പൂമുഖം OPINION താച്ചറുടെ മക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നത്

മാര്‍ഗററ്റ് താച്ചറെന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പ്രതിഭാസത്തെമനസ്സിലാക്കിയാല്‍ ഇന്നത്തെ ഹിതപരിശോധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ചരിത്രവല്‍ക്കരിക്കാമെന്ന് കരുതുന്നു: ബ്രെക്സിറ്റിനെ കുറിച്ച് എന്‍.പി.ആഷ്ലി എഴുതുന്നു.: താച്ചറുടെ മക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നത്

ൂണ്‍ 11 ശനിയാഴ്ച വൈകുന്നേരം ലിങ്കണില്‍ നിന്ന്‍ ലണ്ടന്‍ കിംഗ്സ് ക്രോസിലേയ്ക്കുള്ള ട്രെയിനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എനിക്കഭിമുഖമായി വാരാന്തത്തിന്‍റെ ആഘോഷത്തില്‍ മുങ്ങി ബോധം കെടുവോളം കുടിച്ചിട്ടുള്ള വെള്ളക്കാരായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. കണ്ടിട്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണെന്നു തോന്നി. ടിക്കറ്റ് കലക്റ്റര്‍ വന്നു ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഇവര്‍ ട്രെയിന്‍ മാറിയാണ് കയറിയിരിക്കുന്നത് എന്ന് മനസ്സിലായത്. ഇനി അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ലിങ്കണിലേയ്ക്ക് തിരിച്ചു പോകണം. ചെറുപ്പക്കാരന്‍ പാതി ഉറക്കത്തില്‍ ശാപവാക്കുകള്‍ പറയുന്നു. കുറച്ചെങ്കിലും ബോധമുള്ള യുവതി എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ അവരുടെ കൈയില്‍ നിന്ന്‍ ടിക്കറ്റ് താഴെ വീണു. അത് എടുത്തുകൊടുക്കവേ അവര്‍ എന്നോട് എന്തൊക്കെയോ പിറുപിറുത്തു. ബ്രിട്ടീഷ് പെരുമാറ്റത്തില്‍ ഒരിക്കലും വെളിവാകാത്ത പാരുഷ്യത്തോടെയായിരുന്നു യാതൊരു മുഖവുരയുമില്ലാത്ത അവരുടെ മോണോലോഗ്. യുണൈറ്റഡ് കിംഗ്ഡം യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വിട്ടുപോകണോ എന്ന വിഷയത്തില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയെപ്പറ്റിയാണ് പറയുന്നതെന്ന്‍ മനസ്സിലായത്‌ തന്നെ “Are you guys voting in?” എന്ന് കേട്ടതോടെയാണ്.’you guys’ന്‍റെ അര്‍ത്ഥം, ഏഷ്യക്കാരെന്നോ പുറത്തുനിന്നുള്ളവരെന്നോ ആകാം. അവരുടെ മന:സ്ഥിതി മനസ്സിലാക്കിയ ഞാന്‍ ഒരു അക്കാദമിക് സന്ദര്‍ശകനാണെന്നും വോട്ടില്ലെന്നും മറുപടി പറഞ്ഞു. ഇതൊക്കെ കേട്ട് അപ്പുറത്തെ സീറ്റില്‍ പേരക്കുട്ടികളോടൊത്ത് യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ ആരുമൊന്നും ചോദിക്കാതെ തന്നെ സംഭാഷണത്തിലിടപെട്ടു. “ഞാന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണം എന്ന പക്ഷക്കാരിയാണ്. “We are voting in‍- നിങ്ങളോ? നിങ്ങള്‍ ഏതു പക്ഷത്തിനാണ് വോട്ട് ചെയ്യുന്നത് ?” ഇതിനൊന്നും മറുപടി പറയാനുള്ള അവസ്ഥയിലായിരുന്നില്ല അവര്‍ രണ്ടുപേരും. എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കണം എന്ന്‍ ആ സ്ത്രീ വിവരിക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്ക് സ്റ്റേഷനെത്തി. ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഇറങ്ങിപ്പോയപ്പോള്‍ അവര്‍ അക്കാര്യം പറയുന്നത് നിര്‍ത്തി.

