പൂമുഖം POLITICS ജാതിമതചിന്ത ജീവിതത്തിലും രാഷ്ട്രീയത്തിലും

ജാതിമതചിന്ത ജീവിതത്തിലും രാഷ്ട്രീയത്തിലും

വോത്ഥാന സ്വാധീനത്തിൽ ഭേദചിന്ത കുറഞ്ഞ ഘട്ടത്തിൽ വളർന്ന എനിക്ക് ജാതിയുടെയൊ മതത്തിന്‍റെയൊ അടിസ്ഥാനത്തിൽ എന്തെങ്കിലും അവശത അനുഭവിച്ച ഓർമ്മയില്ല.. എന്തെങ്കിലും മേന്മ അവകാശപ്പെട്ട അവസരവും ഓർമ്മയിലില്ല. കൊല്ലത്തു നിന്ന് കണ്ണുരിലേക്ക് 1945ൽ നടത്തിയ കാർ യാത്രക്കിടയിൽ കാപ്പി കുടിക്കാൻ കയറിയ തൃശ്ശൂരിലെ ബ്രാഹ്മണാൾ ഹോട്ടലിൽ “താണജാതിക്കാർക്ക് പ്രവേശനമില്ല“ എന്നെഴുതിയ ബോർഡ് കണ്ടു. നമ്മൾ താണജാതിക്കാരല്ലാത്തതുകൊണ്ട് അത് നമുക്ക് ബാധകമല്ലെന്ന് അച്ഛൻ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ഒരു ക്രൈസ്തവ കുടുംബത്തിനൊപ്പവും കോളെജ് വിദ്യാർത്ഥിയായിരിക്കെ രണ്ട് വ്യത്യസ്തജാതികളിൽ പെട്ട കുടുംബങ്ങൾക്കൊപ്പവും താമസിക്കാൻ കഴിഞ്ഞത് ഒരു സാമൂഹ്യപാഠമായി. കേരളം എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നെന്ന വിശ്വാസത്തോടെയാണ് 1952ൽ തൊഴിൽജീവിതം ആരംഭിക്കാൻ നാടു വിട്ടത്.

പുറത്തായിരുന്ന നാലു പതിറ്റാണ്ടു കാലത്ത് മലയാളികളല്ലാത്ത സുഹൃത്തുക്കൾ കേരളത്തെ വർഗീയതയില്ലാത്ത നാടായി പ്രകീർത്തിക്കുന്നത് കേട്ടിരുന്നു. കേൾക്കാൻ സുഖമുണ്ടെങ്കിലും അത് പൂർണ്ണ സത്യമല്ലെന്ന് ഞാൻ അവരോട് പറയുമായിരുന്നു. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന ആപ്തവാക്യത്തിലെ ആദ്യ രണ്ട് ആശയങ്ങൾ പലരും സ്വീകരിച്ചിരുന്നെങ്കിലും ചോദിക്കാതെയും പറയാതെയും ജാതി കണ്ടുപിടിക്കാനുള്ള സാമർത്ഥ്യവും അവർ നേടിയിരുന്നു. അണുബോംബ് ചർച്ചകളിൽ ഒരു ഘട്ടത്തിൽ “വൃത്തിയുള്ള ബോംബ്” (clean bomb) എന്ന ആശയം ഉയർന്നുവരികയുണ്ടായി. നാശനഷ്ടം വരുത്തുമെങ്കിലും ആണവപ്രസരം ഉണ്ടാക്കാത്ത ബോംബാണ് വൃത്തിയുള്ള ബോംബ്. അതുപോലെ പ്രസരണത്തിലൂടെ പരിസരം മലിനമാക്കാത്ത വൃത്തിയുള്ള വർഗീയതയാണ് കേരളത്തിലുള്ളതെന്ന് ഞാൻ അവരോട് പറയുമായിരുന്നു.

ആ ഘട്ടം കടന്നുപോയിരിക്കുന്നു. ജാതിയും മതവുമൊക്കെ പരസ്യമായി പറയാൻ ഇപ്പോൾ മലയാളിക്ക് മടിയില്ല. കേരളത്തിലെ ഒരു ദിനപത്രമാണ് ലൌ ജിഹാദ് എന്ന പ്രയോഗം ആദ്യമായി നടത്തിയത്. കേരളത്തിനു പുറത്തുള്ള ഒരു ഹിന്ദുത്വ വെബ്സൈറ്റ് അതിന് വലിയ പ്രചാരം നൽകി. കഴിഞ്ഞ കൊല്ലം ഒരു ബിഷപ്പ് മുസ്ലിങ്ങളും എസ്.എൻ.ഡി.പി ക്കാരും ക്രൈസ്തവർക്കെതിരെ ലൌ ജിഹാദ് നടത്തുന്നതായി ആരോപിച്ചു. ഒരു പത്തു കൊല്ലം മുമ്പ് അങ്ങനെ സംസാരിക്കാൻ ഒരു പുരോഹിതന് കഴിയുമായിരുന്നില്ല. പ്രതിഷേധം ഉയർന്നപ്പോൾ ദുരുദ്ദേശത്തോടെയല്ല ആ പ്രസ്താവമെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഖേദപ്രകടനം നടത്തി.

