പൂമുഖം LITERATURE ന്യൂയോർക്കിലെ മഴകൾ

അൽബേർ കമ്യു: ന്യൂയോർക്കിലെ മഴകൾ

്യൂയോർക്കിലെ മഴ ഒരു പ്രവാസി മഴയാണ്‌.  പൊടുന്നനേ ഒരു കിണറിന്റെ ഇരുട്ടിലേക്കു പതിച്ച തെരുവുകളിലേക്ക് നെടുങ്കൻ സിമന്റുചതുരക്കട്ടകൾക്കിടയിലൂടെ സമൃദ്ധവും സ്നിഗ്ധവും സാന്ദ്രവുമായ ഒരക്ഷീണധാരയായി അത് കൊട്ടിവീഴുന്നു. ട്രാഫിക് ലൈറ്റിന്റെ ചുവപ്പുനിറം പച്ചയാവുന്ന ഇടവേളയിൽ ഒരു ടാക്സിയിൽ അഭയം തേടിയ നിങ്ങൾക്ക് കോരിച്ചൊരിയുന്ന മഴവെള്ളം വടിച്ചുമാറ്റുന്ന വൈപ്പറുകളുടെ ഏകതാനമായ ദ്രുതചലനങ്ങൾക്കു പിന്നിൽ താനൊരു കെണിയിൽ പെട്ടതായി തോന്നിപ്പോകുന്നു. എത്ര മണിക്കൂർ ഇങ്ങനെ ഓടിയാലും ചതുരാകൃതിയിലുള്ള ഈ തടവറകളിൽ നിന്നോ വകഞ്ഞുപോകേണ്ട വെള്ളത്തൊട്ടികളിൽ നിന്നോ ഒരു മോചനമുണ്ടാകാൻ പോകുന്നില്ലെന്നും ഒരു കുന്നോ മരമോ കാണാമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്‌. വെൺനിറമായ അംബരചുംബികൾ നരച്ച മൂടല്മഞ്ഞിൽ മരിച്ചവരുടെ ഒരു നഗരത്തിലെ ഭീമാകാരമായ ഓർമ്മക്കല്ലുകൾ പോലെ തലയുയർത്തി നില്ക്കുന്നു; അടിത്തറകളിൽ നിന്നുകൊണ്ട് അവ ചെറുതായൊന്നുലയുന്നതായും നിങ്ങൾക്കു തോന്നുന്നു. ഈ സമയത്ത് അവ വിജനമാണ്‌. എമ്പതു ലക്ഷം മനുഷ്യർ, ഉരുക്കിന്റെയും സിമന്റിന്റെയും ഗന്ധം, ആർക്കിടെക്റ്റുകളുടെ ഭാവനാവിലാസങ്ങൾ, എന്നിട്ടും ഏകാന്തതയുടെ മൂർദ്ധന്യം. “ഈ ലോകത്തെ മുഴുവൻ ജനങ്ങളെയും എന്നോടു ചേർത്തു കെട്ടിപ്പിടിച്ചാലും അതെന്നെ ഒന്നിൽ നിന്നും രക്ഷിക്കില്ല.“
ന്യൂയോർക്ക് അതിന്റെ ആകാശമില്ലെങ്കിൽ ഒന്നുമല്ല എന്നതാവാം കാരണം. നഗ്നവും വിപുലവുമായി, ചക്രവാളപര്യന്തം പടർന്നും കൊണ്ടത് നഗരത്തിനതിന്റെ ഉജ്ജ്വലപ്രഭാതങ്ങൾ നല്കുന്നു, അതിന്റെ സന്ധ്യകളെ ഗംഭീരമാക്കുന്നു; ഇരുട്ടു വീഴും മുമ്പേതന്നെ വിളക്കുകൾ തെളിയുന്ന എട്ടാം അവന്യൂവിലെ ഷോപ്പുകൾക്കു മുന്നിലൂടെ തിര മറിയുന്ന ജനാവലിയ്ക്കു മേൽ കൂടി ഒരസ്തമയത്തിന്റെ ജ്വാലകൾ തഴുകിപ്പോകുന്നതുമപ്പോൾ. പിന്നെ അസ്തമയസൂര്യൻ ചുവപ്പിച്ച ഹഡ്സൺ പുഴക്കരെ റിവർസൈഡ് ഡ്രൈവിലെ ചില സായാഹ്നങ്ങളുണ്ട്: നിങ്ങൾ നഗരത്തിലേക്കു പോകുന്ന മോട്ടോർ റോഡിലേക്കു