EDITORIAL ചിത്രപ്പുര

യൂസുഫ് അറക്കൽ – വേദനകളുടെ ചിത്രങ്ങൾ14500175_1242982145723224_958076113303238338_o

yu8ീവിതത്തിലെ ഏറ്റവും മനോഹരമായ പത്ത് വര്‍ഷങ്ങള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സികളിലൂടെ കയറിയിറങ്ങി ജീവിച്ച കാലം അത് ബാംഗ്ലൂരിലായിരുന്നു. അങ്ങനെയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ കാരണക്കാരനായത് യൂസുഫ് അറക്കല്‍ എന്ന വലിയ മനസ്സുള്ള ഈ മനുഷ്യനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ജോലി ചെയ്ത് ജീവിക്കാന്‍ തയ്യാറായ ഒരു മലയാളിപ്പയ്യന്‍ എന്നതില്‍ കൂടുതല്‍ മറ്റൊരു കാരണവും അന്നില്ലായിരുന്നു. കലയോടും കല ചെയ്യുന്നവരോടും എന്നും അങ്ങനെയായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന എച്ച്.എ.എല്‍ പരിസരത്ത് നിന്ന് അധികം അകലമില്ലായിരുന്നു എന്റെ താമസ സ്ഥലത്തേക്ക്. അതുകൊണ്ടുതന്നെ ആഴ്ച തോറുമള്ള സന്ദര്‍ശനങ്ങള്‍ വലിയൊരു ആത്മബന്ധമായി വളര്‍ന്നു. പലതരത്തില്‍ സ്വാധീനിച്ച് കരുത്തേകി. അവിചാരിതമായ കാരണങ്ങളാല്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ അവിടം വിട്ട് ഞാന്‍ കേരളത്തിലെത്തി. കുറച്ച് കാലം ബന്ധങ്ങളൊന്നും ഇല്ലാതിരുന്നെങ്കിലും പിന്നീട് ഇടക്കിടെ കാണാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ആ ബന്ധം സജീവമായി. ഒരോ ഫോണ്‍ വിളിയും ‘ഇനി എന്നാടാ നീയ് ബാംഗ്ലൂരിലേക്ക് ?’എന്ന സ്‌നേഹപ്പരിഭവമായി എന്റെ മറുപടി കേട്ട് ‘ഇവിടെ വന്നിട്ട് അര്‍മാദിച്ചാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും’ എന്ന് അതേ നിമിഷത്തില്‍ മറ്റൊരു സ്‌നേഹമാവാനും കഴിയുന്ന എന്റെ പ്രിയ യൂസുഫ്ക്ക ഇനി ബാംഗ്ലൂരിലില്ലെന്ന് എന്നെ വിശ്വസിപ്പിക്കണമെനിക്ക്. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവും താല്‍പര്യവുമുള്ള യുവാക്കള്‍ തന്നെ സമീപിക്കുമ്പോള്‍ ഭാഷാഭേദങ്ങളില്ലാതെ മുന്‍പിന്‍ നോക്കാതെ സഹായിച്ചു കൊണ്ടിരുന്ന, എഴുപതിന്റെ യുവത്വവുമായി ഊര്‍ജ്ജസ്വലതയോടെ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന യൂസുഫ് അറക്കല്‍ എന്ന കലാകാരന്‍ ഇനിയില്ല. മുമ്പ് പലപ്പോഴായി എഴുതിയ കുറച്ച് വരികള്‍ ഇതോടൊപ്പം ചേര്‍ത്ത് വെക്കുന്നു.

