പൂമുഖം POLITICS അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ : അര്‍ത്ഥം വാക്കിനെ അന്വേഷിക്കുന്നു

അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ : അര്‍ത്ഥം വാക്കിനെ അന്വേഷിക്കുന്നു

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 


ട്രാൻസ് ജെൻഡറുകൾ തമ്മിലുള്ള സംഭാഷണങ്ങൾ, ഇന്റർ സെക്സുകളുടെ ആത്മഭാഷണങ്ങൾ.. ഒരു പെണ്ണിന്റെ കേൾവിയും തുടർ വിചാരങ്ങൾക്കുമൊപ്പം മലയാളത്തിൽ ആദ്യമായി.
അച്ചടിമാധ്യമങ്ങൾ തെറിവാക്കുകളുടെ പേരിൽ തിരസ്കരിച്ച അനുഭവഖണ്ഡം മലയാളനാടിലൂടെ..


 

നന്യയും, സ്വീറ്റിയും, ഫൈസലും ട്രാന്‍സ്ജെണ്ടറുകളാണ്. പുരുഷശരീരത്തിനുള്ളില്‍ പെണ്‍മനസ്സിന്റെ ഭാരം വഹിക്കേണ്ടി വന്നവര്‍. എം ടു എഫ് (മെയില്‍ ടു ഫീമെയിൽ ) എന്ന് സാങ്കേതികമായി അറിയപ്പെടുന്നവര്‍. ഇവരെ സൂചിപ്പിക്കാന്‍ തക്ക ഒറ്റവാക്ക് മലയാളം വികസിപ്പിച്ചിട്ടില്ല. ഞാനവരെ ‘ആണില്‍പ്പെണ്ണ്’ എന്ന് പറയാനാഗ്രഹിച്ചു. പക്ഷെ അനീമ- അനീമസ് വാദക്കാരായ മനശാത്രജ്ഞർ എന്റെ ആ വാക്കിനെ നിര്‍വ്വീര്യമാക്കിയേക്കും എന്ന് ഞാൻ ഭയക്കുന്നു. പുരുഷനിലെ സ്ത്രൈണാംശം എന്ന അവരുടെ ജ്ഞാനത്താല്‍. ഇവിടെ പ്രശ്നം അതല്ല. അവര്‍ ആണുങ്ങളായി ജനിച്ചവരാണ്. പക്ഷെ ആഗ്രഹിക്കുന്നത് പെൺജീവിതമാണ്. അവര്‍ക്ക് ശാരീരികമായി ആകര്‍ഷണം തോന്നുക പുരുഷന്മാരോടാണ്. ഇതിനെ സ്വവര്‍ഗ്ഗാനുരാഗമായി മുദ്രകുത്തുകയാണ് സമൂഹം ചെയ്യുന്നത്. പക്ഷെ അവര്‍ പറയുന്നു ”ഞങ്ങള്‍ ഹോമോ-സെക്ഷ്വലുകള്‍ അല്ല, ഹെട്രോ -സെക്ഷ്വലുകള്‍ ആണ്” എന്ന്. നിര്‍ഭാഗ്യവശാൽ, എം ടു എഫ് വിഭാഗക്കാരെ എം എസ് എം (മെന്‍ ഹാവിംഗ് സെക്സ് വിത്ത്‌ മെന്‍) ഗ്രൂപ്പില്‍ പെടുത്തി ‘ഗേ’ എന്ന് പറയുകയാണ്‌ നമ്മള്‍ ചെയ്തുവരുന്നത്.

