POLITICS

നാം എന്തുകൊണ്ട് എല്‍ഡിഎഫിന് വോട്ടു ചെയ്യേണ്ടിയിരിക്കുന്നുാജ്യത്തെ ജനാധിപത്യസംവിധാനത്തിലെ ഒരു സുപ്രധാനപ്രക്രിയയാണ് തിരഞ്ഞെടുപ്പ്. ഒരു ജനത അടുത്ത അഞ്ചുവര്‍ഷം അവരെ ആര് ഭരിക്കണം എന്ന തീരുമാനം എടുക്കുന്ന പ്രക്രിയയാണത്.

കേരളമെന്ന സംസ്ഥാനം മിക്കപ്പോഴും വളരെ വിചിത്രമായാണ് ഈ പ്രക്രിയയില്‍ പങ്ക്ചേര്‍ന്നിട്ടുള്ളത് (!). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭരണത്തുടര്‍ച്ച അനുവദിക്കാത്ത  ഒരു സംസ്ഥാനമാണ്  കേരളം. ഭരണവിരുദ്ധവികാരത്തിന് ശക്തമായി  അടിമപ്പെടുന്നതും, മുന്നില്‍ മറ്റു  വഴികള്‍ ഇല്ലാത്തതുകൊണ്ട് ഇടതും വലതും മാറി മാറി ഭരിക്കട്ടെ എന്ന ലാഘവബുദ്ധിയോടെ പെരുമാറുന്നതുമായ സമൂഹമായൊക്കെ അതുകൊണ്ട് തന്നെ നാം വിലയിരുത്തപ്പെട്ടിട്ടും ഉണ്ട്. തിരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ എങ്ങിനെ  ഇങ്ങിനെ ഇടതു-വലതു മുന്നണികള്‍ക്ക് ഇടയില്‍ വീതം വെക്കപ്പെടുന്നു എന്നതിനെ  കുറിച്ച് ആധികാരികമായ പഠനങ്ങള്‍  നടന്നിട്ടുണ്ടോ എന്ന്‍ സംശയമാണ്.

ലോകത്തെമ്പാടും തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രകടനപത്രികകള്‍ക്ക് കാര്യമായ പ്രാധാന്യമുണ്ട്.അടുത്ത അഞ്ചുവര്‍ഷം ഭരണം ലഭ്യമായാല്‍ തങ്ങള്‍ നടപ്പാക്കാന്‍പോകുന്ന പദ്ധതികളുടെ വിവരണം എന്നതിലുപരി, പൊതുസമൂഹത്തിന്‍റെ സമകാലിക അവസ്ഥയെ ഓരോ രാഷ്ട്രീയപാര്‍ട്ടിയും അല്ലെങ്കില്‍ ഓരോ മുന്നണിയും എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്‍റെ ആധികാരികമായ തെളിവാണ് ആ രേഖ. അതുകൊണ്ട് തന്നെ അതില്‍ വിവരിച്ചിരിക്കുന്ന പദ്ധതികള്‍ക്കും ആ രേഖ എങ്ങിനെ രൂപപ്പെടുത്തിയിരിക്കുന്നു എന്നതിനും തുല്യമായ പ്രാധാന്യമുണ്ട്. അതില്‍ അടങ്ങിയ പല ആശയങ്ങളെയും കാലം പിന്നീട് ശരിവച്ചു എങ്കിലും സാഹചര്യങ്ങള്‍ മനസ്സിലാക്കാത്ത മട്ടിലുള്ള അവതരണം കാരണം ബ്രിട്ടനിലെ 1983ലെ ലേബര്‍പാര്‍ട്ടിയുടെ പരാജയത്തിനു കാരണമായ അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ ആ പാര്‍ട്ടിയുടെ തന്നെ പാര്‍ളിമെന്‍റ് അംഗം ജെറാള്‍ഡ്കോഫ്മാന്‍ വിശേഷിപ്പിച്ചത്‌ ‘ചരിത്രത്തിലെ ഏറ്റവും നീണ്ട ആത്മഹത്യാകുറിപ്പ്’ എന്നാണ്. പ്രകടനപത്രികകളുടെ ചരിത്രത്താളുകളില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്ന ഒരു ആക്ഷേപ ഹാസ്യമാണ് അത്.  കേരള സമൂഹത്തില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ അവ  അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ  വിലയിരുത്തപ്പെടാറുണ്ടോ എന്ന് സംശയമാണ്. ഭരണകാലയളവില്‍ ഭരണ കക്ഷി നടത്തിയ അഴിമതികളും കെടുകാര്യസ്ഥതകളും അവയെ പ്രതിപക്ഷം നേരിട്ട രീതിയുമൊക്കെയാണ് മലയാളിയുടെ തിരഞ്ഞെടുപ്പ് തീരുമാനങ്ങളെ സാധാരണ സ്വാധീനിക്കാറുള്ളത്- ഒരര്‍ത്ഥത്തില്‍ അല്പ്പായുസ്സുകളായ പൊതു ഓര്‍മ്മകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറം, കേരളത്തിലെ രണ്ടു പ്രധാന മുന്നണികളുടെ സാമൂഹ്യ-രാഷ്ട്രീയ  വീക്ഷണത്തെ അവരുടെ പ്രകടന പത്രികകളുടെ  അടിസ്ഥാനത്തില്‍ ഹ്രസ്വമായി  വിലയിരുത്തുക എന്നതാണ് ഈ എഴുത്തിന്‍റെ ഉദ്ദേശ്യം.  രണ്ടു  പ്രധാന മുന്നണികളും തങ്ങളുടെ പ്രകടന പത്രികകള്‍ ജനങ്ങള്‍ക്ക് മുന്നില്‍  വച്ചു കഴിഞ്ഞു. ഇരുമുന്നണികളുടെയും  സാമൂഹ്യ വീക്ഷണങ്ങള്‍  ഈ പ്രകടന പത്രിക തയ്യാറാക്കിയ  രീതിശാസ്ത്രത്തില്‍ തെളിഞ്ഞു  കിടപ്പുണ്ട് താനും.

രണ്ടു മുന്നണികളുടെയും  പ്രകടന പത്രികകളുടെ തുടക്കം തന്നെ കൃഷിയിലാണ്. ഒറ്റനോട്ടത്തില്‍ തന്നെ കൃഷിയോടുള്ള  ഇരു മുന്നണികളുടെയും സമീപനം വ്യക്തവുമാണ്. കൃഷിയുടെ  വികസനം തികഞ്ഞ ജനകീയ പങ്കാളിത്ത രീതിയില്‍ നടപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഇടതു മുന്നണി  മുന്നോട്ടു വെക്കുമ്പോള്‍, ജൈവ കൃഷി ബോര്‍ഡ് എന്ന  ഒരു  വെള്ളാനയും, കൃഷി ബംബര്‍ ലോട്ടറി എന്ന ചൂതാട്ടവും, ബാങ്ക് സബ്സിഡിയും, ജില്ലാതല  അതോറിറ്റിയുമൊക്കെ  അടങ്ങുന്ന പരാജയപ്പെട്ട പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍  യു ഡി എഫ് മുന്നോട്ടു  വെക്കുന്നു. കര്‍ഷകര്‍ക്ക് പുസ്തകം കൊടുത്ത് കൃഷി അറിവ്  വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിവരെ മുന്നോട്ടു  വെക്കുകയാണ് പാഠപുസ്തകം പോലും ശരിയായി വിതരണം ചെയ്യാന്‍ സാധിക്കാത്ത യു ഡി എഫ് എന്ന ഒരു രാഷ്ട്രീയ സംഘടന. എല്‍ ഡി എഫ് ആകട്ടെ നിലവിലുള്ള കര്‍ഷക ക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങളോടൊപ്പം, കര്‍ഷക കൂട്ടായ്മയില്‍ ഊന്നിയ കൃഷി വികസന രീതിയും മുന്നോട്ടു വെക്കുന്നു.കൃഷി സിലബസ്സിന്‍റെ ഭാഗമാക്കുക എന്ന തികച്ചും നൂതനമായ ഒരു ആശയവും എല്‍ ഡി എഫ് ന്‍റെ പ്രകടന പത്രികയിലെ പ്രധാന നിര്‍ദ്ദേശമാണ്. കൃഷിയോടൊപ്പം മൃഗപരിപാലന രംഗത്തെ സംബന്ധിച്ച നയങ്ങളും ശ്രദ്ധിച്ചാല്‍ കാര്യങ്ങളെ കൃത്യമായും സൂക്ഷ്മമായും വിലയിരുത്തുന്നതില്‍ എല്‍ ഡി എഫ് മികച്ചു നില്ക്കുന്നു എന്ന് മനസ്സിലാക്കാം.

