OPINION

തെരെഞ്ഞെടുപ്പും സ്ത്രീപ്രാതിനിധ്യവും
ഒപ്പീനിയന്‍


 

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ മറ്റൊരു തെരഞ്ഞെടുപ്പു  നടക്കുകയാണ്.പങ്കാളിത്ത ജനാധിപത്യത്തിലധിഷ്ടിതമായ വികേന്ദ്രീകൃത ആസൂത്രണം ഉറപ്പാക്കുന്ന ഒന്നായിരിക്കണം തദ്ദേശ ഭരണം. കേരള നിയമ നിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്, പ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഒന്നാണ്. അത് കൊണ്ട് തന്നെ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നിയമ നിര്‍മ്മാണവും  നിര്‍മ്മാര്‍ജ്ജനവും നടക്കുന്ന നിയമ നിര്‍മ്മാണ സഭയിലേക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളെ തെരെഞ്ഞെടുക്കേണ്ടതുണ്ട്. ഇത് ഉറപ്പു വരുത്തേണ്ടത് രാഷ്ട്രീയ കക്ഷികള്‍ ആണ്. പക്ഷെ കഴിഞ്ഞ അറുപതു വര്‍ഷമായി സംവരണത്തിലൂടെയല്ലാതെ സാമൂഹിക നീതിയിലതിഷ്ഠിതമായ ഒരു ജനപ്രാതിനിധ്യ സംതുലനം നിയമ നിര്‍മ്മാണ സഭയില്‍ ഉണ്ടായില്ല എന്നതാണ് വസ്തുത. ഒറ്റ ഉദാഹരണം മതി കേരള നിയമനിര്‍മ്മാണസഭയിലെ അസന്തുലിതാവസ്ഥ വെളിവാക്കാന്‍. 1957 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സംസ്ഥാനം ഭരിച്ച 13 നിയമനിര്‍മ്മാണസഭകളില്‍ ആകെ എം.എല്‍.എ. മാരുടെ എണ്ണം 866. അവരില്‍ സ്ത്രീകള്‍ 38 പേര്‍ മാത്രം.. 200 നടുത്ത് മന്ത്രിമാരില്‍ വനിതകള്‍ 6 പേര്‍ മാത്രം ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ എത്ര നിയമസഭകള്‍ പൂര്‍ണ്ണമായും വനിതകള്‍ മാത്രമായി പ്രതിനിധാനം ചെയ്യണം? കേരളത്തിന് ഒട്ടേറെ വിശേഷണങ്ങള്‍ ഉണ്ട് സാക്ഷരതയിലടക്കം ‘കേരള മോഡല്‍’ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നാക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ രാഷ്ട്രീയവും ഭരണവും ഒട്ടും സ്ത്രീ സൌഹാര്‍ദ്ദപരമല്ല എന്ന് വെളിവാക്കുന്നതാണ് കണക്കുകളും 14- മത് നിയമ നിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പു ചര്‍ച്ചകളും.

പതിനാലാം നിയമസഭ പതിമൂന്നാം നിയമസഭയേക്കാള്‍ ഏറെ ‘മെച്ച’മായിരിക്കും സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തില്‍ എന്ന് സ്ഥാനാര്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പൊതു സമൂഹത്തിനു മാത്രമേ സാമൂഹിക നീതിയിലും ലിംഗ സമത്വത്തിലും അധിഷ്ഠിതമായ നിയമനിര്‍മ്മാണസഭ ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് കരുതുന്നു.

