പൂമുഖം BOOK REVIEW പ്രകാശം പരത്തുന്ന പുസ്തകം

കെ എസ് രാധാകൃഷ്ണന്‍റെ പ്രകാശം പരത്തുന്ന പുസ്തകത്തെ കുറിച്ച് പി എൽ ലതിക എഴുതുന്നു. : പ്രകാശം പരത്തുന്ന പുസ്തകം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
്രന്ഥകാരൻ സമകാലീന രാഷ്ട്രീയത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്രീകൃതമായി സ്വന്തമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുകയാണ് ഈ രചനയിൽ. ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ് രചനാരീതി. പല സമയത്തുള്ള മുഖ പുസ്തക ചർച്ചകളെ ആധാരമാക്കിയിരിക്കുന്നത് കൊണ്ട് നിയതമായ ക്രമപ്പെടുത്തൽ നടന്നിട്ടില്ല. ഈ വീക്ഷണങ്ങൾ വായിക്കപ്പെടേണ്ടതാണെന്നു തോന്നിയത് കൊണ്ടാണ് പ്രസക്ത ഭാഗങ്ങൾ ചുരുക്കെഴുത്ത് നടത്തിയത്. ഇത് വിമർശനമല്ല .കാരണം,സാമൂഹ്യവും രാഷ്ട്രീയവും ആയ ചില നിലപാടുകൾ ഉണ്ടെന്നതൊഴിച്ച് , അതിനു വേണ്ട രാഷ്ട്രീയ വിജ്ഞാനം എനിക്കില്ല .പലയിടത്തും എഴുത്തുകാരന്‍റെ വാക്കുകളും പ്രസ്താവനകളും കടമെടുക്കുകയാണ് ഞാൻ ചെയ്തത് . കഴിയുന്നത്ര നീതിയുക്തമായ ഒരു വ്യവസ്ഥിതിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് മനുഷ്യ സമൂഹം. നിരന്തരമായി ഏർപ്പെട്ടിരിക്കുന്നത് പ്രകൃതി അതിന്‍റെ ശക്തിദൌർബല്യവിന്യാസങ്ങളിൽ തുലനം ഒരു നിബന്ധനയായി അനുവർത്തിച്ചില്ല എന്നതിന്‍റെ സാക്ഷ്യമാണ് വേട്ടക്കാരും ഇരകളുമായി ജീവിക്കുന്ന ജന്തു ലോകം. എന്നാൽ മസ്തിഷ്ക വികാസം സംഭവിച്ച മനുഷ്യൻ ഒരു സമത്വവ്യവസ്ഥിതിയുടെ സാധ്യതയേയും ന്യായയുക്തികളേയും കുറിച്ച് ഭാവന ചെയ്തു . രാഷ്ട്രത്തിനു വേണ്ടി പൌരൻ തന്‍റെ അധ്വാനം നൽകുകയും രാഷ്ട്രം അവന്‍റെ ജീവിതാവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന അവസ്ഥയെയാണ് ആധുനിക മാതൃകാ വ്യവസ്ഥയായി ഗ്രന്ഥം വിഭാവന ചെയ്യുന്നത്. ഒരു മാർക്സിയൻ പ്ലാറ്റഫോമിൽ നിന്നുകൊണ്ടാണ് അദ്ദേഹം അതിലേക്കുള്ള റൂട്ട് മാപ് വരക്കുന്നത്. മാർക്സിയൻ ചിന്തകൾ ഭൌതികവാദപരം മാത്രമാവുകയും ഭൌതികാതീത ചിന്തകൾ തീർത്തും നിരാകരിക്കുകയും ചെയ്യുന്നു. ഫോയർബാക്കിന്‍റെ കേവലത്വത്തെ ഉപേക്ഷിച്ചു ഭൗതികതയിൽ ഹെഗേലിന്‍റെ ചലനാത്മകത അംഗീകരിച്ച മാർക്സ് മനുഷ്യന്‍റെ സാമൂഹ്യ വളർച്ച സാമ്പത്തിക ബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയിരിക്കുന്നു