ആ ഇടപെടലില്‍ ഏറ്റവും സവിശേഷമായി എനിക്കനുഭവപ്പെട്ടത്‌ ആ സാഹചര്യത്തെ രാഷ്ട്രീയമായ തെരഞ്ഞെടുപ്പിന്‍റെ ചര്‍ച്ചാവേദിയായി മാറ്റേണ്ടത് സന്ദര്‍ഭത്തിന്‍റെ ധാര്‍മ്മികമായ ആവശ്യമാണെന്ന, ആലീസെന്നു പേരുള്ള ആ മധ്യവയസ്കയായ സ്ത്രീയുടെ തിരിച്ചറിവാണ്. അവര്‍ പഞ്ചാബി-ബ്രിട്ടീഷ് വംശജയായ (ഒറ്റ കാഴ്ചയില്‍ വെള്ളക്കാരിയെന്നേ പറയൂ) ലെസ്റ്ററെന്ന താരതമ്യേന ഉള്‍നാട്ടില്‍ താമസിക്കുന്ന, അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ടയാളാണ് എന്ന് തുടര്‍ന്നുള്ള യാത്രയില്‍ മനസ്സിലാക്കാനായി.

ഹിതപരിശോധനയെ കുറിച്ചുള്ള എന്‍റെ ആദ്യ സംഭാഷണമായിരുന്നു അത്. രണ്ടാഴ്ച നീണ്ട യു.കെ. സന്ദര്‍ശനത്തില്‍ ലണ്ടനിലേയും കാര്‍ഡിഫിലേയും ബെല്‍ഫാസ്റ്റിലേയും കേംബ്രിഡ്ജിലേയും പല തട്ടുകളിലുള്ള ആളുകളോട് ഞാന്‍ സംസാരിച്ചുവെങ്കിലും ഈ സംഭവം വേറിട്ട്‌ നില്‍ക്കുന്നത് പൊതുവെ നടത്തപ്പെട്ട നിരീക്ഷണങ്ങളില്‍ നിന്ന്‍ ഈ സംഭവത്തിലെ പങ്കാളികളുടെ സാമൂഹ്യപെരുമാറ്റത്തിലുള്ള വ്യത്യസ്തത കൊണ്ടാണ്. വര്‍ഗ്ഗപരവും വിദ്യാഭ്യാസപരവും പ്രാദേശികവും പ്രായപരവുമായ വിഭജനങ്ങള്‍ വോട്ടിംഗ് പാറ്റേണുകളിലുണ്ടായിരുന്നതായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകള്‍, ഫുട്ബാള്‍ ലീഗ് അധികൃതര്‍, വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, നഗരഹൃദയങ്ങളില്‍ താമസിക്കുന്നവര്‍, ചെറുപ്പക്കാര്‍ തുടങ്ങിയവര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാനും അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴിലാളികള്‍, വിദ്യാഭ്യാസം കുറഞ്ഞവര്‍ നഗരപ്രാന്തപ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവര്‍, വയസ്സായവര്‍ എന്നീ വിഭാഗങ്ങള്‍ EU വിട്ടുപോരുന്നതിനുവേണ്ടിയും നിലകൊണ്ടതായി സാമാന്യമായി നിരീക്ഷിക്കപ്പെട്ടുപോരുന്നു.

