പൂമുഖം POLITICS നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം – ചിന്ത ജെറോം

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം – ചിന്ത ജെറോം


ഹൈദരാബാദ് യൂണിവേഴ്സിറ്റിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മുന്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും,  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ചിന്ത ജെറോം എഴുതിയ കുറിപ്പ്


 

ന്ന് ദുഃഖവെള്ളിയാണ്. അനീതിക്ക് മേല്‍ നീതിക്ക് വേണ്ടി  യേശു കുരിശേറിയ ദിവസം. യേശുവിന്റെ കുരിശുമരണം നമുക്ക് സമ്മാനിച്ചത് നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. ഒരു മനുഷ്യന്‍ എങ്ങനെയാവണമെന്നും ഒരു ജനനേതാവ് എങ്ങനെയാവണമെന്നുമെല്ലാം അത് നമുക്ക് കാണിച്ചു തന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും മാതൃകകളിലൂടെ നമ്മെ വഴിനടത്തി. അത്തരമൊരു വിശേഷദിവസം തന്നെ ഒരു മരണത്തെ കുറിച്ച് പറയേണ്ടി വരികയാണ്, ആ മരണമുയര്‍ത്തുന്ന വിഷയങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരികയാണ്.

ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊന്നും കേള്‍ക്കാന്‍ സുഖകരമായതല്ല. തങ്ങളുടെ സഹപാഠിയുടെ നീതിക്ക് വേണ്ടി പൊരുതുന്ന വിദ്യാര്‍ത്ഥികള്‍, തങ്ങളുടെ വിദ്യാര്‍ത്ഥിയുടെ നീതിക്ക് വേണ്ടി പൊരുതുന്ന അദ്ധ്യാപകര്‍, അവരോട് ഒരു ഭരണകൂടവും സര്‍വ്വകലാശാലാ അധികാരിയും പെരുമാറുന്നത് കാണുമ്പോള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി സമൂഹത്തിന്, അതിനേക്കാളേറെ ജനാധിപത്യവിശ്വാസികള്‍ക്ക് മൗനം പൂണ്ടിരിക്കാന്‍ സാധിക്കുക.

ഹൈദരാബാദ് സര്‍വ്വകലാശാല ഒരിക്കലും ജെ.എന്‍.യുവിനെ പോലെ വാര്‍ത്തകളില്‍ ഇടം നേടിയ ഒന്നല്ല. അപ്പര്‍ ക്ലാസ്, മിഡില്‍ ക്ലാസ് വിദ്യാര്‍ത്ഥികളേക്കാളേറെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകന്നവരും, ദളിത് വിദ്യാര്‍ത്ഥികളും, മുസ്ലീം വിദ്യാര്‍ത്ഥികളും പഠിക്കുന്ന ഈ സര്‍വ്വകലാശാലയ്ക്ക് നേരെ ബ്രാഹ്മണിക്കല്‍ ഫാസിസം ഇത്രയേറെ പത്തി വിടര്‍ത്തിയാടിയില്ലെങ്കിലെ നാം അത്ഭുതപ്പെടേണ്ടതുള്ളൂ. അവിടെ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും നിങ്ങളീ കാണിക്കുന്നതിനേക്കാള്‍ വലിയ ക്രൂരതകളുടെ ഭൂതകാലം പേറുന്നവരായിരിക്കും. അതിനാല്‍ തന്നെ ഈ ഭീഷണി അവര്‍ക്ക് മുന്നില്‍ ഒരിക്കലും വിലപ്പോവുന്നതല്ല എന്നാദ്യമേ മനസിലാക്കുമല്ലോ.

എങ്ങനെയാണ് ഒരാത്മഹത്യ ഇത്രയേറെ സമരങ്ങള്‍ക്ക് കാരണമാവുന്നത് എന്ന ബാലിശമായ സംശയങ്ങളിലൂടെ പൊതുബോധം നിര്‍മ്മിച്ചെടുത്ത സംഘപരിവാര്‍ മനസ്സുകള്‍ ഇന്ന് നമുക്കിടയില്‍ ധാരാളമുണ്ട്. അതിനെ നാം ഭയന്നേ മതിയാവൂ. രോഹിത്തിന്റെ മരണത്തിന് കാരണം അദ്ദേഹത്തെ വേട്ടയാടിയ സര്‍വ്വകലാശാലാ അധികൃതരും, കേന്ദ്രസര്‍ക്കാരുമാണ്. അതുകൊണ്ട് തന്നെയാണ് രോഹിതിന്റെ ആത്മഹത്യ ഒരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍ ആയി മാറുന്നതും.