എന്നു പരിമിതപ്പെടുത്തി. മനുഷ്യന് സ്വാഭാവിക ആഭിമുഖ്യം ഉള്ള അതിഭൗതിക ചിന്തകളെ കാണാൻ വിസമ്മതിച്ചു എന്നാണു ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നത് .. സ്റ്റേറ്റിനെ മാർക്സ് നിരാകരിച്ചിരുന്നില്ല എന്നും 19 ആം നൂറ്റാണ്ടിലെ ക്രൂരമായ സ്റ്റേറ്റിന്‍റെ വാഴ്ചയാണ് അതിനെ ഇല്ലായ്മ ചെയ്യുന്ന ഒരു അവസ്ഥയെ നിരൂപിക്കാൻ മാർക്സിനെ പ്രേരിപ്പിച്ചത് എന്നുമാണ് നിഗമനം. സ്റ്റേറ്റിന്‍റെ ക്യാപിറ്റൽ ചെലവുകൾ ഒഴിവാക്കി, അതിന്‍റെ ക്രയ വിക്രയങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഒരു സിവിൽ സമൂഹം മാനേജ് ചെയ്യുന്ന അവസ്ഥയായിരുന്നു ആ മാർക്സിയൻ സ്വപ്നം. അവിടെയും വർഗ്ഗാധിപത്യം എന്ന ഒരു ആധിപത്യ കേന്ദ്രം അദ്ദേഹം കൽപ്പിക്കുക തന്നെ ചെയ്തു. തുടർന്നു ലെനിനിസ്റ്റുകൾ heirarchial absolute സ്റ്റേറ്റുകൾ ലോകത്തു സ്ഥാപിച്ചു. സ്റ്റേറ്റ് ക്യാപിറ്റലിസം നടപ്പിലായ ലെനിനിസ്റ്റ് രാഷ്ട്രങ്ങളിൽ പെറ്റി ബൂർഷ്വകൾ അധികാരം കൈയാളി. ഒരു പാർട്ടി സെക്രട്ടറിയെ ഭരണ കർത്താവ് ആക്കുന്ന കീഴ്വഴക്കം മാർക്സിസത്തിന്‍റെ ലേബലിൽ നടപ്പിലാക്കിയത് ലെനിനിസത്തിന്‍റെ ചരിത്രപരമായ തെറ്റാണ് ..

സോഷ്യലിസവും മുതലാളിത്തത്തിന്‍റെ ഒരു extension ആണ്. മിച്ച മൂല്യത്തെ അതും ആശ്രയിക്കുന്നു. പക്ഷെ ഉടമസ്ഥത തൊഴിലാളികൾക്കായതു കൊണ്ടു ഒരു സമത്വാധിഷ്ഠിതമായ വിതരണത്തിൽ അതു നിബന്ധിക്കുന്നു. പക്ഷെ അതു സാധ്യമാക്കുന്നതിനു ഒരു ധർമ്മ വ്യവസ്ഥ നിലവിലുണ്ടാവണമെന്നു മാർക്സിലെ ശുദ്ധ ഭൗതികവാദി സ്വാഭാവികമായും കണ്ടെത്തിയില്ല. അവിടെയാണ് ഗ്രന്ധകാരൻ വ്യതിചലിക്കുന്നത്. അദ്ദേഹം സന്തുലിതമായ വിതരണ വ്യവസ്ഥയ്ക്ക് ഉപാധിയായി അപരിമിതമായ ഒരു ധർമ്മവ്യവസ്ഥ വിളക്കി ചേർത്തു സ്വാഭാവിക വൈരുധ്യ വാദം എന്ന ആശയത്തിൽ എത്തിച്ചേരുന്നു. അനുസ്യുതമായ വികാസത്തിന് ഈ ആശയം ഇടം നൽകുന്നു. അതു സാധ്യമായ വിധത്തിൽ ഇതു തുറന്നിരിക്കുന്നു എന്നും പറയാം . മുതലാളിത്തം, മാർക്സ് കണക്കു കൂട്ടിയതു പോലെ പരിണമിക്കുകയല്ല സ്വന്തം പ്രതിസന്ധികൾ പരിഹരിക്കാനാവാതെ മുങ്ങുകയാണ്. അപ്പോൾ സോഷ്യലിസം ആഗതമാവുകയില്ല, മുതലാളിത്തം നേർ രേഖയിൽ ചരിക്കുമെന്നും വികസിക്കുമെന്നും അതിലൂടെ തൊഴിലാളികൾ പെരുകുമെന്നും ഉത്പാദന ശക്തികളും ഉൽപാദന ബന്ധവും വിളക്കി ചേർക്കാനാവാത്ത വിധം