IMG_20160416_214758

ഇതിനര്‍ത്ഥം അവര്‍ക്ക് സ്വന്തം ആവിഷ്കാരം തന്നെ ആയാസകരമാണ് എന്നത്രേ. ട്രെയിനില്‍ യാത്രചെയ്യുമ്പോൾ കയറിവന്ന് ടപ്പ്‌ ടപ്പാന്നു ഉച്ചത്തില്‍ കയ്യടിച്ച് പണം തട്ടുന്ന തട്ടിപ്പുകാര്‍ മാത്രമായാണ് നമ്മളിതുവരെ അവരെ അറിഞ്ഞത്.  പക്ഷെ അതിലധികം അവര്‍ മനുഷ്യജീവികളാണെന്ന് അംഗീകരിക്കാന്‍ കാലം നമ്മളോടാവശ്യപ്പെടുന്നുണ്ട്. നമ്മെപ്പോലെ തന്തയ്ക്കും, തള്ളയ്ക്കും പിറന്നവര്‍, പക്ഷെ തന്തയ്ക്കും തള്ളയ്ക്കും പോലും വേണ്ടാതായവര്‍. കുടുംബങ്ങള്‍ ഇവരെ അഭിസംബോധന ചെയ്യാത്തത് കൊണ്ട് സാമൂഹ്യമായ സദാചാരസംഹിതകള്‍ക്ക് പുറത്താണിവര്‍. പുരുഷനല്ലാത്തവര്‍ (നപുംസകം ) എന്ന വ്യാകരണ പദവിയാണ്‌ ആണ്‍കോയ്മ ഇവര്‍ക്ക് കല്‍പ്പിച്ചു കൊടുത്തത്.പുരുഷന് ലൈംഗികമായി ഉപയോഗിക്കാനുള്ളവർ മാത്രമാണ് പുരുഷേതരായ സ്ത്രീകൾ എന്നപോലെ നപുംസകങ്ങളും എന്നൊരു ധാരണയാണ് അലിഖിതമായി ഉള്ളത്. സ്ത്രീകളെ പരസ്യമായി ഉപയോഗിക്കുമ്പോള്‍ ട്രാന്‍സ്ജെണ്ടറുകളെ രഹസ്യമായി ഉപയോഗിച്ചുകൊണ്ടാണ് പുരുഷന്‍ അവന്റെ ആണത്തം തെളിയിക്കുന്നത്.

ഞങ്ങള്‍ മൂന്നാം ലിംഗമോ, ഭിന്ന ലിംഗമോ അല്ല. ട്രാന്‍സ്ജെണ്ടർ ആണ് എന്നിവര്‍ക്ക് പറയേണ്ടി വരുന്നത് ഭാഷയുടെ മാത്രം പരിമിതിയിലേക്കല്ല, ലൈംഗികതയെ കുറിച്ചുള്ള പൊതു മണ്ഡല ചര്‍ച്ചകളുടെയും ബോധത്തിന്റെയും ഏകപക്ഷീയതയിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.

ശാരീരികമായ അവസ്ഥയല്ല, മാനസികമായ അവസ്ഥയാണ് ഒരു വ്യക്തിയുടെ ലൈംഗീകതയെ നിശ്ചയിക്കേണ്ടതെന്ന സുപ്രീം കോടതി നിര്‍ദേശത്തെ മനസ്സിലാക്കാന്‍ സമൂഹത്തിന് ഇനിയും സാധിച്ചിട്ടില്ല. ‘ ലൈംഗികത’ എന്നാല്‍ സുരതം മാത്രമല്ല, വ്യക്തിസ്വത്വവുമായി അഗാധമായി ബന്ധപ്പെട്ടതാണത്. ഞങ്ങള്‍ മൂന്നാം ലിംഗമോ, ഭിന്ന ലിംഗമോ അല്ല. ട്രാന്‍സ്ജെണ്ടർ ആണ് എന്നിവര്‍ക്ക് പറയേണ്ടി വരുന്നത് ഭാഷയുടെ മാത്രം പരിമിതിയിലേക്കല്ല, ലൈംഗികതയെ കുറിച്ചുള്ള പൊതു മണ്ഡല ചര്‍ച്ചകളുടെയും ബോധത്തിന്റെയും ഏകപക്ഷീയതയിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.

എത്ര ട്രാന്‍സ്ജെണ്ടറുകൾ ഇത്തവണ വോട്ട് ചെയ്തു?. ഇവര്‍ക്ക് വോട്ടില്ല എന്ന കാരണത്താല്‍ ഇവരെ അഭിസംബോധന ചെയ്യാൻ കൂട്ടാക്കാത്ത രാഷ്ട്രീയ നേതാക്കന്മാരുണ്ട്. ടി ജി ( ട്രാന്‍സ്ജെണ്ടര്‍) എന്ന്‍ വോട്ടർ ഐ ഡി കാര്‍ഡിലും ആധാർ കാര്‍ഡിലും തിരുത്തിക്കിട്ടാൻ ടി ജി പോളിസി നിയമമായിട്ടും ഇവര്‍ക്ക് അക്ഷയയിൽ എത്രയോ തവണ കയറി ഇറങ്ങേണ്ടി വരുന്നു. സ്വന്തം അവസ്ഥ സൂചിപ്പിക്കുന്ന റേഷന്‍ കാര്‍ഡ്‌ ഉണ്ടോ ഇവര്‍ക്ക്? വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ആണിനും പെണ്ണിനുമാത്രമാണ് കോളങ്ങള്‍ ഉള്ളത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മാത്രമാണ് ആണും പെണ്ണും കൂടാതെ ‘മറ്റുള്ളവര്‍’ എന്നുകൂടി ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്. ‘മറ്റുള്ളവര്‍’ നമുക്ക് വേണ്ടാത്ത എല്ലാവരെയും ഉള്ളടക്കിയ അപരനാമമാണ്. പൊതു സമൂഹം പുറത്തു തള്ളിയ ഇവര്‍ നമ്മളെപ്പോലെ ഒത്തുതീര്‍പ്പ്പരമായും സദാചാരപരമായും അച്ചടിവടിവിൽ സംസാരിക്കണമെന്ന് വാശി പിടിക്കുന്നതിൽ എന്തര്‍ത്ഥമാണുള്ളത്? ഇവരെപ്പോലെ ഇവർ ഉപയോഗിക്കുന്ന വാക്കുകളും നമ്മില്‍ നിന്നും തെറിച്ചു പോയവ ആയിരിക്കുന്നതിൽ അത്ഭുതപ്പെടെണ്ടതില്ല. പിക്കാസോയെ ഓര്‍ത്തുകൊണ്ടും കടപ്പെട്ടുകൊണ്ടും ഇത് ഇവർ ചെയ്തതല്ല ഇവരോട് നമ്മള്‍ ചെയ്തതാണ് എന്ന് പറയാൻ ഞാനാഗ്രഹിക്കുന്നു.

