പൂമുഖം INTERVIEW ഒരു മാനനഷ്ടക്കേസും അതിന്റെ വിചാരണയും

ഒരു മാനനഷ്ടക്കേസും അതിന്റെ വിചാരണയും


പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും ടി.പത്മനാഭനുമിടയില്‍ സ്ഥിരമായ ശത്രുതയൊന്നുമില്ല. പക്ഷേ, അവര്‍ക്കിടയിലുണ്ടായ കേസ് സാഹിത്യകേരളം ചര്‍ച്ച ചെയ്തതാണ്. ടി.പത്മനാഭന്‍ ഒത്തുതീര്‍പ്പിന് തയ്യാറായപ്പോഴും കുഞ്ഞബ്ദുള്ള നിസ്സഹായതയോടെ മുഖം തിരിച്ച് നിന്നു. കുഞ്ഞബ്ദുള്ളയ്ക്ക് മേല്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. അണിയറയിലെ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയായിരുന്നുവെന്ന് വര്‍ഷങ്ങളോളം മനോരമയുടെ വാര്‍ഷികപ്പതിപ്പിന്റെ ചുമതല വഹിച്ച മണര്‍ക്കാട് മാത്യു വെളിപ്പെടുത്തുന്നു.


ാത്രകള്‍ അവസാനിക്കുന്നില്ല, ഓര്‍മ്മകള്‍ മരിക്കുന്നില്ല എന്നൊക്കെ കഥാകൃത്തുക്കള്‍ പറയാറില്ലേ? അതിലുമുണ്ട് വാസ്തവം. ചില യാത്രകളുടെ ഓര്‍മ്മയ്ക്ക് റോസാപ്പൂവിന്റെ സുഗന്ധമുണ്ടാവും. ചില ഓര്‍മ്മകള്‍ മുള്ളുകളാവും. ദീര്‍ഘകാലം അത് ഹൃദയങ്ങളെ നോവിച്ചുകൊണ്ടിരിക്കും. ഇതും അത്തരമൊരു ഓര്‍മ്മയുടെ കഥ. നാലു കഥാകാരന്മാരും, ഒരു കവിയും, കഥാപാത്രങ്ങളായി വരുന്ന കഥ.

2004 ജനുവരി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഞാനും കോറോത്തെ പുല്ലേരി ഇല്ലത്തേക്ക് പോകുന്നു. ബ്രിട്ടീഷ് ഭരണകാലത്തും അതിന് ശേഷവും, മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന, 1940കളില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ എ.കെ.ജി, സി.എച്ച്. കണാരന്‍, എ.വി.കുഞ്ഞമ്പു, കാന്തലോട്ട് കുഞ്ഞമ്പു, ഇ.കെ.നയനാര്‍, പയങ്ങപ്പാടന്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്ക് അഭയവും അന്നവും നല്‍കി ഒളിവില്‍ പാര്‍പ്പിച്ച പുല്ലേരി വാദ്ധ്യാര്‍ ഇല്ലത്തെ അന്തര്‍ജ്ജനത്തെ കുറിച്ചൊരു ഫീച്ചര്‍ തയ്യാറാക്കുകയായിരുന്നു ലക്ഷ്യം.

അന്നത്തെ കമ്മ്യൂണിസ്റ്റുകളുടെ ഭാഷയില്‍ ‘റെഡ് ഹൗസിലെ (കോഡു ഭാഷയില്‍ എഫ്-7) അമ്മ’, 2004 ആയപ്പോഴേക്കും മകന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും മറ്റ് ബന്ധുക്കളുടേയും മനസ്സില്‍ ഒരോര്‍മ്മ മാത്രമായി കഴിഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഏതാനും സിനിമകളില്‍ അഭിനയിച്ച് പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ദേവകി കൈതപ്രത്തിന്റെ ധര്‍മ്മപത്നി. അങ്ങനെ കൈതപ്രം ഇല്ലത്തേക്ക് എനിക്ക് പ്രചോദനവും വഴികാട്ടിയുമായി.

കോഴിക്കോട്ട് നിന്ന് പുറപ്പെടുമ്പോള്‍ ഞാന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വിളിച്ചു പറഞ്ഞു. “കുഞ്ഞിക്ക, ഞങ്ങള്‍ വടകര വഴി കണ്ണൂരിലേക്ക് പോവുന്നു.”

ഞാനും വരുന്നുവെന്ന് കുഞ്ഞിക്ക. വടകര മുനിസിപ്പല്‍ പാര്‍ക്കിനോരത്ത് ചിത്രകാരനും ശില്പിയുമായ എം.വി.ദേവന്‍ ഡിസൈന്‍ ചെയ്ത ഹലിമ ഗൃഹസ്ഥയായി വാഴുന്ന ഇഷ്ടിക വീട്ടില്‍ നിന്ന് സന്തത സഹചാരിയായ രഹസ്യങ്ങളുടെ പേടകവുമെടുത്ത് കുഞ്ഞിക്ക ഞങ്ങള്‍ക്കൊപ്പം കൂടി.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അക്കാലത്തിന്റെ കഥ പറഞ്ഞു. ഉണ്ണിമാങ്ങ അച്ചാര്‍ കൂട്ടി വിഭവസമൃദ്ധമായ നമ്പൂതിരി സദ്ധ്യയും തന്നു.

