ലേഖനം സാമൂഹ്യം

ഓർമ്മയിലെ ചോരവരകൾchora

 

ഴ്സിംഗ് കോഴ്സ് കഴിയാൻ നാലഞ്ച് മാസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒരു വൈകുന്നേരം ഞാനും എന്‍റെ മുറി പങ്കിടുന്ന സുഹൃത്തും കൂടി ഒരു ചെറിയ യാത്രയ്ക്ക് പദ്ധതി ഇടുന്നു.

അവളുടെ സ്നേഹിതനെ കാണലാണ് ലക്ഷ്യം. ഞാനൊരു ധൈര്യത്തിന് കൂടെപ്പോകുന്നു എന്നു മാത്രം

പേ വാർഡിന്‍റെ എൻട്രൻസ് കടന്ന് മെഡിക്കൽ കോളേജാശുപത്രിയുടെ അകത്തു കൂടിയാണ് യാത്ര. അവൻ ഏഴാം വാർഡിനപ്പുറത്തെ പടിക്കെട്ടിൽ ഞങ്ങളെ കാത്തുനില്‍‌ക്കും. അതാണ് പതിവ്.

പക്ഷെ, അന്ന് പേ വാർഡിനു മുന്നിലെത്തിയപ്പോൾ ഒരടിപൊളി ചേട്ടൻ.
നോക്കാതിരിക്കാൻ പറ്റാത്തതിനാല്‍ ഒരു നിമിഷം അതിനായി നിന്നു.
.. ലദന്നെ, കട്ടി മീശ. കറുത്ത നിറം ഒരു മുപ്പത് പ്ലസ്….
നേരെ നോക്കിയത് കണ്ണുകളിലേക്കാണ്..
കണ്ണുകളിടയുക തന്നെ ചെയ്തു.
പ്രഥമദൃഷ്ട്യാനുരാഗത്തിന് സ്കോപ്പുള്ള അന്തരീക്ഷം. എന്നാലും അപ്പോഴത് ഭാവിച്ചില്ല. ഭവിച്ചതുമില്ല.

പിന്നെയുള്ള ദിവസങ്ങളിലൊക്കെ യാദൃച്ഛികമായി അയാളെ കാണാൻ തുടങ്ങി.
പിന്നെയെപ്പോഴോ, മുന്നൊരുക്കങ്ങളോടെയുള്ള കൂടിക്കാഴ്ചകളിലേക്കതു മാറി.

അയാൾ ഒരു ബൈസ്റ്റാൻഡർ ആയിരുന്നു. കൂടെയുള്ള
രോഗിയുടെ വലതുകൈ മുട്ടൊപ്പം മുറിച്ചുമാറ്റിയിരിക്കയാണ്. മില്ലിൽ കുടുങ്ങിയതാണത്രേ!

ഏഴെട്ടു മാസം പ്രായമുള്ള കുഞ്ഞുമായി രോഗിയുടെ ഭാര്യ കൂടെയുണ്ട്. പ്രണയ വിവാഹമായതിനാൽ വീട്ടുകാർ ഇല്ല. കൂട്ടുകാരാണ് സഹായം.

നമ്മൾ പിന്നെ ആർദ്രഹൃദയയാണല്ലോ.
ഒരു നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ചെയ്തു കൊടുക്കാനാവുന്ന സഹായങ്ങൾ
അവർക്കു വേണ്ടി ചെയ്തു.

അയാളോട് ശരിക്കും ഇഷ്ടം തോന്നിയിരുന്നു.
സുഹൃത്തിനു വേണ്ടി അയാൾ അത്രയ്ക്ക് കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ഒരു കുറവും വരുത്താതെയാണയാൾ അവരെ ശ്രദ്ധിച്ചിരുന്നത്. വലതു കൈ നഷ്ടപ്പെട്ടവൻ അങ്ങനെയൊരു സുഹൃത്തിന്‍റെ സാന്നിദ്ധ്യത്തിൽ കൈയില്ലാത്ത കാര്യം മറക്കുക തന്നെ ചെയ്യും.

ഒരു പാട് സംസാരിക്കുമായിരുന്നു. കുറച്ച് നേരം കൊണ്ട് കുറെ കാര്യങ്ങൾ.
വെളുത്ത കടലാസിൽ പെൻസിൽ കൊണ്ട് ചിത്രങ്ങൾ വരച്ച്… എന്നെ വരച്ച്…

‘എങ്ങുനിന്നെങ്ങുനിന്നീ കവിൾത്തട്ടിലീ
കുങ്കുമത്തിൻ നിറം വാർന്നൂ’
എന്ന് പാടി…

രണ്ടാഴ്ച കഴിഞ്ഞു കാണും.
ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന നേരം കുറച്ചുപേര്‍ എന്നോട് എക്സ്ക്യൂസ് പറഞ്ഞ് സംസാരിക്കാൻ വന്നു.

”പേ വാർഡിലെ ……. എന്ന രോഗി സിസ്റ്ററിന്‍റെ ആരാണ്‌?” അവര്‍ ചോദിച്ചു.

”ബന്ധുവല്ല. അവർക്ക് ബന്ധുക്കള്‍ ആരുമില്ലാത്തതുകൊണ്ട് സഹായിച്ചെന്നേയുള്ളു.” ഞാൻ പറഞ്ഞു.