നോക്കിയിരിക്കുകയാണ്‌; സാവകാശം നീങ്ങുന്ന കാറുകളുടെ ഇട മുറിയാത്ത പ്രവാഹത്തിനിടയിൽ നിന്നിടയ്ക്കിടെ പെട്ടെന്നൊരു ഗാനം നിങ്ങൾ കേൾക്കുന്നു; തിരകൾ തല്ലിത്തകരുന്നതാണു നിങ്ങൾക്കപ്പോൾ ഓർമ്മ വരിക. ഒടുവിലായി, വേറെയും ചില സായാഹ്നങ്ങളെക്കുറിച്ചും ഞാൻ ഓർത്തുപോകുന്നു; നിങ്ങളുടെ ഹൃദയം തകരുന്നത്ര സൗമ്യവും ക്ഷണികവുമായവ, ഹാർലെമിൽ നിന്നു നോക്കുമ്പോൾ കാണുന്ന സെൻട്രൽ പാർക്കിലെ വിസ്തൃതമായ പുല്പരപ്പിനു മേൽ ഒരാരക്തദീപ്തി വീഴ്ത്തുന്നവ. നീഗ്രോക്കുട്ടികളുടെ കൂട്ടങ്ങൾ മരത്തിന്റെ ബാറ്റുകൾ കൊണ്ട് പന്തടിച്ചു തെറിപ്പിക്കുകയും ആഹ്ളാദം കൊണ്ട് ആർത്തുവിളിക്കുകയും ചെയ്യുന്നു; പ്രായമേറിയ അമേരിക്കക്കാർ ചെക്ക് ഷർട്ടുകളുമിട്ട് പാർക്ക് ബഞ്ചുകളിൽ നീണ്ടുനിവർന്നു കിടന്നുകൊണ്ട് തങ്ങളിൽ അവശേഷിച്ച ഉർജ്ജ്ജമെല്ലാമെടുത്ത് ഐസ് ക്രീം നക്കിത്തിന്നുകയാണപ്പോൾ; അണ്ണാറക്കണ്ണന്മാർ അജ്ഞാതരുചികൾ  തേടി തങ്ങളുടെ ചുവട്ടടിയിലെ മണ്ണു തുരക്കുന്നതുമപ്പോൾ. പാർക്കിലെ മരങ്ങളിൽ കിളികളുടെ ഒരു ജാസ് ഗായകസംഘം എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനു മുകളിൽ ആദ്യനക്ഷത്രത്തിന്റെ ആവിർഭാവം വിളിച്ചറിയിക്കുമ്പോൾ നെടിയ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ പാതകളിലൂടെ നീങ്ങുന്ന നീൾക്കാലികളായ ജീവികൾ ആനേരം പ്രശാന്തമായ ആകാശത്തിന്‌ തങ്ങളുടെ മനോഹരമായ മുഖങ്ങളും സ്നേഹരഹിതമായ നോട്ടങ്ങളും നിവേദിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആകാശം വിവർണ്ണമാകുമ്പോൾ, അല്ലെങ്കിൽ പകൽവെളിച്ചം മായുമ്പോൾ ന്യൂയോർക്ക് പിന്നെയും ഒരു കൂറ്റൻ നഗരമാകുന്നു, പകൽ തടവറയും രാത്രിയിൽ പട്ടടയും. കറുത്ത ചുമരുകളുടെ വിപുലവിസ്തൃതികൾക്കിടയിൽ കോടിക്കണക്കായ ദീപ്തജാലകങ്ങൾ ആകാശത്തിന്റെ പാതി ദൂരത്തോളം ആ വെളിച്ചങ്ങളെ ഉയർത്തിക്കൊണ്ടുപോകുമ്പോൾ അതൊരു കൂറ്റൻ ചിതയാവുന്നു; ഓരോ സായാഹ്നവും മൂന്നു പുഴകൾക്കിടയിലെ തുരുത്തായ മാൻഹട്ടണു മേൽ ഭീമമായ ഒരഗ്നികുണ്ഡം എരിയുന്ന പോലെ;  തീനാളങ്ങൾ തറച്ചുനില്ക്കുന്ന കൂറ്റൻ ശവങ്ങൾ പുകഞ്ഞും കൊണ്ടുയർന്നുനില്ക്കുന്ന പോലെ.
