പൂമുഖം EDITORIAL മാതൃഭാഷയിൽത്തന്നെ ജീവിക്കുക എന്നത് മലയാളിയുടെ അവകാശമാണ്

കേരളത്തിന്റെ കോടതിയും ഭരണവും വിദ്യാഭ്യാസവും മലയാളത്തിലാവണം എന്ന ആവശ്യം മുൻനിർത്തി ഒക്ടോബർ 22 മുതൽ 31 വരെ ,കാസർകോടു നിന്ന് തിരുവനന്തപുരം വരെ. ഐക്യമലയാള പ്രസ്ഥാനം സംസ്ഥാന തലത്തിൽ മാതൃഭാഷാഭിമാനജാഥ നടത്തുന്ന പശ്ചാത്തലത്തിൽ മാതൃഭാഷാവകാശത്തെപ്പറ്റി ലേഖിക എഴുതുന്നു.: മാതൃഭാഷയിൽത്തന്നെ ജീവിക്കുക എന്നത് മലയാളിയുടെ അവകാശമാണ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ംഗ്ലീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് ഇംഗ്ലീഷിനോടുള്ള ഇന്ത്യക്കാരുടെ വിധേയത്വമായിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും അതങ്ങനെ അഭംഗുരം നിലനിന്നു. സ്വന്തം ഭാഷയോടുള്ള അവമതിപ്പായും മാതൃഭാഷയിൽ ആശയ വിനിമയം നടത്തുമ്പോഴുള്ള ആത്മവിശ്വാസക്കുറവായും അത് മലയാളിയിൽ സവിശേഷമായി വികസിച്ചു. ഒരുതരം അടിമത്തബോധത്തോളം ആ നില താണു.

എന്തുകൊണ്ടാണ് കേരളത്തിലെ നാട്ടിൻപുറങ്ങളിലെ പോലും കടകളുടെ ബോർഡുകൾ മലയാളത്തിൽ അല്ലാതിരിക്കുന്നത്? അന്യസംസ്ഥാനത്തൊഴിലാളികളെ ഉദ്ദേശിച്ചാണ് എന്നൊന്നും ദയവായി പറഞ്ഞു കളയരുതേ. മലയാളമെന്ന പോലെ ഇംഗ്ലീഷും അവർക്ക് അന്യഭാഷയാണ്. അവർ അവരുടെ മാതൃഭാഷയിലാണ് ആശയ വിനിമയം നടത്തുന്നത്. ഏതാണ്ട് പതിനഞ്ചു കൊല്ലമെങ്കിലും മുമ്പുതന്നെ പെരുമ്പാവൂരിൽ കടയുടെ ബോർഡുകളും ബസ്സിലെ സ്ഥലനാമങ്ങളും ഹിന്ദിയിൽ എഴുതിത്തുടങ്ങിയിരുന്നു.ഇന്നിപ്പോൾ കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്കും ഇതു വ്യാപിച്ചു വരുന്നതായി കാണാം. പക്ഷേ അത്രയെങ്കിലും മലയാളത്തിലെഴുതാൻ മലയാളികൾ തയ്യാറായില്ല. നമ്മുടെ കടകളുടെയും സ്ഥാപന ങ്ങളുടെയും പേരുകൾ മലയാളമാക്കുന്നതിനെപ്പറ്റി എന്നിട്ടും ഒരു ചർച്ച പോലും ഉണ്ടായില്ലെന്നോർക്കണം.
മാവേലി സ്റ്റോറുൾപ്പടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിൽ (റേഷൻ കടയൊഴികെ ) നല്കുന്ന ബില്ലുകൾ ഒന്നു പരിശോധിക്കുക. അരിയും ഉഴുന്നും കടുകും ജീരകവും വാങ്ങാൻ പോയവർക്ക് മാവേലി സ്റ്റോർ നല്കുന്ന ബില്ലിൽ എന്തിനാണവയുടെ പേര് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്? വില്ക്കുന്നവരും വാങ്ങുന്നവരും മലയാളികളാണെന്നിരിക്കെ, സാധാരണക്കാർക്കു വേണ്ടി സർക്കാർ നടത്തുന്ന ഇത്തരം പൊതുവിതരണ കേന്ദ്രങ്ങളിലെ ബില്ലുകൾ ഇംഗ്ലീഷിൽ ആയിരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്? വിനോദ സഞ്ചാരത്തിനെത്തുന്ന ഏതെങ്കിലും വിദേശി മാവേലി സ്റ്റോറിൽ നിന്ന് എന്തെങ്കിലും വാങ്ങിയാലോ എന്നു കരുതീട്ടാണോ? അഹോ കഷ്ടം എന്നേ പറയേണ്ടതുള്ളൂ.
