പൂമുഖം LITERATURE മായാജാലക്കാരന്റെ ദാർശനിക രസതന്ത്രം.

The Alchemist : മായാജാലക്കാരന്റെ ദാർശനിക രസതന്ത്രം.

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

“……. പക്ഷെ, അയാൾക്കറിഞ്ഞുകൂടാ..,
കാലവും പ്രായവും ഒന്നുമല്ല പ്രശ്നം.
മനുഷ്യർക്ക്‌ എന്തും നേടാനാകും.
മനസ്സിൽ അത്രയ്ക്ക് ഉത്ക്കടമായ മോഹം വേണമെന്നു മാത്രം. “

അതെ. ആത്യന്തികമായി ‘ദി ആൽക്കെമിസ്റ്റ്’ മുന്നോട്ടു വയ്ക്കുന്ന ജീവിത ദർശനം അതുതന്നെയാണ്. ഏകാഗ്രമായി സ്വന്തം മനസ്സിലേക്ക് നോക്കുക, ലക്ഷ്യം കണ്ടെത്തി, അതിനായി അശ്രാന്തം പരിശ്രമിക്കുക, നിങ്ങൾ നേടിയിരിക്കും എന്നുതന്നെ.

‘സാന്റിയാഗോ എന്നായിരുന്നു അവന്റെ പേര്…,’ ഇടിഞ്ഞു പൊളിഞ്ഞ പഴയ പള്ളിക്കരികിൽ നമ്മൾ കണ്ടുമുട്ടുന്ന കൌമാരക്കാരനായ ആട്ടിടയൻ. ലോകം മുഴുവൻ യാത്ര ചെയ്യണമെന്ന മോഹം കൊണ്ടാണ് പാതിരിയാകാൻ നിൽക്കാതെ, സെമിനാരിയിലെ പഠനം പാതിയിൽ ഉപേക്ഷിച്ച്, അവൻ ആട്ടിടയനാകുന്നത്. എന്നാൽ ആട്ടിടയൻ എന്ന നിലയിലുള്ള അവൻറെ യാത്രകൾ ആൻഡലൂസിയൻ പുൽമേടുകളിൽ മാത്രമായി ചുരുങ്ങാൻ തുടങ്ങിയപ്പോൾ, മനസ്സ് കമ്പിളി കച്ചവടക്കാരന്റെ സുന്ദരിയായ മകളിലേക്ക് ഒതുങ്ങാൻ ഒരുങ്ങിയപ്പോൾ, ലോകസഞ്ചാരം എന്ന അവൻറെ സ്വപ്നം, സ്വപ്നം തന്നെയായി ഒളി മങ്ങാനായപ്പോൾ, അവിടെ പ്രപഞ്ചം ഇടപെടുന്നു. അവൻറെ ലക്ഷ്യത്തിലേക്ക്, നിയോഗത്തെ ഓർമ്മിപ്പിച്ചുകൊണ്ട്‌ പ്രപഞ്ചം നിമിത്തങ്ങൾ വാരി വിതറാൻ തുടങ്ങുന്നു, ഹാ…, എന്തൊരു അമൂർത്തമായ സങ്കൽപ്പനം.

alchemist

ദാർശനീകതയുടെ അനേകമനേകം ഞാത്തുകളെ ഒരു കെട്ടുകഥയുടെ അലുക്കുകളിൽ എന്നപോലെ കൊരുത്തുകൊണ്ടാണ് അൽക്കെമിസ്റ്റിന്റെ പ്രയാണം. ചിലപ്പോഴൊക്കെ വായനക്കാരൻറെ സാമാന്യയുക്തിയെ ചോദ്യം ചെയ്തുകൊണ്ടുതന്നെ, മരുഭൂമിയിലെ ആ മായാജാലക്കാരൻ അവനെ പ്രപഞ്ചത്തിന്റെ താളത്തെ പരിചയപ്പെടുത്തുന്നു. പ്രകൃതിയെന്നല്ല, പ്രപഞ്ചത്തിലെ ഓരോ അണുവും അവന് ലക്ഷ്യത്തിലേക്കുള്ള വിശദീകരണങ്ങൾ നൽകുന്നു. പ്രപഞ്ചം സചേതനമാണ്. ആ വിശ്വചേതനയുടെ ഒരംശമാണ് നമ്മളിലോരോരുത്തരിലും തുടിച്ചു നില്ക്കുന്നത്. ഉള്ളിൻറെ ഉള്ളിലെ ആ തുടിപ്പിനെ നമ്മൾ പലപ്പോഴും തിരിച്ചറിയുന്നില്ലെന്നു മാത്രം. വാക്കുകൾക്കും ചിത്രങ്ങൾക്കും അതീതമായ ഒരു ഭാഷയാണതിന്. പ്രപഞ്ചത്തിന് സ്വന്തമായോരാത്മാവുണ്ട്. അത് കണ്ടെത്താൻ കഴിയുന്നയാൾക്ക് പ്രകൃതിയുടെ ഭാഷയും വശമാക്കാൻ കഴിയുമെന്ന് നോവലിൻറെ പല ഭാഗങ്ങളിലും രചയിതാവ് അടിവരയിട്ടു ആവർത്തിക്കുന്നു.

“നിങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും നേടണം എന്ന് ആഗ്രഹിച്ചാല്‍, അത് നേടാനായി ലോകം മുഴുവന്‍ ഗൂഢാലോചന നടത്തും” എന്ന്.

പഴയ പള്ളിയിലെ സൈക്കമോർ മരച്ചുവട്ടിൽ വച്ച്, ഇടയബാലൻ കാണുന്ന ഒരു സ്വപ്നത്തിലേക്കാണ് നോവൽ കണ്ണ് തുറക്കുന്നത്. ഈജിപ്റ്റിലെ പിരമിഡുകൾക്ക് അരികിൽ അവനായി ഒരു നിധിയുണ്ട് എന്ന്. സ്വപ്നത്തിൽ കണ്ട നിധി തേടിയുള്ള അവൻറെ യാത്രയാണ് നോവലിൻറെ പശ്ചാത്തലം. ആവർത്തിച്ചുള്ള ഓരോ വായനയിലും പുതിയ കാഴ്ച്ചകൾ കാത്തിരിക്കുന്ന വഴികളിൽക്കൂടിയാണ് സാന്റിയാഗോ നിധി തേടി പോകുന്നത്. അവതാരികയിൽ ഡോ: കെ. എം. വേണുഗോപാൽ വിശേഷിപ്പിക്കുന്നതു പോലെ, ‘ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യൻ നടത്തുന്ന യാത്ര’തന്നെയാണത്.

മനുഷ്യൻ ജീവിതാരംഭത്തിൽ, തൻറെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനാണ് എന്ന് കഥാപാത്രമായ സലേമിലെ രാജാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പക്ഷെ, എന്തുകൊണ്ടോ, വളർന്നു വലുതാകുമ്പോഴേക്കും ആ ബോധം അവന് നഷ്ടപ്പെടുന്നു. “കുട്ടികളുടെ മനസ്സിൽ നിറയെ ധൈര്യമുണ്ട്. എന്തും സങ്കൽപ്പിക്കാം, മോഹിക്കാം, അതൊക്കെ ജീവിതത്തിൽ നേടാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്. എന്നാൽ, മുതിരന്ന് കഴിയുമ്പോഴോ ? ” വലുതായി തുടങ്ങുമ്പോഴാണ് കുട്ടിക്കാലത്തെ തെളിച്ചമാർന്ന ആശകളും സ്വപ്നങ്ങളും മങ്ങാൻ തുടങ്ങുന്നത്.

