ഓർമ്മ

എന്റെ പാട്ടോർമ്മകൾ“ഒരു വട്ടം കൂടിയെൻ  ഓർമ്മകൾ മേയുന്ന

തിരുമുറ്റത്തെത്തുവാൻ മോഹം……”

നഷ്‌ടമായ യുവത്വത്തിന്റെ ഓർമ്മകളെ  തൊട്ടുണർത്തുന്ന ഈ പാട്ട് ഭൂതകാലത്തിലേക്കാണ്  എന്നെ  കൊണ്ടുപോവുക. ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങൾ മനോഹരമായി എഴുതിയ പ്രിയപ്പെട്ട ഓഎൻവി ഓർമ്മകളിൽ എന്നും നമുക്കൊപ്പം ഉണ്ട്. പാട്ടിന് ഈണം നൽകിയത് എം ബി ശ്രീനിവാസനാണ്.  ലെനിൻ സിനിമയിലെ ഭാവാർദ്ര ഗാനങ്ങൾ കാലമെത്ര കഴിഞ്ഞാലും മറക്കില്ല. ചില്ല് സിനിമയിലെ ഈ ഗാനരംഗത്ത് ശാന്തികൃഷ്ണ ആയിരുന്നു. എന്റേത് പെൺകിനാക്കൾ ആയതുകൊണ്ട് ജാനകിയമ്മ പാടിയത് കേൾക്കാനാണ് ഏറെ ഇഷ്ടം.

വിവാഹശേഷം പുതിയ ഭാഷയും സംസ്കാരവും ഒക്കെയുള്ള ഗുജറാത്തിൽ കൂടുകൂട്ടി. അന്ന് തൊട്ടാണ് എന്ന് തോന്നുന്നു ഈ പാട്ടിനോട് ഒരു പ്രത്യേക പ്രിയം തോന്നിയത് . അടുത്ത വീട്ടിലെ ചേച്ചി അവർ നട്ടുവളർത്തുന്ന തൊട്ടാവാടിച്ചെടി അഭിമാനത്തോടെ കാണിച്ചു തന്നു. മനോഹരമായ കുന്നുകളും നിറയെ കുളങ്ങളും ഉള്ള കുന്നംകുളത്തിനടുത്ത് അക്കിക്കാവ് എന്ന ഗ്രാമത്തിൽ നിന്നും വന്ന പെണ്ണിന് അവളുടെ നാടിന്റെ ഹരിതഭംഗി വർണ്ണിക്കാനുള്ള ഹിന്ദി വശമില്ലായിരുന്നു.

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്…വെറുതെയിരിക്കുവാൻ മോഹം…..

ഞങ്ങളുടെ വീടിനടുത്തുള്ള അകതിയൂരിൽ ആണ് കലശമലയും നരിമടയും സ്ഥിതിചെയ്യുന്നത്. അഗസ്ത്യമുനി പണ്ടിവിടെ വന്നു തപസ്സു ചെയ്തത് കൊണ്ടാണ് അകതിയൂർ എന്ന പേര് വന്നത് എന്നാണ് ഐതിഹ്യം. കലശമലയിൽ   പച്ചപിടിച്ചു കിടക്കുന്ന കുന്നുകളും പാറകളും ഉണ്ട്. ഒരു കരിങ്കൽ പാറയ്ക്കു താഴെയാണ് നരിമട എന്ന വലിയ ഗുഹ. അതുവഴി കുറച്ചു ദൂരേക്ക് ഇറങ്ങിപ്പോകാം. കലശമലയിൽ ഇരുന്ന് താഴെയുള്ള തെങ്ങിൻതോപ്പും നെൽപ്പാടങ്ങളും കണ്ടുകൊണ്ട് അവിടെനിന്നുവരുന്ന കാറ്റും കൊണ്ട് എത്ര ഇരുന്നാലും മതിയാവില്ല. സന്ധ്യ ആണെങ്കിൽ സിന്ദൂരം വിതറി അവിടം കൂടുതൽ  സുന്ദരമാക്കും. പണ്ടെല്ലാം ആടിനേയും പശുവിനേയും മേയ്ക്കുന്ന ചിലരെ മാത്രമേ അവിടെ കാണാറുണ്ടായിരുന്നുള്ളൂ.  ഇന്നാണെങ്കിൽ ഇക്കോടൂറിസം പദ്ധതി എന്നൊക്കെ പറഞ്ഞ് തിരക്കായി വരുന്നു. ആ കുന്നിൻചെരുവിലായി പുരാതനമായ ശിവ-വിഷ്ണുക്ഷേത്രം ഉണ്ട്. കാവിലെ കുളത്തിൽ കാശിയിൽ നിന്നും നേരെ വരുന്നതെന്ന് പറയപ്പെടുന്ന നീരുറവ ഉണ്ട്,  ഒരു വേനലിലും വെള്ളം വറ്റില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വംശനാശം സംഭവിച്ചു വരുന്ന കുളവെട്ടി മരങ്ങൾ ലോകത്താകെ മുന്നൂറ് എണ്ണം ഉള്ളതിൽ നൂറെണ്ണം ഈ കാവിലാണ്. ഭൂമിയിലേക്ക് ഊർന്നിറങ്ങുന്ന ജലത്തെ വേരുപടലം കൊണ്ട് തടഞ്ഞ് വൃക്ഷം നിൽക്കുന്ന പ്രദേശത്തെ ചതുപ്പുനിലമാക്കി മാറ്റുവാൻ കുളവെട്ടിക്കു കഴിയും. ഇതുപോലെ അനേകം ഔഷധ സസ്യങ്ങളുടെ കലവറയാണ് അവിടം. കാശിയിൽനിന്നു വരുന്ന നീരുറവയുടെ നേര്  ഇതാണ്.  ആ കാവിലെ തണുപ്പും,  ഗ്രാമത്തിന്റെ ഭംഗിയും ഒക്കെയായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ആണ് അവിടം.

