പൂമുഖം CINEMA സംഘപരിവാര്‍ കാലത്തെ ചില അവാര്‍ഡ് ചിന്തകള്‍

സംഘപരിവാര്‍ കാലത്തെ ചില അവാര്‍ഡ് ചിന്തകള്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
്രശസ്ത നാടക‐സിനിമാ സംവിധായകൻ പ്രിയനന്ദനൻ, തന്റെ പുതിയ സിനിമയുടെ ഡിവിഡികാഴ്ചക്കാരിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നൽകിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ കൊടുത്ത കുറിപ്പ് നാഷണൽ അവാർഡിന് പരിഗണിക്കപ്പെടാത്ത സിനിമ എന്നായിരുന്നു. പുരസ്കാരത്തെക്കാൾ വിലമതിക്കുന്നത് തിരസ്കാരത്തെയാണെന്നായിരുന്നു സംസ്ഥാനഅവാർഡ് ജേതാവും ഒഴിവുദിവസത്തെ കളിയുടെ സംവിധായകനുമായ സനൽകുമാർ ശശിധരന്റെ പ്രതികരണം. ദേശീയഅവാർഡ് കിട്ടാത്ത സിനിമ എന്ന് അസ്തമനം വരെയുടെ സംവിധായകൻ സജിൻ ബാബുവും ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

അവാർഡുകൾ നല്ല സിനിമയുടെ ടാഗ് ലൈൻ ആയിരുന്ന കാലഘട്ടത്തിൽ നിന്ന്, അവാർഡ് കിട്ടിയില്ല എന്നത് നല്ല സിനിമയുടെ സ്വയംപ്രഖ്യാപനമാകുന്ന കാലഘട്ടത്തിലേക്കുളള പരിണാമം രാഷ്ട്രീയമാണ്. ഒന്നോ രണ്ടോ സിനിമകൾ തഴയപ്പെട്ടു, അല്ലെങ്കിൽ ജൂറി കാണാതെ പോയി അല്ലെങ്കിൽ നിലവാരമില്ലാത്ത ചില സിനിമകൾക്ക് അവാർഡ് നൽകി എന്നതരം വിമർശനങ്ങൾക്കുപരി, ദേശീയഅവാർഡ് പ്രഖ്യാപനം അപകടകരമായ ചില സമവാക്യങ്ങൾ കൂടി വെളിപ്പെടുത്തുന്നുണ്ട്.

ഒരു സിനിമ മികച്ചതോ അല്ലയോ എന്ന് തെരഞ്ഞെടുക്കുന്നതിന് പ്രിത്യേകിച്ച് മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ഇനി അഥവാ അത്തരം ചില മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രമിച്ചാൽ തന്നെയും അതിലൊരു നിർബന്ധബുദ്ധി സാധ്യവുമല്ല. കാലങ്ങളായി കണ്ടും കേട്ടും വായിച്ചും ജീവിച്ചറിഞ്ഞ അറിവുകളുടെയും ബോധങ്ങളുടെയും പുറത്താണ് ഏതൊരാളും ഒരു കലാസൃഷ്ടിയെ വിലയിരുത്തുന്നത്. ആസ്വാദനനിലവാരത്തിലെ ഈ ഏറ്റക്കുറച്ചിലുകൾ അവാർഡ് നിർണയങ്ങളെയും എല്ലാക്കാലത്തും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് ജൂറിതീരുമാനങ്ങൾ ചേർന്നുനില്ക്കണമെന്നില്ല. അതുകൊണ്ടാണ്, ബാഹുബലി പോലൊരു സിനിമ മികച്ച സിനിമയായതെങ്ങിനെ എന്ന രീതിയിൽ ചർച്ചകൾ ഒതുങ്ങിപ്പോകുന്നത്….