ഇതുപോലുള്ള ചര്‍ച്ചയെ പൊതു സമൂഹത്തിലേക്ക് ഇറക്കി വിടുന്നവള്‍ മാത്രമാണ് ഞാന്‍. ഇതില്‍ പങ്കെടുക്കുന്ന അനന്യ മലയാളി ട്രാന്‍സ്ജെണ്ടറില്‍നിന്നുള്ള ആദ്യത്തെ റേഡിയോ ജോക്കി ആയിരിക്കുന്നു. ചര്‍ച്ച ചെയുമ്പോൾ അവൾ അങ്ങിനെ ഒരാഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് അനന്യ ആ പദവീയിലെക്കു വരുന്നത്. സ്വീറ്റി, മേയ്കപ്പ്‌ ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഫൈസല്‍ ഒരു ആക്ടിവിസ്റ്റ് ആണ്. മറ്റു ദിവസങ്ങളില്‍ കെട്ടിട നിര്‍മാണ തൊഴിലിൽ ഏര്‍പ്പെടുന്നു. ജിഷ സംഭവത്തില്‍ പ്രതിഷേധിക്കുമ്പോള്‍ പോലിസ് മര്‍ദ്ദനമേറ്റ ഫൈസലിന്റെ ചോരയൊലിക്കുന്ന മുഖം മറക്കാറായിട്ടില്ല.


13346788_1191151464237108_387371193040956027_n

സംഭാഷണം : ട്രാൻസ് ജെൻഡേഴ്സ്

അനന്യ: എനിക്ക് വീട് വിട്ടു ഇറങ്ങേണ്ടി വന്നു. എന്റെ അച്ഛനും സഹോദരനുമാണ് എന്നെ ഏറ്റവുമധികം പീഡിപ്പിച്ചത്. അച്ഛന്‍ ചോദിച്ചു – “നീ ആണുങ്ങള്‍ക്ക് ചെയ്തു കൊടുക്കുന്ന ആളല്ലേ” എന്ന്. ഞാന്‍ ടപ്പേ ടപ്പെന്നു കയ്യടിച്ചു തിരിച്ചു ചോദിച്ചു – “എന്നെ ഉണ്ടാക്കിയത് നിങ്ങളല്ലേ” എന്ന്

ഫൈസല്‍; വീട്ടുകാരോട് പറയാന്‍ പറ്റില്ല. ചെറുപ്പം മുതലേ കുറ്റപ്പെടുത്തല്‍ ആണ്. വീട്ടിലും സ്ക്കൂളിലും ചീത്ത. നീയിങ്ങനെ നടന്നിട്ടല്ലേ എന്ന്. എന്റെ നടപ്പെന്താ ഇങ്ങനെ എന്നാണ് ചോദ്യം. ഇത് സഹിക്കാൻ വയ്യാതെ അഞ്ചാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി.

സ്വീറ്റി: എനിക്ക് വീട്ടില്‍ അംഗീകാരമുണ്ട്.  ഞാന്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നു. മഞ്ജൂ വാര്യരുടെയൊക്കെ മെയ്ക്കപ് ചെയ്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും സുരക്ഷിതമാണ്. മഞ്ജുച്ചേച്ചി ആണുങ്ങളെ കാരവനിലേക്ക് അടുപ്പിക്കുകയേ ഇല്ലാ.. അതെനിക്കും രക്ഷയാണ്.

സെക്സ് എന്നത് അവരവരുടെ ഇഷ്ടം ആണ്, തോന്നുന്നവരോടെ ചെയ്യാൻ പറ്റൂ. ഫേസ്ബുക്കില്‍ ഞങ്ങളെ സമീപിക്കുന്ന 95% ആണുങ്ങളും “കടി” തീര്‍ക്കാൻ വരുന്നവര്‍ ആണ്.

ഫൈസല്‍; ആധാര്‍ കാര്‍ഡിൽ ട്രാന്‍സ്ജെണ്ടെർ എന്ന് എഴുതികിട്ടാൻ വളരെ കഷ്ടപ്പെട്ടൂ. മാസികകളിലും ചാനലുകളിലും വന്ന ഫോട്ടോകള്‍ കാണിച്ചുകൊടുത്ത ശേഷമാണ് അക്ഷയ കേന്ദ്രത്തില്‍ നിന്നും ടി ജി എന്ന് അംഗീകരിച്ചു കിട്ടിയത്. അക്ഷയ, സര്‍ക്കാരുമായി നേരിട്ട് ബന്ധമുള്ളതാണ്. ട്രാന്‍സ്ജെണ്ടെർ പോളിസി വന്നു കഴിഞ്ഞതാണ്. എന്നിട്ടും ഇതാണവസ്ഥ. മാത്രമല്ല ഞാനൊരു ആക്റ്റിവിസ്റ്റും ആണ്. എന്നെപോലെ ഒരാള്‍ക്ക്‌ ഇതാണ് അവസ്ഥ എങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?

അനന്യ: സെക്സ് സീക്കേഴ്സ് ആണ് ടി. ജി. എന്നാണു എല്ലാവരുടെയും വിചാരം. ഞങ്ങളെ കണ്ടാല്‍ ലൈംഗിക വസ്തുവിനെ പോലെ ആണ് പെരുമാറുന്നത്. സിഗ്നലിൽ ടാക്സി നിര്‍ത്തിയാല്‍ വരെ പ്രശ്നമാണ്. നടുവിരല്‍ വെച്ച് ഉള്ളംകൈയില്‍ ചുരണ്ടുന്നു. എപ്പോഴും ഉപദ്രവിക്കുന്നു. സെക്സ് എന്നത് അവരവരുടെ ഇഷ്ടം ആണ്, തോന്നുന്നവരോടെ ചെയ്യാൻ പറ്റൂ. ഫേസ്ബുക്കില്‍ ഞങ്ങളെ സമീപിക്കുന്ന 95% ആണുങ്ങളും “കടി” തീര്‍ക്കാൻ വരുന്നവര്‍ ആണ്.

ഫൈസല്‍: ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമ കാണുവാന്‍ ക്യൂ നില്‍ക്കുകയായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ പോലിസ് വന്നു ടിക്കറ്റ്‌ എടുത്തു തന്നു. സിനിമ കണ്ടു മടങ്ങുമ്പോള്‍ “ഡാ ഇവ്ടെ വാടാ” എന്ന് പറഞ്ഞു ബൈക്കില്‍ വന്നു ചവിട്ടി. ഞാന്‍ ഗുരുവായൂര്‍ പോലിസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാരൻ എന്റെ പരാതി കേള്‍ക്കുകയല്ല, എന്നെ അടിമുടി നോക്കുകയാണ്. ഞാന്‍ പരാതി പറയുന്നു; അപ്പോള്‍ അയാളെന്നോട് ചോദിക്കുന്നത് “നീയെന്താ ഇങ്ങനെ മുടി നീട്ടി വളര്‍ത്തി പെണ്ണുങ്ങളെ പോലെ” എന്നാണ്.