എന്തുകൊണ്ടാണ് അധികാരികള്‍ക്ക് ഒരു വിദ്യാര്‍ത്ഥിസമരത്തെ ഇത്രമാത്രം അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ടി വരുന്നത്? എന്തുകൊണ്ടാണ് ആ സമരം ഇത്രമാത്രം ശക്തമായി നിലകൊള്ളുന്നത്? ജനുവരി പതിനേഴിനാണ് രോഹിതിന്റെ ആത്മഹത്യ നടക്കുന്നത്. രണ്ട് മാസത്തിന് ശേഷവും ആ മരണം ഒരു സര്‍വ്വകലാശാലയെ സമരച്ചൂടില്‍ പൊള്ളിക്കുന്നുണ്ടെങ്കില്‍ അധികാരികള്‍ ഭയന്നേ തീരൂ.

Hyderabad_University_Vemula_protests3x2

രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.സി/എസ്.ടി പീഡനനിരോധന നിയമപ്രകാരം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള അപ്പ റാവു എന്ന ആ വൈസ് ചാന്‍സലറുടെ ജാമ്യഹര്‍ജി പോലും കോടതി തള്ളിയതാണ്. ജാമ്യമില്ലാത്ത ആ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ആ കുറ്റക്കാരനായി ആരോപിക്കപ്പെടുന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടാത്തത് എന്ന ഏതൊരു സാധാരണക്കാരന്റെയും സംശയമാണ് ഇവിടെ എല്ലാവരും ഉന്നയിക്കുന്നത്. അപ്പ റാവു അറസ്റ്റ് ചെയ്യപ്പെടുന്നില്ല എന്ന് മാത്രമല്ല, അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്റെ ചുമതലയില്‍ തുടരുക കൂടി ചെയ്യുന്നു എന്നുള്ളിടത്താണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാവുന്നതും.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വളരെ ശാന്തമായിരുന്ന യൂണിവേഴ്സിറ്റി ക്യാമ്പസ് ഒരൊറ്റ രാത്രി കൊണ്ട് യുദ്ധസമാനമായതും, അടിയന്തരാവസ്ഥയ്ക്ക് തുല്യമായതും നീണ്ട ലീവിലായിരുന്ന അപ്പ റാവു തിരിച്ച് വന്ന് ചുമതലയേറ്റപ്പോഴാണ്. ആ പ്രതിഷേധങ്ങളെ അദ്ദേഹം നേരിട്ട രീതി നോക്കൂ. ക്യാമ്പസിലെ കുടിവെള്ളവും, വൈദ്യുതിയും, ഇന്റര്‍നെറ്റും വിച്ഛേദിച്ചു. മെസ്സുകള്‍ അടച്ചു പൂട്ടി. എ.ടി.എം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കി. പുറമെ നിന്നുള്ള സന്ദര്‍ശകരെ ക്യാമ്പസിനകത്ത് വിലക്കി; മാധ്യമപ്രവര്‍ത്തകരെയും, വിദ്യാര്‍ത്ഥികളുടെ അഭിഭാഷകരെയും അടക്കം. ക്യാമ്പസിനെ പൂര്‍ണ്ണമായും പോലീസിനെ ഏല്‍പ്പിച്ചു. ഇങ്ങനെയാണ് ആ വൈസ് ചാന്‍സലര്‍ ഒരു വിദ്യാര്‍ത്ഥി സമരത്തെ നേരിട്ടത്.

ക്യാമ്പസിനകത്ത് പിന്നീട് കണ്ടത് പോലീസ് രാജായിരുന്നു. കണ്ടവരെയെല്ലാം മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥിനികളോട് നിങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. മുസ്ലീം വിദ്യാര്‍ത്ഥികളെ തീവ്രവാദികളെന്ന് വിളിച്ചു. ദേശദ്രോഹികളെന്ന് സമരക്കാരെ മുഴുവന്‍ ആക്ഷേപിച്ചു. എന്തിനേറെ തന്റെ സഹപാഠികളായ സമരക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത ഉദയ് ഭാനുവെന്ന വിദ്യാര്‍ത്ഥിയെ മാരകമായി മര്‍ദ്ദിച്ച് പരിക്കേല്പിച്ചു. ആ വിദ്യാര്‍ത്ഥി ഇപ്പോള്‍ ഐ.സി.യുവിലാണ്. ഇത്രമാത്രം പ്രശ്നങ്ങള്‍ നടന്ന ആ കാമ്പസിനകത്ത് മെസ്സ് അടച്ചു പൂട്ടിയപ്പോള്‍ ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരായി. അതിനിടയ്ക്ക് പോലും ബീഫ് വിളമ്പുന്നുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു പോലീസ് ചെയ്തിരുന്നത് എന്നാണ് അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പശു എന്ന മൃഗത്തെ ഒരു ഭീകരജീവി ആക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു ഇവര്‍. കഴിഞ്ഞ ദിവസം രണ്ട് കന്നുകാലി വ്യാപാരികളെ കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍ നോവാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥിസമരത്തെ അടിച്ചമര്‍ത്തിയേ തീരു. അതിനാണവര്‍ ശ്രമിക്കുന്നത്. അതായത് പശുവിനുള്ള വില പോലും ഇന്ത്യയില്‍ ഇന്ന് ഒരു മനുഷ്യനില്ല എന്നാണ്.