70,000 ത്തിലേറെ സ്ഥാനാര്‍ഥികള്‍, ആയിരം കോടി രൂപ, 10 ലക്ഷത്തിലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍, 2.35 കോടി സമ്മതിദായകര്‍ ഉള്‍പ്പെട്ടതായിരുന്നു കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. ഇത്രയും പണവും ജനങ്ങളും പങ്കെടുത്ത ഒരു തെരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും കൂടുതല്‍ പക്വത എല്ലാ വിഭാഗങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതാണ്. പക്ഷെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ ഒന്നും തന്നെ ലിംഗ സമത്വത്തില്‍ അധിഷ്ഠിതമായ ഒരു നിയമ നിര്‍മ്മാണ സഭയുടെ രൂപീകരണം ആവശ്യമാണ്‌ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ല എന്ന് വ്യക്തമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാം കണ്ടത് വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരക്കം പായുന്നതാണ്. 2010 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ സ്ഥാനാര്‍ഥികളില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ 5436 പേര്‍ ഉണ്ടായിരുന്നുവെങ്കില്‍ 2015ല്‍ ഇത് 7500 ലധികമായി വര്‍ദ്ധിച്ചു. 42 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെട്ട ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ സംഘടനയാണ് കുടുംബശ്രീ. ഭരണവുമായി, വിശേഷിച്ചും തദ്ദേശ സ്വയംഭരണവുമായി, ഏറ്റവും അടുത്ത് നിന്ന് പ്രവര്‍ത്തിക്കുന്നത് കുടുംബശ്രീ എന്ന പ്രസ്ഥാനമാണ്. കഴിഞ്ഞ 17 വര്‍ഷമായി ദാരിദ്ര്യ ലഘൂകരണത്തില്‍ തുടങ്ങി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കേരള കേന്ദ്ര സര്‍ക്കാരുകളുടെയും സാമൂഹിക ക്ഷേമ പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് കുടുംബശ്രീ വഹിക്കുന്നത്. ഇതൊക്കെ ചെയ്യുന്നത് ഏറ്റവും കുറഞ്ഞ ചെലവിലും. സി.ഡി.എസ്. ചെയര്‍ പേഴ്സണ്‍മാര്‍ക്ക് മാത്രമാണ് ഓണറേറിയം ലഭിക്കുന്നത്. രണ്ടരലക്ഷത്തോളം വരുന്ന ആശ്രയ കുടുംബങ്ങളെ സംരക്ഷിക്കുന്നത്, തികച്ചും സൌജന്യമായി, ഒരു സാമൂഹിക പ്രവര്‍ത്തനം എന്ന നിലയില്‍ മാത്രമാണ്.
ഭരണ രാഷ്ട്രീയ സാക്ഷരത ഈ സ്ത്രീകളുടെ ഇടയില്‍ സമ്പൂര്‍ണമാണ്, കാരണം ഭരണതലത്തെ സംബന്ധിച്ച് ഇവര്‍ക്ക് മതിയായ ക്ലാസ്സുകളും പരിശീലനവും ലഭിക്കുന്നുണ്ട്. കൃത്യമായി വാര്‍ഡ്‌ സഭകളില്‍ പങ്കെടുക്കുന്നതും കുടുംബശ്രീ അംഗങ്ങള്‍ മാത്രമാണ്. ഭരണഘടനാപരമായ ഒരു കടമയാണ് വാര്‍ഡ്‌ സഭയില്‍ പങ്കെടുക്കല്‍ എന്ന് കരുതി വാര്‍ഡ്‌/ഗ്രാമ സഭകളില്‍ പങ്കെടുക്കുന്ന എത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ട്? ഇവിടെയാണ്‌ കുടുംബശ്രീ അംഗങ്ങളുടെ പ്രതിബദ്ധത ഏതു പാര്‍ട്ടിക്കാരെക്കാളും പൊതു സമൂഹത്തെ ക്കാളും പതിന്മടങ്ങ്‌ മികച്ചതാണ് എന്ന് പറയാന്‍ കഴിയുന്നത്‌. രാഷ്ട്ര പുന:നിര്‍മ്മാണ പ്രക്രിയയില്‍ ഇത്രയേറെ മുഴുകുന്ന ഒരു പ്രസ്ഥാനത്തിലെ അംഗങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള കേരള നിയമനിര്‍മ്മാണസഭ അപൂര്‍ണമാകും. ഇത് കേവലം ലിംഗ സമത്വത്തിന്‍റെ മാത്രം പ്രശ്നമല്ല. കേരളത്തിലെ പകുതിയിലേറെ വരുന്ന കുടുംബങ്ങളില്‍ ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ചലനങ്ങള്‍ തൊട്ടറിയാനും പരിഹരിക്കാനും കഴിയുന്നു കുടുംബശ്രീ അംഗങ്ങള്‍ക്ക്.

04KOCHI3333_GUG_KU_2571406f
“ഇനി ഞങ്ങള്‍ പറയാം” എന്ന പരിപാടിയിലൂടെ ദൂരദര്‍ശനും കുടുംബശ്രീയും ചേര്‍ന്ന് 100 എപ്പിസോഡുകളിലായി മലയാളികളുടെ മുന്‍പില്‍ അവതരിപ്പിച്ചത് രാഷ്ട്രീയ പുന:നിര്‍മാണ പ്രക്രിയയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളാകുന്നതിന്‍റെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ ആണ്. ഈ പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയ ഇടുക്കി കഞ്ഞിക്കുഴി സി.ഡി.എസ്സിന് സമ്മാനം കൊടുത്തു കൊണ്ട് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി പറഞ്ഞത് രണ്ടരലക്ഷം ആശ്രയ കുടുംബങ്ങളെ പരിപാലിക്കുന്ന കുടുംബശ്രീ മഹത്തായ ഒരു പ്രസ്ഥാനം ആണെന്നാണ്‌. പക്ഷേ അദ്ദേഹത്തിനു സ്വന്തം പാര്‍ട്ടിയില്‍ കുടുംബശ്രീ പ്രസ്ഥാനത്തിനെ പ്രതിനിധീകരിച്ചു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നു ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റേയും മന്ത്രിയായിരുന്ന്‍, കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ ആഴത്തിലും പരപ്പിലും തൊട്ടറിഞ്ഞ ഡോ. മുനീറിന് തന്‍റെ പാര്‍ട്ടിയില്‍ കുടുംബശ്രീ വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. കുടുംബശ്രീക്ക് രൂപം കൊടുക്കുകയും സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്ത ഡോ.തോമസ്‌ ഐസക്കിന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ കുടുംബശ്രീ വനിതകള്‍ നിയമ നിര്‍മ്മാണ സഭയിലേക്ക് സ്ഥാനാര്‍ഥികള്‍ ആയി ഉണ്ടാകണം എന്ന് ആവശ്യപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വാര്‍ഡ്‌ സഭകളിലോ അയല്സഭകളിലോ പങ്കെടുക്കാത്ത സെലിബ്രിറ്റികളുടെ പിന്നാലെ സീറ്റുമായി നടക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണ സഭയെ ജന വികാരം പ്രതിഫലിക്കാത്ത ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിനു മാറ്റം വരുത്താന്‍ വോട്ടര്‍മാര്‍ക്കേ കഴിയൂ. 140 മണ്ഡലങ്ങളിലും കുടുംബശ്രീ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു കക്ഷി രാഷ്ട്രീയത്തിന് മറുപടി കൊടുക്കാന്‍ കഴിയണം, വനിതാ സ്ഥാനാര്‍ഥിയ്ക്ക് വോട്ടു ചെയ്യാന്‍ പാര്‍ലമെന്റില്‍ നിയമം പാസ്സാക്കേണ്ടല്ലോ.


 

Print Friendly, PDF & Email