പൂമുഖം LITERATUREലേഖനം അടച്ചിരിപ്പുകാലങ്ങളിലെ ആന്ത്രപോസീൻ ചിന്തകൾ

അടച്ചിരിപ്പുകാലങ്ങളിലെ ആന്ത്രപോസീൻ ചിന്തകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

വിജയനഗര സാമ്രാജ്യത്തിലെ യെലഹംഗ പ്രവിശ്യയുടെ അധികാരിയായിരുന്ന കെംപഗൗഡ പ്രഭു പതിനാറാം നൂറ്റാണ്ടിൽ ബെംഗലൂരിൽ ഒരു നഗരം നിർമ്മിച്ചപ്പോൾ അതിന് അതിരിട്ട് നാല് ഗോപുരങ്ങൾ (cardinal towers) സ്ഥാപിച്ചു. അതിലൊന്ന് ഇന്ന് നഗരത്തിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ ലാൽബാഗിലാണ്. മെയിൻഗേറ്റ് വഴി അവിടെ ചെല്ലുന്ന സന്ദർശകർ ആദ്യം കാണുക പരന്നു കിടക്കുന്ന ഒരു ഊക്കൻ പാറയുടെ ഉച്ചിയിൽ ഒറ്റക്ക് നിൽക്കുന്ന ഈ കാവൽഗോപുരമാണ്. മുന്നൂറോളം കോടി വർഷങ്ങൾ പഴക്കം വരുന്ന ഈ പാറ ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പാറകളിൽ ഒന്നാണെന്ന് പറയുന്ന ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഒരു ബോർഡ് അവിടെയുണ്ട്. പതിവ് കാഴ്ചകൾ സ്ഥിരം സന്ദർശകരിൽ ആവേശമുളവാക്കുമെന്ന് കരുതുന്നതിൽ അർത്ഥമില്ല. പക്ഷെ എന്തുകൊണ്ടോ ഈ വിജ്ഞാനശകലം ടൂറിസ്റ്റുകളിൽ പോലും വലിയ കൗതുകമുണർത്തുന്നതായി കണ്ടിട്ടില്ല. ഒരു സ്പെക്റ്റകൽ (spectacle) ആയി അനുഭവപ്പെടാൻ മാത്രം ഒന്നും ആ പാറയുടെയും ഗോപുരത്തിന്റെയും രൂപത്തിനോ ഭാവത്തിനോ ഇല്ലാത്തതു കൊണ്ടായിരിക്കാം. അല്ലെങ്കിൽ, കാലം ഘനീഭവിച്ച് കിടക്കുന്ന ഈ പാറക്കെട്ടിൽ നിരന്തരമായ മാറ്റം അടിസ്ഥാന സ്വഭാവമായ ജീവിതത്തെ ആവേശം കൊള്ളിക്കുന്ന ഒന്നും ഇല്ലെന്നതുമാകാം. എന്തായാലും പൊതുവെ കുട്ടികൾക്ക് ഓടി കയറാനും കമിതാക്കൾക്ക് കാറ്റ് കൊണ്ടിരിക്കാനും പറ്റിയ ഒരിടം മാത്രമാണ് ആ സ്ഥലം.

അതിന് മുകളിൽ നിന്നാൽ തന്റെ നഗരത്തിന്റെ വിഹഗവീക്ഷണം സാധ്യമാകും എന്നതായിരിക്കണം ഇങ്ങനെയൊരു ഗോപുരം സ്ഥാപിക്കാൻ ആ പാറ തിരഞ്ഞെടുക്കുന്നതിന് കെംപഗൗഡയെ പ്രേരിപ്പിച്ചിരിക്കുക. അതിനോട് ചേർന്ന് നിൽക്കുന്ന ഭൂമിയിൽ ഒരു ഉദ്യാനമുണ്ടാകുന്നത്‌ പിന്നെയും രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. ഈ ഭൂമിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ശിലാഖണ്ഡങ്ങളിലൊന്നിലാണ് താൻ ഇങ്ങനെയൊരു നിരീക്ഷണ കവാടം സ്ഥാപിക്കുന്നതെന്നും അദ്ദേഹം അറിഞ്ഞിരിക്കാൻ വഴിയില്ല. ആ പാറയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം തിരിച്ചറിയുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയായിരുന്നു. 1898 ൽ മൈസൂർ സ്റ്റേറ്റ് പുതുതായി രൂപം കൊടുത്ത മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ സ്റ്റേറ്റ് ജിയോളജിസ്റ്റായി ചുമതലയേറ്റെടുക്കാനായി അയർലന്റിൽ നിന്നുമെത്തിയ വില്യം ഫ്രഡറിക്ക് സ്മീത്ത് എന്ന വെള്ളക്കാരൻ ആയിരുന്നു ഇത്തരം പാറകളുടെ പഴക്കം തിരിച്ചറിയുകയും അവക്ക് പെനിൻസുലാർ നൈസ് (Peninsular Gneiss) എന്ന പേര് കൊടുക്കുകയും ചെയ്തത്.

Melanie Molitor – originally posted to Flickr as Lalbagh Botanical Garden, Bangalore

സ്മീത്ത് ‘കണ്ടെത്തിയ’ ഇത്തരം പാറക്കെട്ടുകൾ കർണ്ണാടകയിൽ പലയിടത്തും കാണാം. അവയിൽ മിക്കതും ലാൽബാഗിലേത് പോലെ കാഴ്ചക്കാരുടെ ശ്രദ്ധയെ കാര്യമായി ആകർഷിക്കാത്ത പതിഞ്ഞ രൂപങ്ങളല്ല. ആകാശത്തെയും ഭൂമിയെയും കാലത്തെയും ഒരേ പോലെ വെല്ലുവിളിക്കുന്ന, ചുറ്റുപാടുകൾക്ക് മായികഭാവം നൽകുന്ന, സ്പെക്റ്റകൽസ് എന്ന വിശേഷണത്തിന് തികച്ചും അർഹമായ കൂറ്റൻ വിചിത്ര രൂപങ്ങളാണ്. ഷോലെ സിനിമയിലെ വിഖ്യാതരംഗങ്ങൾക്ക് പശ്ചാത്തലമൊരുക്കാനായി 1975 ൽ രമേശ് സിപ്പി ബെംഗലൂരിനും മൈസൂരിനും ഇടയിലുള്ള രാംനഗരയിൽ എത്തിയതിന് കാരണം ആ പ്രദേശത്തെ ഇത്തരം പാറക്കെട്ടുകളായിരുന്നു. വീരുവും ജയ്യും ബസന്തിയും ഗബ്ബർ സിങ്ങും ഇവിടെ നിറഞ്ഞഭിനയിച്ചതിന്റെ പേരിൽ ‘ഷോലെ ഹിൽസ്’ എന്ന പേര് കൂടെ അങ്ങിനെ ആ കുന്നുകൾക്ക് കിട്ടി. ഭൂമിയുടെ കോടാനുകോടി വർഷങ്ങളുടെ ഓർമ്മകളെ മനുഷ്യന്റെ ഹ്രസ്വ ചരിത്രത്തിന്റെ കൗതുകങ്ങൾകൊണ്ട് പുതപ്പിക്കുന്ന ഒരു വിളിപ്പേര്.

