പൂമുഖം POLITICS തോല്‍വിയുടെ തിരഞ്ഞെടുപ്പ്‌

തോല്‍വിയുടെ തിരഞ്ഞെടുപ്പ്‌

ണര്‍ന്നതും ചലനാത്മകവുമായ ഒരു രാഷ്ട്രീയസമൂഹമല്ല, നമ്മുടെ. അതിനൊരു പ്രധാന കാരണം, ഒരു ദേശീയ സമൂഹം എന്ന നിലക്ക്, പല അടരുകളുള്ള നമ്മുടെത്തന്നെ സാമൂഹ്യ ജീവിതത്തിനു മേല്‍ ‘ഏക പാര്‍ട്ടി സംവിധാനം’ പോലെ പ്രവര്‍ത്തിക്കുന്ന മുന്നണി രാഷ്ട്രീയമാണ്. ആ ‘ഏക പാര്‍ട്ടി’ ഘടനയിലേക്ക് നമ്മുടെ എല്ലാ സാമൂഹിക വൈവിധ്യങ്ങളും വെട്ടിച്ചുരുക്കിയിരിക്കുന്നു. രാജ്യത്തെ ഏക പാര്‍ട്ടി സംവിധാനം, ജീവിത വൈവിധ്യങ്ങളെ രാഷ്ടീയ സ്വേച്ഛാധിപത്യത്തിനകത്ത് നിര്‍ത്തുന്നതില്‍ നിഷ്ക്കര്‍ഷ പുലര്‍ത്തുന്നുവെങ്കില്‍, കേരളത്തിലെത് പോലുള്ള മുന്നണി ഭരണത്തില്‍ അത് മറ്റൊരു കര്‍മ്മമാണ് നിര്‍വഹിക്കുന്നത് : അതേ വൈവിധ്യങ്ങളെ പ്രച്ഛന്നമായ പങ്കാളിത്തംകൊണ്ട് രാഷ്ട്രീയമായിത്തന്നെ നിര്‍വീര്യമാക്കുന്നു. വളരെയധികം നീണ്ടുനിന്ന ഇങ്ങനെയൊരു സാമൂഹികാവസ്ഥകൊണ്ട്കൂടിയാകാം, സ്വാതന്ത്ര്യോന്മുഖമായ “പ്രാദേശിക രാഷ്ട്രീയ സ്വത്വ”ത്തെ ഭാവന ചെയ്യാന്‍ പോലും കേരളത്തിനു കഴിയാത്തതും.

സമ്പത്തിന്‍റെയും വിഭവസമാഹരണത്തിന്‍റെയും അവയുടെ നീതിപൂര്‍ണ്ണമായ വിതരണത്തിന്‍റെയും കാര്യത്തില്‍ ഇന്ന് കേരളം കടന്നുപോകുന്ന ‘മുരടിപ്പ്‌’ പല വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിലെ പ്രമുഖമായ ഒരു കണ്ടെത്തല്‍ നമ്മുടേത് ഒരു ‘ആശ്രിത സമ്പദ്‌വ്യവസ്ഥ’യാണെന്നായിരുന്നു. കയറ്റുമതി ചെയ്യപ്പെടുന്ന ‘മനുഷ്യശക്തി’യെ ആശ്രയിച്ചു നില്‍ക്കുന്ന അത്തരം സമ്പദ്‌വ്യവസ്ഥയില്‍, അല്ലെങ്കില്‍ അങ്ങനെ ഒരു ‘യാഥാര്‍ത്ഥ്യ’ത്തില്‍ നിന്നുകൊണ്ടായി പിന്നീടുള്ള നമ്മുടെ എല്ലാ ‘ഭരണ പരിഷ്ക്കാര’ങ്ങളും : അബ്കാരി, ലോട്ടറി തുടങ്ങി ‘റവന്യു’ വരുമാനം കൊണ്ട് ഇതേ ആശ്രിത സമ്പദ്‌വ്യവസ്ഥയുടെ കേടുകള്‍ പരിഹരിക്കാമെന്നായിരുന്നു ഒരു കണ്ടെത്തല്‍. അതുകൊണ്ടുതന്നെ, പ്രാഥമികമായും ഒരു കര്‍ഷക സമൂഹം എന്ന നിലയില്‍ നിന്നുള്ള നമ്മുടെ വേര്‍പെടല്‍ പെട്ടെന്ന് ഒരു സത്യമായി അവതരിപ്പിക്കപ്പെട്ടു. ഈ ചര്‍ച്ച, ഒരിക്കല്‍ ഗള്‍ഫ്‌ മലയാളികളെ ആസ്പദമാക്കിയാണ് രൂപപ്പെട്ടിരുന്നതെങ്കില്‍ , ഇപ്പോള്‍ അത് അതിന്‍റെതന്നെ വിചിത്രമായ ഒരു തുടര്‍ച്ചയായി കേരളത്തില്‍ ജോലി ചെയ്യുന്ന നാല്പതു ലക്ഷം അന്യസംസ്ഥാന തൊഴിലാളികളേയും അവര്‍ ‘പുറത്തേക്ക്‌ അയക്കുന്ന’ പണത്തേയും അടിസ്ഥാനമാക്കി വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. അപ്പോഴും, ഇത് നാം പിന്തുടരുന്ന രാഷ്ട്രീയത്തിന്‍റെയും ജീവിത സംസ്കാരത്തിന്‍റെയും തോല്‍വിയായി സമീപിക്കാന്‍ നാം ഇനിയും തയ്യാറായിട്ടുമില്ല.

