പൂമുഖം COLUMNS യു പിക്കു വേണ്ടി ഒരു യുദ്ധഭീതി, ദേശീയത

യു പിക്കു വേണ്ടി ഒരു യുദ്ധഭീതി, ദേശീയത

 

യുപിയും ബിഹാറും ഇപ്പോഴും ഇന്ത്യയുടെ രാഷ്‌ട്രീയ ഭാവിയുടെ ചൂണ്ടു പലകകൾ ആണ്. ഏകദേശം 110 ലോക സഭ സീറ്റുകളുമായി, ഹിന്ദി പ്രദേശത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പരീക്ഷണ ശാലയായി ഈ രണ്ടു സംസ്ഥാനങ്ങൾ ഇന്നും നിലകൊള്ളുന്നു.  നരസിംഹറാവു വിന്‍റെ കാലം വരെ, യൂ പി ക്കാരൻ അല്ലാത്ത ഒരുവൻ പ്രധാനമന്ത്രി ആകുക എന്നത് ചിന്തിക്കാൻ തന്നെ പാടില്ലായിരുന്നു. നെഹ്‌റു കുടുംബവും അലഹബാദുകാർ ആണല്ലോ?

പക്ഷെ വി പി സിങിന്‍റെ മണ്ഡൽ രാഷ്‌ട്രീയം ഈ സമവാക്യങ്ങളെ അട്ടിമറിച്ചു . ഈ അട്ടിമറി കാലം ബിഹാറിലും, യു പി യിലും കഴിഞ്ഞിട്ടില്ല എന്നാണ് ഇപ്പോളും അവിടെ നടക്കുന്ന രാഷ്‌ട്രീയം തെളിയിക്കുന്നത്. വി പി സിങിന്‍റെ മണ്ഡൽ പ്രയോഗം, സംഘപരിവാറിന്‍റെ കമണ്ഡൽ തടയാനായിരുന്നുവെന്നും, അതിന്‍റെ പരിണത ഫലങ്ങൾ കാൽ നൂറ്റാണ്ട് ആയിട്ടും തുടരുന്നു എന്നതും ശ്രദ്ധേയമാണ്.

വി പി സിംഗ് തുടങ്ങി വെച്ച കമണ്ഡൽ പ്രതിരോധം, മണ്ഡൽ അഴിച്ചു വിട്ട രാഷ്‌ട്രീയ ശക്തികൾ ഇന്നും പല രീതിയിലും കൊണ്ട് നടക്കുന്നു . സംഘപരിവാറിന്‍റെ എന്നത്തേയും പേടിസ്വപ്നം ഒരു ദളിത്, പിന്നോക്ക, മുസ്ലിം ഐക്യം  ആണ്. ബിഹാറിലെ തെരെഞ്ഞെടുപ്പിനു മുൻപുണ്ടായ ജനത പരിവാർ ഐക്യം ഇതിനു ഒരു സൂചന നൽകിയെങ്കിലും, നേതാക്കളുടെ വ്യക്തി മോഹങ്ങൾ അതിനെ ഇപ്പോളും കൂട്ടിയിണക്കാൻ മടിക്കുന്നു.

യുപി രാഷ്‌ട്രീയത്തിന്‍റെ ഇന്നത്തെ തിരിമറിയലുകള്‍ക്കും , ചീറ്റലുകള്‍ക്കും   പൊട്ടലുകള്‍ക്കും  ഈ വ്യക്തി മോഹങ്ങൾ തന്നെ ആണ് കാരണം. രണ്ടു സംസ്ഥാനത്തും 70- കളിൽ വേരോടിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന നേതാക്കൾ ആണ്, മണ്ഡൽ രാഷ്‌ട്രീയത്തെ നയിക്കുന്നത് എന്നത് ശ്രദ്ധിക്കണം . സോഷ്യലിസ്റ്റ് ആശയങ്ങൾ മാറ്റി ഇവർ അവരുടെ കുടുംബ, പ്രാദേശിക, ജാതി വാദങ്ങളിൽ മണ്ഡൽ രാഷ്‌ട്രീയത്തെ എത്തിച്ചിരിക്കുന്നു എന്നതും സത്യം . പക്ഷെ കോൺഗ്രസിനെ ഇല്ലായ്മ ചെയ്തു മുന്നേറിയ ഇവർ ഇന്നും സംഘ പരിവാറിന്‍റെ ഹിന്ദുത്വ രാഷ്‌ടീയത്തിന്‍റെ മുഖ്യ എതിരാളികളായി നില കൊള്ളുന്നു എന്നത്    ഇവരുടെ രാഷ്‌ട്രീയ പ്രസക്തി  നില നിര്‍ത്തുന്നു.

