പൂമുഖം LITERATURE ചരിത്രം ആവർത്തിക്കുന്നു

ചരിത്രം ആവർത്തിക്കുന്നു

 

 

േണുക മകളുടെ മുറിയിൽ മുട്ടി. പ്രതികരണം കിട്ടിയില്ല. ഭാഗ്യത്തിന്‌ കതക് കുറ്റിയിട്ടിട്ടില്ല. മുറി തുറന്ന് അകത്തുകയറി. മായ കട്ടിലിൽ കമഴ്ന്ന് കിടന്ന് കരയുകയാണ്‌. അവൾ തല ഉയർത്തിനോക്കി. കരഞ്ഞ് കലങ്ങിയ കണ്ണുകൾ! രേണുക പേടിച്ചു-താൻ എന്തെങ്കിലും പറഞ്ഞുവോ, അറിയാതെ എന്തെങ്കിലും ചെയ്തുവോ? ഇതുവരെ അവളുടെ ആഗ്രഹങ്ങൾ ഒക്കെ  സാധിച്ചു കൊടുത്തിട്ടേയുള്ളു. അടുത്തനിമിഷത്തിൽ സമാധാനിച്ചു. സ്കൂളിൽ നിന്ന് വന്നപ്പോൾതന്നെ  അവളുടെ മൂഡ് തെറ്റിയിരുന്നു.

ചോദിച്ചപ്പോളാണ്‌ സംഗതിയെന്താണന്ന്  മനസ്സിലായത്. മൈക്ക് അവളെ ഉപേക്ഷിച്ചു പോലും. അവർ രണ്ടുപേരും  ഹൈസ്കൂളിൽ സീനിയേർസാണ്‌. അവൻ അമേരിക്കയുടെ പടിഞ്ഞാറുള്ള കോളജിലാണു പോകുവാൻ നിശ്ചയിച്ചിരിക്കുന്നത്.“ലോങ്ങ് ഡിസ്റ്റൻസ് പ്രേമം വർക്ക് ചെയ്യില്ല, അതിനാൽ നമുക്ക് പിരിയാം” എന്ന് അവൻ പറഞ്ഞുവത്രെ. പോയാൽപ്പിന്നെ തമ്മിൽ കാണുക അത്ര എളുപ്പമല്ല. സമയം വെറുതെ കളയുന്നതെന്തിനാ ണെന്നായിരിക്കണം.

മായയോട് സഹതാപം തോന്നി. “പാവം കുട്ടി” മനസ്സിൽ പറഞ്ഞു. അടുത്ത് ചെന്ന് കട്ടിലിൽ ഇരുന്ന് അവളെ ഗാഢമായി പുണർന്നു. ഏതൊരമ്മക്കും മക്കൾ കരയുന്നത് കണ്ടാൽ മനസ്സലിയും. “വീടെത്താറായെന്ന് ഡാഡി വിളിച്ച് പറഞ്ഞിരുന്നു, ഊണു് കഴിക്കാൻ വരു” രേണുക പറഞ്ഞു.

“എനിക്കൊന്നും വേണ്ട” മായയുടെ മറുപടി കിട്ടി.

സ്കൂളിൽ നിന്ന് വന്നാൽ വിശന്ന് മലപോലും തിന്നുവാൻ തയ്യാറായി വരുന്നയാളാ ണിപ്പോൾ ഒന്നും വേണ്ട എന്ന് പറയുന്നത്.

ഇങ്ങനെ എത്ര തവണ കരഞ്ഞാലാണ്‌ വിവാഹം കഴിക്കുന്നയാളെ കണ്ടെത്താനാവുക? രേണുകക്ക് ഉറക്കെ പറയാൻ തോന്നി. പക്ഷെ അടക്കിവെച്ച് മനസ്സിൽ പറഞ്ഞു.

“കേരളത്തിൽ വളർന്ന അമ്മക്കിതെങ്ങനെ അറിയാം”  പറഞ്ഞാൽ മായയുടെ മറുപടി ഇങ്ങനെ വല്ലതും ആയിരിക്കും.

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ഒന്നും ഇവിടെയില്ല. എല്ലാം ശരിയായി വന്നങ്കിലേ വിവാഹം കഴിക്കു. പുരുഷൻ പ്രൊപ്പോസ് ചെയ്യുംവരെ കാത്തിരിക്കണം. അതാണ്‌ ഇവിടത്തെ രീതി.