ഒരിക്കൽ ഉണ്ടായ വ്യക്തിപരമായ അനുഭവം കൂടി ഇവിടെ പങ്കുവെക്കാമെന്നു കരുതുന്നു. പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് മലയാള ഐക്യവേദിയുടെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ ധർണ ഇരിക്കുകയായിരുന്നു. ഞങ്ങൾക്കെതിർവശത്ത് ഐഎംഎ യുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ധർണാ സമരവും ഉണ്ടായിരുന്നു. അവരുടെ ഇൻക്രിമെൻറുകൾ വർധിപ്പിക്കണമെന്നതായിരുന്നു ആവശ്യം. അദ്ഭുതത്തോടെ ഞങ്ങൾ കണ്ടു, അവരുടെ പ്ലക്കാർഡുകൾ അത്രയും മലയാളത്തിൽ ആയിരുന്നു !
ഏന്താണ് ഇത്രയേറെ അത്ഭുതപ്പെടാനുണ്ടായതെന്നോ? ഡോക്ടർമാർ രോഗികൾക്കു നല്കുന്ന മരുന്നു ചീട്ടുകൾ ഇംഗ്ലീഷിൽ മാത്രമാണ്. വൈദ്യശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും പരിശോധനാ ഫലങ്ങളും ഇംഗ്ലീഷാണ്. ഏതു നാട്ടിൻ പുറത്തും ഏതു പ്രാഥമികാരോഗ്യകേന്ദ്രത്തിലും അതങ്ങനെയാണ്.അതായത് കേരളത്തിലെ ഡോക്ടർമാർ തൊഴിലെടുക്കുന്നത് ഇംഗ്ലീഷിലാണ്.അതുകൊണ്ടാണ് രോഗികൾ അവരെ ഭയന്നു നിശബ്ദരാവുന്നത്. ഡോക്ടർക്കും രോഗിക്കുമിടയിൽ സംഭവിക്കേണ്ട വൈകാരികമായ ഇഴയടുപ്പം വളരെ അപൂർവമായി മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. അതിന് ഒരു പ്രധാന കാരണം അവർക്കിടയിലെ ഈ ഭാഷാ പ്രശ്നമാണ്. അവിടെ കൃത്യമായ ആശയ വിനിമയം പലപ്പോഴും തടസ്സപ്പെട്ടു.” പള്ളേൽ ഒരു ബെരുത്ത്” എന്ന് ഡോക്ടറെ സമീപിക്കുന്ന രോഗി അയാൾക്കു നല്കപ്പെടുന്ന മരുന്നു ചീട്ടിലെയും പരിശോധനാ നിർദേശങ്ങളുടെയും ഇംഗ്ലീഷിനു മുമ്പിൽ അന്തം വിട്ടു പോകുന്നു. അതൊന്നു നോക്കാൻ പോലും ധൈര്യപ്പെടാതെ അടുത്ത കഴുത്തറുപ്പൻ കച്ചവടക്കാർക്കു (അവർ മരുന്നു കടയിൽ ഇയാളെ കാത്തിരിക്കുന്നുണ്ട് ) കൈമാറുകയേ നിവൃത്തിയുള്ളൂ. ആ മരുന്നു പൊതിക്കു മുകളിൽ മരുന്നുകടക്കാരൻ അതെത്ര നേരം കഴിക്കണം എന്നും എപ്പോൾ എന്നും മലയാളത്തിൽത്തന്നെ എഴുതും. അതു മാത്രമാണ് രോഗിക്ക് തന്‍റെ രോഗം, ചികിത്സ എന്നിവയെപ്പറ്റി മനസ്സിലാവുന്ന ഒരേയൊരു സന്ദർഭം! എന്തു കൊണ്ടിതു സംഭവിക്കുന്നു എന്നതിനേക്കാൾ മുമ്പ് ഉയർത്തപ്പെടേണ്ടത് എന്തിനിത് സംഭവിക്കണം എന്നതാണ്
