കടുകുമണികൾ

കടുകുമണികൾ‘രണ്ടില’

ചിഹ്നം ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ്സ് (എം)-ന് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഓർഡർ വന്നതോടുകൂടി ആ പാർട്ടിയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. കോടതിവിധി പ്രകാരം ഇപ്പോഴും കേരളാ കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ പി ജെ ജോസഫ് ആണ്.  എന്നുവെച്ചാൽ  “പെട്ടി പോയാലെന്താ, താക്കോൽ നമ്മുടെ കൈയ്യിലുണ്ടല്ലൊ” എന്ന് പണ്ട് ഒരു നമ്പൂരി പറഞ്ഞതുപോലെയാണ് കാര്യങ്ങൾ!  ആരുടെ കൈയിലാണ് പെട്ടി, ആരുടെ കൈയിലാണ് താക്കോൽ എന്ന കാര്യത്തിലേ ഇനി തീരുമാനം ആകാനുള്ളൂ.   കേരളാ കോൺഗ്രസ്സുകളുടെ ചരിത്രം അറിഞ്ഞുതന്നെ ഭരണഘടനാസ്ഥാപനങ്ങളും പെരുമാറുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ.

യഥാർത്ഥ കേരളാ കോൺഗ്രസ്സ് (എം) ഏതെന്നറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കാര്യം ചെയ്താൽ മതി. ‘രണ്ടില’ പകുത്ത് ഒരില ജോസ് കെ മാണിക്കും ഒരില പി ജെ ജോസഫിനും നൽകാമെന്ന ഉപാധി വെയ്ക്കുക.  ഏത് വ്യക്തി ആ ഉപാധി നിരസിക്കുന്നുവോ അയാളുടെ പാർട്ടിയാണ് യഥാർത്ഥ കേരളാ കോൺഗ്രസ്സ് എന്ന് പ്രഖ്യാപിക്കുക.

എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിയുടെ ദേഹവിയോഗം മാധ്യമങ്ങളിൽ വലിയ വാർത്തയായത് തികച്ചും ഭൗതികമായ ഒരു കാരണം മൂലമാണെന്നത് വിചിത്രം. മഠത്തിന്റെ ഭൂസ്വത്തുക്കൾ ഏറ്റെടുത്തുകൊണ്ട് കേരള സർക്കർ ഇറക്കിയ ഉത്തരവിനെതിരെയും ഭൂപരിഷ്കരണ നിയമത്തിനെതിരെയുമാണ് അന്ന് വെറും 31 വയസ്സുള്ള സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. അന്തരിച്ച സുപ്രസിദ്ധ അഭിഭാഷകൻ നാനി പാൽഖിവാലയാണ് സ്വാമിക്ക് വേണ്ടി കേസ് വാദിച്ചത്. അദ്ദേഹത്തിന്റെ വാദങ്ങൾ കേസിന് പുതിയ മാനങ്ങൾ നൽകി.  ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റം വരുത്താനോ മൗലികാവകാശങ്ങളിൽ കൈകടത്താനോ ഉള്ള അധികാരം പാർലമെന്റിന് പോലും ഇല്ലെന്ന ചരിത്രപ്രാധാന്യം നേടിയ വിധിയിലാണ് ആ കേസ് അവസാനിച്ചത്. പാർലമെന്റ് തന്നെ ഭരണഘടനയുടെ ഒരു സൃഷ്ടിയായതിനാൽ ഭരണഘടനയുടെ മൗലികമായ ഘടനയെ മാറ്റിമറിയ്ക്കുന്നതിന് പാർലമെന്റിന് അധികാരമില്ല എന്നതാണ് വിധിയുടെ കാതൽ.  ഒരു പക്ഷെ സുപ്രീം കോടതിവിധികളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടതും ഇനി വരുന്ന നാളുകളിൽ പരാമർശിക്കപ്പെടാൻ പോകുന്നതുമായ  ഒന്നാണ് കേശവാനന്ദ ഭാരതി കേസ്.

ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ 500-ൽ പരം കോവിഡ് രോഗികളേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ജനങ്ങളെല്ലാം ഭയവിഹ്വലരായിരുന്നു. ‘ഇനിയെന്ത്?’ ‘ഇനിയെന്ത്?’ എന്ന് ആകാംക്ഷാഭരിതരായിരുന്നു. ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനിന്നത് കോവിഡ് മാത്രം.  ഇപ്പോൾ ഇന്ത്യയിൽ കോവിഡ് രോഗികൾ 45 ലക്ഷം കവിഞ്ഞു. ഓരോ ദിവസവും അസുഖബാധിതരാവുന്നത് ആയിരങ്ങളാണ്. എന്നാൽ എല്ലാവരും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുന്നു. മാസ്ക് ധരിക്കുമെന്നതൊഴിച്ചാൽ, ഇടയ്ക്കിടെ ഗവണ്മെന്റിന്റെ അറിയിപ്പുകളും താക്കീതുകളും ഉണ്ടെന്നതൊഴിച്ചാൽ, എല്ലാം സാധാരണ പോലെ. “Familiarity breeds contempt” എന്നത് കോവിഡിനും ബാധകമാണ്.

