പൂമുഖം LITERATUREകഥ ആന്‍മരിയയുടെ നൊവേന

ആന്‍മരിയയുടെ നൊവേന


മികച്ച സ്ത്രീപക്ഷരചനയ്ക്കുള്ള കെ.സരസ്വതിയമ്മ പുരസ്കാരം നേടിയ കഥ


 

 

ിരിച്ചറിയില്‍ രേഖയുടെ ചിത്രമെടുപ്പിന് കറുത്ത തുണികള്‍കൊണ്ട് മറച്ച് ഇരുട്ടുവരുത്തിയ മുറിയിലേക്ക് ആന്‍മരിയ കയറിവന്ന ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.

– പേര് : ‘ആന്‍മരിയ’

– സിസ്റ്റര്‍ ആന്‍മരിയ എന്നല്ലേ ചേര്‍ക്കേണ്ടത്?

‘അല്ല. വെറും ആന്‍മരിയ’

ശിരോവസ്ത്രമഴിച്ച് മേശപ്പുറത്ത് വെച്ച് കെട്ടിവെച്ച മുടിയിഴകളെ പറത്തിവിട്ട് എന്റെ ക്യാമറക്കണ്ണുകള്‍ക്ക് മുമ്പിലേക്ക് അവള്‍ ചേര്‍ന്ന് നിന്നു. എനിക്ക് പേടി തോന്നി. രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പിനിറങ്ങിയ ഏതോ ആള്‍മാറാട്ടക്കാരിയാണ്, തീര്‍ച്ച. പക്ഷേ എന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍ അവര്‍ പറയുന്നതും അവര്‍ കാണിക്കുന്നതും പകര്‍ത്തിയെടുക്കല്‍ മാത്രമായിരുന്നു എന്റെ ജോലി. അതിന്റെ സത്യാന്വേഷകന്‍ ഞാനല്ല. അത് ചെയ്യാന്‍ സ്റ്റേറ്റിന് മറ്റു ശമ്പളക്കാരുണ്ട്.

– വയസ്സ് : ‘ഇരുപത്തിയേഴ്’

– അടയാളം : ‘എന്തടയാളം?’

– തിരിച്ചറിയാനുള്ള അടയാളം

‘അതിനെന്റെ ചിത്രം മതിയാവില്ലേ?’

– എനിക്കു മതിയാവും, പക്ഷെ സര്‍ക്കാരിന് എന്നേക്കാള്‍ ബോധം കുറവാണ്. അത് മതിയാവില്ല.

ആന്‍മരിയ ചിരിച്ചു.

‘ഗുഹ്യരോമങ്ങള്‍ക്കിടയില്‍ മൂന്ന് കാക്കപ്പുള്ളികളുണ്ട്.പെണ്ണടയാളങ്ങളില്‍ക്കവിഞ്ഞ് മറ്റൊന്നും നിനക്കെന്നില്‍കണ്ടെത്താനാവില്ല. ഞാനതെവിടെയാണ് പ്രദര്‍ശിപ്പിക്കേണ്ടത്?’

– ഇവിടെ വേണ്ട. ഞാനതെഴുതിയെടുക്കാം.

ശിരോവസ്ത്രം തിരികെക്കയറ്റിവെച്ച് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് ആന്‍മരിയ മടങ്ങി. യന്ത്രം കേടായത് കൊണ്ട് ഇന്നിനി ചിത്രമെടുപ്പ് ഉണ്ടായിരിക്കുന്നതല്ല എന്ന ബോര്‍ഡെഴുതിവെച്ച് ഞാനും. പാരഡൈസ് ബാറിന്റെ ലഹരി നുരയുന്ന ഇരുട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് ഒരു കുറുക്ക് വഴിയുണ്ട്. ഉണരുമ്പോഴും ഉറങ്ങുമ്പോഴും ആന്‍മരിയ ജീവനോടെ എന്റെ കണ്‍മുമ്പില്‍ത്തന്നെ ഉണ്ടായിരുന്നു.