നമുക്ക് ബാഹുബലിയെ മാറ്റിനിർത്താം. ഇത്തവണ അവാർഡ് നേടിയ മറ്റു ചില സിനിമകളെയും സിനിമാക്കാരെയും നോക്കാം. തനു വെഡ്സ് മനു റിട്ടേൺസ് എന്ന നാലാംകിട സിനിമയിലെ ഇരട്ടവേഷമാണ് കങ്കണയെ മികച്ച നടിയായി തീരുമാനിച്ചത്. ഇഷ്ടമുളള നടിയാണ് കങ്കണ. ഏല്പിച്ച വേഷങ്ങൾ അവർ ഭംഗിയായി കൈകാര്യം ചെയ്യാറുമുണ്ട്. കുടുംബാധിപത്യവും പുരുഷാധിപത്യവും കൊടികുത്തി വാഴുന്ന ബോളിവുഡിൽ അവയോടെല്ലാം പൊരുതി (ഹൃത്വിക് റോഷനുമായി അടുത്തിടെ ഉണ്ടായ സംഘർഷം, താൻ ചെറുപ്പത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ എന്നിവ സാന്ദർഭികമായി സൂചിപ്പിക്കുന്നു)സ്വന്തമായ ഇടവും വ്യക്തിത്വവും ഉണ്ടാക്കാൻ കഴിഞ്ഞ നടി കൂടിയാണ് കങ്കണ. പക്ഷെ, വ്യക്തിപരമായ ഈ മികവുകൾ പരിഗണിക്കുമ്പോൾ തന്നെ തനു വെഡ്സിൽ ഒരു പ്രച്ഛന്നവേഷമികവിനപ്പുറം കുറിച്ചുവെക്കാവുന്ന യാതൊന്നുമില്ല അവരുടെ പെർഫോർമൻസിൽ എന്നു പറയേണ്ടി വരുന്നു. മറ്റു ഭാഷകളിൽ നിന്നുളള ഒട്ടേറെ സിനിമകൾ പരിഗണനക്കെത്തിയപ്പൊഴും ഒരു ജനപ്രിയ ബോളിവുഡ് സിനിമയിലെ തട്ടുപൊളിപ്പൻ വേഷം ചെയ്ത നടി മികച്ച നടിയാകുന്നതിന്റെ പിറകിലെ ഉദ്ദേശം ബോംബെ ടോക്കീസിനുമപ്പുറത്തേക്ക് ഈ അവാർഡുകൾ പോകരുതെന്ന നിർബന്ധബുദ്ധിയാണെന്ന് പറയേണ്ടിവരും.

ബച്ചന്റെ കാര്യത്തിൽ ഇത് കുറെക്കൂടി വ്യക്തമാണ്. പികു പതിവ് ബോളിവുഡ് ഫോർമുല പിന്തുടരാത്ത സിനിമയാണ്. ഒരു മധ്യവർഗകുടുംബത്തിന്റെ വൃത്തത്തിനുളളിൽ നിന്നുകൊണ്ട്, വാർധക്യം, സ്നേഹം തുടങ്ങിയ ചില മാനവികതകളെ അവതരിപ്പിക്കാനുളള ശ്രമം സംവിധായകൻ  നടത്തിയിട്ടുണ്ട്.പക്ഷെ, അപ്പോഴും ഈ സിനിമയിലെ ബച്ചന്റെ അഭിനയത്തിൽ മാത്രം ജൂറിയുടെ കണ്ണുടക്കുന്നു. അതാകട്ടെ, ബച്ചൻ മുൻപ് ചെയ്ത നിരവധി വേഷങ്ങളിൽ നിന്ന് വലിയ തോതിൽ മികച്ചു നിൽക്കുന്നു എന്ന് പറയാനും വയ്യ. കഥാപാത്രത്തിന്റെ വാർധക്യം തോന്നിക്കുന്ന മേക്കപ്പും അല്പം നീണ്ട മുടിയുമൊക്കെയാണ് മറ്റ് ബച്ചൻകഥാപാത്രങ്ങളിൽ നിന്നും ഈ സിനിമയിലെ ബച്ചനെ വേറിട്ടു നിർത്തുന്നത്, അല്ലാതെ അഭിനയത്തിലെ അസാധാരണത്വമല്ല.  അടുത്ത കാലത്തിറങ്ങിയ ഷമിതാബ് പോലുളള സിനിമകളിൽ ബച്ചൻ തന്നെ അതിനേക്കാൾ നന്നായി അഭിനയിച്ചിട്ടുണ്ട്. അപ്പോൾ, ബച്ചന്റെ അവാർഡ് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതായി അനുമാനിക്കേണ്ടി വരുന്നു. അമീബ, വിസാരണൈ തുടങ്ങിയ സിനിമകളെയും അതിലെ നടൻമാരെയും തഴഞ്ഞുകൊണ്ടാണ് പികു പോലൊരു മധ്യവർഗ സിനിമയിലെ അഭിനയത്തിന് ബിഗ്ബി പുരസ്കാരം വാങ്ങുന്നത്. അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് ബച്ചൻ കണ്ണും നട്ടിരിക്കുകയാണന്ന ഇന്ദ്രപ്രസ്ഥവാർത്തകൾ കൂടി ചേർത്തു വായിക്കുമ്പോൾ, ഇന്ത്യൻസിനിമയിലെ അതികായൻ ബച്ചൻ തന്നെ എന്നുറപ്പിക്കാനുളള ശ്രമം ഈ അവാർഡിനുണ്ട്.