അടുത്ത കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പ്രകൃതി ചരിത്രത്തെ കുറിച്ച് ഒരു പുസ്തകം വായിക്കാനിടയായി. ബയോകെമിസ്റ്റും എഴുത്തുകാരനുമായ പ്രണയ് ലാൽ എഴുതിയ ഇൻഡിക്ക. ബെംഗലൂരിന് വടക്ക് 70 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലെ അതിപുരാതന ശിലാഖണ്ഡങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആ ചരിത്രകഥനം ആരംഭിക്കുന്നത്. നന്ദി ഹിൽസിൽ നിന്നങ്ങോട്ട് കർണ്ണാടകത്തിലെ ധാർവാഡ് മേഖലയിൽ പലയിടത്തായി കാണപ്പെടുന്ന പാറകൂട്ടങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ പാറകളാണത്രെ. ലാൽബാഗിലും രാംനഗരയിലും കാണുന്ന gneissic പാറകളെക്കാളും പഴക്കമുണ്ട് അവക്ക്. പഴക്കത്തെ പറ്റി അറിയാമായിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായ ചില യാദൃശ്ചികതകൾ കാരണം ഉപഭൂഖണ്ഡത്തിൽ ഈ പ്രദേശത്ത് മാത്രം രൂപപ്പെടാനിടയായ, ജീവന്റെ ആദികണികകൾ ഉടലെടുക്കുന്നതിനും എത്രയോ കാലം മുൻപത്തെ ഭൗമചരിത്രത്തെ അടയാളപ്പെടുത്തുന്ന, ഫലകങ്ങൾ കൂടിയാണ് ഈ ശിലാരൂപങ്ങൾ എന്നത് പുതിയ അറിവായിരുന്നു. ഏതാണ്ട് അഞ്ഞൂറോളം കോടി വർഷങ്ങൾക്ക് മുൻപാണ് സൗരയൂഥം രൂപം കൊള്ളുന്നത്. അന്ന് ആയിരത്തിലേറെ ഡിഗ്രി സെൽഷ്യസ് ചൂടിൽ ലോഹങ്ങളും പാറകളും ഉരുകി തിളക്കുകയായിരുന്ന ഒരു ദ്രവഗോളമായിരുന്നു ഭൂമി. ഭൂതലം നിരവധി കോടി വർഷങ്ങളെടുത്ത് തണുത്തുറഞ്ഞപ്പോൾ രൂപപ്പെട്ടതാണ് പിന്നീടങ്ങോട്ട് ഭൂതലത്തിൽ നടന്നിട്ടുള്ള പരിണാമങ്ങൾക്കെല്ലാം സാക്ഷികളായി തീർന്ന ഈ പാറകളൊക്കെ .

ലാൽബാഗിൽ പോകുമ്പോഴും നഗരത്തിന് പുറത്തേക്കുള്ള യാത്രകൾക്കിടയിൽ രാമനഗരയും നന്ദിഹിൽസും കടന്നു പോകുമ്പോഴുമൊക്കെ ഭൂമി അറിയുന്ന കാലവും നൂറു വർഷം പോലും തികയാതെ തീർന്ന് പോകുന്ന മനുഷ്യരുടെ കാലവും തമ്മിലുള്ള വലിയ അന്തരം ഓർക്കാൻ ഈ പാറക്കെട്ടുകൾ നിമിത്തമാകാറുണ്ട്. വീട്ടിൽ നിന്നും അധികം ദൂരത്തല്ലാത്തതുകൊണ്ട് പലപ്പോഴും നടക്കാൻ പോകാറുള്ള ഒരു സ്ഥലമാണ് ലാൽബാഗ്. മഹാമാരിയെ തോൽപ്പിക്കാനായി രാജ്യം അടച്ചിരിപ്പ് തുടങ്ങിയപ്പോൾ അത് നിന്നു. പിന്നീട് ഒന്നരവർഷത്തിന് ശേഷം അവിടെ പോകുന്നത് ഈയിടെ ഒരു ഞായറാഴ്ച പുലർച്ചെ ആയിരുന്നു. സൂക്ഷ്മജീവികളുടെ കലാപഭീതിയിൽ നിന്നും ക്രമേണ വിമുക്തമായിവരുന്ന നഗരത്തിലെ പതിവ് പ്രഭാത നടത്തക്കാർ മുഖം മൂടി ധരിച്ചാണെങ്കിലും ധാരാളമായി എത്തിതുടങ്ങിയിരുന്നു. കെംപഗൗഡ പ്രഭുവിന്റെ കാവൽ ഗോപുരത്തിന്റെ പരിസരങ്ങളിൽ തലേ ദിവസം കാറ്റു കൊള്ളാനെത്തിയവർ ഇട്ടുപോയ പ്ളാസ്റ്റിക് മാലിന്യങ്ങൾ ചിതറി കിടപ്പുണ്ടായിരുന്നു. കൂടെ, ഏതൊക്കെയോ പ്രാക്തനസ്മൃതികൾക്ക് മേൽ മൗനമുറഞ്ഞുകിടക്കുന്ന ആ പ്രാചീന ശിലാഖണ്ഡത്തിൽ അവരിലാരോ കോറിയിടാൻ ശ്രമിച്ച ഒരു വികൃതമായ ഗ്രഫീറ്റിയും (graffiti).

