പൂമുഖം POLITICS എന്റെ തെരഞ്ഞെടുപ്പു പ്രതീക്ഷകൾ

എന്റെ തെരഞ്ഞെടുപ്പു പ്രതീക്ഷകൾ


ാർലമെന്ററി  ജനാധിപത്യത്തിൻ കീഴിൽ അതിന്റെ നന്മ തിന്മകൾ അംഗീകരിച്ചുകൊണ്ട് ജീവിക്കുന്ന പൗരർ അവർ തെരഞ്ഞെടുത്തു വിടുന്ന, അവരെ ഭരിക്കാൻ/ സേവിക്കാൻ നിയോഗിക്കപ്പെട്ട  ഭരണ കർത്താക്കളിൽ നിന്ന് മിനിമം ചിലത് പ്രതീക്ഷിക്കും.എന്നാൽ ഇക്കാലമത്രയും  കണ്ടുവരുന്നത്‌ ഭരണം ലഭിച്ചു കഴിഞ്ഞാൽ ഓരോ പാർട്ടിയും അവരുടെ അനുസരണയുള്ള  അണികൾ മാത്രമാണ് ജനങ്ങൾ എന്നമട്ടിലോ  അതല്ലെങ്കിൽ അവരെ ജയിപ്പിച്ചു വിടുന്നവർ വോട്ടു ചെയ്യാൻ അർഹതയുള്ള അടിമകളും ഭരണത്തിലേറിയ തങ്ങൾ യജമാനന്മാരും  ആണെന്ന മനോഭാവത്തിലേക്കോ മാറുന്നതാണ്.

ര്രാഷ്ട്രീയം ഭരണത്തിനും അധികാരത്തിനും വേണ്ടിയുള്ള ഗയിം ആവുകയും ജനങ്ങളെ ആ ഗയിമിലെ  കരുക്കളാക്കി, അനുസരണ ശീലരായ അണിക്കൂട്ടമാക്കി നിർത്തുന്ന ആ ഏർപ്പാടിന്റെ ഭാഗം ചേർന്ന് നിൽക്കൽ മാത്രമാണ് ശരിയായ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ  നമുക്ക് കിട്ടുന്ന   അടിമത്തത്തിൽ സന്തോഷിക്കാവുന്നതാണ്. നേതാക്കളുടെ ശരി നമ്മുടേയും ശരി എന്ന് വിശ്വസിക്കുകയുമാവാം. എന്നാൽ അത് ഒരു ശീലത്തിന്റെ ഭാഗമായോ, ചിന്താശേഷി ഇല്ലാത്തതിനാലോ അതുമല്ലെങ്കിൽ  മിക്കവാറും എതെങ്കിലും പാർട്ടിയുടെയോ മതത്തിന്റെയോ,ജാതിയുടെയോ കൂടെ ചേർന്നല്ലാതെ  നിലനിൽപ്പ്‌ സാധ്യമല്ലാത്ത ഒരവസ്ഥയുണ്ടെന്നതിനാലോ , തങ്ങളെ  ബാധിക്കുന്ന കാര്യത്തിൽ  ഒരുമിച്ചു നിൽക്കാൻ ഈ പാര്ട്ടി-ജാതി-മത ഭക്തിയല്ലാതെ സാധാരണ മനുഷ്യർക്ക്   മറ്റു പോം വഴിയില്ലാത്തതു കൊണ്ടു കൂടിയാണ് എന്ന യാഥാർത്ഥ്യം  ഉണ്ട്. പക്ഷം പിടിക്കാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ , ഒരു നാടിന്റെ ആത്മാവിനെ സ്പർശിക്കുന്ന പ്രശ്നങ്ങൾ എന്തെന്ന് ഒരു പാർട്ടിയുടേയും അവയുടെ   നേതാവും  അണികളും വ്യാകുലപ്പെടുന്നില്ല. അതിനു കാരണം അവരുടെ മുൻപിൽ ജനങ്ങളും അവരുടെ ജീവിതങ്ങളും  ഇല്ല എന്നു ത്തന്നെയാണ്.

എല്ലാ രാഷ്ട്രീയ പാര്ട്ടികളെയും ഇങ്ങനെ ഒറ്റയടിക്ക് തള്ളിക്കളയുന്നത് അരാഷ്ട്രീയ നിലപാടാണ് എന്ന് തോന്നാം..

വാസ്തവത്തിൽ കക്ഷി രാഷ്ട്രീയം ഇല്ലാതിരിക്കൽ അരാഷ്ട്രീയതയല്ല. രാഷ്ട്രീയ പാർട്ടികൾ അവയുടെ  നിശ്ചിത അജണ്ടകൾക്കപ്പുറം യഥാർത്ഥ മനുഷ്യജീവിതത്തെ , മനുഷ്യരുടെ ഭൗതികവും ആത്മീയവുമായ  നിലനിൽപ്പു പ്രശ്നങ്ങളെ കാണാതിരിക്കുന്നതും ഇല്ലെന്നു വരുത്തുന്നതും ആ അവസ്ഥ  തിരിച്ചറിഞ്ഞു വിമർശനാത്മകമായ അകലം സൂക്ഷിക്കുന്നതും  ഒരു രാഷ്ട്രീയമാണ് എന്ന നിലപാടാണ് വ്യക്തിപരമായി എന്റെതു്. കക്ഷിരാഷ്ട്രീയങ്ങൾക്ക് അപ്പുറം പോകുന്ന, ‘മനുഷ്യരുൾപ്പെട്ട ഈ ഭൂമിയുടെ നിലനില്പ്പിന്റെ തന്നെ രാഷ്ട്രീയം എന്ന് വിശാലമായ ഒരർത്ഥവും ഉള്ളടക്കവും അതിനുണ്ട്.

നമ്മുടെ കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിലേക്ക് നോക്കിയാൽ  മാറി മാറി കേരളം ഭരിച്ച രാഷ്ട്രീയ പാർട്ടികൾ അധികാരം ലഭിച്ചാൽ അപ്പാടെ മറന്നുപോകുന്ന അവരുടെ ഉത്തരവാദിത്തങ്ങൾ അവരെ നിരന്തരം ഓർമ്മപ്പെടുത്താൻ നിലനിൽക്കുന്ന പാർട്ടികളുടെ  കുഴലൂത്തുകാരായി മാത്രം നിൽക്കാൻ താൽപ്പര്യ പ്പെടാത്തവരായ അണികൾ ഉണ്ടെങ്കിൽ അവരും   സാധാരണ മനുഷ്യരും ഈ രാഷ്ട്രീയ പാർട്ടികൾ നമുക്കുവേണ്ടിയാണ്  എന്ന അന്ധധാരണ  വെടിഞ്ഞു  പ്രവർത്തിക്കേണ്ടത്തിന്റെ  പ്രാധാന്യമാണ് തെരഞ്ഞെടുപ്പ് എന്നു കേൾക്കുമ്പോൾ എനിക്ക് പ്രധാനമായി തോന്നുന്ന സംഗതി.

ആ നിലയ്ക്ക്  തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണത്തിലേറുന്ന പാർട്ടികളിൽ നിന്ന് ഇതുവരെ അവർ ചെയ്യാത്തതും അറിയാത്തതുമായ ഒരു സംഗതി ഓർമ്മിപ്പിപ്പിക്കുകയാണ് നിത്യജീവിതം തള്ളിനീക്കിക്കൊണ്ടു പോകാൻ പാടുപെടുന്ന മനുഷ്യനെന്ന  നിലയിൽ, ആ സത്യം  കണ്ടോ കേട്ടോ അറിയുന്നവനെന്ന നിലയിൽ ഒരാൾ ചെയ്യേണ്ടത് എന്ന് തോന്നുന്നു. തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ നേതാക്കൾ ആയിരിക്കുന്നത് ജനങ്ങളുടെ ഔദാര്യം കൊണ്ടാണ് എന്നും അവർ യഥാർത്ഥത്തിൽ അധികാരികൾ അല്ല, സേവകർ ആണ് എന്നും  നിരന്തരം ഓർമ്മപ്പെടുത്തേണ്ടത്  നമ്മുടെ കൂടി കടമയാണ്. അവർ സ്വയം കാണുന്നതും പ്രവർത്തിക്കുന്നതും  തിരിച്ചാണെന്നതിനാൽ പ്രത്യേകിച്ചും..

എഴുത്തുകാരൻ   അയാൾ  തന്റെ പ്രതിഭയും അധ്വാനവും കൊണ്ട് സൃഷ്ടിച്ച കൃതിയുടെ അഞ്ചിലൊന്നു ലാഭം എഴുത്തുകാരന് കൊടുത്തു ബാക്കി ലാഭം പുസ്തകക്കച്ചവടക്കാർ കൈക്കലാക്കും പോലെയാണ് എല്ലാവർക്കും അവകാശപ്പെട്ട ഭൂമിയും അതിലെ വിഭവങ്ങളും കോർപ്പറേറ്റ് മുതലാളികളും അവരെ സേവിക്കുന്ന രാഷ്ട്രീയക്കാരും കൂടി കവർന്നെടുക്കുന്നത്‌. നേരിട്ട് പുസ്തകമിറക്കി വിൽക്കാൻ പരിമിതി ഉള്ളതുകൊണ്ട് ഇടനിലക്കാരനെ ഏൽപ്പിക്കുമ്പോൾ ഇടനിലക്കാരൻ ഭൂരിഭാഗവും തട്ടിയെടുക്കുനതുപോലെയോ അതിന്റെ പതിൻമടങ്ങോ  ഉള്ളൊരു ചതിയാണ് ഭരണം എന്നപേരിൽ തെരഞ്ഞെടുക്കപ്പെടുന്നവർ   ജനങ്ങളോട് ചെയ്യുന്ന ഉത്തരവാദിത്വമില്ലായ്മ.

 ഇങ്ങനെ അടിസ്ഥാനപരമായി തന്നെ  ഭരണത്തിലേറുന്നവരുടെ ചിന്തയും കാഴ്ചപ്പാടും മാറിയില്ലെങ്കിൽ നല്ല  ‘ഭരണം / സേവനം ജനങ്ങൾക്ക്‌ കിട്ടാൻ ഒരു സാധ്യതയും വരും കാലങ്ങളിലും ഉണ്ടാവും എന്ന് തോന്നുന്നില്ല. ഡൽഹിയിൽ വളരെ ചെറിയ തോതിലാണെങ്കിലും  ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങളിൽ ഉദ്യോഗസ്ഥ മേധാവിത്തവും കൈക്കൂലിയും തടയുന്നതിന്  ഭരണകർത്താക്കൾ ശ്രമം നടത്തിയപ്പോൾ തന്നെ വലിയ ഫലം ഉണ്ടായതായി നാം കണ്ടു. .

ഈ വീക്ഷണത്തിൽ നിന്നുകൊണ്ടാണ് യഥാർത്ഥത്തിൽ  അടിസ്ഥാനസൌകര്യങ്ങൾ ,ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി,   തുടങ്ങിയ പ്രശ്നങ്ങളിൽ ഞാൻ ഇനി കേരളം ‘ഭരിക്കാൻ’ അവസരം ലഭിക്കുന്ന കക്ഷികളിൽ നിന്ന്  സാമാന്യമായി പ്രതീക്ഷിക്കുന്നതെന്തെന്ന് പറയുന്നത്.

സഞ്ചാര യോഗ്യമായ റോഡുകൾ:

സഞ്ചാര യോഗ്യമായ രണ്ടു വരി റോഡെങ്കിലും ഉണ്ടായാൽ  നിത്യവും റോഡിൽ മനുഷ്യർ  ചത്തു വീഴുന്നതിന്റെ എണ്ണം കുറയും. വർഷത്തിൽ , അല്ലെങ്കിൽ  പഞ്ചായത്ത് – നിയമ സഭ തെരഞ്ഞെടുപ്പുകൾ അടുക്കുന്ന നേരത്തു മാത്രം പൊളിഞ്ഞ റോഡുകളിൽ  ടാർ തേയ്ക്കുന്ന  പരിപാടിയാണ് റോഡു നിർമ്മാണമെന്ന പേരിൽ നടക്കുന്നത്. ഒരു മഴയും  കുറെ ഭാര വണ്ടികളുടെ പോക്കും  കൊണ്ട് അവ വീണ്ടും പൊളിഞ്ഞു തുടങ്ങും. രണ്ടു മൺസൂൺ ഉള്ള പ്രദേശത്തെ റോഡുകൾ   കേടുവരാതെ ഇരിക്കാൻ  ഏതു ടെക്നോളജി  ഉപയോഗിച്ച് റോഡു നിർമ്മിക്കണം എന്നറിയുന്ന എഞ്ചിനീയർമാർ  കേരളത്തിൽ ഇല്ലേ?. ഉണ്ടെങ്കിൽ അത്തരം ആളുകളുടെ സേവനം എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല?