Kozhikode: CPI (M) workers paint a wall to campaign for LDF candidate ahead of assembly elections in Kozhikode on Friday. PTI Photo (PTI3_25_2016_000171A)
പരിസ്ഥിതിയുടെ കാര്യത്തില്‍ യു ഡി എഫിന്‍റെ പ്രകടന പത്രിക ഇന്ദിരാ കാലത്തെ വന നിയമങ്ങളില്‍ തടഞ്ഞു  കിടക്കുന്നു എന്നതാണ് പരിതാപകരമായ അവസ്ഥ.. 1984 ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര്‍ഷം ഇന്ത്യയുടെ വന നയം മാറിയതൊ  അതിന്‍റെ തുടര്‍ച്ചയായി ജനപങ്കാളിത്തത്തില്‍  ഊന്നിയ ജെ എഫ് എം പദ്ധതിയിലേക്കും, പിന്നീട് വനാവകാശ  നിയമത്തിലും മറ്റും ഊന്നിയ തികച്ചും ജനകീയമായ പദ്ധതികളിലേക്കും വനസംരക്ഷണ രംഗം മാറിയതോ അറിയാതെയാണ് ഈ പ്രകടനപത്രിക തയ്യാറാക്കി യിരിക്കുന്നത്.ശേഷി പഠനങ്ങള്‍ പോലുള്ള ശാസ്ത്രീയ മാര്ഗ്ഗ്ങ്ങള്‍ മുന്നോട്ടു വച്ചാണ് ഇടതു പക്ഷം തങ്ങളുടെ പ്രകടന പത്രികയില്‍ പരിസ്ഥിതിയെ  സമീപിക്കുന്നത്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഇടംപിടിച്ച വനാവകാശ നിയമത്തിന്‍റെ കര്‍ശനമായ നടപ്പാക്കലും, കാര്‍ഷിക വനവല്ക്കരണവും തികച്ചും സുപ്രധാനമായ  നിര്‍ദ്ദേശങ്ങള്‍ തന്നെയാണ്.
യു ഡി എഫിന്‍റെ.  ‘എല്ലാവര്‍ക്കും വീട് പദ്ധതി’ വായിച്ചാല്‍ സത്യത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍  പറഞ്ഞത് പോലെ ആരും ചിരിച്ചു പോവുക തന്നെ ചെയ്യും – പ്രത്യേകിച്ചും ലക്ഷം വീട്  പദ്ധതിയില്‍ പണിത എല്ലാ വീടുകളും പുതുതായി നിര്‍മ്മിക്കുകയും, ഇരട്ട വീടുകളെ രണ്ടായി പണിതു നല്കുകയും ചെയ്യും എന്ന നിര്‍ദ്ദേ ശം.ചുരുങ്ങിയത് ഒരു പതിനായിരം വീടുകള്‍ പണിതു നല്കാന്‍ തന്നെ അടുത്ത അഞ്ചു വര്‍ഷത്തില്‍ എണ്ണൂറു കോടി രൂപ എങ്കിലും (ഏറ്റവും കുറഞ്ഞത്‌)  ആവശ്യമാണെ ന്നിരിക്കെ, ഇത്രയും പണം ഈ പദ്ധതിക്ക് എവിടെ നിന്ന് കണ്ടെത്തും എന്നതിനെ കുറിച്ച് ഒരു തരത്തിലുള്ള നിര്‍ദ്ദേശങ്ങളും ഈ രേഖയില്‍ ഇല്ല. അപകടകരമായ മറ്റൊരു തമാശ സമുദായങ്ങള്‍ തിരിച്ചുള്ള ഭാവന നിര്മ്മാ ണ  പദ്ധതിയാണ്. വിശ്വകര്മ്മ്-സ്വര്ണ്ണ -ചക്കാല സമുദായങ്ങളെ പേരെടുത്തു പറഞ്ഞും, അവര്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ക്കുള്ള  വായ്പ്പ എന്ന നിര്‍ദ്ദേശം  വഴി സമുദായങ്ങള്‍ തിരിച്ചുള്ള  ഭവന പദ്ധതികള്‍ വരാന്‍ പോകുന്നു എന്ന സൂചന കൃത്യമായി  യു ഡി എഫ് നല്കിയിരിക്കുന്നു. ജാതി-സമുദായ ചിന്തകളില്‍ നിന്ന്  ജനതയെ പിന്നോട്ട് മാറ്റേണ്ട  ഒരു രാഷ്ട്രീയ  സംഘടന ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍  മുന്നോട്ടു വെക്കുമ്പോള്‍ അത് എത്ര കണ്ടു  നടന്നു കൊണ്ടിരിക്കുന്ന സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടും  എന്ന് നാം  ആലോചിക്കേണ്ടതുണ്ട്. ഈ മൂന്നു സമുദായങ്ങള്‍  ഭവന നിര്‍മ്മാണ  രംഗത്ത് മാത്രമല്ല, മറ്റു ചില ഇടങ്ങളില്‍  കൂടി യു ഡി എഫ്  പ്രകടന പത്രികയില്‍ പേരെടുത്തു  പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.ഭവനനിര്‍മ്മാണ രംഗത്തും  മറ്റൊരു ലോട്ടറി യു ഡി എഫ് പ്രഖ്യാപിച്ചിരിക്കുന്നു – ലോട്ടറിയും, കേന്ദ്ര സഹായവും  ഒന്നുമല്ലാതെ നൂതനമായ സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍  ഒന്നും തന്നെ ഈ സംഘടനക്ക്  മുന്നോട്ട് വെക്കാന്‍ കഴിയുന്നില്ല  എന്നത് അതിന്‍റെ ചിന്താ ശൂന്യത  വെളിവാക്കുന്നു എന്നതാണ് സത്യം.

എല്‍ ഡി എഫ് പാര്‍പ്പിടം എന്ന ആശയത്തെ സമീപിക്കുന്നത്  പരിശോധിച്ചാല്‍ ഇരു മുന്നണികളും  തമ്മിലുള്ള പ്രകടമായ മറ്റൊരു വ്യത്യാസം മനസ്സിലാക്കാം.ഉദാഹരണമായി മത്സ്യബന്ധനമേഖലയിലെ പാര്‍പ്പിട പ്രശ്നത്തെ എല്‍ ഡി എഫ് കൈകാര്യം ചെയ്യുന്നത് സമഗ്രമായ രൂപരേഖ നിര്‍മ്മാണത്തിലൂടെയാണ്. സമഗ്രമായ തീരദേശ പാര്‍പ്പിട പദ്ധതി ഉണ്ടാക്കുകയും, അതിലൂടെ കണ്ടെത്തുന്ന പാര്‍പ്പിടമടക്കമുള്ള  ആവശ്യങ്ങളെ മുന്‍ഗണന അടിസ്ഥാനത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്ന നയം. ലക്ഷം വീട്  പദ്ധതി ഇനിയും പൂര്‍ണമായി നടപ്പാകേണ്ടിയിരിക്കുന്നു എന്ന  തിരിച്ചറിവ് എല്‍ ഡി എഫ് തങ്ങളുടെ പ്രകടന പത്രികയില്‍ വെളിവാക്കുമ്പോള്‍ ആണ് കെട്ടിയ വീടുകള്‍ പൊളിച്ചു പണിയുന്നതിനെ കുറിച്ച് യു ഡി എഫ് സംസാരിക്കുന്നത്.
പരമ്പരാഗത വ്യവസായങ്ങളെ കൈകാര്യം  ചെയ്യുന്ന രീതിയിലും കാര്യമായ വ്യത്യാസങ്ങള്‍  ഇരു മുന്നണികളുടെ  പ്രകടന പത്രികകളിലും  കാണാന്‍ സാധിക്കും. തോട്ടണ്ടി മേഖലയില് ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്ന  നയം, യു ഡി എഫ് മുന്നോട്ട് വെക്കുമ്പോള്‍ എല്‍ ഡി എഫ്, പൂര്‍ണ്ണമായും കശുവണ്ടി ഇറക്കുമതി മാത്രം നടത്തുന്ന വ്യവസായികളെ ഈ രംഗത്ത്  നിന്നും ഒഴിവാക്കാന്‍ ആണ് ആലോചിക്കുന്നത്. ഖാദി – എന്നൊരു വാക്ക് തന്നെ  ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം  നല്കുന്ന യു ഡി എഫ്ന്‍റെ പ്രകടന പത്രികയില്‍  കാണാനില്ല – എന്നാല്‍ എല്‍ ഡി എഫ്  ഖാദി വ്യവസായത്തിന് തങ്ങളുടെ  പ്രകടനപത്രികയില്‍ പ്രത്യേകശ്രദ്ധ നല്കിയിരിക്കുന്നു.

മൈക്രോ-ഫിനാന്സ്  കടക്കെണിയില്‍  കൂടുതല്‍ കുടുംബങ്ങളെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന യു ഡി എഫ്  അങ്ങനെ കിട്ടുന്ന തുക, കുടുംബങ്ങള്‍ക്ക്‍, ഫലപ്രദമായി  വിനിയോഗിക്കാനുള്ള  സൗകര്യം എങ്ങനെ ഉണ്ടാക്കും  എന്നതിനെ പറ്റി മൌനം പാലിക്കുന്നു.. ഇരുപത്തി അയ്യായിരം രൂപയുടെ വിവാഹ  ധനസഹായമാണ് യു ഡി എഫിന്‍റെ പിന്തിരിപ്പന്‍ നിലപാട് വ്യക്തമാക്കുന്ന മറ്റൊരു നയം. പെണ്‍കുട്ടികള്‍ക്ക് മാത്രം  നടപ്പാക്കുന്ന ഈ വിവാഹ ധനസഹായം സത്യത്തില്‍ മുന്നോട്ടു വെക്കുന്നത്  പെണ്‍കുട്ടിയുടെ വിവാഹം ഒരു ബാധ്യതയാണ്  എന്ന പൊതുസമൂഹത്തിന്‍റെ സ്ത്രീ വിരുദ്ധ ചിന്ത തന്നെയാണ്. വനിതാ വികസന അജണ്ടയിലും ഒരു പ്രത്യേക ഇനമായി ഈ വിവാഹ സഹായ നിധി യു ഡി എഫ് പ്രകടന പത്രികയില്‍ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം പുരോഗമനപരമല്ലാത്ത ആശയങ്ങള്‍ എല്‍ ഡി എഫ് പത്രികയില്‍ ഒരിടത്തും കാണാനാവില്ല. പ്രകടനപത്രികയുടെ രൂപരേഖാ നിര്‍മ്മാണത്തില്‍ അവര്‍ എത്രകണ്ട് ശ്രദ്ധിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന ഘടകം.
മടങ്ങി വരുന്ന  പ്രവാസികളെ കങ്കാണികള്‍ ആക്കാനുള്ള  നടപടിയാണ് പ്രവാസിക്ഷേമ പദ്ധതികളില്‍ യു ഡി എഫ്  മുന്നോട്ടു വെക്കുന്ന  മറ്റൊരു ഫലിതം. അനേകം അന്യസംസ്ഥാന  തൊഴിലാളികളും, അവരുടെ ലേബര്‍ സപ്ലൈ ഏജന്റുമാരും  ഉള്ള കേരളത്തില്‍, ലേബര്‍ സപ്ലൈ  രംഗത്ത് അനുഭവ-പാരമ്പര്യം ഉള്ളതുകൊണ്ടാണോ പ്രവാസികളെ ലേബര്‍ സപ്ലൈക്കാര്‍  ആക്കാനുള്ള നീക്കം എന്നത് ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും ഇതൊരു  ഫലിതമായേ അനുഭവപ്പെടുയുള്ളൂ. അതേ സമയം പ്രവാസികളുടെ കഴിവുകളും സമ്പാദ്യവും വികസനമേഖലയിലേക്ക് ആകര്‍ഷിക്കുവാനുള്ള  കൃത്യമായ സ്കീമുകള്‍ എന്ന എല്‍ ഡി എഫ് നിര്‍ദ്ദേശം ഇന്നത്തെ  സാഹചര്യത്തില്‍ സുപ്രധാനമാണ്‌. കേരളത്തിലേക്ക് വര്‍ഷാവര്‍ഷം  ഒഴുകി എത്തുന്ന, പ്രവാസി  മലയാളിയുടെ  ഭീമമായ സമ്പാദ്യം  ഇന്ന് ഭൂമിയുടെയും, കെട്ടിടങ്ങളുടെയും ഊതി വീര്‍പ്പിച്ച  വിലയായി ഒരു തരത്തിലുള്ള  സുരക്ഷയുമില്ലാത്ത വിനിമയ മൂല്യങ്ങള്‍ ആയി നിക്ഷേപിക്കപ്പെടുന്ന  സാഹചര്യത്തില്‍ ഇത്തരം ഒരു നിര്‍ദ്ദേശം വളരെ പ്രധാനമാണ്‌ കേരള വികസനത്തിനും പ്രവാസി ക്ഷേമത്തിനും അത്യന്താപേക്ഷിതവുമാണ്.

കേന്ദ്ര സര്‍ക്കാര്‍  യു ഐ  ഡി – ആധാര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അടുത്ത അഞ്ചു വര്‍ഷം ഭരണത്തില്‍ കയറിയാല്‍ കേരളത്തിലെ  എല്ലാ ജനങ്ങളുടേയും വിരല്‍ അടയാളം അടക്കമുള്ള  തിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ച് പുതിയ ഒരു  തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കുന്നത് എന്തിനാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ആധാര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഒരു നിര തന്നെ റേഷന്‍ കാര്‍ഡ്  അടക്കം ഉള്ളപ്പോള്‍ ഇത്തരം നിര്‍ദ്ദേശങ്ങളുടെ  ലക്‌ഷ്യം തന്നെ എന്താണ് എന്ന് മനസ്സിലാവുന്നില്ല. യു ഡി എഫ് പ്രകടന പത്രികയിലെ കാര്‍ഡുകളുടെ  നിര ഇതില്‍ അവസാനിക്കുന്നില്ല. അറുപതു വയസ്സ് കഴിഞ്ഞവര്‍ക്ക് മുതിര്‍ന്ന പൗരത്വ കാര്‍ഡ് എന്ന മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി അവര്‍ വിഭാവനം  ചെയ്തിട്ടുണ്ട്.

പഠിക്കാതെ ജയിക്കുന്ന ഓള്‍ പാസ്  സമ്പ്രദായം പുന:പരിശോധിക്കും എന്ന് യു ഡി എഫ്  നിര്‍ദ്ദേശിക്കുമ്പോള്‍ വിദ്യാഭ്യാസ രംഗത്തെ അവരുടെ അറിവിന്‍റെ പാപ്പരത്തം തുറന്നു കാട്ടപ്പെടുകയാണ്. ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്യാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ്  ലോകത്ത് ഇന്ന് നടപ്പാക്കി വരുന്നത്. ഇന്ത്യയില്‍ തന്നെയുള്ള  വിദ്യാഭ്യാസ രംഗത്തെ  മാറ്റങ്ങള് ‍(ഗ്രേഡ് സംവിധാനം  അടക്കം) ഈ ദിശയിലുള്ള നീക്കങ്ങളാണ്. “പഠിക്കാതെ ജയിക്കുന്ന സമ്പ്രദായം” – സത്യത്തില്‍ ഇതും  ഈ രേഖയിലെ മറ്റൊരു ഫലിതമാണ്. എല്‍ ഡി എഫ് ആകട്ടെ ഓരോ കുട്ടിയുടെയും കഴിവുകള്‍  കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുന്ന  പൊതു ഇടങ്ങളായി  വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുന്ന ആശയമാണ് മുന്നോട്ടു വെക്കുന്നത്. യു ഡി എഫ് പ്രകടന പത്രികയില്‍ – എട്ടാംക്ലാസ് പഠിക്കുന്ന സകല പെണ്‍കുട്ടികള്‍ക്കും  സൈക്കിള്‍- എന്ന് വായിക്കുമ്പോള്‍ ആരുടെ മനസ്സിലും ഒരു നാഗവല്ലി ചോദ്യം ഉണരും“അതെന്താ അവര്‍ക്കു മാത്രം?” ഫലിതത്തിന് അപ്പുറം എത്ര ലാഘവ ബുദ്ധിയോടെയും, ആസൂത്രണമില്ലായ്മയോടെയും  ആണ് ഈ രേഖ ജനങ്ങള്‍ക്ക് മുന്നില്‍ തയ്യാറാക്കി വച്ചിരിക്കുന്നത് എന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് ഇത്തരം  നിര്‍ദ്ദേശങ്ങള്‍ എന്നതാണ്  സത്യം.

