ഓർമ്മ

ഫോറിൻ കറൻസിബോംബേ നഗരത്തിലേക്ക് ആദ്യമായി ജയന്തി ജനത കയറുമ്പോൾ എന്നെ യാത്ര അയക്കാൻ ഏകദേശം ഇരുപത്തഞ്ചോളം സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ഒരു സംഘം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നതായിട്ടാണ് ഓർമ്മ. ബോംബെയിലേക്കു തനിച്ചുളള  ആദ്യ യാത്ര വളരെ രസകരവും ശ്രമകരവും ആയിരുന്നു. നമ്മുടെ റെയിൽവേയുടെ കൃത്യനിഷ്ഠയിൽ  വെറും 18 മണിക്കൂർ മാത്രം വൈകിയാണ് ട്രെയിൻ എത്തിയത്.

ഇതിനിടയിൽ രണ്ടോ മൂന്നോ വട്ടം എന്നെ തിരഞ്ഞ് താനെ സ്റ്റേഷനിൽ എന്റെ അളിയനും സുഹൃത്തുക്കളും വന്ന് തിരികെ പോയി. മൊബൈൽ ഫോണുകളും  ടെക്‌നോളജി പൊതുവെയും നമ്മുടെ ജീവിതത്തിൽ ഇന്ന് കൊണ്ടുവന്ന സൗകര്യങ്ങളെ കുറിച്ച് നമ്മളിൽ ഭൂരിപക്ഷവും ബോധവാന്മാരേയല്ല, പകരം അതേ ടെക്‌നോളജി ഉപയോഗിച്ച്, അവയുടെ കുറ്റം മാത്രം കണ്ടെത്തുന്നു

മുംബൈയ്ക്ക് അടുത്തുള്ള താനെ എന്ന സ്ഥലത്തെ  വാഗ്ളെ എസ്റ്റേറ്റിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. മുംബൈ നഗരത്തിലെ നല്ല നല്ല ജീവിതാനുഭവങ്ങളും  കാഴ്ചകളും സൗഹൃദങ്ങളും  ഒരു വലിയ പുസ്തകം മുഴുവൻ എഴുതിയാലും തീരില്ല. പിന്നീട് ഒരവസരത്തിൽ അതിന്  ശ്രമിക്കുന്നതായിരിക്കും.

മലയാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എല്ലാം വളരെ സൗഹൃദത്തോടെ ജീവിച്ചിരുന്ന  മിഡിൽ ക്ലാസ് റെസിഡൻഷ്യൽ ഫ്ളാറ്റ് സമുച്ചയങ്ങൾ.

വളരെ അടുത്തടുത്ത് നില്ക്കുന്ന കെട്ടിടങ്ങൾ . ബാൽക്കണിയിൽ നിന്ന് കൈ നീട്ടിയാൽ അടുത്ത കെട്ടിടത്തിന്റെ ഭിത്തിയിൽ തൊടാനാവും.

ഒട്ടനവധി സന്തോഷം നൽകുന്ന മുംബൈ അനുഭവങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും വളരെ തുടക്കത്തിൽ തന്നെ ആ നഗരം എന്നെ സ്വീകരിച്ച ഒരു  സംഭവം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു.

ബിൽഡിംഗുകളുടെ ഇടയിലൂടെ ഓരോ ചെറു നടപ്പാതയും തൊട്ടടുത്തായി ഒരു അഴുക്കു ചാലും ഉള്ള ആ കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഒരു ദിവസം ഞാൻ വീട്ടിലേക്ക് മടങ്ങി വരുന്ന സമയം.. മുകളിലത്തെ നിലയിൽ നിന്ന്  താഴത്തെ അഴുക്ക് ചാൽ ലക്ഷ്യമാക്കി അവിടെയും ഇവിടെയും തട്ടി തട്ടി എന്തോ പറന്നു വരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ അവന്റെ വരവ് കണ്ടിട്ട് പറക്കും തളിക പോലെ തോന്നി. ഞൊടിയിടയിൽ ആ പൊതി എന്റെ ഇടത്തേ ചെവിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി. ചെവിയിൽ ഒരു ചെറിയ നനവ് അനുഭവപ്പെട്ടു.

