കടുകുമണികൾ

കടുകുമണികൾകമ്മ്യൂണിസ്റ്റുകാരന്‍റെ മക്കൾ കട്ടൻകാപ്പിയും പരിപ്പുവടയും കഴിച്ച് ജീവിക്കണമെന്ന് പറയുന്നില്ല. പക്ഷെ സാധാരണക്കാരൻ പോകാൻ മടിക്കുന്നിടത്ത് പോകുന്നതും കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതും അവർക്ക് ഭൂഷണമല്ല. അന്യായമായ ധനവിനിയോഗത്തിൽ ഏർപ്പെടുന്നതും സാധാരണക്കാരന് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത നിലയിൽ ജീവിക്കുന്നതും ശരിയല്ല. സുപ്രീം കോടതി മുഖ്യന്യായാധിപൻ ഹാർലി ഡേവിഡ്സൺ ബൈക്കിലിരുന്ന് ഫോട്ടോ എടുത്തപ്പോൾ കാണിച്ച അധാർമികത തന്നെയാണ് മക്കളുടെ ഇത്തരം അപഥസഞ്ചാരത്തെ ചോദ്യം ചെയ്യാത്ത കമ്മ്യൂണിസ്റ്റ് അച്ഛനും കാണിക്കുന്നത്.

ഇക്കുറി പാർലമെൻറിൽ ചോദ്യോത്തരവേള ഇല്ലത്രെ! അവസാനം ചോദ്യങ്ങൾക്കുള്ള വിലക്ക് ജനപ്രതിനിധിസഭയിൽ വരെ എത്തിയിരിക്കുന്നു.    അത്ഭുതം കൂറിയിട്ട് കാര്യമില്ല.   പ്രധാനമന്ത്രി ആയ ശേഷം ഒരിക്കൽ പോലും ചോദ്യങ്ങൾ നേരിടാൻ ധൈര്യം കാണിക്കാത്ത വ്യക്തി നയിക്കുന്ന ഗവണ്മെന്റ് ആണിത്. ചോദ്യങ്ങളെ ഭയക്കുന്ന സർക്കാരിനെ ജനങ്ങളും പേടിക്കണം. കാരണം ഭയത്തിൽ നിന്നാണ് ഏകാധിപത്യപ്രവണത ഉണ്ടാകുന്നത്. വരുതിയിലാക്കാൻ ഇനി ഒറ്റപ്പെട്ട ഏതാനും മനുഷ്യരല്ലാതെ മറ്റെന്താണ് ബാക്കിയുള്ളത്, പ്രധാനമന്ത്രീ..

Special Marriage Act പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്ന ദമ്പതിമാരുടെ സ്വകാര്യ വിവരങ്ങൾ നോട്ടീസായി പ്രദർശിപ്പിച്ച് അന്വേഷണത്തിന് വിധേയമാക്കണമെന്ന വകുപ്പുകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. കോടതി ഈ വകുപ്പുകൾ റദ്ദ് ചെയ്യുമെന്ന് ആശിക്കാം. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തക്കതായ രേഖകളുടെ പിൻബലത്തോടെ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി വിവാഹിതരാകാൻ തീരുമാനിച്ചാൽ മറ്റുള്ളവർക്ക് അതിൽ എന്ത് റോൾ (അലമ്പാക്കാൻ അല്ലെങ്കിൽ) ആണുള്ളത്? എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തെ നിലവാരത്തിൽ നിന്ന് ഈ വർഷത്തെ രണ്ടാം പാദത്തിൽ 23% ചുരുങ്ങിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഈയാഴ്ച എത്തിയത്. അതായത് കഴിഞ്ഞ വർഷം നിങ്ങൾ അദ്ധ്വാനിച്ച് നൂറുരൂപയുടെ വക ഉണ്ടാക്കിയെങ്കിൽ ഈ വര്ഷം അത് കൂടിയില്ലെന്ന് മാത്രമല്ല, 77 രൂപയുടെ വകയായി ചുരുങ്ങുകയും ചെയ്തു എന്ന് വന്നാൽ എന്താകും സ്ഥിതി! ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ജിഡിപി ഇങ്ങനെ ചുരുങ്ങുന്നത്. പക്ഷെ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിലാണ് കേന്ദ്രഗവൺമെന്റ്. ഇക്കാര്യത്തിലെങ്കിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് ആണല്ലോ എന്ന് സമാധാനിച്ചുകൂടേ എന്നാണ് ചില ബി ജെ പി ക്കാർ ചോദിക്കുന്നത്.

നമ്മൾ സാധാരണ വഴുതനങ്ങയ്ക്ക് ‘Brinjal’ എന്ന വാക്ക് ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ ഇംഗ്ലീഷിൽ അങ്ങനെയൊരു വാക്കില്ലെന്നാണ് ശശി തരൂരിന്‍റെ ഒരു അഭിമുഖത്തിൽ കേട്ടത്. മാത്രമല്ല, ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ ഒരു ഭാഷയ്ക്കും ‘brinjal’ എന്ന വാക്ക് സ്വന്തമല്ലത്രെ. ആർക്കും അവകാശപ്പെടാനാവാത്ത, എന്നാൽ എല്ലാവർക്കും വശംവദയാവുന്ന വാക്കാണ്   ‘brinjal’ എന്ന് ചുരുക്കം. അങ്ങനെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച്, അതുവഴി ഭാഷാ പാരമ്പര്യവാദികൾക്ക് ചുട്ട അടി കൊടുത്തുകൊണ്ട് നമ്മുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച brinjal-ന് അഭിവാദ്യങ്ങൾ. ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങേണ്ട, brinjal വാങ്ങിക്കൊള്ളൂ.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.