സെന്റ്‌ജോസഫ്‌സിലെ കുട്ടിക്കാലം മനഃപാഠമാക്കിത്തന്ന സ്തുതിവാചകംപോലും മറന്ന് കണ്ണുമിഴിച്ച് നില്‍ക്കാന്‍ മാത്രം എന്താണ് ആന്‍മരിയക്കുണ്ടായിരുന്നത്, അറിയില്ല. പള്ളിയില്‍, കോണ്‍വെന്റില്‍, അങ്ങനെ കാണാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം നേരം കിട്ടിയപ്പോള്‍ അവളെ തിരഞ്ഞു. ചുമ്മാ തിരഞ്ഞു, കണ്ടില്ല. പിന്നെ ആന്‍മരിയയെ കണ്ടത് ആശാഹോസ്പിറ്റലിലെ ലേബര്‍റൂം അനക്‌സില്‍ വെച്ചാണ്.

– ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ സിസ്റ്റര്‍.

മറുപടി പറയാതെ ആന്‍മരിയ ചിരിച്ചു. എന്തായിരിക്കും അവരിങ്ങനെ.

– കന്യാസ്ത്രീകള്‍ക്കിങ്ങനെ ചുരിദാറ് പാടുണ്ടോ ?

‘കോള്‍ മീ സിസ്റ്റര്‍. യു ഡോണ്ട് തിങ്ക് എബൗട്ട് മൈ വെര്‍ജിനിറ്റി’

– സോറി, ഞങ്ങടെ നാട്ടിന്‍പുറത്ത് സിസ്റ്റര്‍മാരെ കന്യാസ്ത്രീകളെന്നാ വിളിക്കാറുള്ളത്. അതോണ്ടാണ്, സോറി.

ആന്‍മരിയ ഒന്നും മിണ്ടിയില്ല. തുടര്‍ന്നും ഞാന്‍തന്നെയാണ് സംസാരിച്ചത്.

– സിസ്റ്റര്‍ ആന്‍മരിയക്കെന്തുപറ്റി? ഒറ്റയ്ക്കാണോ? വേണ്ടപ്പെട്ടവരാരെങ്കിലും ലേബര്‍ റൂമിലുണ്ടോ?

സമയം 5.40. സന്ദര്‍ശകര്‍ക്കുള്ള സമയം ഏതാണ്ട് തീരാറാകുന്നു. വന്നത് ആന്‍മരിയയെ കാണാനല്ല. കൈയ്യിലെ കുട്ടിക്കുപ്പായം സബീനാപര്‍വീണിന്റെ മൂന്ന് ദിവസം പ്രായമായ പെണ്‍കുട്ടിക്കുള്ള സമ്മാനമാണ്. ബ്രൗണ്‍ നിറമുള്ള മരുന്ന് പേക്കറ്റിന്റെ മുകളില്‍ എന്തോ കുത്തിക്കുറിക്കുന്നതിനിടെ എന്റെ സാന്നിദ്ധ്യംപോലും സിസ്റ്റര്‍ മറന്നുകഴിഞ്ഞിരുന്നു.

– പോട്ടെ ?

അവര്‍ അതെ എന്ന ഭാവത്തില്‍ തലയാട്ടി. എന്റെ പേരോ വീടോ നാടോ ചോദിച്ചില്ല. കുത്തിക്കുറിച്ചിരുന്ന പേപ്പര്‍ക്കഷണം പോകുമ്പോള്‍ ആന്‍മരിയ എനിക്ക് നീട്ടി. അതുവാങ്ങി ധൃതിയില്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു. ആന്‍മരിയയുടെ വിലാസം, ആന്‍മരിയയുടെ ഫോണ്‍ നമ്പര്‍, ആന്‍മരിയയുടെ സ്‌നേഹം, സബീനാപര്‍വീണിന്റെ മുറിയും ലേബര്‍റൂം അനക്‌സും വിട്ട് പേപ്പര്‍ തുറന്നൊന്ന് വായിക്കാന്‍ കഴിയാതെ ഓടിയ നേരമത്രയും അങ്ങനെ പലതും ചുമ്മാ വിചാരിച്ചുകൊണ്ടിരുന്നു. ഇംപേഷ്യന്റ് ഫാര്‍മസിയുടെ മുമ്പിലെ സോഫയില്‍ വെച്ച് പേപ്പര്‍തുറന്ന് കുനുകുനെ എഴുതിപ്പിടിപ്പിച്ച അക്ഷരങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ വായിച്ച് നോക്കി.