ഞാൻ ഭയന്നു പോയി . ഒരു ചെറിയ നനവും ചോരയും.. എന്റെ ചെവി മുറിഞ്ഞ് ചോരവന്നതാണോ . പക്ഷേ വേദനയൊന്നും ഇല്ല.. പെട്ടെന്നാണ് താഴെ വീണുകിടക്കുന്ന പാതി പൊട്ടിയ പ്ലാസ്റ്റിക് കവർ ഞാൻ ശ്രദ്ധിച്ചത്. ആരോ ഉപയോഗ ശേഷം ഭദ്രമായി വലിച്ചെറിഞ്ഞ ഫുള്ളി ലോഡഡ് സാനിട്ടറി നാപ്കിൻ. അങ്ങനെ എനിക്കും മുംബൈ പൗരത്വം കിട്ടിയതായി ഞാൻ സ്വയം പ്രഖ്യാപിച്ചു.

മുംബൈയിലേക്ക് ചേക്കേറിയ ആദ്യ നാളുകളിൽ  തന്നെ  സ്കൂളിൽ പഠിച്ച നയീ ദിശാ നയി ഉഷയിലെ ഹിന്ദിയും കോളേജിൽ സെക്കന്റ് ലാംഗ്വേജായി പഠിച്ച ഹിന്ദിയും പ്രായോഗിക തലത്തിൽ  യാതൊരു ഗുണവും ചെയ്യില്ലെന്ന്  മനസ്സിലായി.

ആപ് കോ ക്യാ ചാഹിയേ എന്നൊക്കെ ചോദിച്ചു തുടങ്ങുമ്പോൾ  മദ്രാസി ഹേ ക്യാ എന്ന മറു ചോദ്യം …. ഇത് കേട്ട് പിന്തിരിയാതെ ഹിന്ദി പഠിക്കണമെന്ന മോഹവുമായി ജയന്തി ജനത കയറിയ ഞാൻ  പെട്ടെന്ന് മുറി ഇംഗ്ലീഷിലേക്കും, പിന്നെ മംഗ്ലീഷ് , മറാഠി, എന്നിങ്ങനെ അവസരത്തിന് ഒത്ത് ഉയരാൻ തുടങ്ങി. എങ്കിലും ഒരു മഹാ നഗരത്തിൽ ആദ്യമായി എത്തിപ്പെടുന്ന ഏതൊരു മറുനാടൻ  മലയാളിയും നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന്  ഒരു വിധം പെട്ടെന്ന് കരകയറിയെന്നാണ് സ്വയം വിലയിരുത്തൽ.

താമസവും ഭക്ഷണവും ഒക്കെ മൂത്ത ചേച്ചിമാർക്ക് ഒപ്പമായതിനാൽ വയറിന് ഒരിക്കലും മുട്ടുണ്ടായിട്ടില്ല. രണ്ടാളും പാചക കലയിൽ പ്രത്യേക കഴിവുള്ളവ രായിരുന്നതിനാൽ എനിക്കും പാചകത്തോട് പതിയെ താൽപര്യം തോന്നി തുടങ്ങിയിരുന്നു.

മുറ്റത്തു കൂടി ഓടി നടന്നിരുന്ന ഞങ്ങളുടെ  പി.ടി. ഉഷ കോഴിയെ പിടിച്ച് കുട്ടക്കീഴിൽ ആക്കാനും , മിനിറ്റുകൾക്കുള്ളിൽ ഓംലറ്റ് ഉണ്ടാക്കാനുമുള്ള വിദ്യ ചെറുപ്പത്തിലേ ഞാനും വശത്താക്കിയിരുന്നു. പാചക കലയോടുളള താൽപര്യവും പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യവും എന്നിൽ  ഉടലെടുത്തത് മൂത്ത ചേച്ചിയുടെ   സഹവാസം വഴി ആയിരുന്നിരിക്കണം. മുംബൈ ജീവിതത്തിനിടയിൽ പലതരം മത്സ്യക്കറികൾ, ചെമ്മീൻ , ഞണ്ട്, പോത്ത്,  ഇത്യാദികളുടെ രുചിക്കൂട്ടുകൾ സ്വായത്തമാക്കിയത് ചേച്ചിയിൽ നിന്നാണ്.

