കഥ

ആൾമാറാട്ടക്കടശ്ശിവേഷപ്പകർച്ചകൾ കൊണ്ട് നിറം പിടിക്കുന്ന ജീവിതമായിരുന്നു അയാളുടേത്.  എൺപതുകളുടെ തുടക്കത്തിൽ തൊഴിൽസംബന്ധമായി തന്റെ ജീവിതം ഡൽഹിയിലേക്ക് മാറ്റുമ്പോൾ നാട്ടിൽ തനിക്ക് സാന്ത്വനമേകിയ നാടകപ്രവർത്തനം കൈവിട്ടുപോകുമോ എന്ന് അയാളിലെ സന്ദേഹി ഭയന്നു.   ആധുനികവും പരീക്ഷണവും പ്രഹസനവും അബ്‌സേഡുമൊക്കെ ഡൽഹിയിൽ അരങ്ങുതകർക്കുന്നതു കണ്ട് അയാൾ ഒന്നമ്പരന്നു, ആനന്ദിച്ചു, അതിലേക്കിറങ്ങി.

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാലിലെ കേരളപ്പിറവിദിനത്തിൽ ഡൽഹിയിലെ ഒരു പ്രധാന വേദിയിൽ അവതരിപ്പിക്കേണ്ട താൻ കൂടിയുൾപ്പെട്ട നാടകത്തിൽ അയാൾക്ക് ഒരു  സർദാറിന്റെ വേഷമായിരുന്നു.  ഭാഷയും വേഷവും വേറെയായതിനാൽ അതിലൊരു പൂർണ്ണത അയാൾ കൊതിച്ചു.  ഒരു സർദാറിന്റെ വേഷപ്പകർച്ചയോടെ രണ്ടുനാൾ മുന്നേ അയാൾ നഗരത്തിലേക്കിറങ്ങി.  നന്നായി മിടഞ്ഞുകെട്ടിയ ഒരു തലക്കെട്ട്, പശ തേച്ച്  ഒട്ടിച്ചുവച്ച താടിമീശ, വലം  കൈയിൽ ഒരു സ്റ്റീൽ വള, ആൾമാറാട്ടക്കാരനായി പിടിക്കപ്പെട്ടാൽ കത്തി തനിക്കൊരു വാളാകുമെന്നു കരുതി അരയിൽ  കത്തി തൂക്കാൻ നിന്നില്ല, താൻ എത്ര ശതമാനം സർദാറാണെന്ന് ജനങ്ങളിൽ നിന്നറിയുക എന്ന ഒരു കൃത്യം..  മുഴുക്കെ സർദാറായോ സംശയിക്കപ്പെട്ടവരോട് കാരണം തിരക്കി.  താൻ സർദാറല്ലെന്നു പറഞ്ഞ് ചിലരെ അത്ഭുതപ്പെടുത്തി.

രണ്ടാം  ദിനം, ഒക്ടോബർ മുപ്പത്തിയൊന്ന്.  അന്നു വൈകുന്നേരത്തെ വാർത്താപ്രക്ഷേപണത്തിലൂടെ  ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദു:ഖം ലോകമേറ്റു വാങ്ങുമ്പോൾ അയാൾ തെക്കൻ ഡൽഹിയിലെ ഐ എൻ എ  മാർക്കറ്റിലായിരുന്നു.  അവിടത്തെ ഒരു തട്ടുകടയിൽ നിന്നും വാങ്ങിയ ഇഡ്ഡലിയും വടയുമായി   പിടികിട്ടാപ്പാച്ചിലോടെ പോകുന്ന സാമ്പാറിലേക്ക് അയാളൊന്നു മുങ്ങിയ നേരത്താണ് പിന്നിൽ നിന്ന് അയാളുടെ ആറാംവാരി ഭേദിച്ച്  ഒരു കഠാര വന്നു കയറിയത്.  കുതികാലിൽ  ഒന്നരയിഞ്ചു ഭൂമിവിട്ടു പൊന്തി, അയാൾ.  ഓടാൻ നോക്കി,  ആയില്ല.  കേറിപ്പോയ ആ ആയുധം അയാളുടെ ജീവൻ കുറുകെ പിളർന്നു. വീഴ്ച്ചയിൽ അയാളുടെ ടർബൻ തെറിച്ചു, മീശ ഇളകിപ്പോയി.  ഇവ രണ്ടും ശരീരത്തിൽ നിന്നും വേർപെട്ടതോടെ അയാൾ സർദാറല്ലാതായി. അതോടെ അയാളുടെ മരണകാരണവും അപ്രസക്തമായി.

