പൂമുഖം LITERATURE ഒറ്റയ്ക്കാവാൻ കൊതിക്കുക

ഒറ്റയ്ക്കാവാൻ കൊതിക്കുക

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

മണിനാദങ്ങളുടെ പുലർച്ചകളിൽ
ധൃതികളുടെ ദ്രുത വേഗം
കടുകു മണികളായി
പൊട്ടിത്തെറിക്കാതിരിക്കാൻ

കറിയിലെ എരിവും പുളിയും
തീൻ മേശയിൽ തൊലി
പൊള്ളിക്കാതിരിക്കാൻ

രാത്രിയുടെ പുനർവായനകളിൽ
ഭേദഗതി വരുത്തുന്ന
നിയമങ്ങളുടെ സമ്മത പത്രങ്ങളിൽ
ഒപ്പ് വെക്കാതിരിക്കാൻ

പാലപ്പൂമണം ഒഴുക്കുന്ന ഇരുട്ടിന്റെ
സംഗീതം കൂർക്കംവലിയിൽ
മുങ്ങിപ്പോവാതിരിക്കാൻ

എഴുത്ത് മേശയിൽ
അടുക്കിപ്പെറുക്കി വെച്ച
ഹൃദയത്തുടിപ്പുകൾ
പരിഹാസമേറ്റ് ചുളുങ്ങാതിരിക്കാൻ

അവരിലെ രുചികളും
നമ്മളിലെ അരുചികളും
തിങ്ങി നിറഞ്ഞ്
വിയർക്കാതിരിക്കാൻ

ധാർ ഷ്ട്യത്തിന്റെ സിന്ദൂരം
നെറ്റിയിൽ വൃത്തി കേട്‌
വരയ്ക്കാതിരിക്കാൻ

മുന്നറിയിപ്പായി വരുന്ന
അകം പൊരുളിന്റെ
ചുവപ്പിൽ പേടിയില്ലാതെ
ഒന്ന് നീന്തിത്തുടിക്കാൻ

വിവസ്ത്രതയിലെ സ്വാതന്ത്ര്യം കൊണ്ട്
ശരീരത്തെ ഒന്ന് മറന്നുവെയ്ക്കാൻ

അറിവുകേടിലെ ഷണ്ഡത്വം
മീശ മുനകൊണ്ട്
കുത്താതിരിക്കാൻ

തോന്നുന്ന നിറങ്ങളിൽ
തോന്നുംപോലെ
ഒന്ന് പൊതിഞ്ഞിറങ്ങാൻ

പിന്നെ ഇഷ്ടങ്ങളിലൊക്കെയും
വേഗത കൂടിയ യന്ത്രം പോലെ
ഒന്നിടിച്ചു മരിക്കാൻ

ഒറ്റയ്ക്കാവാൻ കൊതിക്കുക നിങ്ങൾ….

Comments
Print Friendly, PDF & Email

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

You may also like