‘പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായി ദൈവത്തില്‍ നിന്ന് ജനിക്കുന്ന സന്താനങ്ങള്‍ക്ക് സുവിശേഷ പ്രസംഗവും ജ്ഞാനസ്‌നാനവും വഴി സഭ നവീനവും അമര്‍ത്യവുമായ ജീവന്‍ നല്‍കുന്നു.’ (തിരുസഭ 64)

വെളിച്ചം ശക്തിയായി കടന്നുവരാത്ത ചുവരിനരികു ചേര്‍ന്ന ബെഡ്ഡില്‍ ആന്‍മരിയ കിടക്കുന്നു.

– സിസ്റ്റര്‍ ഞാനത് വായിച്ചു.

‘ഉം’

– അതെന്തിനാണ് എനിക്ക് തന്നത് ?

‘നീയല്ലേ എനിക്കെന്ത് പറ്റിയെന്ന് തിരക്കിയത്’

– അതെ. ബട്ട് ഇത്, എനിക്കു മനസ്സിലായില്ല സിസ്റ്റര്‍

‘നിനക്ക് ശീതളിനെ അറിയുമോ?’

– ഇല്ല

‘ജാസ്മിനെ? ജെസ്മിയെ? ലൗസിയെ?’

– ഇവരൊക്കെ ആരാണ്.

‘ഇവരൊക്കെ എനിക്കുമുമ്പെ ഇവിടെ വന്നു പോയവരാണ്. തൂവെള്ളക്കുപ്പായവും മാതാവിന്റെ ചിത്രവും പെട്ടിയിലടച്ച് കര്‍ത്താവിന്റെ മണവാട്ടിയാവാന്‍ വന്നവര്‍’

– എന്നിട്ട് ?

‘എന്നിട്ടവിടുന്ന് ഞങ്ങളെ ബലാത്സംഗം ചെയ്തു.’

– അങ്ങനെയൊന്നും പറയരുത്.

സഭ കര്‍ത്താവിന്റെ ശരീരമാണെന്ന് മിഖായേലച്ചന്‍ സിസ്റ്റര്‍ ആന്‍മരിയയെ പഠിപ്പിച്ചു. സഭയേല്‍പ്പിച്ച മുറിവുകള്‍ കര്‍ത്താവേല്‍പ്പിച്ചതെന്ന് ആന്‍മരിയ പഠിച്ചു. അവളുടെ മിനുമിനുപ്പുള്ള കാല്‍വെള്ളകളിലൂടെ മുഖമുരസിയപ്പോള്‍ ആന്‍മരിയയുടെ ഉടല്‍ മിഖായേലച്ചന് അള്‍ത്താരയായി തോന്നി. വീഞ്ഞിനേക്കാള്‍ വീര്യമുള്ള മദജലം നുകര്‍ന്ന് അവസാനത്തെ കുര്‍ബാനകഴിഞ്ഞ് അച്ചന്‍ മടങ്ങുന്നത് നോക്കി ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മദര്‍സുപ്പീരിയര്‍മാര്‍ക്ക് ആന്‍മരിയയോട് കലിയുണ്ടായിരുന്നു. അവരത് പുറത്ത് കാണിക്കുകയോ അവളതറിഞ്ഞതായി ഭാവിക്കുകയോ ചെയ്തില്ല.

ഓരോ കാലത്തും പിതാക്കന്മാര്‍ക്ക് ഓരോ കാമിനിമാരുണ്ടായിരുന്നുവെന്ന് ആന്‍മരിയക്ക് മനസ്സിലായി. എന്നിട്ടും തന്റെകാലം എന്നായിരിക്കും കഴിയുന്നതെന്ന് ആന്‍മരിയ പേടിച്ചില്ല. പ്രണയം അങ്ങനെയാണ്, അതില്‍ ജീവിക്കുമ്പോള്‍ പുറത്താക്കപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കുകയേ ഇല്ല. കിതച്ചും മുരണ്ടും അള്‍ത്താരയുടെ മിനുമിനുപ്പിലേക്ക് കുഴഞ്ഞ് വീണ് മിഖായേലച്ചന്‍ മയങ്ങിത്തുടങ്ങിയിരിക്കുന്നു. അതിയായ വാത്സല്യത്തോടെ അച്ചനെ പുണര്‍ന്ന് അന്നാദ്യമായി ആന്‍മരിയ കിടന്നു.

‘പിതാവേ, ഞാന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായിരിക്കുന്നു. തിരുസഭയുടെ നിയമമനുസരിച്ച് ജ്ഞാനസ്‌നാനം വഴി നമ്മുടെ കുഞ്ഞിന് അങ്ങ് നവീനമായ ജീവന്‍ കൊടുക്കില്ലേ?’