കോടിക്കണക്കിന് വർഷങ്ങൾ ആയുസുള്ള ഒരു ജീവിയുണ്ടെങ്കിൽ അത് ഞൊടിയിടയിൽ തീർന്നു പോകുന്ന മറ്റു ജീവികളെ എങ്ങിനെയാണ് കാണുക എന്ന് സങ്കൽപ്പിക്കാൻ ശ്രമിച്ചു. അൽപായുസുകളായ ഈ ജീവികളുടെ അതിജീവനത്വരകളെയും ഭീതികളെയും അറിവുകളെയും അറിവില്ലായ്മകളെയും അഹന്തകളെയും മനസിലാക്കാൻ അതിനാകുമോ എന്നോർത്തു.

പക്ഷെ, ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തകരയുടെ അഹന്തയെ പുഛിക്കുമെങ്കിലും തങ്ങളുടെ അല്പമാത്രമായ ചരിത്രത്തെ മറന്ന് ഭൂമിയുടെ അവകാശികളായി സ്വയം അവരോധിക്കാൻ മനുഷ്യർക്കൊരിക്കലും മടിയുണ്ടായിട്ടില്ല. ഈ ലോകത്തിന്റെ വികാസ പരിണാമങ്ങളത്രയൂം ലക്ഷ്യമാക്കുന്നത് മനുഷ്യരിലേക്കെത്തിച്ചേരാനാണ്, മനുഷ്യർക്ക് വേണ്ടിയാണ്, എന്ന തോന്നൽ നമ്മുടെ സംസ്‌കാരത്തിലും പൊതുബോധത്തിലുമൊക്കെ എത്ര ആഴത്തിൽ വേരോടിയിട്ടുള്ളതാണ് എന്നോർക്കുക.

450 കോടിയിലധികം വർഷങ്ങൾ പഴക്കമുള്ള ഭൂമിയിൽ മനുഷ്യജീവിതമെന്നത് ഇന്നലെ മാത്രം നടന്ന ഒരു സംഗതിയാണ്. ഇക്കാര്യം പറയുമ്പോൾ മേൽ പറഞ്ഞ പുസ്തകത്തിൽ പ്രണയ് ലാൽ നൈജൽ കാൽഡർ എന്ന ഭൗതികശാസ്ത്രജ്ഞൻ നൽകിയ ഒരു ഉദാഹരണം ഓർക്കുന്നുണ്ട്. 46 വർഷം പ്രായമുള്ള ഒരു സ്ത്രീയാണ് ഭൂമിയെന്ന് കരുതുക. ആ ജീവിതകാലത്തിലെ വെറും നാല് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ഹോമോ സാപിയൻസ് എന്ന മനുഷ്യർ ഈ ഭൂമുഖത്ത് പ്രത്യക്ഷപ്പെടുന്നത് തന്നെ. യേശു ക്രിസ്തു കുരിശിലേറ്റപ്പെടുന്നത് അഞ്ചു മിനുറ്റ് മുൻപ്. വ്യാവസായിക വിപ്ലവം ഉണ്ടാകുന്നത് ഒരു മിനുറ്റ് മുൻപ് മാത്രവും! മനുഷ്യസാനിധ്യം ഭൗമഘടനയിലും ആവാസവ്യവസ്ഥയിലും നിർണ്ണായകമായ സ്വാധീനം ചെലുത്താൻ തുടങ്ങിയതിന് ശേഷമുള്ള സമയ ഖണ്ഡത്തെ ചില ചിന്തകർ വിശേഷിപ്പിക്കുന്നത് ആന്ത്രപോസീൻ (anthropocene) എന്നാണ്. മനുഷ്യൻ എന്നർത്ഥം വരുന്ന anthropo, സമീപകാലം എന്നർത്ഥം വരുന്ന cene എന്നീ രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ വാക്കുടലെടുക്കുന്നത്.

കാലത്തിന്റെയോ സ്ഥലത്തിന്റെയോ അപരിമേയത തങ്ങളുടെ നാർസിസത്തിനും അതിൽ നിന്നുണ്ടായ വീണ്ടുവിചാരമില്ലായ്മക്കും തടയിടാൻ മനുഷ്യരെ എന്നെങ്കിലും പ്രേരിച്ചിരുന്നതായി കരുതാൻ തെളിവില്ല. ഈയിടെ വായിച്ച, ഭൂമിയെ വലം വെച്ച് കൊണ്ടിരിക്കുന്ന തങ്ങളുടെ സാറ്റലൈറ്റുകളൊന്നിനെ റഷ്യ ഭൂമിയിൽ നിന്ന് തൊടുത്തുവിട്ട ഒരു മിസൈൽ ഉപയോഗിച്ച് തകർത്തു എന്ന വാർത്തയാണ് ഓർമ്മ വരുന്നത്. അത് ചിന്നിച്ചിതറിച്ച അവശിഷ്ടങ്ങൾ ഭൂമിയെ വലം വെക്കാൻ തുടങ്ങുകയും അവയിൽ നിന്നും രക്ഷനേടാൻ ഇപ്പോൾ ഭ്രമണപഥത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ISS) ബഹിരാകാശ സഞ്ചാരികൾക്ക് മാറി നിൽക്കേണ്ടി വരികയും ചെയ്തു. ആന്റി സാറ്റലൈറ്റ് (ASAT) പരീക്ഷണങ്ങളുടെ ഭാഗമായിരുന്നത്രെ തികച്ചും നിരുത്തരവാദിത്തപരമായ ആ കൃത്യം. ഇത് ചെയ്യുന്ന ആദ്യത്തെ രാജ്യമല്ല റഷ്യ. അമേരിക്കയും ചൈനയും ഇന്ത്യയുമൊക്കെ ഇത്തരം പരീക്ഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ ബഹിരാകാശത്തെ തങ്ങളുടെ ശാക്തിക ബലാബലങ്ങളുടെ വേദിയാക്കാതെ മാറ്റി നിർത്തുമെന്ന് കരുതാൻ ഒന്നോർത്താൽ എന്ത് ന്യായമാണുള്ളത്?