ഭരണകൂടം തകരുകയും ഭരണ കൂടം ഇല്ലാത്ത ശാസ്ത്രീയസോഷ്യലിസം ഉണ്ടാവുകയും ചെയ്യുമെന്നും മാർക്സ് കണക്കു കൂട്ടി. എന്നാൽ മുതലാളിത്തം സാമ്രാജ്യത്വമായി വളർന്നു അത്തരം പോരായ്മകൾ ഭൗതികമായി മറികടന്നു. വികസിത മുതലാളിത്തം തൊഴിലാളി വർഗ്ഗത്തെ തന്നെ അവരുടെ മുഖച്ഛായയിൽ വികസിപ്പിച്ചെടുത്തു. അവകാശങ്ങൾ മാത്രം ഉന്നയിച്ചും തൊഴിൽ മൂല്യത്തെ നിരാകരിച്ചും പരിണമിച്ചപ്പോൾ തൊഴിലാളി വർഗം തന്നെ ചരിത്രപരമായി തകർന്നു. വിപ്ലവം സാമൂഹ്യ രൂപീകരണങ്ങളുടെ അനുസ്യുത പ്രക്രിയയിൽ ഉണ്ടാകുന്ന ഗുണാത്മക അവസ്ഥയാണ്. ഇന്ത്യയിലാകട്ടെ, വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയത്തെ വെള്ളം കയറാത്ത അറകളിൽ തളച്ചിടുകയും ഏതെങ്കിലും നിശ്ചിത മാർഗമാണ് അതിന്‍റെ ശരി എന്നു വാശി പുലർത്തുകയും ചെയ്തത് കൊണ്ട് പ്രസ്ഥാനം മതാത്മകമായി തീർന്നു . ബൂർഷ്വാസി എന്ന വർഗ്ഗം ആണ് ജനാധിപത്യാവസ്ഥ മനുഷ്യ സമൂഹത്തിനു നൽകിയത്. ബ്യുറോക്രസിയെ ഒഴിവാക്കി സോഷ്യലിസ്റ്റ് ജനാധിപത്യം ഉരുത്തിരിഞ്ഞിരുന്നു എങ്കിൽ അത് സവിശേഷമായ ആന്തരിക ഗുണം കൊണ്ടു തന്നെ നിലനിൽക്കുമായിരുന്നു. അതുണ്ടായില്ല പാർട്ടി എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെ പൂർണ ബ്യുറോക്രസി ആണ് ഇന്ന് രാജ്യത്തു കമ്മ്യുണിസം എന്ന പേരിൽ നിലനിൽക്കുന്നത്. മുതലാളിത്ത സാമൂഹ്യ രൂപീകരണത്തിലൂടെയാണ് പ്രജകൾ ജനം എന്ന സംവർഗ്ഗത്തിലേക്ക് ഉയർന്നത്. അതിനു മുൻപ് മനുഷ്യൻ പ്രജയോ അടിമയോ ആയിരുന്നു. മനുഷ്യന്‍റെ വ്യക്തി സത്തയെ നിഷേധിക്കുന്ന വ്യവസ്ഥിതിയെ അവൻ വെച്ചു പൊറുപ്പിക്കുകയില്ല അതു പരിഗണിച്ചില്ല എന്നതാണ് ലെനിനിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിലേക്കു വഴിവെച്ചത്. റൂസ്സോയുടെ സോഷ്യൽ കോൺട്രാക്റ്റ് രാഷ്ട്രീയാധികാരത്തിൽ മനുഷ്യ വ്യക്തിക്കുള്ള പങ്ക് ലോകത്തിനു കാണിച്ചു കൊടുത്തു . ആധുനിക ജനാധിപത്യ
വ്യവസ്ഥയാണ് ജനങ്ങൾക്ക് നൽകേണ്ടത്. അധികാരം ജനങ്ങളിൽ ആയിരിക്കണം. ജനാധിപത്യത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ആധുനിക കാല ഘട്ടത്തിൽ വ്യക്തിയുടെ പൗരാവകാശത്തിന്‍റെ കാഴ്ചപ്പാടുകളാണ് എക്കാലത്തെയും കേന്ദ്ര പ്രശ്നം. ഇതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് മനുഷ്യന്‍റെ ചിന്താപരമായ വർഗ്ഗ സമരം ഉണ്ടാകുന്നത്. അതിനോട് ചേർന്ന് പിടിച്ചു