ശരിയാണ്. ആദ്യമൊക്കെ സ്വപ്നങ്ങളെ ഒരു ധ്യാനം പോലെ പിന്തുടർന്നാലും, പിന്നെപ്പോഴോ, ലൌകികതയുടെ ചില ഇടപെടലുകളാൽ, സ്വപ്നങ്ങൾ നമ്മൾ അവധിക്കുവയ്ക്കുന്നു. ജീവിതം കൂടുതൽ സങ്കീർണ്ണമാകും തോറും ആ സ്വപനങ്ങൾ നമ്മിൽ നിന്ന് അകന്നും പോയേക്കാം. ഇടയ്ക്ക്, തല്ക്കാലമെങ്കിലും സൗകര്യപ്രദമായ ഒരിടത്ത് എത്തുന്നതോടെ അവിടെ ഒതുങ്ങി കൂടാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിർന്നാൽ, നേടിയത് നഷ്ടപ്പെടുമോ എന്ന സന്ദേഹം മൂലം അതിനു താല്പര്യമില്ലാതെ, ആയിരിക്കുന്ന അവസ്ഥയിൽ തന്നെ, സന്തുഷ്ടരായി തുടരാൻ ശ്രമിക്കുന്നു. സ്ഫടിക വ്യാപാരി അത്തരം ഒരാളാണ്. യാത്രയ്ക്കിടെ എപ്പോഴൊക്കെയോ സാന്റിയാഗോയും മാറിച്ചിന്തിക്കുന്നുണ്ട്. കമ്പിളി കച്ചവടക്കാരന്റെ മകളെ വിവാഹം കഴിച്ച്, ധാരാളം ആടുകളുള്ള ഇടയനായി ജീവിച്ചാലോ എന്ന് മുതൽ സ്ഫടികപാത്ര കച്ചവടത്തിന്റെ മർമ്മം പഠിച്ചപ്പോൾ, ചായ കച്ചവടത്തിൽ കേമനായപ്പോൾ, മരുഭൂമിയിൽ തൻറെ പ്രണയിനി ഫാത്തിമയെ കണ്ടെത്തിയപ്പോൾ, വരെയുള്ള ഓരോ സന്ദർഭവും അവൻറെ യാത്രയെ തടസ്സപ്പെടുത്തിയേക്കുമോ എന്ന് സംശയിച്ചുപോകും.
എന്നാൽ സ്വന്തം നിയോഗങ്ങൾ, മാറ്റിവച്ച ലക്ഷ്യങ്ങൾ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കുമെന്ന് രചയിതാവ് ആവർത്തിക്കുന്നു. ജീവിതത്തിൻറെ സന്തോഷം അനുഭവിക്കാതെ, ജീവിതാവസാനം വരെയും നടക്കാത്ത സ്വപനങ്ങളെ താലോലിച്ചു നാം കാലം കഴിക്കും. സലേം രാജാവിൻറെ കഥയിലെ ബേക്കറിക്കാരനും, അവൻ കണ്ടുമുട്ടിയ സ്ഫടികപാത്ര കച്ചവടക്കാരനും അവനോടു പറഞ്ഞത് അതാണ്‌. നമ്മളോടും.

സ്വയം അവനവനിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടത്തിനുള്ള പ്രേരണ ഈ നോവൽ മുന്നോട്ടു വയ്ക്കുന്നുണ്ട്. എപ്പോഴെങ്കിലും സഫലമാക്കാൻ തക്കവണ്ണം, ഉത്ക്കടമായ ഒരു സ്വപ്നം മനസ്സിൽ ഇല്ലാത്തവരായി ആരുണ്ട് ? എന്നാൽ സ്വപ്‌നം ലക്ഷ്യമാകുമ്പോഴാണ്, ആ ലക്ഷ്യത്തെ പിന്തുടരുമ്പോഴാണ്, അയാളുടെ ജീവിതനിയോഗം അർത്ഥപൂർണ്ണമാകുന്നത് എന്നും നാം കാണുന്നു.

എന്താണ് നിയോഗങ്ങൾ ? ഒരാൾ തൻറെ നിയോഗങ്ങളെ എങ്ങനെയാണ് തിരിച്ചറിയുന്നത്‌ ? തിരിച്ചറിയേണ്ടത് ?