മടങ്ങുമ്പോള്‍ കുറേ നാളായി എന്റെ മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരുന്ന കുഞ്ഞബ്ദുള്ള – ടി.പത്മനാഭന്‍ മാനനഷ്ടക്കേസ് ഉള്ളില്‍ നുരഞ്ഞ് നുരഞ്ഞ് പൊന്തുകയായിരുന്നു.

കേസ്- 2005ലെ മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ “കേസുകള്‍, കേസുകള്‍: ഞാന്‍ വാദിയായും പ്രതിയായും” എന്ന ശീര്‍ഷകത്തില്‍ ടി.പത്മനാഭന്‍ എഴുതിയ ലേഖനത്തില്‍ നിന്നും ഉദ്ധരിക്കാം.

image


2003 ഡിസംബറില്‍ ഞാന്‍ യു.എ.ഇയില്‍ ഒരു പര്യടനത്തിലായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് എന്നെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത ഞാന്‍ ടി.വി ചാനലില്‍ കണ്ടു. ശ്രീ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് അപകീര്‍ത്തിപരമായ ഒരു പ്രസ്താവം-സാഹിത്യമോഷണം- ഞാന്‍ ഒരു അഭിമുഖത്തില്‍ നടത്തിയത് അദ്ദേഹത്തിന് കടുത്ത മാനഹാനിയുണ്ടാക്കിയെന്നും അതുകൊണ്ട് എന്റെ പേരില്‍ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഒരു കേസും പിന്നെ ഒരു ക്രിമിനല്‍ കേസും ഫയല്‍ ചെയ്യാന്‍ തന്റെ കക്ഷിയായ കുഞ്ഞബ്ദുള്ള തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിലുള്ള നോട്ടീസുകള്‍ ടി.പത്മനാഭന്‍ സ്വീകരിയ്ക്കായ്കയാല്‍ മടങ്ങി വന്നിരിക്കുകയാണെന്നും അഡ്വക്കേറ്റ് മഞ്ചേരി സുന്ദരരാജന്‍ പറയുന്നതാണ് വാര്‍ത്ത. അദ്ദേഹം കടലാസുകള്‍ ഒപ്പിടുന്നതും, വകുപ്പുകളും നിയമങ്ങളുമുദ്ധരിച്ച് പത്രക്കാരോട് സംസാരിക്കുന്നതുമൊക്കെ ഞാന്‍ കണ്ടു. പിന്നീടുള്ള ഏതാനും ദിവസങ്ങളിലും ഇതുപോലുള്ള ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടു. പത്രങ്ങളിലും ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെ വരികയുണ്ടായി.

മാതൃഭൂമി ദിനപ്പത്രത്തിന്റെ ആദ്യത്തെ പേജിന്റെ മുകള്‍ പകുതിയില്‍ – ഒന്നാം കോളം മുതല്‍ എട്ടാം കോളം വരെ- ഈ കേസ് ഫയല്‍ ചെയ്തതിന്റെ വിശദവിവരങ്ങള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് വളരെ സന്തോഷമാണുണ്ടായത്. ഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ പ്രാധാന്യമാണല്ലോ എനിക്ക് ലഭിച്ചിരിക്കുന്നത്.

2004 ജനുവരി 8നാണ് ഞങ്ങള്‍ ഖത്തറില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് മടങ്ങിയത്. രാവിലെ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി കൈരളി ചാനല്‍ ശ്രദ്ധിച്ചപ്പോള്‍ അന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ കണ്ടു. മംഗളത്തിന്റെ ഫ്രണ്ട് പേജില്‍ രണ്ട് സാഹിത്യ നായകന്മാരുടെ ഫോട്ടോയുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി: ഈശ്വരാ, എന്തെങ്കിലും സംഭവിച്ചുവോ? ഇത്തിരി പ്രായം ചെന്നവരാണല്ലോ.

ഫോട്ടോകളുടെ കീഴിലുള്ള വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് സമാധാനമായി. ഇല്ല, അപകടമൊന്നും സംഭവിച്ചിട്ടില്ല. എം.കൃഷ്ണന്‍ നായരും, എസ്.ഗുപ്തന്‍ നായരും പൂര്‍ണ്ണ ആരോഗ്യവാന്മാരായി കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്. എനിക്കെതിരായി കുഞ്ഞബ്ദുള്ള നല്‍കിയ കേസില്‍ തങ്ങളുടെ സഹായസഹകരണങ്ങള്‍ ഉണ്ടാവുമെന്ന് മഞ്ചേരി സുന്ദര്‍ രാജിനെ അറിയിച്ച വാര്‍ത്തയായിരുന്നു പത്രത്തിലുണ്ടായിരുന്നത്.

ഈ വാര്‍ത്ത വായിച്ചപ്പോള്‍ രണ്ട് സാഹിത്യകാരന്മാരുടെയും നീതിബോധത്തെക്കുറിച്ച് എനിക്ക് പണ്ടേ ഉണ്ടായിരുന്ന മതിപ്പ് ഒന്നുകൂടി വര്‍ദ്ധിക്കുകയേ ചെയ്തുള്ളൂ.