മിഖായേലച്ചന്റെ മുഖം വരണ്ടു.

– അവരാരും നിന്നോടൊന്നും പറഞ്ഞില്ലേ ?

‘ആര്?’

– നീ ഗുളികകളൊന്നും കഴിച്ചിരുന്നില്ലേ ?

‘ഏത് ഗുളികകള്‍ ? കോണ്‍വെന്റില്‍ നിന്ന് അത്തരം ഗുളികകളെക്കുറിച്ചൊന്നും പഠിപ്പിച്ചില്ലല്ലോ?’

ഓര്‍ഗാസത്തിനൊടുവില്‍ മിഖായേലച്ചന്റെ മുഖത്ത് കാണപ്പെടാറുള്ള കാമുകന്റെ മദപ്പാട് സൂക്ഷിച്ച് നോക്കിയിട്ടും ആന്‍മരിയ കണ്ടില്ല. ആന്‍മരിയ ശ്വാസമടക്കി കിടന്നു.

‘വിശുദ്ധരുടെ എല്ലാ സഭകളിലും പതിവുള്ളത് പോലെ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവള്‍ക്ക് അനുവാദമില്ല.’ (1കോറി 14:34)

ആന്‍രിയ മിണ്ടിയില്ല. മദര്‍ സുപ്പീരിയറാണ് പറഞ്ഞത് ‘അബോര്‍ട്ട്ചെയ്യണം’

മദര്‍ സുപ്പീരിയര്‍ മാത്രമല്ല ഷെര്‍ളി, കാതറിന്‍, പ്രായം ചെന്ന പുണ്യാത്മാക്കളെല്ലാം ആന്‍മരിയയോട് അത് തന്നെ പറഞ്ഞു.

‘ഇല്ലെങ്കില്‍ സിസ്റ്റര്‍ ആന്‍മരിയ സഭയ്ക്ക് പുറത്താവും’

– അച്ചനോ?

‘കുഞ്ഞേ വികാരിയാണ് സഭ. നിനക്കും അതറിയില്ലേ?’

ആന്‍മരിയക്ക് പേടി തോന്നി. സമൃദ്ധമായ ഭക്ഷണവും മണിമാളികകളും കൊടുത്ത് വിശ്വാസികള്‍ തീറ്റിപ്പോറ്റുന്ന പിതാക്കന്മാരെ കുട്ടിക്കാലത്ത് ആന്‍മരിയക്കിഷ്ടമായിരുന്നില്ല.

‘കര്‍ത്താവ് പനപോലെ വളര്‍ത്തുന്നവര്‍ ദുഷ്ടന്മാരല്ലേ അമ്മച്ചീ?’

എനിക്കറിയാം അന്ന് തല്ലിയ തല്ല് അമ്മച്ചി ഇന്നും തല്ലിയേക്കും. വീര്‍ത്ത വയറും കെട്ടി വീട്ടുകോലായിലേക്കടിയുന്ന ദിവസം അമ്മച്ചി പിഴച്ചവളെന്ന് വിളിച്ചേക്കും. പക്ഷേ മിഖായേലച്ചന്‍ അവര്‍ക്കന്നും പുണ്യാളനായിരിക്കും. പിതാക്കന്മാര്‍ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരാണെന്ന് അമ്മച്ചി വിശ്വസിച്ചിരുന്നു. അമ്മച്ചി മാത്രമല്ല, അമ്മച്ചിയും അപ്പച്ചനും ഇടവകയിലെല്ലാവരും അങ്ങനെത്തന്നെ വിശ്വസിച്ചിരുന്നു. അവര്‍ക്ക് കര്‍ത്താവിനെ പേടിയായിരുന്നു. അതുകൊണ്ടുറപ്പാണ് മിഖായേലച്ചന്‍ ന്യായീകരിക്കപ്പെടും.

ആന്‍മരിയ പറഞ്ഞു ‘കര്‍ത്താവ് എന്നെ ബലാത്സംഗം ചെയ്തു.’

ശീതള്‍, ജാസ്മിന്‍, ജെസ്മി, ലൗസി, ആന്‍മരിയ പിതാക്കന്മാര്‍ക്ക് പ്രിയപ്പെട്ട കന്യകകള്‍ മാറിമാറി വന്നു.

