പൂമുഖം LITERATUREകഥ നീല മഷി
പലചരക്ക് കടയിലെ ചില്ലലമാറയ്ക്കും പകുതിതുറന്ന പണച്ചാക്കുകള്‍ക്കുമിടയില്‍ ഒളിവില്‍ കഴിയുന്നവനെ പോലെ ഒതുങ്ങിയിരിക്കുകയായിരുന്നു മാധവന്‍. എന്നെ കണ്ട പാടെ ഉല തുപ്പുന്ന കാറ്റിനെ ഓര്‍മ്മിപ്പിച്ച് അവന്‍ കിതച്ചു. വായ്പയുടേയും വിളിച്ചെടുത്ത ചിട്ടിയുടേയും തവണകള്‍ മുടങ്ങിയെന്നും കൈവായ്പ്പക്കാര്‍ ഇരിക്കപ്പൊറുതി തരുന്നില്ലെന്നും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിനക്കിതങ്ങു നിറുത്തിക്കൂടേ എന്ന ചോദ്യത്തിനു മുന്നിലേയ്ക്ക് മേശവലിപ്പില്‍ നിന്നും ഒരു പ്രമാണം അവന്‍ എടുത്തിട്ടു. പ്രമാണത്തിലെ നീല മഷിയില്‍ നിന്ന് ഒരു പഴങ്കഥ പൊടി തട്ടിയെടുത്ത് അവന്‍ അവതരിപ്പിച്ചു.
പണ്ട് ആശുപത്രിക്കവലയിലെ കടകള്‍ എല്ലാം പ്ലാഞ്ചോട്ടില്‍ കുടുംബക്കാരുടേതായിരുന്നു. അവര്‍ അഭിമാനത്തെ അഹങ്കാരത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത് ധിക്കാരികളായി മാറിയവരായിരുന്നു. അവരൊഴികെ ആരെങ്കിലും കവലയില്‍ കച്ചവടം തുടങ്ങിയാല്‍ അവരതിനെ തകര്‍ക്കും. പട്ടണത്തില്‍ നിന്ന് വരുന്ന കാളവണ്ടികള്‍ അവര്‍ തടയും ചാണകം കലക്കിയൊഴിച്ച് കാളകളേയും വണ്ടിക്കാരനേയും വണ്ടിയേയും കുളിപ്പിക്കും. പാട്ട കൊട്ടി ആര്‍ത്തുവിളിച്ച് വണ്ടികള്‍ പിടിച്ചിടും. വണ്ടിയുടെ കുറ്റിക്കോല്‍ ഊരിമാറ്റും. തോറ്റു പിന്‍മാറേണ്ടി വന്ന ഒത്തിരി പേരുടെ ശാപം ഈ കവലയ്ക്കുണ്ട്.
അന്നേരം അര കിലോ പഞ്ചസാര കടം ചോദിച്ചു വന്ന വള്ളിനിക്കറിട്ട പയ്യന് രണ്ടുവട്ടം ആലോചിച്ച് അവന്‍ അത് എടുത്തു കൊടുത്തു ഒറ്റവരയിട്ട ഒരു കുഞ്ഞു കണക്കുബുക്കില്‍ കൊച്ചയ്യപ്പന്‍ പതിനാറു രൂപ എന്നവന്‍ എഴുതി വച്ചു. മേശവലിപ്പില്‍ നിന്ന്‍ ഒരു ബീഡി എടുത്തുകത്തിച്ച് അതിന്‍റെ ചൂടുകൊണ്ട് അവന്‍ മുറിഞ്ഞു പോയ കഥ വിളക്കിച്ചേര്‍ത്തു.