ഏകാന്തതയും വിഷാദവും പേറുന്ന മനുഷ്യരെയും അവരുടെ ജീവിതത്തെയും ചിത്രീകരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന് ഇരുണ്ട വര്‍ണ്ണങ്ങളോടായിരുന്നു എന്നും പ്രിയം. കാന്‍വാസില്‍ ഇരുട്ടും വെളിച്ചവും സമര്‍ത്ഥമായി ഉപയോഗിച്ച് മുഖ്യധാരയില്‍ പെടാത്ത ഇരുണ്ട ജീവിതങ്ങളെ ഏറ്റവും കലാത്മകമായി ആവിഷ്‌കരിച്ച് ആഗോള തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രകാരന് അടുത്ത കാലത്തായി വര്‍ണ്ണങ്ങളൊഴിഞ്ഞ കറുത്ത വരകളോടായിരുന്നു ഏറെ താല്‍പര്യം. ഉപേക്ഷിക്കപ്പെട്ട ചില വസ്തുക്കളെ ചിത്രീകരിച്ചു കൊണ്ട് മനുഷ്യന്റെ മനുഷ്യത്വമില്ലായ്മയുടെ കഥ പറഞ്ഞ Discarded എന്ന രേഖാചിത്ര പരമ്പരയുടെ പ്രദര്‍ശനം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. അതോടോപ്പം തന്നെയാണ് ഇക്കാലമത്രയും ചെയ്ത ഡ്രോയിംഗുകളെ കുറിച്ച് Linear Expressions എന്ന പേരില്‍ ഒരു പഠന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നത്.

yus-4അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശനവും രേഖാചിത്രങ്ങളുടേതു തന്നെയാണ്. ജീവിച്ചിരിപ്പുള്ളവരും അല്ലാത്തവരും ഉള്‍പ്പെടുന്ന ഗുരുതുല്യരായ നൂറ്റി മുപ്പത്തിയഞ്ച് (135) ഇന്ത്യന്‍ കലാകാരന്മാരുടെ പോട്രേറ്റ് ഡ്രോയിംഗുകളുടെ സമാഹാരമാണ് faces of creativity. ആധുനിക ഇന്ത്യന്‍ ചിത്ര-ശില്‍പ കലാ രംഗത്തെ മാസ്റ്റേഴ്‌സിന് ഒരു സമകാലീന കലാകാരന്റെ ആദരവ് കൂടിയാണിത്. ഒന്നരയടി സ്‌ക്വയര്‍ സൈസിലുള്ള ലിനന്‍ കാന്‍വാസിന്റെ പിന്‍ഭാഗത്തെ ഗ്രേയിഷ് പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഇങ്കില്‍ ചെയ്ത ഛായാചിത്രങ്ങള്‍. യൂസുഫ് അറക്കല്‍ എന്ന ചിത്രകാരന്റെ രേഖാചിത്ര പരമ്പരകളിലെ ഏറെ മൂല്യവത്തായ ഒരു അദ്ധ്യായമാണ് faces of creativity.

yus8അബ്‌സ്ട്രാക്റ്റ് പെയ്ന്റിംഗുകളിലൂടെ കഴിവു തെളിയിച്ച് ചിത്രകാരനായി അറിയപ്പെട്ടെങ്കിലും വൈകാതെ ആ വഴി ഉപേക്ഷിച്ച് ഫിഗറേറ്റീവില്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. മുഖഛായ കൊണ്ട് ദക്ഷിണേന്ത്യന്‍ എന്നു വിളിക്കാവുന്ന കഥാപാത്രങ്ങള്‍. ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും മുഖങ്ങള്‍. പശ്ചാത്തലത്തില്‍ പൊട്ടിപ്പൊളിഞ്ഞ വാതിലുകളും ചുമരുകളും ഇരുട്ടു വീണ പാതയോരങ്ങളും. ഇരുണ്ട വര്‍ണ്ണങ്ങളില്‍ ഇടക്കിടെ തെളിയുന്ന നേര്‍ത്ത വെളിച്ചക്കീറുകള്‍ കാന്‍വാസില്‍ അസാധാരണമായ സൗന്ദര്യം നിറച്ചു. തന്റെ സര്‍ഗ്ഗ സൃഷ്ടികള്‍ക്കാവശ്യമായ മോട്ടിഫുകള്‍ സ്വന്തം ജീവിതത്തില്‍ നിന്നു തന്നെയാണദ്ദേഹം കണ്ടെടുത്തത്. ജീവിതം തേടി ബാംഗ്ലൂരിലെത്തിയ കൗമാര കാലത്ത് നേരിട്ടറിഞ്ഞ ജീവിതത്തിലെ കഥാപാത്രങ്ങളാണിവര്‍.