International Space Station-horizontal
Photo : CNN

ആന്ത്രപോസീൻ എന്ന ഹ്രസ്വകാലം ഉയർത്തുന്ന അസ്തിത്വപരമായ വെല്ലുവിളികളെ അതിജീവിക്കാൻ മുനുഷ്യരാശിക്കാകുമോ എന്ന ചോദ്യം ബാലിശമായ ഒന്നായി തള്ളിക്കളയേണ്ട ഒന്നല്ല. കാലാവസ്ഥാവ്യതിയാനമായാലും മഹാമാരികളായാലും രാഷ്ട്രം, മതം തുടങ്ങിയ ചെറുകളങ്ങളുടെ അതിരുകൾക്കകത്ത് നിർദ്ധാരണം ചെയ്യാനൊക്കുന്ന പ്രശ്നങ്ങൾ അല്ല അവയൊന്നും ഉയർത്തുന്നത്. വിശ്വമാനവൻ എന്നൊക്കെ പറയുമെങ്കിലും ഒന്നിച്ച് ഒരുമയോടെ ആഗോളതലത്തിൽ എന്തെങ്കിലും പ്രശ്നപരിഹാരങ്ങൾക്ക് ശ്രമിക്കാനുള്ള അനുഭവജ്ഞാനം മനുഷ്യരാശിക്ക് ഉണ്ടെന്ന് തോന്നുന്നില്ല. COP26 ന്റെ വേദിയിലണിനിരന്ന രാഷ്ട്രനേതൃത്വങ്ങളുടെ ശരീരഭാഷ ആത്മവിശ്വാസം പ്രചോദിപ്പിക്കാഞ്ഞത് അതുകൊണ്ടാകാം.

മാത്രമല്ല, മനുഷ്യന്റെ ഭാഗധേയം ആത്യന്തികമായി അതിജീവനത്തിന്റേത് ആയിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒന്നും ഭൗമചരിത്രത്തിലില്ലതാനും. ശാഖോപശാഖിയായ വളർന്നു പന്തലിച്ച് നിൽക്കുന്ന പരിണാമ മഹാവൃക്ഷമെന്ന ഒരു മെറ്റഫർ ഉപയോഗിക്കുന്നുണ്ട് വിഖ്യാത ജൈവപരിണാമ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന സ്റ്റീഫൻ ജെ ഗൗൾഡ് ഒരിടത്ത്. ഈ പരിണാമവൃക്ഷത്തിലെ ഒരു താരതമ്യേന പുതിയ ഒരു ശിഖിരാഗ്രം മാത്രമായ മനുഷ്യൻ വാടി കരിയില്ലെന്ന് ഉറച്ച് പറയാനൊക്കുന്ന കാര്യങ്ങൾ ഒന്നുമില്ല എന്നതാണ് വാസ്തവം. ചിലപ്പോൾ കാലത്തെയും കാലാവസ്ഥയെയും അതിജീവിച്ചേക്കുക മറ്റേതെങ്കിലും ശിഖിരങ്ങളായിരിക്കാം. അത് മനുഷ്യനേക്കാൾ അതിജീവനശേഷിയുള്ള ഏതെങ്കിലുമൊക്കെ സൂക്ഷ്മജീവികൾ മാത്രമായെന്നും വരാം.

രണ്ടു വർഷങ്ങൾ ആയിരിക്കുന്നു ലോകം കൊറോണാ വൈറസിന്റെ പിടിയിൽ അമർന്നിട്ട്. കൃത്യമായ അർത്ഥത്തിൽ ഒരു ജീവി പോലുമല്ലാത്ത ആ സൂക്ഷജീവകണങ്ങൾ മനുഷ്യരാശിക്ക് മേൽ കെട്ടഴിച്ചുവിട്ട ആക്രമങ്ങളുടെ ആദ്യത്തെ ഇരയാരെന്നത് ഇപ്പോഴും തർക്ക വിഷയമാണ്. അതെന്തായാലും, രണ്ടു വർഷത്തിനിപ്പുറം 25. 5 കോടിയില്പരം രോഗബാധിതർക്കും 51 ലക്ഷത്തിലേറെ മരണങ്ങൾക്കും ശേഷവും മാരകമായ ആ ജീവകണങ്ങളുടെ കലാപത്തിന് അറുതി വന്നെന്ന്, അവയുടെ സംഹാരതാണ്ഡവം അവസാനിച്ചെന്ന്, ഇനിയും പറയാറായിട്ടില്ല.

ആദ്യരോഗി ആരെന്നത് മാത്രമല്ല, രോഗം എവിടെ നിന്ന് എങ്ങിനെ പൊട്ടിപുറപ്പെട്ടു എന്നതും വിവാദ വിഷയമാണ് . ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു ലാബോറട്ടറിയാണ് ഈ വൈറസിന്റെ ഉറവിടമെന്ന് കരുതുന്നവരേറെയുണ്ട്. ഗൂഡാലോചനാ സിദ്ധാന്തക്കാർ മാത്രമല്ല; സർക്കാരുകളിലെയും ഗവേഷണ മാധ്യമ സ്ഥാപനങ്ങളിലെയും പല ഉന്നതസ്ഥാനീയരും. വുഹാനിലെ വെറ്റ് മാർക്കറ്റുകൾ എന്നറിയപ്പെടുന്ന മാംസ മത്സ്യ ചന്തകളിൽ നിന്നാണ് രോഗം ആദ്യം ഉണ്ടാകുന്നത് എന്ന് വാദിക്കുന്നവരാണ് മറ്റൊരു പ്രബലപക്ഷം. ആദ്യരോഗബാധിതരിൽ ഏറെ പേർ ഈ മാർക്കറ്റുകളുമായി ബന്ധമുള്ളവരായിരുന്നു എന്നതും 2002 ൽ സാർസ് പകർച്ചവ്യാധിയും (SARS-CoV-2) ഈ സ്ഥലങ്ങളിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത് എന്നതും ഈ വാദത്തിന് പിൻബലമേകുന്നു. കോവിഡ് രോഗാണു വാഹകരാകാൻ സാധ്യതയുള്ള വന്യമൃഗങ്ങളെ മാംസത്തിന് വേണ്ടി ജീവനോടെ എത്തിക്കുന്ന സ്ഥലമാണ് ഇത്തരം ചിന്തകൾ.

