പൂമുഖം LITERATURE തോക്ക്

(അരുതേയെന്ന ഉണ്ട)

്രലോഭനങ്ങളുടെ
തീവണ്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു
നമ്മളെന്നുറപ്പിക്കുമ്പോൾ
അകത്തോപുറത്തോയെന്ന്
കാഴ്ചകളെ
മനോനില തെറ്റിയ്ക്കുന്നു
ഞങ്ങളിരുന്ന
ബോഗിയുടെ ജനാലകൾ
ഉരുകിപ്പോകുന്ന
പാളത്തിലേക്കിറങ്ങുന്നു
കാറ്റിന്റെ വേഴ്ചയിൽ
വണ്ടി വായ്നോട്ടക്കാരുടെ നഗരത്തിൽ നിന്നും
കരിമ്പനകൾക്കിടയിലേക്ക്
വെട്ടിച്ചു കയറുന്നു
ചുണ്ടുകൾക്കിടയിൽ
പെട്ടുപോയൊരു രാജ്യം
പൊടുന്നനെ
അതിരുകൾ നീട്ടിവരക്കുന്നതറിഞ്ഞ്
ഞങ്ങളൊരു യുദ്ധത്തെ കുറിച്ചു
സംസാരിക്കുന്നു
കാറ്റ് കിതയ്ക്കുന്ന രണ്ടു പതാകകളേന്തിവരുന്നു
പ്രണയത്തിന്റെ യുദ്ധക്കുറ്റവാളികളേയെന്ന്
അഭിവാദ്യം ചെയ്ത്
സഹയാത്രികരൊന്നൊന്നായ്
ഇറങ്ങിപ്പോകുന്നു
ഞാനുമവളും നേർക്കുനേർ
ഉന്നം പിടിക്കുന്നു
നിശബ്ദത
അകത്തുകയറി വാതിലടക്കുമ്പോൾ
ഞങ്ങളൊരു തുരങ്കത്തിലൂടെയോടുന്നു
പുറത്ത്
ചിറക് തളർന്നൊരാകാശം
കണ്ണിൽ സ്ഖലനമുറ്റിച്ച
നക്ഷത്രത്തെയോർക്കുന്നു
ഞങ്ങളപ്പോൾ
കാലുകൾ പിണച്ച്
പാളങ്ങളുണ്ടാക്കുന്നു
മുൻപൊരിക്കലും
പരിചയപ്പെടാനിടയില്ലാത്തൊരു
നദിയിലേക്കിറങ്ങുന്നു
ഒരോ തീവണ്ടിയാപ്പീസിലും
കാത്തിരുന്നു മടുത്തവരെകുറിച്ചോർമ്മിക്കുന്നു
പൊരുതിക്കയറുന്നിടത്തുവെച്ച്
തോറ്റുപോയവരുടെ
ഗന്ധം നിറച്ച്
തീവണ്ടി ഞങ്ങളെ
ശ്വാസം മുട്ടിക്കുന്നു
ഭയത്തെ അലിയിച്ചുകളഞ്ഞ്
ഞങ്ങൾ തോക്കുകളിൽ
അരുതേയെന്ന ഉണ്ട നിറക്കുന്നു
പരസ്പരം നിറയൊഴിക്കുന്നു
കൊല്ലപ്പെടുന്നു
തളർന്നുപോയ തീവണ്ടിയിലേക്കപ്പോൾ
ഇരയ്ക്കും ചൂണ്ടക്കൊളുത്തിനുമിടയിൽ
കഫംകൊത്തിമറയുന്ന
മീനുകളിരച്ചുകയറുന്നു
ഇരുകരയിലും ആളുകൾ
ജിജ്ഞാസയുടെ ചൂട്ടുകത്തിച്ച്
തിരഞ്ഞു പോകുന്നു
അവജ്ഞയുടെ
രണ്ട് ശവങ്ങളെ
കരയ്ക്കെത്തിക്കുന്നു
ഓർമ്മകൾ
വെടിക്കെട്ടുപോലെ
ആൾക്കൂട്ടത്തിൽ ചിതറിപ്പോകുന്നു
പ്രണയം
മറവിയുടെ നഗരത്തിലേക്കുമാറി
മറ്റൊരു തീവണ്ടിയിലേക്ക്
തന്റെ ചിനയുള്ള വെള്ളകുതിരകളെ
തുറന്നുവിടുന്നു
ചേർത്തടച്ചചുണ്ടുകളിലേക്കുന്നം വെയ്ക്കാൻ
പിന്നെയും
അരുതേയെന്ന ഉണ്ട നിറച്ച
തോക്കുകൾ
തുടച്ചു മിനുക്കുന്നു.

Comments
Print Friendly, PDF & Email

മലപ്പുറം ജില്ലയിലെ തിരൂർ - ഏഴൂർ സ്വദേശി.
ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.
പിരിച്ചെഴുത്ത് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You may also like