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പരീക്ഷിച്ചുപോരുന്ന“മുന്നണി രാഷ്ട്രീയം “പാര്‍ലിമെന്‍ററി ജനാധിപത്യ”ത്തിനകത്തും നമ്മെ കെട്ടിക്കിടത്തിയിരിക്കുന്നു. നേരത്തെ പറഞ്ഞ സാമൂഹ്യ വൈവിധ്യങ്ങളുടെത്തന്നെ നിര്‍വീര്യകരണം അതുകൊണ്ടുതന്നെ നമ്മുടെ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമാകുന്നില്ല. അഥവാ, ഉണ്ടെങ്കില്‍ത്തന്നെ ‘അതിര്‍ത്തിയിലേക്ക്’ നീക്കി നിര്‍ത്തിയിരിക്കുന്നു. ആദിവാസി സമരങ്ങള്‍, ദളിത് സമരങ്ങള്‍, ജനകീയ സമരങ്ങള്‍, മനുഷ്യാവകാശ പ്രക്ഷോഭങ്ങള്‍ ഇവയെല്ലാം നമ്മുടെ “പാര്‍ലിമെന്‍ററി ജീവിത”ത്തിന് പുറത്ത് നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതില്‍ ഈ ‘നിര്‍വീര്യകരണം’ വലിയ പങ്ക് വഹിക്കുന്നു. ഇതിനു സമാന്തരമായി സ്വഭാവികമായും സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ “നമ്മുടേത് ഒരു അരാഷ്ട്രീയ സമൂഹ”മാകുന്നു എന്ന പൊതുവിശ്വസത്തെ നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാകാം, ഇന്ത്യയിലെ പല ദേശീയ സമൂഹങ്ങളിലും നടക്കുന്ന വിവിധ ജനാധിപത്യ സമരങ്ങള്‍ നമ്മെ കാര്യമായി ബാധിക്കുന്നില്ല. അങ്ങനെ ഒരേസമയം സ്വന്തം സമരങ്ങള്‍ ഇല്ലാതെയും മറ്റു സമരങ്ങളോട് വൈമുഖ്യം പുലര്‍ത്തിയും നാം “ഭേദപ്പെട്ട ഒരു സാമൂഹ്യാവസ്ഥ’യിലാണെന്ന് വിലയിരുത്തുന്നു.

എന്തുകൊണ്ട് ഇങ്ങനെയാവുന്നു?