അവളുടെ ലോകം അവസാനിച്ചു   എന്ന് അവൾക്ക് തോന്നുന്നുണ്ടാവും.

“എങ്കിലും അവന്‌ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തുവാൻ എങ്ങനെ കഴിഞ്ഞു?” മായക്ക് സംശയം

രേണുക തന്‍റെ ഓര്‍മ്മകളിലൂടെ കടന്നുപോയി. മായ ഭാഗ്യവതിയാണ്‌. കഷ്ടപ്പാട് എന്താണെന്നവൾ അറിഞ്ഞിട്ടില്ല.

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന കാലം. മറ്റ് കൂട്ടുകാരികളെപ്പോലെ രേണുകയും സ്വപ്നങ്ങൾ നെയ്തുകൂട്ടി. ഭാവി വരനെക്കുറിച്ച് വ്യക്തമായ ചിത്രങ്ങൾ മനസ്സിൽ കൊണ്ടുനടന്നു. കൂട്ടുകാരികളുടെ മാതാപിതാക്കൾ പണം കൊടുത്ത് അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കി. അവളുടെ  അച്ഛൻ നിർദ്ധനനായിരുന്നു. അമേരിക്കയിൽ നിന്ന് പ്രായക്കൂടുതലുള്ള ഒരു രണ്ടാം വിവാഹക്കാരന്‍റെ ആലോചന വന്നപ്പോൾ അയാൾക്ക് തള്ളിക്കളയാനായില്ല. അവർ പണമോ സ്വർണ്ണമോ ചോദിച്ചില്ല. പകരം അവളുടെ സ്വപ്നങ്ങൾക്കാണ്‌ വില പറഞ്ഞത്. ആരും അവളോട് അഭിപ്രായം ചോദിച്ചില്ല.  മകൾക്ക് ആമേരിക്കൻ ജീവിതം ആഗ്രഹിച്ച അച്ഛൻ സമ്മതം മൂളുകയായിരുന്നു. അവൾക്ക് സമ്മതിക്കേണ്ടി വന്നു. ഭാവിഭർത്താവിന്‍റെ ഫോട്ടോയിൽ അവളുടെ കണ്ണീർ പുരണ്ടു.  അവൾ അനുജത്തിമാർക്ക് വഴിമാറിക്കൊടുത്ത് ശേഖറിന്‍റെ രണ്ടാം ഭാര്യയായി.

സ്വന്തം കാലിൽ നിൽക്കണമെന്ന്  ശേഖറിന്‌  നിർബന്ധമായതിനാൽ അവൾ കോളജിൽ ചേർന്നു. എത്തിയിട്ട് അധികം ആയിട്ടില്ലാത്തതിനാൽ അവൾക്ക് ഡ്രൈവിങ്ങ് അറിഞ്ഞുകൂട. ഭർത്താവിന്‌ അതിനുള്ള സൗകര്യവും സമയവും കണ്ടെത്തുവാൻ വിഷമം. അയാൾ തന്നെ അതിനൊരു പരിഹാരം കണ്ടെത്തി.

സമീർ താമസിച്ചിരുന്നത് അവരുടെ അടുത്തായിരുന്നതിനാൽ ശേഖർ സമീറിനെ രേണുകയെ കൊണ്ടുവരാനും  കൊണ്ടുവിടാനും ഏർപ്പാടാക്കി. സമീർ മാസ്റ്റേർസിന്‌ പഠിക്കുവാൻ കേരളത്തിൽ നിന്ന് അതേ കോളജിൽ വന്നിരിക്കയാണ്‌.