”അവൻ കണ്ണൂരിൽ കഴിഞ്ഞ മാസം നടന്ന കൊലപാതക ശ്രമത്തീന്നു കഷ്ടിച്ചു രക്ഷപ്പെട്ടവനാണെന്നറിയാമോ? ഇവിടെ നിന്നിറങ്ങിയാൽ അവനെ തീർക്കും..
അത് കൊണ്ട് ഒന്നു ശ്രദ്ധിച്ച് നിന്നോ..

അവർ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടിട്ടുണ്ടാവില്ല.
ആകെ വിയർത്ത് തണുത്തു പോയി..

ഒരിക്കൽക്കൂടി ഞാനയാളെ കണ്ടു. ഫുൾസ്ലീവ്‌സ് ഷർട്ടിന്‍റെ കൈയുയർത്തി അയാൾ കാണിച്ചു….
ഒരു നീണ്ട മുറിപ്പാട്!

അവരൊക്കെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അണികളായിരുന്നു.
മുറിപ്പെടുത്തിയും മുറിവുകളേറ്റുവാങ്ങിയും ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ.

അല്ല… ഒരിക്കലൊരു പ്രശ്നത്തിൽ പെട്ടു പോയതിനാൽ പിന്നീട് ചിലരുടെ നോട്ടപ്പുള്ളികളായവർ. ആത്മരക്ഷയ്ക്കു വേണ്ടി വീണ്ടും വീണ്ടും ആയുധമെടുക്കേണ്ടി വരുന്നവർ.വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി, പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടി മരിക്കാനും കൊല്ലാനും തയ്യാറായവർ!

പക്ഷെ, അയാളോട് ക്ഷമിക്കാൻ അപ്പോൾ എനിക്കാവുമായിരുന്നില്ല. മനസ്സു കൊണ്ടെങ്കിലും ക്ഷമിക്കാതിരിക്കാനും!

ഗുണ്ടകളെയൊക്കെ എന്തിനാ പെണ്ണുങ്ങൾ പ്രേമിക്കുന്നതെന്ന് ആരും സന്ദേഹപ്പെടണ്ട.
ഏതെങ്കിലുമൊരു സമയത്ത് അവരുടെ ആർദ്രതയിൽ നനഞ്ഞു പോയിട്ടുണ്ടാവുമവർ!

അവർ പോയി.

അയാൾ അഡ്രസ്സ് തന്നിരുന്നു. ഇത്തിരിക്കാലമെങ്കിലും ഇഷ്ടപ്പെട്ടിരുന്നവനല്ലേ
ഞാൻ കത്തുകളയച്ചു.
എഴുതാതിരിക്കാനാവുമായിരുന്നില്ല.

ഏറെ നാളുകൾക്ക് ശേഷം ഒരു പാട് കത്തുകൾക്കായി ഒരു മറുപടി വന്നു.

അതൊരു പെൺ കൈപ്പടയായിരുന്നു.

ഇനി ഈ വിലാസത്തിൽ എഴുതേണ്ട. അവൻ ഇല്ല.

ഇല്ല എന്നു വച്ചാൽ എന്താണ്?
ഇല്ല എന്നൊരു വാക്ക് എന്നെ അത്ര മേൽ പിന്നീടൊരിക്കലും വിഹ്വലയാക്കിയിട്ടില്ല! നടുക്കിയിട്ടില്ല.

പക പ്രതികാരമെന്നും പകരംവീട്ടലെന്നും വിപുലീകരിച്ചെഴുതുമ്പോൾ, വെട്ടുകളുടെ പെരുക്കപ്പട്ടികയിലൂടെ ചോര കുതിച്ചൊഴുകുമ്പോൾ……..
അവൻ ഇനിയില്ല എന്നറിഞ്ഞ് എത്രയെത്ര നെഞ്ചുകളുരുകുന്നുണ്ടാവണം.

ഇല്ലാതാവുന്നവൻ, എത്രയെത്ര ഓർമ്മകളാൽ എത്ര പേരോട് ബന്ധിക്കപ്പെട്ടവനായിരിക്കും!

ഇല്ലാതായവരുടെ എത്രയോ ഇരട്ടിയാണ് അംഗഭംഗം സംഭവിച്ചവർ. ജീവൻ തിരിച്ചു കിട്ടിയെന്നത് ദുരന്തമായി അനുഭവിക്കുന്നവർ.

ഓരോ രാഷ്ട്രീയ കൊലപാതകവും ഓർമ്മിപ്പിക്കുന്നത് തിളക്കമുള്ള രണ്ട് കണ്ണുകളെയാണ്.

ഒക്കത്തൊരു കുഞ്ഞുമായി നിന്ന ഒരു നിസ്സഹായ സ്ത്രീരൂപത്തെയാണ്. അനുജത്തിയെപ്പോലെ നോക്കിയ ഒരു ഒറ്റക്കയ്യനെയാണ്.
രക്തസാക്ഷികളുടെയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും ലിസ്റ്റിൽ ഞാനാ പേരുകൾ ഇപ്പോഴും തിരയാറുണ്ട്.

കണ്ടിട്ടേയില്ല, ഇതുവരെ.

ഇല്ല എന്ന വാക്കിന്‍റെ അർത്ഥം അവർ ഇപ്പോൾ ഇല്ല എന്ന് തന്നെയാണോ!

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.