ഒരൊറ്റ രാഷ്ട്രീയ സംവിധാനമായി ഈ മുന്നണി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയവരില്‍ നാല്പ്പതുകളിലെ മലയാളി സ്റ്റാലിനിസ്റ്റ്കള്‍കൂടി ഉണ്ടായിരുന്നതുകൊണ്ടുകൂടിയാകാം, കേരളത്തിലെ മുന്നണി രാഷ്ട്രീയം പഴയ സോവിയറ്റ്‌ ഭരണകൂടങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. സോവിയറ്റ് മാതൃകയില്‍ അത് ‘പാര്‍ട്ടി’യിലെ വരേണ്യര്‍ അടങ്ങുന്ന പുത്തന്‍ വര്‍ഗ്ഗമായിരുന്നുവെങ്കില്‍ ഈ മുന്നണി ഭരണത്തില്‍ ക്രമേണ വിവിധ പാര്‍ട്ടികളുടെ വരേണ്യ രാഷ്ട്രീയ വര്‍ഗ്ഗത്തിനൊപ്പം രണ്ടു മുന്നണിക്കും സമ്മതമായ ഒരു ബ്യുറോക്രസിയുടെ ആധിപത്യംകൂടി വന്നു : ജാതികളുടെയും സമുദായങ്ങളുടെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ട അതേ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഒപ്പം തന്നെ.

image

ജനാധിപത്യത്തിന്‍റെ തന്നെ സൂക്ഷ്മമായ പരിണാമങ്ങള്‍, നമുക്ക് അകത്തും പുറത്തും നടക്കുന്ന എന്തും, അതിനാല്‍ത്തന്നെ തമസ്ക്കരിക്കപ്പെടുകയോ നിസ്സാരവല്ക്കരിക്കപ്പെടുകയോ ചെയ്യുന്നു. ഈ മുന്നണി രാഷ്ട്രീയത്തിലെ ഒരു പ്രധാന പങ്കാളിയായ സി പി എം. നെ മാത്രം പരിശോധിച്ചാല്‍ നാം അകപ്പെട്ട ഈ രാഷ്ട്രീയ മുരടിപ്പിന്‍റെ ആഴം മനസ്സിലാകും. ഉദാഹരണത്തിന് ആ പാര്‍ട്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ‘രാഷ്ട്രീയ കൊലപാതകങ്ങളും’ അവയുടെ ‘കോടതി-മാധ്യമ –വിചാരണകളും’ തന്നെ നോക്കാം. നമുക്കറിയാം, കേരളത്തിലെ സി പി എം നേതാക്കളെ പോലെ സ്വന്തം നരകങ്ങള്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കേണ്ടി വരുന്ന രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയില്‍ വേറെ ഉണ്ടാവില്ല. കൊല, ഗൂഡാലോചന, അഴിമതി തുടങ്ങി അതിന്‍റെ നേതാക്കളെ അവരുടെ സ്വന്തം രാഷ്ട്രീയ നരകങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. ഇതെല്ലാം തങ്ങളുടെ പാര്‍ട്ടിയുടെയോ രാഷ്ട്രീയത്തിന്‍റെയോ പേരിലാകുമ്പോഴും ആ നരകങ്ങള്‍ ഒരേസമയം കേരളത്തിന്‍റെ രാഷ്ട്രീയത്തെയും കേരളത്തിലെ പൊതു സമൂഹത്തെയും എങ്ങനെയെല്ലാമാണ് തീണ്ടിയത് എന്നോ എങ്ങനെയാണ് അത് സമൂഹത്തിന്‍റെ പൊതു രാഷ്ടീയ ബോധത്തെ സ്വാധീനിച്ചത് എന്നോ ആ പാര്‍ട്ടിക്കോ അതിന്‍റെ നേതാക്കള്‍ക്കോ ഇപ്പോഴും വലിയ ഖേദങ്ങള്‍ ഇല്ല. അതിന്‍റെ സ്വന്തം സാഹിത്യ സഹകരണ സംഘത്തിനും ഇല്ല. ഇത് നമ്മുടെ കൂടി ഒരു നരകത്തിന്‍റ വ്യാപ്തി കാട്ടിത്തരുന്നു. പൊതു സമൂഹം ആഗ്രഹിക്കാത്തതും ജനാധിപത്യ രാഷ്ട്രീയത്തില്‍ കണിശമായും എതിര്‍ക്കപ്പെടേണ്ടതുമായ ഒരു ‘രാഷ്ട്രീയം’, പതുക്കെ പതുക്കെ ഒരു ‘ക്രമ സമാധാന പ്രശ്നം’ മാത്രമാകുന്നു. അങ്ങനെമാത്രം ആ പ്രശ്നത്തെ വീക്ഷിക്കുന്ന തലത്തിലേക്ക് പൊതുസമൂഹം തന്നെ മാറ്റപ്പെടുന്നു– കൃത്യവും രാഷ്ട്രീയമായി ഉണര്‍ന്നതുമായ മനുഷ്യാവകാശ സംഘടനകളോ പ്രവര്‍ത്തനങ്ങളോ ഇല്ലാത്തതുകൊണ്ട് കൂടിയാകാം ഇതെല്ലാം എളുപ്പമാകുന്നു.