പിറ്റേ ദിവസം ഞാന്‍ കോഴിക്കോട് മനോരമയിലെ ലേഖകനായ ദാമോദരനെ വിളിച്ചു പറഞ്ഞു;

“ദാമോദരന്‍, ഞാനും ഭാര്യയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എ.ഇയിലും ഖത്തറിലുമൊക്കെ ആയിരുന്നു. എങ്കിലും എനിക്കെതിരെ അയച്ച നോട്ടീസിനെയും, ഫയല്‍ ചെയ്ത മാനനഷ്ടക്കേസിനെയും മാനിച്ചൊക്കെ ടിവി ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഞാന്‍ എവിടെയും ഒളിച്ചു പോയതല്ല. ഗള്‍ഫില്‍, പോയ ദിക്കുകളിലൊക്കെ പത്രക്കാരും, ചാനലുകാരും കേസിനെക്കുറിച്ചൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ പൂര്‍ണ്ണ മൗനത്തിലായിരുന്നു. ഇപ്പോഴിതാ പറയുന്നു, ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞതൊക്കെ സത്യമാണ്. അതില്‍ നിന്ന് പുറകോട്ട് പോവുന്ന പ്രശ്നമേയില്ല. അസത്യമായ ഒരു പ്രസ്താവമാണ് ഞാന്‍ ചെയ്തിട്ടുള്ളതെങ്കില്‍ അതിനുള്ള ശിക്ഷ ഞാന്‍ അനുഭവിച്ചുകൊള്ളാം”.

പിറ്റേ ദിവസത്തെ മനോരമയില്‍ ‘ഞാന്‍ ഇവിടെത്തന്നെയുണ്ട്’ എന്ന വാര്‍ത്ത വന്നു. വൈകുന്നേരം മനോരമ നടത്തുന്ന മോഹന്‍ ലാലിന്റെ കഥയാട്ടം കാണാനും ചെന്നു.

കോഴിക്കോട് എനിക്ക് പരിചയമുള്ള ധാരാളം ആളുകളുണ്ടല്ലോ. അവരെയൊക്കെ ഒന്ന് കാണാമല്ലോ. പിന്നെ മോഹന്‍ ലാലിന്റെ അഭിനയവും കാണാം.

ഈ കേസില്‍ എനിക്ക് പല തവണ കോഴിക്കോട് പോവേണ്ടി വന്നിട്ടുണ്ട്. കുഞ്ഞബ്ദുള്ളയുടെ തെളിവിനായി മാത്രം എട്ട് തവണ കോടതി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആദ്യം കേസ് ഫയല്‍ ചെയ്യാന്‍ രണ്ട് തവണ വന്നിട്ടുള്ളതല്ലാതെ പിന്നീടൊരിക്കലും അദ്ദേഹം കോടതിയില്‍ വന്നിട്ടില്ലായിരുന്നു. ഞാന്‍ എല്ലാ തവണയും പോവുകയുണ്ടായി.

കഴിഞ്ഞ ജൂണ്‍ നാലിന് പരാതിക്കാരന്‍ തീര്‍ച്ചയായും കോടതിയില്‍ ഹാജരായി തെളിവ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്ന് അദ്ദേഹം വരാഞ്ഞപ്പോള്‍ കോടതി പരാതിക്കാരന്റെ തുടര്‍ച്ചയായുള്ള അഭാവം കാരണം കേസ് തള്ളി.

പക്ഷേ, അന്ന് രാത്രിയിലെ ടിവിയിലും പിറ്റേ ദിവസങ്ങളിലെ പത്രങ്ങളിലും ഒരു വാര്‍ത്ത കണ്ടു. കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കാനായി കുഞ്ഞബ്ദുള്ളയ്ക്ക് വേണ്ടി മഞ്ചേരി സുന്ദര്‍ രാജ് ഒരു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നു.

ഈ ഹര്‍ജി വാദത്തിന് വേണ്ടി 9ലേക്ക് പോസ്റ്റ് ചെയ്തു. പക്ഷേ, ഒമ്പതാം തീയതിയും വാദമൊന്നുമുണ്ടായില്ല. കോട്ടയത്തെ ഒരു പത്രസമ്മേളനത്തില്‍, കേസ് പുനഃസ്ഥാപിച്ച് കിട്ടാനായി സുന്ദര്‍ രാജിനെ താന്‍ അധികാരപ്പെടുത്തിയിട്ടില്ല എന്ന് കുഞ്ഞബ്ദുള്ള പറഞ്ഞു. അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയെക്കുറിച്ച് ചില സംശയങ്ങളും കുഞ്ഞബ്ദുള്ള പത്രസമ്മേളനത്തില്‍ ഉന്നയിച്ചു.

ഇതിന് ശേഷം മഞ്ചേരി സുന്ദര്‍ രാജും കുഞ്ഞബ്ദുള്ളയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് താന്‍ ഈ കേസില്‍ ഇനിയൊരിക്കലും കുഞ്ഞബ്ദുള്ളയ്ക്ക് വേണ്ടി ഹാജരാവുകയില്ല എന്ന് പത്രക്കാരോട് പറഞ്ഞു. ഈ കേസില്‍ നിന്ന് മാത്രമല്ല, കുഞ്ഞബ്ദുള്ള പ്രതിയായ ഒരു കേസ് എറണാംകുളത്തുള്ളതില്‍ നിന്നും പിന്മാറുകയാണെന്ന് അദ്ദേഹം ഖേദപൂര്‍വ്വം പറഞ്ഞു. ആര്‍ക്കാണ് ഖേദം വരാതിരിക്കുക? തന്റെ കക്ഷിക്ക് വേണ്ടി എത്രമാത്രം പാടുപെട്ടിട്ടുള്ള ഒരാളായിരുന്നു അദ്ദേഹം.