പിന്നീട് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ദുബായ് , ബഹറിൻ, കുവൈറ്റ് എന്നീ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ടെങ്കിലും അതിൽ മുംബൈയിലേതു പോലെ തന്നെ അബുദാബിയിലെ ജീവിതവും  വളരെ ഊഷ്മളവും  സൗഹൃദം നിറഞ്ഞതുമായി മനസ്സിൽ തങ്ങി നിൽക്കുന്നു.

നല്ല വൃത്തിയും വെടിപ്പുമുള്ള നഗരം, നഗരമദ്ധ്യത്തിൽ സ്ഥലപരിമിതി മൂലമാവാം വളരെ ഉയരത്തിലുളള ബിൽഡിംഗുകൾ.

അബുദാബി നഗരത്തിലെ മീൻമാർക്കറ്റ് ആദ്യമായി കണ്ടപ്പോൾ അതിശയിച്ചു പോയി.

മുംബൈ നഗരത്തിലെ പ്രശസ്തമായ സ്റ്റോക് എക്സ്ചേഞ്ച് ബിൽഡിംഗ് ആണ് ആദ്യം എന്റെ മനസ്സിലേക്ക് വന്നത്. ഒരിക്കൽ പവർ ഫെയ്ലിയർ മൂലം ലിഫ്റ്റ് ഇല്ലാഞ്ഞതിനാൽ  സ്റ്റോക് എക്സ്ചേഞ്ച് ബിൽഡിങ്ങിന്റെ അഞ്ചാം നിലവരെ സ്റ്റെയർകേസ് വഴി പോകേണ്ടി വന്ന ഹതഭാഗ്യൻ ആണ് ഞാൻ. എവിടെയും  പാൻ പരാഗിന്റെയും, ചാർ സൗ ബീസിന്റെയും ( 420 ) തുപ്പൽ കൂമ്പാരങ്ങൾ. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. മറിച്ച്, അബുദാബിയിലെ മീൻ വെട്ടുന്ന തൊഴിലാളിയുടെ യൂണിഫോമിന് പോലും എന്തൊരു വെണ്മ!

മനുഷ്യന്റെ ആരോഗ്യത്തിന് വളരെ  ദോഷകരവും പരിസര ശുചീകരണത്തിന് തടസ്സവും ആയി നിൽക്കുന്ന പാൻ പോലെ വൃത്തികെട്ട ഉൽപന്നങ്ങൾ  എന്തുകൊണ്ട് സർക്കാരുകൾ നിരോധിക്കുന്നില്ല എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അബുദാബിയിൽ  എത്തിയ ശേഷം വിവാഹത്തിന് മുൻപ് ഒരു വർഷത്തോളം എന്റെ  സഹമുറിയനും സഹപ്രവർത്തകനും  ആയിരുന്നു ഗോവക്കാരനായ ഓസ്കാർ . ആറടി രണ്ടിഞ്ച് പൊക്കം. സുമാർ 110 കിലോ തൂക്കം. പാശ്ചാത്യ സംഗീതം,  വായന, പാചകം ഇതു മൂന്നും എത്ര തിരക്കിനിടയിലും ഒരേ പോലെ ഏറെക്കുറെ ബാലൻസ് ചെയ്ത് കൊണ്ടുപോയിരുന്ന നിഷ്കളങ്കൻ. ആകാശത്തിന് കീഴെ ഏത് വിഷയത്തെപ്പറ്റിയും ആധികാരികമായി രണ്ട് വാക്ക് സംസാരിക്കാൻ കഴിവുള്ളവൻ. മീൻ വൃത്തിയാക്കുന്ന കാര്യത്തിലും രാഷ്ട്രീയ കാര്യങ്ങളിലുമാണ് ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്.

‘സമുന്ദർ സെ പകടാ ഹുവാ കാ മച്ചീ കോ ക്യോം ഇത് നാ സാഫ് കർതേ തും ലോഗ് ‘ എന്നായിരുന്നു മൂപ്പരുടെ ചോദ്യം. പാചകകലയിൽ അസാമാന്യ വൈഭവം, രുചിയുടെ പൂർണ്ണതക്കായി എത്ര ബുദ്ധിമുട്ടാനും തയ്യാറായിരുന്നു ഓസ്കാർ.