അയാളെ കൊന്നവരുടെ ഇരപിടുത്തക്കണക്കിൽ അയാളുണ്ടായിരുന്നെങ്കിലും മതസ്പർദ്ധയിലെ കാനേഷുമാരിയിൽ അയാൾ കയറിക്കൂട്ടിയില്ല.  അത് കാരണമറിയാത്ത ഒരു കൊലപാതകമായി   എഴുതിത്തള്ളപ്പെട്ടു.

2

എക്സ് എന്ന ആ ഗ്രാമത്തിൽ രണ്ട്  മതങ്ങളിൽപ്പെട്ടവർ തമ്മിൽ കൂട്ടി മുട്ടിയത് കാലമധികമാകാത്ത കാര്യം.  മൂന്നു ദിവസം നീണ്ടുനിന്ന്  കലാപം അരങ്ങാടി.  മരണസംഖ്യ നൂറിന്റെ പെരുക്കങ്ങളായി.  വിവിധ സേനാവിഭാഗ ങ്ങളെ വച്ച പോലീസ് ഗ്രാമം നെയ്തു.  നാലുപേരെയെന്നല്ല ഒരാളെയെങ്കിലും കണ്ടാൽ വെടിവച്ചിടുന്ന അവസ്ഥയിൽ ഗ്രാമം വിളറി നിന്നു

എല്ലാം ഒന്നൊതുങ്ങി എന്ന പിന്നീടത്തെ നാളുകളിലൊന്നിൽ ഒരു വൈകുന്നേരം ഗ്രാമത്തിനു മുകളിൽ മഴക്കാർ കുന്നുകൂടി വന്നു.  പ്രകൃതിയുടെ സാധാരണ ഗതിവിഗതികളെ എഴുത്തുകാർ കടംകൊണ്ട് ക്ളീഷെയാക്കി പഴകിപ്പിച്ചതിനാൽ ഈ മഴക്കാറിൽ ക്ളീഷെയായി പ്രതീകാത്മകതയില്ല എന്ന മുന്നറിയിപ്പോടെ, മറ്റൊരു ഗ്രാമത്തിലേക്ക് എന്തോ ഒരത്യാവശ്യത്തിനു പോകാൻ കലാപഗ്രാമം മുറിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇവിടെ കാട്ടിത്തരുന്നു.   ഒരു ബൈക്കിലാണ് അയാളുടെ യാത്ര.  മഴക്കാറിൽ മൂവന്തി കനത്തു.  തുള്ളിക്കൊരുകുടം എന്ന കണക്കെ മഴ വീണതിനാൽ ബൈക്ക് നിർത്തി അയാൾ ആളൊഴിഞ്ഞ ഒരു കടത്തിണ്ണയിൽ കയറിനിന്നു.  ഇരുട്ട് അവിടെ മൂടിക്കിടന്നിരുന്നു.  ഇത്തിരിനേരം നിന്നപ്പോൾ കണ്ണ് എന്തൊക്കെയോ കാണാൻ തുടങ്ങിയതിൽ കൂനിക്കൂടിയിരിക്കുന്ന ഒരു മനുഷ്യനും അയാളുടെ കണ്ണിൽപ്പെട്ടു. ഒന്നുമുണ്ടായില്ല.  ഏറെനേരം കഴിയും മുമ്പേ കുന്തിച്ചിരുന്ന ആ മനുഷ്യൻ എഴുന്നേറ്റ് അയാൾക്കരികിലേക്ക് വന്നു.

“ആരാ?” എഴുന്നേറ്റുവന്ന് അപരിചിതൻ അയാളോട് ചോദിച്ചു.

“വഴിപോക്കനാണ്”, അയാൾ പറഞ്ഞു, “മഴ…..”

“എന്താ പേര്?”