brexit-britain-7591

ഇതിനു പറയുന്ന കാരണങ്ങള്‍ എല്ലാം തങ്ങള്‍ ഭാഗമായ സാമൂഹ്യ ഗ്രൂപ്പിന്‍റെ സാമ്പത്തിക താത്പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നതാണ് കൌതുകകരം. EU വില്‍ നിന്ന്‍ വിട്ടുപോവരുത് എന്ന്‍ പത്രങ്ങളായ പത്രങ്ങളിലൊക്കെ പരസ്യം ചെയ്ത കോര്‍പ്പറേറ്റ് ഭീമന്മാരും (വിര്‍ജിന്‍ അറ്റ്ലാന്‍റിക്കിന്‍റെ സര്‍ റിച്ചാര്‍ഡ് ബ്രോസ്നന്‍ വായനക്കാര്‍ക്ക് ഫുള്‍ ടാബ്ലോയ്ഡ് പേജ് കത്ത് തന്നെയെഴുതി പ്രസിദ്ധീകരിച്ചു.) ഫുട്ബാള്‍ ക്ലബ്ബുടമകളും തങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നു വ്യക്തം. യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ ഗ്രാന്‍റുകള്‍ വളരെയധികം വന്നിരുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിന്നായതുകൊണ്ടാണ് യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റി പൂര്‍ണമായും EU അനുകൂല നിലപാട് എടുത്തതെന്നാണ് ഒരു വിലയിരുത്തല്‍. കേംബ്രിഡ്ജില്‍ റോഡില്‍ വെച്ചു കണ്ട സ്കൂള്‍ വിദ്യാര്‍ഥിയായ ഹെന്‍റി നേരെ പറഞ്ഞു. “എന്‍റെ പപ്പ യൂണിവേഴ്സിറ്റിയിലാണ്. EU ഗ്രാന്‍റുകള്‍ നിന്നാല്‍ ഞങ്ങള്‍ ബുദ്ധിമുട്ടിലാകും. അതുകൊണ്ട് ഞങ്ങള്‍ vote remain ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നു. ” കേംബ്രിഡ്ജിലെ സെന്‍റ് ആന്‍ഡ്റൂസ് പള്ളിയില്‍ ഞാന്‍ പങ്കെടുത്ത ഞായറാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞു നടന്ന പ്രാര്‍ത്ഥനയില്‍ കൃസ്ത്യന്‍ വിശ്വാസത്തിനും കൃസ്തുമത പ്രചാരണത്തിനും നല്ലതെന്തെന്നു ആലോചിച്ചു ചെയ്യുവാന്‍ ആഹ്വാനം ചെയ്ത സുമുഖനും യുവാവുമായ റവറന്‍റ് ഈ സാമ്പത്തിക താത്പര്യങ്ങള്‍ക്കപ്പുറം ഒരു സമുദായത്തിന്‍റെ താത്പര്യങ്ങളെ അവതരിപ്പിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതായി കണ്ടു. ആര്‍ക്ക് വോട്ട് ചെയ്യണം എന്ന്‍ പറയില്ല എന്നദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

മറുഭാഗത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിയ പ്രതിസന്ധി കാരണം പല രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക അഭയാര്‍ഥികളായെത്തുന്ന ആളുകള്‍ (പ്രത്യേകിച്ചും റുമാനിയ, പോളണ്ട് തുടങ്ങിയ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍) ദേശീയ ആരോഗ്യ പദ്ധതിയുടേയും തൊഴിലില്ലായ്മ വേതനത്തിന്‍റേയും സൌജന്യങ്ങള്‍ പങ്കിട്ടെടുക്കാന്‍ വരുന്നവരാണെന്നും അവര്‍ തങ്ങളുടെ സൌകര്യങ്ങള്‍ പുതിയ തലമുറയെ സംബന്ധിച്ച് ഇല്ലാതെയാക്കുമെന്നുള്ള അരക്ഷിതാവസ്ഥയും ഈര്‍ഷ്യയുമാണ്‌ തൊഴിലാളി- ഗ്രാമീണ – മദ്ധ്യവയസ്ക വിഭാഗങ്ങളെ EU വിടണമെന്ന വാദത്തിനു പിന്നില്‍ അണിനിരത്തിച്ചത്. തങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു ഗവണ്‍മെന്‍റിന് തങ്ങളുടെ മേല്‍ ഉദ്യോഗസ്ഥാധികാരമുണ്ടെന്നുള്ളത് തങ്ങളുടെ പൌരശക്തിയെ കുറയ്ക്കുന്നതായി അവര്‍ കണ്ടു. അതുകൊണ്ടാണ് ‘vote leave ന്‍റെ motto, ‘take back control’ ഇത്രയും ഫലവത്തായത്. ഈ ഭീഷണി ബ്രിട്ടീഷുകാരായ ആളുകള്‍ക്ക് എത്ര മാത്രം തോന്നാം എന്ന്‍ ഞാന്‍ ആലോചിച്ചത് ശരിയായി തോന്നിയത് ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാത്ത പോളിഷ് വെയ്റ്റര്‍മാരെ ഗ്ലോബ് തിയേറ്ററിനടുത്തുള്ള ഒരു റെസ്റ്റോറന്‍റില്‍ വെച്ചു കണ്ടപ്പോഴാണ്. വെയില്‍സിലെ കാര്‍ഡിഫില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന ദമ്പതികളെിലൊരാള്‍ക്ക് ഇംഗ്ലീഷ് കേട്ടാലോ പറഞ്ഞാലോ മനസ്സിലാകുമായിരുന്നില്ല. ആരോഗ്യരംഗത്തും മറ്റു തൊഴിലുകളിലും തങ്ങള്‍ക്ക് കിട്ടുന്ന സൌകര്യങ്ങള്‍ക്ക് കൂടുതല്‍ അവകാശികളുണ്ടാവാം എന്ന ഭീതി കൊണ്ട് ഒരുപാട് മദ്ധ്യവര്‍ഗ്ഗ-അടിസ്ഥാനവര്‍ഗ്ഗ ഇന്ത്യന്‍ വംശജരും ഇന്ത്യന്‍ കുടിയേറ്റക്കാരും vote leave നെ പിന്തുണയ്ക്കാന്‍ പോവുന്നു എന്നതും വ്യക്തമായിരുന്നു.