2005 ജൂണ്‍ 15ന് മലയാള മനോരമയില്‍ ഇങ്ങനെയും ഒരു വാര്‍ത്ത വന്നു. “എം.കൃഷ്ണന്‍ നായര്‍, എസ്.ഗുപ്തന്‍ നായര്‍, എം.ടി.വാസുദേവന്‍ നായര്‍, എന്‍.എസ്.മാധവന്‍ എന്നിവരെയും ടി.പത്മനാഭന്‍ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിനാല്‍ ഇവരുമായി സംസാരിച്ച് ഇവരുടെയൊക്കെ അനുഗ്രഹാശിസ്സുകളോടെയാണ് കേസ് ഫയല്‍ ചെയ്തത്. പത്മനാഭന്റെ ആരോപണങ്ങള്‍ ശരി വയ്ക്കുന്ന തരത്തിലുള്ള നടപടികളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്- അഡ്വ. മഞ്ചേരി സുന്ദര്‍ രാജ്.”

ഈ കേസ് മാധ്യമങ്ങള്‍ ആഘോഷിക്കുകയും, സാഹിത്യ തത്പരര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്ത ദിനങ്ങളില്‍ ഒന്നിലായിരുന്നു ഞങ്ങളുടെ കോറോം പുല്ലേരി യാത്ര.

“കേസ് കോടതി വിചാരണയ്ക്ക് വരും മുമ്പേ ഇരുകക്ഷികളും സംസാരിച്ച് രമ്യമായി അവസാനിപ്പിക്കുന്നതാണ് മാന്യത”. മറ്റക്കയാത്രയില്‍ ഞാന്‍ കുഞ്ഞബ്ദുള്ളയോട് പറഞ്ഞു. “ഇതിലെന്ത് സ്വകാര്യ താത്പര്യം?” കൈതപ്രം കുഞ്ഞബ്ദുള്ളയോട് ചോദിച്ചു.

കുഞ്ഞബ്ദുള്ളയും പത്മനാഭനും, രണ്ടു പേരും എനിക്ക് വേണ്ടപ്പെട്ടവര്‍. ഞാന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കഥാകാരന്മാര്‍. ഇതിനകം മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കിക്കഴിഞ്ഞു. ഇനി വിചാരണവേളയില്‍ പരസ്പരാരോപണങ്ങള്‍ വരും. കേസല്ലേ? വക്കീലന്മാര്‍ രണ്ടു പേരുടെയും ജീവിതത്തിലേക്ക് കിഴിഞ്ഞിറങ്ങി ചോദ്യങ്ങള്‍ ചോദിക്കും. അത് മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആഘോഷിക്കും. രണ്ട് പേര്‍ക്കും അപമാനകരമായി തീരാനാണ് സാധ്യത.

കൈതപ്രവും കേസിന്റെ വരും വരായ്കകളെ വ്യവച്ഛേദിച്ച് യുക്തിപൂര്‍വ്വം എന്റെ വാക്കുകള്‍ക്ക് പിന്തുണ നല്‍കി. “കേസ് പറഞ്ഞു തീര്‍ക്കണം.” അദ്ദേഹവും ആവശ്യപ്പെട്ടു. ഞാനൊരു വ്യവസ്ഥ വച്ചു. രണ്ട് പേരും കോട്ടയത്ത് വരിക. മലയാള മനോരമ ചീഫ് എഡിറ്ററുടെ മുറിയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ സംസാരിച്ച് തീര്‍ക്കുക.

ഒരു ഏകദേശ തീയതിയും നിശ്ചയിച്ചു. ഞാന്‍ പത്മനാഭനെ വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിനും സമ്മതം. ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിനോടും സംസാരിച്ചു.

നിര്‍ദ്ദിഷ്ട തീയതിക്ക് രണ്ട് ദിവസം മുമ്പ് ഞാന്‍ കുഞ്ഞിക്കയെ വിളിച്ചു പറഞ്ഞു. “പത്മനാഭന്‍ സമ്മതിച്ചു. ചീഫ് എഡിറ്ററും സ്ഥലത്തുണ്ടാവും”. “അത് നടക്കില്ല. എന്റെ പിന്നില്‍ ചില ആളുകളുണ്ട്. കേസ് തീര്‍ക്കാന്‍ അവരൊന്നും സമ്മതിക്കുന്നില്ല”. എന്നായിരുന്നു കുഞ്ഞബ്ദുള്ളയുടെ മറുപടി.

ചിലയാളുകള്‍?

അന്ന് രാത്രി ഞാന്‍ പത്മനാഭനെ വിളിച്ചു. വിവരം പറഞ്ഞു. “ചിലയാളുകള്‍!” അല്പനേരത്തെ മൗനത്തിന് ശേഷം പത്മനാഭന്‍ തറപ്പിച്ച് പറഞ്ഞു. “അത് വാസു നായരായിരിക്കും”. എനിക്ക് നിരാശ തോന്നി. പരിശ്രമം നിഷ്ഫലമായി. വാക്കുകള്‍ വീണ്‍ വാക്കുകലായി. ചില ബിംബങ്ങള്‍ തകര്‍ന്നു വീഴുന്നതായി കേട്ടു. പ്രതിധ്വനി സംശയങ്ങളായി. എങ്കിലും വാസു നായര്‍!?