അവർക്കിടയിൽ അനേകം സമാനതകൾ. മലയാളം സിനിമയോടും അഭിനേതാക്കളോടും ഇരുവർക്കും കഠിനമായ കമ്പം. മലയാളസിനിമ    കുറച്ചു തവണ കാണുവാൻ പോയത് സമീറിനൊപ്പം. ശേഖറിന്‌ ജോലി സംബന്ധമായ തിരക്കുകളായിരുന്നു. അത്യാവശ്യമായി ഒരു പ്രോജെക്റ്റ് തീർക്കേണ്ടതിനാൽ ശേഖറിന്‌ ശനിയാഴ്ചയും ജോലിക്ക് പോകേണ്ടിവന്നു. രേണുക  തനിച്ചിരിക്കേണ്ടെന്നു കരുതി  സമീറിനൊപ്പം സിനിമക്ക് പോകുവാന്‍ ശേഖറാണ്‌ നിർബന്ധിച്ചത്. അവരെ പലപ്പോഴായി ഒന്നിച്ചുകണ്ടപ്പോൾ മറ്റു മലയാളികൾ തമ്മിൽ തമ്മിൽ നോക്കി.   കഥകൾ പറഞ്ഞുണ്ടാക്കി. ആ കഥകൾ രേണുകയുടെ ചെവിയിലും എത്തി. അതിൽ അവൾ ഗൂഢമായ ഒരു ആനന്ദം കണ്ടെത്തി. രേണുക കോളജിൽ പോകുവാൻ ശുഷ്കാന്തി കാട്ടി. അത് പഠനത്തിനോടുള്ള അഭിനിവേശം കൊണ്ടായിരുന്നില്ല. അവൾ ശേഖറിനേക്കാൾ കൂടുതൽ സമയം സമീറിനൊപ്പം ചെലവാക്കി.  കോളജ് വിട്ടുവന്നാൽ പഠിക്കുവാനുണ്ടെന്ന വ്യാജേന മുറിയിൽ അടച്ചിരുന്നു സ്വപ്നം കണ്ടു. അവളുടെ സൗഹൃദം പ്രേമമായി വളരുകയായിരുന്നു. തന്‍റെ വികാരങ്ങൾ സമീർ മനസ്സിലാക്കുന്നില്ല എന്നു കണ്ടപ്പോൾ അവൾക്ക് തന്‍റെ പ്രേമം വെളിപ്പെടുത്തേണ്ടിവന്നു.

“രേണുക എന്ത് അബദ്ധമാണ്‌ പറയുന്നത്? നീ വിവാഹിതയാണ്‌‘ സമീറിന്‍റെ പ്രതീകരണം  ഇതായിരുന്നു.

വിവാഹിതയാണ്‌ എന്ന കാരണത്താൽ തന്‍റെ സ്നേഹം തിരസ്കരിക്കുന്നു. അവൾക്ക്  താലി പൊട്ടിച്ചെറിയണമെന്നും ശേഖറിനെ വിട്ട് പോകണമെന്നും തോന്നി.

സമീറിന്‍റെ സംഭാഷണത്തിൽ നിന്നും അയാളൊരു സമ്പന്ന കുടുംബത്തിലെ അംഗമാണെന്നും അയാൾക്ക് വിവാഹാലോചനകൾ വരുന്നുണ്ടെന്നും മനസിലായി. അവർ സമൂഹത്തിൽ ഉന്നതനിലയിൽ ജീവിക്കുന്നവരാണന്ന് വ്യക്തമായിരുന്നു.

ദിവസങ്ങൾ കഴിയുമ്പോൾ സമീറിന്‍റെ മനസ് മാറുമെന്ന് രേണുക പ്രതീക്ഷിച്ചു.

തിരിച്ചുകിട്ടാത്ത സ്നേഹം  ഭിക്ഷാപാത്രത്തിലേക്കെറിയുന്ന നാണയങ്ങളാണ്‌.

അവളുടെ ഉണർവ്വും ഉത്സാഹവും നഷ്ടപ്പെട്ടു. ഭക്ഷണത്തിന് ഒന്നിനും രുചിയില്ലെന്നു തോന്നി. ഊണിനിരിക്കുമ്പോൾ  വിരലുകൾ പ്ലേറ്റിൽ ചിത്രങ്ങൾ വരച്ചു.  അവളിൽ വന്ന മാറ്റങ്ങൾ ശേഖറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“നിനക്കെന്തു പറ്റി? അസുഖം വല്ലതും? ഡോക്ടറെ കണ്ടാലോ?” ശേഖർ അവളുടെ നെറ്റിയിൽ കൈ വെച്ച് അന്വേഷിച്ചു.

തനിക്കൊന്നുമില്ലെന്ന് അവൾ തലയാട്ടി.