tr2 അനന്യ: ധാരാളം ട്രാന്‍സ്ജെണ്ടേഴ്സ് എപ്പോഴും പോകുന്ന കടയാണ് തിരുവനന്തപുരത്തെ രാമചന്ദ്ര. ഞാന്‍ ഡ്രസ്സ്‌ വാങ്ങി. അവിടുത്തെ ഒരു ജീവനക്കാരന്‍ – മധ്യവയസ്ക്കൻ ആയ തങ്കച്ചന്‍ – എന്നെ അടിമുടി നോക്കുന്നു. “നിന്റെ മുടി ഒറിജിനല്‍ ആണോ നിന്നെ കണ്ടിട്ട് ആണാണോ പെണ്ണാണോ”. കടയില്‍ ധാരാളം കസ്റ്റമര്‍സ് ഉണ്ട്. “തുരുനങ്കൈകളോട് ഇങ്ങനെ ആണോ പെരുമാറുന്നത്” എന്ന് ഞാന്‍ ചോദിച്ചു. “ഡാ.. വാ മൂടടാ…” എന്ന് ഒച്ചയിട്ടു. ഞാന്‍ ഫ്ലോര്‍മാനേജരോട് പറഞ്ഞു. ഇത്രെയും പേരുടെ മുന്നില്‍ വെച്ചല്ലേ എനിക്കൊരു സോറി മതിയായിരുന്നു. എന്നാല്‍ തങ്കച്ചൻ പറഞ്ഞത് – “ഇവനോട് സോറി അല്ല മയിര് പറയും” എന്നായിരുന്നു. ഞാന്‍ 100-ല് വിളിച്ചു. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് മാനേജര്‍ പറഞ്ഞു. ഞാന്‍ പോലിസ് സ്റ്റേഷനില്‍ ചെന്നപ്പോൾ എന്നെ പരിഗണിച്ചത് തന്നെയില്ല. ഞാന്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ പോലിസ് ചോദിക്കുകയാണ് “ഡ്യൂട്ടി സമയത്തെങ്ങനെ സ്റ്റാഫിനെ കൂട്ടീട്ടു വരും” എന്ന്.

സ്വീറ്റി : എവിടെയും ഞങ്ങൾക്ക് അയിത്തമാണ്.  ഞാനും അനന്യയും കൂടി മുടി വാഷ് ചെയ്യാനും ഓയിൽ മസ്സാജ് ചെയ്യാനും തൃശൂർ റ്റുലിപ്സിൽ പോയിരുന്നു.ആദ്യമൊക്കെ അവിടെ ജെന്റ്സിനും ലേഡീസിനും ഒരുമിച്ചായിരുന്നു. ഇപ്പോൾ അത് രണ്ടു വിഭാഗമാണ്‌.  ഞങ്ങൾ ലേഡീസിൽ പോയി. അവർക്ക് തൊടാൻ വയ്യ. അപ്പോഴവർ പറഞ്ഞു, നിങ്ങൾ ജെന്റ്സ് പാർലറിൽ പൊയ്ക്കോളൂ. അവിടെ പോയപ്പോൾ ‘നിങ്ങൾക്കവിടെയാണ്’ എന്ന് പറയുന്നു.ആർക്കും ഞങ്ങളെ തൊടാൻ വയ്യ.

അനന്യ : ഞാനും സ്വീറ്റിയും തൃശ്ശൂരിലെ പ്രമുഖ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങുകയായിരുന്നു. ഓട്ടോ വിളിച്ചു. അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ഡ്രൈവർ ആണ്.  അയാൾ സെക്യൂരിറ്റിയോട് പറയുന്നു ‘പെൺവേഷം ധരിച്ച ആണുങ്ങളാണ്,  പീപ്പികളാണ്’ എന്ന്.  ഞങ്ങൾ ആണാണോ പെണ്ണാണോ എന്നറിയേണ്ട ആവശ്യമുണ്ടോ അയാൾക്ക്‌ ?

എന്നെക്കണ്ട് ഒരാൾ ബസ്സിൽ നിന്നെണീറ്റു.  കണ്ടക്റ്റർ കൈതൊടാതെ ബാക്കി പൈസയായിട്ടു തരും. നമുക്കുമുണ്ടല്ലോ മാനാഭിമാനങ്ങൾ.

സ്വീറ്റി : ഓട്ടോറിക്ഷക്കാർ വളരെ മോശമായാണ് പെരുമാറുന്നത്. രാത്രി 12 മണിക്ക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. 35-40 ഓട്ടോകൾ ഫ്രീയായി കിടക്കുകയാണ്.  അവിടുന്ന് വിളിച്ചോ ഇവിടുന്നു വിളിച്ചോ. ഇത് മറ്റതാ.. നാലുപേരെ ഒരു ഓട്ടോയിൽ കയറ്റില്ല എന്നിങ്ങനെ അവർ പറയുന്നു.  ഞങ്ങൾ പറഞ്ഞില്ല നാലുപേരെ ഒരു ഓട്ടോയിൽ കയറ്റണമെന്ന്.  ഭയങ്കര കമന്റ്സ്.l

അനന്യ : ഒടുക്കം ഒരു ഓട്ടോറിക്ഷ വന്നു. കേറിക്കോളാൻ പറഞ്ഞു. അപ്പോൾ മറ്റു ഓട്ടോറിക്ഷക്കാർ ഇവനോട് പറയുന്നു “അവിടെയെത്തുന്നതിനു മുൻപ് മുണ്ട് നനയാതെ നോക്കിക്കോ ” ഓട്ടോക്കാരൻ പറഞ്ഞു “എന്നെ തൊടല്ലേ,  ഞാൻ അവിടെ എത്തിക്കാം” നിന്റെ കുടുംബത്തിലുള്ളവരാണെങ്കിൽ ഇങ്ങനെ പറയുവോ ? എന്ന് ഞാൻ ചോദിച്ചു.