ഹിന്ദു ദിനപത്രത്തിലെ റിപ്പോർട്ട് അനുസരിച്ച് 2019 ന്റെ അവസാനത്തിൽ  വിചാരണ നേരിടുന്ന   3,48,000 പേരാണ് ഇന്ത്യൻ തടവറകളിലുള്ളത്. ഇതിൽ തന്നെ ഒരു ലക്ഷത്തിൽ പരം ആൾക്കാർ ഒരു വർഷത്തിന് കൂടുതൽ ആയി ജയിലിൽ കഴിയുന്നവരാണ്. ഇതിൽ ഭൂരിപക്ഷം തടവുകാരും വിദ്യാഭ്യാസയോഗ്യത കുറഞ്ഞവരാണ് (28% അക്ഷരാഭ്യാസമില്ലാത്തവരും, 40%സ്കൂൾ ഫൈനൽ കടക്കാത്തവരും). ശിക്ഷിക്കപ്പെടുന്നതുവരെ ഇവരെ നമുക്ക് നിരപരാധികളായി കണക്കാക്കേണ്ടതുണ്ട്. ഇനി മറ്റൊരു കണക്ക് നോക്കാം. സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖപ്രകാരം പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും 2556 സാമാജികരാണ് ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരായുള്ളത്. മുൻ എം പി മാരുടെയും എം എൽ എ മാരുടെയും കണക്കുകൂടി ചേർത്താൽ ഈ സംഖ്യ 4442 ആയി ഉയരും. ഇതിലെ വൈരുദ്ധ്യം നാം കാണാതിരുന്നുകൂടാ. വിചാരണത്തടവുകാർ അവരുടേതല്ലാത്ത കാരണങ്ങളാലാണ് ജയിലുകളിൽ തുടരാൻ നിർബ്ബന്ധിതരാവുന്നത്. അതേസമയം സാമാജികർ ജാമ്യത്തിൽ ഇറങ്ങി കേസുകൾ വൈകിപ്പിച്ച് സ്വതന്ത്രരായി വിഹരിക്കുകയും അധികാരസ്ഥാനങ്ങളിൽ മരുവുകയും ചെയ്യുന്നു. ഒരു ജനാധിപത്യരാജ്യത്തിന് ഒട്ടും ഭൂഷണമല്ല ഈ അവസ്ഥ.

കങ്കണ റണൗത് എന്നൊരു നടിയുണ്ടെന്ന് വലിയൊരു വിഭാഗം മലയാളികളെങ്കിലും അറിയുന്നത് ഇപ്പോഴാവും.  സുശാന്ത് സിംഗ് രാജ്‌പുത് എന്ന ബോളിവുഡ് നടന്റെ ആത്മഹത്യ രാഷ്ട്രീയ മുതലെടുപ്പിന്, ചില ദേശീയ മാധ്യമങ്ങളുടെ പ്രകടമായ പിന്തുണയോടെ, ദുരുപയോഗം ചെയ്യുന്ന ബി ജെ പി യ്ക്ക് സഹായകമായ പ്രസ്താവനകളും നിലപാടുകളും എടുത്ത് മാധ്യമശ്രദ്ധ നേടിയ നടിയാണ് കങ്കണ. അവരുടെ ‘മുംബൈ പാക്-അധീന കാശ്മീരിന് തുല്യ’മാണെന്ന തികച്ചും നിരുത്തരവാദപരമായ പ്രസ്താവന ശിവസേനയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.  കങ്കണയുടെ ഈ പ്രസ്താവനയെ തള്ളിപ്പറയാൻ ബി ജെ പി പോലും നിർബ്ബന്ധിതമായി. കങ്കണയുടെ ബാന്ദ്രയിലുള്ള ഓഫീസിന്റെ ഭാഗങ്ങൾ അനധികൃതമായി നിർമ്മിച്ചതാണെന്ന കാരണം ചൂണ്ടിക്കാട്ടി, അതെല്ലാം  പൊളിച്ചുകൊണ്ടാണ് ശിവസേന നയിക്കുന്ന മുംബൈ മുനിസിപ്പൽ കോർപറേഷൻ കങ്കണയുടെ പ്രസ്താവനകൾക്ക് മറുപടി നൽകിയത്. Y-category security-യുടെ അകമ്പടിയോടെ മുംബൈയിൽ എത്തിയ കങ്കണ കൂടുതൽ രൂക്ഷമായ ഭാഷയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര ഗവണ്മെന്റിനെയും അധിക്ഷേപിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സമൂഹത്തിന് യാതൊരു നന്മയും ചെയ്യാതെ,  സ്വയം താൻ എന്തൊക്കെയോ ആണെന്ന് ധരിച്ച് അനാവശ്യ പ്രസ്താവനകൾ നടത്തി, അപകടഭീഷിണി സ്വയം വിളിച്ചുവരുത്തിയ വ്യക്തിക്ക്, ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിന്റെ ചെലവിൽ Y-category സുരക്ഷ നൽകുന്നത് എതിർക്കപ്പെടേണ്ട കാര്യമാണ്, പ്രത്യേകിച്ച് ഇന്ത്യയെ പോലെ police to population ratio ഏറ്റവും കുറവുള്ള ഒരു രാജ്യത്ത്.

ചാനൽ ചർച്ചകളിലാണ് ‘വേണ്ടി’

എന്ന പദത്തിന്റെ ദുരുപയോഗം കൂടുതലായി കാണുന്നത്. ‘പറയാൻ കഴിയില്ല’ എന്നതിന് പകരം ‘പറയാൻ വേണ്ടി കഴിയില്ല’ എന്നേ പറയൂ. ‘വിശ്വസിക്കാൻ കഴിയില്ല’ എന്ന് പറയുകയില്ല. ‘വിശ്വസിക്കാൻ വേണ്ടി കഴിയില്ല’ എന്നേ പറയൂ. ‘പോകാൻ കഴിയില്ല’ എന്ന് പറയില്ല ‘പോകാൻ വേണ്ടി കഴിയില്ല’എന്നേ പറയൂ. ഇവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ : “വേണ്ടിയിരുന്നില്ല”.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.