amitabh-bachchan

മികച്ച ജനപ്രിയസിനിമയായി തെരഞ്ഞെടുക്കപ്പെട്ട ബജ്രംഗി ബെയ്ജാന്റെ കാര്യത്തിലും ഈ വൈരുധ്യം കാണാം. ഇന്ത്യ‐പാക് ജനതകൾ തമ്മിലുളള സൗഹൃദമാണ് കഥാതന്തുവെങ്കിലും, പരിപൂർണമായും ഒരു വാണിജ്യസിനിമയാണ് ബെജ്രംഗി.

വിഷയത്തിന്റെ ചരിത്രവും പശ്ചാത്തലവും അതിലെ രാഷ്ട്രീയവും ചോർത്തിക്കളഞ്ഞ്, സൽമാനെന്ന നടനെ കേന്ദ്രീകരിക്കുന്ന അറുബോറൻ മെലോഡ്രാമയാണ് ഈ സിനിമ. മറ്റൊരു രീതിയിൽ പറയുകയായിരുന്നെങ്കിൽ നല്ല സിനിമയാകാമായിരുന്ന ഒരു സ്ക്രിപ്റ്റാണ്, സൽമാൻ ഖാനെന്ന താരത്തിനു വേണ്ടി നശിപ്പിച്ചു കളഞ്ഞത്.

ഇന്ത്യാ‐പാക് കളിയിൽ ഇന്ത്യ ജയിക്കുമ്പോൾ കയ്യടിക്കുന്ന ദേശസ്നേഹികളെ തൃപ്തിപ്പെടുത്താം എന്നതിലുപരി യാതൊന്നും ഈ സിനിമക്ക് പറയാനില്ല. ഈ സിനിമ എങ്ങനെയാണ് ജനപ്രിയസിനിമയായത് എന്ന് വിശദീകരിക്കേണ്ട ബാധ്യത ജൂറിക്കുണ്ട്. അസഹിഷ്ണുത വിവാദകാലത്ത് അർത്ഥഗർഭമായ മൗനം പുലർത്തുക വഴി നിലവിലെ രാഷ്ട്രീയനേതൃത്വത്തോട് അകൽച്ചയില്ലെന്ന് പ്രഖ്യാപിച്ച നടൻ കൂടിയാണ് സൽമാൻ ഖാൻ എന്നുകൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.