വർഗസമരങ്ങളും ഉണ്ടാകുന്നു . “Mind is the product of continuous production and reproduction of man’s social life “-മാർക്സ്. അതായത്. മനുഷ്യനാണ് അവന്‍റെ മനസ്സിനിണങ്ങിയ സമൂഹത്തെ സൃഷ്ടിക്കുന്നത് സോഷ്യലിസത്തിനോടും മാർക്സിസത്തിനോടും അല്ല, അകലുന്നവർക്കും വിയോജിക്കുന്നവർക്കും നിർമ്മമത .പാർട്ടിക്കാരനിൽ അധികാരം ചെന്നു ചേരുന്നതിനോടാണ് . മനുഷ്യൻ, മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി ജനിതകപരമായി ആത്മബോധത്താൽ പ്രവർത്തിക്കുന്നവനാണെന്ന് മാര്‍ക്സ് നിരീക്ഷിച്ചിട്ടുണ്ട് എന്നാണു ഗ്രന്ഥകാരന്‍റെ കണ്ടെത്തൽ, empiricism ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകളുടെ കേവല വാദത്തിൽ നിന്നും വ്യത്യസ്തമാണ് മുതലാളിത്തം അനുവദിക്കുന്ന പരിമിത ജനാധിപത്യം പോലും ലെനിനിസ്റ്റ് ഘടനയിൽ അനുവദിക്കപ്പെടാതായി. ഒരു സമീപകാല ഉദാഹരണമെന്ന നിലക്ക്, ടി പി വധത്തിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്കു സംശയിക്കുവാനുള്ള അവകാശത്തെ പ്പോലും പാർട്ടി നിഷേധിക്കുന്നതിനെയാണ് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത് . ക്യാപിറ്റലിസത്തിന്‍റെ നല്ല വശങ്ങൾ തിരിച്ചു പിടിച്ചു കൂടുതൽ ക്ഷേമകരമായ സംവിധാനം ഉണ്ടാക്കുക. മാർക്സ് നമുക്ക് മുൻപിൽ വെച്ചത് authoritarian സോഷ്യലിസം ആണ് ,libertarian സോഷ്യലിസം ആണ് നടപ്പിലാവേണ്ടത് .എന്ന് ഭേദഗതിയാണ് നിർദേശിക്കുന്നത് . കൂലി കൂടുതൽ / ലാഭം മാത്രം ലക്ഷ്യമാക്കുന്നവരായി തൊഴിലാളികൾ. അങ്ങനെയുള്ളവരുടെ വർഗ്ഗത്തെ ഇല്ലായ്മ ചെയ്യാനാണ് മാർക്സ് ഉദ്ദേശിച്ചത്. എന്നാൽ കേവല തൊഴിലാളികളുടെ ഭരണ കൂടം ഉണ്ടാക്കൽ ആണ് അതെന്നു ലെനിൻ തെറ്റായ കാഴ്ചപ്പാട് പുലർത്തി . ഇതാണ് മാർക്സിസത്തിനു പറ്റിയ ആദ്യത്തെ തിരിച്ചടി . ജനിതകമായ ആത്മബോധത്താൽ ഉയർന്ന വിശകലനവും ധർമ്മ വ്യവസ്ഥയും മനുഷ്യന് സാധ്യമാണ് എന്നത് മാർക്സിസത്തിന്‍റെ കാഴ്ചപ്പാടായി ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. empiricism ഇതു കാണാൻ വിസമ്മതിക്കുന്നു . ഒരു പുരോഗമന സംഘടനക്ക് നേതാക്കൾ അനിവാര്യമല്ല. മനുഷ്യ ലക്ഷ്യം സ്വാതന്ത്ര്യമാണ്. അതിന്‍റെ വഴി ജനാധിപത്യവും. അവ രണ്ടും പരസ്പരം വർജ്ജിക്കുന്നില്ല ഐക്യത്തിൽ വർത്തിക്കുകയും ചെയ്യുന്നു .