മാനസിക സംഘർഷം കുറയ്ക്കാൻ ഉള്ള വിവിധ മാർഗ്ഗങ്ങളിൽ  ഏറ്റവും നല്ല  ഒന്നാണ് പാചകം എന്ന് ഓസ്കാർ  അന്ന് പറയാറുള്ളത് ശരിയാണെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.

ജീവിതത്തിലെ ഓരോ ദിവസവും  ആസ്വദിക്കാനുള്ളതാണെന്ന് ഇടക്കിടക്ക് ആവർത്തിക്കാറുണ്ടായിരുന്ന ഓസ്കാറിന് മത്സ്യവും മാംസവും നിർബ്ബന്ധമായിരുന്നു. അവധി ദിവസങ്ങൾ പരമാവധി ആഘോഷമാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും 25 നോമ്പും 50 നോമ്പും തുടങ്ങിയാൽ ആൾ തീർത്തും സസ്യഭുക്കാകും.  വൈകുന്നേരങ്ങളിൽ രണ്ട് സ്മാൾ അടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവൻ പിന്നെ തീർത്തും ഗാന്ധിയനായി മാറും. എങ്കിലും നോമ്പിന്റെ തുടക്കത്തിൽ തന്നെ  ഒരു ജെന്റിൽമാൻ ജാക്ക് വാങ്ങി അലമാരയിൽ വയ്ക്കും. എന്നും രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതിന്  തൊട്ടു മുമ്പായി കുപ്പി കയ്യിലെടുത്ത്  ഒരു ഉമ്മ കൊടുത്ത ശേഷം,’അരേ തേരേ ലിയേ ഔർ തീസ് ദിൻ  ബാക്കി ഹെ’ എന്ന് നെടുവീർപ്പെട്ടിരുന്ന നിഷ്കളങ്കനായ സഹമുറിയൻ ..

എന്റെ  വിവാഹ ശേഷം ഭാര്യയുമൊത്ത് കടലിൽ കുളിക്കാൻ പോയപ്പോൾ ഒരിക്കൽ ഓസ്കാറും ഞങ്ങളോടൊപ്പം  വരികയുണ്ടായി. നാട്ടിലെ തോട്ടിൽ  കുളിക്കിടയിൽ  ഉപ്പും ചാക്ക് മറിക്കൽ എന്ന ഒരു കലാപരിപാടി കുട്ടികളായ ഞങ്ങളുടെ  ഇടയിൽ ഉണ്ടായിരുന്നു. വെള്ളത്തിനടിയിൽ കൂടി ഊളിയിട്ട് വന്ന് കാലിനടിയിൽ കൂടി ആളെ പൊക്കി പുറകിലേക്ക് മറിക്കുന്ന കലാപരിപാടി.

എന്റെ ഭാര്യ ഈ കലാപരിപാടിക്ക് അല്പം മടിച്ചു നിന്നപ്പോൾ ഇങ്ങടുത്ത് വരൂ ഞാൻ നിന്നെ എടുത്ത് മറിക്കാം എന്നു പറഞ്ഞ നിഷ്കളങ്കൻ.

അവന്റെ ഉദ്ദേശ ലക്ഷ്യത്തിൽ എനിക്കോ, ഭാര്യക്ക് പോലും സംശയം തോന്നിയില്ല എന്നതാണ് വാസ്തവം.

അവധി ദിവസങ്ങളുടെ  തലേന്ന് തന്നെ ഓസ്കാർ പിറ്റേന്ന് ഉണ്ടാക്കാൻ പരിപാടി ഇടുന്ന  വിഭവങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.  Pomfret വാഴയിലയിൽ പൊള്ളിക്കുന്നത് മൂപ്പരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ഒക്കെ സാമ്പത്തിക ബുദ്ധിമുട്ട് തോന്നുമ്പോൾ കൂട്ടത്തിൽ ജോലി ചെയ്തിരുന്ന  വെള്ളക്കാരികൾ  മാസാവസാനവും Pub ലും dance ലും പോയി അടിച്ചു പൊളിക്കുന്ന  കഥ പറഞ്ഞു കൊണ്ട് ഓസ്കാർ പാടും

ചാന്ദീ ജൈസാ രംഗ് ഹെ തേരാ

സോനേ ജൈസാ ബാൽ

ഏക് ധൻവാൻ ഹെ ഗോറി

ബാക്കി സബ് കംഗാൽ..