udf
ഇലക്ട്രിസിറ്റി മീറ്റര്‍ ഉള്ള എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എന്നതാണ്  യു ഡി എഫ്  പ്രകടന പത്രികയിലെ മറ്റൊരു നിര്‍ദ്ദേശം. വൈദ്യുതി കണക്ഷന്‍  ഉള്ള എല്ലാ വീടുകള്‍ക്കും   ഈ മീറ്റര്‍  നിര്‍ബന്ധമാണ് എന്നിരിക്കെ ഇതിനു മുകളില്‍ ഒരു ഇന്‍ഷുറന്‍സ്– അതും ഊര്‍ജമേഖലയിലെ  നിര്‍ദ്ദേശമായിവരുന്നത് എങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും  മനസ്സിലാവാത്ത മറ്റൊരു കാര്യം.ഇത്തരം പ്രായോഗികത തൊട്ടു തീണ്ടിയിട്ടില്ലാത്ത പല നിര്‍ദ്ദേശങ്ങളും യു ഡി എഫ് പ്രകടന പത്രിക പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. എത്ര ലാഘവ ബുദ്ധിയോടെയാണ് ആ സംഘടന അടുത്ത ഭരണകാലത്തെ കാണുന്നത്.

 

രണ്ടു പ്രകടന പത്രികകളിലെയും എടുത്തു  പറയാവുന്ന ഗുണ-ദോഷങ്ങള്‍  ആണ് ഈ കുറിപ്പില്‍  ഉദ്ധരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിന്‍റെ ഭരണ നയം ഒട്ടും  തന്നെ ആസൂത്രണമില്ലാത്തതും, ഇന്ന് ലോകത്തില്‍ നടപ്പാക്കുന്ന സുസ്ഥിരവികസന നയങ്ങളില്‍ നിന്ന്  ഒട്ടും തന്നെ പാഠങ്ങള്‍  ഉള്‍ക്കൊള്ളാത്തതും, നിയമ-നീതിന്യായ  രംഗത്തെ മാറിയ പ്രവണതകളെ ഒട്ടും തന്നെ മനസ്സിലാക്കാത്തതുമാണ്  എന്നതാണ് സത്യം. കഴിഞ്ഞ അഞ്ചു വര്‍ഷം  ഈ സര്‍ക്കാര്‍  നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ എണ്ണമെടുക്കുന്ന സ്ഥിതിവിവര പരിശോധനകളില്‍ വലിയ കാര്യമുണ്ട് എന്ന് തോന്നുന്നില്ല – കാരണം കഴിഞ്ഞ വര്‍ഷം  ഒരു ലക്ഷത്തി നാല്‍പ്പതിനായിരം കോടിയില്‍ എത്തി നില്ക്കുന്ന  വിദേശമലയാളികളുടെ  വരുമാനം കേരളത്തിനുണ്ട്. അത്രയും സമ്പന്നമായ ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതി നടപ്പാക്കലുകളുടെ (മുഖ്യമന്ത്രിയുടെ ജനകീയ സമ്പര്‍ക്ക  പരിപാടിയിലെ പഴയ മാടമ്പി തമ്പുരാക്കന്മാരെ പോലെ മുന്നില്‍ വന്നു  വിലപിക്കുന്നവര്‍ക്ക്  പണക്കിഴി എറിഞ്ഞു കൊടുക്കുന്ന സംവിധാനം അടക്കം) എണ്ണമല്ല പകരം അതിന്‍റെ രീതിശാസ്ത്രം  തന്നെയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. എല്‍ ഡി എഫ് തികച്ചും  ജനകീയമായ, ജന പങ്കാളിത്തമുള്ള, ആസൂത്രണത്തില്‍ അധിഷ്ടിതമായ  ഒരു ഭരണ പദ്ധതി അവരുടെ പ്രകടന പത്രികയില്‍  മുന്നോട്ടു വെക്കുന്നു. അതിനെ അടിസ്ഥാനമാക്കിയാല്‍, കേരളം എല്‍ ഡി എഫിന്  വോട്ടു ചെയ്യേണ്ടിയിരിക്കുന്നു.


 

Print Friendly, PDF & Email