ക്യാപിറ്റലിസം, സോഷ്യലിസം കമ്മ്യൂണിസം എന്നതൊക്കെ മനുഷ്യ ചരിത്രത്തിലെ സാമൂഹ്യ രൂപീകരണത്തിന്‍റെ പേരുകൾ മാത്രമാണ്. അവയിലെ ജനാധിപത്യത്തിന്‍റെ തോതാണ് പരിഗണിക്കേണ്ടത് പൗരനെ നിഷേധിക്കുന്ന ഭരണ കൂടങ്ങളെല്ലാം ഫാസിസിസ്റ്റ് ആണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ അങ്ങനെയായിരുന്നു മത ഭരണകൂടങ്ങളും അങ്ങനെ തന്നെ. എവിടെ ജനമായി ജനതയെ കാണാതിരിക്കുവോ അതാണ് ഫാസിസം. ഇന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അന്തരീക്ഷത്തിൽ ഭരണകൂടത്തിന്‍റെ മേൽക്കൈയും അതിന്‍റെ മഹത്വവും എടുത്ത് പറയുന്ന നേതാവിനോടുള്ള ചോദ്യമില്ലാത്ത അനുസരണയാണ് പാർട്ടി ആഗ്രഹിക്കുന്നത് . മുതലാളിത്തത്തിന്‍റെ അവരോഹണ കാലത്തു പോസ്റ്റ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി ആയ സോഷ്യലിസവും പരുങ്ങലിൽ ആണ് .ഇനിയുള്ളത് ആധുനികമായ ഒരു ജനാധിപത്യ മാതൃകയാണ്. സാർവ്വ ലൗകിക വോട്ടവകാശവും പ്രത്യക്ഷ ജനാധിപത്യരീതിയുമാണ് ആധുനിക രാഷ്ട്ര നിർമ്മിതിയിൽ ഏറ്റവും അനുയോജ്യമായിരിക്കുക. മുതലാളിത്തം ആദ്യമായി മനുഷ്യനെ ജനാധിപത്യം എന്ന ചരിത്രപരതയിലേക്കു എത്തിച്ചു. എന്നാൽ അവിടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഉണ്ടാക്കപ്പെട്ടു .അതിനോടുള്ള കലാപമാണ് മാർക്സിസം നിർദ്ദേശിച്ചത് . മറ്റു ജീവികളിൽ നിന്നു മനുഷ്യനെ വേർതിരിക്കുന്നത് ആത്മബോധമാണ് .താൻ നില നിൽക്കുന്ന പ്രകൃതിയിൽ നിന്നു വ്യത്യസ്തമാണ് താൻ എന്ന തിരിച്ചറിയലാണ് ആത്മബോധം .പ്രകൃതിയെ സ്വാധീനിക്കാവുന്ന മറ്റൊരു ശക്തിയായി മുക്തി പ്രാപിച്ച മൃഗം എന്നും പറയാം. ബോധത്തിന്‍റെ ചിന്തയിൽ നടക്കുന്ന അറിയൽ പ്രക്രിയയുടെ ഫലമാണ് തത്വ ചിന്ത. മനുഷ്യൻ നേടുന്ന അറിവ് പരിസരത്തു നിന്നാണ് എന്നൊക്കെ പറയുന്നത് അബദ്ധമാണ് . മനുഷ്യൻ ജ്ഞാനോദയ കാലഘട്ടത്തിൽ എത്തിയ ശേഷമാണ് മാർക്സിസം ഉണ്ടാവുന്നത് . ഇന്ന് മെറ്റാഫിസിക്കൽ ആയി കരുതപ്പെടുന്ന ആ ബോധത്തിന്‍റെ ശാസ്ത്രീയ വശം നാളെ മനുഷ്യൻ മനസ്സിലാക്കിയേക്കും. ജനാധിപത്യവാഞ്ഛ ഈ ബോധത്തിൽ നിന്നാണ് ഉണ്ടാവുന്നത്. അതിനുള്ള മാർഗമായി ജനാധിപത്യ സോഷ്യലിസം ഗ്രന്ഥകാരൻ മുന്നോട്ടു വെക്കുന്നു. ഇതും നാളെ മനുഷ്യൻ തിരസ്കരിക്കാം അങ്ങനെയാണ് മനുഷ്യ ചരിത്രവും സാമൂഹ്യ ചരിത്രവും തമ്മിലുള്ള വൈരുധ്യം വളരുക .

നാച്വറൽ വൈരുധ്യ വാദം :

ഉത്പാദന ബന്ധത്തിലെ വികാസം അതിനു അനുസൃതമായി ധൈഷണിക മേഖലയിൽ ഉണ്ടാകുന്ന വിപ്ലവം, അതു മൂലം സാമൂഹ്യ രാഷ്ട്രീയ രംഗത്തുണ്ടാകുന്ന ചലനം – ഇവയെല്ലാം സമയോചിതമായി നിർധാരണം ചെയ്യപ്പെടുന്നു. ഇതിലൂടെ ഉണ്ടാകുന്ന ദർശനം മനുഷ്യനെ തന്നെ മാറ്റി തീർക്കുന്നു. മനുഷ്യ മസ്തിഷ്കത്തിന്‍റെ വളർച്ച ഗര്‍ഭസ്ഥനായിരിക്കുമ്പോൾ മുതൽ ക്രമാനുഗതമായി വികസിക്കുന്നു. ഏകദേശം 15 വയസ്സാകുമ്പോൾ പൂർണതയോടടുക്കുന്നു, അതാണ് സംഭവിക്കുക. അല്ലാതെ എല്ലാ അറിവും അനുഭവമായി നേടുകയല്ല ചെയ്യുന്നത്. അതു കൊണ്ടു ഓരോ വ്യക്തിയിലും വ്യത്യസ്തമായ ധാരണകൾ ഉണ്ടാവുന്നു. മാർക്സ് പരോക്ഷ പ്രാതിനിധ്യങ്ങളെ നിരാകരിച്ചു . അതു കൊണ്ടു പാർലമെന്‍ററി വ്യവസ്ഥയേയും ഘനവ്യവസായങ്ങളുടെ കാലത്തു സ്റ്റേറ്റ് സ്വത്ത് സാമൂഹ്യ സ്വത്ത് ആക്കുവാനുള്ള സാധ്യത അപ്രായോഗികമാണ്. രാഷ്ട്രീയമായ സുതാര്യതയാണ് ഇതിനെ മറികടക്കാനുള്ള ആയുധം. എക്സിക്യൂട്ടീവ് , ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയെ വേർ തിരിക്കുക. സാർവത്രിക വോട്ടവകാശം (കക്ഷി അടിസ്ഥാനത്തിൽ അല്ലാതെ ) നടപ്പിലാക്കുക, തിരഞ്ഞെടുത്തവരെ തിരിച്ചു വിളിക്കാനുള്ള അവകാശം ജനത്തിന് നൽകുക എന്നിവ ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ ചില മാർഗരേഖകൾ ആയി ഗ്രന്ഥം നിർദ്ദേശിക്കുന്നു.