രണ്ടാമത്തെ ചേച്ചി സിവിൽ എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞ് മുംബൈയിൽ ജോലി ചെയ്തിരുന്ന കാലം. അപ്പനും, മകനുമായ അവളുടെ boss മാർ രണ്ടാളും നിരന്തരം വിവിധ വിദേശ യാത്ര നടത്തുന്നവർ. ഒരിക്കൽ എപ്പോഴോ അവരോട് സഹോദരന് Coin Collection ഉണ്ടെന്ന് സൂചിപ്പിക്കാൻ ഇടയായി. പിന്നീട് അവർ ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും ശേഷിക്കുന്ന ചെറിയ കറൻസി നോട്ടുകളും കോയിനുകളും മൊത്തമായും ചില്ലറയായും പെങ്ങൾക്ക് കൊടുക്കാൻ തുടങ്ങി. എനിക്കും ആദ്യമൊക്കെ ഒരു കളക്ഷൻ എന്നതിൽ കവിഞ്ഞ് പ്രത്യേകിച്ച്  ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇതിന്റെ അനന്ത സാധ്യതകളെപ്പറ്റിയുള്ള ചിന്ത മനസ്സിലേക്ക് വന്ന് തുടങ്ങിയത്. പിന്നീട് ഓരോ പുതിയ ബാച്ച് നാണയങ്ങൾ കിട്ടുമ്പോഴും  ടൈംസ് ഓഫ് ഇന്ത്യ പത്രമെടുത്ത് വിനിമയ നിരക്ക് പരിശോധിക്കലും കൂട്ടി കുറയ്ക്കലുകളും പതിവായി.

ആയിടക്ക് മുംബൈയിൽ നിന്നും നാട്ടിൽ അവധിക്ക് വന്ന സമയം. അമേരിക്കൻ ഡോളർ മുതൽ Duetche Mark വരെ നീളുന്ന വമ്പൻ വിദേശ നാണ്യ ശേഖരവുമായാണ് ഞാൻ നാട്ടിൽ എത്തിയത്. ഒരു മാസം തകർക്കാനുള്ള നാണ്യശേഖരം കയ്യിൽ.. വിഷയം സമപ്രായക്കാരനും സമാന മനസ്കനുമായ അമ്മയുടെ അനുജത്തിയുടെ മകൻ സന്തോഷുമായി പങ്കു വച്ചു .അവന്റെ നിർദ്ദേശപ്രകാരം സംഗീതയിൽ പോയി മാറാം എന്ന ധാരണയിൽ എത്തി.

സംഗീത ഗിഫ്റ്റ് ഹൗസ് എന്നാൽ അച്ഛനും അമ്മയും ഒഴികെ എന്തും വാങ്ങാൻ കിട്ടുന്ന സ്ഥലം എന്നായിരുന്നു അക്കാലത്ത് ഞങ്ങളുടെ ധാരണ. ഏത് ഫോറിൻ സാധനവും വാങ്ങാൻ കിട്ടുന്ന സ്ഥലം, മുംബൈ കൊളാബയിലെ ഷോറും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ Charagh Din (CD) ഷർട്ടുകളുടെ കളക്ഷനുള്ള സംഗീത , ഏത് വിദേശകറൻസികൾക്കും ഏറ്റവും ഉയർന്ന നിരക്ക് തരുന്ന സംഗീത.

പത്രത്തിലെ വില വച്ച് നോക്കിയാൽ 5000 രൂപയിൽ ഒട്ടും കുറയാൻ വഴിയില്ല. അമേരിക്കൻ ഡോളർ മുതൽ  വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ പ്രത്യേകം പ്രത്യേകം എണ്ണി തിട്ടപ്പെടുത്തി ഓരോ കിഴികളിലാക്കി. നാടോടിക്കാറ്റിലെ പവനായിയെ ഓർമിപ്പിക്കും വിധം ഒരു പെട്ടിയും ഒരു Rayban ഗ്ലാസും. കറൻസി മാറിക്കഴിഞ്ഞാൽ ഉള്ള പരിപാടികളെപ്പറ്റി രണ്ടു ദിവസമായി തകൃതിയായ ആലോചനകൾ.