മറ്റു നഗരങ്ങളെ കുറിച്ച് എന്റേതായ ധാരണകൾ എനിക്കുണ്ട്- എന്നാൽ ന്യൂയോർക്കിനെ കുറിച്ച് ഈ പ്രബലവും ക്ഷണികവുമായ വികാരങ്ങളേയുള്ളു, പൊറുതി കെടുത്തുന്ന ഒരു ഗൃഹാതുരത, മനോവേദനയുടെ നിമിഷങ്ങൾ. ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ന്യൂയോർക്കിനെ കുറിച്ച് എനിക്കു യാതൊന്നും അറിയില്ല: ഞാൻ നടക്കുന്നത് വെറും ഭ്രാന്തന്മാർക്കിടയിലാണോ അതോ ലോകത്തെ ഏറ്റവും ബുദ്ധിയുള്ളവർക്കിടയിലാണോയെന്ന്; അമേരിക്ക ഒന്നടങ്കം പറയുന്ന പോലെ ജീവിതം അത്ര സുഖകരമാണോ അതോ ചിലപ്പോൾ തോന്നാറുള്ള പോലെ അത്ര ശൂന്യമാണോയെന്ന്; ഒരാൾ മതിയാകുന്നിടത്ത് പത്തു പേരെ ജോലിയ്ക്കു വയ്ക്കുന്നതും എന്നിട്ടും സേവനം തൃപ്തികരമാവാത്തതും അത്ര സ്വാഭാവികമാണോയെന്ന്; ന്യൂയോർക്കുകാർ വിശാലചിത്തരോ യാഥാസ്ഥിതികരോയെന്ന്, സയ്മ്യാത്മാക്കളോ അതോ മൃതാത്മാക്കളോയെന്ന്; ചപ്പും ചവറും നീക്കം ചെയ്യുന്നവർ ഇറുകിപ്പിടിച്ച കൈയുറകൾ ധരിച്ചിട്ടാണതു ചെയ്യുന്നതെന്നത് ആദരണീയമോ അപ്രധാനമോയെന്ന്; മാഡിസൺ സ്ക്വയർ ഗാർഡണിലെ സർക്കസിൽ നാലു റിംഗുകളിലായി ഒരേ സമയം പത്തു പരിപാടികൾ അവതരിപ്പിക്കുന്നതു കൊണ്ട് (നിങ്ങൾക്ക് എല്ലാറ്റിലും താല്പര്യം തോന്നുകയും എന്നാൽ ഒന്നുപോലും കാണാൻ പറ്റാതെ വരികയുമാണ്‌) എന്തെങ്കിലും  ഗുണമുണ്ടോയെന്ന്; ഞാൻ ഒരു രാത്രി ചെലവഴിച്ച ഒരു സ്കേറ്റിങ്ങ് റിങ്കിൽ (പൊടി പിടിച്ച ചുവപ്പു വിളക്കുകൾ നിറഞ്ഞ ഒരു വെലോഡ്രോം പോലൊന്ന്) ലോഹച്ചക്രങ്ങളുടെയും ഓർഗൻ സംഗീതത്തിന്റെയും കാതടപ്പിക്കുന്ന ഒച്ചപ്പാടിനിടയിൽ റോളർ സ്കേറ്റുകളിൽ അന്തമില്ലാതെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരുടെ മുഖങ്ങൾ വിഷമം പിടിച്ച ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നവരുടെ അതേ ഗൗരവവും ഏകാഗ്രതയും നിറഞ്ഞതായിരുന്നുവെന്നത് എന്തിന്റെയെങ്കിലും സൂചനയാണോയെന്ന്; അവസാനമായി, ഒറ്റയ്ക്കാവാൻ ആഗ്രഹിക്കുന്നത് ഭ്രാന്തിന്റെ ലക്ഷണമാണെന്നു പറയുന്നവരെയാണോ അതോ ആരും നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ചോദിക്കുന്നില്ലെന്നത് അത്ഭുതമായി കാണുന്നവരെയാണോ വിശ്വസിക്കേണ്ടതെന്നും.