ഈ വാദത്തെ ശക്തിപ്പെടുത്തുന്ന ഏറ്റവും പുതിയ ആധികാരിക പഠനങ്ങളിലൊന്ന് അമേരിക്കയിലെ അരിസോണ സർവകലാശാലയിൽ പ്രൊഫസറായ മിഖായേൽ വൊറോബേയുടെതാണ്. വൈറസുകളെയും പകർച്ചവ്യാധികളെയും കുറിച്ച് പഠിക്കുന്ന ഒരു എവല്യൂഷനറി ബയോളജിസ്റ്റ് ആണ് ആദ്ദേഹം. ആദ്യത്തെ കോവിഡ് കേസുകളെക്കുറിച്ചുള്ള വാർത്തകളും രേഖകളും സൂക്ഷ്മ പരിശോധനനക്ക് വിധേയമാക്കി വൊറോബേ പറയുന്നത് വുഹാനിലെ ഹുവാനൻ സീഫുഡ് ഹോൾസേൽ മാർക്കറ്റ് എന്നറിയപ്പെടുന്ന വെറ്റ് മാർക്കറ്റിൽ നിന്നാണ് ആദ്യ കോവിഡ് കേസുകളിൽ അധികവും ഉണ്ടായതെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നാണ്. ഉറവിടമെന്തുമാകട്ടെ, നിനച്ചിരിക്കാതെ ഉണ്ടായ കോവിഡ്-19 എന്ന സൂക്ഷ ജീവകണങ്ങളുടെ ആക്രമണത്തിന് മുൻപിൽ മനുഷ്യർ എത്രയോ കാലം കൊണ്ട് ആർജ്ജിച്ച അറിവുകൾ തോറ്റു പോയി. അപ്പോൾ അവർക്ക് മുൻപിൽ ഉണ്ടായിരുന്ന ഒരേയൊരു പോംവഴി ഏത് ജീവിക്കും സഹജമായ അതിജീവനതന്ത്രങ്ങൾ മാത്രമായിരുന്നു. ആപത്തിൽ നിന്ന് ഓടിയൊളിക്കാനുള്ള ജനിതകഘടനകളിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുള്ള ആദിമ വാസന. വൈറസിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാനൊക്കുന്ന വാക്സിൻ നിർമ്മിച്ചെടുക്കാൻ ഒരു വർഷത്തിനകം കഴിഞ്ഞിട്ടുണ്ട് എന്ന് മറന്നു കൊണ്ടല്ല ഇതെഴുതുന്നത്. എന്നാലും അടച്ചിടുകയും (quarantine) അടച്ചിരിക്കുകയും (lockdown) മാത്രമായിരുന്നു നമ്മുടെ പ്രാഥമിക പ്രതിരോധ മാർഗം. ഇതിനകം ഒരു വലിയ പങ്ക് മനുഷ്യർക്ക് രോഗം വന്നു പോയോ വാക്‌സിനെടുത്തത് കാരണമോ പ്രതിരോധ ശേഷിയാർജ്ജിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും മുഖമൊളിപ്പിക്കാതെ പുറത്തിറങ്ങാനൊക്കുന്ന അവസ്ഥയിലേക്ക് നമ്മളിനിയും തിരിച്ചെത്തിയിട്ടില്ല. മാത്രമല്ല, വൈറസിന്റെ ഓരോ രൂപാന്തരവും ഒരു അടച്ചിരിപ്പിലേക്ക് കൂടി നയിച്ചേക്കുമോ എന്ന ഭീതി ഡെമോക്ലിസിന്റെ വാളു പോലെ ഇപ്പോഴും തലക്കുമേൽ തൂങ്ങി നിൽക്കുന്നുമുണ്ട്.

Photo credit: ag.purdue.edu

ഒരു പ്രദേശമോ രാജ്യമോ പോലുമല്ല, ലോകം മുഴുവൻ മനുഷ്യർ അടച്ചിരുന്നും മറ്റുള്ളവരോട് ആകാവുന്നത്ര അകലം പാലിച്ചും കഴിഞ്ഞു കൂട്ടിയ നിസ്സഹായതയും ഭീതിയും നിറഞ്ഞ ഈ കാലത്തെ ഭാവിയിലെ ചരിത്രകാരന്മാർ എങ്ങിനെയായിരിക്കും അവതരിപ്പിക്കുക?

തീരെ പ്രതീക്ഷിക്കാതെ ആരാലും പ്രവചിക്കപ്പെടാതെ വന്ന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ചില സംഭവങ്ങളുണ്ട്. ഗണിതശാസ്ത്രപരമായി പോലും അസംഭാവ്യമായി കരുതപ്പെടുന്ന കാര്യങ്ങൾ. അങ്ങിനെയുള്ള കാര്യങ്ങൾ ചിലപ്പോഴെങ്കിലും സംഭവിക്കുമ്പോൾ ചരിത്രത്തിന്റെ ഗതിയെ തന്നെ അവ മാറ്റി മറിച്ചെന്നും വരും. എഴുത്തുകാരനും സ്റ്റാറ്റിസ്റ്റിഷ്യനും ആയ നസീം നിക്കോലാസ് തലേബ് ഇങ്ങനെയുള്ള പ്രതിഭാസങ്ങളെ വിശേഷിപ്പിക്കുന്നത് കറുത്ത ഹംസം (Black Swan) എന്ന പദമുപയോഗിച്ചാണ്. ഏറെ കാലം പാശ്ചാത്യർ വിശ്വസിച്ചിരുന്നത് ഭൂമിയിൽ കറുത്ത ഹംസങ്ങൾ കാണില്ല എന്നായിരുന്നു. 1697-ൽ ഡച്ച് പര്യവേക്ഷകനായ വില്ലെം ഡി വ്‌ലാമിംഗ് ഓസ്‌ട്രേലിയയിൽ പടിഞ്ഞാറൻ തീരങ്ങളിൽ കറുത്ത ഹംസങ്ങളെ കണ്ടെത്തുന്നത് വരെ ആ വിശ്വാസം നിലനിന്നു.