Hyderabad_university_gates_police (2)

നുണകളാല്‍ തീര്‍ത്ത ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് ഉപജീവനം കഴിക്കുന്ന സംഘമാണ് ഇന്ന് സംഘപരിവാര്‍. ആശയപരമായ യാതൊന്നും മുന്നോട്ട് വയ്ക്കാന്‍ അവര്‍ക്ക് സാധ്യമല്ല. അധികാരവും ആള്‍ബലവും കൊണ്ട് മാത്രം ഈ പ്രതിഷേധത്തെ നേരിടാം എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ രോഹിത്തിന്റെ മരണം വൃഥാവിലാവില്ല എന്ന് തന്നെയാണ് ഈ നിമിഷം എനിക്ക് പറയാനുള്ളത്. പോരാട്ടങ്ങളുടെ കാലമാണിത്. ഫാസിസ്റ്റുകള്‍ അവരുടെ ദ്രംഷ്ടകള്‍ ആഴ്ത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുകയും ആ ദ്രംഷ്ടകള്‍ പിഴുതെറിയുകയും ചെയ്യേണ്ടത് ഈ രാജ്യത്തെ യുവത്വത്തിന്റെ കടമ തന്നെയാണ്. അത് അവര്‍ ചെയ്യുക തന്നെ ചെയ്യും.

സ്മൃതി ഇറാനിമാര്‍ക്കും, അപ്പാ റാവുമാര്‍ക്കും സംഘപരിവാരങ്ങള്‍ക്കും ചവിട്ടി മെതിക്കാനുള്ളതല്ല ഈ നാട്ടിലെ വിദ്യാര്‍ത്ഥികളുടെ ജീവനും ഭാവിയും. എന്റെ കുട്ടികളെന്ന് പറഞ്ഞ ലോകസഭയില്‍ അലറിക്കരഞ്ഞ ആ മന്ത്രിക്ക് അവരുടെ കുട്ടികളെ പട്ടിണിക്കിട്ടപ്പോള്‍, ഒരു തുള്ളി വെള്ളം പോലും കൊടുക്കാതിരുന്നപ്പോള്‍, മൃഗീയമായി തല്ലിച്ചതച്ചപ്പോള്‍ ഒന്നും മിണ്ടാനായില്ല. അതാണ് ഒരു അഭിനേത്രിയുടെ അഭിനയപാടവം. സ്ക്രീനില്‍ പതിയുന്ന സ്നേഹമല്ല, ഹൃദയത്തില്‍ നിന്ന് വരുന്ന സ്നേഹം. അതറിയണമെങ്കില്‍ ഈ പ്രതിഷേധത്തോടൊപ്പം ചേര്‍ന്ന് നോക്കൂ. ഒരു കുടുംബം പോലെ, തങ്ങളില്‍ ഒരുവന് വേണ്ടി അവര്‍ ഒരു മനസ്സോടെ പൊരുതുന്നത് കാണൂ. നിങ്ങളുടെ ഭീഷണികളെയും, അടിച്ചമര്‍ത്തലിനെയും തൃണവത്കരിച്ച് അവര്‍ മനസ്സുകളില്‍ കരുത്താര്‍ജ്ജിച്ച് ഒരു ഭരണകൂടത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തുന്നത് കേള്‍ക്കൂ. ആ വിദ്യാര്‍ത്ഥികളെയും, അവരുടെ അദ്ധ്യാപകരെയും എങ്ങനെയാണ് നിങ്ങള്‍ക്ക് തോല്പീക്കാനാവുക.

നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടത്തിന് എന്റെ ഐക്യദാര്‍ഢ്യം.


 

Comments
Print Friendly, PDF & Email

You may also like