ചുരുക്കിപ്പറഞ്ഞാൽ ന്യൂയോർക്കിനെക്കുറിച്ചാലോചിക്കുമ്പോൾ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. രാവിലത്തെ പഴച്ചാറുകൾ, സ്കോച്ചും സോഡയും അതിന്‌ റൊമാൻസുമായുള്ള ബന്ധവും, ടാക്സികളിലെ പെൺകുട്ടികളും അവരുടെ നിഗൂഢവും ക്ഷണികവുമായ പ്രണയചേഷ്ടകളും, അത്യാഡംബരവും ടൈകളിൽ പോലും പ്രതിഫലിക്കുന്ന താണതരം അഭിരുചിയും, ജൂതവിരോധവും ജന്തുസ്നേഹവും -ഇപ്പറഞ്ഞത് ബ്രോങ്ക്സ് മൃഗശാലയിലെ ഗോറില്ലകൾ മുതൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രോട്ടോസോവ വരെ എത്തുന്നുണ്ട്-, മരണവും മരിച്ചവരും അതിവേഗതയിൽ കൈകാര്യം ചെയ്യപ്പെടുന്ന *ഫ്യൂണെറൽ പാർലറുകൾ (മരിച്ചു തന്നാൽ മതി, ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം), പുലർച്ചെ മൂന്നു മണിയ്ക്കും ഷേവു ചെയ്യാൻ പറ്റുന്ന ബാർബർ ഷോപ്പുകൾ, രണ്ടു മണിക്കൂറിനുള്ളിൽ  ചൂടിൽ നിന്നു തണുപ്പിലേക്കു മാറുന്ന കാലാവസ്ഥ, *സിങ്ങ് സിങ്ങ് ജയിലിനെ ഓർമ്മപ്പെടുത്തുന്ന സബ്‌വേ, ജീവിതം ദുരന്തമയമല്ലെന്ന് ഓരോ ചുമരിലും നിന്നു പ്രഖ്യാപിക്കുന്ന പരസ്യങ്ങളിൽ നിറയുന്ന ചിരിച്ച മുഖങ്ങൾ, ഗ്യാസ് വർക്കുകൾക്കടിയിലെ ശവപ്പറമ്പുകളിൽ പൂക്കൾ നിറഞ്ഞ സിമിത്തേരികൾ, ചെറുപ്പക്കാരികളുടെ സൗന്ദര്യവും കിഴവന്മാരുടെ വൈരൂപ്യവും – ഇതൊക്കെ ദഹിച്ചുകിട്ടാൻ എനിക്കു പണിപ്പെടേണ്ടി വരുന്നു; പിന്നെ, ഫ്ളാറ്റ് കെട്ടിടങ്ങളുടെ കവാടങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പതിനായിരക്കണക്കിനായ അഡ്മിറൽമാരും ജനറൽമാരുമുണ്ട് (ഏതോ മ്യൂസിക്കൽ കോമഡിയിൽ നിന്നിറങ്ങി വന്നവർ); വണ്ടുകൾ പോലെ തോന്നിക്കുന്ന പച്ചയും ചുവപ്പും മഞ്ഞയുമായ കാറുകൾക്ക് വിസിലടിച്ചു കൊടുക്കാൻ ചിലർ, നിങ്ങൾക്കു വാതിൽ തുറന്നു തരാനായി ചിലർ, അമ്പതു നില പൊക്കത്തിൽ ലിഫ്റ്റുകൾക്കുള്ളിൽ ബഹുവർണ്ണ *കാർട്ടീഷ്യൻ ഡൈവെറുകൾ പോലെ നിരന്തരം ഉയർന്നുതാഴ്ന്നുകൊണ്ടിരിക്കുന്ന വേറേ ചിലരും.