കോവിഡ് മഹാമാരി ഒരു Black Swan സംഭവമാണോ? അല്ല എന്നാണ് തലേബ് വിശ്വസിക്കുന്നത്. സാംഖ്യികമായി ഒരു അസംഭാവ്യത ആയിരുന്നില്ല കോവിഡ്. അതിനാൽ ഈ മഹാമാരിയെ ബ്ളാക്ക് സ്വാൻ എന്ന് വിശേഷിപ്പിക്കുന്നത് ശരിയായിരിക്കില്ല, ആദ്ദേഹം പറയുന്നു. എന്നാലും, സാങ്കേതികമായ ഇത്തരം വിയോജിപ്പുകൾ മാറ്റിവെച്ചാൽ, ഈ ലോകത്തെ ബഹുഭൂരിഭാഗം മനുഷ്യരെ സംബന്ധിച്ചിടത്തോളവും തീർത്തും അപ്രതീക്ഷിതമായിരുന്നു കോവിഡും അത് അക്ഷരാർത്ഥത്തിൽ തകിടം മറിച്ച അവരുടെ പതിവ് ജീവിതവും. പുതിയ പതിവുകളെ സൂചിപ്പിക്കുന്ന new normal എന്ന പ്രയോഗം ഇനിയങ്ങോട്ട് എല്ലാം ഇങ്ങനെയൊക്കെയേ നടക്കൂ എന്ന ദോഷചിന്തയെക്കാളേറെ താളം തെറ്റിയ ജീവിതത്തോട് പൊരുത്തപ്പെടാനുള്ള മനുഷ്യരുടെ അതിജീവനത്വരയുടെ ഒരു പ്രകാശമായിട്ട് കാണാനാണ് എനിക്ക് താല്പര്യം. എന്നാലും ദിവസങ്ങൾ കഴിയും തോറും അറം പറ്റിയ പോലെ അടച്ചിരിപ്പ് ശരിക്കും നമ്മുടെ ജീവിതത്തിലെ പതിവുകളിലൊന്നായി മാറുകയാണോ എന്ന തോന്നൽ ശക്തിപ്പെടുകയാണ്.

മഹാമാരി കൊണ്ടുമാത്രമല്ല ഒന്നിന് പിറകെ ഒന്നായി പേമാരിയും പ്രളയവും അന്തരീക്ഷമലിനീകരണവുമെല്ലാം പലയിടങ്ങളിലും അടച്ചിരിപ്പുകളിലേക്ക് നയിക്കുകയാണ്. വാസ്തവത്തിൽ അടച്ചിരിപ്പെന്നത് ഈ പുതിയ പതിവുകളുടെ യാഥാർഥ്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു വിശേഷണമല്ല. അത് നാല് ചുമരുകൾ സ്വന്തമായുള്ളവർക്ക് മാത്രം ചെയ്യാനൊക്കുന്ന ഒരു കാര്യമാണ്. ബുദ്ധിമുട്ടുകളുണ്ടെങ്കിലും താരതമ്യേന സുരക്ഷിതമായ ഒരു അവസ്ഥയാണത്. ഈ മനുഷ്യരുടെ അടച്ചിരിപ്പ് തെരുവിലേക്ക് തള്ളുന്ന വേറെ കുറേ ആൾക്കാരുണ്ട്. മഹാമാരികളും പാരിസ്ഥികദുരന്തങ്ങളും അവയുണ്ടാക്കുന്ന അടച്ച് പൂട്ടലുകളും കാരണം പ്രതീക്ഷയറ്റ പാലായനത്തിന് നിർബന്ധിക്കപ്പെട്ടവർ. അഭയാർത്ഥികൾ.

തലസ്ഥാന നഗരിയിൽ നിന്നുള്ള വാർത്തകൾ നോക്കുക. എല്ലാ വർഷവും ശൈത്യകാലത്തിന്റെ ആരംഭത്തിൽ പതിവുള്ളത് പോലെ ഇത്തവണയും അന്തരീക്ഷ മലിനീകരണം അതീവഗുരുതരമായ അവസ്ഥയിലേക്കെത്തുകയും എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് മനുഷ്യർക്ക് ശ്വാസയോഗ്യമായതിന്റെ പരിധി വിട്ട് ഏറെ ഉയർന്നുപോകുകയും ചെയ്തു. പുതിയവയൊന്നുമല്ല, കഴിഞ്ഞ വർഷത്തെയും അതിന് മുൻപത്തെ കുറെ വർഷങ്ങളിലെയും കാരണങ്ങൾ തന്നെ ഇത്തവണയും – വാഹനങ്ങൾ, വൈദ്യുത നിലയങ്ങൾ, ദീപാവലി, വിളവെടുപ്പിന് ശേഷം വൈക്കോൽ കത്തിക്കുന്ന കർഷകർ. അതിന്റെ കൂടെ എന്നത്തേയും പോലെ ഒന്നും നിയന്ത്രിക്കാനാകാത്ത നിസ്സഹായമായ ഭരണകൂടവും.

Delhi Pollution
Photo credit: The Economic times

എന്നാലും ഒരു വ്യത്യാസമുണ്ട്. ജനങ്ങളോട് വീട്ടിലിരിക്കാൻ പറയേണ്ടത് എങ്ങിനെയെന്ന് ഭരണ കർത്താക്കൾക്ക് ഇപ്പോൾ അറിയാം. വിദ്യാലയങ്ങൾ അടച്ചിടുക, തൊഴിലിടങ്ങളിലെ ഹാജർ കുറക്കുക, നിർമ്മാണ പ്രവർത്തങ്ങളും താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുത ഉത്പാദനം നിർത്തി വെക്കുക തുടങ്ങി ലോക്ക്ഡൗണിന് സമാനമായ നടപടികൾ. വീട്ടിലിരിപ്പ് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സ്വാഭാവികമായ ഒരു അവസ്ഥയായി കരുതാൻ ജനങ്ങളും പഠിച്ചിരിക്കുന്നു.