മനുഷ്യനല്ലേ… ഞാന്‍ സമാധാനിച്ചു.

അധികനാള്‍ കഴിഞ്ഞില്ല. ഒരു ദിവസം. അന്ന് കുഞ്ഞബ്ദുള്ളയുറ്റെ മകന്‍ വഹാബിന്റെ കല്യാണ റിസപ്ഷന്‍ കോഴിക്കോട് താജ് ഹോട്ടലില്‍ നടക്കുന്നു. കോഴിക്കോട്ടെ ഒരു കഥാകൃത്ത് എന്നോട് വഴക്കിന് വന്നു. “കുഞ്ഞബ്ദുള്ളയുടെ കേസില്‍ ഇടപെടാന്‍ നിങ്ങള്‍ക്കെന്താ കാര്യം? അയാളെ, ആ പത്മനാഭനെ ഒരു പാഠം പഠിപ്പിച്ചേ ഞങ്ങള്‍ അടങ്ങൂ”. ഴ,ഷ സ്വരത്തില്‍ അയാല്‍ ചോദിച്ചു. അയാള്‍ കണക്കറ്റ് മദ്യപിച്ചിരുന്നു.

mt

“തന്നോട് ഈ സ്റ്റേജില്‍ മറുപടി പറയാന്‍ എനിക്ക് മനസ്സില്ല” എന്ന് പറഞ്ഞ് ഞാന്‍ പിന്മാറി. അയാള്‍ വാസു നായരുടെ ഒരു ആരാധകനാണ്. വാസു നായരുടെ പേരില്‍ ഊറ്റം കൊള്ളുന്നയാള്‍.

സംശയങ്ങളുടെ കുന്തമുന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായി ഞാനറിഞ്ഞു.

കുഞ്ഞബ്ദുള്ള-ടി.പത്മനാഭന്‍ മാനനഷ്ടക്കേസിനടിസ്ഥാനം?  അതൊരു പഴയ കഥ.

കുഞ്ഞബ്ദുള്ളയുറ്റെ കന്യാവനങ്ങള്‍ എന്ന നോവലില്‍ ഒന്നാം അദ്ധ്യായത്തില്‍ ഹബീബും സോമനും ഗ്രന്ഥകാരനും കൂടി ജിദ്ദയിലേക്കുള്ള കപ്പല്‍ യാത്ര എഴുതിയപ്പോള്‍ രവീന്ദ്രനാഥ ടാഗോറീന്റെ യാത്രാവിവരണങ്ങളിലെ ഏതാനും ഭാഗം കടമെടുത്തിരുന്നു. ഈ കഴിഞ്ഞ ഡിസംബറിലെ ഒലിവ് പോസ്റ്റില്‍ ഒ.കെ.ജോണിയുടെ ഒരു കുമ്പസാരമുണ്ട്.

“എന്നാല്‍ കന്യാവനങ്ങളെ കുറിച്ച് ഞാനുയര്‍ത്തിയ ആരോപണം അടിസ്ഥാനരഹിതമല്ലെങ്കിലും തീര്‍ത്തും നിര്‍ദ്ദോഷമായ ഒരു തമാശ മാത്രമായിരുന്നുവെന്ന് പുനത്തിലിന് അറിയാമായിരുന്നു. ഒരു ലിറ്റററി ഗോസിപ്പ് എന്നതില്‍ കവിഞ്ഞ പ്രാധാന്യം അതിനില്ലെന്നാണ് അന്നുമിന്നും എന്റെ തോന്നല്‍”. ഈ നിര്‍ദ്ദോഷമായ തമാശ കുഞ്ഞബ്ദുള്ളയ്ക്ക് സാഹിത്യചോരന്‍ എന്ന ബിരുദം ചാര്‍ത്തി മലയാലത്തിലുടനീളം കത്തിയുയര്‍ന്ന കമ്പക്കെട്ടിന് വഴിമരുന്നിടുകയായിരുന്നുവെന്നത് ചരിത്രം. കോഴിക്കോട്ടെ പ്രമുഖ ദിനപ്പത്രം വാര്‍ത്തകളായും കമന്റുകലായും മറ്റും ഏതാണ്ട് ഒരു മാസത്തിലധികം തുടര്‍ച്ചയായി തനിക്കെതിരെ ആക്ഷേപ പരമ്പര പ്രസിദ്ധപ്പെടുത്തിയെന്ന് കുഞ്ഞിക്ക തന്നെ നേരിട്ട് പറഞ്ഞത് ഞാനോര്‍ക്കൂന്നു. കേരളത്തിലെ ഇതരപത്രങ്ങളും (ഒരു പത്രത്തില്‍ കുഞ്ഞിക്കയെ ടാഗോറായി ചിത്രീകരിച്ച കാര്‍ടൂണ്‍ ഉള്‍പ്പെടെ) ദൃശ്യമാധ്യമങ്ങളും തങ്ങളാല്‍ കഴിയും വിധം യാഥാര്‍ത്ഥ്യവും ഭാവനയും ചേര്‍ത്ത് ഈ കമ്പക്കെട്ടില്‍ തീ കൊളുത്തി.

ഒരു സംഭവം ഓര്‍ക്കുന്നു. ആ വര്‍ഷത്തെ മനോരമ വാര്‍ഷികപ്പതിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചെറുകഥാ പത്സരത്തിന്റെ ജൂറി ചെയര്‍മാന്‍ കുഞ്ഞബ്ദുള്ളയായിരുന്നു. മത്സരത്തിന്റെ പ്രഖ്യാപനവാര്‍ത്തയില്‍ ജൂറിയംഗങ്ങളുടെ പേരുകളുണ്ടായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം ചീഫ് എഡിറ്റര്‍ കത്തുകളുടെ ഒരു കെട്ട് എനിക്ക് തന്നു. പതിമൂന്ന് പോസ്റ്റ് കാര്‍ഡുകള്‍. സാഹിത്യ മോഷ്ടാവിനെയാണോ മനോരമ ജൂറി ചെയര്‍മാനായി ബഹുമാനിക്കുന്നത് എന്നുന്നയിച്ചുകൊണ്ടുള്ള ആക്ഷേപങ്ങള്‍. പലതിലും എഴുതിയ ആളിന്റെ പേരില്ല. ചിലര്‍ വിധേയന്‍, ചിലര്‍ മനോരമയുടെ അഭ്യുദയകാംക്ഷി.

ഞാന്‍ കത്തുകള്‍ പരിശൊധിച്ചു. എല്ലാം കോഴിക്കോട്ടും വയനാട്ടിലും പോസ്റ്റ് ചെയ്തത്.

കത്തുകള്‍ ഞാന്‍ കുഞ്ഞിക്കയെ കാണിച്ചു. തന്നെ ആക്ഷേപിക്കാന്‍ ഉന്നം വച്ച ഒരു സംഘമുണ്ടെന്ന് കുഞ്ഞിക്ക പറഞ്ഞു. അക്കൂടെ ജോണിയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

എന്റെ കേസ് പറഞ്ഞു തീര്‍ക്കല്‍ ദൗത്യം പരാജയപ്പെട്ടപ്പോല്‍ ഞാന്‍ ആലോചിച്ചു. പിന്നിലുള്ളയാളുകള്‍ എന്തുകൊണ്ട് പത്രങ്ങള്‍ക്കെതിരെ കേസു കൊടുക്കാന്‍ പ്രേരിപ്പിച്ചില്ല?

ഏതാനും മാസ മുന്‍പ് ടി.പത്മനാഭന് ഒരു പുരസ്കാരം ലഭിച്ചപ്പോള്‍ അനുമോദിക്കാന്‍ വിളിച്ചു. സംഭാഷണത്തിനിടയില്‍ മാനനഷ്ടക്കേസ് തീര്‍ക്കല്‍ ദൗത്യം പരാജയപ്പെട്ട സംഭവം പരാമര്‍ശിക്കപ്പെട്ടു. പിന്നിലുള്ളയാളുകള്‍ ചര്‍ച്ചയില്‍ വന്നു. അപ്പോഴും പത്മനാഭന്‍ പറഞ്ഞു. “അത് വാസു നായരായിരുന്നു”.

ഇന്നത് വാര്‍ത്തയല്ല. ശേഷിക്കുന്നത് മനഃശാസ്ത്രം മാത്രം. കുഞ്ഞബ്ദുള്ളയ്ക്കും പത്മനാഭനുമിടയില്‍ സ്ഥിരമായ ശത്രുതയൊന്നുമില്ലെന്നാണ് എന്റെ വിശ്വാസം (അല്ലെങ്കിലും എന്റെ അറിവില്‍ കുഞ്ഞിക്കയ്ക്ക് ആരോടും സ്ഥിരമായ ശത്രുത പുലര്‍ത്താനാവില്ല). പത്മനാഭന്‍ പലപ്പോഴും എന്നെ കാണുമ്പോള്‍ പറയുമായിരുന്നു. “എടോ, തന്റെ സുഹൃത്ത് ആ വൈദ്യരോട് ആ മുകുന്ദനെ കണ്ട് പഠിക്കാന്‍ പറയു”.

ഞാന്‍ ചോദിക്കും; “മുകുന്ദന്‍- മുകുന്ദന്‍, കുഞ്ഞബ്ദുള്ള-കുഞ്ഞബ്ദുള്ള. കുഞ്ഞബ്ദുള്ളയ്ക്കെങ്ങനെ മുകുന്ദനാവാന്‍ പറ്റും… മറിച്ചും?”

കുഞ്ഞബ്ദുള്ളയെ കുറിച്ചുള്ള പരിഗണനയാണ് പത്മനാഭന്റെ വാക്കുകളില്‍ നിന്ന് ഞാനറിഞ്ഞത്.

ഒരിക്കല്‍ ഞാനും കുഞ്ഞിക്കയും കോഴിക്കോടായിരുന്നു. മടക്കയാത്രയെ കുറിച്ച്, സംസാരത്തിനിടയില്‍ ഞാന്‍ പറഞ്ഞു. “കുഞ്ഞിക്കാ, ഞാന്‍ ഇവിടെ നിന്ന് മേഴത്തൂര്‍ പോവുന്നു. പത്മനാഭനെ കാണണം. പത്മനാഭന്‍ അവിടെ വൈദ്യമഠം ആയുര്‍വ്വേദ ക്ലിനിക്കില്‍ ചികിത്സയിലാണ്”.