ഒരു Nike യുടെ ഷൂസ്,, ഇഷ്ടപ്പെട്ടാൽ ഒരു CD യുടെ shirt, കോട്ടയത്ത് പോയി പാന്റ്സിന് തുണി എടുക്കണം, പിന്നെ പുതുതായി റിലീസ് ചെയ്ത ഒന്നോ രണ്ടോ സിനിമ .

അക്കാലത്ത് റിലീസ് ചെയ്ത സിനിമകൾ ആദ്യ ഷോയിൽ തന്നെ കണ്ടില്ലെങ്കിൽ ആ സിനിമയോട് തന്നെ വെറുപ്പ് വരുന്ന കാലമായിരുന്നു. പിന്നെ രണ്ടാൾക്കും Arcadia Hotel & Bar-ൽ കയറി ഒന്നു മിനുങ്ങണം..

അങ്ങനെ വൻ പദ്ധതികളുമായി ഞാനും ഇളയമ്മയുടെ മകനും  സംഗീതയിലേക്ക് . ബ്രീഫ് കേസും സൺഗ്ലാസ്സും കണ്ട മാത്രയിൽ അവിടുത്തെ സ്റ്റാഫ് ഞങ്ങളെ കസേര വലിച്ചിട്ട് ഇരുത്തി. യു എസ് ഡോളറിൽ തുടങ്ങി എട്ടോളം വിവിധ കറൻസികളുടെ നിരക്കുകൾ  ചോദിച്ച് ഉറപ്പ് വരുത്തി. ഇടക്ക് സ്റ്റാഫിൽ ഒരാളുടെ ചോദ്യം, ഇത്തിരി കാര്യമായിട്ടുണ്ടോ? സൺ ഗ്ലാസ്സ് അൽപം താഴ്ത്തിയ ശേഷം അൽപം ഗൗരവത്തിൽ  ഞാൻ:

“അതെ, ഇത്തിരി കാര്യമായിട്ടുണ്ട്.” ആത്മവിശ്വാസം ഒട്ടും കുറയ്ക്കാതെ താഴെ നിന്നും പെട്ടി എടുത്ത് മേശപ്പുറത്ത് വച്ചു. ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കരുതിയിട്ടാവാം ആ പാവം സഹായത്തിന് മറ്റൊരു സ്റ്റാഫിനെക്കൂടി അരികിലേക്ക് വിളിച്ചു.

കിഴികൾ ഓരോന്നായി മേശപ്പുറത്ത് നിരത്തിക്കഴിഞ്ഞപ്പോൾ അയാൾ എൻ്റെ മുഖത്ത് നോക്കി, എവിടെ കറൻസി എവിടെ.

Coins തല്ക്കാലം തങ്ങൾ എടുക്കില്ല എന്ന പറഞ്ഞപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി.

Nike യുടെ ഷൂസ് എടുക്കാൻ എറണാകുളത്ത് തന്നെ  പോകണമെന്ന് നിർബന്ധം പിടിച്ചിരുന്ന ഇളയമ്മയുടെ മകനെ പിന്നെ അവിടെയെങ്ങും കാണാനായില്ല.

മോഹഭംഗമനസ്സിലെ ശാപപങ്കില …. ഗാനം മനസ്സിൽ പിറുപിറുത്തു കൊണ്ട് അവിടെ നിന്ന് എങ്ങനെ പുറത്തേക്ക് ഇറങ്ങി എന്ന് ഓർക്കാനാവുന്നില്ല.

ഇപ്പോൾ പാരീസിൽ ഇരുന്നു കൊണ്ട് ഇതു വായിച്ച് ഊറിച്ചിരിക്കുകയാവും അവൻ .

Print Friendly, PDF & Email

About the author

സോജൻ വർഗ്ഗീസ്

സോജൻ വർഗ്ഗീസ്. കുട്ടനാട്ടുകാരൻ. ഇപ്പോൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസം