കഥ

സമയമായി പോലുംനട്ടുച്ച നേരത്താണ് ഏറെ സ്നേഹം പുരട്ടി  പൊലിപ്പിച്ചെടുത്ത ടെർമിനേഷൻ ലെറ്റർ മെയിൽ ബോക്സിലേക്ക് വരുന്നത. ദിവാകരന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. നാട്ടിലുള്ള ഭാര്യ ഗീതയെ ഉടൻ വിളിച്ചു.

ഗീത എങ്ങനെ പ്രതികരിക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ, ഗീത ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്.

” നിങ്ങോ ഇനിയും ആട നിക്കണ്ട ദിവാരേട്ടാ, ഇങ്ങോട്ട് മതിയാക്കി വാ, നമുക്ക് ആകെയുള്ളത് ആകാശ് മോൻ മാത്രമല്ലേ, അവനാണെങ്കിൽ കൊച്ചിയിൽ ,ഐ ടിയിൽ ജോലിയും കിട്ടി. അപ്പൊ ബേം ടിക്കറ്റ് ശരിയാക്ക്. മോളിലത്തെ മുറി, നിങ്ങൾക്ക് ക്വാറന്റൈനിൽ കഴിയാൻ  ഞാൻ റെഡിയാക്കി വെയ്ക്കാം “

ഈ  മറുപടി കേട്ടതും ദിവാകരൻ ഉത്സാഹിയായി. വേഗം ടിക്കറ്റെടുത്തു. ഇരുപത്തിയഞ്ച് വർഷം ജോലി ചെയ്ത ദുബായ് നഗരവും, അതിനിടയിൽ നിറഞ്ഞ സൗഹൃദങ്ങളും. ആരോടും യാത്ര പറയാതെ കണ്ണൂരിലേക്ക് വിമാനം കയറി. ശൂന്യാകാശ യാത്രക്കാരെപ്പോലെ സുരക്ഷാ ഉപകരണങ്ങൾ അണിഞ്ഞു കൊണ്ട്  സീറ്റിൽ അടങ്ങിയിരുന്നു. കണ്ണൂരിൽ പുലർച്ചെയെത്തിയ വിമാനത്തിൽ നിന്നിറങ്ങി വിവരങ്ങളൊക്കെ കൊടുത്ത ശേഷം ടാക്‌സി  പിടിച്ചു. പത്തുമണിക്കുള്ളിൽ പൊയിനാച്ചിയിലെ വീടെത്തി. ഗീത പടിയ്ക്കൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ദിവാകരൻ നേരെ മുകളിലത്തെ മുറിയിലേക്ക് പോയി.  പെട്ടിയെടുത്ത് വച്ച്, വരാന്തയിൽ വന്നു. താഴെ നിൽക്കുന്ന ഗീതയോട് യാത്രാക്ലേശങ്ങൾ വിവരിച്ചു. “നിങ്ങൾ കുളിച്ചിട്ട് വാ, ഞാൻ ദോശയും ചായയും പടിരെ മോളിൽ  കൊണ്ട് വെയ്ക്കാം.”

സ്വന്തം വീട്ടിലെ ഏകാന്ത വാസത്തിന് അങ്ങനെ തുടക്കം കുറിച്ചു. മുകളിലത്തെ വരാന്തയിലിരുന്ന് ഗീതയോട് വർത്തമാനം പറയുകയോ, മഴ വരുന്നതും നോക്കി ഓർമ്മകൾ അയവിറക്കുകയോ ചെയ്യുന്നത് ശീലമായി.  വാട്‍സ് ആപ്പ് ഗ്രൂപ്പിലെ തമാശകളൊക്ക കണ്ട് മടുപ്പ് തോന്നി .

ഇടയ്ക്ക് ആകാശ് വിളിച്ചു,’ അച്ഛന്റെ ക്വാറൻറ്റൈൻ കഴിയട്ടെ ,ഞാൻ അപ്പോഴേയ്ക്കും വീട്ടിലെത്തും .അമ്മയും ഇനി ഒറ്റയ്ക്കല്ലല്ലോ എന്ന സമാധാനം “

ഓരോ ദിവസത്തെ മഴയ്ക്കും ഓരോ ഭാവമായിരുന്നു .ചിലപ്പോൾ പെയ്യാൻ ഭാവിച്ച ദിവസങ്ങളിൽ ഇളം വെയിലായിരിക്കും. ചില രാത്രികളിൽ ഓർമ്മകളുടെ തണുപ്പ് മാത്രം കൂട്ടിന്.   നെഹ്‌റു കോളേജിലെ കാറ്റാടിമരങ്ങളുടെ സൂചിയിലകൾക്കിടയിൽ മഴ പെയ്യുന്നത് തെളിഞ്ഞു വന്നു.