തന്‍റെ രൂപതയിൽ നടക്കുന്ന അന്യമതജാതി വിവാഹങ്ങളാണ് ബിഷപ്പിനെ ചൊടിപ്പിച്ചത്. രൂപതയിലെ 100 വിവാഹങ്ങളിൽ ആറെണ്ണം മിശ്രവിവാഹങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആശങ്കയുണ്ടാക്കേണ്ട കണക്കൊന്നുമല്ല. നാഷനൽ കൌൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചും അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലൻഡും ചേർന്ന് നടത്തിയ ഒരു സർവേയുടെ റിപ്പോർട്ടു പ്രകാരം ഇന്ത്യയിൽ അഞ്ചു ശതമാനം മിശ്രവിവാഹം മാത്രമാണ് നടക്കുന്നത്. അപ്പോൾ ഇടുക്കി ദേശീയ ശരാശരിയേക്കാൾ അല്പം മാത്രം മുകളിലാണ്. എന്നിട്ടും ബിഷപ്പ് അസ്വസ്ഥനാകുന്നത് (അദ്ദേഹത്തിന്‍റെ വാക്കുകളിൽ) മിശ്രവിവാഹങ്ങൾ ക്രിസ്തുമതത്തിന്‍റെ വിശുദ്ധി നശിപ്പിക്കുന്നതുകൊണ്ടാണ്. എന്താണ് ഈ വിശുദ്ധി, എങ്ങനെയാണ് ക്രൈസ്തവസമൂഹം അത് നേടിയത് എന്നൊന്നും അദ്ദേഹം പറയുന്നില്ല. ശ്രീനാരായണഗുരുവിനെ തള്ളിക്കളഞ്ഞുകൊണ്ട് ജാതി പറയണമെന്ന് വാദിക്കുന്ന വെള്ളാപ്പള്ളി നടേശൻ ആ ബിഷപ്പിന്‍റെ പൂർവികർ ഈഴവരായിരുന്നെന്ന് അവകാശപ്പെട്ടു.

wedding-rings_2057950b

നായന്മാർ മിശ്രവിവാഹത്തിൽ ഏർപ്പെടുമ്പോൾ എന്തു സംഭവിക്കുന്നു എന്ന തലക്കെട്ടിൽ 2012ൽ ഇംഗ്ലീഷിലെഴുതിയ ബ്ലോഗിൽ കേരളത്തിൽ കഴിഞ്ഞ 25 കൊല്ലത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മിശ്രവിവാഹങ്ങൾ യാഥാർത്ഥ്യമായിരിക്കുന്നെന്നും ഒരു ‘തിരുവിതാംകുർ നായർ‘ നിരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഒരു നായർ യുവതിയൊ യുവാവൊ മറ്റൊരു ജാതിയിൽ നിന്നൊ മതത്തിൽ നിന്നൊ, പ്രത്യേകിച്ചും താണ ജാതിയിൽ നിന്ന്, വിവാഹം കഴിക്കുമ്പോൾ നായർ പങ്കാളിയുടെ അസ്തിത്വം ക്രമേണ ഇല്ലാതാകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നു: മതന്യൂനപക്ഷങ്ങൾ ചെയ്യുന്നതുപോലെ, മറ്റേയാൾ നായരായി പരിവർത്തനം ചെയ്യാൻ ആവശ്യപ്പെടണം. അങ്ങനെ ആരെയെങ്കിലും നായരാക്കാനാകുമോ എന്ന സംശയം ദൂരീകരിക്കാൻ നായരല്ലാത്തവരെ നായന്മാരായി പരിവർത്തനം ചെയ്യുന്നതിനെ കുറിച്ച് മന്നത്ത് പത്മനാഭൻ ആലോചിച്ചിരുന്നെന്നും ഇക്കാര്യം അദ്ദേഹത്തിന്‍റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയകക്ഷികളാണ് ഇന്ന് കേരളത്തിൽ ജാതിചിന്ത നിലനിർത്തുന്നതെന്ന് വിശ്വസിക്കന്ന ഏറെപ്പേരുണ്ട്. ആ വാദം ശരിയാണെന്ന് ഞാൻ കരുതുന്നില്ല. കുറ്റം മറ്റാരിലെങ്കിലും ചാർത്തി രക്ഷപ്പെടാനുള്ള വ്യഗ്രതയാണ് ഞാൻ അതിൽ കാണുന്നത്. ഒരാളുടെ മനസിലില്ലാത്ത ജാതിചിന്ത കുത്തിച്ചെലുത്താൻ ഒരു രാഷ്ട്രീയ കക്ഷിക്കുമാകില്ല. കക്ഷികൾ ജനങ്ങളിൽ ജാതിമതചിന്ത ഉണ്ടാക്കുകയല്ല, അവരിൽ ഉറങ്ങിക്കിടക്കുന്ന ജാതിമത ചിന്ത ഉണർത്തുകയാണ് ചെയ്യുന്നത്.

