LITERATURE കഥ

താഴിട്ടു പൂട്ടുന്ന സ്വകാര്യങ്ങൾ14068355_1207905169230922_1127864330382851647_o
ടി കയറുമ്പോള്‍ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വര്‍ദ്ധിച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഷനു മാറ്റങ്ങള്‍ അധികം വന്നിട്ടില്ല വര്‍ഷങ്ങള്‍ക്ക് ശേഷവും.

പരിചിതമുഖങ്ങള്‍ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരന്‍ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാന്‍ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവര്‍ ചിന്തിച്ചോട്ടെ. എത്രയോ നാളായി മനസ്സില്‍ കിടന്നു പിടയുന്ന ഒരാഗ്രഹമായിരുന്നു ഇവിടെ വരണമെന്ന്. യാത്രക്ക് ഒരു സാദ്ധ്യത തെളിഞ്ഞപ്പോള്‍ വീണ്ടുമൊരാലോചന വേണ്ടി വന്നില്ല. പോര്‍ട്ടിക്കോവില്‍ ടാക്‌സിക്കാരുടെ ബഹളം ഉയര്‍ന്നു പൊങ്ങി.

റൂംബോയ് മുറിക്ക് മുന്നില്‍ തയ്യാറായി കാത്തു നിന്നിരുന്നു. അപ്പോഴാണ് വാതിലില്‍ എഴുതി വെച്ചത് ശ്രദ്ധിച്ചത്. നൂറ്റിപ്പതിനാല്. കാലെടുത്തു വെക്കുമ്പോള്‍ ആകസ്മികതയില്‍ മനസ്സൊന്നു തെന്നി. ഒരു ബലത്തിനെന്ന പോലെ കണ്ണടയില്‍ മുറുക്കിപിടിച്ചു. വാതില്‍ താനെ അടഞ്ഞു. ലോകം പുറത്തായി. ഒരു നെടുവീര്‍പ്പിന്‍ ചൂടില്‍ വിയര്‍ത്തു. ഒരു മാറ്റങ്ങളുമില്ലാതെ അതേ മുറി. ചുമരില്‍ അലങ്കരിച്ചിരുന്ന പെയ്ന്റിംഗിന് കൂടുതല്‍ ശോഭ വന്നതുപോലെ. വൈകാരികതയുടെ ഒരു പരല്‍മീന്‍ പിടഞ്ഞു. അടച്ചിട്ട മുറിയിലെ ഏക കാഴ്ച അതായിരുന്നു. ബാത്ത് റൂമില്‍ നിന്ന് മുടി തോര്‍ത്തിയിറങ്ങി തലയുയര്‍ത്തുമ്പോഴും പിണക്കത്തോടെ ചരിഞ്ഞുകിടക്കുമ്പോഴും അലാറത്തിലേക്ക് കൈയമര്‍ത്താന്‍ കണ്‍തുറക്കുമ്പോഴും ചുമരില്‍ അതുണ്ടായിരുന്നു. കാഴ്ചയിലെ നിശ്ചല ഉത്സവമായി.

ഷവറിനു താഴെ നില്‍ക്കുമ്പോള്‍ വിങ്ങലുകള്‍ അടങ്ങിയില്ല. വെള്ളത്തിനു നല്ല തണുപ്പുണ്ടായിരുന്നെങ്കിലും.

ഫ്രൈപാന്‍ പൊള്ളിയ കൈത്തണ്ടയിലെ നീറ്റല്‍ നിലച്ചിട്ടില്ല. ഇപ്പോള്‍ തൊണ്ട വേദനയും. ഈ കുളി വിയര്‍പ്പില്‍ നിന്നുള്ള മോചനമാണ്. ഈ യാത്രയും. വരണ്ട തൊണ്ടയിലേക്ക് ചൂടുവെള്ളം പകര്‍ന്ന് കിടക്കയിലേക്ക് അമര്‍ന്നു. കൂട്ടിനു ഗസല്‍ സംഗീതം വന്നു. കര്‍ട്ടനുകള്‍ ഇളകുന്നത് ഗസലിനൊപ്പം നല്ല കാഴ്ചയായിരുന്നു. മനസ്സിളകിയത് എന്നും സംഗീതത്തിനൊപ്പമായിരുന്നു. വാതിലില്‍ മുട്ട് സംഗീതത്തെ മുറിച്ചു. റൂം ബോയ് ആണെന്നറിഞ്ഞിട്ടും ഒരു ജിജ്ഞാസയെ മനസ്സിലേക്ക് നിറച്ചു.

വര്‍ഷങ്ങള്‍ എത്ര വിടവുകള്‍ സൃഷ്ടിച്ചു. വിധിയെന്ന് പഴിച്ച എത്ര വര്‍ഷങ്ങള്‍. അതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍. കൂട്ടത്തില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന വെള്ളിമുടിക്കീറുകള്‍ വര്‍ഷങ്ങളുടെ അന്തരത്തെ പെരുപ്പിക്കുന്നു.

എന്നിട്ടും ഈ നിമിഷങ്ങള്‍ സുഖം തരുന്നു. ഉള്ളില്‍ ഞാനനുഭവിക്കുന്ന ഭ്രാന്തിന്റെ സുഖം. എന്റെ മാത്രം സുഖം എന്റെ മാത്രം ഭ്രാന്ത്.

കണ്ണുകള്‍ അടഞ്ഞു പോകുന്ന അവസ്ഥ. ഉറക്കമല്ല അത് തോന്നല്‍ മാത്രമാണെന്നറിഞ്ഞു. മാഗസിനുകള്‍ തുറന്നു. പേജുകള്‍ക്ക് മീതെ പേജുകള്‍ മൂടി വെച്ചു.

എയര്‍കണ്ടീഷണറുടെ നേരിയ മുരള്‍ച്ചക്കൊപ്പം ഓര്‍മ്മകളുടെ അലസ സഞ്ചാരം. ഭാരതിട്ടീച്ചറുടെ റിട്ടയര്‍മെന്റ് ഫംങ്ഷനാണ് രേവതി നിര്‍ബന്ധമായും വരണം. വരാതിരിക്കാനായില്ല. ബഷീറിനേയും കുഞ്ഞേടത്തിയേയും തുര്‍ഗനേവിനേയുമൊക്കെ ജീവിതത്തിലേക്ക് തന്ന മാഷാണ്. വിളിച്ചാല്‍ എങ്ങനെ വരാതിരിക്കും. പുസ്തകത്തില്‍ കോറി വരച്ച ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നതും അക്ഷരങ്ങളെ മുറുകെ പിടിച്ചോളൂ അതാവും നിന്റെ വഴിയെന്ന് പറത്തി വിട്ടതും മാഷായിരുന്നു.

രാവിലെയാണ് പരിപാടി. പുലര്‍ച്ചെ പുറപ്പെട്ടാലും മതിയായിരുന്നു. ഓര്‍മ്മകളുടെ വെള്ളിക്കീറുകളെ രാത്രിയുടെ കരിമ്പടത്തിന്‍ കീഴില്‍ കുറച്ചുനേരം പൂട്ടി വെക്കണമെന്നത് ഒരാഗ്രഹമായിരുന്നിരിക്കണം. കണ്‍തടങ്ങളില്‍ കാലം കലര്‍ത്തിയ കറുപ്പ് കണ്ണാടിയില്‍ നിന്നും തൊട്ടറിഞ്ഞു. മഴവില്‍തിളക്കം മടങ്ങി വരില്ല.

റിസപ്ഷനില്‍ വിളിച്ച് ഭക്ഷണം പറഞ്ഞു. അടുക്കളയില്ലാത്ത ഒരു ദിവസം. എന്നിട്ടും എന്റെ കണ്‍തടങ്ങള്‍.

രണ്ട് ദിവസം ഉണ്ടാവില്ല എന്ന പറഞ്ഞിറങ്ങുമ്പോള്‍ മറുചോദ്യം ഉണ്ടായില്ല. ഒരു രോഷം പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ എന്റെയുള്ളില്‍. അതിനെ അഭിമുഖീകരിക്കാതിരിക്കുകയാവും നല്ലതെന്നും തോന്നിയിട്ടുണ്ടാവും. കുട്ടികളോട് നാട്ടിലേക്ക് എന്ന് മാത്രം പറഞ്ഞു. അവര്‍ക്കത് മതി. ഒരു വാക്കില്‍ ഒരു നോട്ടത്തില്‍ എല്ലാം അവര്‍ക്ക് മനസ്സിലാവുന്നു.

ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ട്. ചൂടാക്കി കഴിച്ചോളൂ, ഇറങ്ങുമ്പോള്‍ പറഞ്ഞു.

എത്രയെത്ര വേഷങ്ങള്‍. കുടുബവും നിയമങ്ങളും. മറ്റുള്ളവര്‍ കുത്തിത്തരുന്ന ചുട്ടികള്‍ക്കൊത്ത് ആടുന്നവള്‍.

മുറിവുകള്‍ പൊള്ളുന്ന വേനലില്‍ ആശ്വാസമാവുന്നത് ഓര്‍മ്മകളിലെ ചില പച്ചപ്പുകളാണ്. അകന്നകന്ന് പോയവന്‍. സ്വാതന്ത്ര്യത്തിന് ഒരുപാട് ആകാശങ്ങളുണ്ടെന്ന് കവിതയെഴുതിയവന്‍. ഒടുവില്‍ നിസ്സഹായതയുടെ ചുഴിയില്‍ ഗതിയില്ലാതെ നിന്നപ്പോള്‍…

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.

അവസാനനാളുകളില്‍ അച്ഛന്റെ കണ്ണുകളിലെ ആഴം കണ്ട് ഞാന്‍ ഭയപ്പെട്ടിട്ടുണ്ട്. പാറിനടന്ന എന്റെ ബാല്യം. അച്ഛന്റെ കീശയിലെ കാശുമായി മമ്മദ്ക്കാന്റെ കടയിലെ നാരങ്ങാ മിഠായിക്കായി കൈ നീട്ടിയ പാവാടയിലെ കുസൃതി. തൊട്ട വീടുകളിലെ നാല്‍വര്‍ സംഘവുമായി കുളത്തിലെ കെട്ടിമറിച്ചില്‍.

അന്നും ഉറക്കത്തോട് തല തിരിഞ്ഞാണ് നടപ്പും കിടപ്പും. ഉറക്കത്തേക്കാള്‍ സ്വപ്നം കാണലില്‍ ആയിരുന്നു അഭിരമിച്ചിരുന്നത്. പകല്‍സ്വപ്നങ്ങള്‍ മനോരാജ്യങ്ങള്‍.

കോളിംഗ് ബെല്‍ ഉണര്‍ത്തി.

ഭക്ഷണത്തില്‍ കൈ വെച്ചു. കഴിക്കാന്‍ തോന്നുന്നില്ല. സംഗീതം നിലച്ചിരുന്നില്ല. ഒരിക്കലും നിലക്കാത്ത സംഗീതമായി ജീവിതം ചിറകു വിരിച്ചെങ്കില്‍.

ഒഴുകുന്ന ജാലകവിരി കൈയിലെടുത്തു വകഞ്ഞുമാറ്റി. ഫോണില്‍ മെസ്സേജ് വന്നതിന്റെ ശബ്ദം. ജിതിനാണ്. ഉറങ്ങിക്കോളൂ എന്ന മറുപടിയെഴുതി.

അകലെ കുന്നില്‍ ഒരൊറ്റ വീട്. അതിനെ എന്റേതാക്കി സങ്കല്‍പ്പിച്ചു. അവിടെ നിന്ന് നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍. അവിടെ നിറയുന്ന ഏകാന്തത. മേഘങ്ങളെ തൊടാന്‍ കഴിയുന്ന ഉയരം. കാഴ്ചയിലെ കാടുകള്‍, കേള്‍വിയിലെ കടലിരമ്പം.

നേരത്തെ ഉണര്‍ന്നു. മനസ്സില്‍ നിന്ന് ഒരു ദിവസത്തെ വെട്ടിച്ചുരുക്കി. ഇന്നു തന്നെ മടങ്ങണം. മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നുകൂടി ആ നമ്പറിലേക്ക് നോക്കി.

ദിശ തെറ്റാതെയുള്ള തീവണ്ടി യാത്രയെ ജീവിതത്തോടുപമിച്ചു നോക്കി. അവസാനിക്കാത്ത ഇരമ്പങ്ങളെ മനസ്സിനോട് ചേര്‍ത്തുനോക്കി. ഒരു രാത്രിയുടെ സന്തോഷങ്ങളെ ഒരു യാത്രയുടെ സ്വാതന്ത്ര്യത്തെ ഓര്‍മ്മകളുടെ അഭിനിവേശങ്ങളെ താഴിട്ടു പൂട്ടി. ഉണങ്ങാത്ത മുറിവുകളേയും ഇറക്കി വെക്കാനാവാത്ത ഭാരങ്ങളേയും കുരിശെന്ന പോലെ പേറി.

Comments
Print Friendly, PDF & Email

About the author

രതി പതിശ്ശേരി

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.