മിത്തുകളിലോ പ്രാദേശിക പാരമ്പര്യ കലകളിലോ താല്‍പര്യം കാണിക്കാതെ സമകാല ജീവിതാവസ്ഥകളിലെ ഒറ്റപ്പെട്ട മനുഷ്യരെയും അവരുടെ ജീവിതത്തെയും ചിത്രീകരിക്കാനാണ് ഈ കലാകാരന്‍ എന്നും താല്‍പര്യം കാണിച്ചിരുന്നത്. ഏകാന്തതയും വിഷാദവും പേറുന്ന കഥാപാത്രങ്ങള്‍ക്ക് ഏറ്റവും യോജിച്ച പശ്ചാത്തലമെന്നതുകൊണ്ട് കൂടിയാവണം അധികം കാന്‍വാസുകളും ഇരുണ്ട വര്‍ണ്ണങ്ങളാല്‍ നിറഞ്ഞത്. എന്നാല്‍ broken pot (2009) സീരീസിലെത്തുമ്പോള്‍ കൂടുതല്‍ തെളിഞ്ഞ പ്രകാശമാര്‍ന്ന നിറക്കൂട്ടുകളിലെത്തുന്നുണ്ട്. പ്രകടമായി മനുഷ്യരൂപങ്ങളെ കാണാത്ത ചിത്രങ്ങളില്‍ പോലും മനുഷ്യ സാന്നിദ്ധ്യം അനുഭവപ്പെടുന്നവയാണ് കൂടുതല്‍ ചിത്രങ്ങളും. kite സീരീസില്‍ വര്‍ണ്ണ ശബളമായി പാറിപറക്കുന്ന പട്ടങ്ങളുടെ നൂലറ്റത്ത് ഒരു നിഷ്‌കളങ്ക ബാല്യം നമുക്ക് അനുഭവിക്കാനാകും. apparels ലാണെങ്കില്‍ ഒരാള്‍ ഒരു തവണയെങ്കിലും ഉപയോഗിച്ചു എന്ന് തോന്നിക്കുന്ന സാധാരണ വസ്ത്രങ്ങളാണ് കാണുന്നത്. walls ല്‍ മനുഷ്യ സ്പര്‍ശമേറ്റ് മുഷിഞ്ഞു നാറിയ ചുമരുകളെയും കാണാം.

വ്യക്തിയുടെ ജീവിതാനുഭവങ്ങള്‍ സമൂഹത്തിന്റെതു കൂടിയായി മാറുമ്പോഴാണ് അത് രാഷ്ട്രീയമാകുന്നത്. യൂസഫ് അറക്കല്‍ എന്ന വ്യക്തിയുടെ മനസ്സിനെ വേദനിപ്പിച്ച പല കാഴ്ചകളും വാര്‍ത്തകളും അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ പുനര്‍ജ്ജനിച്ച് മികച്ച രാഷ്ട്രീയ ചിത്രങ്ങളായി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1983 ലെ ദേശീയ അവാര്‍ഡ് നേടിയ Pavement, 1986 ല്‍ ധാക്കയില്‍ നിന്ന് ഏഷ്യന്‍ ആര്‍ട്ട് ബിനാലെ അന്തര്‍ദേശീയ അവാര്‍ഡ് നേടിയ Faces of hunger third world, 2003 ലെ ഫ്‌ളോറന്‍സ് ബിനാലെയില്‍ വെള്ളി മെഡല്‍ നേടിയ War, Guernica reoccurs തുടങ്ങിയ പെയ്ന്റിംഗുകള്‍ ചില ഉദാഹരണങ്ങളാണ്. ഗുജറാത്ത് സംഭവം ഉള്‍പ്പെടുത്തി അദ്ദേഹം ചെയ്ത പെയ്ന്റിംഗായിരുന്നു Gujarnica. ഈ രചനയുടെ പേരില്‍ അക്കാലത്ത് ഏറെ വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടു. താങ്കള്‍ ഒരു മുസ്ലീമായതു കൊണ്ടല്ലേ ഇത് ചെയ്തത് ? എന്നൊരു പ്രശസ്ത നിരൂപകന്റെ ചോദ്യത്തിന് “അല്ല, ഞാനൊരു മനുഷ്യനായതു കൊണ്ടാണ് അതു ചെയ്തത് ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. War, Guernica reoccurs ഇതിന്റെ വിപുലീകരിച്ച രൂപമായിരുന്നെങ്കിലും യുദ്ധങ്ങളെ പൊതുവെ പരാമര്‍ശിക്കുന്ന ചിത്രം കൂടിയായിരുന്നു അത്.