മികച്ച സിനിമാസൗഹൃദസംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തതിനു പിന്നിലും ഈ രാഷ്ട്രീയം കാണാം. ഗുജറാത്തിനേക്കാൾ ഏതൊരർത്ഥത്തിലും ആ ബഹുമതിക്ക് അർഹമായ സംസ്ഥാനം ഉത്തർപ്രദേശാണ്. സിനിമാവ്യവസായത്തെയും നല്ല സിനിമകളെയും വളർത്താൻ നിരവധി പരിപാടികളാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആ സംസ്ഥാനം രൂപീകരിച്ച് നടപ്പിലാക്കിയിട്ടുളളത്. ഓരോ ജില്ലകളിലും സർക്കാർ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഫിലിംക്ലബുകൾ, ഷൂട്ടിങ്ങ് ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ പ്രത്യേകം വെബ്സൈറ്റ്, ലൊക്കേഷൻ അനുമതി ഉൾപ്പെടെ ഉളള കടലാസുപണികൾക്കായി ജില്ലകൾ തോറും ഏകജാലകസംവിധാനം, സംസ്ഥാനത്തിനകത്ത് പരിപൂർണമായും ചിത്രീകരിക്കുന്ന ഒരുകോടി വരെ മാത്രം ചെലവുളള ചെറുസിനിമകൾക്ക് സബ്സിഡി, കലാപരമായോ ആഖ്യാനപരമായോ ഭേദപ്പെട്ട സിനിമകൾക്ക് വിനോദനികുതിയിളവ് തുടങ്ങി സിനിമക്കു വേണ്ടി യുപി സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാന സർക്കാരുകൾക്കു കൂടി മാതൃകയാണ്. അവാർഡ് പട്ടികയിൽ പേരുളള ബജ്റംഗി ബെയ്ജാൻ, ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന നീരജ തുടങ്ങി മുഖ്യധാരാസിനിമകളുൾപ്പെടെയുളളവക്ക് യുപി സർക്കാർ വിനോദനികുതി ഇളവ് ചെയ്തുകൊടുത്തിരുന്നു. അടുത്ത കാലത്തിറങ്ങിയ ‘അലിഗഢ്’, അലിഗഢ് നഗരത്തിലൊഴികെ മറ്റെവിടെയും യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് സ്വീകരിക്കപ്പെട്ടത്. അതേ സമയം ഫിറാഖിനും പർസാനിയക്കും പ്രദർശനാനുമതി നിഷേധിച്ച ചരിത്രമാണ് ഗുജറാത്തിനുളളത്.

പട്ടേൽ സമുദായത്തിന്റെ സംവരണപ്രക്ഷോഭങ്ങളെ ഗുജറാത്ത് സർക്കാർ നേരിട്ട രീതി ഇന്റർനെറ്റ് അടക്കമുളള വിവരവിനിമയസംവിധാനങ്ങളെ മരവിപ്പിച്ചുകൊണ്ടായിരുന്നുവെന്നതും കാണാതെ പോകരുത്.എന്നിട്ടും യുപി സർക്കാരിന്റെ പ്രവർത്തനങ്ങൾ ചിത്രത്തിൽ പോലും വരാതിരിക്കുകയും ഗുജറാത്ത് മികച്ച സിനിമാസൗഹൃദ സംസ്ഥാനമാവുകയും ചെയ്യുന്ന വൈരുധ്യം, രാഷ്ട്രീയമല്ലെങ്കിൽ മറ്റെന്താണ്?

അരാഷ്ട്രീയമായ, കെട്ടുകാഴ്ചകളും ഹോളിവുഡ് അനുകരണങ്ങളുമായ ചില സിനിമകൾ പുരസ്കാരങ്ങൾ വീതിച്ചെടുക്കുന്നു എന്നതിനേക്കാൾ അവാർഡ് നിർണയം വാർത്തയാകേണ്ടതും വിമർശിക്കപ്പെടേണ്ടതും അത് പുലർത്തുന്ന അപകടങ്ങളുടെ പേരിലാവണം. പ്രാദേശികതകളെ, അവയുടെ സ്വത്വത്തെ നിഷേധിക്കുകയും തളളിപ്പറയുകയും ഇന്ത്യൻദേശീയതയെന്ന പേരിൽ കെട്ടിയെഴുന്നളളിക്കുന്ന സംഘപരിവാറിന്റെ ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തോടും മധ്യവർഗ രാഷ്ട്രീയത്തോടും സമരസപ്പെടുന്നതുമാണ് ഈ അവാർഡ് നിർണയം. അത് പ്രാദേശികതകളെ തമസ്കരിക്കുന്നു. പോരാട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. നിലപാടുകളെ അവഗണിക്കുന്നു. റസൂൽ പൂക്കുട്ടിക്ക് ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിക്കൊടുത്ത ഇന്ത്യാസ് ഡോട്ടർ എന്ന സുപ്രസിദ്ധ ഡോക്യുമെന്ററിക്ക് പ്രദർശനാനുമതിയില്ലാത്ത രാജ്യമാണ് ഇന്ത്യ. വംശവെറിയുടെയും മുതലാളിത്ത സമൂഹങ്ങളുടെ പണക്കൊഴുപ്പിന്റെയും വേദിയാകുന്നു എന്ന പേരിൽ പലപ്പോഴും വിമർശനവിധേയമായ ഓസ്കാറിൽ പോലും സ്പോട്ലൈറ്റ് പോലൊരു സിനിമ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെടുന്ന കാലത്താണ് നമ്മുടെ അവാർഡ് നിർണയം ബാഹുബലിയിൽ കുടുങ്ങിക്കിടക്കുന്നത്. കൂടുതൽ മൂല്യവത്തായ ഒരു സമൂഹത്തിനു വേണ്ടി, പരിസ്ഥിതിക്കു വേണ്ടി, സാമൂഹ്യസന്തുലനത്തിനു വേണ്ടി വാദിക്കുന്ന ഡികാപ്രിയോയെ പോലുളള നടൻമാർ അംഗീകരിക്കപ്പെട്ട വർഷമാണ് നമ്മുടെ സർക്കാർ, അവാർഡുകൾ വീതം വെച്ച് കളിക്കുന്നത്.

