LITERATURE

യുദ്ധപ്പിറ്റേന്ന്….ഞ്ജയൻ ലാസ്റ്റ് ബസ്സിൽ കയറി ഹസ്ഥിനപുരത്തേക്ക് സ്ഥലം വിട്ടതിനു ശേഷം ധൃതരാഷ്ട്രൻ ദുര്യോധനനോട് ഒരിക്കൽ കൂടി പറഞ്ഞു കൃഷ്ണന്‍റെ ഉപദേശം കേൾക്കാൻ. ഹും പറഞ്ഞിട്ടെന്താ. “ഞാനാണ് കൗരവനായകൻ എന്നും എന്നോടൊപ്പമുള്ളവരെ വെട്ടി വീഴ്ത്താൻ അനുവദിക്കില്ലെന്നും” കട്ടായം പറഞ്ഞു ദുര്യോധനൻ. ഒപ്പം അതിബുദ്ധി മാനായ കൃഷ്ണന്‍റെ വാക്കുകളിലെ ചതിയുടെ മണത്തെക്കുറിച്ചും വാചാലനായി മുടി ചീകാൻ പോലും മറന്നു പോയ ദുര്യോധനൻ.

എന്‍റെ തുണിയഴിച്ച ദുശ്ശാസനനും കൂട്ടർക്കും എതിരെ ഏതു സൂര്യസന്നിധിയിലും ഹാജരായി തെളിവ് നല്കുമെന്നും കൌരവപ്പടയുടെ ചോര കാണും വരെ ഇനിയീ കാർകൂന്തൽ അഴിഞ്ഞാടി നടക്കുമെന്നും തെളിവുകളുടെ അക്ഷയ പാത്രത്തിൽ തൊട്ടു കൊണ്ട് ലവൾ സത്യം ചെയ്തു
തുടങ്ങും മുൻപ് തന്നെ തോറ്റു പോയ യുദ്ധമെന്ന് ചിലരെങ്കിലും വിലയിരുത്തുമെങ്കിലും പതിനെട്ടു ദിനരാത്രങ്ങൾ നീണ്ടു നിന്ന യുദ്ധത്തിൽ പതിനൊന്നു അക്ഷൌഹിണികളുമായി പോരാട്ടത്തിനിറങ്ങിയ കൗരവപ്പടയെ സത്യത്തിൽ തോല്പ്പിച്ചത് പദ്മവ്യുഹത്തിലേക്ക് ഏകനായി തേരോടിച്ചു കയറ്റിയ ഒരു തൊണ്ണൂറ്റി രണ്ടുകാരൻ യുവാവ് ആണെന്നാണ് പാണന്മാർ പാടിക്കേൾപ്പിക്കുന്നത്. ചരിത്രം വീണ്ടും ആവർത്തിക്കുകയും ആ യുവാവ് യുദ്ധാവസാനം പെട്ടെന്ന് ജരാനരകൾ ബാധിച്ചു പദ്മവ്യുഹത്തിനുള്ളിൽ തന്നെ മരിച്ചു വീഴുകയും ചെയ്തു എന്നത് കദനകഥ . അവസാന ശ്വാസത്തിനു മുൻപ് പാണ്ഡവപ്പടയുടെ വിജയ വാർത്ത കേൾക്കാൻ കഴിഞ്ഞ തേരാളിക്ക് മരണാന്തര ബഹുമതികൾ നല്കുമെന്ന് യുധിഷ്ടിരൻ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് ആദ്യത്തെ അവെയ് ലബിൾ ഫ്ലൈറ്റിൽ എത്തി അറിയിച്ചിട്ടുണ്ട്.