ചര്‍ച്ചയെ BREXIT -ബ്രിട്ടിഷ് എക് സിറ്റ് എന്ന് പേരിട്ടത് vote leave ന്‍റെ വന്‍വിജയം തന്നെയായിരുന്നു. ഒരു പുതിയ വാക്ക് നിര്‍മ്മിച്ച് അതിലൂടെ Brexit ,No Brexit campകളാണുള്ളത് എന്ന പ്രതീതി ഉളവാക്കി. ആളുകളില്‍ മടുപ്പുണ്ടാക്കുന്ന ഒന്നുമില്ലാത്ത ഒരു പുതുവാക്കിനെ മാനസികമായി എതിര്‍ക്കുക ബുദ്ധിമുട്ടാണ്. ‘Never negate the negative, assert the positive’എന്നത് പരസ്യ രംഗത്തെ ആപ്തവാക്യമാണല്ലോ.

ഈ പ്രവണതകള്‍ക്കും ഘടനകള്‍ക്കും പുറത്താണ് എന്‍റെ മേല്‍വിവരിച്ച അനുഭവം. ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയുടെ വംശീയത കലര്‍ന്ന പെരുമാറ്റത്തെ രാഷ്ട്രീയ വിഷയമായി പരാവര്‍ത്തനം ചെയ്യാനും അതിലൂടെ വംശീയതയുടെ സ്വയംശരിഭാവത്തേയും അര്‍ഹതാബോധത്തേയും നാവടപ്പിക്കാനും മേല്‍പ്പറഞ്ഞ ഒരു കാറ്റഗറിയനുസരിച്ചും വരേണ്ട ഒരാളല്ല ആ സ്ത്രീ. വ്യക്തിഗുണത്തിനപ്പുറം ചരിത്രത്തെ സംബന്ധിച്ച നിശിതമായ ഓര്‍മ്മശക്തിയാണ് ആലീസിനെക്കൊണ്ട് അങ്ങനെ പെരുമാറിപ്പിച്ചത് എന്നു ഞാൻ വിചാരിക്കുന്നു.ഇങ്ങനെ ആലോചിക്കാന്‍ കാരണം, തുടര്‍ന്നുള്ള യാത്രയില്‍ അവര്‍ ഏറെയും സംസാരിച്ചത് മാര്‍ഗററ്റ് താച്ചറെ പറ്റിയാണ് എന്നതുകൊണ്ടാണ്. താച്ചറെങ്ങനെ ബ്രിട്ടനെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മാറ്റിക്കളഞ്ഞു എന്നും പാവപ്പെട്ടവരെ പിഴിയാനും പണക്കാര്‍ക്ക് സൌകര്യമൊരുക്കിക്കൊടുക്കാനും ഉള്ള ഉപാധിയാണ് ഭരണകൂടം എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ആ രാജ്യം എങ്ങനെ എത്തിപ്പെട്ടു എന്നും യാതൊരു സിദ്ധാന്ത ശാട്യവുമില്ലാതെ, വ്യക്തമായ അനുഭവ കഥനങ്ങളിലൂടെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