സമീറിന്‍റെ പരീക്ഷയടുത്തു. അതുകഴിഞ്ഞാലുടൻ സമീർ മടങ്ങിപ്പോവും. കുടുംബ ബിസ്സിനസ്സ് ഏറ്റെടുത്ത് നടത്തും.ഏതെങ്കിലും സമ്പന്നയായ പെൺകുട്ടിയെ വിവാഹം ചെയ്യും.

രേണുകക്ക്  സഹിക്കാനായില്ല.

അവളാകെ തകർന്നു.  ജീവിതത്തിന്‌  അർഥവും ലക്ഷ്യവും ഇല്ലെന്നു തോന്നി. സമീർ ഉടൻ മടങ്ങുകയാണ്‌ അവൾ ഒരുവിധത്തിൽ ഡിന്നർ പാചകപ്പെടുത്തി ശേഖറിനൊപ്പം കഴിച്ചെന്ന് വരുത്തി. ഊണു കഴിക്കുമ്പോൾ രേണുക അസാധാരണമായി മൗനമായിരുന്നു. അവരുടെ വളർത്തുകിളികൾ ഭക്ഷണത്തിനായി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അവൾ കേട്ട ഭാവമേയില്ല. രേണുക ബാത്ത് റൂമിലെ മെഡിസിൻ ക്യാബിനെറ്റിൽ നിന്നും തലവേദനക്കുള്ള ഒരു കുപ്പി ഗുളികകളെടുത്തു.- കുറെ ഗുളികകളും ഒരു ഗ്ളാസ് വെള്ളവുമുണ്ടെങ്കിൽ എല്ലാമവസാനിച്ചു കിട്ടും. വേദനകളറിയാതെ ദുഃഖങ്ങളില്ലാത്തൊരു ലോകത്തിലേക്ക് യാത്രയാവാം-രേണുകചിന്തിച്ചു. അവൾ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് ചെന്നു.  ശേഖർ അടുക്കളയിൽ കിളികൾക്ക് ഭക്ഷണം കൊടുത്തു. അതിലൊന്നിനെ കൂടിനു പുറത്തെടുത്ത് കളിപ്പിക്കയാണ്‌. അവൾ വെള്ളമെടുക്കാനെന്ന മട്ടിൽ അടുക്കളയിൽ നിന്നു പരുങ്ങി.  അവസാനം വെള്ളമെടുത്ത്  ഗുളികയും കഴിച്ച് കിടക്കമുറിയിലേക്ക് നടന്നു. കട്ടിലിൽ കയറിക്കിടന്നു. ശേഖർ അവളുടെപുറകെ മുറിയിലേക്ക് വന്ന് അവിടെയെല്ലാം പരതി നടന്നു. അയാൾ ഗുളികക്കുപ്പി കണ്ടെടുത്ത് ബാത്ത് റൂമിലേക്ക് നടന്നു.  ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുന്നതു കേട്ടു. ഗുളികകൾ വെള്ളത്തിൽ ഒഴുക്കിക്കാണും. എന്താണ്‌ ശേഖറിൽനിന്ന് പ്രതീക്ഷിക്കേണ്ടതെന്നറിയാതെ രേണുക കണ്ണുകൾ ഇറുക്കി കിടന്നു.

നെറ്റിയിൽ കരസ്പർശം ഏറ്റപ്പോൾ കണ്ണുതുറന്നു.

“എന്ത് അബദ്ധമാണ്‌ രേണുകേ നീ ചെയ്യുവാൻ പോയത്? നിനക്ക് ജീവൻ കളയേണ്ട കാര്യമൊന്നുമില്ലല്ലോ! ഈ വിവാഹബന്ധം ഇഷ്ടമില്ലങ്കിൽ ഡിവോർസിന്‌ അപേക്ഷിക്കാ മായിരുന്നു. ഞാൻ സമ്മതിക്കുമായിരുന്നല്ലോ. കുറെ നാളുകളായി ഞാൻ ശ്രദ്ധിക്കുന്നു, നിനക്കു മറ്റാരെയോ ആണ്‌ ഇഷ്ടം. അത് ആരെന്ന് എനിക്കറിയില്ല.അറിയുകയും വേണ്ട. ഞാൻ മാറിത്തരുവാൻ ഒരുക്കമാണ്‌. എനിക്കും കുറവുകൾ ഉണ്ടെന്നറിയാം. ഒരു രണ്ടാം വിവാഹത്തിന്‌ ഞാൻ ഒരുങ്ങരുതായിരുന്നു. നിനക്ക് ഈ ബന്ധം തുടർന്നുകൊണ്ട് പോവണമെങ്കിൽ അങ്ങനെയും ആവാം. നീ സന്തോഷമായിരുന്നാൽ മതി.“ അയാൾ മുറി വിട്ടിറങ്ങി.