മുത്തച്ഛന്‍റെ കാളവണ്ടിക്കു മാത്രമാണ് പട്ടണത്തില്‍ നിന്ന്‍ സാധനങ്ങളുമായി ഈ കവല വരെ എത്താനായത്. അന്നുമുണ്ടായി പാട്ട കൊട്ടും ചാണകവെള്ളമൊഴിക്കലും. മുത്തച്ഛനൊന്നു പതറിയപ്പോള്‍ കുറ്റിക്കോല്‍ ഊരാന്‍ വന്നവനെ കാളകള്‍ വാലുമടക്കി അടിച്ചു. അവ നിയന്ത്രണങ്ങള്‍ ഭേദിച്ച്ആശുപത്രിക്കവലയിലേയ്ക്ക് കുതിച്ചു. ചാണകവെള്ളം\ തട്ടിത്തെറിപ്പിച്ച് പരിഹാസക്കാരെ കുളിപ്പിച്ചു. ആളുകള്‍ ചെയ്യാന്‍ മടിച്ചത് കാളകള്‍ ഏറ്റെടുക്കുകയായിരുന്നു. ആളുകള്‍ തോറ്റുപോയിടത്ത് കാളകള്‍ ജയിച്ചു. മുത്തച്ഛന്‍ അന്നു തുടങ്ങിയ കടയാണിത്.
ഒന്ന് നിറുത്തി അവന്‍ മുഖം കുനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: എനിക്കിതൊന്നും അറിയില്ലായിരുന്നു. അങ്ങനെയെങ്കില്‍ മാധവാ നീയീ കട നിറുത്തരുത്.
അവന്‍ പിന്നെയും പറയാന്‍ തുടങ്ങി.
നിനക്കതു പറയാം. ആളുകളെല്ലാം ഇപ്പോള്‍ പട്ടണത്തിലെ വലിയ കടകളിലേയ്ക്കാണ് പോകുന്നത്. ഇവിടെ ഇത്തരം അര കിലോ കടങ്ങളേയുള്ളൂ.കട നിറുത്തിപ്പോയാല്‍ പണം കിട്ടാനുള്ളവരെല്ലാം ഒന്നിച്ചുവന്ന്‍ വീടുവളയുമെന്ന്‍ പേടിച്ചിട്ടാണ് ഞാനിത് തുറന്നുവെയ്ക്കുന്നത്. നിറുത്താന്‍ ഒത്തിരി കാശ് ഒന്നിച്ചു വേണം.. തുറന്നിരുന്നാല്‍ മുതല്‍പ്പണം പതുക്കെപ്പതുക്കെ നഷ്ടത്തിലേയ്ക്ക് ഒലിച്ചു തീരുമെന്നേയുള്ളു. കഴിഞ്ഞ മാസം കുറച്ചു ദിവസം കട തുറക്കാത്തത് പാവലിനടിക്കാന്‍ വച്ചിരുന്ന മരുന്ന് ഞാനടിച്ചതുകൊണ്ടാണ്. ഭാര്യ വന്നു കഴുത്തിനു കുത്തിപ്പിടിച്ച് അത് ഛര്‍ദ്ദിപ്പിച്ചു. കുറച്ചു നീലമഷി അവളെന്നെ കുടിപ്പിച്ചു. പരമശിവന് ഒരു കൂവളത്തില മാല നേര്‍ന്നു. ആശുപത്രിയില്‍ നിന്ന്‍ പെട്ടിയില്‍ പോരേണ്ട ഞാന്‍ നടന്നു വീട്ടില്‍ പോന്നു.
അപ്പോഴേയ്ക്കും രണ്ടു കിലോ അരി കടം മേടിക്കാന്‍ ഒരു ലുങ്കിക്കാരന്‍ വന്നു കഴിഞ്ഞിരുന്നു. കണ്ണു തുടച്ച് രണ്ടു കിലോയുടെ കട്ടി തപ്പിയെടുത്ത് അവന്‍ തൂങ്ങിയാടുന്ന ത്രാസില്‍ വയ്ക്കുന്നത് ഞാന്‍ നോക്കിയിരുന്നു.
Comments
Print Friendly, PDF & Email

മാതൃഭൂമി വിഷുപ്പതിപ്പിലെ സാഹിത്യമത്സരത്തിലൂടെ മുഖ്യധാരയിലേയ്ക്ക് കടന്നു വന്ന എഴുത്തുകാരന്‍. മലയാളത്തിലെ പ്രമുഖപ്രസിദ്ധീകരണളിലെല്ലാം കഥകളെഴുതിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. സ്വദേശം കോടനാട്. പ്രാവുകളുടെ ഫ്രെഡ്ഡി, ഭൂമി മുറിച്ചൊരു വാതില്‍, കടല്‍‌വീട് എന്നീ ചെറുകഥാസമാഹാരങ്ങളും എതിരടയാളത്തിന്‍റെ ആത്മകഥ എന്ന നോവലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

You may also like