പൊയിനാച്ചിയിൽ നിന്ന് ബസ് കയറി കാഞ്ഞങ്ങാട്ടെത്തും ,പിന്നെ ഇടവിട്ട് ഓടുന്ന നീലേശ്വരം ബസ്സുകളിൽ കയറിയിരിക്കും . പടന്നക്കാട് റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ എഴുന്നേറ്റ് നിൽക്കും. അടുത്ത സ്റ്റോപ്പ് കോളേജാണ് . ബസ്സിനെ അനാഥമാക്കി കൊണ്ട് ,കോളേജ് സ്റ്റോപ്പിൽ കുട്ടികൾ തിരക്കിട്ടിറങ്ങും. ദിവാകരന്റെ പ്രീ ഡിഗ്രിക്കാലം.  ആസ്ബസ് റ്റസ് ഷീറ്റിട്ട നീണ്ട കെട്ടിടത്തിലായിരുന്നു ക്‌ളാസ്. ഷെഡ്ഡ് എന്ന് ഓമനപ്പേരുണ്ട്.  ചുറ്റിലും കാറ്റാടി മരങ്ങൾ .

ഉണങ്ങിയ സൂചിയിലകൾ വീണ് ആസ്ബസ്റ്റസ് ഷീറ്റുകൾക്ക് മേലെ മെത്തയൊരുക്കിയിട്ടുണ്ട് . തിങ്ങി നിറഞ്ഞ ക്‌ളാസ്സുകൾ ശബ്ദ മുഖരിതമായിരുന്നു. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ പൊട്ടിപ്പോകുന്ന സ്ഫടിക പാത്രങ്ങളും, കുഴലുകളുമുള്ള, രൂക്ഷ ഗന്ധമുള്ള രാസവസ്തുക്കളുടെയും, നിറമുള്ള ദ്രാവകങ്ങളുടെയും കൂടാരമായ രസതന്ത്ര ലാബ്.  മുകളിൽ സുവോളജി ലാബിൽ തവളയും ,പാറ്റയും, മണ്ണിരയും മേശയ്ക്ക് മുന്നിലെ പലകയിൽ നിരന്തരം ആണിയടിക്കപ്പെട്ടു. 

ഇടവേള എപ്പോൾ കിട്ടിയാലും ഓടിപ്പോകാൻ വിശാലമായ,  കോളേജ് ലൈബ്രറി. വായനയ്ക്ക് ഭംഗം വരാതിരിക്കാൻ നിശബ്ദത പാലിക്കാൻ നിരന്തരം ആവശ്യപ്പെടുന്ന ലൈബ്രേറിയൻ.  നിധി കാക്കുന്ന ഭൂതത്താനെപ്പോലെ അദ്ദേഹം പുസ്തകങ്ങളെ കാത്തു .അതൊരു അത്ഭുത ലോകമായിരുന്നു.

വിശപ്പ് കൊണ്ട് സഹിക്കാൻ പറ്റാത്ത ചില മധ്യാഹ്നങ്ങളിൽ കോളേജ് കാന്റീനിൽ പോയി പൊറോട്ട കഴിക്കും. മുന്നിൽ റോഡിനിരുവശവും നട്ടുപിടിപ്പിച്ച അക്കേഷ്യ മരങ്ങളുടെ പൂക്കളുടെ മനം മടുപ്പിക്കുന്ന ഗന്ധം.

ഏറ്റവും താൽപ്പര്യത്തോടെ കേട്ടിരുന്നത് ഗോപാലകൃഷ്ണൻ മാഷിൻറെ  മലയാളം ക്ലാസ്സുകളാണ്. ആശാന്റെ കവിതയായ ‘കരുണ’യിലെ ഭാഗങ്ങൾ ഏറെ ആസ്വാദ്യകരമായിരുന്നു. ‘സമയമായില്ല പോലും ‘ എന്ന് വാസവദത്ത പറയുന്ന ഭാഗം .ഉപഗുപ്തനെന്ന ബുദ്ധശിഷ്യന് വരാൻ സമയമായില്ല എന്ന്‌ വിലപിക്കുന്ന വാസവദത്ത.  ശ്‌മശാന പരിസരത്ത് ഉപഗുപ്തൻറെ വരവ് കാത്ത്,  അംഗഭംഗം സംഭവിച്ച് കിടക്കുന്ന വാസവദത്ത. എല്ലാം ദിവാകരന്റെ മനസ്സിൽ ഇന്നലെയെന്ന പോലെ തെളിഞ്ഞു വന്നു.

ഗോപാലകൃഷ്ണൻ മാഷെ അവധിക്ക് വന്നാൽ പോയിക്കാണാറുള്ളതാണ്. കോളേജിനടുത്ത് തന്നെയാണ് താമസം. ക്വാറൻറ്റൈൻ ഒക്കെ കഴിഞ്ഞ് മാഷെ പോയിക്കാണണം.

മഴയുള്ള ഒരു ദിവസം ,കുട തുറന്ന് കൊണ്ട് ബസ്സിൽ നിന്നിറങ്ങിയപ്പോൾ കണ്ടത് എതിർ വശത്ത് നിന്ന് വന്ന ബസ്സിൽ നിന്നിറങ്ങി, റെക്കോർഡ് ബുക്ക് നനയാതിരിക്കാൻ കുടയില്ലാതെ പരിഭ്രമിയ്ക്കുന്ന മേരിയെയാണ്.