ശേഖർ സ്വീകരണമുറിയിൽ ലക്ഷ്യമില്ലാതെ നടക്കുന്നത് രേണുകക്ക് കാണാമായിരുന്നു. അയാൾ വല്ലാതെ വിഷമിക്കുണ്ടാവും.

ഒരു കുട്ടിയുണ്ടെങ്കിൽ സ്നേഹിക്കുവാൻ ഒരാളാവുമല്ലോ! സ്വന്തമെന്ന് പറയുവാനും – അവൾ ചിന്തിച്ചു. ”എനിക്കൊരു കുട്ടി വേണം“. അയാളുടെ നരകയറിയ നെറ്റിത്തടത്തിലേക്ക് നോക്കി അവൾ പറഞ്ഞു. ”ഈ വയസുകാലത്ത് ഇത്തരം ഉത്തരവാദിത്വം വേണോ?. രണ്ടു കുട്ടികൾ ഉള്ളതു പോരെ?“ എന്നായിരുന്നു അയാളുടെ മറുപടി. രണ്ടു കുട്ടികൾ ആദ്യത്തെ വിവാഹബന്ധത്തിൽ ഉള്ളവരാണെന്നും അവർ ദൂരെ കോളജിൽ ആണെന്നും അയാൾ മറക്കുന്നു. അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ മൗലികാവകാശമാണ്‌. ഒരു കുട്ടിക്കുവേണ്ടി അവൾ ദാഹിച്ചു.

”ശേഖറിന്‍റെ സൗകര്യങ്ങൾ അനുസരിച്ച് കഴിച്ചുകൂട്ടാനുള്ളതല്ല തന്‍റെ ജീവിതം.“ രേണുക മനസ്സിൽ പറഞ്ഞു.

അവരുടെയിടയിൽ അകൽച്ചയുടെ കുതിരക്കുളമ്പടി ശക്തമായി. രാത്രിയും പകലുമെന്ന പോലെ, സൂര്യനും ചന്ദ്രനും എന്നവണ്ണം  വ്യത്യസ്ത  ജിവിതം. രേണുക ജോലിയന്വേഷിച്ചു തുടങ്ങി,   വീട്ടിൽ വെറുതെ ഇരിക്കുമ്പോളാണ്‌ ചിന്തകൾ കടിഞ്ഞാൺ പൊട്ടിച്ച് പായുക.  ശേഖറിനെ സ്നേഹിക്കുവാൻ കഴിയാതെ കൂടെത്താമസിക്കുന്നത് ഉചിതമല്ലാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ടു. ശേഖർ മടികാട്ടിയില്ല, അവളെ സ്വതന്ത്രയായി വിടുന്നുതാണ്‌ നല്ലതെന്ന് തോന്നിയിരുന്നു.

സ്നേഹം പിടിച്ചു പറിക്കുവാൻ സാധ്യമല്ലല്ലോ!

വിവരമറിഞ്ഞപ്പോൾ അച്ഛനും അമ്മയും നിരാശരായി. രേണുക അവിടെ സുഖമായി കഴിയുകയാണ്‌ എന്നായിരുന്നു അവരുടെ ധാരണ.

ഇന്ത്യൻ സമൂഹത്തിൽ പല കിംവദന്തികളും പടർന്നതിനാൽ അവൾ ദൂരെയുള്ളൊരു പട്ടണത്തിലേക്ക് മാറിത്താമസിച്ചു. അവിടെയാവുമ്പോൾ അവളെ- അവളുടെ കഥകളെ- ആർക്കും അറിയില്ലല്ലോ! രേണുക കിട്ടിയ ജോലി സ്വീകരിച്ചു. ശമ്പളംകൊണ്ട് കഷ്ടപ്പെട്ട് ജീവിച്ചു. ഈസമയമെല്ലാം അച്ഛനുമമ്മയും അവളോട് തിരികെച്ചെല്ലുവാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. രേണുക പിടിച്ചുനിന്നു. അവർക്കൊരു ഭാരമായിത്തീരുവാൻ അവൾ ആഗ്രഹിച്ചില്ല. ഏകദേശം ഒരുവർഷം എടുത്തു ഭേദപ്പെട്ട ജോലി കിട്ടുവാൻ.

