LITERATURE തുടർക്കഥ നോവൽ

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിച്ചത് – 4echumu-4

 

ഭാഗം  4

അവനു നാലാണ്ടെത്തിയത്  കഥയിലെഴുതി അവസാനിപ്പിച്ചതു പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല.

ദേവിയുടെ പതിനെട്ടുകാരിയായ വീട്ടു സഹായി ഒന്നര രണ്ട് വര്‍ഷം കൂടെ നിന്നു. നല്ലൊരു കുട്ടിയായിരുന്നു അവള്‍ . സ്നേഹമയിയായിരുന്നു. മകനെ അവള്‍ വാല്‍സല്യത്തില്‍ കുളിപ്പിച്ചു. കൃത്യസമയത്ത് ആഹാരം നല്‍കി.. കൊഞ്ചിച്ചു. അവന്‍റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയുമെല്ലാം ഒരു മടിയും കൂടാതെ കോരിക്കളഞ്ഞു. എപ്പോഴും കൈയിലെടുത്തു ചക്കരേ ചക്കരേ എന്ന് വിളിച്ചു നടന്നു.

അമ്മ എന്ന നിലയില്‍ മകനെ ഓര്‍ത്ത് വല്ലാതെ ആധിയും വേവലാതിയും കൊള്ളേണ്ടി വന്നിരുന്നില്ല ദേവിക്ക് അക്കാലത്ത്.

അവളുടെ ജോലിയും അതിനോടനുബന്ധിച്ച ഉത്തരവാദിത്തങ്ങളും ജോലിയില്‍ നിന്ന് അവള്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങളും സമ്മാനങ്ങളും ഒന്നും തന്നെ  അനൂപിനു പൊറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ദേവിയുടെ ശമ്പളം വര്‍ദ്ധിക്കുന്നതും ജോലിയില്‍ അധികാരം കൂടുന്നതും അവള്‍ സ്വന്തം ജോലി മേഖലയില്‍ പ്രശസ്തയാകുന്നതും അയാളെ പരിഭ്രാന്തനാക്കുന്നുണ്ടായിരുന്നു. അവള്‍ക്കൊപ്പം ശമ്പളവര്‍ദ്ധന ഉണ്ടാവാത്തത് അയാള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സ്വന്തം ഓഫീസിനോട് വെറുപ്പും അവളുടെ ഓഫീസിനോട് പകയും അയാള്‍ക്ക് തോന്നിത്തുടങ്ങി. ദേവിക്ക് ശമ്പളം കൂടുന്നത് അവളുടെ കഴിവു കൊണ്ടാണെന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക് നല്ല വൈമനസ്യമുണ്ടായിരുന്നു . അവള്‍ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്കൊപ്പം കൊഞ്ചിക്കുഴയുന്നുണ്ടാവുമെന്നും അവള്‍ക്ക് കിട്ടുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈക്കൂലിയായിരിക്കുമെന്നും അതുകൊണ്ടു തന്നെ അനൂപ് ഉറപ്പിച്ചു.

അനൂപിനായിരുന്നു എന്‍ജിനീയറിംഗില്‍ ദേവിയേക്കാള്‍ മാര്‍ക്ക് കൂടുതല്‍.. അയാള്‍ക്കാണ് ഫ്രിഡ്ജോ വാഷിംഗ് മെഷീനോ മിക്സിയോ പോലെയുള്ള വീട്ടുപകരണങ്ങള്‍ കേടു വന്നാല്‍ നന്നാക്കാന്‍ അറിയുക, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും അയാള്‍ക്ക് പച്ചവെള്ളം പോലെ ഹൃദിസ്ഥമാണ്, ബള്‍ബും ട്യൂബ് ലൈറ്റും ഒക്കെ മാറ്റിയിടാന്‍ അയാള്‍ക്കാണ് സാധിക്കുക. ഇതിനൊക്കെ പുറമേ അയാള്‍ കഴിവുറ്റ ബലവാനായ പുരുഷനാണ്. …. അവളേപ്പോലെ അബലയും ചപലയും ആയ വെറും ഒരു പെണ്ണല്ല.

അങ്ങനെ ഒരു സാധാരണ സ്ത്രീ സാധാരണ ചെയ്യുന്ന ജോലികള്‍ ഒന്നും ചെയ്യാതെ അതിനൊരു വീട്ടു വേലക്കാരിയെ നിയമിച്ച് വീട് നടത്തുന്നതിനോടും ഉദ്യോഗം ഭരിക്കുന്നതിനോടും അനൂപിനു ഒട്ടും പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടിലെ ഓരോ നിസ്സാര വീഴ്ചയും അയാളെ അതിഭയങ്കരമായി രോഷം കൊള്ളിച്ചു.

ഊണിനു പപ്പടം ഇല്ലെങ്കില്‍ ..

തുണി മടക്കിയിട്ടിട്ടില്ലെങ്കില്‍

പൈപ്പില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്നുണ്ടെങ്കില്‍ …

ജനല്‍ തുറന്ന് കിടക്കുന്നുണ്ടെങ്കില്‍ …

വാതില്‍ അടഞ്ഞു കിടക്കുകയാണെങ്കില്‍ ..