നടപ്പുമാതൃകകളെയും താരാധിപത്യത്തെയും നിരാകരിക്കുന്ന
ശക്തവും വിത്യസ്തവുമായ  നിരവധി സിനിമകൾ പല ഭാഷകളിലും ഇറങ്ങിയ വർഷമായിരുന്നു 2015. ഇതിന്റെ പ്രതിഫലനം ബോളിവുഡിലും പ്രകടമായിരുന്നു. ബദ്ലാപൂർ, എൻഎച്ച് 10,  ഷമിതാബ് തുടങ്ങി നടപ്പ് മാതൃകകളെ തിരുത്തിയെഴുതുന്ന നല്ല സിനിമകൾ ബോളിവുഡിൽ തന്നെ ഇറങ്ങിയിട്ടുണ്ട്. നവാസുദ്ദീൻ സിദ്ദിഖി, ഇന്ദ്രൻസ് തുടങ്ങിയ നടൻമാരുടെ പേരു പോലും പരാമർശിക്കാതിരിക്കുകയും ബച്ചനാണ് നടനെന്നും കെട്ടുകാഴ്ചകളാണ് സിനിമയെന്നും പ്രഖ്യാപിക്കുകയും ചെയ്യുന്നതിലെ കാപട്യം അജ്ഞത മാത്രമാകാൻ വഴിയില്ല.

വലിയ രാഷ്ട്രീയമാറ്റങ്ങളുടെയും പൊളിച്ചെഴുത്തുകളുടെയും സംഘർഷങ്ങളുടെയും കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ജനത രാഷ്ട്രീയപരമായി ഒന്നിക്കാനും നെറികേടുകളെ ചോദ്യം ചെയ്യാനും തുടങ്ങിയത് നാം നേരിട്ടറിയുന്നുണ്ട്. അത്തരമൊരു ഉണർവ് സിനിമയുൾപ്പെടെ എല്ലാ രംഗത്തും പ്രതിഫലിക്കുന്നുണ്ട്. അത്തരം കലാപങ്ങളാണ് ഒരു മാധ്യമത്തെ ശുദ്ധീകരിക്കുന്നത്. അങ്ങനെയുളള യാതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ട് രമേഷ് സിപ്പിയും കൂട്ടരും നടത്തിയ പൊട്ടൻകളി വെറുതെയാകാൻ വഴിയില്ല. ജനതയുടെ രാഷ്ട്രീയബോധം ഏതർത്ഥത്തിലും തല്ലിക്കെടുത്തുകയും സാംസ്കാരികമായി ഷണ്ഡീകരിക്കുകയും ചെയ്യുക, സിനിമയുൾപ്പെടെ ഉളള സാംസ്കാരികമേഖലകൾ പരിപൂർണമായും വിപണികേന്ദ്രീകൃതമാക്കുക തുടങ്ങി ദീർഘകാല അജണ്ടകൾ ഇതിനു പിറകിലുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുളള സാംസ്കാരികസ്ഥാപനങ്ങളിൽ നടത്തിയനുഴഞ്ഞുകയറ്റം അപ്പോഴേ പരിപൂർണമാകൂ.


 

Comments
Print Friendly, PDF & Email

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

You may also like