PETTA_1_1582175f

റോഡുപയോഗിക്കാൻ  ടാക്സ് കൊടുക്കുന്ന  ജനങ്ങളെ വീതിയില്ലാത്തതും കുണ്ടും കുഴിയും നിറഞ്ഞതുമായ വഴികളിൽ തള്ളിയിട്ടു അപായപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ പുതിയ ഭരണക്കാർ എന്ത് ചെയ്യുമെന്നത് കണ്ടറിയണം. പഞ്ചായത്തുകളും കോർപ്പറെഷനുകളും  കയ്യടക്കിവയ്ക്കുന്നവർ  ജനക്ഷേമ കാര്യത്തിൽ പാർട്ടി ഭേദമെന്യേ ഒറ്റക്കെട്ടായി എതിരാണ് എന്ന് തോന്നാറുണ്ട്, ഞാൻ താമസിക്കുന്ന തിരുവനന്തപുരത്തിന്റെ റോഡവസ്ഥകൾ കാണുമ്പോൾ.

മാലിന്യങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനം:

അതിൽ  പ്ലാസ്റിക്- ജൈവ മാലിന്യം മുതൽ ഇലക്ട്രോണിക് മാലിന്യം വരെയുള്ളവ ഉച്ചാടനം ചെയ്യാനുള്ള സംവിധാനം എങ്ങനെ ഉണ്ടാക്കാം എന്ന് ഭാവനയും വൈഭവവും ഇച്ഛാശക്തിയും  ആത്മാർഥതയുമുള്ള  ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും മറ്റുമായി ചേർന്ന് നടപ്പാക്കാനുള്ള സാഹചര്യം ഉണ്ടാകണം.

പരിസ്ഥിതി പ്രശ്നങ്ങൾ യാഥാർത്ഥമായിക്കണ്ടുള്ള പരിഹാരം:

കേരളത്തിൽ 42 പുഴകളുണ്ട്, കായലുകളും  കാടും മലയും ഉണ്ട്. ഇത്രയും അനുഗ്രഹീതമായ ഒരു പ്രദേശം ഇന്ത്യയിൽ വേറെയില്ല എന്ന് എല്ലാവർക്കും  അറിയാം. മണലെടുത്ത് കുഴിഞ്ഞ പുഴകൾ വേനൽക്കാലമായാൽ ഒഴുക്കില്ലാതെ ചപ്പു ചവറുകൾ നിറഞ്ഞ തോടായി രൂപാന്തരം പ്രാപിക്കുന്നതാണ് കാണുന്നത്. കായലുകൾ ടൂറിസത്തിന്റെ പേരിൽ വലിയ ഹൌസ് ബോട്ടുകൾ ഇറക്കി മലമൂത്ര വിസർജ്ജനം നടത്തിയും  പ്ലാസ്റ്റിക് ,കുപ്പികൾ തുടങ്ങി പല തീറ്റ അവശിഷ്ടങ്ങൾ ഇട്ട് മലിനമാക്കാൻ വിദേശികളെയും ബോട്ടു മുതലാളിമാരേയും  അനുവദിക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധ  ആ ജലസ്ഥലങ്ങളെ പരിചരിക്കുന്നതിൽ കാണുന്നില്ല.

പുഴകളുടെയും കായൽ കുന്നുകൾ, കാട് ഇവയുടെ യഥാർത്ഥ മൂല്യം , അവ നിലനില്ക്കെണ്ടതിന്റെ ആവശ്യം അറിയുന്ന, മാഫിയകൾക്ക്‌ അവയെ അടിയറവു വയ്ക്കാൻ തയ്യാറില്ലാത്ത ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ ഉണ്ടാവുമെങ്കിൽ അതാണ്‌ ഈ നാടിന് ഇതുവരെകിട്ടാത്ത  ഭാഗ്യം എന്ന് പറയാം. അതാതു പ്രദേശത്തെ പാർട്ടി പക്ഷപാതികൾ അല്ലാത്ത, യഥാർത്ഥമായും പരിസ്ഥിതി നാശത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന ജനങ്ങളെ ഉൾപ്പെടുത്തി ക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തുകളും കോർപ്പറേഷൻ -മുനിസിപ്പാലിറ്റികളും തയ്യാറായാൽ ഒരു പരിധി വരെ ശുദ്ധമായ വെള്ളവും വായുവും ഇവിടെ ഇനിയും ഉണ്ടാകും.

