പൂമുഖം EDITORIAL ഉത്സവത്തെരുവില്‍ നിന്ന് വീണ്ടും – ടോറോന്റോ ഫിലിം ഫെസ്റ്റിവൽ ഭാഗം 2

ടൊറോന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, മലയാളനാട് വാരികയ്ക് വേണ്ടി ഫെസ്റ്റിവൽ സെന്ററിൽ നിന്നും നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് ശ്രീ. സുരേഷ് നെല്ലിക്കോട് : ഉത്സവത്തെരുവില്‍ നിന്ന് വീണ്ടും – ടോറോന്റോ ഫിലിം ഫെസ്റ്റിവൽ ഭാഗം 2

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

tifi0

ടൊറന്റോ ഫെസ്റ്റിവൽ റിപ്പോർട്ട് – രണ്ട്

മീരാ നയ്യാര്‍ സം‌വിധാനം ചെയ്ത ‘ക്വീന്‍ ഒഫ് കത്‌വേ’യുടെ ആഗോള പ്രദര്‍ശനോദ്ഘാടനവേദിയായിരുന്നു സെപ്തംബര്‍ 10, ശനിയാഴ്ച. പൂര്‍ണ്ണമായും യുഗാണ്ടയില്‍ ചിത്രീകരിച്ച, വാള്‍ട്ട് ഡിസ്‌നി നിര്‍മ്മിച്ച ചിത്രം. അതിന്‍റെ സം‌വിധായികയായി മീര നയ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടതു തന്നെ നമുക്കോരോരുത്തര്‍ക്കും അഭിമാനമുളവാക്കിയ ഒരു വാര്‍ത്തയായിരുന്നു. ഇതൊരു ജീവിതകഥ (biopic) യാണ്‌. കമ്പാലയിലെ ചേരിപ്രദേശത്ത് പട്ടിണിയോടു മല്ലിട്ട് ജീവിക്കേണ്ടി വന്ന ഹാരിയറ്റ് മുതേസി എന്ന വിധവയായ അമ്മ സ്വന്തം മകള്‍ ഫിയോനയെ വളര്‍ത്തി വലുതാക്കി അറിയപ്പെടുന്ന ചെസ്സ് താരമാക്കി മാറ്റിയതാണ്‌ ഈ ചിത്രത്തിന്‍റെ മൂലകഥ. ഇതിലെ അമ്മയായി അഭിനയിക്കുന്നത് ലുപീറ്റ ന്യോംഗോ ആണ്‌. ഓര്‍മ്മയില്ലേ, 2013 ല്‍ പുറത്തുവന്ന ‘ട്വെല്‍വ് ഇയേഴ്‌സ് എ സ്ലേവ്’ എന്ന ചിത്രം വഴി ഓസ്ക്കര്‍ പുരസ്ക്കാരം നേടിയ കറുപ്പിന്‍റെ സുന്ദരി. ടിഫിന്‍റെ (TIFF) ഇടവഴികള്‍ ഓസ്ക്കര്‍ പുരസ്ക്കാരവേദിയിലേയ്ക്കുള്ള കുറുക്കുവഴികളായാണ്‌ ചലച്ചിത്രലോകം കാണുന്നത്. ഈ 33 കാരി ജീവിതത്തില്‍ ഇതുവരെ അമ്മയായിട്ടില്ല. അതുകൊണ്ടു തന്നെ ശുഭാപ്തി വിശ്വാസിയായ ഒരമ്മയുടെ വേഷം ഇവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. ആകെ ചെയ്തത് ‘ജംഗിള്‍ ബുക്കി’ലെ അമ്മച്ചെന്നായ ആണ്‌. രക്ഷ. അതും ശബ്ദം മാത്രമേ വേണ്ടിവന്നുള്ളു.

‘ക്വീന്‍ ഒഫ് കത്‌വേ’ യുടെ സാക്ഷാത്‌ക്കാരദൗത്യം ലഭിക്കുമ്പോള്‍ ഹാരിയറ്റ് എന്ന അമ്മവേഷം ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു നടിയേ മീരാ നയ്യാറുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. അത് ലുപീറ്റ ന്യോംഗോ തന്നെ ആയിരുന്നു. ലുപീറ്റയെ സംബന്ധിച്ചാണെങ്കിലും, ഈ യാത്രയിലെ കപ്പിത്താനായി മീരയെ തന്നെ കിട്ടിയത് അതിലേറെ സന്തോഷിക്കാനുള്ള വക നല്‍കി. കാരണം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മീര യുഗാണ്ടയിലായിരുന്നു. പിന്നെ അവരുടെ പുരസ്കാര ചരിത്രങ്ങളും ലുപീറ്റയ്ക്ക് ധൈര്യം പകര്‍ന്നു. സം‌വിധായികയ്ക്കാണെങ്കില്‍ ലുപീറ്റയുടെ ‘അമ്മ’യെ താരതമ്യപ്പെടുത്താന്‍ കിട്ടിയ ഒരേ ഒരാള്‍ ബെര്‍റ്റോള്‍റ്റ് ബ്രെക്തിന്‍റെ ‘മദര്‍ കറേജും’!