അതെ, എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ചില നഗരങ്ങൾ ചില സ്ത്രീകളെപ്പോലെയാണെന്ന് എനിക്കു ബോദ്ധ്യമാവുകയാണ്‌: അവർ നിങ്ങളെ ഈറ പിടിപ്പിക്കും, നിങ്ങളെ കീഴമർത്തും, നിങ്ങളുടെ ആത്മാക്കളെ പൊളിച്ചു കാട്ടും; നാണക്കേടായി തോന്നുമ്പോൾത്തന്നെ നിർവൃതിയും നല്കുന്ന അവരുടെ പൊള്ളുന്ന സ്പർശം നിങ്ങളുടെ ഉടലിന്റെ ഓരോ സുഷിരത്തിലും തറച്ചുകേറുകയും ചെയ്യും. ഈ വിധത്തിലാണ്‌ ദിവസങ്ങളോളം ഞാൻ ന്യൂയോർക്കിലൂടെ ചുറ്റിനടന്നത്; എന്റെ കണ്ണുകൾ കണ്ണീരു കൊണ്ടു നനഞ്ഞുവെങ്കിൽ അത് വായുവിൽ പാറി നടന്നിരുന്ന ചാരവും പൊടിയും കണ്ണിൽ വീണതു കൊണ്ടു മാത്രമാണ്‌; പുറത്തായിരിക്കുന്ന നിങ്ങളുടെ പാതി സമയവും കണ്ണു തിരുമ്മാനോ ഹഡ്സൺ നദിയ്ക്കപ്പുറത്തുള്ള ഒരായിരം ന്യൂ ജഴ്സി ഫാക്ടറികൾ നിങ്ങളെ വരവേല്ക്കാൻ സ്നേഹസമ്മാനമായി അയയ്ക്കുന്ന ലോഹത്തരികൾ കണ്ണിൽ നിന്നെടുത്തു കളയാനോ ചെലവഴിക്കേണ്ടി വരികയാണ്‌. ചുരുക്കിപ്പറഞ്ഞാൽ ന്യൂയോർക്ക് നിങ്ങളെ ബാധിക്കുന്നത് കണ്ണിൽ വീണ ഒരന്യവസ്തു പോലെയാണ്‌, ആസ്വാദ്യമെന്നപോലെ അസഹ്യവുമാണത്, വികാരാധീനതയുടെ കണ്ണീരെന്നപോലെ സർവദാഹകമായ രോഷവുമുണർത്തുന്നതാണത്.