ഇന്ന് ഈ മുന്നണി സംവിധാനം ജാതിയുടെയും മതത്തിന്‍റെയും ഏറ്റവും നിഷേധാത്മകമായ ഉള്ളടക്കത്തോടെ അതിന്‍റെ സ്വന്തം അതിജീവനതാല്‍പര്യത്തോടെയാണ് സംഘടിപ്പിക്ക പ്പെട്ടിരിക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍ത്തന്നെ ആ താല്‍പ്പര്യ ങ്ങളുടെ മാത്രം തിരഞ്ഞെടുപ്പുകളാണ് നടക്കുന്നത് എന്നും. ജനാധിപത്യത്തിന്‍റെ അന്ത:സത്തയെ തന്നെ നിഷേധിക്കുന്ന ഈ തിരഞ്ഞെടുപ്പ് ഇന്ന് രാഷ്ട്രീയാധികാരികളായ ഈ പുത്തന്‍വര്‍ഗ്ഗത്തിന്‍റെ ബലാബലം നിശ്ചയിക്കാനാണ് – ഇടതും വലതും എന്ന് വേര്‍ പിരിഞ്ഞു നില്‍ക്കുമ്പോഴും.

എന്തുകൊണ്ട് ഇത് തുടരെത്തുടരെ സംഭവിക്കുന്നു, അതും ചെറുത്തുനില്‍പ്പുകള്‍ ഒന്നും ഇല്ലാതെ ?

ഒരു പ്രധാന പ്രശ്നം നമ്മുടെ ജനാധിപത്യബോധത്തെത്തന്നെ കപടമാക്കിയ സ്റ്റാലിനിസ്റ്റ് രാഷ്ട്രീയം തന്നെയാണ്. നിങ്ങള്‍ ‘വലത്തു’ നില്‍ക്കുമ്പോഴും അങ്ങനെയൊരു (സ്റ്റാലിനിസ്റ്റ്) ഏക-പാര്‍ട്ടി മനോഘടനയിലാണ്. അതുകൊണ്ടാണ് കേരളത്തില്‍ കോണ്ഗ്രസ്സും ഒരു സി പി എം പാര്‍ട്ടി പോലെ ആയത്, ആര്‍ എസ് എസ് എന്ന വര്‍ഗ്ഗീയ സംഘടനക്ക്, അതിനെ സ്വന്തം സ്വേച്ഛാധിപത്യത്തിലേക്ക് ഒരു ഒരു സി പി എം കേഡറ്റിനെ വേഗം കിട്ടുന്നത്. പൊതുസമൂഹത്തിലാകട്ടെ, ഹിന്ദു വര്‍ഗ്ഗീയതയടക്കം ഏത് ഫാഷിസത്തോടും ഇഴുകാവുന്ന ഒരു ജനാധിപത്യ ചോര്‍ച്ച , ഇതിനു സമാനമായി അനുഭവിക്കാനുമാകുന്നു. “ഞാന്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്നു” എന്ന് പറയുന്ന മലയാളി എഴുത്തുകാരന്‍/എഴുത്തുകാരി താന്‍ പറയുന്നത് റാഡിക്കലായ ഒരു സംഗതിയാണ് എന്ന് ഇപ്പോഴും അകമഴിഞ്ഞു വിശ്വസിക്കുന്നത് ഇങ്ങനെയൊരു സമൂഹത്തിലല്ലാതെ വേറെ എവിടെ കാണും? കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ രാഷ്ട്രീയ ലോകത്തിന് സാക്ഷിയായി നിന്നിട്ടും? ഇത് ഉണ്ടാക്കിയത് എന്താണ് ? മറ്റു ലോകസമൂഹങ്ങളില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തമായ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വിശേഷങ്ങളായ പരിണാമം, സാമൂഹ്യതലത്തിലും അധികാര സങ്കല്പ്പങ്ങളിലും സംഭവിക്കുന്നത്, പഠിക്കാനോ അതിന്‍റെ ധനാത്മകമായ ഘടകങ്ങളോട് പ്രതികരിക്കാനോ ഇവരില്‍ പലര്‍ക്കും കഴിയുന്നുമില്ല.