കുഞ്ഞിക്ക എന്നോടൊപ്പം വന്നു. കുഞ്ഞബ്ദുള്ളയുടെ ആഗമനം പത്മനാഭനെ വളരെയധികം സന്തോഷിപ്പിച്ചു. മനസ് നിറഞ്ഞ ആനന്ദത്തോടെയാണ് കുഞ്ഞബ്ദുള്ളയെ അദ്ദേഹം സ്വാഗതം ചെയ്തത്.

വാസു നായരുമായി തനിക്കുള്ള ആത്മബന്ധം കുഞ്ഞിക്ക രണ്ട് പ്രാവശ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു എന്നാണെന്റെ ഓര്‍മ്മ. അതിന്റെ അടിസ്ഥാനം സാഹിത്യബന്ധമുള്ളവര്‍ക്കെല്ലാം അറിയാം. ‘സ്മാരകശില’കളുടെ കയ്യെഴുത്തു പ്രതിയില്‍ എം.ടി കൈ വെച്ചതും, മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയതും, അത് കുഞ്ഞിക്കയെ മലയാളത്തിലെ ഒന്നാംകിട കഥാകാരന്മാരുടെ നിരയിലേക്കുയര്‍ത്തിയതും ഇന്നൊരു രഹസ്യമല്ല.

ആ കഥയും അതിന്റെ പേരിലുള്ള നന്ദിപ്രകടനവും മറ്റ് പല പ്രസിദ്ധീകരണങ്ങളിലും കുഞ്ഞിക്ക എഴുതിയിട്ടുണ്ടെന്നതും ചരിത്രം.

അതിന് ശേഷം എത്ര പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാര്‍ കുഞ്ഞിക്കയുടെ കഥകളും, നോവലുകളും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു! അവരോടൊന്നും നന്ദി പറഞ്ഞ് കുഞ്ഞിക്ക എഴുതിയത് ഞാന്‍ വായിച്ചിട്ടില്ല. അതില്‍ തെറ്റില്ല താനും.

‘നന്ദികെട്ട വര്‍ഗ്ഗം, ‘മലയാളനാട്’ ഉണ്ടായിരുന്നപ്പോള്‍ അടുപ്പം കാണിച്ച ഒരുത്തനും ഇന്ന് തിരിഞ്ഞ് നോക്കുന്നില്ല. ഇങ്ങനൊരാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അവര്‍ക്കറിയില്ല”. ദീര്‍ഘകാലം ‘മലയാളനാട്’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ച വി.ബി.സി.നായര്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ ഒരു ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു നന്ദി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാര്‍ കൈകാര്യം ചെയ്യുന്ന മാസികകളുടെയോ ആഴ്ചപ്പതിപ്പുകളുടെയോ വാര്‍ഷികപ്പതിപ്പുകളുടെയോ പ്രചാരണത്തിന് സാഹിത്യകാരന്മാരെ പ്രയോജനപ്പെടുത്തുന്നു എന്നതല്ലേ സത്യം? എങ്കില്‍ പിന്നെ എന്തിന് നന്ദി പറയണം. നിന്ദിക്കാതിരുന്നാല്‍ പോരേ?

MT Vasudevan Dec 19
മറിച്ച് പ്രസിദ്ധീകരണങ്ങളുടെ വില്പനയ്ക്ക് സഹായിച്ചതിന് സാഹിത്യകാരന്മാരോട് നന്ദി പ്രകടിപ്പിക്കുകയല്ലേ വേണ്ടത്. ഈ നന്ദി മൂലമാണ് ഞാന്‍ കുഞ്ഞബ്ദുള്ള-ടി.പത്മനാഭന്‍ മാനനഷ്ടക്കേസില്‍ ഇടപെടാന്‍ ഇടയായത്. ഇപ്പോള്‍ എനിക്കൊരു സംശയം. ഞാന്‍ മുപ്പത് വര്‍ഷം മലയാള മനോരമ വാര്‍ഷികപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് എം.ടി ഒരു കഥയോ ലേഖനമോ വാര്‍ഷികപ്പതിപ്പിന് വേണ്ടി എഴുതി തരാതിരുന്നതില്‍, പത്മനാഭന് വാര്‍ഷികപ്പതിപ്പില്‍ നല്‍കിയ മുന്‍ഗണന ഒരു ഘടകമായിരുന്നോ? (രണ്ട് അഭിമുഖങ്ങള്‍ക്ക് എം.ടി സദയം ഇരുന്നു തന്നിട്ടുണ്ടെന്നത് നന്ദിയോടെ ഓര്‍ക്കുന്നു. പക്ഷേ, എനിക്ക് വേണ്ടിയിരുന്നത് ക്രിയേറ്റീവ് വര്‍ക്കായിരുന്നു). എം.ടിയോട് ചോദിക്കാതിരുന്നിട്ടല്ല. തുടര്‍ച്ചയായി കത്തുകളെഴുതി. കോഴിക്കോട് കൊട്ടാരം വീട്ടിലെ വീട്ടിലും മാതൃഭൂമി ഓഫീസിലും രണ്ടോ മൂന്നോ തവണ വീതം എത്തി സംസാരിച്ചിരുന്നു. ഒരു ഘട്ടമായപ്പോള്‍ യശഃശ്ശരീരനായ കെ.പി.അപ്പന്‍ എന്നോട് പറഞ്ഞു. “മാത്യു, ഇനി അദ്ദേഹത്തോട് കഥയോ ലേഖനമോ ഒന്നും ചോദിക്കേണ്ട. അദ്ദേഹത്തിന്റെ കഥയില്ലെങ്കിലും മനോരമ വാര്‍ഷികപ്പതിപ്പ് അച്ചടിക്കുന്നത് മുഴുവന്‍ വിറ്റുപോകുന്നുണ്ടല്ലോ”.