tifi2                                     ഡേവിഡ് ഒയെലോവോ, മദീന നാല്‍വാംഗോ – ക്വീന്‍ ഒഫ് കത്‌വേ

മീരയ്ക്ക് കമ്പാലയില്‍ ഒരു ചലച്ചിത്ര വിദ്യാലയമുണ്ട്. മയ്‌ഷാ ഫിലിം ലാബ്. ലാഭേതരലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം. അവിടുത്തെ നിര്‍മ്മാണസഹായി ആയിരുന്നു, ലുപീറ്റ. പിന്നെ മീര 2007 ല്‍ ‘ദ നെയിംസെയ്‌ക്’ എടുക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ സഹായിയായി കൂടെയുണ്ടായിരുന്നു. ആ ഇടപഴകലുകള്‍ അവര്‍ക്ക് പരസ്പരവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കി. ചേരിയിലെ അമ്മമാരോടൊപ്പം ലുപീറ്റ അവരുടെ ആഗ്രഹങ്ങളും സ്വപ്ങ്ങളും തേങ്ങലുകളും പങ്കിട്ടു. സ്കൂള്‍ മുടക്കി തെരുവില്‍ സാധനങ്ങള്‍ വിറ്റു നടക്കുന്ന കുട്ടികളോടൊപ്പം നടന്ന് അവരുടെ മനസ്സുകള്‍ക്കുള്ളില്‍ കയറിയിറങ്ങി. അവരോടൊപ്പം അങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങി. യുഗാന്‍ഡന്‍ ഭക്ഷണമുണ്ടാക്കാന്‍ പഠിച്ചു. ചിത്രത്തിലെ പ്രായം കുറഞ്ഞവനായ രണ്ടുവയസ്സുകാരന്‍ ഐവന്‍റെ പേടി മാറ്റാന്‍ അവിടുത്തെ ഭാഷ പഠിച്ചു. അങ്ങനെ ലുപീറ്റ, ഹാരിയറ്റായി ചിത്രത്തില്‍ പരകായപ്രവേശം നടത്തി.

tifi4

                                                            മീര നയ്യാര്‍ ലുപീറ്റയോടും ഡേവിഡിനോടുമൊപ്പം

ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഫിയോന അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയായിരുന്നു. ജീവിക്കാനായി, അമ്മയെ സഹായിക്കാനായി അവളും സഹോദരങ്ങളും തെരുവിലെ വാഹനക്കുരുക്കള്‍ക്കിടയിലൂടെ ചോളമണികള്‍ വിറ്റു നടന്നു. ആ അവസ്ഥയില്‍ നിന്നു തുടങ്ങിയ യാത്ര അവളെ ചെസ്സ് ചാമ്പ്യനാക്കി മാറ്റുകയാണ്‌.

ഫിയോനയുടെ വേഷം ചെയ്യുന്നത് മദീന നല്‍‌വാംഗ എന്ന പെണ്‍കുട്ടിയാണ്‌. ഓരോരുത്തരും അവരവര്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട വേഷങ്ങള്‍ ചിത്രത്തില്‍ ഭംഗിയായി ചെയ്തിരിക്കുന്നു.

നെയ്റ്റ് പാര്‍ക്കറുടെ ചിത്രമായ ‘ബെര്‍ത്ത് ഒഫ് എ നേഷനും’ മീരാ നയ്യാറുടെ ഈ ചിത്രവും ഓസ്ക്കര്‍ വേദിയിലെ കറുപ്പഴകുകളുടെ എണ്ണം കൂട്ടും എന്ന പ്രതീക്ഷയില്‍ നില്‍ക്കുന്നവരാണധികവും.