14333009_716043508549840_5988301543902333060_n

ജീവൻമശായിമാർ ഉണ്ടാവണം എന്നൊന്നുമല്ല പറയുന്നത്. മലയാളത്തിൽ സമരം ചെയ്യാനറിയുമെങ്കിൽ  മലയാളത്തിൽ തൊഴിലെടുക്കാനും ഡോക്ടർമാർ തയ്യാറാവണം എന്നേ ഉള്ളൂ. അത് അവരുടെ അന്തസ് കറക്കുകയില്ല കൂട്ടുകയേ ഉള്ളൂ. മാത്രമല്ല പരസ്പര ആശയ വിനിമയം നടക്കുമ്പോൾ രോഗികൾ വൈകാരികമായി സുരക്ഷിതരാവും. അതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ആത്മവിശ്വാസമാണ് ആരോഗ്യത്തിലേക്കുള്ള പല വഴികളിൽ ഒന്ന്. അതെ ഡോക്ടർക്കു മാത്രമല്ല രോഗിക്കും പ്രധാനമാണ് ആത്മവിശ്വാസം. തന്നെ ചികിത്സിക്കുന്ന ഡോക്ടർ തന്‍റെ നാട്ടുകാരനാണെന്നും അയാൾക്ക് തന്‍റെ ഭാഷ മനസിലാകുമെന്നും രോഗിക്കു തോന്നണം. അപ്പോൾ അയാൾക്ക് തന്‍റെ രോഗത്തെപ്പറ്റി കുറേക്കൂടി കാര്യങ്ങൾ ഡോക്ടറോടു പറയാൻ പറ്റും. രോഗനിർണയം, ചികിത്സാ നിർദേശം എന്നിവയിൽ ഇതു ഗുണപരമായ മാറ്റങ്ങൾ വരുത്തും. ശരിയായ ചികിത്സയും നല്ല ചികിത്സകരും ഉണ്ടാകണമെങ്കിൽ മാതൃഭാഷ പ്രവർത്തനനിരതമാകണം. രോഗിയിൽ മാത്രമല്ല ഡോക്ടറിലും അദ്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ ഇതു കൊണ്ടു കഴിയും. നിർഭാഗ്യവശാൽ ആരോഗ്യ സംവിധാനങ്ങളെപ്പറ്റി ഊറ്റം കൊള്ളുന്ന കേരളം ഇപ്പോഴും ഈ ഭാഗ്യ പദവി കൈവരിച്ചിട്ടില്ല. അതിനു കാരണം  ഇവിടെയുള്ള ഡോക്ടർമാർ അവരുടെ തൊഴിലിൽ ഇംഗ്ലീഷിനോടുള്ള അകാരണമായ അടിമത്തം പിന്തുടരുന്നതുകൊണ്ടാണ്. പരസ്പരം സംസാരിക്കുന്നത് മലയാളത്തിലാണല്ലോ എന്നത് ഒരു മുടന്തൻ ന്യായം മാത്രമാണ്. ചരിത്രവും പാരമ്പര്യവും കണ്ടെടുക്കപ്പെടുന്നത് രേഖപ്പെട്ടതോ ബാക്കിയായതോ ആയ അടയാളങ്ങളിൽ നിന്നാണ്. അവയെക്കൂടി അഭിസംബോധന ചെയ്യാതെ നമുക്കു സംസ്കാരത്തിലേക്കു വികസിക്കാൻ കഴിയുകയില്ല തന്നെ.
