പൂമുഖം LITERATURE പേരില്ലാത്ത കവിത

പേരില്ലാത്ത കവിത

ീളത്തില്‍,
ഒറ്റ നിരയില്‍
അടുക്കി വെച്ചിരിക്കുന്ന
കപ്പേളക്കൂട്ടങ്ങള്‍
അവനവനുകളുടെ
കണ്ണിലൊന്നുമെത്താതെ
അവളവളുകളെ തുറന്നുവിടുന്ന
ഒളിത്താവളങ്ങള്‍
അഴകളവുകളുടെ
ആരോഹണ,ചതുരകട്ടകള്‍ ഒട്ടിച്ച്‌,
പൂപ്പല്‍ പിടിച്ച
മതില്‍ പൊക്കങ്ങള്‍
കരിമ്പനടിച്ച വാതില്‍പ്പാളികള്‍
പിളരുമ്പോള്‍
ഇടയ്ക്കിടെ, കളയാന്‍ മറക്കുന്ന
ബ്ലഡി പാക്കറ്റ്സ്,
തേങ്ങലുകളുടെ രൂപകൂടുകള്‍,
നൂലുവീഴുന്ന ഏങ്ങലുകള്‍ക്കിപ്പുറം
പിഞ്ചുന്ന ശബ്ദം പോലെ
നേര്‍ത്ത്‌ കേള്‍ക്കുന്ന
രതിമൂര്‍ച്ഛകള്‍
ഒറ്റയ്ക്കല്ലെന്ന് ഓര്‍മിപ്പിക്കുന്ന
തീണ്ടാരിപെട്ട പല്ലി
പുഴുക്കുത്തേറ്റ ഓടാമ്പലിനപ്പുറം
എന്നെത്തന്നെ അഴിച്ചു വെയ്ക്കുന്നു
ഒന്നാം ഉടുപ്പ് ,രണ്ടാം ഉടുപ്പ്,
ദേഹം തന്നെയും
എന്നിട്ട് ,
ഉണങ്ങിപ്പോയൊരു മുറിവില്‍
പല്ലാഴ്ത്തുന്നു
രക്തം ചിന്തുന്ന, മുറിപ്പെട്ട,
ഹൃദയ വക്കുകള്‍
എണ്ണ മണക്കുന്ന, ഉപ്പ് ചവയ്ക്കുന്ന
ചെങ്കല്‍ നിറമുള്ള കള്ളികളില്‍
എന്‍റെ വാസ്തുപുരുഷന്‍ കിടക്കുന്നു
അവന്‍റെ കാലുകള്‍,
കൈയുകള്‍, കണ്ണുകള്‍
എതിര്‍ക്കപ്പെടുന്ന ഒഴിഞ്ഞ കോണില്‍
സ്ഥാനം തെറ്റിപ്പോയൊരു
പള്ളി പണിതിട്ടുണ്ട്
ചൂടുവെള്ളത്തിന്‍റെ സാന്ദ്രതയില്‍
ഉപ്പുനീരൊഴുക്കി വിടുന്നു
ആണാധിപത്യത്തെ വെല്ലുവിളിച്ച്,
മെലിഞ്ഞുണങ്ങിയ ഉടലുകൊണ്ട്
ഒഴുക്കി വിടുന്നു
കല്ലുവെച്ച മുടിപിന്നുകള്‍
കളയാണ്ട് കോര്‍ത്തിണക്കിയ
തീണ്ടാരിപെണ്ണിന്‍റെ
ശ്രീകോവിലിനുള്ളില്‍ ,
മഴ നനഞ്ഞ പലർമകളുടെ
മുടികളിണ ചേരുന്നു
ഒഴുക്കു നീറ്റിലേയ്ക്ക് ….
ഓവുചാലിലെയ്ക്ക് എടുത്ത
സങ്കട കണക്കുകള്‍
കുളിച്ചു തീരാത്ത ദിവസങ്ങളില്‍
ഇടയ്ക്കിടെ നില തെറ്റുന്നു
നശിച്ചു പോകട്ടെ !
നാശം !
ഞാന്‍ മരിച്ചു പോകട്ടെ !
പള്ളിമേടയിലോ,
ആശുപത്രികിടക്കയിലോ അല്ലാണ്ട്
തീണ്ടാരിപെട്ട രക്തനിലങ്ങളില്‍
വീണു അന്ത്യപ്പെടട്ടെ !

Comments
Print Friendly, PDF & Email

യുവകവയിത്രി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സ്ഥിരമായി എഴുതുന്നു. മംഗളൂരുവിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി..

You may also like