മാര്‍ഗററ്റ് താച്ചറെന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പ്രതിഭാസത്തെ മനസ്സിലാക്കിയാല്‍ ഇന്നത്തെ ഹിതപരിശോധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ചരിത്രവല്‍ക്കരിക്കാം എന്ന് തോന്നുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന ബ്രിട്ടനെ പുതുക്കിപ്പണിയുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി ജോലിക്കാരുടെ അലഭ്യതയായിരുന്നു. ജോലിയെടുക്കാനുള്ള ആളുകളെ കോളനികളില്‍ നിന്ന്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ 1948ല്‍ കോളനികളിലെ തദ്ദേശ വാസികള്‍ക്കും പൌരത്വം കൊടുക്കുന്ന ബ്രിട്ടീഷ് നാഷനാലിറ്റി ആക്റ്റ് നടപ്പാക്കി. 1948 ല്‍ കരീബിയയില്‍ നിന്ന്‍ 492 പേര്‍ വന്നത് വിന്‍റ് റഷ് എന്ന പേരിലായതിനാല്‍ 1950 കളിലും ’60 കളിലും കരീബിയയില്‍ നിന്ന്‍ വന്ന തലമുറയെ വിന്‍റ് റഷ് തലമുറ എന്നു വിളിക്കുന്നു. 1948ല്‍ പതിനായിരത്തോളം പേര്‍ വെള്ളക്കാരല്ലാതായുള്ള ബ്രിട്ടനില്‍ 1970 കളോടെ 1.4 മില്ല്യണ്‍ ആഫ്രിക്കക്കാരും ഏഷ്യന്‍ വംശജരും ഉള്ളതായി കണക്കാക്കപ്പെടുന്നു. വെള്ളക്കാരോ ജന്മനാ ബ്രിട്ടീഷ് അല്ലാത്തവരോ ആയ ജനതയുടെ എണ്ണത്തിലുള്ള വര്‍ധന വെള്ളക്കാരായവരില്‍ വംശീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. ചെയ്യാന്‍ പണിയില്ലെങ്കില്‍ യാതൊരു നിലയ്ക്കും നിലനില്‍പ്പില്ലാത്ത ഒന്നാണ് കുടിയേറ്റം. (ബ്രിട്ടീഷുകാര്‍ കുടിയേറ്റത്തിന് എതിരാണെന്നു പറയുന്നതിലും കഥയില്ല. 1815നും 1930 നും ഇടയ്ക്ക് അമേരിക്കയിലേയ്ക്കും ആസ്ട്രേലിയയിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറിയ 51.7.മില്ല്യണ്‍ ആളുകളില്‍ 11.4 മില്ല്യണ്‍ പേരും ബ്രിട്ടനില്‍ നിന്നായിരുന്നു.) പക്ഷേ സാമ്പത്തിക-ഭരണരംഗത്തെ പ്രതിസന്ധികളെ കുടിയേറ്റക്കാരുടെ മേൽ കെട്ടിവെച്ചുകൊണ്ടാണ് വലതുപക്ഷ രാഷ്ട്രീയക്കാർ സ്വന്തം പിന്തുണ ഉണ്ടാക്കിയെടുത്തത്. അതില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നതാണ്. ഏനോക് പവലിന്‍റെ ”രക്തത്തിന്റെ നദി ” എന്ന പേരില്‍ കുപ്രസിദ്ധമായ പ്രസംഗം. അതിലെ ഒരു ഭാഗം നോക്കുക:

”വര്‍ഷം 50,000 ആളുകളെ നമ്മുടെ രാജ്യത്തേക്ക് കയറ്റിവിടാന്‍ അനുവാദം നല്‍കാന്‍ നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തായിരിക്കണം. നമ്മെ ആശ്രയിച്ചു കഴിയാന്‍ വരുന്ന ഇവര്‍ കുടിയേറ്റക്കാരുടെ ഒരു ജനതയെ ഉണ്ടാക്കുന്നതിന്‍റെ ധാതുവാണ്. തിരക്കിട്ട് സ്വന്തം ചിതയൊരുക്കുന്ന ഒരു രാജ്യത്തിന്‍റെ ദൃശ്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കല്യാണം കഴിക്കാത്ത കുടിയേറ്റക്കാര്‍ക്കിവിടെ വന്നു കുടുംബമുണ്ടാക്കാനുള്ള സൗകര്യം പോലും നാം ചെയ്തുകൊടുക്കുന്നു… സ്വന്തം നാട്ടില്‍ നമ്മുടെ ആളുകള്‍ അപരിചിതരാക്കപ്പെടുന്നു.”

