കഥ

കളിപ്പാട്ടംഒരു നായക്കുട്ടിയെ വാങ്ങണമെന്ന് അയാൾ പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പക്ഷെ അവൾ സമ്മതിക്കുന്നില്ല. നായയ്ക്ക് അഞ്ചോ ആറോ വയസ്സേ ആയുസ്സുള്ളൂ. അത് ചത്തുകഴിഞ്ഞാൽ വിഷമമാകും. മാത്രമല്ല, എപ്പോഴെങ്കിലും യാത്ര പോകുമ്പോൾ നോക്കാൻ ആളില്ല, അങ്ങനെയങ്ങനെ ഒഴികഴിവുകൾ. പ്രശ്നം എന്താണെന്നു വെച്ചാൽ പ്രധാനപാതയുടെ അരികിലാണ് അയാളുടെ വീട്. രാവിലെ തുടങ്ങും ഓരോരുത്തരായി വരവ്. പഴനിക്കാവടി, ദേശവിളക്ക്, സംസ്ഥാന സമ്മേളനം, പെരുനാൾ, തിരുനാൾ, വേളാങ്കണ്ണി, വായനശാല, ചന്ദനക്കുടം, വാര്ഷികം, അനാഥാലയം, വെള്ളപ്പൊക്കം, സൂക്കേട്, ദഹനക്കേട്, എന്നിങ്ങനെ ഒരുവക. ചകിരിമെത്ത, പഞ്ഞിമെത്ത, പുതപ്പ്, വാക്കത്തി, മാക്സി, മിഡി, സോപ്പ്, ചീപ്പ് എന്നിങ്ങനെ വേറൊരു വക. ചേട്ടാ, അമ്മാവാ, അപ്പച്ചാ, അളിയാ, എന്ന് വിളിച്ച് മറ്റൊരു കൂട്ടർ. എന്നു വേണ്ട സ്വൈര്യം എന്നത് അയാൾക്ക് ഒരു കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ഔചിത്യബോധമില്ലാത്ത ഈ വക ശല്യങ്ങളിൽ നിന്ന് മുക്തി നേടാൻ പറ്റിയ മാർഗ്ഗമാണ് ഒരു നായയെ തൊടിയിൽ അഴിച്ചു വിടുകയെന്നത്. പക്ഷെ അവൾ സമ്മതിക്കേണ്ടേ.

