പൂമുഖം OPINION അമ്മ പെങ്ങന്മാരും ആങ്ങളമാരും അഥവാ കേരളീയാണത്തങ്ങളുടെ ഒതേനന്‍ കോംപ്ലക്സ്

അമ്മ പെങ്ങന്മാരും ആങ്ങളമാരും അഥവാ കേരളീയാണത്തങ്ങളുടെ ഒതേനന്‍ കോംപ്ലക്സ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
േരളീയ കുടുംബ, ആണ്‍- പെണ്‍ ബന്ധങ്ങളുടെ അടിത്തറയായി നാം ആദര്‍ശവല്കരിച്ചിരിക്കുന്നത് അമ്മ- പെങ്ങള്‍-ഭാര്യാ ബന്ധങ്ങളൊക്കെയാണ്. ആങ്ങള എന്ന സങ്കല്പം ഇതിനെല്ലാം അലങ്കാരമായിട്ടാണ് വ്യവഹരിക്കുന്നത്. അമ്മ പെങ്ങന്മാരെയും ഭാര്യമാരെയും സ്നേഹിച്ചു സംരക്ഷിക്കുന്ന ആള്‍രൂപമാണ് ഈ ആങ്ങളക്കോലം. അമ്മപെങ്ങന്മാര്‍ പലതരത്തില്‍ ദുര്‍ബലരാണെന്നും വീടിനകത്തിരിക്കുന്നവരാണെന്നും അവരെ പുറത്തെ ചില ശക്തികളില്‍ നിന്നു സംരക്ഷിക്കണമെന്നും അതാണ് പ്രധാനമായും പുറത്തിന്റെ ഉടമയായ ആങ്ങളയുടെ ദൗത്യമെന്നും കാലങ്ങളായി വ്യവഹരിച്ചുകൊണ്ടേയിരിക്കുന്നു. രൂപത്തലും ഭാവത്തിലും ഭാഷയിലും ചില മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ അടിസ്ഥാന സങ്കല്പത്തിന് കാര്യമായ പോറലൊന്നും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നു കാണാം. അങ്ങനെ കരുത്തനായ ആങ്ങളയുടെ ബലത്തില്‍ കഴിയേണ്ടവരാണ് വീട്ടിലെ പെണ്ണുങ്ങളെന്നു സ്ഥാപിച്ചുകൊണ്ടരിക്കുന്ന ആശയാവലികളാണ് ഇന്നും ബലാത്സംഗ പ്രശ്നങ്ങള്‍ വരുമ്പോഴും ഉന്നയിക്കപ്പെടുന്നത്. സ്ത്രീകളെ അമ്മ പെങ്ങന്മാരായിക്കാണണമെന്നും അവരെ സംരക്ഷിക്കുന്ന വീരന്മാരായ പുരുഷന്മാരായിത്തീരുകയാണ് വേണ്ടതെന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു. പുരുഷന്മാര്‍ എല്ലാ സ്ത്രീകളെയും അമ്മ പെങ്ങന്മാരിയി കരുതിയാല്‍ ബലാത്കാരങ്ങളുണ്ടാവുകയില്ലെന്നും ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ശരിയാകുമെന്നും ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈ പെങ്ങള്‍ സങ്കല്പവും ആങ്ങള സങ്കല്പവും പെണ്ണ് ദുര്‍ബലയാണെന്നും സ്വയം രക്ഷിക്കാനും ആക്രമിക്കാനും കരുത്തില്ലാത്തവളാണെന്നും ഉറപ്പിക്കുകയാണെന്നുള്ളതാണ് വസ്തുത. അതോടൊപ്പം ആങ്ങള എന്നതിലെ ആണിനെ സാമ്പ്രദായിക ആണത്ത സങ്കല്പമാക്കി ഉയര്‍ത്തുകയും. ഇത്തരത്തിലുള്ള വ്യവഹാരങ്ങളെ സവിശേഷമായി പ്രത്യയശാസ്ത്രവല്കരിച്ചാണ് പെങ്ങന്മാരെ സംരക്ഷിക്കുന്ന ആങ്ങളയെ മഹത്വവല്കരിക്കുന്ന കവിതകളൊക്കെ ഒഎന്‍വി അടക്കമുള്ളവര്‍ എഴുതിയത്. പെണ്ണിന്റെ (അജ്ഞാതമായ)മാനം സംരക്ഷിക്കുന്ന ആങ്ങളമാരെ വാഴ്തത്തിപ്പാടുന്ന ഒരു ചരിത്രം കേരളീയ ഭാവനാ ചരിത്രത്തിലുണ്ടെന്നു കാണാം. കേരളീയ ഉദാത്ത കുടുംബ/തറവാടു സങ്കല്പം അമ്മമാരും പെങ്ങന്മാരും അടക്കവുമൊതുക്കവുമള്ളവരായി വീടിനകത്തിരിത്തുകയും