ART

നാടകത്തെ കുറിച്ച് നാം ഓര്‍ക്കേണ്ടതെന്ത്?
ാടകം സൃഷ്ടിച്ചത് ഭാരത മുനിയും ഡയോണിസോസ്സും ആണെന്ന് എഴുതി വെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും നാടകം മനുഷ്യ വർഗ്ഗത്തിന്റെ സൃഷ്ടിയാണ്. മെസ്സഞ്ചർ എന്ന ലളിതമായ പേരാണ് നാടകക്കാർക്ക് ചേർന്നത്‌. എന്നുവെച്ചാൽ, ഇങ്ങനെ ഒരു കാര്യം നടന്നു/നടക്കും/നടന്നു കൊണ്ടേയിരിക്കും എന്ന്  കാലാകാലങ്ങളിൽ പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്ന  ഒരു  ഉത്തരവാദിത്വമാണ് അവര്‍ക്കുള്ളതെന്ന് സാരം.

കാലാകാലങ്ങളിൽ  മനുഷ്യ സമൂഹത്തിന്റെ  എല്ലാ പരിണാമങ്ങൾക്കും  നാടകവും ഭാഗമാകുന്നുണ്ട്. ആധുനിക കാലത്ത് കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ നാടകത്തിനും സ്വന്തമാണ്. അതുകൊണ്ട് തന്നെ നാടകവേദി നേരിടുന്ന വെല്ലുവിളി വളരെ ശക്തവുമാണ് താനും. നാടകത്തിന്റെ യഥാർത്ഥ  രൂപത്തിന്റെ കണ്ടെത്തലാണ്  ഏക മാർഗ്ഗം. നാടകത്തിന്റെ ലളിതമായ നിയമം  പെർഫൊർമർ + പ്രേക്ഷകൻ ആണ്.  ഇത് രണ്ടുമില്ല എങ്കിൽ നാടകവുമില്ല. ഈ നാടകദിനത്തിൽ ഏറ്റവും ആവശ്യമായത് പ്രേക്ഷരെ സൃഷ്ടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ് എന്നാണ്  എനിക്ക് തോന്നുന്നത്. നാടകം കാണുന്ന ശീലം കുട്ടിക്കാലത്തെ വളർത്തിയെടുക്കുക എന്ന രീതിയാണ് നാം നടപ്പിലാക്കേണ്ടത്. യൂറോപ്പിൽ ആ രീതി ആസൂത്രിതവും ശക്തവും ആയി നിലനില്‍ക്കുന്നതുകൊണ്ടാണ് അവിടെ നാടകവേദികള്‍ ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നത്.

ചരിത്രം
ആഫ്രിക്കയിലെ ഘാനയുടെ വടക്ക് ഭാഗത്ത് കുമാസ്സി എന്ന പ്രദേശത്തെ  മലകളിൽ താമസിക്കുന്ന ‘അഷാന്തി’ എന്ന ഗോത്രവർഗ്ഗത്തിലെ നാലുപേരെ തെക്ക് ആക്രയിലേക്ക് കടൽ കാണിക്കാൻ ഒരു സംഘം കൊണ്ടുപോയി. 1999ലെ ആഫ്രിക്കൻ  യാത്രയിലായിരുന്നു  സംഭവം. ഗോത്ര തലവൻ  തിരഞ്ഞെടുത്ത് അയച്ച നാലുപേരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ഈ ഗോത്രത്തിലെ ആരും അതിനു മുൻപ്  കടൽ കണ്ടിട്ടേയില്ലായിരുന്നു. ഭയങ്കര അത്ഭുതവും, ഭയവും, ജിജ്ഞാസയും കടല്‍ ആദ്യമായി കണ്ട നേരം അവര്‍ക്കനുഭവപ്പെട്ടു. ഒരാള്‍ തൊട്ട് നോക്കി, ഒരാള്‍ ഭയന്നു മാറിനിന്നു,  വേറൊരാള്‍ രുചിച്ചു നോക്കി. പിന്നീട് തിരിച്ച് കുമാസ്സിയിൽ എത്തിയപ്പോൾ തലവന്റെ നിർദ്ദേശ പ്രകാരം ഒരാള്‍ (അത് അയാളുടെ ജോലി ആണ്) കടൽ കണ്ട കാര്യം ഗോത്രത്തിലെ മറ്റ്  അംഗങ്ങൾക്ക് വിശദീകരിച്ച് കൊടുത്തു.  ഒരു ഒന്നാന്തരം  വണ്‍ മാന്‍ ഷോ  ആയിരുന്നു അത്.  പലര്‍ക്കും അവരുടെ ഭാഷ മനസ്സിലായില്ല എങ്കിലും അയാളുടെ അഭിനയം കൊണ്ട് എന്ത് നടന്നു  എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു.  നാടകത്തിന്റെ യഥാർത്ഥ  രൂപം അതാണ്‌. നാടകം എന്ന കല ഉരുത്തിരിയുന്നത് അങ്ങിനെയാണ്.