രേണുക ജോലിയെ സ്നേഹിച്ചു. സഹപ്രവർത്തരെ ഇഷ്ടമായി. അവരുടെയിടയിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്ന് ശ്രദ്ധിച്ചു,  സച്ചൻ. പലപ്പോഴും അവളോട് അടുക്കുവാൻ ശ്രമിക്കുന്നു. അവരുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ രേണുക വീണുപോകാതെ പിടിച്ചുനിന്നു. വീണ്ടും വേദനിക്കുവാൻ അവൾ തയ്യാറല്ലായിരുന്നു.

അവൾക്കു അതുവരെ നിർഭാഗ്യമേ സംഭവിച്ചിട്ടുള്ളു. അവൾ സമീറിനെ ഓർത്തു. അയാൾ ഇപ്പോൾ എവിടെ ആയിരിക്കും?.

“സച്ചനും നിന്നെപ്പോലെ തന്നെ”  സഹപ്രവർത്തക ഡിപ്പാർട്ടുമെന്‍റിൽ ഉള്ളവരുടെ വിശേഷങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു. രേണുക അവരെ ചോദ്യരൂപേണ നോക്കി.

“സച്ചനും ഈയിടെയാണ്‌ ഡിവോർസിലൂടെ കടന്നുപോയത്.”

അധികദിവസങ്ങൾ കഴിഞ്ഞില്ല.  സ്റ്റാർട്ട്ചെയ്യുവാൻ വിസമ്മതിക്കുന്ന കാറും അതിന്‍റെ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന രേണുകയേയുമാണ്‌ ഓഫീസിൽ നിന്നിറങ്ങുമ്പോൾ സച്ചൻ കണ്ടത്. ശേഖറിനൊപ്പം താമസിക്കുന്നകാലത്ത് കാറിന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചിട്ടതേയില്ല.

അതൊരു  പ്രണയബന്ധത്തിന്‍റെ തുടക്കമായിരുന്നെന്നറിയാതെ രേണുക അയാളോടു സംസാരിച്ചു. അന്ന് സച്ചനാണ്‌ സഹായിച്ചത്. വൈകി കണ്ടെത്തിയ രണ്ടാത്മാക്കൾ. അവരുടെബന്ധം വളർന്നു പടർന്നു. വൃക്ഷങ്ങളിൽ തളിരിലകൾ വരികയും ചെടികൾ പൂക്കുകയും ചെയ്തൊരു വസന്തകാലത്ത് സച്ചൻ തന്‍റെ വീട്ടിലേക്ക് വിളിച്ച് രേണുകയെ വിവാഹം ചെയ്യുന്ന വിഷയം അവതരിപ്പിച്ചു. അവർ എതിർത്തൊന്നും പറഞ്ഞില്ല , എതിർത്താലും വിവാഹം ചെയ്യും, മകനെയും നഷ്ടപ്പെടും എന്ന് വിചാരിച്ചിട്ടാവണം.

അവരുടെ ജീവിതത്തിലേക്ക് നറുമണവുമായി വന്ന കുളിർകാറ്റാണ്‌ മായ. അവളുടെ കണ്ണുകൾ നിറയുന്നത് കാണുവാൻ കഴിയില്ല.. ഒരു പക്ഷെ തന്‍റെ ഇന്നു വരെയുള്ള ജീവിതകഥകൾ പറഞ്ഞാൽ അവൾക്ക് ആശ്വാസം കണ്ടെത്തുവാൻ കഴിഞ്ഞേക്കും. അമ്മയുടെ ജീവിതം എത്ര കാറ്റും കോളും നിറഞ്ഞതായിരുന്നു എന്നവൾക്ക് മനസ്സിലാവും. ഒരിക്കൽ താൻ ശേഖറുമായി വിവാഹിതയായിരുന്നുവെന്ന് മായക്കറിയാം. അവസാനം ഇഷ്ടപ്പെട്ട ഇണയെ കണ്ടെത്തിയത് സച്ചനിലാണ്‌. ഓരോ വള്ളിക്കും ചുറ്റുവാൻ ഒരു താങ്ങുണ്ടാവും. ചിലപ്പോൾ താങ്ങ് കണ്ടെത്തുവാൻ സമയമെടുക്കും. തന്‍റെ അനുഭവങ്ങൾ മായയോട് പറഞ്ഞാൽ ചെറുപ്രായത്തിൽ അവൾക്കെല്ലാം ശരിയായി മനസ്സിലാവാതെ അമ്മയെക്കുറിച്ചുള്ള ധാരണ മാറാനും വഴിയുണ്ട്. അതിനെക്കുറിച്ചാലോചിച്ചപ്പോൾ രേണുകക്ക് നെഞ്ചുപൊട്ടി. അമ്മമാർ മക്കൾക്ക് ദൈവമാണ്‌, പെൺവേഷമണിഞ്ഞ ദൈവങ്ങൾ.