tr3

ഫൈസൽ : എന്നെക്കണ്ട് ഒരാൾ ബസ്സിൽ നിന്നെണീറ്റു.  കണ്ടക്റ്റർ കൈതൊടാതെ ബാക്കി പൈസയായിട്ടു തരും. നമുക്കുമുണ്ടല്ലോ മാനാഭിമാനങ്ങൾ.

സ്വീറ്റി : എനിക്ക് എന്റെ സഹോദരിയുടെ കൂടെ ഫോട്ടോ ഇടാൻ പറ്റില്ല. എവിടെകിട്ടും എന്ന് ചോദിക്കും

അനന്യ : ബെൻസ് കാർ വന്നു ടി ജി സെക്സ്-വർക്കേഴ്സിനെ കൊണ്ട് പോവുന്നുണ്ട്.

ഫൈസൽ : പകൽ കാണുമ്പോൾ ഇവർ പറയും ഈ മയിരുകളെ തല്ലിക്കൊല്ലാൻ ആളില്ലേ എന്ന്.  രാത്രി വണ്ടി കൊണ്ട് വന്നിട്ട് “വാടാ” എന്ന് വിളിക്കും. “ഞാൻ നിങ്ങൾ വിളിച്ച ആളല്ല” എന്ന് പറഞ്ഞാൽ, “പറഞ്ഞാൽ കേട്ടൂടെ” എന്ന് കയർക്കും. ഉപദ്രവിക്കും.

അനന്യ : ഞങ്ങൾക്ക് എക്സ്പ്രെഷൻസ് സാധിക്കുന്നില്ല. ആരും ഞങ്ങളുടെ talents അംഗീകരിക്കുന്നില്ല. എന്നെ വീട്ടുകാർ അംഗീകരിച്ചിട്ടേയില്ല. ഒടുവിൽ ഞാൻ വീട് വിട്ടിറങ്ങി, ബംഗളൂർക്ക് പോയി

ഫൈസൽ :മതവും ട്രാൻസ്ജെണ്ടേഴ്സിനെ അംഗീകരിക്കുന്നില്ല.

സ്വീറ്റി/അനന്യ : ഇപ്പോഴത്തെ മാർപ്പാപ്പ ലെസ്ബിയൻസിനെ അംഗീകരിക്കണമെന്നു പള്ളികൾക്ക് ആഹ്വാനം നല്കി.

അനന്യ : ട്രാൻസ്ജെണ്ടേഴ്സ് നോട്ട്ക്വാളിഫൈഡ് പേഴ്സൻസ് ഫോർ പൊളിറ്റിക്സ്‌ എന്ന് നടി ഖുഷ്ബു പ്രസ്താവനയിറക്കി.  2016 ഏപ്രിൽ 4 ന്. ഞങ്ങൾക്കതിൽ പ്രതിഷേധമുണ്ട്

ഫൈസൽ : ഞങ്ങളിൽ പലരും പ്രണയിക്കുന്നവരാണ്

സ്വീറ്റി : പ്രണയം ആസ്വദിക്കുന്നവരുമാണ്

ഫൈസൽ : ഞങ്ങളുടെ പാർട്ട്‌ണർ ആയ പുരുഷൻ പെണ്ണിനെ കണ്ടാൽ ഞങ്ങളെ വിട്ടു പോകാനുള്ള സാധ്യത ഉണ്ടെന്നു അംഗീകരിക്കുന്നു.  പാലക്കാട്ട് രണ്ടു പോലീസുകാർ വെടിവെച്ചു മരിച്ച സംഭവം ഓർക്കുന്നുണ്ടോ ? അതിൽ ഒരാൾ ട്രാൻസ്ജെണ്ടർ ആയിരുന്നു.  മാറ്റത് പുരുഷനും,.അവർ പ്രണയികളായിരുന്നു.  പുരുഷന്റെ വിവാഹമുറപ്പിച്ചപ്പോൾ അയാൾ പറഞ്ഞു നമ്മൾ തമ്മിൽ പിരിയും.  ടി ജി,  സർവീസ് റിവോൾവർ കൊണ്ട് പുരുഷനെ വെടിവെച്ചു കൊന്നു. പിന്നെ ആത്മഹത്യ ചെയ്തു

സ്വീറ്റി : പണത്തിനു വേണ്ടി ഞങ്ങളെ പ്രണയിക്കുന്ന പുരുഷന്മാരുണ്ട്.  പണം മാത്രമേ അവർക്ക് വേണ്ടൂ. അതിനു വേണ്ടി മിസ്‌യൂസ് ചെയ്യും.