അയാളുടെ മൂത്തമകൻ അമേരിക്കയിലും രണ്ടാമത്തെ മകൻ ദുബൈയിലും ആണ്. മൂത്ത മകന്റെ കൂടെ അമേരിക്കയിൽ കുറച്ചുനാൾ താമസിച്ചതിന്റെ ഓർമ്മകൾ അയാളിൽ തികട്ടിവന്നു. എന്ത് സുഖം! ആരും ശല്യപ്പെടുത്തുകയില്ല. അയൽപക്കക്കാരൻ പോലും appointment എടുത്തേ കാണാൻ വരൂ. തൊട്ടടുത്ത വില്ലയിൽ താമസിക്കുന്ന സായ്‌വ് ദിവസവും രാവിലെ തോട്ടത്തിൽ പുല്ല് വെട്ടാൻ ഇറങ്ങുന്നത് കാണാം. ഒരു ദിവസം അയാൾ കുശലം പറയാൻ വേലിക്കരുകിൽ ചെന്നു. സായ്‌വ് രൂക്ഷമായി ഒരു നോട്ടവും തന്ന് വീട്ടിലേയ്ക്ക് കയറിപ്പോയി. ഇതേ സായ്‌വ് ഒരു ദിവസം വീട്ടിൽ വന്നത് intercom വഴി അനുവാദം ചോദിച്ചിട്ടാണ്. വീട്ടിൽ മകൻ ഇല്ലാത്ത സമയം.. സായ്‌വ് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. അയാൾ റിട്ടയേർഡ്‌ ഇംഗ്ലീഷ് പ്രൊഫസർ ആണെങ്കിലും ഈ അമേരിക്കക്കാരുടെ ഇംഗ്ലീഷ് പേച്ച് വലിയ പിടിയില്ല. “ടി വി” “ടി വി” എന്ന് പറഞ്ഞത് മാത്രം മനസ്സിലായി. “സായ്‌വ്ന് ഒരു സെക്കന്റ്‌ ഹാൻഡ്‌ ടി വി വില്ക്കാനുണ്ട്, വാങ്ങാൻ താൽപ്പര്യമുണ്ടോ?” എന്ന് ചോദിച്ചതായാണ് പൊതുവെ അയാൾക്ക് മനസ്സിലായത്. വൈകിട്ട് മകൻ വന്നപ്പോൾ വിവരം പറഞ്ഞു. “അങ്ങനെ വരാൻ വഴിയില്ലല്ലോ. എന്തായാലും ഞാൻ അന്വേഷിക്കാം.” എന്ന് മകൻ പറഞ്ഞു. അന്വേഷിച്ചു വന്നപ്പോഴല്ലേ കാര്യം തകിടം മറിഞ്ഞത്. “Now a days too much noise is coming from your house. It is too disturbing. Please ask your people to reduce the sound of TV or I have to inform the police (ശബ്ദമലിനീകരണം കുറച്ചില്ലെങ്കിൽ പോലിസ് വാതിൽക്കൽ എന്ന് പച്ചമലയാളം)” എന്നാണത്രേ സായ്‌വ് പറഞ്ഞത്. സായ്‌വ് ആൾ ഡീസന്റ് ആണെങ്കിലും സഹൃദയനല്ലെന്നു അന്ന് മനസ്സിലായി.

നായയെ വാങ്ങിയില്ലെങ്കിലും ദുബൈയിലെ മകൻ സുഹൃത്ത് വഴി കൊടുത്തയച്ച കളിപ്പാട്ടം ഏതാണ്ടൊക്കെ ഒരു നായയുടെ റോൾ ഭംഗിയായി നിറവേറ്റി തുടങ്ങിയിരുന്നു. പ്ലാസ്റ്റിക്കിൽ നായക്കുട്ടിയുടെ രൂപത്തിൽ ഉണ്ടാക്കിയ ഒരു കളിപ്പാട്ടമായിരുന്നു അത്. റിമോട്ട് കൺട്രോൾ പ്രവർത്തിപ്പിച്ചാൽ നായക്കുട്ടി തുള്ളിച്ചാടും, കുരയ്ക്കും. അയാൾ കളിപ്പാട്ടം ഗേറ്റിനും വീടിനും ഇടയിൽ ഒരിടത്ത് ഒളിപ്പിച്ചു വെച്ചു. എന്നിട്ട് വരാന്തയിൽ കാത്തിരിക്കാൻ തുടങ്ങി. ആരെങ്കിലും ഗേറ്റ് കടക്കാൻ ശ്രമിച്ചാൽ റിമോട്ട് കൺട്രോളിൽ വിരൽ അമർത്തും. അപ്പോൾ കളിപ്പാട്ടം കുരച്ചുകൊണ്ട് തുള്ളിച്ചാടും. ഒളിപ്പിച്ചു വെച്ചതിനാൽ സന്ദർശകർ സാധനം കാണുകയില്ല, കുര കേട്ട് പേടിച്ച് തടിയൂരുകയും ചെയ്യും. ക്രമേണ അയാൾക്ക്‌ ഇതൊരു നേരംപോക്ക് ആയി മാറി. സന്ദർശകരുണ്ടെങ്കിലും ഇല്ലെങ്കിലും ഇടയ്ക്കിടെ റിമോട്ടിൽ വിരൽ അമർത്തി കളിക്കുന്നത് അയാളുടെ ഒരു സ്വഭാവമായി മാറി.