കിഴക്കുള്ള കൊന്നക്കാട് നിന്ന് വരുന്ന മേരി ഒരേ ക്ലാസിലാണ്.  റെക്കോർഡ് ബുക്ക് നനയാതിരിക്കാൻ, മേരിയെ കുടയിലേക്ക് ക്ഷണിച്ചു. ആദ്യം മടി കാണിച്ചെങ്കിലും, മേരി കുടയിൽ ചേർന്നു.  പിന്നീട് കാറ്റാടി മരങ്ങളുടെ ചുവട്ടിൽ  വീണ സൂചിയിലകൾക്ക് മേലെയിരുന്നു കൊണ്ട് മേരി കൊന്നക്കാട്ടെ വിശേഷങ്ങൾ പറഞ്ഞു. തിളങ്ങുന്ന ചിരിയുമായി വരുന്ന മേരിയെ കാണുന്നതിനായി കോളേജ് ദിനങ്ങൾക്ക് തെളിച്ചം കൂടി. പരീക്ഷയ്ക്ക് കോളേജ് അടയ്ക്കരുതേ എന്ന് ആശിച്ചു.

വെളിച്ചം തീരെ കുറവായ ഒരു പകലിലാണ് ഏതോ കുട്ടി മരിച്ചത് കാരണം കോളേജിന് അവധി പ്രഖ്യാപിച്ചത്.

മഴയുടെ ശക്തിയിൽ കവിഞ്ഞൊഴുകിയ  കൊന്നക്കാട് ചാലിന്റെ ഒഴുക്കിൽപ്പെട്ട്  മരിച്ചത് മേരിയായിരുന്നു. കോളേജ് ദിനങ്ങൾ വിഷാദത്തിലേക്ക് തെന്നിമാറി. ഡിഗ്രിയും കഴിഞ്ഞ് ദുബായിലേക്ക് പോയി ദിവാകരൻ.

കാറ്റാടിയുടെ സൂചിയിലകൾ പോലെ വർഷങ്ങൾ ഉതിർന്നു വീണു.

രണ്ടാഴ്ചത്തെ ക്വാറൻറ്റൈൻ  കഴിഞ്ഞ്, കോവിഡ് ടെസ്റ്റ് നെഗറ്റിവ് ആയ ആശ്വാസത്തിൽ പുറത്തേക്കൊന്നിറങ്ങാൻ ദിവാകരൻ  തീരുമാനിച്ചു. കോളേജ് ഗ്രൂപ്പിൽ ഗോപാലകൃഷ്‌ണൻ മാഷിനുള്ള ആദരാഞ്ജലി പോസ്റ്റ് കണ്ട് വേദനിച്ചു. എന്തായാലും ഗോപാലകൃഷ്ണൻ മാഷുടെ വീട് വരെ പോകണം. കാറെടുത്ത് മാഷിന്റെ വീട് വരെ ചെന്നു. തിരക്ക് ഒഴിവാക്കാൻ രാവിലെത്തന്നെ ശവദാഹം കഴിഞ്ഞിരുന്നു. മാഷ് ഇല്ലാതെ ആ പരിസരവും പുസ്തകങ്ങളുമെല്ലാം ഏറെ ശൂന്യമായി തോന്നി. ഭൂമിയോട് വിട പറയാൻ ‘സമയമായി പോലും’.

അവിടെ നിന്നിറങ്ങി ദിവാകരൻ കോളേജിനടുത്തേക്ക് നടന്നു. കോളേജ് അകെ മാറിയിട്ടുണ്ട്. മുന്നിൽ പുതിയ കെട്ടിടം. നെഹ്‌റു പ്രതിമ. കാറ്റാടി മരങ്ങൾ ഒന്നുമില്ല. ആസ്ബസ്റ്റസ് ഷീറ്റിട്ട ഷെഡ്ഡ് ഇല്ല. അകത്തേക്ക് പോകാൻ തോന്നിയില്ല. മഴ ശക്തമായി പെയ്ത് തുടങ്ങി റെക്കോർഡ് ബുക്ക് നനയാതെ ബദ്ധപ്പെട്ട് കുടയില്ലാതെ ബസ്സിറങ്ങി ഒരു പെൺകുട്ടി കോളേജിലേക്ക് നടന്നു വരുന്നത് പോലെ. റോഡിലൂടെ കലക്ക് വെള്ളം ഒഴുകുന്നുണ്ട്, ദിവാകരൻ കാറിൽ കയറിയിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് വൈപ്പറും ഓൺ ചെയ്തു. ഓർമ്മകളെ തുടച്ചു മാറ്റാനാവാതെ കാർ മുന്നോട്ട് നീങ്ങി.

Print Friendly, PDF & Email

About the author

മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.