ഉൽപാദനം, സമാഹരണം, വിപണനം ഉപഭോഗം എന്നിവയ്ക്ക് പരസ്പര സഹായ സഹകരണ സംവിധാനം വേണം.. വൻകിട പൊതുമേഖലകളിൽ വ്യാപാര ശിഷ്ടം പ്രതികൂലമായി. സർക്കാരുകൾ ദുർബ്ബലവും. ഊഹമൂലധനം ദേശാതിർത്തികൾ കടന്ന് കൃത്രിമ ഡിമാൻഡ് ഉണ്ടാക്കി കമ്പോളത്തെ താങ്ങി നിർത്തിയ അവസ്ഥയും ഇന്ന് നടുവൊടിഞ്ഞിരിക്കുന്നു. മാർക്സിയൻ മൂലധനം ഉൽപ്പാദനത്തിലേക്കു തിരിച്ചു വരണം. തൊഴിൽ സൃഷ്ടിക്കപ്പെടണം അങ്ങനെ വർദ്ധിക്കുന്നതാവണം ഡിമാൻഡ്. അതിനു സർക്കാരുകളുടെ കൈയിൽ പണമില്ല. മൂലധന നിക്ഷേപങ്ങൾ വന്നേ തീരു. അതിനു കമ്മ്യൂണിസ്റ്റുകൾക്ക് എന്ത് പദ്ധതിയാണ് ഉള്ളത് എന്ന ചോദ്യം ഗ്രന്ഥകർത്താവ് മുന്നോട്ടു വെയ്ക്കുന്നു ഗോത്രരാഷ്ട്രീയം മാർക്സിസം അല്ല .ഇന്നേവരെ പാർട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല എന്നു പറയുന്നത് മതപരമാണ്. ലെനിനിസ്റ്റ് ബോൾഷെവിക് പാർട്ടിയിലുള്ള വിശ്വാസം ഇളക്കം തട്ടാത്തതാണ് എന്ന് പറഞ്ഞത് പോലെ .മാർക്സിസം അല്ല മതം ആണിത് .മാതൃകാ മാനവ കുലം ഉണ്ടാവണം . അതിനു ഇന്നുള്ള വർഗങ്ങൾ ഇല്ലാതാവണം .ആ വർഗരഹിത സാമൂഹ്യ സങ്കൽപ്പനമാണ് പുരോഗമനവാദം. നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത അധികാരികളെന്ന വർഗ്ഗമില്ലാത്ത, സമൂഹ സൃഷ്ടി ആവണം മനുഷ്യന്‍റെ ലക്ഷ്യം . അദ്ധ്വാനിക്കുന്ന മനുഷ്യ സമൂഹത്തെ മുന്നിൽ കാണണം മാർക്സിസം ചിന്തയുടെ ഒരു രീതി ശാസ്ത്രം മാത്രമാണ് .അതു സാമൂഹ്യ ശാസ്ത്രം എന്ന മേഖലയിൽ പെടുന്നു. അതു ശാസ്ത്രീയമല്ല. സോഷ്യൽ സയൻസ് എന്നും അമൂർത്തമായ വിഷയമാണ്. മനുഷ്യൻ എന്ന സബ്ജെക്റ്റിവ് എലമെന്റ് അതിനെ നിരന്തരമായി മാറുന്ന ഒന്നാക്കിയിരിക്കുന്നു . രാഷ്ട്രീയം എന്നത് ഒരു പൊതുസമ്മതം ആയിരിക്കണം. മനുഷ്യന് ജീവിക്കാൻ ഉണ്ടാക്കപ്പെട്ട ചരിത്രപരമായ ഒരു യൂണിറ്റ് മാത്രമാണ് രാഷ്ട്രം ജനാധിപത്യത്തിന് ഒരു മുഖമേയുള്ളു. അതിനു ചരിത്രമില്ല. അതു മനുഷ്യന്‍റെ പ്രത്യയശാസ്‌ത്രമാണ് .ജനാധിപത്യം എന്ന ആശയത്തിന് സാർവത്രികത്വവും തുടർച്ചയും ഉണ്ട് . അതു തുടരുന്ന പ്രക്രിയയാണ് . ഈ ഗ്രന്ഥം മാർക്സിസ്റ്റുസഹയാത്രികരാൽ വായിക്കപ്പെടണമെന്നും ക്രിയാത്മകമായി വിമർശിക്കപ്പെടണം എന്നും ഗ്രന്ഥകാരൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു . ഈ കുറിപ്പിലൂടെ അതിലേക്കു ഒരു വാതിൽ തുറന്നു വെക്കുകയാണ് എന്‍റെ ഉദ്ദേശം .

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like