ആളുകൾ ഉത്കടവികാരം എന്നു വിളിക്കുന്നത് ഇതിനെയാവാം. എന്റെ കാര്യത്തിൽ എത്ര വ്യത്യസ്തമായ മാനസികചിത്രങ്ങളിലാണ്‌ അത് വേരാഴ്ത്തിയിരിക്കുന്നതെന്നേ എനിക്കു പറയാനുള്ളു. ഉറക്കം വരാതെ കിടക്കുന്ന ചില പാതിരാത്രികളിൽ നൂറു കണക്കിനു ചുമരുകളും കടന്ന്, അംബരചുംബികൾക്കു മുകളിലൂടെ ഒരു ടഗ്ഗിന്റെ രോദനം എന്നെ തേടിയെത്തും; ഇരുമ്പിന്റെയും സിമന്റിന്റെയും ഈ മരുഭൂമി ഒരു ദ്വീപു കൂടിയാണെന്ന് അതെന്നെ ഓർമ്മപ്പെടുത്തുകയാണ്‌. അപ്പോഴെനിക്ക് കടലിന്റെ ഓർമ്മ വരും; എന്റെ സ്വന്തം നാട്ടിലെ കടലോരത്തു നില്ക്കുകയാണെന്നു ഞാൻ മനസ്സിൽ കാണും. മറ്റു ചില സായാഹ്നങ്ങളിൽ ചുവപ്പും നീലയുമായ കുഞ്ഞുവിളക്കുകളെ ആർത്തിയോടെ വിഴുങ്ങിക്കൊണ്ടു ചീറിപ്പാഞ്ഞും പാതിയിരുട്ടിലായ സ്റ്റേഷനുകൾക്കു സാവധാനം വിഴുങ്ങാൻ ഇടയ്ക്കിടെ സ്വയം വിട്ടുകൊടുത്തും  മൂന്നു നില ഉയരത്തിലൂടെ പോകുന്ന ഒരു *തേഡ് അവെന്യൂ എൽ-ന്റെ മുൻഭാഗത്തുള്ള ഒരു കോച്ചിലിരുന്നുകൊണ്ട് പാതയരികിലെ അംബരചുംബികൾ നിന്ന നില്പിൽ തിരിയുന്നത് ഞാൻ നോക്കിക്കാണും. നഗരമദ്ധ്യത്തിലെ അമൂർത്തവീഥികൾ വിട്ട് ഞാൻ ചിലപ്പോൾ താരതമ്യേന ദരിദ്രമായ , പോകെപ്പോകെ കാറുകളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങിവരുന്ന നഗരപ്രാന്തങ്ങളിലേക്കു പോയിരുന്നു. എന്താണ്‌ എന്നെ കാത്തിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു, *ബോവെറിയിലെ ആ രാത്രികൾ. അര മൈൽ നീളത്തിൽ നീണ്ടുകിടക്കുന്ന ബ്രൈഡൽ ഷോപ്പുകളുടെ വെട്ടിത്തിളങ്ങുന്ന നിര ( ആ മെഴുകുപ്രതിമകളിൽ ഒന്നിന്റെ മുഖത്തു പോലും ഒരു പുഞ്ചിരിയില്ല) കഴിഞ്ഞ് അല്പം ചെന്നാൽ വിസ്മൃതരായവർ ജിവിക്കുന്ന ഇടമായി; ബാങ്കർമാരുടെ ഈ നഗരത്തിൽ ദാരിദ്ര്യത്തിലേക്കു വഴുതിവീഴാൻ സ്വയം വിട്ടുകൊടുത്തവർ. നഗരത്തിന്റെ ഏറ്റവും വിഷണ്ണമായ ഭാഗമാണിത്; ഒരു സ്ത്രീയെപ്പോലും കാണാനില്ല, ആണുങ്ങളിൽ മൂന്നിൽ ഒരാൾ കുടിച്ചു ബോധം കെട്ടതായിരിക്കും; വിചിത്രമായ ഒരു ബാറിൽ (ഒരു വെസ്റ്റേൺ സിനിമയുടെ സെറ്റ് പോലെ തോന്നും) തടിച്ചു വൃദ്ധകളായ നടികൾ തുലച്ച ജീവിതങ്ങളെയും ഒരമ്മയുടെ സ്നേഹത്തെയും കുറിച്ചു പാടുന്നു; താളത്തിനൊപ്പിച്ചവർ നിലത്താഞ്ഞു ചവിട്ടുന്നുണ്ട്; പ്രായം തങ്ങളെ കെട്ടിയേല്പിച്ച ആ രൂപം കെട്ട മാംസക്കെട്ടുകൾ ബാറിൽ നിന്നുള്ള അലർച്ചകൾക്കൊപ്പിച്ച് കോച്ചിവലിയ്ക്കുമ്പോലുലവർ ഉലയ്ക്കുന്നുണ്ട്. ഡ്രമ്മടിക്കുന്നതും ഒരു വൃദ്ധയാണ്‌, കണ്ടാൽ ഒരു കൂമനെപ്പോലിരിക്കും; അവരുടെ ജീവിതകഥയറിയാൻ ചില സായാഹ്നങ്ങളിൽ നിങ്ങൾക്കൊരാഗ്രഹം തോന്നിപ്പോകും- ഭൂമിശാസ്ത്രം മാഞ്ഞുപോവുകയും ഏകാന്തത ഒരല്പം കുഴഞ്ഞ യാഥാർത്ഥ്യമാവുകയും ചെയ്യുന്ന ആ അപൂർവനിമിഷങ്ങളിലൊന്നിൽ.