അനന്യ : ഞാൻ ആരെയും പ്രണയിക്കുന്നില്ല. ആദ്യം എനിക്ക് എന്റെ കരിയർ ഉറപ്പിച്ചെടുക്കണം.  റേഡിയോ ജോക്കി ആകണമെന്നാണ് ആഗ്രഹം. ആദ്യത്തെ റേഡിയോ ജോക്കി.ആദ്യമൊക്കെ പുരുഷന്മാരാണ് ട്രാൻസ്ജെണ്ടറുകളുടെ വേഷം കെട്ടിയത്.  ഇപ്പോൾ ചാനലുകളിൽ ട്രാൻസ്ജെണ്ടർകൾ ഉണ്ട്.  ഏറ്റവും നല്ല കോമഡി ആർട്ടിസ്റ്റിനു കിട്ടിയ അവാർഡ് സൂര്യ സമർപ്പിച്ചത്‌ ട്രാൻസ്ജെണ്ടർകൾക്കാണ്.

തമിഴ് സിനിമയിലും ചാനലുകളിലും ട്രാൻസ്ജെണ്ടർകൾക്ക് അവസരമുണ്ട്. ശങ്കറിന്റെ സിനിമകൾ ട്രാൻസ്ജെണ്ടർകളെ മോശമായി ചിത്രീകരിച്ചതിന്റെ പേരിൽ അദ്ധേഹത്തിന്റെ വീട് വളഞ്ഞ സംഭവമുണ്ടായി.

ഫൈസൽ : ട്രാൻസ്ജെണ്ടർ അവസ്ഥയെ അപമാനിക്കുന്ന വിധമുള്ള പ്രയോഗങ്ങൾ നിരോധിക്കപ്പെടണം.


 

ഉഭയ ജീവികൾ :

എൽ. ജി. ബി. ടി. ക്യൂ. ഐ. എ. എന്ന മഴവിൽ വർണങ്ങളിൽ ഒടുവിലത്തെ ഇനമായി ഐ ( ഇന്റർസെക്സ് ) ഉണ്ട്. ശരീരം ഒന്നുകിൽ ആണ് അല്ലെങ്കിൽ പെണ്ണ്,  ഇവിടെ അതല്ല,  ഒരു ശരീരത്തിൽ ആണിന്റെയും പെണ്ണിന്റെയും അവയവങ്ങൾ ഉണ്ടായിരിക്കുക. അത്തരം ഒരാളാണ് ചിഞ്ചു.  അവൾ എം. എസ്. സി. ഇലക്ട്രോണിക്സ്‌ ആണ്.  ചിഞ്ചു തന്നെ സംസാരിക്കട്ടെ.

IMG_20151121_085912

” ആണും പെണ്ണും മാത്രമേ ഉള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. ആണും പെണ്ണും ഒരാളിലുണ്ട്.  നാല് ലക്ഷത്തിൽ ഒരാളാണ് ഇന്റർസെക്സ്എ ന്ന് പറയുന്നത് ശരിയല്ല. ഞാൻ തന്നെ അത്തരം പത്തു പേരെയെങ്കിലും ഇതിനിടയിൽ കണ്ടിട്ടുണ്ട്.  ഞാൻ അതാണെന്ന് പറയുമ്പോൾ അവർക്കും അത് തുറന്നു പറയാൻ എനർജി കിട്ടുന്നു. വൈകല്യമാണെന്ന് പറഞ്ഞു ഭ്രൂണഹത്യ നടത്തുന്നു.  ഡോക്ടർമാർക്ക് അത് അറിയില്ല, വൈകല്യമല്ല വൈവിധ്യമാണെന്ന്.  ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നവരാണ് ഞങ്ങൾ. ഏതെങ്കിലും ഒരവയവും മാറ്റി വൈകല്യം നീക്കുന്നവരുണ്ട്. കുട്ടി ആണായിരുന്നാൽ മതി എന്ന് വിചാരിച്ച്‌ പെണ്ണിന്റെ യോനി മാറ്റിയ അനുഭവം എനിക്കറിയാം.

മറ്റുള്ളവർ എനിക്ക് വേണ്ടി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. ഞാൻ തന്നെ എന്റെ കാര്യങ്ങൾ തുറന്നു പറയണമെന്നാണ് ആഗ്രഹം.