കഥ തരാതിരിക്കാന്‍ വ്യക്തിപരമായ ഒരു കാരണവും ഞാന്‍ കാണുന്നില്ല. കാണുന്നത് പത്മനാഭന് നല്‍കിയ മുന്‍ഗണന മാത്രം. അതിന് എനിക്ക് എന്റേതായ ന്യായീകരണമുണ്ടായിരുന്നു താനും.

പണ്ഡിതനായ എം.പി.ശങ്കുണ്ണി നായര്‍ ചെറുകഥകളുടെ ആന്തോളജിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്മനാഭനെ കുറിച്ച് എഴുതി, “അവിവാഹിതനായ ഈ ചെറുപ്പക്കാരന്‍ അഭിഭാഷകവൃത്തി നിര്‍വ്വഹിക്കുന്നു. താനാണ് ലോകത്തിലെ ഏറ്റവും മികച്ച കഥാകൃത്ത് എന്ന് ഈ യുവാവ് പറയും. പറയുന്നത് വെറും ഭോഷ്കല്ല താനും”.

തകഴി കോട്ടയത്തും, തിരുവനന്തപുരത്തും നിറഞ്ഞ സദസ്സില്‍ വച്ച് ‘നീയണെടാ ഒന്നാമന്‍’ എന്ന് പറഞ്ഞപ്പോഴും സന്തോഷം തോന്നി എന്ന് പത്മനാഭന്‍ പറയുന്നു.

പത്മനാഭന്റെ ഒരു പുഞ്ചിരിക്ക് വേണ്ടി ശങ്കുണ്ണി നായരും, തകഴിച്ചേട്ടനും അങ്ങനെ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

സാഹിത്യവും സംഗീതവും മാത്രമല്ല ഗുസ്തിയും ഒരുമിച്ച് മനസ്സില്‍ കൊണ്ട് നടക്കുന്നയാളാണ് ടി.പത്മനാഭന്‍. പത്മനാഭന്റെ ഗുസ്തി വാക്കുകളിലൂടെയാണ്. ഗോദാപ്രസംഗ, അഭിമുഖവേദികളില്‍. മറ്റ് ചിലരുണ്ട്, ഗുസ്തിക്കാര്‍ തന്നെ. വാക്കുകളില്ല; നിശബ്ദമായാണ് ഗുസ്തി. ഗോഡ അണ്ടര്‍ ഗ്രൗണ്ടിലായിരിക്കും.

കുഞ്ഞബ്ദുള്ള ഒരു പ്രധാന കഥാപാത്രമാണല്ലോ ഈ കേസില്‍. ആരോടും പകയോ പ്രതികാരബുദ്ധിയോ വച്ച് പുലര്‍ത്താത്ത കുഞ്ഞിക്കയെ അദ്ദേഹത്തിന്റെ ഒട്ടേറെ കുസൃതികളോടൊപ്പം കേരളം വാത്സല്യത്തോടെ കൂടെ നിര്‍ത്തുന്നു. ആ കുസൃതി പരമ്പരയില്‍ ഒന്നായിരുന്ന മാനനഷ്ടക്കേസും എന്നെ ഞാനിപ്പോള്‍ കാണുന്നുള്ളൂ. എനിക്ക് ദുഃഖമുള്ളത്, പ്രതിഷേധമുള്ളത് കുഞ്ഞിക്കയുടെ പിന്നില്‍ നിന്നിരുന്ന ആളുകളെ കുറിച്ച് മാത്രം.

ഈ കേസിന്റെ ആന്റി ക്ലൈമാക്സ് കൂടി പറഞ്ഞില്ലെങ്കില്‍ ഈ ഓര്‍മ്മ പൂര്‍ത്തിയാവില്ലെന്ന് തോന്നുന്നു. 2005ലെ മനോരമ വാര്‍ഷികപ്പതിപ്പില്‍ കുഞ്ഞബ്ദുള്ള- ടി.പത്മനാഭന്‍ മാനനഷ്ടക്കേസിനെ കുറിച്ചുള്ള തന്റെ കുറിപ്പ് ടി.പത്മനാഭന്‍ സമാഹരിക്കുന്നതിങ്ങനെ.

“കൂടുതല്‍ പറയേണ്ടല്ലോ.. ഒരു കാര്യം കൂടി സ്പര്‍ശിച്ച് ഇതവസാനിപ്പിക്കാം. 25 ലക്ഷം ഉറുപ്പിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ആ കേസ് ഇനിയും ഫയല്‍ ചെയ്തിട്ടില്ല”.


തന്മ മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം പുനഃപ്രസിദ്ധീകരിക്കപ്പെട്ടത്

Comments
Print Friendly, PDF & Email

You may also like