കരുത്തുള്ള ആങ്ങളമാര്‍ അവരെ സംരക്ഷിക്കകുയും ചെയ്യുന്ന ചരിത്രമാണെന്നു കാണാം. വിഖ്യാതമായ വടക്കന്‍ പാട്ടുകളില്‍ ഇത്തരമൊരു സങ്കല്പം പ്രവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ ഫ്യൂഡല്‍ സാമൂഹ്യഘടനയില ബന്ധങ്ങളില്‍ അമ്മയും പെങ്ങളും ആദരണീയമായ ഒന്നായിരുന്നുവെന്നാണ് വായനകള്‍. മരുമക്കത്തായ-ജാതി ആചാരബദ്ധതയുടെ ഭാഗമായിട്ടാണ് ഓരോ ജാതിയിലും വ്യത്യസ്തമായ നിലയില്‍ ഇത്തരം ബന്ധങ്ങള്‍ നിലനിന്നതെന്നാണ് മനസിലാക്കേണ്ടത്. അമ്മദൈവ സംസ്കാരം പോലുള്ളവ ഇത്തരം ബന്ധങ്ങളുടെ സാംസ്കാരികമായ നിലനില്‍പിനെ പോഷിപ്പിച്ചിരുന്നു. ഒരു തരത്തിലുള്ള ആദര്‍ശവത്കരണമായി ഇത് സാമൂഹികതയുടെ വ്യത്യസ്തമായ അടരുകളില്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.

മരുമക്കത്തായത്തില്‍ സ്വത്തവകാശകൈമാറ്റം സഹോദരി വഴിയായതിനാലുമാകും പെങ്ങള്‍ പോലുള്ള പദവിക്ക് ഇത്രയും പ്രധാന്യം കിട്ടുന്നത്. ഏതായാലും അമ്മവിളിയും പെങ്ങള്‍ വിളിയും ഇത്തരത്തില്‍ ബഹുമാനത്തിന്റെയും ആദര്‍ശവല്കരണത്തിന്റെയും തലത്തില്‍ പലരൂപത്തില്‍ സാമൂഹ്യവ്യവഹാരങ്ങളില്‍ അന്തര്‍ലീനമായിരുന്നു

പി വസന്തകുമാരി എഴുതുന്നു-  സ്വന്തം അമ്മയോടും പെങ്ങളോടുമുള്ള ആദരവിന്റെ ഒരംശം സമൂഹത്തിലെ അന്യസ്ത്രീകളോടു കാണിച്ചതായി ഊഹിക്കണം. തെണ്ടക്കോ പടക്കോ മറ്റോ വീടുവിട്ടിറങ്ങുന്ന നായന്മാര്‍ അന്യസ്ത്രീകളെ പെറ്റൊരമ്മേ യെന്നോ നേര്‍ പെങ്ങളേ എന്നോ വിളിച്ച് ആശയവിനിമയം ചെയ്യുന്നതിന്റെ സ്വാഭാവിക ചിത്രീകരണം പാട്ടുകളില്‍ കാണാം. ഇന്നും കോലത്തു നാട്ടിലെ പഴയ തലമുറയില്‍ അന്യപുരുഷനെയും സ്ത്രീയെയും ആങ്ങളേ, പെങ്ങളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആശയവിനിമയ രീതി നിലവിലുണ്ട് (ഫോക്‌ലോറിലെ സ്ത്രീ സ്വത്വ നിര്‍മിതി, പു. 136). ഓരോ ജാതിക്കും നിശ്ചിത തീണ്ടാപ്പാടകലങ്ങളുള്ള ജാതി സമൂഹത്തില്‍ ഇത്തരം അദരവുകളൊക്കെ അതാത് ജാതിക്കകത്തു് നിലനില്‍ക്കാനേ സാധ്യതയുള്ളു എന്നുകൂടി അനുമാനിക്കണം.  ആധുനികത കടന്നുവന്നപ്പോള്‍ ജാത്യേതരമായി ചിലരൂപത്തിലിവ വികസിച്ചു. അന്യസ്ത്രീകളെയെല്ലാം അമ്മയും പെങ്ങളുമായി കരുതിയിരുന്ന സമൂഹത്തില്‍ തന്നെയാണ് ജന്മിമാര്‍, സവര്‍ണര്‍ എല്ലാ സ്ത്രീകളെയും -വിശേഷിച്ച് കീഴാള സ്ത്രീകളെ- തങ്ങളുടെ ലൈംഗിക താത്പര്യത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്നതും. അതിനാല്‍ അമ്മയും പെങ്ങളും എന്ന സംബോധന ആദരവിന്റെ തലത്തില്‍ നിലനിന്നതൊക്കെ  കേവലമായ തലത്തിലായിരുന്നുവെന്നും പറയേണ്ടി വരും.  വടക്കന്‍ പാട്ടുകള്‍തന്നെ ഇതിന്റെ തെളിവായി നമ്മുടെ മുന്നില്‍ വരുന്നു എന്നതാണ് വസ്തുത.
