പൂമുഖം ART ചിത്രപ്പുര: സ്മിത ജി.എസ്.

ചിത്രപ്പുര: സ്മിത ജി.എസ്.

01

Image 1 of 9

ദേശീയ മൃഗം, ദേശീയ പക്ഷി തുടങ്ങി ദൈവത്തിന്റെ സ്വന്തം മൃഗങ്ങളും മനുഷ്യന്റെ ഓമന മൃഗങ്ങളും പോലെ മുഖ്യധാരയില്‍ വരുന്ന ജീവികളെയൊക്കെ സംരക്ഷിക്കാന്‍ ഇവിടെ നിയമങ്ങളും മനുഷ്യരുമുണ്ട്. എന്നാല്‍ പ്രകൃതിയുടെ സംതുലനാവസ്ഥക്ക് അത്യാവശ്യമായ മറ്റൊരു കൂട്ടം ചെറുജീവികളെ അധികമാരും ശ്രദ്ധിക്കാറില്ല. ഇവരും ഈ ഭൂമിയുടെ അവകാശികളാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ മോഹങ്ങളാല്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയോടൊപ്പം ഈ ജീവികളും വംശമറ്റ് പോവുന്നുണ്ട്. ആദിവാസികളെ പോലെ അരികുവല്‍ക്കരിക്കപ്പെട്ട ഈ ചെറുജീവികളോട് ഇഷ്ടം കൂടുകയും, അവയെ സ്വന്തം കലാസൃഷ്ടികളിലുടെ മനോഹരമായി ആവിഷ്‌കരിക്കുകയും ചെയ്യുന്ന ചിത്രകാരിയാണ് സ്മിത ജി.എസ്.
11 smitha
വയലറ്റും നീലയും കലര്‍ന്ന ഇരുണ്ട വെളിച്ചത്തിലാണ് സ്മിതയുടെ പെയ്ന്റിംഗുകളുടെ പൊതുവായ കാഴ്ച. പുറം പറമ്പിലെവിടെയോ ഒരു പച്ചക്കുതിര, ഏതോ വൃക്ഷക്കൊമ്പിലിരിക്കുന്ന ഒരു ഒച്ച്, ഓന്ത്, എട്ടുകാലി, രാത്രിയില്‍ ഒച്ച വെക്കുന്ന ചീവീട്, കുറ്റിച്ചെടികള്‍ക്കിടയില്‍ കാണപ്പെടുന്ന ഷഡ്പദങ്ങള്‍, ഏതോ കാട്ടുമരക്കൊമ്പിലെ കുഞ്ഞു പൂക്കളിലും പഴങ്ങളിലും മധുരം നുകരുന്ന ചെറു പ്രാണികള്‍, രാത്രിയില്‍ പ്രകാശം പരത്തുന്ന മിന്നാമിനുങ്ങുകളും മറ്റ് ജീവികളും, കുറക്കനെയും കുറുനരിയെയും പോലെ ആര്‍ക്കും വേണ്ടാത്ത കാട്ടുമൃഗങ്ങള്‍, മണ്ണിരകള്‍, വെള്ളത്തിനടിയില്‍ പിടഞ്ഞോടുന്ന ചെറു മീനുകള്‍, വെള്ളത്തില്‍ വളരുന്ന ചെടികളിലെ പേരറിയാത്ത ചെറുജീവികള്‍ തുടങ്ങി അധികമാര്‍ക്കും വേണ്ടാത്ത ജീവികളുടെ വലിയ ലോകമുണ്ട് സ്മിതയുടെ കാന്‍വാസുകളില്‍. നിറങ്ങളുടെ കോമ്പിനേഷനു പുറമെ സ്വന്തമായി രൂപപ്പെടുത്തിയ സവിശേഷമായ ഒരു ദൃശ്യപരിചരണം കൂടിയാവുമ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവുന്ന ഒരു ഐഡന്റിറ്റി കൂടി സ്മിതയുടെ രചനകള്‍ക്ക് കൈവരുന്നുണ്ട്.
അധികമാര്‍ക്കും വേണ്ടാത്ത ജീവികളുടെ വലിയ ലോകമുണ്ട് സ്മിതയുടെ കാന്‍വാസുകളില്‍.

ഈ ചെറുജീവികളില്‍ വ്യക്തമായി കാണാനാവുന്ന പല മുഖങ്ങള്‍ക്കും മനുഷ്യഛായയുണ്ട്, അതും സ്ത്രീ മുഖങ്ങള്‍. ശ്രദ്ധിക്കപ്പെടാന്‍ കഴിയാതെ ആര്‍ക്കും വേണ്ടാതാവുന്ന സ്ത്രീജീവിതങ്ങളെ തന്നെയാവണം ഇവര്‍ പ്രതിനിധീകരിക്കുന്നത്. ഈ ജീവികളെയൊക്കെ അടുത്ത് കാണുമ്പോള്‍ വല്ലാത്ത സ്‌നേഹം തോന്നാറുണ്ടെന്നും അവരുടെ മുഖം അടുത്തു കാണുമ്പോള്‍ അടുപ്പമുള്ള ആരുടെയൊക്കെയോ ഛായ തോന്നാറുണ്ടെന്നും ചിത്രകാരി പറയുന്നു. പ്രതീക്ഷയുണര്‍ത്തുന്ന സൃഷ്ടികളുമായി കലാപഠനം കഴിഞ്ഞ് വിവാഹിതയായി കുടുംബകാര്യങ്ങളിലും കുട്ടികളുടെ പരിചരണങ്ങളിലും ഇടപെട്ട് അവര്‍ക്ക് വേണ്ടി ജീവിച്ച് കലാരചനകളില്‍ നിന്ന് അകന്നുപോയ പെണ്‍കുട്ടികള്‍ ഏറെയുണ്ട് കേരളത്തില്‍. ആ കൂട്ടത്തിലൊരാളായി കുറേ കാലം ജിവിക്കേണ്ടി വന്നപ്പോഴും മനസ്സില്‍ നിരന്തരം വരച്ച് മായ്ക്കലുകള്‍ നടന്നിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് സമകാലീന കലയുടെ പുതിയ കാഴ്ചയൊരുക്കുന്ന സ്മിതയുടെ കാന്‍വാസുകള്‍.കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സില്‍ നിന്ന് ​പ്രാഥമിക ​കലാപഠനം ​(കെ.ജി.സി.ഇ.)​, മൈസൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് (ഡിസ്റ്റന്റ് എഡുക്കേഷന്‍). കേരള ലളിതകലാ അക്കാദമിയുടെ 2012 മുതലുള്ള തുഞ്ചന്‍പറമ്പ്, കോഴിക്കോട്, മഞ്ചേരി, സി.എം.എസ്.കോളേജ്, കൂര്‍ഗ് (സംസ്ഥാന ക്യാമ്പ്) തുടങ്ങിയ ക്യാമ്പുകളില്‍ പങ്കെടുത്തു. ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാളിലും കോഴിക്കോട് ഗാലറിയിലും നടന്ന വാര്‍ഷിക -ഗ്രൂപ്പ് പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കലാപ്രവര്‍ത്തനങ്ങളുമായി കുടുംബസമേതം കോഴിക്കോട് ജീവിക്കുന്നു.

ontactemail: smithags009@gmail.com

09

08 07 06 05 04 03 02 01


Comments
Print Friendly, PDF & Email

You may also like