എ മതക്കാരനായ അയാൾ നോക്കി. ഇരുട്ടുവകഞ്ഞുപിടിച്ചിരിക്കുന്നവന് ബി മതക്കാരന്റെ എല്ലാ ബാഹ്യലക്ഷണങ്ങളുമുണ്ട്.

    അയാൾ ബി സമുദായത്തിലെ ഒരു പേര് പറഞ്ഞ് താദാത്മ്യം പിടിച്ചു.

“ഹ, ഹ, ഹ!”, അപരിചിതൻ ചിരിച്ചു. എന്നിട്ട്, പിന്നിൽ പിടിച്ചിരുന്ന കത്തിയെടുത്ത് ചെറുപ്പക്കാരന്റെ വയറ്റിലേക്ക് ആഴ്ത്തിയിറക്കി.

അങ്ങനെ എ മതക്കാരനായ ചെറുപ്പക്കാരൻ മറ്റൊരു എ മതക്കാരന്റെ തന്നെ കൈകൊണ്ട് ആ കലാപഗ്രാമത്തിൽ മരിച്ചുവീണു.

ആരോപണക്കണക്കുകളിലെ അവകാശത്തർക്കങ്ങളിലൊന്നും കേറാനാവാതെ ആ മരണവും മാറി നിന്നു.

3

ഇക്കഴിഞ്ഞ ഉത്സവക്കാലം.

ഒരു ഉൾനാടൻ ഗ്രാമത്തിലെ, ദേവസ്വം ബോർഡിന്റെ കണ്ണിൽ പെടാത്ത ഒരമ്പലം.  ഉത്സവക്കൊടിയേറ്റ്  രണ്ടുനാൾക്കകം നടക്കാനിരിക്കെ ഹിന്ദുക്കളായ കൂട്ടുകാരോടൊപ്പം എബിൻ ജോസഫ് എന്ന ക്രിസ്ത്യാനി പയ്യനും  അമ്പലത്തിനകത്തു കടന്നു.

അമ്പലക്കമ്മറ്റി പ്രസിഡന്റ് ഗോപി കൈമൾ ശ്രീകോവിലിന്റെ പ്രദക്ഷിണവഴിയിൽ വച്ച്  എബിനെ മുഖാമുഖം കണ്ടു

ഓടിക്കോടാ എന്ന്  കൂട്ടുകാരിലൊരാൾ രഹസ്യം  പിറുപിറുത്തതും ഭയന്ന ആ ഇരുപതുകാരൻ പിൻവാതിൽ വഴിയുടെ ലാക്ക് പിടിച്ചു. അയ്യോ, ഈശോയേ എന്ന് രണ്ടുപ്രാവശ്യമെങ്കിലും ഓടുന്നവൻ അലമുറയിട്ടെന്ന അമിട്ട് തന്റെ വകയായി  കൂട്ടത്തിൽ ഇരുന്നോട്ടെ എന്നു  വിചാരിച്ച്  മാലകെട്ടുന്ന കൊഞ്ഞവാര്യരും ഒരു കള്ളസാക്ഷ്യം എബിനുമേലേക്കു കെട്ടിവച്ചു.

ചെറിയ തോതിലെങ്കിലും ഒരു ശുദ്ധികലശം ചെയ്യണമെന്നായി  ഗോപി കൈമളും കൂട്ടരും.

ഉത്സവക്കാലമല്ലേ! ഉടനെ തയ്യാറെടുപ്പായി.

പിറ്റേന്ന് തന്നെ ശുദ്ധികലശവും ചെയ്തു.

അതിനടുത്ത ദിവസം ഉത്സവം കൊടിയേറി..

അന്ന് സന്ധ്യയ്ക്ക് സേവയ്ക്ക് എഴുന്നെള്ളിച്ചു നിർത്തിയ രണ്ടാനകളിൽ ഒന്ന് ദൈവം ഇടപെടാതെ പ്രകൃതിനിയമങ്ങളാൽ വിരണ്ടു.  ആദ്യം കൈയിൽ കിട്ടിയ പാപ്പാനെ  കൈയും കാലും ഓടിക്കാനുള്ളത്ര  ആയത്തിൽ മാത്രം തുമ്പിക്കൈയിൽ എടുത്തെറിഞ്ഞു.