ഇവ്വിധം കാര്യങ്ങൾ സുഗമമായി പോകുമ്പോഴാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. പതിവുപോലെ അന്നും അയാൾ കൈയ്യിൽ റിമോട്ട് കൺട്രോളും പിടിച്ച് വരാന്തയിൽ ഇരുപ്പായി. അപ്പോഴാണ്‌ ഒരു പിച്ചക്കാരി ശങ്കിച്ച് ശങ്കിച്ച് ഗേറ്റിൽ വന്നത്. പിച്ചക്കാരി ഗേറ്റ്-ഗ്രില്ലിൽ കൈവെച്ചതും അയാൾ റിമോട്ടിൽ വിരൽ അമർത്തി. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് ഞെട്ടിത്തരിച്ച പിച്ചക്കാരിയുടെ മുഖവും കൂനിക്കൂനി ധൃതിവെച്ചുള്ള അവരുടെ മണ്ടലും അയാളിൽ ചിരി വിടർത്തി. പിന്നെ വന്നത് ഒരു പുതപ്പ് കച്ചവടക്കാരനായിരുന്നു. മുഖം ശരിക്ക് കാണാമായിരുന്നില്ല. അയാൾ പതിവുപോലെ റിമോട്ടിൽ വിരലമർത്തി. നായ കുരച്ചുചാടി. പക്ഷെ ചാട്ടത്തിനൊരു ബലക്കുറവ്, കുരയിൽ ഒരു ശബ്ദവ്യത്യാസം. ബാറ്ററി charge തീരാനായെന്നു തോന്നുന്നു. ഗേറ്റിലേയ്ക്ക് നോക്കുമ്പോൾ പുതപ്പ് കച്ചവടക്കാരനെ കാണാനില്ല. ഇയാൾ എവിടെപ്പോയി എന്ന് ജിജ്ഞാസപ്പെടുമ്പോൾ തൊട്ടുപിറകിൽ ഏതോ നിഴൽ നീങ്ങിയതുപോലെ. ഇതെങ്ങനെ സംഭവിച്ചു? ഭാര്യ വീട്ടിലില്ല. ഇത് പിന്നാരാണ്‌? ആരും ഉള്ളിലേക്ക് കടക്കുന്നത് കണ്ടില്ലല്ലോ.

“ആരാണ്? എന്തു വേണം? എങ്ങനെയാണ് അകത്ത് കടന്നത്?” അയാൾ പിന്നിലേക്ക് തിരിഞ്ഞ് ചോദ്യങ്ങൾ തുടരെ എറിഞ്ഞു. പുറകിൽ നിൽക്കുന്ന ആളിനെ ഒന്നേ നോക്കിയുള്ളൂ. കണ്ണിൽ ഇരുട്ട് കയറി.

“ആരാണ് നിങ്ങൾ?” വിറയലോടെ അയാൾ ചോദിച്ചു.

“അതൊക്കെ പിന്നെ പറയാം. വേഗം എഴുന്നേൽക്ക്. പോകാൻ സമയമായി.” അശരീരി പോലെ ശബ്ദം.

“പോകാനോ? എവിടെ? നിങ്ങൾ ശല്യപ്പെടുത്താതെ പോകൂ. ഭാര്യയില്ല. ഞനൊന്ന് സ്വസ്ഥനായി ഇരിക്കട്ടെ.” അയാൾ പറഞ്ഞു.

പെട്ടെന്ന് അയാൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ആരോ കഴുത്തിന് പിടിക്കുന്നത്‌ പോലെ.

“എന്നെ വിടൂ..” അയാൾ അലറിക്കരയാൻ ശ്രമിച്ചു. പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല.. റിമോട്ട് കൺട്രോൾ അയാളുടെ കൈയ്യിൽ നിന്നും വഴുതി വീണു. പിന്നെ താമസമുണ്ടായില്ല. ഗേറ്റ് പതിയെ തുറന്നു. കരച്ചിലിന്റെ മാറ്റൊലി അവിടെ അവശേഷിപ്പിച്ച് അയാൾ ഒരു കാറ്റുപോലെ യാത്രയായി. എവിടെയോ ഒരു നായ ഓരിയിട്ടു.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.