I.
വടക്കന്‍ പാട്ടുകളിലെ വീരനായകനാണ് തച്ചോളി ഒതേനന്‍. ഏതാണ്ട് 15-17 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നുവെന്നു കരുതുന്ന, കേരളത്തിലെ റോബിന്‍ ഹുഡെന്ന് ലോഗന്‍ വിശേഷപ്പിച്ച ഒതേനന്റെ ജീവിതം പക്ഷേ പൊതുവിലിന്ന് അവതരിപ്പിക്കുന്നതുപോലയല്ല എന്നാണ് മനസിലാക്കേണ്ടത്. വടക്കന്‍ പാട്ടുകളിലെ ഒതേനനെ പില്‍ക്കാലത്ത് വെട്ടിമാറ്റുകയും ആദര്‍ശവല്കൃതമായ ആണത്തത്തിന്റെ അടയാളമായി നിര്‍മിക്കുകയും ചെയ്തു. പാട്ടുകളിലെ ഒതേനന്‍ അടിസ്ഥാനപരമായി വീരന്‍ എന്ന ഗുണത്തില്‍ പെടുന്നതിലുപരി തന്റെ ജാതികോയ്മയും ആണത്താധികാരവും ആയോധനമികവും സ്ത്രീകളെയും കീഴാളരെയും വേട്ടയാടാനും കീഴടക്കാനും ഉപയോഗിച്ച ആളാണ് എന്നാണ് വസ്തുത. അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം തന്നെ കാണുന്ന സ്ത്രീകളിലെല്ലാം തന്റെ കാമം തീര്‍ക്കലായിരുന്നു എന്നാണ് പാട്ടുകളില്‍ കാണുന്നത്. അതിനുവേണ്ടി എന്തുചെയ്യുന്ന ആളായിരുന്നു അദ്ദേഹം. തനിക്കു വഴങ്ങാത്ത എല്ലാ സ്ത്രീകളെയും ക്രൂരമായ ചതിയിലൂടെ കീഴടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ബലപ്രയോഗം ആള്‍മാറാട്ടം എന്നിവയിലൂടെയാണ് അദ്ദേഹം സ്ത്രീകളെ കൈകാര്യം ചെയ്തിരുന്നത്. ഉണ്ണിയാര്‍ച്ചയെപ്പോലുള്ള സ്ത്രീകള്‍ വടക്കന്‍ പാട്ടുകളില്‍ ഉള്ളപ്പോള്‍തന്നെ പുരുഷന് പ്രതിരോധമില്ലാതെ കീഴടങ്ങുന്ന സ്ത്രീകളുടെ കഥകളാണ് പാട്ടുകളില്‍ ഏറെയും. പ്രതിരോധിക്കുന്നവരെ പലരൂപത്തില്‍ നിലം പരിശാക്കുന്ന പുരുഷസാമൂഹികതയാണ് അന്ന് നിലനിന്നിരുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി സ്ത്രീകളെ കീഴടക്കിയ ഒതേനന് തനിക്ക് എവിടെയൊക്കെ മക്കളുണ്ടെന്നുപോലും തിട്ടമില്ലായിരുന്നുവത്രേ. അദ്ദേഹം വിവാഹം ചെയ്തതത് ചാത്തോത്തെ ചീരുമാത്രമാണ്. ബാക്കിയെല്ലാവരും അദ്ദേഹം കണ്ടുമോഹിച്ച് കീഴക്കുന്നവരാണ്. അത് അക്കാലത്തെ മരുമക്കത്തായത്തിന്റെ സാമൂഹികത കാരണമാണെന്നുള്ളത് വസ്തുതയാണെങ്കിലും ഒതേനന്‍ കാണിക്കുന്ന ചതികളും കീഴടക്കലുകളും സവിശേഷം ശ്രദ്ധിക്കേണ്ടതാണ്. രസകരമായ കാര്യം ജാതിയൊന്നും ഇക്കാര്യത്തില്‍ അദ്ദേഹം പാലിച്ചിട്ടില്ലെന്നാണ്. കോവിലകത്തെ സ്ത്രീകള്‍ മുതല്‍ കീഴാള സ്ത്രീകളെവരെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. വടക്കന്‍ പാട്ടുകള്‍ സമാഹരിച്ച കെ. ശ്രീകുമാര്‍ പറയുന്നു- പെണ്‍വിഷയത്തില്‍ അങ്ങേയറ്റം ദുര്‍ബലനായ നായകനാണ് അദ്ദേഹം വടക്കന്‍ പാട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരര്‍ഥത്തില്‍ പണവും അധികാരവും ഉപയോഗിച്ച് ഏതു പെണ്ണിനെയും വരുതിക്കു നിര്‍ത്തുന്ന അസ്സല്‍ നായര്‍ മാടമ്പി (വടക്കന്‍ പാട്ടുകള്‍, പു. 41).