‘ആശിഷ്, അതുതന്നെയല്ലെ പേര് പറഞ്ഞത്?’

– യെസ്

‘ആശിഷ് കന്യകാത്വത്തിന്റെ സുവിശേഷം അവരിനിയും പ്രസംഗിക്കും.’

– എന്തിന് ?

‘ആദ്യത്താഴത്തിന് എരിവും പുളിയുമുള്ള ഭക്ഷണമൊരുക്കാന്‍’

ആന്‍മരിയയുടെ കണ്ണുകള്‍ നിറഞ്ഞില്ല. തൊണ്ടയിടറിയില്ല. പക്ഷെ അവളുടെയുള്ളില്‍ സംഭവിക്കുന്നതെന്തായിരിക്കുമെന്ന് എനിക്കറിയാം.

– ആന്‍മരിയാ ഞാന്‍ നാളെ വരാം.

‘ഉം’

എന്തിനാണ് വരുന്നതെന്ന് അവള്‍ ചോദിക്കുമെന്ന് ഞാന്‍ പേടിച്ചു. പക്ഷെ അതുണ്ടായില്ല. ചോദിച്ചാലെന്ത് പറയും? ചുമ്മാ വരാമെന്ന് പറയും. അതൊരു ബ്രില്ല്യന്റ് മറുപടിയാണ്. ചുമ്മാ പോയി. ഇടയ്‌ക്കൊന്നും പറയാതെയും ഇടയ്ക്ക് മിണ്ടിയും ഞങ്ങളിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടടുത്തിരുന്നു. ആന്‍മരിയ സാധനങ്ങള്‍ പായ്ക്കുചെയ്യുന്ന തിരക്കിലാണ്.

– നിങ്ങളെങ്ങോട്ട് പോകുന്നു ?

‘ഞാന്‍ വന്നയിടത്തേക്ക് തന്നെ’

– എന്തിന് ?

‘ചുമ്മാ പോണം’

– അതൊരു ബ്രില്ല്യന്റ് ആന്‍സറാണ്. എളുപ്പം രക്ഷപ്പെടാന്‍ കഴിയുന്ന ഉത്തരം.

‘അല്ല, അതാണ് സത്യം. ഒരു സിസ്റ്റര്‍ക്ക് മറ്റുവഴികളില്ല. മാലാഖപ്പണി ഒരു ട്രാപ്പാണ്. കുടുങ്ങിയാല്‍ പിന്നെ പുറത്ത് കടക്കാനാവില്ല’

– മിഖായേലച്ചന്‍ ?

‘എല്ലാവരും മിഖായേലച്ചനല്ലല്ലോ ആശിഷ്’

കീശയില്‍ മിഠായി പൊതികളുമായി വലിയ കുമ്പതടവി പള്ളിമുറ്റത്ത് നിന്നിരുന്ന അന്തോണിയച്ചന്റെ മുഖം അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ആന്‍മരിയക്ക് ഓര്‍മ്മവരും. അവളന്ന് കുഞ്ഞായിരുന്നു. ചോക്ലേറ്റ് പപ്പ ഇടവക വിട്ട് പോകുമ്പോള്‍ അന്ന് ആന്‍മരിയ കരഞ്ഞു.

‘അല്ല, എല്ലാവരും മിഖായേലച്ചനല്ല ആശിഷ്. എനിക്ക് തിരിച്ച് പോണം’

ആന്‍മരിയ മടങ്ങി. എന്റെ വിലാസവും ഫോണ്‍ നമ്പറും കയ്യിലുണ്ടായിരുന്നിട്ടും ആന്‍മരിയ എന്നെ വിളിക്കുകയോ സുഖമാണന്ന് എഴുതുകയോ ചെയ്തില്ല. സുഖമാണെന്നോ അല്ലെന്നോ വിശദീകരിക്കാന്‍ കഴിയാത്ത ജീവിതാവസ്ഥയില്‍ അവള്‍ പെട്ടുപോയിരിക്കുമെന്ന് ഞാനും കരുതി. മാസങ്ങള്‍ കഴിഞ്ഞിരിക്കണം, ജൂബിലി മിഷന്റെ കാര്‍ഡിയാക് ക്യാമ്പില്‍ കരളുറപ്പ് പരിശോധിച്ച് മടങ്ങുമ്പോള്‍ കോണ്‍വെന്റില്‍ ആന്‍മരിയയെ തിരക്കി.