ഈ വീക്ഷണ കോണത്തിലൂടെ നോക്കുമ്പോൾ, യു പി , ദേശീയ രാഷ്‌ട്രീയത്തിന്‍റെ കലങ്ങി മറിച്ചിലുകൾ സ്വാഭാവികം അല്ലെന്നും, അതിനു ഒരു അന്തർധാര ഉണ്ടെന്നും കാണാം. കയറിവന്ന ദളിത് രാഷ്‌ട്രീയ മുന്നേറ്റങ്ങള്‍ക്ക് , എങ്ങനെ തടയിടാം എന്നാണ് ബി ജെ പി നോക്കുന്നത്. എങ്ങനെ ദളിത് മുസ്ലിം കൂട്ടിവെയ്ക്കൽ ഒഴിവാക്കി, തങ്ങളുടെ അധികാരം നിലനിര്‍ത്താമെന്ന്‍ സമാജ് വാദി പാർട്ടിയും നോക്കുന്നു.

കേന്ദ്രത്തിൽ അധികാരമുള്ള ബി ജെ പി, പാകിസ്താനുമായി ഇപ്പോൾ ഉള്ള സംഘർഷം ഉപയോഗപ്പെടുത്തി, എല്ലാ രാഷ്‌ട്രീയ ചേരി തിരിവുകളേയും ,  യുദ്ധ ഭീതി കലര്‍ന്ന ദേശീയതയിൽ മൂടിക്കെട്ടി, അടുത്ത വര്‍ഷം ആദ്യ മാസങ്ങളിൽ നടക്കുന്ന യൂ പി തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നു. അതിന്‍റെ കൂടെ രാമജന്മഭൂമി, കോമണ്‍ സിവിൽ കോഡ് എന്നിവ ഉണ്ടാക്കുന്ന ഒരു ഹിന്ദു ഐക്യം ഉപയോഗിച്ച് ദളിത് വിരുദ്ധതയെപോലും മൂടി വെയ്ക്കാനുള്ള തന്ത്രങ്ങൾ അവർ മെനയുന്നു. ഒപ്പം  സമാജ് വാദി പാർട്ടിയിൽ ഒരു പാളയത്തിൽ പട നടത്തി അവരെയും തകർക്കുവാന്‍ ശ്രമിക്കുന്നു..

മായാവതി ആകട്ടെ കൂടെയുള്ള “ബഹുജൻ ” ദളിതുകളേയും , മുസ്ലിങ്ങളേയും ഒരുമിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ഇതുവരെ സമാജ് വാദി കുടുംബ പാർട്ടിയുടെ കൂടെ നിന്ന മുസ്ലിംകൾ , കുടുബ വഴക്കിൽ താറുമാറാകുന്ന പാർട്ടിയെ തള്ളുമെന്നും, ദളിതരുമായി ഒരു സഖ്യമുണ്ടാക്കി, സംഘ പരിവാർ പാർട്ടികളെ  നേരിടുമെന്നും മായാവതിയുടെ പാർട്ടി കരുതുന്നു. ഇതിൽ നഷ്ടം കൂടുതൽ സംഭവിക്കുന്നത് കോൺഗ്രസിനാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കാരണം  ആർക്കും വേണ്ടാത്ത ഒരു “വലിയ ദേശീയ” പാർട്ടി ആകുകയാണ് കോൺഗ്രസ്. ഷീലാ ദിക്ഷിത്തിനെ മുന്‍പിൽ നിറുത്തി ഉന്നത ജാതീയരെ കൂടെ നിർത്താനുള്ള ശ്രമം പോലും, റീത്ത ബഹുഗുണയുടെ രാജിയോടെ, കാറ്റു പോയ ബലൂൺ ആയിരിക്കുകയാണ്. സമാജ് വാദി പാർട്ടിയോ, ബഹുജൻ സമാജ് പാർട്ടിയോ, കോൺഗ്രസിനെ സഖ്യ കക്ഷി ആക്കുവാൻ ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. കാരണം കോൺഗ്രസ്, യൂ പി യിലെ നാലാം ശക്തി ആയേ വരുന്നുള്ളു എന്നതാണ്.