ഈ കുടിയേറ്റ ഭീതിക്കു ചുറ്റും ഉണ്ടാക്കിയെടുത്ത ബ്രിട്ടിഷ് ദേശീയതാബോധത്തെ നിലവിലുള്ള കഴിവുകെട്ട നയങ്ങള്‍ക്കും ഓഫിസുകള്‍ക്കുമെതിരെ ഏകീകരിച്ച് മാര്‍ഗരറ്റ് താച്ചര്‍ 1979 ല്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി. തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അവകാശ ബോധത്തെ മാറ്റി പകരം സൌന്ദര്യവല്‍ക്കരിക്കപ്പെട്ട വംശീയ – ദേശീയതാ ബോധത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ക്രമം ഉണ്ടാക്കുന്നതില്‍ താച്ചറുടെ വിജയം എടുത്തുപറയേണ്ടതാണ്. 1946 ല്‍ രൂപകല്‍പ്പന ചെയ്ത നാഷണല്‍ ഹെല്‍ത്ത് സര്‍വീസൊഴിച്ചുള്ള മിക്കവാറും വെല്‍ഫെയര്‍ സ്റ്റേറ്റിന്‍റെ സ്ഥാപനങ്ങളെല്ലാം ദുര്‍ബലമാക്കപ്പെട്ടു എന്നു മാത്രമല്ല ദേശ സങ്കല്‍പ്പത്തില്‍ അടിസ്ഥാനമായെണ്ണുന്ന ”ജനതയുടെ പങ്കിട്ടെടുക്കുന്ന വിധി ” എന്ന സങ്കല്പം തന്നെ മാര്‍ക്കറ്റിനെ അധിഷ്ഠിതമായുണ്ടായ ലോകക്രമത്തില്‍ അപ്രത്യക്ഷമായി (ഇതാണ് റീഗൻ അമേരിക്കയിലും ചെയ്തത്). വ്യാവസായിക പട്ടണങ്ങള്‍ ശോഷിച്ചു( DEINDUSTRIALISATION). പ്രവൃത്തിയിലെ ധാര്‍മ്മികത (WORK ETHIC) നഷ്ടമായ തൊഴിലാളി വര്‍ഗ്ഗത്തിലെ പുരുഷ-യുവ-നാഗരിക വിഭാഗം അക്രമിവല്‍ക്കരിക്കപ്പെട്ടു (ദശകങ്ങളോളമായി പരിപോഷിപ്പിക്കപ്പെട്ടിരുന്ന വംശീയ വെറുപ്പിൽ അനിവാര്യമായിരുന്നു അത്). 1985 ല്‍ താച്ചറിസത്തിന്‍റെ ലോകബോധത്തേയും അതിന്‍റെ സാധ്യതകളേയും പരിമിതികളേയും പറ്റി ഹനീഫ് ഖുറേഷി എഴുതിയ ” MY BEAUTIFUL LAUNDRETTE’ എന്ന സിനിമയിലെ ലിബറലായ ഏഷ്യന്‍ പ്രൊഫസര്‍ ഹുസൈന്‍ അലി ബ്രിട്ടീഷ്‌ ഗുണ്ടായിസവുമായി നടന്നിരുന്ന തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട ജോണിയോടു പറയുന്നുണ്ട് ; ”ബ്രിട്ടനിലെ തൊഴിലാളി വര്‍ഗ്ഗം എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു” നിയോ ലിബറലിസം തൊഴിലാളി വര്‍ഗ്ഗത്തെ ആദര്‍ശവല്‍ക്കരിച്ച ചിന്താധാരകളെ എങ്ങിനെ അപ്രസക്തമാക്കി എന്ന് ഇവിടെ വായിക്കാം.

BREXIT ലെ വര്‍ഗ്ഗ വിഭജനത്തില്‍ രണ്ടു കൂട്ടരെ കൃത്യമായി വിമര്‍ശനാത്മകമായി സമീപിക്കണം.

