പൂമുഖം OPINION അതേ സുഹൃത്തുക്കളേ, ജിഷയുടെ കേസ് ഇനിയാണ് തുടങ്ങുന്നത്

യാഥാര്‍ത്ഥ്യത്തിനുമപ്പുറത്ത് നില്‍ക്കുന്ന പോലീസ് യുക്തികളെ തന്റേതായ വാദങ്ങള്‍ക്ക് കൊണ്ട് ചോദ്യം ചെയ്യുകയാണ് എഴുത്തുകാരിയും, സ്ത്രീപ്രവര്‍ത്തകയുമായ പി.ഗീത: അതേ സുഹൃത്തുക്കളേ, ജിഷയുടെ കേസ് ഇനിയാണ് തുടങ്ങുന്നത്

പേക്ഷിക്കപ്പെട്ട ചെരുപ്പുകളുടെ സഹായത്താൽ അമീറുൽ ഇസ്ലാം എന്ന ആസാംകാരനായ അന്യസംസ്ഥാന തൊഴിലാളിയെ കേരള പോലിസ് പിടി കൂടുകയും ജിഷയുടെ ഘാതകനായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷം . ഇയാളല്ല ജിഷയെ കൊന്നതെന്ന് പറയാൻ ഒരു തെളിവും ഇന്നീ കേരളത്തിൽ ആരുടെ പക്കലും ബാക്കിയുണ്ടാവില്ല. മാത്രമല്ല ‘ദൃക്സാക്ഷികളില്ലാത്ത’ സംഭവം എന്നത് ഏറെ ശ്രദ്ധിക്കേണ്ടതുമാണ് . ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇതുവരെ ആരെയാണ് ദൃക്സാക്ഷികളായി കിട്ടിയിട്ടുള്ളത് എന്നാലോചിക്കുക.ഇതൊക്കെ രഹസ്യമായി ചെയ്യുന്നവയാണ് .മംഗലശ്ശേരി നീലകണ്ഠനെപ്പോലെ പരസ്യമായി വെല്ലുവിളിച്ചു നടത്തുന്ന വീരോചിതമായ ശത്രുസംഹാരങ്ങളുടെ പട്ടികയിൽ അല്ലല്ലോ ഇത്തരം കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നത് . ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികളോട് സാക്ഷിയുണ്ടോ എന്ന് കോടതി ചോദിക്കുന്നതിലെ അപഹാസ്യത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് . ഇപ്പോഴിതാ കൊല്ലപ്പെട്ട ജിഷയുടെ കാര്യത്തിലും ഈ ദൃക്സാക്ഷി പ്രശ്നം എടുത്തു പറയപ്പെടുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരിക്കുകയെന്നത് ഇത്തരം കേസുകളിൽ ഒരു സാമാന്യാവസ്ഥ മാത്രമാണ്.

മറ്റൊരു പ്രശ്നം, ‘ശാസ്ത്രീയമായ ‘ അന്വേഷണത്തെ സംബന്ധിച്ച പോലീസിന്റെയും ബന്ധപ്പെട്ടവരുടെയും വീരവാദങ്ങളാണ് . രക്ത സാമ്പിളുകൾ, രാസപരിശോധന എന്നീ വാക്കുകൾ ആവർത്തിച്ചു കേൾക്കുന്നു. ഏതെങ്കിലും പരീക്ഷണശാലകളിൽ രാസപദാർഥങ്ങളുടെ സഹായത്തോടെ നടന്ന പരിശോധനകൾ മാത്രമാണ് ഒരു കേസന്വേഷണത്തെ ‘ശാസ്ത്രീയമാക്കി ‘ മാറ്റുക എന്ന പ്രചാരണം എത്രമാത്രം മൂഢമാണ്. ! അന്വേഷണത്തിന്റെ രീതിശാസ്ത്രം ഈ രാസ പരിശോധനയെ മാത്രം മുൻനിർത്തിയെന്ന് വിധിക്കുന്നത് ‘ശാസ്ത്രീയത’ എന്ന വാക്കിനെ സംബന്ധിക്കുന്ന തെറ്റായ ധാരണ കൊണ്ടോ അജ്ഞത കൊണ്ടോ അഹന്ത കൊണ്ടോ ഒക്കെയാണ്. യാന്ത്രികമായ പരിശോധനകളിൽ നിന്ന് യഥാർത്ഥ പ്രതിയിലെയ്ക്കെത്തിച്ചേരാൻ വളരെ വിഷമമാണ്. കാരണം ഏറ്റവും ഭാവന ആവശ്യപ്പെടുന്ന മേഖലയാണ് ശാസ്ത്രത്തിന്റെത്. സാമൂഹിക ബോധവും രാഷ്ട്രീയ തിരിച്ചറിവും ഇല്ലാത്ത ഒരാൾക്ക്‌ നല്ല ശാസ്ത്രജ്ഞനാകാൻ കഴിയുകയില്ല. ചില രാസ മൂലകങ്ങളുടെ ഒത്തു നോക്കൽ മാത്രമല്ല തെളിവുകൾ.