ഞാൻ പ്രസിഡന്റ് എന്ന് നെഞ്ചൂക്കോടെ മുമ്പോട്ടുവന്ന ഗോപി കൈമളെ ആന വട്ടം ചുറ്റിയെടുത്ത്  മേലേക്കെറിഞ്ഞു.  താഴെ വന്നു വീണതും ഒരു ചവിട്ട്.  ആശുപത്രിയിലൊന്നും കൊണ്ടുപോകേണ്ടിവന്നില്ല.

അലമുറയിട്ട ഗോപി കൈമളുടെ കുടുംബത്തിൽ അയാളുടെ ‘അമ്മ സാവിത്രിയമ്മയും ഉണ്ടായിരുന്നു.

അടുത്ത രണ്ടുമണിക്കൂറിനകം കൊച്ചിയിലെ  ഒരു ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിൽ താമസിക്കുന്ന ജോർജ്ജ് കോരുത്  എന്ന റിട്ടയേഡ് പി ഡബ്ള്യു ഡി എഞ്ചിനീയർക്ക് ഒരു രഹസ്യ ടെലിഫോൺ സന്ദേശം സാവിത്രിയമ്മയിൽ നിന്നും കിട്ടി.

വെളുപ്പിന് നാലുമണിക്ക് തന്റെ ഡ്രൈവറെ വരുത്തി കാറെടുപ്പിച്ച് ജോർജ്ജ് കോരുത് നൂറ്റിയമ്പതു കിലോമീറ്റർ ദൂരെയുള്ള ഗോപി കൈമളുടെ വീട്ടിലെത്തി.

ചടങ്ങുകളിൽ പങ്കുകൊണ്ട് തൊട്ടടുത്താണ് നിന്നതെന്നതിനാൽ ജോർജ്ജ് കോരുതിനെ എബിൻ ജോസഫ് ഒട്ടൊന്നു പരിചയപ്പെട്ടിരുന്നു,.

ഗോപി കൈമളുടെ ശവം ചിതയിലേക്കെടുക്കുമ്പോൾ ജോർജ്ജ് കൊരുതിന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകി. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അയാൾ വാവിട്ടു കരഞ്ഞു. മനസ്സിന്റെ ഉള്ളറയിൽ അതിഭവ്യതയോടെ സൂക്ഷിച്ചുവച്ചിരിക്കുന്ന രഹസ്യം വിളിച്ചുപറയാൻ തോന്നുന്ന ഒരു  മനുഷ്യവേപഥുവിലായിരുന്നു അയാളപ്പോൾ

അതുകണ്ട എബിൻ ജോസഫ്, ജോർജ്ജ് കോരുതിനോട്  ചോദിച്ചു.

“മരിച്ചത് സാറിന്റെ ആരാ?”

“മകൻ”, ജോർജ്ജ് കോരുത്  ധൃതിയോടെ പറഞ്ഞു, അരുത് എന്ന പിടിക്കാൻ കേറിവരുന്ന മനസ്സിനെ ക്ഷണനേരംകൊണ്ട് മറികടന്നാണ് അയാൾ അത് പറഞ്ഞത്.

ഭൂമി ഒന്ന് തിരിഞ്ഞു കറങ്ങിയതുപോലെ എബിൻ ജോസഫിന് തോന്നി.  ആ തിരിച്ചിലിൽ അവൻ  ഗണപതി കോവിലിനരികിൽ തീപാറുന്ന കണ്ണുകളോടെ നിൽക്കുന്ന ഗോപി കൈമളുടെ മുമ്പിലെത്തി.  ആ ഗോപി കൈമളല്ല ഈ കിടക്കുന്നത്.  മരണാനന്തരം അയാൾ ജോർജ്ജ് കോരുതിന്റെ  മകനായിപ്പോയി.

നീട്ടിനീട്ടി ശരീരം  ചവയ്ക്കുന്ന തീയോട് തലയുയർത്തി നോക്കി എബിൻ ചോദിച്ചു:

ഇത്തിരി രുചിവ്യത്യാസമുണ്ടോ?

Print Friendly, PDF & Email