ഉള്ളിൻറെ ഉള്ളിൽ നിങ്ങൾ ഉത്ക്കടമായി ആഗ്രഹിക്കുന്നതെന്തോ അതത്രെ നിങ്ങളുടെ നിയോഗം, നിങ്ങളുടെ ലക്‌ഷ്യം. ഓരോ മനുഷ്യനും വ്യത്യസ്തനാണ്. ഓരോരുത്തരുടെയും നിയോഗങ്ങളും അതിലേക്കുള്ള മാർഗ്ഗങ്ങളും വേറെ വേറെയാണ്‌. ഓരോരുത്തർക്കും പഠിക്കാനും മനസ്സിലാക്കാനും അവനവന്റേതായ രീതികളുണ്ട്. ചിലർ അതൊക്കെ സ്വയം തിരിച്ചറിഞ്ഞ്, വിശ്വസിച്ച് മുന്നോട്ടുപോകുന്നു. എന്നാൽ, സ്വയം വിശ്വസിക്കാൻ സന്ദേഹിക്കുന്ന/ പേടിക്കുന്ന ഒരാൾക്ക് മുന്നോട്ടുപോകാൻ ഒരു പ്രേരണ വേണ്ടിയിരിക്കുന്നു. ആ പ്രേരണയാണ് വിശ്വാസം, അത് ദൈവമെന്നാകാം, പ്രപഞ്ചമെന്നാകാം, അതീന്ദ്രജാലമെന്നാകാം, മറ്റു ശക്തികൾ എന്നാകാം, അങ്ങനെയങ്ങനെ അതെന്തുമാകാം. നന്മയിൽ മുന്നോട്ടുപോകാനായി നാം തെരഞ്ഞെടുക്കുന്ന ഏതു വഴിയും തെറ്റല്ല. നാം അത് തെറ്റാക്കരുത് എന്ന് മാത്രം. ഇത്തരത്തിൽ, രീതി ഏതുതന്നെയായാലും, സ്വന്തം മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കാതെ, നിരന്തരം പ്രയത്നിക്കാനും, വസ്തുതകളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് വിശദാംശങ്ങൾ മനസ്സിലാക്കാനും തയ്യാറുള്ളവർ മാത്രമാണ് നേട്ടങ്ങൾ കൈവരിക്കുന്നത് എന്നാണ് ആൽക്കെമിസ്റ്റ് ഓർമ്മിപ്പിക്കുന്നത്.

നിമിത്തങ്ങളെ കാത്തിരിക്കുന്നവരല്ല, നിമിത്തങ്ങളെ തേടി പോകുന്നവരാണ്, പിന്തുടരുന്നവരാണ് വിജയികൾ.

ഒരാൾ തന്റെ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാൻ എങ്ങനെ പഠിക്കുന്നു എന്ന് പൌലോ കൊയ്‌ലോ വരച്ചിട്ടിരിക്കുന്നത് കൌതുകകരമാണ്. അത് ചിലപ്പോൾ, അമിതമായ മതിഭ്രമങ്ങളിൽ കൂടിയാവാം, മയാജാലമെന്ന മിഥ്യാധാരണയിൽ കൂടിയാവാം.
യുറീം, തുമീം കല്ലുകൾ നേർവഴി കാണിക്കും എന്ന് വൃദ്ധരാജാവ് അവനെ വിശ്വസിപ്പിക്കുന്നു, അവൻ വിശ്വസിക്കുന്നു, കൂടുതൽ ഉചിതം സ്വന്തം മനസ്സാക്ഷിയോട്‌ ചോദിക്കുന്നതാണെന്നും അയാൾ അവനോട് സൂചിപ്പിക്കുന്നു. വഴിപറയുന്ന കല്ലുകൾ തൻറെ സഞ്ചിയിലുണ്ട് എന്ന ധൈര്യത്തിൽ, മനസ്സു പറയുന്ന വഴിയെതന്നെയാണ് അവൻ കൃത്യമായി പോകുന്നത്. (ഈ കല്ലുകൾ തനിക്ക് ആവശ്യമായി വന്നില്ലല്ലോ എന്ന് നോവലിൻറെ അവസാനഭാഗത്ത്‌, രചയിതാവ് അവനെ ഓർമ്മിപ്പിക്കുന്നുണ്ട്.)

coelo
അവന് കാറ്റായി ആഞ്ഞടിക്കാൻ, പറക്കാൻ കഴിയുമെന്ന് ആൽക്കെമിസ്റ്റ് അവനെ വിശ്വസിപ്പിക്കുന്നു, അവൻ വിശ്വസിക്കുന്നു, പറക്കുന്നു. (അതോ, താനൊരു ശക്തമായ കാറ്റായ് ആഞ്ഞടിച്ചു പറക്കുന്നതായി അവനു തോന്നിയതോ ?) ഇവിടെയെല്ലാം ഒരു മായാജാലമോ, അതീന്ദ്രിയതയോ ഒക്കെ ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ, ഒരു ജാലവിദ്യയും അവിടെ നടന്നിട്ടില്ല എന്നും, അവൻറെ മനസ്സാണ് അവനെ നയിച്ചതെന്നും വായനക്കാരന് ബോധ്യപ്പെടുന്നുമുണ്ട്.