പോലീസ് ഭാഷ്യത്തെ വിശ്വാസത്തിലെടുക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയ്ക്കുള്ള ബാക്കിയാവുന്ന ചില സംശയങ്ങൾ ഉണ്ട് .

  • പ്രതിക്ക് ജിഷയോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പറയുന്നു. ഇത്രമാത്രം വൈരാഗ്യമുണ്ടാകാൻ പ്രതിക്ക് ജിഷയുമായുള്ള മുൻ വ്യക്തിപരിചയം എന്തായിരുന്നു ?
  •  കുളിക്കടവിൽ വെച്ച് മറ്റൊരു സ്ത്രീ (അതോ സ്ത്രീകളോ ) പ്രതിയെ അടിച്ചപ്പോൾ ജിഷ ചിരിച്ചു.  ആകട്ടെ . അടിച്ച സ്ത്രീയോടല്ല , ചിരിച്ച ജിഷയോടാണ് പ്രതിക്ക് പക. അതും ആകട്ടെ , പക്ഷെ എവിടേ ജിഷയോടൊപ്പം കുളിക്കാൻ പോയ ആ നല്ല സ്ത്രീ(കൾ) ? പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അയൽപക്കക്കാരാരും അവരോടു കൂടാറില്ലെന്നാണ്. കുടിവെള്ളം പോലും കൊടുക്കാറില്ലെന്ന് അയൽക്കാർ തന്നെ സമ്മതിക്കുന്നു. ആ നിലയ്ക്ക് കൂട്ടത്തിൽ നിന്ന് വ്യത്യസ്തയായ ആ നല്ലവൾ ആരാണ് എന്ന ആകാംക്ഷ സ്വാഭാവികം മാതമാണ്
  • കുത്തുകൊണ്ടു വീണ ജിഷ വെള്ളം ചോദിച്ചപ്പോൾ പ്രതി മദ്യം വായിലൊഴിച്ചു കൊടുക്കുന്നു. കുത്തിയപ്പോൾ ജിഷ കടിച്ചു. തിരിച്ചു പ്രതിയും കടിച്ചു. ഇതിൽ ഏതാണാദ്യം സംഭവിച്ചത്.
  • കൊലപാതകത്തിന് ശേഷം പ്രാഥമിക തെളിവുകൾ നശിപ്പിക്കാൻ പോലിസിനെ പ്രേരിപ്പിക്കുന്ന വിധം എന്തായിരുന്നു പ്രതിക്ക് പോലീസിൽ സ്വാധീനം ?
  • കൊലപാതകം നടന്ന സമയം സംബന്ധിച്ച് പോലിസ് ഭാഷ്യവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ ഉണ്ടെന്നു പറയപ്പെടുന്ന വൈരുധ്യം എങ്ങനെ സംഭവിച്ചു ?
  • പോസ്റ്റ്‌ മോർട്ടം ചെയ്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നുവോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?
  •  പോസ്റ്റ്‌ മോർട്ടം കാമറയിൽ പകർത്തിയിട്ടുണ്ടോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?
  •  പോസ്റ്റ്‌ മോർട്ടം ചെയ്യാൻ ബാധ്യതപ്പെട്ട ഡോക്ടർ തന്നെയായിരുന്നുവോ അത് ചെയ്തത് ? അല്ലെങ്കിൽ എന്തുകൊണ്ട് ? കൃത്യവിലോപത്തിന് അവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ?
  • പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ ശരീരം നിയമത്തിനും വീട്ടുകാരുടെ താല്പര്യത്തിനും വിരുദ്ധമായി കത്തിച്ചു കളയാൻ മുൻകൈ എടുത്തവർക്ക് പ്രതിയുമായുള്ള ബന്ധം എന്താണ് ?
  •  ഇത്രയേറെ മഴ കൊണ്ടിട്ടും കനാലിൽ വെള്ളം ഒഴുകിയിട്ടും ചെരുപ്പിലെ രക്തകോശം നിലനിന്നു എന്ന് പറയുന്നതിലെ ശാസ്ത്രീയത വിശദീകരിക്കാൻ കഴിയുമോ ?
  •  പ്രതിയുടെ വ്യക്തിചരിത്രം ,അയാളുമായി ബന്ധപ്പെട്ട വ്യക്തികൾ സംഘടനകൾ എന്നിവ ലഭ്യമായിട്ടുണ്ടോ ?
  •  പ്രതികളെന്ന് സംശയത്തിൽ പലരുടെയും ഡി എൻ എ പരിശോധന നടത്തിയതിൽ നിന്ന് വ്യത്യസ്തമായി പ്രതിയെ കണ്ടെത്തിയ ഡി എൻ എ ടെസ്റ്റ്‌ മാത്രം എന്തുകൊണ്ട് പോലീസിലെ ഫോറെൻസിക് വിഭാഗം ചെയ്തു ?

