന്തിനു കറുത്ത ദളിത് അമ്മയെ കല്യാണം കഴിച്ചു എന്ന് അവന്‍ ചോദിച്ചപ്പോള്‍ അയാള്‍ സങ്കടത്തോടെ, വിങ്ങുന്ന തൊണ്ടയോടെ ആ കഥയും അവനു പറഞ്ഞുകൊടുത്തു.

മുപ്പത്തിനാലു വയസ്സായിട്ടും കല്യാണം നടക്കാതെ തലമുടീം നരച്ചു പൂപ്പല്‍ പിടിച്ചിരിക്കുകയായിരുന്നു അവന്‍റെ അമ്മ. കറുപ്പ് നിറവും ദളിതരുടെ മുഖച്ഛായയും ആയതുകൊണ്ട് ആരും അമ്മയെ കല്യാണം കഴിച്ചില്ല. അപ്പോള്‍ അച്ഛന് പാവം തോന്നി. എന്നു വെച്ച് അമ്മയ്ക്ക് ഭംഗിയുണ്ടെന്ന് പറയാനൊന്നും അച്ഛനു പറ്റില്ല. അച്ഛന്‍ കള്ളം പറയില്ല … എന്തു കാര്യത്തിനായാലും..പക്ഷെ, അമ്മയ്ക്ക് അച്ഛന്‍ ജീവിതം കൊടുത്തതിലുള്ള ആ നന്ദി ഇല്ല. കല്യാണത്തിനു ചൊല്ലുന്ന മന്ത്രങ്ങളില്‍ പെണ്ണിനു ജീവിതം കൊടുക്കുന്ന ആണിനോട് പെണ്ണ് എങ്ങനെയൊക്കെ കടപ്പെട്ടിരിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. അമ്മ അതൊന്നും ചെയ്യുന്നേയില്ല.

ഹരിമോനു  അച്ഛനോട് കഷ്ടം തോന്നി.. എന്തൊരു വലിയ നഷ്ടമാണ് അച്ഛനു പറ്റിയത്. അമ്മയ്ക്ക് കുറച്ചും കൂടി ഭംഗിയുണ്ടായിരുന്നെങ്കില്‍,നിറമുണ്ടായിരുന്നെങ്കില്‍ അവനേയും ആരും കരടി എന്ന് വിളിക്കില്ലായിരുന്നു. അവനും അവന്‍റെ അച്ഛനും ചുന്തരന്മാര്‍ഉയര്‍ന്ന ജാതിക്കാര്‍അമ്മ ചീത്ത … ദളിത.

ഹരിമോന്‍  പതുക്കെപ്പതുക്കെ ക്രിക്കറ്റ് പഠിത്തം ഉപേക്ഷിച്ചു.

പിന്നെ ദേവി  അവനെ നീന്തലിനു വിട്ടു. വെറുതേ വീട്ടില്‍ കുത്തിയിരുന്ന് ടി വിയും കണ്ട് ജങ്ക് ഫുഡും കഴിച്ച് ഒരു തൊളസൂറാനായി അവന്‍ മാറരുതെന്നായിരുന്നു അവളുടെ മോഹം. ഒപ്പം തന്നെ സ്കേറ്റിംഗും പരിശീലിപ്പിച്ചു.

നീന്തലില്‍ അവനു ശരിയ്ക്കും താല്‍പര്യമുണ്ടായിരുന്നു.

സ്കേറ്റിംഗില്‍ സബ് ജൂനിയര്‍ ലെവലില്‍ ഹരിമോന്‍  ഗോള്‍ഡ് മെഡല്‍ നേടി.

അപ്പോഴേക്കും അനൂപ്  ജോലി ഒന്നും ചെയ്യാതായിരുന്നു. ഫുള്‍ റ്റൈം ഷെയര്‍ മാര്‍ക്കറ്റ് തന്നെ ശരണം. രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ചെലവാക്കി.. ഫേസ് ബുക്കില്‍ മറ്റൊരാളായി മാറി അനൂപ് ലോകത്തിനു പല ഉപദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു. ഫേസ് ബുക്കിനു അങ്ങനൊരു മെച്ചമുണ്ടല്ലോ. ഏതു കള്ളനും അതില്‍ സത്യസന്ധനായി പ്രത്യക്ഷപ്പെടാം. ഏതു കൊള്ളക്കാരനും ദാനധര്‍മിഷ്ഠനാകാം.

ഷെയര്‍ മാര്‍ക്കറ്റ് അതിസുന്ദരിയായ ഒരു പെണ്ണിന്‍റെ ആഴമേറിയ പൊക്കിള്‍ ചുഴി പോലെ അയാളെ ആസക്തിയില്‍ വലിച്ചു താഴ്ത്തിക്കൊണ്ടിരുന്നു.ആസക്തി ഏറും തോറും അതില്‍ ലാഭങ്ങള്‍ കുറഞ്ഞു വന്നു എന്ന് മാത്രമല്ല

അനൂപ്  നിക്ഷേപിച്ച രൂപയും അവള്‍ കൊടുത്ത നാലു ലക്ഷം രൂപയും യാതൊരു ദയയുമില്ലാതെ ഷെയര്‍ മാര്‍ക്കറ്റ് അതിന്‍റെ അഗാധമായ പെരുംചുഴിയില്‍ മുക്കിക്കൊന്നു.

വിവരം അറിഞ്ഞപ്പോള്‍ ദേവി  വാക്കുകള്‍ നഷ്ടപ്പെട്ട് ഇടിവെട്ടേറ്റതു പോലെ സ്തബ്ധയായി നിന്നു പോയി.

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like