മരണം മുന്നിൽ വാളുമായി വന്നുനിന്നാൽ ആരും അതീന്ദ്രിയതയുടെ മതിഭ്രമങ്ങൾക്ക് അടിപ്പെടുന്നതും, അതീന്ദ്രിയതയിലുള്ള ഈ വിശ്വാസം അയാളെ അതിജീവനത്തിലേക്ക് നയിക്കുന്നതും നോവലിൽ അങ്ങിങ്ങോളം നാം നോക്കിക്കാണുന്നു. “നാം അരക്ഷിതരാണ് എന്ന തോന്നലാണ് നമ്മെ ദൈവത്തോട് അടുപ്പിക്കുന്നത്” എന്ന് അവതാരികയിൽ ഡോ: കെ. എം. വേണുഗോപാൽ പറയുന്നത്, ഇതേ യുക്തിയിൽ തന്നെയാവണം.

സ്വപ്നദർശനത്തെ പിന്തുടർന്ന് സാന്റിയാഗോ നടത്തിയ യാത്ര, അവനെ തുടങ്ങിയ സ്ഥാനത്തു തന്നെ തിരിച്ചെത്തിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. സ്പെയിനിലെ പഴയ പള്ളിയിലെ സൈക്കമോർ മരച്ചുവട്ടിൽ നിന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഈജിപ്ഷ്യൻ പിരമിഡുകൾക്കരികിലേക്കുള്ള അവൻറെ യാത്രയുടെ ഓരോ നിമിഷവും പ്രപഞ്ചത്തിനായി കാതു കൊടുത്തിട്ടും, പ്രപഞ്ചം അവനോടു അത് സൂചിപ്പിക്കാതിരുന്നത് എന്തുകൊണ്ടാവും ? നിയോഗം തിരിച്ചറിഞ്ഞ് തുനിഞ്ഞിറങ്ങിയാൽ, എങ്ങനെയൊക്കെ വഴിമാറി പോയാലും ലക്ഷ്യം നേടിയിരിക്കും എന്നു തന്നെയാവും. അതിനേക്കാൾ, ലോകസഞ്ചാരം എന്ന അവന്റെ സ്വപ്നം സഫലമാക്കാൻ പ്രപഞ്ചം നടത്തിയ ഗൂഢാലോചനയായും നമുക്ക് അതിനെ വായിക്കാം.

ലോകസാഹിത്യത്തിൽ തന്നെ ഒരു പുസ്തകം ഇത്രയേറെ വായിക്കപ്പെടുന്നുവെങ്കിൽ, അതിൽ എന്തത്ഭുതം ?
രചയിതാവിന്റെ രചനാപാടവത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് അധികമാകും. ഒരിക്കൽ വായിച്ചാലും, വീണ്ടും വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്ന ലളിതമായ രചനാസൂത്രങ്ങളെ എണ്ണിപ്പറയുക അസാധ്യം. ഓരോ വായനയിലും പുതിയ ചോദ്യങ്ങളും പുതിയ ഉത്തരങ്ങളും ഉയർന്നു വരാൻ പാകത്തിന്, കൃത്യമായ കുശലതയാർന്ന ദാർശനീകത തന്നെയാണ് നോവലിൻറെ മർമ്മം എന്ന് പക്ഷേ, പറയാതെ വയ്യ.
ലോക സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന നോവലിസ്റ്റിനെക്കുറിച്ചല്ല, അദ്ദേഹത്തിൻറെ മാസ്റ്റർ പീസ്‌ ആയ ‘ദി ആൽക്കെമിസ്റ്റ്’ എന്ന നോവലിനെ കുറിച്ച് മാത്രമാണ് ഇവിടെ ഈ വായന എന്ന് കൂടി ഓർക്കാം.


 

വായന – ദി ആൽക്കെമിസ്റ്റ് :
പൌലോ കൊയ്‌ലോ
വിവർത്തനം – രമാ മേനോൻ
ഡി.സി ബുക്സ്.

Comments
Print Friendly, PDF & Email

You may also like