മറ്റുള്ളപ്പോൾ…അതെ, തീർച്ചയായും ന്യൂയോർക്കിലെ പ്രഭാതങ്ങളും സന്ധ്യകളും എനിക്കിഷ്ടമായിരുന്നു. അനിശ്ചിതത്വങ്ങളും വിദ്വേഷവും മാത്രം ശേഷിപ്പിക്കുന്ന ആ പ്രബലസ്നേഹത്തോടെ ഞാൻ ന്യൂയോർക്കിനെ സ്നേഹിച്ചു: ചില നേരത്ത് നിങ്ങൾക്ക് പ്രവാസം അത്യാവശ്യമാണ്‌. അപ്പോൾ നിങ്ങൾക്കേറ്റവും അടുപ്പവും പരിചയവും തോന്നുന്ന നഗരഹൃദയത്തിൽ വച്ച് ന്യൂയോർക്ക് മഴയുടെ മണം നിങ്ങളെ തേടിപ്പിടിക്കുന്നു; അത് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു, മുക്തി കിട്ടുന്നതായി ലോകത്തൊരിടമെങ്കിലുമുണ്ടെന്ന്; അവിടെ ഇഷ്ടമുള്ള കാലത്തോളം ഒരു ജനതയോടൊപ്പം, നിങ്ങൾക്കു സ്വയം നഷ്ടപ്പെടുത്താമെന്ന്.
(1947)

അൽബേർ  കമ്യു ഒരിക്കൽ മാത്രമേ അമേരിക്ക സന്ദർശിച്ചിട്ടുള്ളു: 1946 മാർച്ച് മുതൽ മേയ് വരെ. ഫ്രഞ്ച് സർക്കാരിന്റെ ഒരു സ്പോൺസർഷിപ്പിലാണ്‌ അദ്ദേഹം ന്യൂയോർക്കിൽ എത്തിയത്. അന്നദ്ദേഹത്തിന്റെ പ്രസിദ്ധി എഴുത്തുകാരുടെ പരിമിതവൃത്തത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്നു. എന്നാൽ ഈ യാത്രയ്ക്കിടയിലാണ്‌ അന്യൻ എന്ന നോവലിന്റെ ഇംഗ്ളീഷ് വിവർത്തനം പുറത്തിറങ്ങുന്നത്. തന്റെ അമേരിക്കൻ സന്ദർശനത്തിന്റെ അനുഭവങ്ങൾ ‘അമേരിക്കൻ ജേർണൽസ്’ എന്ന പുസ്തകത്തിലാണ്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അതിനെ ആധാരമാക്കി 1947ൽ എഴുതിയ ഒരു ലേഖനമാണ്‌ ‘ന്യൂയോർക്കിലെ മഴകൾ.’
 
*Funeral parlour – സംസ്കാരത്തിന്‌ ജഡങ്ങൾ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനങ്ങൾ
 
*Sing Sing- അതീവസുരക്ഷയുള്ള ഒരു ന്യൂയോർക്ക് ജയിൽ
 
*Cartesian Diver-ഒരു ഭൗതികശാസ്ത്രപരീക്ഷണം;  ഒരു വലിയ ചില്ലുനാളിയ്ക്കുള്ളിൽ ഒരു ചെറിയ നാളി പൊങ്ങിയും താണും കൊണ്ടിരിക്കും
 
*Third Avenue El- മാൻഹട്ടണും ബ്രോങ്ക്സിനുമിടയിൽ 1950 വരെ ഓടിക്കൊണ്ടിരുന്ന ട്രെയിൻ; മൂന്നു നിലകളുടെ ഉയരത്തിലായിരുന്നു പാളങ്ങൾ.
Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like