പാകിസ്ഥാന്‍റെ രൂപീകരണത്തോടെ മുസ്ലിങ്ങൾ കൊല്ലപ്പെടുകയൊ കൂട്ടത്തോടെ പലായനം ചെയ്യുകയൊ ചെയ്ത അതിർത്തിക്കടുത്തുള്ള അംബാല നിയോജകമണ്ഡലത്തിൽ ഗാഫർ ഖാൻ എന്നൊരു കോൺഗ്രസുകാരനായിരുന്നു അവശേഷിച്ച ഏക മുസ്ലിം. ഒന്നാം പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോൾ (1951-52) വിഭജനം കഴിഞ്ഞിട്ട് അഞ്ചു കൊല്ലം തികഞ്ഞിരുന്നില്ല. വർഗീയകലാപത്തിന്‍റെ ഓർമ്മ മങ്ങിയിരുന്നില്ല. എന്നിട്ടും കോൺഗ്രസ് അവിടെ ഗാഫർ ഖാനെ സ്ഥാനാർത്ഥിയാക്കാൻ ധൈര്യപ്പെട്ടു. അങ്ങനെ ചെയ്യാൻ ഒരു ജവഹർലാൽ നെഹ്രു വേണം. ഒരു ഉമ്മൻ ചാണ്ടിക്കൊ ഒരു പിണറായി വിജയനൊ അത് ചിന്തിക്കാൻ പോലുമാകില്ല. ഗാഫർ ഖാൻ ജയിച്ചു. തുടർന്ന് രണ്ട് തെരഞ്ഞെടുപ്പുകളിൽ കൂടി അദ്ദേഹം മത്സരിച്ചു ജയിച്ചു. അംബാലയിലെ ഹിന്ദുക്കളും സിക്കുകാരുമാണ് ഗാഫർ ഖാനെ ജയിപ്പിച്ചത്. അറുപതു കൊല്ലത്തിനിപ്പുറവും കേരളത്തിലെ നായന്മാർക്കും ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും അതുപോലൊരു ചരിത്രം സൃഷ്ടിക്കാനാകുമോ?

പത്തിരുപതു കൊല്ലം മുമ്പ് ഒരു കല്യാണസ്ഥലത്തു വെച്ച് ഒരാളെ പരിചയപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുശേഷം മറ്റൊരു കല്യാണസ്ഥലത്ത് അദ്ദേഹത്തെ വീണ്ടും കണ്ടു. പകുതി തമാശയായി അദ്ദേഹം പറഞ്ഞു: “സാറിനെ എല്ലാ നായർ കല്യാണങ്ങളിലും കാണാമല്ലൊ.” അതിനുശേഷം ഞാൻ കല്യാണങ്ങളിൽ പങ്കെടുക്കുമ്പോൾ അറിയാവുന്ന ആളുകളെ വെച്ച് അതു ശരിയാണോ എന്ന് കണക്കുകൂട്ടി നോക്കി. ഒപ്പം പണിയെടുക്കുന്നവരെ ഒഴിവാക്കിയാൽ സ്വന്തം ജാതിമത വിഭാഗത്തിൽ പെട്ടവരാണേറെയും എന്ന് അപ്പോൾ കണ്ടു ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തിലെ ഒരു കണ്ടെത്തൽ ഈ പ്രതിഭാസത്തിന്‍റെ കാരണം വ്യക്തമാക്കി. സ്വന്തം ജാതിയിലും മതത്തിലും പെട്ട സുഹൃത്തുക്കളേ പലർക്കുമുള്ളു. അതിന്‍റെ ഉത്തരവാദിത്വം ഏതായാലും രാഷ്ട്രീയ കക്ഷികൾക്കല്ലല്ലൊ..


 

Comments
Print Friendly, PDF & Email

You may also like