BJP-Kerala-3

ഭാഷാദേശീയതകള്‍കൊണ്ടുതന്നെ അയഞ്ഞു കിടക്കുന്ന ഒരു ഇന്ത്യയെ, അതിന്‍റെ ഫെഡറല്‍ ഘടനയെ, തങ്ങളുടെ ഹിന്ദു ദേശീയതകൊണ്ട് വിശദീകരിക്കുക – കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്യുന്ന ഒരു പ്രധാന പ്രവര്‍ത്തി അതാണ്‌- എല്ലാ വഴികളിലൂടെയും. ഒപ്പം, പാര്‍ലിമെന്‍ററി ജനാധിപത്യത്തെത്തന്നെ സമഗ്രാധിപത്യത്തിന്‍റെ ഭാഷാകോശംകൊണ്ട് വിവരിക്കുകയാണ് ഇന്ന് ആര്‍ എസ് എസ് അജണ്ടയെന്ന്‍ ഇതിനെ പ്രതിരോധിക്കുന്ന എല്ലാവര്‍ക്കും അറിയാം. വാസ്തവത്തില്‍, ഇതാണ് ലളിതമായി പറഞ്ഞാല്‍ നമുക്ക് മുമ്പിലുള്ള ഒരു രാഷ്ട്രീയ ചിത്രം. എന്നാല്‍, ഇതിനെയെല്ലാം സങ്കീര്‍ണമാക്കിക്കൊണ്ട്, ഇതേ രാഷ്ട്രീയ പ്രക്രിയയില്‍, നമ്മുടെ ജനാധിപത്യത്തിന്‍റെ തന്നെ “സവര്‍ണ്ണ-ഹിന്ദു-ഘടന”യെ ഇന്ന് പാര്‍ലിമെന്‍ററി ജനാധിപത്യത്തിനുള്ളില്‍ത്തന്നെ സര്‍ഗ്ഗാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ദളിത്‌-ന്യൂനപക്ഷ രാഷ്ട്രീയം ഏത് തരം “ഇന്ത്യകളി”ലേക്കാണ് നാം തിരിയുന്നത് എന്നും കാണിക്കുന്നു. പാര്‍ലിമെന്‍ററി ഭരണഘടനയെത്തന്നെ തങ്ങളുടെ ആശയത്തിനും അഭിലാഷത്തിനും വേണ്ടി അവതരിപ്പിക്കാന്‍ കഴിയും എന്നാണു പാര്‍ലിമെന്‍ററി ജനാധിപത്യത്തില്‍ പങ്കാളിയാകുന്ന എല്ലാ കക്ഷികളും കരുതുന്നത്. ആര്‍ എസ് എസും അത് കരുതുന്നു. അവരാണ് അധികാരത്തില്‍. ഇതിനു സമാന്തരമായി എല്ലാ സാമൂഹിക പ്രശ്നങ്ങളും തങ്ങളുടെ “തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ”ത്തിലൂടെ പരിഹരിക്കുമെന്നു പറയുന്ന അതേ രാഷ്ട്രീയ മനോഭാവമാണ് ഇന്ന് ഹിന്ദു വര്‍ഗ്ഗീയതയെ നേരിടുമ്പോഴും നമ്മുടെ ബൌദ്ധിക ചര്‍ച്ചകളെ സ്വാധീനിക്കുന്നത്. നമ്മുടെ ഒരു പ്രധാന രാഷ്ട്രീയ പ്രതിസന്ധിയും അതാണ്‌.