പൂമുഖം POLITICS ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് നമുക്കാവശ്യം; പഹ് ലജ് നിഹ്ലാനിയെയും ഗജേന്ദ്ര ചൗഹാനെയും പോലുള്ള ഏറാന്‍ മൂളികളെയല്ല

കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വിധേയനായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിയാനിട വന്ന സാഹചര്യത്തെക്കുറിച്ച് മേതിലാജ് എഴുതുന്നു: ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് നമുക്കാവശ്യം; പഹ് ലജ് നിഹ്ലാനിയെയും ഗജേന്ദ്ര ചൗഹാനെയും പോലുള്ള ഏറാന്‍ മൂളികളെയല്ല

ടുവിൽ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രണ്ടാമൂഴത്തിനില്ലെന്നു അറിയിച്ചിരിക്കുന്നു. കുറെ നാളുകളായി നീറി പുകഞ്ഞ കേന്ദ്ര സർക്കാരുമായുള്ള ആശയ സംഘർഷങ്ങളാണ് ഇത്തരമൊരു പ്രഖ്യാപനത്തിലേക്കു അദ്ദേഹത്തെ നയിച്ചത് എന്നു വ്യക്തം. ലോകത്തെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ ഒരാളും വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് മേധാവികളിൽ വെച്ചേറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചയാളുമാണ് രഘുറാം എന്ന കാര്യത്തിൽ ഇന്ത്യാ ഗവണ്മെന്റിനു തർക്കമുണ്ടാകാമെങ്കിലും വിവിധ ലോക രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധർക്ക് തർക്കമുണ്ടാവാൻ വഴിയില്ല. ലോക സമ്പദ് രംഗം ഒട്ടാകെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രത്യേകിച്ചും ഒരു വലിയ വഴിത്തിരിവിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പിന്തുടർച്ചവകാശി ആരായിരിക്കും എന്നത് ഒരു വലിയ ചോദ്യമാണ്.

2008 ൽ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു ലോകം ഇനിയും കര കയറിയിട്ടില്ല എന്നു മാത്രമല്ല മറിച്ച് ഒരു തിരിച്ചു വരവ് ഇനിയും വളരെ ദൂരെയാണെന്നും അതല്ല ലോക സമ്പദ് വ്യവസ്ഥ മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നും ലോകമെങ്ങുമുള്ള സാമ്പത്തിക കാര്യ വിദഗ്ദർ വീണ്ടും വീണ്ടും മുന്നറിയിപ്പുകൾ നൽകി കൊണ്ടിരിക്കവേ ആ വലിയ ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. ഈ ദശാസന്ധിയിൽ ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയെ ശരിയായ ദിശയിൽ നയിക്കാൻ തികച്ചും പ്രാപ്തനായിരുന്ന ഒരാളെയാണ് നമ്മൾ പുകച്ചു പുറത്തു ചാടിക്കുന്നത്. ആ പ്രതിസന്ധിയുടെ ആഴം എന്തെന്ന് അറിയണമെങ്കിൽ ലോക സമ്പദ് വ്യവസ്ഥ ഇന്ന് ഇവിടെ നിൽക്കുന്നു എന്നു ഒന്നു ഓടിച്ചു പരിശോധിക്കേണ്ടി വരും .

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ലോക സമ്പദ് വ്യവസ്ഥ ഒരു വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്. സമ്പന്നർ വളരെ പെട്ടെന്ന് അതിസമ്പന്നരായി. വികസ്വര രാജ്യങ്ങൾ പരസ്പരം മത്സരിച്ചു മുന്നേറുകയും അവയുടെ ശരാശരി വളർച്ചാ നിരക്ക് 8.7 ഇൽ എത്തുകയും ചെയ്തു.ലോകമെങ്ങുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ ഒടുവിൽ ‘മറ്റു ദരിദ്ര രാജ്യങ്ങൾ’ പാശ്ചാത്യ ലോകത്തോടൊപ്പം എത്തുമോ എന്നു സംശയിച്ചു തുടങ്ങുകയും ചെയ്തു. അപ്പോഴായിരുന്നു ആ പതനത്തിന്റെ തുടക്കം. ഗ്രെയ്റ് റിസഷൻ എന്നു നമ്മൾ ഓമനപ്പേരിട്ട് വിളിച്ച ആ വലിയ സാമ്പത്തിക ദുരന്തത്തിൽ നിന്നു ലോക രാജ്യങ്ങൾ ഇനിയും കര കയറിയിട്ടില്ല, ഒരു പക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട തിരിച്ചു വരവിന്റെ കാലമായാകും.സാമ്പത്തിക ശാസ്ത്രജ്ഞർ ഈ കാലയളവിനെ വിലയിരുത്തുക. പണപ്പെരുപ്പം ലോക സെൻട്രൽ ബാങ്കുകളുടെ ടാർഗെറ്റിലേയ്ക്ക് ഇനിയും എത്തി ചേർന്നിട്ടില്ല. പൊതു കടം പ്രതിസന്ധി തുടങ്ങിയപ്പോഴുള്ളതിനേക്കാൾ വലുതാണ് ഇപ്പോൾ.