ഇങ്ങനെയുള്ള ഒതേനനെ മഹത്വവല്കരിച്ചത് കടത്തനാട്ട് മാധവിയമ്മയുടെ തച്ചോളി ഒതേനന്‍ എന്ന കൃതിയും അതിനെ ആധാരമാക്കി 1964 ല്‍ കെ.എസ് രാജന്‍ സംവിധാനം ചെയ്ത  അതേ പേരിലുള്ള സിനിമയുമാണ്. എംടി പറയുന്നു- വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങളില്‍ വളരെ ആകര്‍ഷകമാക്കപ്പെട്ടത് തച്ചോളി ഒതേനന്‍ തന്നെയാണ്. ഒതേനന് അത്തരമൊരു നായകത്വം നല്കേണ്ട യാതൊരു കാര്യവുമില്ല. കടത്തനാട് മാധവിയമ്മയും മറ്റും ഒതേനനെ ഒരുപാട് വാഴ്ത്തിപ്പാടിയിട്ടുണ്ടെന്നു നേരാണ്. എന്നാല്‍ തച്ചോളി പ്പാട്ടുകള്‍ മുഴുവന്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയത് ഇത്രഹീനനും നികൃഷ്ടനുമായ മറ്റൊരു കഥാപാത്രം വടക്കന്‍ പാട്ടിലില്ലെന്നാണ്. നാട്ടുപ്രമാണിയായ ഒരു ചട്ടമ്പിക്കപ്പുറമുള്ള സ്ഥാനമൊന്നും ഒതേനന് അവകാശപ്പെടാനില്ല. ….. പെണ്‍വിഷയത്തിലാണെങ്കില്‍ ഒതേനനെപ്പോലൊരു ദുര്‍ബലനെ വടക്കന്‍ പാട്ടില്‍ വേറെ കണ്ടെത്താനാവില്ല. സൗന്ദര്യമുള്ള പെണ്‍കുട്ടിയെ എവിടെവച്ചു കണ്ടാലും അന്നുതന്നെ അവളുടെ വീട്ടില്‍ പോകണമെന്നാണ് അയാളുടെ വാശി. അതിനുവേണ്ടി അയാള്‍ എന്തും ചെയ്യും (വടക്കന്‍ പാട്ടുകള്‍, ശ്രീകുമാര്‍)  എല്ലാ പെണ്ണങ്ങളുടെയും അയാള്‍ സമീപിക്കുന്നത് ഒരു മോന്തി ഊഴം വഴങ്ങലാണ്. ഇങ്ങനെ നോക്കുമ്പോള്‍ തച്ചോളിപ്പാട്ടുകളുടെ ഘടനതന്നെ ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ ഒരു പെണ്ണിനെ കീഴടക്കുന്ന ശ്രമങ്ങളാണ് എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
ഭാര്യയായ ചീരുവിനെ സ്വന്തമാക്കുന്ന കഥതന്നെ ഇത്തരത്തിലാണ്. ചീരുവിന്റെ വിവാഹാലോചന വന്നപ്പോള്‍ ആദ്യം കറുത്തവളാണെന്നു പറഞ്ഞു തള്ളിക്കളയുന്ന ഒതേനന്‍ പിന്നീടവളെ കണ്ടപ്പോള്‍ അഭിപ്രായം മാറ്റുകയും അവളെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ചീരുവും അമ്മയും വാശിയിലായിരുന്നു. അതറിഞ്ഞ ഒതേനന്‍ വേഷം മാറി ചീരുവിന്റെ വീട്ടില്‍ എത്തി അവളെ പ്രാപിക്കുകയും ഭാര്യയാക്കുകയും ചെയ്യുന്നു. ഇങ്ങനെ മുപ്പതിലേറെ സ്ത്രീകളെ ഉപയോഗിച്ചത് അവരുടെ പേരുസഹിതം ഒതേനന്‍ തന്നെ പറയുന്നുണ്ട് ഒരു പാട്ടില്‍.

ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കില്‍
ഓളെ ഞാന്‍ നന്നാക്കിക്കൊണ്ട്വരല്ലോ….
ഒന്നിങ്ങു കേള്‍ക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല….ഇതാണയാളുടെ വാദം.  ജാതിക്കോയ്മയുടെയും നായര്‍ മാടമ്പിത്തരത്തിന്റെയും ആണഹന്തയുടെയും അങ്ങേയറ്റമാണ് ഈ വാക്കുകളില്‍ മുഴങ്ങുന്നത്.