ദില്ലിയിൽ അന്തരീക്ഷത്തിലെ പൊടിയും പുകയുമാണെങ്കിൽ തീരാതെ പെയ്യുന്ന പേമാരിയും പ്രളയവും മണ്ണിടിച്ചിലുകളും ഉരുൾപ്പൊട്ടലുകളുമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമുള്ളവരുടെ പതിവ് ജീവിതത്തിന്റെ താളം തെറ്റിച്ച് കൊണ്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇന്നേ വരെ കാണാത്ത രീതിയിൽ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ, ചക്രവാത ചുഴികൾ. പ്രവചനം ആസാധ്യമായി തീരുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ നേർക്കാഴ്ചകൾ. കൊടും ദുരിതങ്ങൾ.

ഇവയൊന്നും ഇന്ത്യയിൽ മാത്രമുള്ളതല്ല. ആഗോളതലത്തിൽ തന്നെ തീവ്ര കാലാവസ്ഥാ അനുഭവങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്. കാട്ടുതീകൾ, പ്രളയങ്ങൾ, മേഘവിസ്ഫോടനങ്ങൾ, വരൾച്ച, ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകൽ, ഉയരുന്ന സമുദ്രനിരപ്പ്. അടിയന്തിരമായി തടയിടാനൊത്തില്ലെങ്കിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ് തന്നെ അപകടത്തിലായേക്കാവുന്ന മാറ്റങ്ങൾ. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തസംഭവങ്ങളുണ്ടാക്കുന്ന അളവറ്റ നാശനഷ്ടങ്ങൾ. കാലാവസ്ഥാവ്യതിയാനം എന്തെന്നറിയാൻ ഇന്ന് ഐ. പി. സി. സിയുടേത് പോലുള്ള നെടുങ്കൻ ശാസ്ത്ര റിപ്പോർട്ടുകൾ വായിക്കേണ്ടതില്ല. അത്രമേൽ അനുഭവ വേദ്യങ്ങളായിക്കൊണ്ടിരിക്കുന്നു ആ യാഥാർഥ്യങ്ങൾ.

എന്നാൽ കുറച്ച് കാലം മുൻപ് വരെ അതായിരുന്നില്ല സ്ഥിതി. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരേയ്ക്കും അന്തരീക്ഷ താപനില ഏറെ കുറെ സ്ഥിരമായിരുന്നു. പിന്നീടാണ് കാലാവസ്ഥാവ്യതിയാനത്തിന് കാരണമായി ആഗോളതാപനം അതിരൂക്ഷമാകുന്നത്. 1998 ൽ അമേരിക്കയിലെ മസാച്ചുസെറ്റ്സ് സർവ്വകലാശാലയിലെ ഭൗമശാസ്ത്രജ്ഞനായ മൈക്കൽ മാനും രണ്ട് സഹപ്രവർത്തകരും ചേർന്ന് പ്രശസ്‌ത്ര ശാസ്ത്ര ജേർണൽ ആയ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ഈ പ്രവണത ആദ്യമായി ചൂണ്ടി കാണിക്കപ്പെട്ടത്. ഉത്തരാർദ്ധ ഗോളത്തിലെ കഴിഞ്ഞ ആറു നൂറ്റാണ്ടുകളായുള്ള ആഗോളതാപനത്തിന്റെ പാറ്റേൺ പഠിച്ചപ്പോൾ അവർ കണ്ടത് കഴിഞ്ഞ എട്ടിൽ മൂന്നു വർഷങ്ങളിലെ ശരാശരി താപനില AD 1400 ന് ശേഷമുള്ള ഏത് വർഷത്തേക്കാളും കൂടുതലാണ് എന്നായിരുന്നു. ഈ കണ്ടെത്തൽ ഇന്ന് കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള രേഖകളിലെല്ലാം സ്ഥിര സാനിധ്യമായ ഒരു ഗ്രാഫിന് രൂപം നൽകി – ഹോക്കി സ്റ്റിക് ഗ്രാഫ്. ഏറെ കാലം സ്ഥിരമായി നിൽക്കുന്ന താപനില പൊടുന്നനെ വളർന്ന് ഉയരുന്നത് ഹോക്കി സ്റ്റിക്കിന്റെ രൂപത്തെ അനുസ്മരിപ്പിക്കുന്നത് കൊണ്ടാണ് ആ ചാർട്ടിന് അങ്ങിനെയൊരു പേര് വന്നത്.പിന്നീടങ്ങോട്ട് കാലാവസ്ഥാ വ്യതിയാനത്തെ ചൊല്ലിയുള്ള എല്ലാ വിവാദങ്ങളുടെയും കേന്ദ്രത്തിൽ ഈ ചാർട്ടുണ്ട്.

ഫോസിൽ ഇന്ധന ലോബിയും അവർ വിലക്കെടുത്ത ശാസ്ത്രജ്ഞരും അന്ന് തൊട്ട് സ്ഥാപിക്കാൻ ശ്രമിച്ചത് ആഗോള താപനം അതിശയോക്തിയാണെന്നും അതൊരു കപടശാസ്ത്രമാണെന്നും ആണ്. അനുഭവങ്ങളുടെയും പുതിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആ വാദത്തിന് മുനയൊടിഞ്ഞ് കഴിഞ്ഞിട്ടുണ്ടെങ്കിലും അത് മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഉയർത്തുന്ന ഭീഷണിയെ എങ്ങിനെ നേരിടണമെന്ന കാര്യത്തിൽ സമവായത്തിൽ എത്താനൊക്കാതെ പകച്ചു നിൽക്കുകയാണ് ലോകരാഷ്ട്ര നേതൃത്വങ്ങൾ.