‘എ ഡെത്ത് ഇന്‍ ദ ഗഞ്ച്’ കൊങ്കണാ സെന്‍ ശര്‍മ്മയെ ഇക്കുറി നവാഗതസം‌വിധായികയാക്കി ക്യാമറയ്ക്ക് പിന്നില്‍ നിറുത്തി. സിനിമ ഒരു നവ്യാനുഭവമായിരുന്നു. ഓം പുരി, വിക്രാന്ത് മാസി, തിലോത്തമാ ഷോം, കാല്‍ക്കി കേക്‌ലന്‍ എന്നിവരാണ്‌ മറ്റു പ്രധാനവേഷങ്ങളില്‍.

ഇന്നലെ ‘ഇന്‍ കോണ്‍‌വെര്‍സേഷന്‍ വിത് മീര’ തേടി വന്ന ബീനാ പോളിനെ ഇന്‍ഡസ്‌ട്രി ഓഫീസില്‍ വച്ച് ഇന്നു വീണ്ടും കണ്ടു. ബീനയോടു സംസാരിച്ചു തിരിയുമ്പോള്‍ അതാ രണ്ടുപേര്‍ പതുക്കെ സംസാരിച്ചു വരുന്നു. ഏതോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെന്നു കരുതി നോട്ടം പിന്‍‌വലിച്ചെങ്കിലും പെട്ടെന്ന് മനസ്സോര്‍മ്മിപ്പിച്ചു: ഷേര്‍ലി എബ്രഹാമും അമിത് മധേഷിയയുമല്ലേ അത്?

പിടികൂടി ചോദിച്ചു: ‘സിനേമ ട്രാവെലേഴ്‌സ്’ അല്ലേ, ഷേര്‍ലി ആന്‍റ് അമിത്?

താരപ്രഭാവമില്ലാത്ത, പത്രങ്ങളാഘോഷിക്കാത്ത, നവാഗത ഡോക്യുമെന്‍ററി സം‌വിധായകരെ ആദ്യമായി തിരിച്ചറിഞ്ഞ അപരിചിതന്‍റെ മുടിഞ്ഞ ധൈര്യത്തിനൊരു ‘ഹൈഫൈവ്’ പറഞ്ഞ്‌ അവര്‍ എന്നോടൊപ്പം പടമെടുത്തു.

കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നിന്നു വന്നിരുന്ന മാധ്യമസുഹൃത്തുക്കള്‍ ഇത്തവണ വീണ്ടും ഒരുമിച്ചു തന്നെ. ഫൈസല്‍ ഖാനും (ഇക്കണോമിക് ടൈസ്) സയ്ബാല്‍ ചാറ്റര്‍ജിയും (NDTV).

സയ്‌ബാല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: യെസ് വി സ്റ്റില്‍ റിമെയ്ന്‍ പാര്‍ട്‌ണേഴ്സ് ഇന്‍ ക്രൈം!

പിന്നെ, മഴയുടെ മൂന്നാമത്തെ ഇന്‍സ്റ്റാള്‍മെന്‍റ് പെയ്ത്ത്.

 tifi3

സിനേമ ട്രാവെലേഴ്‌സിന്‍റെ സം‌വിധായകര്‍ ഷേര്‍ലി എബ്രഹാമും, അമിത് മധേഷിയയും ലേഖകനോടൊപ്പം

ഇനിയും എന്‍റെ കൂടെ നിന്നാല്‍ ‘കഴിഞ്ഞ ടിഫിലുണ്ടാണ്ടായിരുന്ന വിളക്കുകാല്‍ അതാ ഇത്തവണയും’ എന്നു പറഞ്ഞ് എല്ലാ ലാം‌‌പ് പോസ്റ്റിനോടും ഞാന്‍‌ സംസാരിക്കാന്‍ നില്‍ക്കുമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന കറുത്ത കാനഡക്കാരി ഈഡയും ഫ്രെഞ്ചുകാരി ജൊവാനയും എന്നെ മഴ നനയാന്‍‌വിട്ട് ടിഫിന്‍റെ വണ്ടിയില്‍ തള്ളിക്കയറിക്കൂടി.

അപ്പോഴും താരസം‌വിധായകന്‍ ഇവന്‍ മക്‌ഗ്രിഗര്‍ (അമേരിക്കന്‍ പാസ്റ്റൊറല്‍), നടി ഷൈലീന്‍ വുഡ്‌ലി (സ്നോഡെന്‍) എന്നിവരെ കാണാനും സെല്‍‌ഫിയെടുക്കാനും കൈയൊപ്പു വാങ്ങാനുമായി ആരാധകര്‍ മഴ നനയുന്നുണ്ടായിരുന്നു.

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like