ഒതേനനും പഴകൂലോം കന്നി എന്ന പാട്ടിലാണ് ഒതേനന്റെ കാമഭ്രാന്ത് അതിന്റെ പത്തിവിടര്‍ത്തിയാടുന്നത് കാണുന്നത്. പഴകൂലോം കന്നിയെ മോഹിച്ച് അന്തിയുറങ്ങാനായി ഒതേനന്‍ അവളുടെ വീട്ടിലെത്തുന്നു. അവളുടെ അമ്മ അതിന് സമ്മതിക്കുന്നു. എന്നാല്‍ കന്നിയാകട്ടെ ശക്തമായി എതിര്‍ക്കുന്നു. അവള്‍ ഒതേനനെ വിശേഷിപ്പിക്കുന്നതുതന്നെ കട്ടും കവര്‍ന്നും പുലയാടീട്ടും/ നിത്യം കഴിച്ചങ്ങു പോരുന്നോരു/ കള്ളപ്പുലയാടി കുഞ്ഞ്യോതേനന്‍ എന്നാണ്. ഒതേനന്റെ സ്വഭാവം അക്കാലത്തുതന്നെ കുപ്രസിദ്ധമായിരുന്നു എന്നുസാരം. മാത്രവുമല്ല അയാള്‍ക്കെതിരേ പലതലങ്ങളില്‍ പ്രതിരോധം രൂപപ്പെട്ടിരുന്നുതാനും. വിശേഷിച്ച് സ്ത്രീകളില്‍ നിന്ന്. ഒതേനനെ നിഷേധിച്ച് കന്നി കാമുകനായ ദൈരുവിനൊപ്പം പോയി.  കന്നി സംബന്ധാഭ്യര്‍ഥന നിഷേധിച്ചുവെങ്കിലും അമ്മയുടെ വാക്കു കേട്ട് ഒതേനന്‍ പറഞ്ഞ സമയത്ത് എത്തുമെന്നറിഞ്ഞ് അവളുടെ അമ്മ ഭയചകിതയാവുകയും അവര്‍ കന്നിയായി അണിഞ്ഞൊരുങ്ങി കിടപ്പറയിലിരിക്കുകയും ഒതേനന്‍ സമയത്ത് വന്ന് കാര്യം സാധച്ചു മടങ്ങുകയും ചെയ്തു. കാമത്താലന്ധനായി മകളെയും അമ്മയെയും തിരിച്ചറിയാത്ത ഒതേനന്‍ സ്ത്രീകളെ മനുഷ്യരായിപ്പോലുമല്ല കാണുന്നതെന്നും മറിച്ച് മുലയും യോനിയുമുള്ള വസ്തുവായിമാത്രമാണെന്നും വ്യക്തം. രസകരമായ കാര്യം ആദ്യം കന്നിക്കു ആലോചനയുമായി വരുമ്പോള്‍ ഒതേനന്‍ ആ അമ്മയെ വിളിക്കുന്നത് പെറ്റോരമ്മേ എന്നാണെന്നും ഓര്‍ക്കണം. എന്നിട്ടവരെയാണ് (ഒരര്‍ഥത്തില്‍) ബലാത്കാരം ചെയ്യുന്നത്.

തന്റെ ഹിതത്തിനു വഴങ്ങാത്ത സ്ത്രീകളെ ഏതു നീചമാര്‍ഗവുമുപയോഗിച്ച് കീഴടക്കുന്നതില്‍ വിരുതനാണ് ഇയാള്‍. ഭര്‍ത്താക്കന്മാരുടെ വേഷം അണിഞ്ഞാണ് പല സ്ത്രീകളെയും ഇദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. ഏതു സ്ത്രീയെയും എന്തിന് ഗര്‍ഭിണിയെവരെ തന്റെ ഇംഗിതത്തിനു വിധേയമാക്കാന്‍ മടിക്കാത്ത പുരുഷനായിരുന്നു ഒതേനന്‍. തൈക്കിണ്ടി ചെല്ലട്ടാന്‍ മാതേയിയെ ഒതേനന്‍ മോഹിക്കുന്ന പാട്ട് ഉദാഹരണമാണ്. പൂര്‍ണ ഗര്‍ഭിണിയായ മാതേയിയെ മോഹിച്ച് അവളുടെ ഭര്‍ത്താവിനെ പൂളം പറഞ്ഞു വിശ്വസിപ്പിച്ച് അവള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ഒതേനനാണ് ഇവിടെ കാണുന്നത്. സാമാന്യബുദ്ധിയുള്ളവര്‍ ചെയ്യാനറയ്ക്കുന്ന കാര്യമാണ് വീരനായ ഒതേനന്‍ ചെയ്യുന്നത്. ഇതേപോലൊന്നാണ് ആനയെ കീഴടക്കി വന്നാല്‍ ഏഴുപണം തരാമെന്നു പറഞ്ഞ പുലയന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകുന്ന കഥയും.
II.