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പോടെ ഏറെക്കുറെ നീര്‍വീര്യമാക്കപ്പെട്ട പ്രതിപക്ഷമായിരുന്നു നമ്മുടെ രാഷ്ട്രീയ ചിത്രത്തില്‍. എന്നാല്‍, ഇന്ന് പലവിധത്തിലുള്ള “ഭരണകൂട മദങ്ങള്‍ക്ക്” എതിരെ ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഉയരുന്ന പ്രതിപക്ഷ സ്വരം സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നല്ല. അത് ദളിതരുടെ, വിദ്യാര്‍ത്ഥികളുടെ, ദേശീയ ന്യൂനപക്ഷങ്ങളുടെ, ബുദ്ധിജീവികളുടെ ഒക്കെ ആകെയുള്ള പ്രതിപക്ഷസ്വരമാണ്. ജനാധിപത്യത്തെ പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പിലൂടെ ആദ്യം കീഴടക്കാം എന്നും എങ്കില്‍ അതിനെ സ്വന്തം ഓട്ടോക്രസിയിലേക്ക് നയിക്കാം എന്നും കരുതുന്ന ലോകത്തെ എല്ലാ ഭരണകൂടങ്ങളും എന്നും ഇങ്ങനെയൊരു ചെറുത്തുനില്‍പ്പ്‌ നേരിടുന്നു. ബി ജെ പി ഭരണവും അങ്ങനെയൊന്നാണ് നേരിടുന്നത്. എന്നാല്‍, ഈ രാഷ്ട്രീയ സന്ദര്‍ഭത്തോടുക്ക് സര്‍ഗ്ഗാത്മകമായി പ്രതികരിക്കാന്‍ ആവുന്നില്ല. നേരത്തെ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ. നാം ജനാധിപത്യത്തെ പ്രച്ഛന്നമാക്കിയ ഒരു ഏക പാര്‍ട്ടി സംവിധാനത്തെ ഇടത് എന്നും വലത് എന്നും മനസിലാക്കുന്നു. നമ്മുടെ സാമൂഹ്യ വൈവിധ്യങ്ങളെ, അവയുടെ സ്വാതന്ത്ര്യത്തെ, വൈരുദ്ധ്യത്തെ ഈ മുന്നണി-മുരടിപ്പില്‍ കുഴിച്ചിട്ടിരിക്കുന്നു. നമ്മുടെ ജനാധിപത്യാവകാശങ്ങളില്‍ നിന്നും തെറിച്ചു പോയിരിക്കുന്നു.

ഭരണകൂടം എപ്പോഴും ജനങ്ങളുടെ നിരീക്ഷണത്തിലായിരിക്കുക എന്നതാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും രാഷ്ട്രീയമായ പ്രത്യക്ഷം. അത് ഉറപ്പാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുമ്പോള്‍ പൌരാവലി ആ ജോലി ഏറ്റെടുക്കുന്നു. എന്നാല്‍, ഒരുപക്ഷെ, ഇത്തരമൊരു പൌരബോധം ഏറ്റവും താഴ്ന്ന നിലയില്‍ നില്‍ക്കുന്ന ഒരു സമൂഹം നമ്മുടെയാകും. അതുകൊണ്ടുതന്നെ നാം നമ്മുടെ തോല്‍വികളെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിലും.


 

Comments
Print Friendly, PDF & Email

You may also like