ഫോൺ അടിച്ചു, രേണുക എടുത്തപ്പോൾ അങ്ങേ തലയ്ക്കൽ മായയോട് സംസാരിക്കണ മെന്നാവശ്യപ്പെട്ട ഒരു പുരുഷ ശബ്ദമായിരുന്നു. ഫോൺ മായയുടെ നെരേനീട്ടി. അവൾ ‘ഹലൊ’ പറഞ്ഞു. പിന്നീട് കുറച്ചു നിമിഷത്തേക്ക് സംസാരിച്ചില്ല, ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു. രേണുകയുടെ ഹൃദയമിടിച്ചു.

“മൈക്ക്, നിനക്കു തോന്നുമ്പോൾ പ്രേമിക്കാനും പ്രേമിക്കാതിരിക്കാനും എനിക്കാവില്ല. തുടച്ചുമാറ്റാവുന്ന ഒന്നാണോ സ്നേഹം? ഇനി ഇങ്ങനെ സംഭവിക്കില്ലെന്ന് ആരറിഞ്ഞു? നമ്മൾ കാണാതിരിക്കുന്നതാണ്‌ നല്ലത്. ഞാൻ നിമിത്തം  നീ കോളേജ് മാറാനൊന്നും പോവേണ്ട.” രേണുകയെ അമ്പരപ്പിച്ച് മായ പറഞ്ഞു. അവളുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം ഉണ്ടായിരുന്നു.  മായ ഫോൺ താഴെ വെച്ചു.“വരു അമ്മേ, എനിക്ക് വിശക്കുന്നു, നമുക്കു വല്ലതും കഴിക്കാം”

രേണുകയുടെ മനസ്സിൽ ആശ്വാസത്തിന്‍റെ തിരി കത്തി. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടിയതിൽ ലജ്ജ തോന്നി. മായ താൻ ഭയന്നതു പോലെയല്ല. തീരുമാനങ്ങളെടുക്കുവാനും അതിൽ  ഉറച്ചു നിൽക്കുവാനുമറിയാം. ആദ്യം കാണുന്ന പൂവിന്‍റെ  തേൻ മാത്രമേ  നുകരു എന്നു വാശിപിടിക്കുന്നില്ല. അപ്പോൾ സച്ചന്‍റെ കാറിന്‍റെ ലൈറ്റ് ജനാല വഴി മുറിയിലടിച്ചു . അതിന്‍റെ വെളിച്ചത്തിൽ മായയുടെ നിറമിഴികൾ രേണുക കണ്ടു.

 

 

 

 

 

 

 

 

 

 

 

 

 

Comments
Print Friendly, PDF & Email

അമേരിക്കയിൽ സ്ഥിര താമസം, ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്റി. റിട്ടേൺ ഫ്ലൈറ്റ് എന്ന ചെറു കഥാ സമാഹാരവും, അവിചാ‍ര്രിതം എന്ന നോവലും പ്രസിദ്ധീകരിച്ചു. റിട്ടേൺ ഫ്ലൈറ്റ് എന്ന പുസ്തകത്തിന് 2010ലെ മികച്ച ചെറു കഥക്കുള്ള കേരള ഗവണ്മെന്റിന്റെ സാഹിത്യത്തിനുള്ള നോർക്ക പ്രവാസി പുരസ്ക്കാരം ലഭിച്ചു

You may also like