ഇങ്ങനെയുള്ള ഒതേനന്‍ തന്റെ ഭാര്യയെും സഹോദരിയെയും മറ്റു പുരുഷന്മാരുടെ അക്രമത്തില്‍ നിന്ന് സംരക്ഷിച്ചിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. അവരെ വളരെയേറെ അദ്ദേഹം സ്നേഹിച്ചിരുന്നതായിട്ടാണ് പാട്ടുകളിലെ സൂചനകള്‍. അനുജത്തിയും സഹോദരനുമായുള്ള ബന്ധം ആഴത്തില്‍ നിലനിര്‍ത്തിയ ഒതേനന്‍ അവരെ പൊന്നുപോലെ നോക്കിയിരുന്നു എന്നാണ് വിവരണം. ഭാര്യയുമായുള്ള ബന്ധവും ഇതുപോലെതന്നെ. ഒതേനനും കാവിലും ചാത്തോത്ത് ചീരുവും എന്ന പാട്ടില്‍ ഭാര്യയായ ചീരു ഉത്സവത്തിനു പോകുന്ന കഥയാണ്. അവള്‍ ഉത്സവത്തിനുപോകവേ അവിടുത്തെ പ്രമാണിമാര്‍ അവളെ ശല്യപ്പെടുത്തുന്നു. പുറകേ എത്തുന്ന ഒതേനന്‍ അവരെ അടിച്ചോടിച്ച് ചീരുവിനെ സുരക്ഷിതയാക്കുന്നു. മറ്റുള്ളവരുടെ സ്ത്രീകളെ ഏതുവിധേനയും ചതിയിലൂടെയും സ്വന്തമാക്കുന്ന ഒതേനന്‍ മറ്റുള്ളവരുടെ ആക്രമത്തില്‍ നിന്ന് ഭാര്യയെയും സഹോദരിയെയും രക്ഷിക്കുന്നു. അഥവാ അവര്‍ക്കെന്തെങ്കിലും പിണഞ്ഞാല്‍ അദ്ദേഹത്തിന് കടുത്ത വേദനയുമാകുന്നു. കുതന്ത്രങ്ങളുപയോഗിച്ചും ഇത്തരം സാഹചര്യത്തില്‍ ഒതേനന്‍ പൊരുതുന്നതാണ് കാണുന്നത്. ഒതേനനും മുന്നൂറ്റിമുപ്പത് വെള്ളക്കാരുമെന്ന പാട്ടിലും ഇത് കാണാം. മുന്നൂറിലേറെ വെള്ളപ്പട്ടാളം മാറുമറയ്ക്കാത്ത സ്ത്രീകളെ കണ്ട് കാമഭ്രാന്തരായി വരുന്നു. അവര്‍ ഒതേന ഭാര്യ ചീരുവിനെയും സഹോദരി ഉണ്ണിച്ചിരുതയെയും കണ്ട് തച്ചോളി തറവാട്ടിലെത്തുന്നു. ഒതേനന്‍ സ്ഥലത്തെത്തി വെള്ളക്കാരെ മുഴുവന്‍ കൊന്നൊടുക്കുന്നു. അവരെ രക്ഷിക്കുന്നു. ഒതേനന്റെ സഹോദരീസ്നേഹം പ്രകടമാക്കുന്ന മറ്റൊരു പാട്ടാണ് ഒതേനനും നടുവട്ടം പൂങ്കാവില്‍ അമ്പുച്ചെട്ടിയും. അമ്പുചെട്ടി ഒതേനന്റെ പെങ്ങള്‍ ഉണിച്ചിരുതയെ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ് ഒതേനന്‍ വന്ന് പടവെട്ടിയെങ്കിലും ജയിക്കാനിയില്ല. പിന്നീട് ചന്തു സഹായത്തിനെത്തി ഏഴുദിവസം കഴിഞ്ഞാണ് അമ്പുവിനെ വധിക്കാനും കുടുംബംത്തെ ചുട്ടെരിച്ച് പെങ്ങളെ വീണ്ടെടുക്കാനും സാധിക്കുന്നത്. ഇവിടെ ഒതേനന്‍ ഇങ്ങനെ പറയുന്നുണ്ട്-

ആണും പെണ്ണ്വല്ലാത്ത വരുതിക്കയ്യാ
തച്ചോളി വീട്ടിക്കടന്നുകൊണ്ടേ
ആണുങ്ങളില്ലാത്ത തക്കം നോക്കി
പെണ്ണിനെക്കട്ടോടാ പൊട്ടച്ചെട്ടീ
അമ്മപെങ്ങന്മാര്‍ നിനക്കില്ലേടാ…