yus5പെയ്ന്റിംഗുകളെ അപേക്ഷിച്ച് ശില്‍പങ്ങള്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും ഉള്ളവ മികച്ച സൃഷ്ടികളാണ്. വിവിധയിനം ഗ്രാനൈറ്റുകള്‍, സ്റ്റെയിന്‍ലസ്സ്റ്റീല്‍, ബ്രോണ്‍സ്, കോപ്പര്‍, ടെറാക്കോട്ട, പൈന്‍ വുഡ്, ഫൈബര്‍ ഗ്ലാസ്, തുണി തുടങ്ങിയ വ്യത്യസ്ത മാദ്ധ്യമങ്ങളിലായി ഔട്ട്‌ഡോര്‍, ഗാര്‍ഡന്‍ സ്‌കള്‍പ്ചര്‍, വാള്‍മ്യൂറല്‍, ഇന്‍സ്റ്റാലേഷന്‍ എന്നീ എല്ലാ വിഭാഗങ്ങളിലും വളരെ വ്യത്യസ്തവും ശ്രദ്ധേയവുമായ ശില്‍പങ്ങള്‍ യൂസഫ് അറക്കലിന്റേതായി വ്യത്യസ്ത ഇടങ്ങളിലുണ്ട്. അതില്‍ ബാംഗ്ലൂരിലെ എം.ജി.റോഡില്‍ 22 അടി ഉയരത്തിലുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ ശില്‍പം, ബയോക്കോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനു വേണ്ടി 56 അടി വലിപ്പത്തില്‍ സ്റ്റീലിലും കോപ്പറിലുമായി ചെയ്ത ഹാങ്ങിങ്ങ് മ്യൂറല്‍, സ്വന്തം ഫിയറ്റ് കാറിനെ കോപ്പറില്‍ പൊതിഞ്ഞ് ചെയ്ത ചലിക്കുന്ന ശില്‍പം എന്നിവ എടുത്ത് പറയേണ്ടതാണ്.

yus-3yus1

രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുമായി അമ്പതോളം ഏകാംഗ പ്രദര്‍ശനങ്ങളും. സാവോ പോളോ ഇന്റര്‍നാഷനല്‍ ബിനാലെ, ഫുക്കുവോക്ക ഇന്റര്‍നാഷനല്‍ ബിനാലെ, ധാക്ക ഇന്റര്‍നാഷനല്‍ ബിനാലെ, ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ട്രിനാലെ, കൈറോ ഇന്റര്‍നാഷനല്‍ ബിനാലെ, ഫ്‌ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെ തുടങ്ങി നാല്‍പ്പതിലേറെ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളും​ ​ചെയ്തിട്ടുണ്ട്. രണ്ട് തവണ കര്‍ണാടക ലളിതകലാ അക്കാദമി അവാര്‍ഡ്, കന്നഡ രാജ്യോല്‍സവ അവാര്‍ഡ്, ദേശീയ അക്കാദമി അവാര്‍ഡ്, വെങ്കിട്ടപ്പ അവാര്‍ഡ്, ധാക്ക ഇന്റര്‍നാഷനല്‍ ബിനാലെയിലെ സ്‌പെഷല്‍ അവാര്‍ഡ്, രണ്ടു പ്രാവശ്യമായി ഫ്‌ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ നിന്ന് ലഭിച്ച സില്‍വര്‍ മെഡലും ഗോള്‍ഡ് മെഡലും, കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, കേരള സര്‍ക്കാരിന്റെ രാജ രവിവര്‍മ്മ പുരസ്‌കാരം, ഫ്രാൻസിലെ ലോറെൻസോ ഡി മെഡിസി പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച  പുരസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

yus2

Comments
Print Friendly, PDF & Email

About the author

വി.കെ.രാമചന്ദ്രന്‍

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.