പരിണാമം

HYM19TEMPEST_1368513g
കൃഷിയുമായി ബന്ധപ്പെട്ട ദൈവസങ്കൽപ്പങ്ങൾ അനുഷ്ഠാന കലകൾക്ക് രൂപംകൊടുക്കുകയും  അതിലൂടെ നാടകം വേറൊരു രൂപത്തിലേയ്ക്ക് മാറ്റപ്പെടുകയും ഉണ്ടായി. ആ സമയത്ത് സമൂഹത്തിൽ തൊഴിലുകളുടെ വിഭജനം നടക്കുകയും, നാടകം കളിക്കുന്നത് ഒരു തൊഴിലെന്ന അവസ്ഥയില്‍ എത്തപ്പെടുകയും, അതിലൂടെ ക്ലാസ്സിക് കലാരൂപങ്ങൾ ഉണ്ടാവുകയും ചെയ്തു എന്നുപറയാം. ‘നോ, കബൂക്കി, കൂടിയാട്ടം, ഗ്രീക്ക്’ നാടക രൂപങ്ങൾ ഉണ്ടാകുന്നത് ഈ കാലഘട്ടത്തിൽ ആണ്. പുതിയ മതങ്ങൾ ഉദയം കൊള്ളുകയും രാജാക്കന്മാർ സാമ്രാജ്യങ്ങൾ  വിപുലപ്പെടുത്തുകയും ചെയ്യപ്പെട്ട ഫ്യൂഡൽ കാലഘട്ടത്തിൽ നാടകം വേറൊരു രൂപത്തിൽ എത്തപ്പെടുന്നു. മിസ്റ്ററി, മിറാക്കൾ നാടക രൂപത്തിൽ നിന്ന് എലിസബത്തൻ, മോളിയർ സഞ്ചാര നാടകരൂപവും കോളനിവത്കരണത്തിലൂടെ അത് ലോക വ്യാപകമാവുകയും ചെയ്തു. വ്യാവസായിക വിപ്ലവകാലത്താണ് നാടക വേദിയിൽ ‘സംവിധായകൻ’ രംഗപ്രവേശം ചെയ്യുന്നത്. ആ സമയത്താണ് ലോകസമൂഹം യുദ്ധങ്ങളിലൂടെയും പുതിയ സാമ്പത്തിക സാമൂഹിക ചുറ്റുപാടിലൂടെയും കടന്നു പോവുകയും ‘ഇസങ്ങൾ’ ഉണ്ടാവുകയും, അവയെല്ലാം നാടകവേദി ഏറ്റുവാങ്ങുകയും ചെയ്തത്.

വർത്തമാനകാലം
നാടകം അതിന്റെ രൂപത്തിലും സംഘാടനത്തിലും ഒരു പാട് മാറ്റങ്ങൾ ഉള്ള  ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. നാടകം എല്ലാ കലകളുടെയും സമ്മേളനം ആണെന്ന് പറയാം.  മറ്റ് കലാരൂപങ്ങളിൽ വരുന്ന മാറ്റങ്ങൾ നാടകത്തെയും മാറ്റുന്നുണ്ട്. വിഷ്വൽ മീഡിയ രംഗത്ത് അതിഭയങ്കരമായ മാറ്റങ്ങൾ ആണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആർക്കും എന്തും ചെയ്യാമെന്നും അത് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനും അറിയിപ്പിക്കാം എന്നും ഉള്ള ഒരു സ്ഥിതി വിശേഷം  നില നിൽക്കുന്ന സമയത്ത് നാടകം എന്ന കലയുടെ പ്രസക്തി എന്താണ് എന്ന് തിരിച്ചറിയാൻ ഓരോ നാടകക്കാരനും  ബാധ്യസ്ഥനാണ്. ജീവനുള്ള ഒരു  വ്യക്തിയിൽ നിന്ന് ജീവനുള്ള വേറൊരു വ്യക്തിയിലേക്ക്  പരിമിതമായ സ്പേസ്സിലും  സമയത്തും നടക്കുന്ന അനുഭൂതിയുടെ ഒരു കൊടുക്കൽ  വാങ്ങൽ പ്രക്രിയ ആണ് നാടകം. അത് തന്നെയാണ് നാടകത്തിന്റെ ശക്തിയും ദൗര്‍ബല്യവും. അതുകൊണ്ട് മറ്റ്  ബഹളങ്ങളിൽ നിന്ന് നാടകത്തിലെയ്ക്ക് പ്രേക്ഷകനെ കൊണ്ടുവരാൻ നാടകക്കാരൻ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു

കാലാകാലങ്ങളിൽ  മനുഷ്യ സമൂഹത്തിന്റെ  എല്ലാ പരിണാമങ്ങൾക്കും  നാടകവും ഭാഗമാകുന്നു. ആധുനിക കാലത്ത് കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ നാടകവും സ്വന്തമാക്കിയിട്ടുണ്ട്.  അതുകൊണ്ട് തന്നെ നാടകവേദി നേരിടുന്ന വെല്ലുവിളി വളരെ ശക്തവും ആണ്. നാടകത്തിന്റെ യഥാർത്ഥ രൂപത്തിന്റെ കണ്ടെത്തലാണ് ഏക മാർഗ്ഗം.

Print Friendly, PDF & Email