മറ്റുള്ളവരുടെ അമ്മപെങ്ങന്മാരെ നിരന്തരം ഭോഗിച്ച ഒതേനനാണ് സ്വന്തം കാര്യത്തില്‍ അമ്മപെങ്ങന്മാരുടെ ബന്ധത്തെ ആദര്‍ശവല്കരിക്കുന്നത്. പെങ്ങളെ തട്ടിക്കൊണ്ടുപോയതോടെ ഭ്രാന്തനായിട്ടാണ് അദ്ദേഹം യുദ്ധത്തിനായി പുറപ്പെടുന്നതും. അതദ്ദേഹത്തിന്റെ പെങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുന്ന സംഭവമായിട്ടു കാണുന്നതിലുപരി തന്റെ ജാതി- തറവാട്ടു- ആണ്‍കോയ്മാ അധികാരത്തിനുനേരെയുള്ള അക്രമമായിട്ടാണ് കാണുന്നതെന്നു വേണം മനസിലാക്കാന്‍. അവിടെയാണ് പെണ്ണിന്റെ മാനം വലിയ പ്രശ്നമായി ഉന്നയിക്കപ്പെടുന്നത്. തറവാടും അതിന്റെ സാമ്പത്തികാധികാരങ്ങളും ജാതിമഹിമകളും ഉള്ളവര്‍ക്ക് വീടിനുള്ളില്‍ സമ്പത്തുപോലെ സൂക്ഷിക്കാനുള്ള ഒന്നാണ് സ്ത്രീകളും എന്നാണ് ഇത് തെളിയിക്കുന്നത്. ആണുങ്ങളില്ലാത്ത തക്കം നോക്കി എന്ന പ്രയോഗം അതാണ് കുറിക്കുന്നത്. ആണാണ് സ്ത്രീകളുടെ സംരക്ഷകന്‍. അവനില്ലാത്തപ്പോഴാണ് അവരെ തട്ടിക്കൊണ്ടുപോകാനാവുന്നത്. പെണ്ണിന് മറ്റ് സമ്പത്തുകള്‍ പോലെ സ്വയം സംരക്ഷിക്കാനാവുകയില്ലെന്നും അവരെ സഹോദരന്മാര്‍ വേണം സംരക്ഷിക്കാനെന്നും നിരന്തരം ഉറപ്പിക്കുന്ന പ്രത്യയശാസ്ത്രപരമായ വ്യവഹാരം കൂടിയാണ് ഇത്. കേരളചരിത്രത്തിലുടന്നീളം അമ്മപെങ്ങന്മാര്‍ എന്ന ബഹുമാനാത്മകമായ പ്രയോഗം നിലനില്ക്കുമ്പോള്‍ത്തന്നെയാണ് ഒതേനന്മാര്‍ അവരെ ആക്രമിച്ചിരുന്നതെന്നും കാണണം.  അഥവാ അമ്മപെങ്ങന്മാര്‍ എന്ന പ്രയോഗം പെണ്ണിനെ ആണിന്റെ സംരക്ഷണയില്‍ ദുര്‍ബലമായ സ്വത്വമായി നിലനിര്‍ത്താനുള്ള പുരുഷന്റെ തന്ത്രമായിരുന്നു എന്നുള്ളതാണ് വസ്തുത. യാതൊരു വിധത്തിലുള്ള  ബഹുമാനവും അതിലില്ലെന്നു പറയേണ്ടിവരും. അമ്മയുടെയും പെങ്ങളുടെയും സ്വതന്ത്രതയെ ഇവിടെ അംഗീകരിക്കുന്നില്ല. അമ്മപെങ്ങളുടെ മാത്രമല്ല ഒരു പെണ്ണിന്റെയും സ്വാതന്ത്ര്യമോ ഇച്ഛയോ ലേശം പോലും അംഗീകരിക്കാത്ത വ്യക്തിയുമായിരുന്നു ഒതേനന്‍ എന്ന് മുകളില്‍ വ്യക്തമാക്കി. ഫ്യൂഡല്‍കാലത്തെ മിക്ക പുരുഷ സങ്കല്പങ്ങളും ഇത്തരത്തിലായിരുന്നു എന്നുള്ളതാണ് വസ്തുത.

1922ല്‍ കുമാരനാശാനെഴുതിയ ദുരവസ്ഥ എന്ന കൃതി പുറത്തുവന്നപ്പോള്‍ പല നിരൂപകരും ചോദിച്ച ചോദ്യം മുണ്ടശേരി എഴുതുന്നുണ്ട്, മാസങ്ങളോളം സാവിത്രി ചാത്തനെന്ന പുലയന്റെ കുടിലില്‍ കഴിഞ്ഞിട്ടും ചാത്തനെന്തുകൊണ്ടാണ് സാവിത്രിയെ ബലാത്സംഗം ചെയ്യാഞ്ഞത് എന്ന്. മുണ്ടശേരി മറുപടി എഴുതുന്നത്, പുലയ പുരുഷന്മാര്‍ അന്ന് ഇത്തരത്തിലുള്ള അവസ്ഥയിലാണ് എന്നാണ്. ഒരു മേലാള പെണ്ണിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാനുള്ള ശേഷിയേ അവര്‍ക്കുള്ളൂ. അതിനാല്‍ ബലാത്സംഗമെന്നത് കേവലമായ ശരീരത്തിന്റെ അധികാര പ്രയോഗം മാത്രമല്ല, മറിച്ച് സാമൂഹ്യമൂലധനങ്ങളുടെ കൂടി അധികാര പ്രയോഗമാണ്. ഒതേനന്‍ എന്ന ബലാത്സംഗിയെ സൃഷ്ടിച്ചത് അയാളുടെ നായര്‍ ജാതികോയ്മകളാണ്. അതിനാല്‍, ബലാത്സംഗരഹിത പുരുഷന്‍ എന്ന സങ്കല്പം സങ്കീര്‍ണമായ പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്.