ഈ രാഷ്‌ട്രീയ അവസ്ഥയിൽ, ബി ജെ പി ദേശീയത ഉയർത്തി, അതും യുദ്ധ ഭീതിയിലൂടെ, ദളിത് രാഷ്ട്രീയത്തെ അടക്കി 20 ശതമാനത്തിൽ അധികം വരുന്ന മുസ്ലിം വോട്ടുകളെ ഭിന്നിപ്പിച്ച്, അധികാരം പിടിക്കാമെന്നു കരുതുന്നു.
ഈ നീക്കത്തെ തകിടംമറിക്കാൻ ആണ്, കോൺഗ്രസ് സർജിക്കൽ സ്‌ട്രൈക്കിനെ ചുറ്റിയുള്ള ദേശീയതയുടെ പിന്നാലെ പോകുന്നത്. ദേശീയതയുടെ കാര്യത്തിൽ കോൺഗ്രസിനെ വെല്ലാൻ മറ്റൊരു പാർട്ടിക്കും കഴിയില്ലല്ലോ?
പിന്നീടുള്ളത്, മുസ്ലിം വോട്ട് ആണ്. അത് ബി ജെ പി ക്കു ലഭിക്കുക എന്നത്  , ബീഫ് വിവാദ മരണവും, മുസാഫിർപുർ ലഹളയും കൂടി ദുഷ്കരം ആക്കിയിരിക്കുന്നു. അതിനെ പലതായി ഭാഗിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. കോമണ്‍  സിവിൽ കോഡ് , തലാഖ് വിഷയം, എല്ലാം അതിനവർ ഉപയോഗിക്കുന്നു. സമാജ് വാദി കുടുംബ പാർട്ടിയിലെ പാളയത്തിൽ പട അമർ സിങിനെ ചുറ്റി പറ്റി ആണ് എന്നത് തന്നെ അതിനു (ഭാഗിക്കാനുള്ള തന്ത്രമാണ് ) എന്നതിന് തെളിവാണ്. UPA ഒന്നിൽ, ഇടതിന് എതിരായി കോൺഗ്രസിന് അനുകൂലമായി സമാജ് വാദികളെ അമേരിക്കക്കാർക്ക് വേണ്ടി കൊണ്ടുവരാൻ, ചുക്കാൻ പിടിച്ച അമർ സിംഗ്, രാഷ്‌ട്രീയം തനിക്ക് പണത്തിനും, അധികാരത്തിനും  വേണ്ടിയുള്ള പാലം ആണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.

അങ്ങനെ വരാനിരിക്കുന്ന യൂ പി തെരഞ്ഞെടുപ്പ് ബി ജെ പിയും, ബഹുജൻ സമാജ് പാർട്ടിയും തമ്മിൽ ആണെന്ന് ഏകദേശം തെളിഞ്ഞു വരുന്നു. ഒരു കൂട്ടർ ഹിന്ദു ഐക്യം, ദേശീയത എന്നിവ മുന്നോട്ടു വെയ്ക്കുമ്പോൾ, മറ്റേ വിഭാഗം, ദളിത്, മുസ്ലിം പ്രശ്ങ്ങൾ മുന്നോട്ടു വെച്ച്, അധികാരത്തിനു ശ്രമിക്കുന്നു. ഈ രണ്ടു ഭാഗവും എങ്ങനെ തങ്ങളുടെ അജണ്ടകളെ മുന്നോട്ടു കൊണ്ടുപോകും എന്നതും, അതിൽ ഇപ്പോൾ തന്നെ തള്ളപ്പെട്ടിരിക്കുന്ന സമാജ് വാദി കുടുംബ പാർട്ടിയും, കോൺഗ്രസ്സും എങ്ങനെ രണ്ടു പ്രബലരുടെ നീക്കങ്ങൾക്ക് തടയിടുമെന്നതും , യു പി, ദേശീയ രാഷ്‌ട്രീയത്തെ അടുത്ത കുറെ മാസങ്ങളിൽ ഉദ്വേഗജനകം ആക്കുന്നു.

യു.പി തെരഞ്ഞെടുപ്പ് എന്ത് കൊണ്ട്, ഇത്രയും പ്രാധാന്യം അർഹിക്കുന്നു എന്ന് തോന്നിയേക്കാവുന്നവരോട്: യു. പിയും , ബിഹാറും 2019 ല്‍ വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന്‍റെ, ആര്‍ക്കും തള്ളിക്കളയാൻ ആകാത്ത ചൂണ്ടു പലകകൾ ആണെന്നേ പറയാനാകു ..

Comments
Print Friendly, PDF & Email

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like