നാട്ടിലെ വിശേഷം അറിയാൻ വീട്ടിൽ നിന്ന് കത്ത് വരുന്നത് കാത്തിരിക്കും. തിരുവോണമായാൽ തുമ്പപ്പൂ പറിക്കാൻ പൂക്കൊട്ടയും ആയി  മനയ്ക്കലെ കുന്നിലേക്കു പോയിരുന്നതും തൃക്കാക്കരയപ്പന് പൂജിക്കാൻ സ്വാദുള്ള പൂവട തയ്യാറാക്കിയിരുന്നതും കുറുക്കു കാളൻ  ഉണ്ടാക്കിയ കൽച്ചട്ടിയിൽ അമ്മൂമ്മ  ചോറുരുട്ടി തരാറുള്ളതും ഒക്കെ ഓർമയിൽ വരും. തിരുവാതിര കുളിക്കാൻ അമ്പലക്കുളത്തിൽ പോയി തുടി കൊട്ടി പാടി കുളിച്ചിരുന്ന ആ ആതിരപൂനിലാവും ധനുമാസ കുളിർകാറ്റും    ഇനി ആസ്വദിക്കാൻ പറ്റുമോ… എന്റെ അമ്മൂമ്മയുടെ കയ്യിൽ നിന്നും ഒരു ഉരുള ചോറുണ്ണാൻ പറ്റില്ലല്ലോ.  അമ്മൂമ്മയും ഓർമ്മയായി  ……..

“വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോളും വെറുതെ മോഹിക്കുവാൻ   മോഹം….”

നമ്മൾ ഇതു  പാടി നടക്കുമെന്ന് കവി നേരത്തെ മനസ്സിലാക്കിക്കാണും. ഈ പാട്ടിലെ ഓരോ വരിയിലും നമ്മുടെ നൊമ്പരങ്ങൾ ഉണ്ട്.

മാമ്പഴക്കാലം ആയാൽ തറവാട്ടിലെ വലിയ നാട്ടുമാവിലെ ചെറിയ മാങ്ങകൾ കാറ്റിൽ ഉതിർന്നു വീഴും. ആ മാവും മാങ്ങ പറക്കാൻ ഒപ്പം വന്നിരുന്ന കൂട്ടുകാരനും ഇന്നില്ല.  മാമ്പഴമധുരമുള്ള ബാല്യകാലം കാലം കവർന്നില്ലേ……

ഗുജറാത്തിൽ നിന്നും  മൂന്ന് ദിവസം തീവണ്ടിയിൽ ഇരിക്കണം നാട്ടിലെത്താൻ. കോയമ്പത്തൂർ എത്തിയാൽ പിന്നെ ജാലകത്തിലൂടെ കണ്ണും നട്ടിരിക്കും ദൂരെ ഒരു തെങ്ങോ നെല്പാടമോ കാണാനുണ്ടോ എന്ന്. അതൊക്കെ കണ്ടു തുടങ്ങിയാലോ  ഒരു തണുത്ത കാറ്റോ ഒരു ചാറ്റൽ മഴത്തുള്ളിയോ കൊണ്ടാലോ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ അറിയില്ല..

പിന്നെ എന്റെ ഓർമ്മകൾ മണലാരണ്യത്തിലെ മണൽകാറ്റിൽ പറന്നു വന്നു തുടങ്ങി. അകത്തിരിക്കുന്ന ചെടിയിലേക്കു വെള്ളം ഒഴിക്കുമ്പോൾ ചോദിച്ചു നിനക്കും എന്നെ പോലെ ശ്വാസം മുട്ടുന്നുണ്ടോ?….. ജനൽ തുറന്നപ്പോൾ തീക്കാറ്റും ഗൾഫിലെ നരച്ച ആകാശവും. നാഴികമണിയും കലണ്ടറും നോക്കിയില്ലെങ്കിൽ സമയവും ദിവസവും പോവുന്നതുപോലും അറിയില്ല അതാണ്  കോവിഡ് കാലം. ഇന്റർനെറ്റിന് നന്ദി.  ജാനകിയമ്മ വീണ്ടും ‘ഒരുവട്ടം കൂടിയെൻ….’  പാടിത്തന്നു.  വിഷാദം വീണ്ടും പൂക്കാതിരിക്കാൻ സംഗീതം മരുന്നാണ്.  കോവിഡ് കാലം പണ്ടത്തെ കൂട്ടുകാരെ കണ്ടെത്താൻ സമയമൊരുക്കി. മുപ്പത്തിമൂന്ന്  വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞവർ ‘സൂം മീറ്റി’ലൂടെ വീണ്ടും കാണാമെന്നു തീരുമാനിച്ചപ്പോൾ പാടിയതും ഇതേ ഗാനം.

“ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന

തിരുമുറ്റത്തെത്തുവാൻ മോഹം……”

Print Friendly, PDF & Email

About the author

ഗീത എസ് മേനോൻ 

സ്വദേശം, തൃശൂർ, കുവൈറ്റിൽ താമസിക്കുന്നു.
ഓൺലൈൻ മാഗസിനുകളിൽ  എഴുതാറുണ്ട്