III.
സ്വന്തം കുടുംബത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നതായി തോന്നിപ്പിക്കുന്ന ഒതേനത്വമാണ് കേരളീയ ആധുനിക ആണത്തത്തിന്റെ അടിത്തറയെന്നു പറയാം. ബലാത്സംഗിയെ ഉള്ളില്‍ പോറ്റിവളര്‍ത്തുന്ന, ജാതി മൂലധനത്തിന്റെ അഹങ്കാരത്താല്‍ തനിക്കു കീഴെയുള്ളതെല്ലാം തനിക്കു ഭോഗിക്കാനും ഉപയോഗിക്കാനുമുള്ളതാണെന്നു കരുതുന്ന, ലൈംഗികതയെന്നു പറയുന്നത് തന്റെ അധികാരങ്ങളുടെ കൂടി ഭോഗമാണെന്നു പറയുന്ന തറവാടിത്തങ്ങളുടെ, ഒതേനന്‍ കോംപ്ലക്സിലാണ്, സാമൂഹ്യ ജനിതകത്തിലാണ് കേരളീയ ആണത്തങ്ങളുടെ നവോത്ഥാന പാഠങ്ങളും രൂപപ്പെട്ടിരിക്കുന്നത്. തങ്ങളുടെ സ്ത്രീകളെ രണ്ടാംകിടയായും തങ്ങളുടെ സംരക്ഷണയില്‍ ഇരിക്കുന്ന വസ്തുക്കളായി കാണുന്ന, കീഴാള സ്ത്രീകളായി മനുഷ്യരായിപ്പോലും കരുതാത്ത ആ ആണത്തത്തിന്റെ അമ്മപെങ്ങള്‍ വിലാപം  സാമൂഹ്യ കാപട്യമാണ്. ഇത്തരം കാപട്യങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനുള്ള ആര്‍ജവമാണ് നാം പ്രകടിപ്പിക്കേണ്ടത്. സ്ത്രീകളെ അമ്മ പെങ്ങള്‍മാരായിട്ടു കരുതുന്ന ആണത്തമല്ല നമുക്ക് നിര്‍മിക്കേണ്ടത് മറിച്ച് സ്വതന്ത്ര പൗരകളായിട്ടു നേരിടുന്ന, ഇടപെടുന്ന പുതിയ പുരുഷ സങ്കല്പങ്ങളാണ്. ആണത്തമെന്നു പറയുന്നത് വലിയൊരു അധികാര സ്ഥാനമാണെന്നു പറയുന്ന സങ്കല്പങ്ങളെ ഉടയ്ക്കുകയും കീഴടങ്ങുകയും കരയുകയും ‘സ്ത്രീകളെപ്പോലെ’ ജീവിക്കുകയും ചെയ്യുന്നതും ആണത്തമാണെന്നു പഠിപ്പിക്കേണ്ടിയിരിക്കുന്നു. ജാതി- ലിംഗ കേരളത്തിന്റെ തിരുത്തല്‍ പ്രക്രിയയിലാണ് ഈ ആണത്തങ്ങളെ നാം നിര്‍മിക്കേണ്ടത്.


 

പുസ്തകങ്ങള്‍
ഡോ. കെ. ശ്രീകുമാര്‍ / വടക്കന്‍ പാട്ടുകള്‍, സാഹിത്യ അക്കാദമി, ശൃശൂര്‍
കെ. മാധവിയമ്മ / തച്ചോളി ഒതേനന്‍ , പി.കെ ബ്രദേഴ്സ്, കോഴിക്കോട്
പി. വസന്തകുമാരി / ഫോക്‌ലോറിലെ സ്ത്രീ സ്വത്വ നിര്‍മിതി, എഫ്.എഫ്. എം പബ്ലിക്കേഷന്‍സ്.
മുണ്ടശേരി / മുണ്ടശേരി കൃതികള്‍, കറന്റ് ബുക്സ്, തൃശൂര്‍

Comments
Print Friendly, PDF & Email

പത്തനംതിട്ട സ്വദേശി. കട്ടപ്പന ഗവണ്മെന്റ് കോളേജിൽ അദ്ധ്യാപകൻ. എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധേയൻ. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

You may also like