മാതൃഭാഷയിൽ ഒരു ജനത അധമ ബോധമുള്ളവരും ആത്മവിശ്വാസം കുറഞ്ഞവരു മായിത്തീരുന്നുണ്ടെങ്കിൽ ആ സമൂഹം അടിസ്ഥാനപരമായി സ്വാതന്ത്ര്യബോധമുള്ളവരല്ല എന്നു മാത്രമാണർഥം. ഐക്യമലയാള പ്രസ്ഥാനം 2016 ഒക്ടോബർ 22-31 നടത്തുന്ന മാതൃഭാഷാവകാശ ജാഥയുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ലഘുലേഖയിൽ കാണുന്ന പരാമർശം പ്രസക്തമാകുന്നത് ഇത്തരം പശ്ചാത്തലങ്ങളിലാണ്. ” ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വിവരം ഇനിയും അറിയാത്ത ഒരു സ്ഥാപനം കേരളത്തിലുണ്ട്. അത് ബഹുമാനപ്പെട്ട കേരള പബ്ലിക് സർവിസ് കമ്മിഷനാണ്. ” ( പുറം 14) . എന്തുകൊണ്ട് കേരളാ പബ്ലിക് സർവിസ് കമ്മിഷനെ ബ്രിട്ടീഷ് പി എസ് സി എന്നു വിശഷിപ്പിക്കേണ്ടി വരുന്നു? ഐ എ എസ്, ഐ പി എസ്  ഉൾപ്പടെയുള്ള യുപിഎസ് സി പരീക്ഷകൾ മലയാളത്തിൽ എഴുതാനും ഇന്‍റർവ്യുവിൽ ഹാജരാകാനും സാധ്യമാണെന്നിരിക്കെ കെ പി എസ് സി നടത്തുന്ന പല പരീക്ഷകളും ഇംഗ്ലീഷ് മാധ്യമത്തിലാണ്! ഐ എ എസുകാരനാവാൻ മലയാളത്തിൽ പരീക്ഷയെഴുതിയാൽ മതി ,പക്ഷേ കേരളാ സെക്രട്ടറിയേറ്റിൽ ഗുമസ്തനോ പ്യൂണോ ആകണമെങ്കിൽ ഇംഗ്ലീഷിൽ പരീക്ഷയെഴുതി ജയിക്കണം. തീർന്നില്ല കേരളത്തിലെ യൂനിവേഴ്സിറ്റികളിലെ ജീവനക്കാർ പരീക്ഷയെഴുതി ജയിക്കേണ്ടത് ഇംഗ്ലീഷിലാണ്. തൊഴിൽ പരീക്ഷകൾ മാതൃഭാഷയിൽ എഴുതുകയെന്നത് ഒരു സ്വതന്ത്ര ജനതയുടെ അവകാശമാണെന്നംഗീകരിക്കാൻ ഇനിയും തയ്യാറാവാത്ത ഒരു വിചിത്രസ്ഥാപനമാണ് ഇന്നും കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ.

മറ്റൊരു സാംസ്കാരിക അനുഭവം കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ തവണത്തെ കേരളാ ചലച്ചിത്രോത്സവവുമായി (ഐഎഫ്എഫ്കെ) ബന്ധപ്പെട്ട ഒരു മീറ്റിങ്ങിൽ ഞാൻ ഒരു നിർദേശം വെച്ചു. ലോക സിനിമകൾക്ക് മലയാളത്തിൽക്കൂടി സബ്ടൈറ്റിലുണ്ടാകണമെന്നായിരുന്നു അത്. ഉടനെ വന്നു തടസ്സവാദങ്ങൾ– സിനിമയുടേത് അന്തർദേശീയ ഭാഷയാണ്, ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്ന അന്യദേശക്കാർക്കും അന്യസംസ്ഥാനക്കാർക്കും മലയാളം മനസിലാവുകയില്ലല്ലോ…… എന്നു തുടങ്ങിയവ. യോഗം കഴിഞ്ഞ ശേഷം ഞാൻ അതിന്‍റെ അധ്യക്ഷനെ സമീപിച്ചു. ഷാജി എൻ കരുൺ. അദ്ദേഹത്തിന്‍റെ മലയാള സിനിമകൾ വിദേശ രാഷ്ട്രങ്ങളിൽ പ്രദർശിപ്പിക്കുന്നത് എങ്ങനെയാണ് എന്നന്വേഷിച്ചു. അതതു ഭാഷകളിലെ സബ്ടൈറ്റിലുകളോടെ എന്നദ്ദേഹം പറഞ്ഞു. പിന്നെന്തു കൊണ്ട് ഇവിടെ പറ്റില്ല എന്ന് സ്വാഭാവികമായും എനിക്കു സംശയം തോന്നി. അവർക്ക് മാസങ്ങൾക്കു മുമ്പേ സിനിമകൾ അയച്ചുകൊടുക്കേണ്ടതുണ്ട് എന്നാണ് എനിക്കു കിട്ടിയ മറുപടി. മലയാളി സമൂഹം മലയാളത്തിൽ സിനിമ കാണാൻ പോലും തയ്യാറായിട്ടില്ല എന്നല്ലാതെ മറ്റെന്താണ് ഇതിൽ നിന്നു മനസ്സിലാക്കേണ്ടി വരുന്നത്. കേരളത്തിൽത്തന്നെ ചുരുക്കം ചില പ്രാദേശിക ഫിലിം സൊസൈറ്റികൾ മലയാളം സബ്ടൈറ്റിൽ വിജയകരമായി നിർവഹിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ, പയ്യന്നൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ കെ എച്ച് ഹുസൈൻ, പി പ്രേമചന്ദ്രൻ, ടി കെ ഉമ്മർ, ഫസൽ റഹ്മാൻ എന്നിവരാണ് അതിനു ശ്രമിച്ചവരിൽ പ്രധാനികൾ . ഇന്‍റർനെറ്റ് കൂട്ടായ്മയായ എം സോൺ മലയാളം സബ്ടൈറ്റിലിങ്ങിൽ വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. അതായത്  ഇത്തരം മുടന്തൻ ന്യായങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് ഒരു തരം അധികാര വിധേയത്വം അല്ലെങ്കിൽ ഭാഷാപരമായ അധമ ബോധം കൊണ്ടു തന്നെ അല്ലേ? ചെറിയ കൂട്ടായ്മകൾക്കു സാധിക്കുന്നു, പക്ഷേ ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര കോർപ്പറേഷനും ഇക്കാര്യത്തിൽ നിസ്സഹകരിക്കുന്നു. സാധ്യമാണെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരവസ്ഥയോട് അതിനു ബാധ്യതപ്പെട്ട ഔദ്യോഗിക സംവിധാനങ്ങൾ മുഴുവൻ മുഖം തിരിക്കുന്നതെന്തുകൊണ്ട് എന്നാലോചിക്കേണ്ടിയിരിക്കുന്നു. തയ്യാറില്ലാത്തതു കൊണ്ടു മാത്രമാണ് അസാധ്യ മായിരിക്കുന്നത് എന്ന് ഇക്കാര്യവും തിരിച്ചറിയാൻ മലയാളികൾ നിർഭാഗ്യകരമായി വിധിക്കപ്പെട്ടിരിക്കുന്നു.
തിരിച്ചറിയേണ്ടി വരുന്ന ദുരന്തം മറ്റൊന്നുമല്ല. ആഗസ്റ്റ് 15ന് സ്വാതന്ത്യദിനം ആഘോഷിക്കുമ്പോഴും ദേശീയഗാനം കേൾക്കുമ്പോൾ ബഹുമാനത്തോടെ എഴുന്നേറ്റു നില്ക്കുമ്പോഴും നമ്മുടേത് ഒരടിമ മനസാണ്. നമ്മുടെ മനസിനെയും ബോധത്തെയും ഇപ്പോഴും ഭരിക്കുന്നത് ബ്രിട്ടീഷുകാർ ആണ്. അത്തരമൊരു അധമ ബോധത്തെ മറികടക്കാൻ ഇംഗ്ലീഷ് പ്രയോഗങ്ങളിലൂടെ വെമ്പുകയാണു നമ്മൾ. ബ്രിട്ടീഷു രാജാവിന്‍റെ അനുസരണയുള്ള പൗരത്വ പദവിയിൽ അഭിരമിക്കുന്ന മാനസിക പ്രജകളായി മലയാളികൾ തുടരുന്നത് എത്രമാത്രം അഭികാമ്യമാണ് ?
ഒരു പക്ഷേ  ഈ സംശയത്തെ മറികടക്കാനുള്ള ഔദ്യോഗികശ്രമങ്ങളായിരുന്നു കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം വളരെ വൈകിയുണ്ടായ  ഒന്നാം ഭാഷാ ഉത്തരവും സമഗ്ര ഭാഷാ നിയമവും. പക്ഷേ അവ നടപ്പിൽ വരുത്താൻ പോലും ജനകീയ സമരങ്ങൾ നടത്തേണ്ടി വരുന്ന സാംസ്കാരിക രാഷ്ട്രീയ അവസ്ഥകളാണ് കേരളത്തെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നത്.