ഒന്ന്, സാമൂഹ്യ നീതിയില്‍ ബദ്ധശ്രദ്ധരാണെന്നു സ്വയം കരുതുന്ന മധ്യവര്‍ഗ്ഗ ബുദ്ധിജീവികളുടെ അടിസ്ഥാനപരമായ ആശയവിനിമയ ശേഷിയില്ലായ്മ . ഇന്ന്‍ കണ്ടുവരുന്ന ആന്‍റി – ഇന്‍റലക്ച്വലിസത്തെ എങ്ങിനെ വിമര്‍ശിച്ചാലും ബഹുജനങ്ങളില്‍ നിന്നെങ്ങനെ തങ്ങള്‍ ഇത്ര അകന്നുപോയി എന്ന് അക്കാദമീഷ്യന്മാരും വിദഗ്ദ്ധരും ആലോചിക്കണം.

രണ്ടാമതായി UK യൂറോപ്യന്‍ യൂണിയന്‍ വിട്ടത് യൂറോപ്യന്‍ യൂണിയന്‍റെ വലതുപക്ഷ സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പുകൊണ്ടാണെന്നും അതിനാല്‍ ഇത് ഇടതുപക്ഷത്തിന്‍റെ വിജയമാണെന്നും വ്യാഖ്യാനിക്കുന്ന സാമ്പത്തികമാത്രവാദി ( ECONOMISM) കളായ താരീഖ് അലിയും ജോണ്‍ പില്‍ജറുമടങ്ങിയ ബുദ്ധിജീവികള്‍. തങ്ങളുടെ ബഹുജനാടിത്തറയിലുള്ള വര്‍ഗ്ഗ വിഭാഗത്തിന്‍റെ സാമൂഹ്യമായ തിരഞ്ഞെടുപ്പ് EU വിടുകയാണ്. എന്നത് കൊണ്ട് VOTE LEAVE കാംപെയ്നില്‍ ചെര്‍ന്നുവെന്നല്ലാതെ സാമ്പത്തിക നയങ്ങളെ പറ്റിയോ രാഷ്ട്രീയ നിലപാടുകളെ പറ്റിയോ സ്വന്തമായൊരു ചര്‍ച്ചാരീതി അവതരിപ്പിച്ചെടുത്ത് സ്ഥാപിച്ചെടുക്കാന്‍ ഇടതുപക്ഷത്തിനായിട്ടില്ല. രാഷ്ട്രീയം ഒരു ജനതയുടെ അജണ്ട നിശ്ചയിക്കുന്ന കലയാണെങ്കില്‍ ഇപ്പോഴുണ്ടായ വിജയം ഇടതുപക്ഷത്തിന്‍റേതല്ലേയല്ല . ഏറ്റവും തൊഴിലാളി വിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ നയങ്ങള്‍ പിന്തുടര്‍ന്നിരുന്ന മുസോളിനിയ്ക്ക് തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് കിട്ടിയ പിന്തുണയുടെ കാരണങ്ങളന്വേഷിച്ചുപോയ അന്‍റോണിയോ ഗ്രാംഷി സാമ്പത്തികമാത്രവാദത്തിന്‍റെ പരിമിതികളെ 1930 കളില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടും ഇന്നും അത്തരം സിദ്ധാന്തങ്ങളെ മാത്രം അവലംബിക്കുന്നത് ചരിത്ര ബോധമില്ലാത്ത ജഡതയെ സൂചിപ്പിക്കുന്നില്ലേ എന്നു സംശയിക്കേണ്ടി വരും.

മുതലാളിത്തം അതിന്‍റെ പ്രതിസന്ധികളില്‍ ചരിത്രത്തിന്‍റെ കുറ്റവാളികളെ ഉണ്ടാക്കി പ്രതിസന്ധിയുടെ കാരണങ്ങളെ അദൃശ്യമാക്കും എന്നത് പുതിയ അറിവല്ല. തങ്ങളെ പരിശീലിപ്പിക്കാനും ശുശ്രൂഷിക്കാനും തങ്ങളും കൂടി ജോലിയെടുത്തു നികുതികൊടുത്തു നിലനിര്‍ത്തുന്ന തങ്ങളുടെ ക്രമീകരണ സംവിധാനം എന്ന സ്വഭാവം ഒരു ദേശം രാഷ്ട്രത്തിനു നഷ്ടമാവുന്ന സാമൂഹ്യ സാമ്പത്തിക പരിസ്ഥിതിയാണ് താച്ചറിസം ഉണ്ടാക്കിവെച്ചിരിക്കുന്നത്. അവിടെ പരമാധികാര രാഷ്ട്രം ഒരു പുനരുതഥാനവാദ( REVIVALISM)ത്തിന്റെ ചട്ടക്കൂടിൽ അവസാനിക്കാനാണിട.