അപ്പപ്പോൾ കുരുക്ഷേത്രത്തിൽ നിന്ന് യുദ്ധവാർത്തകൾ കേട്ട് കോൾമയിർ കൊള്ളുക യായിരുന്നു അന്ധൻ

അപ്പോഴാണ് യുദ്ധഭൂമിയിൽ നിന്ന് പടയാളികൾ പിരിഞ്ഞു പോകണം എന്ന അറിയിപ്പുമായി സൈബർ പോരാളികൾ എത്തിയത്. യുദ്ധാനന്തര കുരുക്ഷേത്രം അച്ചടക്കം ആവശ്യപ്പെടുന്നു വെന്നും പാണ്ഡവാധിപത്യ ഭരണകൂടത്തിൽ വഴിപോക്കന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും അവർ ഓർമ്മിപ്പിച്ചു

യുദ്ധം കഴിഞ്ഞാൽ യുദ്ധഭൂമിയിൽ പടയാളിക്കെന്തു കാര്യം എന്നത് ന്യായമായ ചോദ്യമാണ്. ഇനിയെല്ലാം പുതിയ യുദ്ധ കാര്യ സമിതി തീരുമാനിക്കും. ആകാശത്തേയ്ക്ക് കുന്തമുയർത്തി കുരവയിടാൻ ക്ഷണിക്കും. അപ്പോൾ വന്നാൽ മതി.

അല്ലെങ്കിലും പണ്ടേ നമ്മൾ പടയാളികൾക്ക് റാൻ, അടിയൻ, ഹൂ ഹാ എന്നിങ്ങനെ ചില ഒച്ചകളിടാനല്ലേ അറിയൂ. കൃപാചാര്യരുടേയും കൃതവർമ്മയുടേയും ഒപ്പം മണ്ണെണ്ണ കന്നാസുകളുമായി വന്ന അശ്വത്ഥാമാവ് തീയിൽ ചുട്ടെരിച്ചപ്പോഴും ചുമ്മാ കിടന്നു കൊടുത്ത് വെന്തു വെണ്ണീറായവരല്ലേ നമ്മൾ. (സ്പാര്‍ട്ടാക്കസും അടിമകളുടെ യുദ്ധവുമൊക്കെ അങ്ങ് റോമൻ ഇതിഹാസത്തിലല്ലേ. ഭാരത കഥയിലേക്ക് ചുമ്മാ കയറി വരാൻ കഴിയില്ലല്ലോ)

സർവ്വ സൈന്യാധിപൻ അടുത്ത യുദ്ധകാഹളം മുഴക്കും വരെ വിശ്രമത്തിലായ പടയാളികളോടോ ക്രിയാത്മക പ്രതിപക്ഷമാകണമെന്നുപദേശിക്കുന്നത്? നല്ല കഥ.

“ങേ ഖജനാവ് കാലിയാണെന്നോ?”
“യുദ്ധച്ചെലവു മുഴുവൻ നടത്തിയത് നമ്മൾ പടയാളികളുടെ ചോരയും നീരും കൊണ്ടാണെന്നോ? അതെക്കുറിച്ച് ഇനി സംസാരിക്കരുതെന്നോ? “
“രാജ്യ നിർമ്മിതിക്കായി നമ്മിൽ നിന്ന് നികുതിപ്പണം കൂടുതലായി പിരിച്ചെടുക്ക പ്പെടുമെന്നോ? അതെങ്ങിനെ വിനിയോഗിക്കണമെന്ന് അഭിപ്രായം പറയാൻ പോലും നമുക്ക് വേദികൾ ഇല്ലെന്നോ? ”
“പടയാളികളുടെ പരാധീനതകളെ കുറിച്ച് രാജസന്നിധിയിലെ വാളുകളിൽ പോലും പറയാൻ അനുമതി ഇല്ലെന്നോ? കൗരവ പക്ഷക്കാരനെന്നു മുദ്ര കുത്തപ്പെടുമെന്നോ ?”
ഉടൻ ആകാശത്തു നിന്ന് ഇടിയുടേയും മിന്നലിന്‍റേയും അകമ്പടിയോടെ അശരീരി ഉണ്ടായി

” ഡേയ് പടയാളീസ് കഴുത്തിനു മുകളിൽ തലയും ചൂണ്ടു വിരലിൽ അഴുക്കു പുരട്ടാനുള്ള നഖവും ഇപ്പോഴും ബാക്കിയാക്കിയിരിക്കുന്നില്ലേ? അത് തന്നെയാണ് നിന്‍റെയൊക്കെ ജനാധിപത്യാവകാശം. ഈ ഏരിയയിലെങ്ങും കണ്ടു പോകരുത് അടുത്ത അഞ്ചു വർഷത്തേക്ക്. ഉടൻ സ്ഥലം വിടണം ”


 

Print Friendly, PDF & Email