ചുരുക്കത്തില്‍ എന്തിനും ഏതിനും അയാള്‍ മീശപിരിക്കുകയും ദേവിയോട് ചുമരില്‍ കയറാന്‍ കല്‍പിക്കുകയും ചെയ്യുന്ന പോലീസുകാരനായി.

ഓഫീസില്‍ നിന്ന് സമ്മാനമായി കിട്ടിയ ഒരു ഇലക്ട്രിക് തുന്നല്‍ യന്ത്രം അവള്‍, വീട്ടു സഹായി പെണ്‍കുട്ടിയ്ക്ക് കൈമാറിയത് അയാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. സഹായി പെണ്‍കുട്ടി തയിക്കാന്‍ ഇരിക്കുമ്പോഴൊക്കെ അനൂപ് പ്രളയ ഭൈരവനെപ്പോലെ അലറി. അവളേയും അവളുടെ യജമാനത്തിയേയും കണ്ണുപൊട്ടുന്ന വിധത്തില്‍ ചീത്ത പറഞ്ഞു.

ഒടുവില്‍ ആ പെണ്‍ കുട്ടി പരാജയം സമ്മതിച്ചു. അവള്‍ ജോലി വിട്ട് പോവുകയാണെന്ന് ഒഴിഞ്ഞു.

അടുത്ത പെണ്‍ കുട്ടിയുടെ പേര് മില്‍തസ് എന്നായിരുന്നു. മില്‍തസിനെ അവള്‍ മിലി എന്ന് വിളിച്ചു.

മിലി ഒരു മാസമേ നില്‍ക്കാന്‍ തയാറായുള്ളൂ.

അടുത്തത് ആസ്സാംകാരിയായ ഒരു സ്ത്രീയായിരുന്നു. ആ സ്ത്രീക്ക് ഓഫീസ് ജോലിക്കു പോകുന്ന ദേവിയെ തീരെ ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് ഭര്‍ത്താവിനൊപ്പം ബിരുദമുണ്ടെന്നതും ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടെന്നതും ആ വീട്ടുസഹായിക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ അവളുടെ ഭര്‍ത്താവിനോട് മാത്രമേ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടുള്ളൂ.

എങ്കിലും മോനെ പെറ്റ് വീട്ടു വേലക്കാരുടെ കൈയില്‍ വലിച്ചെറിഞ്ഞു കൊടുത്ത് ജോലിക്കു പോകുന്ന ദേവിയെ  എന്നും അനൂപ് ചീത്ത വിളിച്ചു. ഹരിമോന്‍  ഉരുട്ടി മിഴിച്ച കണ്ണുകളുമായി അവളെ തുറിച്ചു നോക്കി. അവന് ഒന്നും മനസ്സിലാകുന്ന പ്രായമായിരുന്നില്ലല്ലോ. പിന്നെ അവനു മുലകൊടുക്കുന്ന ദേവിയെ വെറുത്തു തുടങ്ങാനുള്ള വിവരം അപ്പോള്‍ അവന് ആയിരുന്നുമില്ല. അടിക്ക് നിന്‍റെ അമ്മയെ അടിക്ക് എന്ന് അനൂപ് പറയുമ്പോഴൊക്കെ കുഞ്ഞിക്കൈ നിവര്‍ത്ത് അവന്‍ അമ്മയുടെ മുഖത്തടിച്ചു. കടിക്ക് നിന്‍റെ അമ്മയെ കടിക്ക് എന്ന് അയാള്‍ പറയുമ്പോഴൊക്കെ അവന്‍ പാല്‍പ്പല്ലുകള്‍ കൊണ്ട് അവളെ കടിച്ചു . അതെല്ലാം ഒരു കളിയായി മാത്രമേ അവള്‍ അപ്പോഴൊക്കെയും എടുത്തുള്ളൂ. അവന്‍റെ മൃദുലമായ കുഞ്ഞിക്കൈകള്‍ കൊണ്ടുള്ള അടികളും പാല്‍പ്പല്ലുകള്‍ കൊണ്ടുള്ള കടികളും ദേവിക്ക് വിഷമമൊന്നും നല്‍കിയില്ല . അതില്‍ അപകടകരമായി എന്തെങ്കിലുമുണ്ടെന്ന് അവള്‍ക്ക് മനസ്സിലായതേയില്ല.

അനൂപിനോട് തനിയെ ജോലി ചെയ്തു വീടു പുലര്‍ത്തു എന്നും അവള്‍ പണി രാജി വെച്ച് അയാള്‍ പറയുമ്പോലെ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാമെന്നും ദേവി പറഞ്ഞു നോക്കി. വരുമാനം വളരെ ഗണ്യമായി കുറയുമെന്ന സത്യത്തിനു മുന്നില്‍ അവള്‍ ജോലിക്ക് പോകേണ്ടത് അയാളുടെയും ആവശ്യമായിരുന്നു. എങ്കിലും അത് അംഗീകരിക്കാന്‍ അനൂപ് ഒരു കാലത്തും ഒരുക്കമായിരുന്നില്ല.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.