economic-data-l-ap

ലോക രാജ്യങ്ങളുടെ ജി ഡി പി യുമായി തുലനം ചെയ്യുമ്പോഴുള്ള കടത്തിന്റെ ശതമാനം വളരെയധികം വർദ്ധിച്ചിരിക്കുന്നു. അമേരിക്കയുടെ കടം 2008 ൽ ജി ഡി പി യുടെ 41 ശതമാനമായിരുന്നത് ഇന്ന് 74 ശതമാനമാണ് ( 13.8 ട്രില്യൺ ഡോളർ ആണ് അമേരിക്കയുടെ ദേശീയ കടം ) യൂറോപ്പിന്റേതു 47 ശതമാനത്തിൽ നിന്നു 70 ശതമാനം ആയി ഉയർന്നിരിക്കുന്നു. ജപ്പാനിൽ എത്തുമ്പോഴേക്കും അതു 95 ശതമാനത്തിൽ നിന്നു 126 ശതമാനത്തിലേക്ക് വളരുന്നു.അതേ സമയം നീണ്ടകാല പലിശാ നിരക്കുകൾ വളരെയധികം കുറഞ്ഞിരിക്കുകയും ചെയ്യുന്നു. പത്തു വർഷത്തെ ഗവണ്മെന്റ് ബോണ്ടിന്റെ പലിശാ നിരക്ക് അമേരിക്കയിൽ 2 ശതമാനം ആണെങ്കിൽ ജപ്പാനിൽ അതു 0.2 ശതമാനം മാത്രമാണ്.

ഒരു സാമ്പത്തിക തിരിച്ചു വരവിന്റെ സാധ്യത വിദൂരമായിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന് പല രാജ്യങ്ങളിലും ജന സംഖ്യാ വർദ്ധന നിരക്ക് വളരെയധികം കുറഞ്ഞിരിക്കുന്നു എന്നതാണ്. ലോകമഹാ യുദ്ധത്തിന് ശേഷം പ്രതി വർഷ ജന സംഖ്യാ വളർച്ചാ നിരക്ക് ഏതാണ്ട് രണ്ടു ശതമായിരുന്നത് ( അതിനർത്ഥം കുറഞ്ഞത് രണ്ടു ശതമാനം സാമ്പത്തിക വളർച്ച ഉണ്ടാകുമെന്നാണ്) 90 കൾ മുതൽ പൊടുന്നനെ ഒരു ശതമാനമായി മാറി. രണ്ടു ശതമാനത്തിൽ നിന്നു ഒരു ശതമാനത്തിലേക്കുള്ള കുറവ് എത്ര നിസ്സാരമെന്നു കരുതരുത്. 90 കളിലും തുടർന്നും നേരത്തെയുള്ള അതേ നിരക്ക് തുടർന്നിരുന്നുവെങ്കിൽ ലോക ജന സംഖ്യ ഇന്ന് 1.4 ബില്യൺ അധികമായിരുന്നേനെ. സാമ്പത്തിക വളർച്ചയ്ക്ക് ഇതു വലിയ ഒരു തിരിച്ചടിയാണ്. ഒപ്പം അദ്ധ്വാനിക്കാൻ കഴിയുന്ന പ്രായത്തിൽ ഉള്ളവരുടെ ശരാശരി നിരക്ക് വർദ്ധനയിൽ ഉള്ള കുറവും. ചൈനയുടെ മന്ദതയുടെ കാരണങ്ങളിലൊന്ന് ഇതാണ്