പ്രതി ഈ നാട്ടുകാരനല്ല. അസമിൽ അയാളുടെ ജീവിതപശ്ചാത്തലം എന്താണെന്ന് നമുക്കറിയില്ല. അയാളുടെ കാഞ്ചന എന്ന ഭാര്യ ബംഗാളിലെ ഒരു ഗ്രാമത്തിലാണ് എന്ന് പറയപ്പെടുന്നു. കൊലപാതകത്തിന് ശേഷം അയാൾക്ക്‌ ജോലി കൊടുക്കുന്ന എജെന്റ് കാഞ്ചീപുരത്തുകാരനും. അതായത് പല സംസ്ഥാനങ്ങളുമായും ബന്ധമുള്ളയാളാണ് പ്രതി എന്നാണു പോലിസ് ഭാഷ്യത്തിൽ നിന്നും മാധ്യമ വാർത്തകളിൽ നിന്നും മനസിലാകുന്നത് . ആ നിലയ്ക്ക് ഭാഷ, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട പല അവ്യക്തതകളും അതിസങ്കീർണ്ണമായ ഈ കേസിന്റെ അന്വേഷണത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചേയ്ക്കാം. അത് പരിഹരിയ്ക്കാൻ തക്ക ഒരേജൻസിക്കു ഈ കേസന്വേഷണം കൈമാറുന്നതിനെപ്പറ്റി കേരള സർക്കാരിന് ആലോചിക്കാവുന്നതാണ് . യു ഡി എഫ് , എൽ ഡി എഫ് ഭരണകാലങ്ങളിൽ നടന്ന അന്വേഷണത്തിന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ വിശേഷിച്ചും ഇത് പ്രസക്തമാണ് . മാത്രവുമല്ല ജിഷയുടെ അച്ഛനും അമ്മയും സഹോദരിയും ബന്ധുവും ഈ അന്വേഷണത്തിലും പ്രതിയിലും തൃപ്തരല്ല എന്ന് വ്യക്തമായിക്കഴിഞ്ഞു . ജിഷയുടെ അച്ഛൻ ശ്രീ പാപ്പു ആവശ്യപ്പെട്ടത് പോലെ കേസ് സി ബി ഐ ക്ക് വിടുക. അന്വേഷിച്ച പല കേസുകളിലും നീതി പുലർത്താൻ സി ബി ഐ ക്കും സാധിച്ചുവെന്നു അഭിപ്രായമില്ല. എങ്കിലും അന്തർസംസ്ഥാനബന്ധമുള്ള ഈ ‘പ്രതി’ യുടെ കൊലപാതക ലക്‌ഷ്യം അന്വേഷിക്കുന്നതിനു ഏല്പിക്കാൻ സാധ്യമായ ഒരു ദേശീയ ഏജൻസി എന്ന നിലയ്ക്കാണ് സി ബി ഐ യെ പരിഗണിക്കുന്നത് . അതേ സുഹൃത്തുക്കളേ, ജിഷയുടെ കേസ് ഇനിയാണ് തുടങ്ങുന്നത്.


Comments
Print Friendly, PDF & Email

എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക. അദ്ധ്യാപികയാണ്.

You may also like