കേരളത്തിലെ ആദിവാസി ഗോത്രഭാഷകൾക്കും ഭാഷാന്യൂനപക്ഷങ്ങൾക്കും മേൽ നടത്തുന്ന കടന്നുകയറ്റമായി മലയാളിയുടെ മലയാള അവകാശത്തെ വ്യാഖ്യാനിക്കുന്നവർക്ക് കൃത്യമായ വിരുദ്ധ അജണ്ട ഉണ്ട്. ഒരു ഭാഷയുടെയും വീണ്ടെടുപ്പ് മറ്റൊരു ഭാഷക്കു മേൽ നടത്തുന്ന കടന്നുകയറ്റമല്ല. കേരളത്തിലെ ആദിവാസികൾക്ക് അവരുടെ വ്യത്യസ്ത ഗോത്രഭാഷകളിൽ സുരക്ഷിതരായി ജീവിക്കാൻ സാധിക്കുന്ന വിധത്തിൽത്തന്നെ യായിരിക്കണം കേരളത്തിന്‍റെ മാതൃഭാഷാ പ്രശ്നങ്ങൾ ഉയർത്തപ്പെടേണ്ടതും പരിഹരിക്ക പ്പെടേണ്ടതും എന്നു തന്നെയാണ് എന്‍റെ അഭിപ്രായം. അതോടൊപ്പം നമ്മുടെ അതിർത്തി പ്രദേശങ്ങളിലെ ഭാഷാ ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതൊന്നും പറയുന്നത്ര എളുപ്പമല്ല എന്ന് എല്ലാ ഭാഷാ പ്രവർത്തകർക്കും ഭാഷാവാദി കൾക്കും അറിയാം. പക്ഷേ  അവയൊന്നും തന്നെ കേരളത്തിന്‍റെ മാതൃഭാഷാവകാശത്തിന് നേരെ ഉന്നയിക്കപ്പെടേണ്ടുന്ന തടസ്സവാദങ്ങൾ അല്ല . കേരളത്തിൽ മലയാളം ആദിവാസി ഗോത്രഭാഷകൾക്കോ ഭാഷാ ന്യൂനപക്ഷങ്ങൾക്കോ വെല്ലുവിളിയല്ല. അങ്ങനെ ആകേണ്ടതുമില്ല, ആകാനും പാടില്ല. ഒരു പ്രദേശത്തെ ഭാഷാവൈവിധ്യങ്ങളിൽ ആ പ്രദേശത്തുള്ള വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്ന സാഹചര്യം ഒരുക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാർ കാണിക്കേണ്ടത്. ജീവിക്കുകയെന്നാൽ വിദ്യാഭ്യാസത്തിനും തൊഴിലിനും കച്ചവടത്തിനുമുള്ള എല്ലാ അവകാശവുമുൾപ്പടെ ജീവിക്കുക എന്നു തന്നെയാണർഥം.
അപ്പോൾ വ്യത്യസ്തതകൾക്കു ശ്വസിക്കാൻ സാധിക്കുന്നു. കാറ്റും വെള്ളവും മണ്ണും ശുദ്ധീകരിക്കാൻ ഈ വ്യത്യസ്തതകളെ വീണ്ടെടുക്കുകയും നില നിർത്തുകയും ചെയ്യുക മാത്രമേ വഴിയുള്ളൂ. ജനതയോടു പ്രതിബദ്ധതയുള്ള ഭരണാധികാരികൾ അതിനുള്ള ഇച്ഛാശക്തിയാണ് തെളിയിക്കേണ്ടത്. മലയാളം കേരളത്തിന്‍റെ മാതൃഭാഷയാകേണ്ടതും കേരളത്തെ വികസിപ്പിക്കുകയും ജനാധിപത്യപരമാക്കുകയും സർവോപരി സ്വതന്ത്ര മാക്കുകയും ചെയ്യേണ്ടതും അങ്ങനെ കൂടിയാണ്.

Comments
Print Friendly, PDF & Email

എഴുത്തുകാരി. സ്ത്രീപക്ഷചിന്തക, ആക്റ്റിവിസ്റ്റ്. സ്ത്രീപീഡനകേസുകളുമായി ബന്ധപ്പെട്ട സമരങ്ങളിൽ മുൻ നിരപ്പോരാളിയാണ്. അങ്ങാടിപ്പുറം സ്വദേശി. പട്ടാമ്പി കോളേജിൽ അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ യു. ജി. സി. എമിററ്റസ് പ്രൊഫസ്സർ ആയി കോളേജിൽ തന്നെ സേവനം തുടരുന്നു

You may also like