എന്റെ സർട്ടിഫിക്കറ്റുകളിൽ ഞാൻ പെണ്ണാണ്. പക്ഷെ എന്റമ്മയും അച്ഛനും (അവർ ദളിത് ആക്ടിവിസ്റ്റുകൾ ആണ്) വളരെ ജനാധിപത്യപരമായ തീരുമാനമാണ് എന്റെ കാര്യത്തിൽ എടുത്തത്‌. എന്നെ ഏതെങ്കിലും ഒരു ജെൻഡറിലേയ്ക്ക് മാറ്റുവാൻ അമ്മ സമ്മതിച്ചില്ല. വളർന്ന ശേഷം ഞാൻ സ്വയം തീരുമാനിക്കട്ടെ എന്നമ്മ നിശ്ചയിച്ചു. എന്നെ ഞാനായിരിക്കാൻ അവർ അനുവദിച്ചു.  എനിക്ക് സഹോദരനും സഹോദരിയും ഉണ്ട്. മൂന്ന് ജെൻഡറിനെ സൃഷ്ടിച്ച അമ്മയാണ് എന്റെ അമ്മ.

എനിക്ക് ആണിനോടും പെണ്ണിനോടും ട്രാൻസ് ജെൻഡറിനോടും പ്രണയവും സെക്സും തോന്നിയിട്ടുണ്ട്, എന്റെ അടുത്ത കൂട്ടുകാരോടൊന്നും ഞാൻ കാര്യമായി തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോഴാണ് കുറേശ്ശേയായി തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നത്.  ഞങ്ങളുടെ കമ്മ്യൂണിറ്റി രൂപപ്പെട്ടു വരുന്നതേയുള്ളൂ.  മറ്റുള്ളവർ എനിക്ക് വേണ്ടി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. ഞാൻ തന്നെ എന്റെ കാര്യങ്ങൾ തുറന്നു പറയണമെന്നാണ് ആഗ്രഹം.


 

IMG-20160608-WA0033

സഭ്യം എന്നും സദാചാരം എന്നും പൊതു സമൂഹം വ്യവഹരിക്കുന്ന ഭാഷണങ്ങൾക്ക് പുറത്താണ് ട്രാൻസ്ജെണ്ടറുകളുടെ വാക്കുകൾ. പക്ഷെ അവ ഇത്തരമൊരു അഭിമുഖത്തിൽ ഉൾക്കൊള്ളിച്ചില്ലെങ്കിൽ അത് പൂർണ്ണമാകില്ല. സത്യസന്ധവുമാകില്ല. അതവരുടെ ജീവിതമാകില്ല. ഇത്തരം കാര്യങ്ങൾക്ക് എന്തെങ്കിലും അശ്ലീലച്ചുവ തോന്നുന്നുവെങ്കിൽ അതവരുടെ കുറ്റമല്ല. അവരോടു നമ്മൾ ചെയ്യുന്ന കുറ്റം കൊണ്ടാണെന്ന് ഞാൻ കരുതുന്നു. ജനിക്കാനും ജീവിക്കാനുമുള്ള അവകാശങ്ങൾക്ക് വേണ്ടി പൊരുതിക്കൊണ്ടേയിരിക്കുന്ന സ്ത്രീ സമൂഹത്തോടാണവർ കണ്ണി ചേരുന്നത്,  അഥവാ ചേരേണ്ടത് എന്നാണു എന്റെ ബോധ്യം.

ആണ്, പെണ്ണ്, കർതൃത്വം,വസ്തുവത്കരണം, ലൈംഗികത, ലൈംഗിക അവയവങ്ങൾ,  മനസ്, ശരീരം, എന്നിവയെപ്പറ്റിയുള്ള എല്ലാ ഫാന്റസികളെയും കള്ളനാട്യങ്ങളെയും ഒറ്റയടിക്ക് അട്ടിമറിക്കുന്നതാണ് ഇവരുടെ ജീവിതാഖ്യാനങ്ങൾ.

 

Comments
Print Friendly, PDF & Email

എഴുത്തുകാരി. സ്ത്രീപക്ഷചിന്തക, ആക്റ്റിവിസ്റ്റ്. സ്ത്രീപീഡനകേസുകളുമായി ബന്ധപ്പെട്ട സമരങ്ങളിൽ മുൻ നിരപ്പോരാളിയാണ്. അങ്ങാടിപ്പുറം സ്വദേശി. പട്ടാമ്പി കോളേജിൽ അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ യു. ജി. സി. എമിററ്റസ് പ്രൊഫസ്സർ ആയി കോളേജിൽ തന്നെ സേവനം തുടരുന്നു

You may also like