‘സിസ്റ്ററുടെ ആരാണ്?’

– ബ്രദറാണ്

‘അകന്ന ബന്ധത്തിലെയാണോ?’

– അല്ല

‘എന്നിട്ടു പറഞ്ഞില്ലേ?’

– എന്ത് ?

‘അവരിന്ന് ആശാഭവനിലേക്ക് മാറി. ആശാഭവനറിയ്യോ?’

– അറിയാം. ബിഷപ്പ് ഹൗസിനടുത്ത് ബോര്‍ഡ് കണ്ടിട്ടുണ്ട്.

‘ഓട്ടോ വിളിച്ചാമതി. സെമിനാരിയെത്തുംമുമ്പെന്ന് പറഞ്ഞാ ഓട്ടോക്കാര്‍ക്കറിയാം’

– താങ്ക് യു സിസ്റ്റര്‍

അത് ജാസ്മിനായിരിക്കുമോ. ആന്‍മരിയയുടെ പ്രായം വെച്ച് കൂട്ടിയാല്‍ ലൗസി, അല്ലെങ്കില്‍ ചിലപ്പോ വെള്ളത്തിലൂടെ പുനര്‍ജനിക്കാത്ത വിജാതീയയായ ഏതെങ്കിലും ആട്ടിന്‍കുട്ടിയാവും.

ഉറങ്ങാന്‍കിടക്കുമ്പോള്‍ മനസ്സില്‍ ആന്‍മരിയ ഉണ്ടായിരുന്നില്ല. വഴി പറഞ്ഞ് തന്ന പെണ്ണാടിന്റെ വിശുദ്ധന്മാര്‍ ചപ്പാത്ത അകിടായിരുന്നു മനസ്സില്‍. എപ്പൊഴോ ഞാനുറങ്ങി. പുറത്ത് നല്ല മഴയാണ്. കതകില്‍ ആഞ്ഞാഞ്ഞുള്ള ഇടി കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ആരാണ് ഇത്ര ശക്തിയില്‍ ?

ദൈവമേ വാതില്‍ തുറന്ന് നോക്കുമ്പോള്‍ ആന്‍മരിയ. നനഞ്ഞ് കുതിര്‍ന്ന അവളുടെ തൂവെള്ളക്കുപ്പായം ഉടലിനോട് പറ്റിപ്പിടിച്ചിരിക്കുന്നു. അവളൊന്നും പറയാതെ അകത്ത് കയറി. എന്റെ സാന്നിദ്ധ്യം പോലും ശ്രദ്ധിക്കാതെ വസ്ത്രങ്ങളോരോന്നോരോന്നായി അഴിച്ച് പിഴിഞ്ഞ്‌കൊണ്ടിരുന്നു. ചുണ്ടിലും കവിളിലും നിന്ന് ചെറുതായി ചോര പൊടിയുന്നുണ്ട്.

– സിസ്റ്റര്‍

‘ആന്‍മരിയ എന്ന് വിളിക്കൂ’

– ആന്‍മരിയാ,

‘ഉം?’

– നീ എവിടെ നിന്നാണ് വരുന്നത് ? നിനക്കെന്ത് പറ്റി ?

ബിഷപ്പ് ഹൗസില്‍ നിന്ന് എന്റെ വീട്ടുമുറിവരെ ഓടിയ ഓട്ടം ജീവിതത്തിലൊരിക്കലും അവളോടിയിട്ടുണ്ടാവില്ല. അവളുടെ കണ്ണുകള്‍ ചെമന്നിരിക്കുന്നു. അതില്‍ നിന്ന് കൂടെ ചോരയൊഴുകും എന്ന് പേടിപ്പിക്കുന്ന ചെമപ്പ്. ആന്‍മരിയ എന്റെ കൈ കടന്ന് പിടിച്ചു. അവളെന്ത് ചെയ്യാന്‍ പോവുകയാണ്. ഞാന്‍ പകച്ചു നില്‍ക്കെ മേശപ്പുറത്ത് നിന്ന് പേന തപ്പിയെടുത്ത് ആന്‍മരിയ എന്റെ കൈവെള്ളയില്‍ കുത്തിക്കുറിച്ചു.

‘വിശുദ്ധമായത് നായ്ക്കള്‍ക്ക് കൊടുക്കരുത്’ (മത്തായിയുടെ സുവിശേഷം 7,6)


 

Comments
Print Friendly, PDF & Email

You may also like