കീടനാശിനി ചേർക്കാത്ത പഴം പച്ചക്കറി, ധാന്യങ്ങൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന്  കൃഷി സംസ്കാരം പുനരുജ്ജീവിപ്പിക്കുക. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ അതിനു തുനിയുന്ന ഈ അന്തരീക്ഷം തുടർന്നും നിലനിർത്താൻ കാർഷിക കോളെജുകളും, അനുപമ ഐ  എ എസിനെപ്പോലെയുള്ള ധീരരായ ഉദ്യോഗസ്ഥരും ഇനിയും ശ്രമിക്കേണ്ടിയിരിക്കുന്നു.

07tvpt-quarry_1937972f

അങ്ങനെയുള്ളവരെ പീഡിപ്പിക്കാത്ത, കൂടെ നിൽക്കുന്ന ജനസേവകരായ ഭരണാധികാരികൾ ഉണ്ടാവണം എന്നും എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു.

ഈ നിലനിൽക്കുന്ന ഭരണ വ്യവസ്ഥയിൽ അതിൽ കൂടുതൽ ഒരാൾക്കും ആഗ്രഹിക്കാൻ ഇല്ലെന്നും തോന്നുന്നു

ആരോഗ്യം :

ആരോഗ്യം വ്യവസായമായി മാറിയതിനാൽ കൂണു പോലെ തഴച്ചു വളരുന്ന മൾടി- സ്പെഷ്യാലിറ്റി ആസ്പത്രികൾ സാധാരണ ജനങ്ങളുടെ ആരോഗ്യവും പണവും ഒന്നുപോലെ ഊറ്റിക്കുടിക്കുകയാണ്. അതിനു പരിഹാരം കാണേണ്ടത് സരക്കാർ ആണ്. ജനങ്ങളുടെ ആരോഗ്യം അവരുടെ അവകാശമാണ്. അതുകൊണ്ടുതന്നെ ഈ തരം  മൾടി സ്പെഷ്യാലിറ്റി പരിചരണങ്ങളും സൌകര്യങ്ങളും പൊതു ജനങ്ങൾക്കും ലഭിക്കാൻ അർഹതയുണ്ട്. ‘’പട്ടിണിക്കാർക്ക് പട്ടിണി കിടാക്കാനുള്ള അവകാശം തന്നെ അധികാവകാശ’’മാണെന്ന മട്ടിൽ മനുഷ്യരെ പല നിലവാരത്തിൽ കണ്ടും നിലനിർത്തിയുമുള്ള  വിവേചനസമീപനം  ആരോഗ്യരംഗത്തെങ്കിലും അവസാനിപ്പിക്കണം. ആരോഗ്യമുള്ള മനുഷ്യരിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ.  .

വിദ്യാഭ്യാസം :

നിലവാരമുള്ള വിദ്യാഭ്യാസം,ആഴത്തിലുള്ള ഗവേഷണസൌകര്യങ്ങൾ ഇവയൊക്കെ സാധ്യമാകണമെങ്കിൽ കേരളത്തിനു പുറത്ത് പോകേണ്ട അവസ്ഥയുണ്ട്. നമ്മുടെ യൂണിവേഴ്സിറ്റി കളും സ്കൂളുകളും ജനകീയമായതോടെ അവസാനിപ്പിച്ച ഗുണ നിലവാരത്തെക്കുറിച്ചുള്ള ശ്രദ്ധ പുന:പരിശോധിച്ചാൽ ബുദ്ധിയും കഴിവുമുള്ള തലമുറ ഇവിടെ ഉണ്ടാവും.അതായത് നിലവാരം കുറഞ്ഞ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുപകരം  പൊതു വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർത്തുന്നതിനുള്ള ശ്രമം സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം.


 

Comments
Print Friendly, PDF & Email

You may also like