യൂറോപ്യന്‍ യൂണിയന്‍ ഒരു സാധ്യതയായിരുന്നു. ബെന്‍ഫാസ്റ്റിലെ ഐറിഷ് സാഹിത്യവിഭാഗം പ്രൊഫസര്‍ ഈമണ്‍ ഹ്യൂസ് നിരീക്ഷിച്ചതുപോലെ ,ആര്‍ക്കു എത്ര സുഖമില്ലാതായാലും ഭരണകൂടം ആ ആളെ നോക്കിക്കൊള്ളും എന്നത് പൊതു സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും മനോഹരമായ ഒരാശയമാണ്. അതിനു ദേശ – രാഷ്ട്രാതിര്‍ത്തി ഉപയോഗിച്ച മത്സരമോ അര്‍ഹതാ ബോധമോ ഉണ്ടാവുന്നത് മോശമാണെന്നത് പോകട്ടെ, അതിനെ ഒരു രാഷ്ട്രീയ പദ്ധതിയാക്കുന്നത് രോഗാതുരവുമാണ്. തങ്ങള്‍ക്കു കിട്ടുന്ന തൊഴിലില്ലായ്മാവേതനം ഇനി കണ്ട യൂറോപ്യൻമാരും കൂടി പങ്കിട്ടെടുക്കുമോ എന്ന പേടിയിൽ രാഷ്ട്രീയ തീരുമാനമെടുക്കുകയല്ല; അര്‍ഹിക്കുന്ന ശാരീരിക-സാമ്പത്തിക- സാമൂഹ്യസ്ഥിതി ഉള്ള ബ്രിട്ടിഷുകാര്‍ക്ക് മാത്രം BENEFITS നല്‍കിയാല്‍ മതി എന്ന് കൂട്ടായി തീരുമാനിച്ചാല്‍ കുടിയേറ്റക്കാരിലും ആവശ്യമുള്ള കുറച്ചുപേര്‍ക്ക്‌ കൊടുക്കാനാകില്ലേ എന്ന ചോദ്യം പോലും കുടിയേറ്റ ഭീതിയുമായി സംസാരിച്ച ഒരു സുഹൃത്തിനു സഹിക്കാനായില്ല. ബ്രിട്ടീഷുകാരായതിന്റെ സൗകര്യം അനുഭവിക്കുക എന്നതൊരു ഗ്ലോബൽ മാർക്കറ്റിൽ എത്ര സാധ്യമാണെന്നും കൂടി ഒരു ചോദ്യം ബാക്കിയുണ്ട് താനും. മാര്‍ക്കറ്റ് യുക്തികള്‍ക്ക് മുമ്പില്‍ നിസ്സഹായരായി നില്‍ക്കുന്ന വ്യക്തികളുടെ കൂട്ടമാണ്‌ ബ്രിട്ടിഷ് സമൂഹം. അവിടെ ഇന്ന് താല്പ്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയ ഭാവനയ്ക്കിടമില്ല.

യുനൈറ്റഡ് കിംഗ്‌ഡം അതിന്‍റെ ഏകത്വത്തില്‍ പുതിയൊരു ധാര്‍മ്മികത ഉണ്ടാക്കിയെടുക്കേണ്ടി വരും. അല്ലാത്ത പക്ഷം സ്വന്തം ചരിത്രം കോപ്പിയടിച്ചെഴുതി ജീവിക്കേണ്ട ദൌര്‍ഭാഗ്യമാണ് താച്ചറുടെ ഈ മക്കളെ കാത്തിരിക്കുന്നത്.


 

Comments
Print Friendly, PDF & Email

കോഴിക്കോട് സ്വദേശി. ദേശീയ മാധ്യമങ്ങളിൽ എഴുതാറുണ്ട്. ദൽഹി സെന്റ് സ്റ്റീഫൻസ് കൊളേജിൽ അധ്യാപകൻ

You may also like