തുടരുന്ന പ്രതിസന്ധിക്കു അനേകം കാരണങ്ങളുണ്ട്. വ്യവസായ വത്കൃത രാഷ്ട്രങ്ങളുടെയും അവിടങ്ങളിലെ മധ്യ വർഗ്ഗ സമൂഹങ്ങളുടെയും പുതുതായി നിക്ഷേപങ്ങളിൽ ഏർപ്പെടുന്നതിനുള്ള താല്പര്യക്കുറവും പകരം മിച്ചം പിടിക്കാനുള്ള പ്രവണത വർദ്ധിച്ചു വരുന്നതും അതിലൊന്നാണ്. സമ്പദ് വ്യവസ്ഥ വലിയൊരു വഴിത്തിരിവിൽ ആണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമ്പോൾ അതു തികച്ചും സ്വാഭാവികവുമാണ്. ഊബർ (Uber) ഓട്ടോ മൊബൈൽ ഇൻഡസ്ട്രിയിലും പൊതു ഗതാഗത മേഖലയിലും ഏൽപ്പിക്കുന്ന പരിക്ക് ഒരു ഉദാഹരണം. ആമസോൺ ഷോപ്പിംഗ് മാൾ നിർമ്മാണ മേഖലയിൽ, Airbnb ഹോട്ടൽ നിർമ്മാണ മേഖലയിൽ, എന്തിനു നിങ്ങളുടെ ഓഫീസിന്റെ മൂലയിലിരിക്കുന്ന ഉപയോഗരഹിതമായ ഫാക്സ് മെഷീൻ പോലും ഈ വമ്പിച്ച ടെക്നോളജി വിപ്ലവത്തിന്റെ കാലത്തു നിക്ഷേപകരെ പിന്നോട്ടു വലിക്കുന്ന ഘടകങ്ങൾ ആണ്. ഇനിയെങ്ങാനും നിങ്ങൾ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചാൽ അതിനു ഓഫീസ് സ്പേസ് പോലും വേണ്ടാത്ത കാലം.

നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾ തന്നെ മാറി മറിയുകയാണ്. ലോകം എണ്ണയിൽ അധിഷ്ഠിതമായ വ്യവസ്ഥയിൽ നിന്നു കുതറി മാറാൻ ശ്രമിക്കുകയാണ്. എണ്ണ സമ്പന്ന രാഷ്ട്രങ്ങൾ പടുകൂറ്റൻ സോളാർ പവർ സ്റ്റേഷനുകൾ നിർമ്മിക്കുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു രക്ഷ നേടാൻ ശ്രമിക്കുന്നു. ഇറാൻ ഒരു വലിയ തുറന്ന മാർക്കറ്റു ആകാൻ തുടങ്ങുന്നു.

കുറച്ചു വര്ഷങ്ങള്ക്കു മുൻപാണ് നമ്മൾ ബ്രിക് BRIC രാജ്യങ്ങൾ ലോകത്തെ നയിക്കാൻ പോകുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞത്. ബ്രസീൽ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. റൂബിളിന് ഇന്ന് പുല്ലു വില. ഇക്കഴിഞ്ഞ ദിവസമാണ് പുചിൻ ലോകത്തു ഒരേയൊരു ഒരേയൊരു സൂപ്പർ പവർ മാത്രമേ ഉള്ളൂ, അതു അമേരിക്കയാണെന്നു പ്രഖ്യാപിച്ചത്. ചൈന ലോകത്തെ തന്നെ പിറകിലേക്ക് വലിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ലോകം അംഗീകരിക്കുന്ന, ഐ എം എഫിന്റെ മുൻ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ രഘുറാം രാജൻ പണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾക്കിടയിൽ പലിശ നിരക്ക് കുറക്കുന്നില്ലെന്ന ക്രോണി കാപ്പിറ്റലിസ്റ്റുകളുടെ മുറവിളികൾ മുഖ വിലക്കെടുത്ത കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വിധേയനായി പുറത്തേക്കു പോകുന്നത്. പണപ്പെരുപ്പവും പലിശ നിരക്കും വിപരീതാനുപാതത്തിൽ ആണ് പ്രവർത്തിക്കുക എന്നറിയാത്ത വിഡ്ഢി കൂശ്മാണ്ടങ്ങളാണ് രാജനെതിരെ വിമർശനങ്ങൾ ഉയർത്തിയത്

സെൻട്രൽ ബാങ്കുകൾ ലോകമെമ്പാടും തന്നെ ഒരു തിരിച്ചു വരവിനായി തങ്ങൾക്കറിയാവുന്ന പരമ്പരാഗതവും സാമ്പ്രദായികമല്ലാത്തതുമായ എല്ലാ ആയുധങ്ങളും ഇതിനകം തന്നെ പരീക്ഷിച്ചു കഴിഞ്ഞു. ലോക സമ്പദ് വ്യവസ്ഥ ഒരു ഷോക്ക് അബ്സോർബർ ഇല്ലാതെ, കൃത്യമായ ഒരു ദിശ പോലുമില്ലാതെ നീങ്ങുകയാണ്.

ഈ അസ്ഥിരമായ കാലഘട്ടത്തിൽ ഇന്ത്യൻ റിസർവ് ബാങ്കിനെ നയിക്കാൻ വേണ്ടത് കരുത്തനായ, ധീരമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള, മൗലികമായ ചിന്തകളുള്ള ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെയാണ്, ‘പഹ്ലജ് നിഹ്ലാനിയേയും ചേതന്‍ ചൌഹാനേയും ഗജേന്ദ്രചൌഹാനേയും പോലെയുള്ളഏറാന്‍ മൂളികളെയല്ല.


Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like