നേരത്തെ സൂചിപ്പിച്ചത് പോലെ ഭൂമിയെ 46 വയസ്സുള്ള ഒരു സ്ത്രീയായി സങ്കൽപ്പിക്കാമെങ്കിൽ ഏതാനും സെക്കൻഡുകൾ മാത്രം വരുന്ന വളരെ ചെറിയ കാലയളവിലാണ് ഒരു പാരിസ്ഥിതിക അടിയന്തിരാവസ്ഥയിലേക്ക് മാനവരാശി തകിടം മറയുന്നതും ജന്തു ജന്യമായ (zoonotic) പകർച്ചവ്യാധികൾ പെരുകുന്നതുമൊക്കെ. ഇത് യാദൃശ്ചികമല്ല. ഭൂമി ജീവന്റെ ആധാരമാണെന്ന് മറന്ന് അതിനെ പരിധികളില്ലാത്ത വികസനത്തിന്റെ അസംസ്കൃത വസ്തുവായി മാത്രം കാണുന്ന മനോഭാവം അതിന്റെ പരകോടിയില്‍ എത്തുന്നത് ഈ കാലത്താണ് എന്നതുകൊണ്ടാണ് . ലാഭേച്ഛ ഒന്നുകൊണ്ടു ത്വരിപ്പിക്കപ്പെടുന്നസമ്പത് വ്യവസ്ഥയാണ്, അതിനെ ‘ലെജിറ്റിമൈസ്’ ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളും സംസ്ക്കാരവും പൊതുബോധവുമാണ് ഇതിന് കാരണം. ഭൂമിയുടെ ബൃഹത്‌ചരിത്രത്തെ ആന്ത്രപോസീൻ എന്ന നൊടിയിടനേരം മാറ്റിമറിക്കുന്നു.

പക്ഷിപനിയും പന്നിപനിയും തൊട്ട് കോവിഡ് വരെയുള്ള പകർച്ചവ്യാധികളുടെ ഉറവിടവും കാരണവും തേടുന്ന റോബ് വാലസിനെ പോലുള്ള ശാസ്ത്രജ്ഞർ ചെന്നെത്തുന്നത് ജന്തുക്കളിൽ ഒതുങ്ങി നിൽക്കേണ്ടുന്ന രോഗകാരികൾ (pathogens) മനുഷ്യരിലേക്കെത്താനും ലോകം മുഴുവൻ നിയന്ത്രണാധീതമായി പരക്കാനും ഇടയാക്കുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിലേക്കാണ്. കൃഷിയുടെ വ്യവസായവൽക്കരണം,വനമേഖലകളുടെ വ്യാപകമായ നാശം, ആഗോളവൽക്കരണം തുടങ്ങിയ പ്രവണതകൾ. നിലനിൽക്കുന്ന സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളെ മാറ്റിനിർത്തികൊണ്ട് കാലാവസ്ഥാവ്യതിയാനത്തെയും മനസ്സിലാക്കുക സാധ്യമല്ല.

ഒന്ന് തീർച്ചയാണ്. ലളിതമായ പരിഹാരങ്ങളൊന്നുമില്ല മനുഷ്യവംശം നേരിടുന്ന ഈ വലിയ പ്രതിസന്ധിക്ക്. ഒറ്റപ്പെട്ടതും ഭാഗികവുമായ ശ്രമങ്ങൾ ഫലം കാണാത്ത അതിസങ്കീർണമായ ഒരു പ്രശ്നസ്ഥലിയാണിത്. ഉദ്പാദനത്തിലും ഉപഭോഗത്തിലും മനുഷ്യരും മനുഷ്യരും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ഉള്ള ബന്ധങ്ങളിലും സ്റ്റാറ്റസ് കോ നിലനിർത്തിക്കൊണ്ട് ഇതിനെ മറികടക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. പക്ഷെ അനുരഞ്ജന സാധ്യതയില്ലാത്ത നിലപാടുകളുടെ എതിരറ്റങ്ങളിൽ നിന്ന് പ്രശ്നത്തെ സമീപിക്കാനുള്ള ശ്രമങ്ങളാണ് അധികവും. സ്ഥാപിത താല്പര്യങ്ങൾ, പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ. താൻ പിടിച്ച മുയലിന്റെ നാല് കൊമ്പുകൾ.

പരിസ്ഥിതി വിഷയങ്ങളിൽ എതിർദിശകളിൽ നിലയുറപ്പിച്ചിട്ടുള്ള രണ്ടു പക്ഷങ്ങളെ നോക്കുക. ശാസ്ത്രവും സാങ്കേതികവിദ്യകളുപയോഗിച്ച് ഇന്ന് നമ്മൾ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും പരിധികളില്ലാത്ത വളർച്ച തന്നെയാണ് മനുഷ്യരാശി ആത്യന്തികമായി ലക്ഷ്യമാക്കേണ്ടത് എന്നും കരുതുന്നു ഒരു പക്ഷം. കടന്നുവന്ന വഴികളെല്ലാം തെറ്റായിരുന്നെന്നും ഒരു തിരിച്ചുപോക്കാണ് ഉചിതമെന്നും വിശ്വസിക്കുന്നു മറുപക്ഷം. ഭാവി കാത്തുവെച്ചിരിക്കുന്നത് ഉട്ടോപ്യ ആണെന്നും അല്ല ഡിസ്ട്ടോപ്യ ആണെന്നും കരുതുന്ന രണ്ട് വിശ്വാസിക്കൂട്ടങ്ങൾ. പിന്തിരിഞ്ഞു നോക്കാൻ മാത്രം ഇഷ്ടമുള്ളവരുടെ അപ്രായോഗികമായ ആദർശവാദവും മുന്നോട്ട് നോക്കികളുടെ അന്തമില്ലാത്ത വികസനവാദവും തമ്മിലുള്ള നിരർത്ഥകമായ വാദപ്രതിവാദങ്ങൾ.

ഇവക്കിടയിൽ ഒരു മധ്യമാർഗ്ഗമുണ്ട്; ഇല്ലെങ്കിൽ ഉണ്ടാക്കണം. പക്ഷെ വിവേകത്തിന്റെയും സമവായത്തിന്റെയും ഈ മധ്യമാർഗം മേൽപറഞ്ഞ തീവ്രവാദങ്ങളേക്കാൾ ഏറെ ദുഷ്ക്കരമാണ്. ആ തിരഞ്ഞെടുപ്പിനെയും അതിന്റെ ഫലപ്രാപ്തിയേയും ആശ്രയിച്ചിരിക്കും മനുഷ്യരാശിയുടെ ഭാവി. അതിനൊത്തില്ലെങ്കിൽ ഭൗമചരിത്രത്തിന്റെ പാറക്കെട്ടുകളിൽ കോറിയിട്ട വികലമായ ഒരു ഗ്രഫീറ്റിയാകും മനുഷ്യചരിത്രം.

ആന്ത്രപോസീന്റെ വലിയ വില. ആത്മഹത്യ.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like