Uncategorized ലേഖനം

പ്രശാന്ത് ഭൂഷൺ – ലക്ഷ്മണ രേഖക്കകത്തോ പുറത്തോ?ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ  തിരുശേഷിപ്പുകളുടെ വ്യക്തവും പ്രത്യക്ഷവുമായ അടയാളങ്ങൾ നിലനിർത്തി​ക്കൊണ്ടാണ് സ്വാതന്ത്ര്യാനന്തര   ജനാധിപത്യ ഇൻഡ്യയുടെ വർത്തമാനകാല നീതിന്യായ വ്യവസ്ഥിതി നിലനിൽക്കുന്നത് എന്നത് അവിതർക്കിതമാണ്.

കാറൽ മാർക്സ്, എംഗൽസ് ലെനിൻ എന്നിവർ പലവുരു വിവരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതുപോലെ വർഗ്ഗസമരസിദ്ധാന്തത്തിൽ ഭരണകൂടത്തിന്‍റെ മർദനോപാധികളാണ് പോലീസ് , പട്ടാളം, കോടതികൾ എന്നിവയെന്ന് എത്ര കണ്ട് ശരിയാണെന്ന് ചരിത്ര​ത്താ​ളുകളിൽ നിന്നും ആർക്കും വായിച്ചെടുക്കാൻ കഴിയും.. ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രം മറ്റേതിനെയും പോലെ നൂറ്റാണ്ടുകളുടെ പരിണാമത്തിന്റേതാണ്.. പുരാതന നീതിന്യായ വ്യവസ്ഥ ജാതി മത വർണ്ണ വിഭജനത്തിന്റേതായിരുന്നു അതിൽനിന്നു വ്യത്യസ്തമായി രാജഭരണകാലഘട്ടത്തിൽ രാജാവിനെ വിമർശി​ക്കാൻ ​ കഴിയാത്ത വിധം ” രാജാവ് തെറ്റുകൾക്ക് അതീതനാണെന്നും “ King can do no wrong” എന്നും  വ്യാഖ്യാനങ്ങൾ  ഉണ്ടായി.1776 ൽ മ(ദാസ് ,കൽക്കട്ട, ബോംബെ എന്നിവിടങ്ങളിൽ കൊളോണിയൽ ജൂഡീഷറികൾ ആരംഭിച്ച് വ്യത്യസ്ത നീതിന്യായ കോടതികൾ ഉത്ഭവിക്കുകയും തുടർന്ന് 1935 – ലെ ഗവർമെന്റ് ഓഫ് ഇൻഡ്യ ആക്റ്റ് പ്രകാരം ഫെഡറൽ കോടതികൾ സ്ഥാപിതമാവുകയും ഇന്ന് നിലനിൽക്കുന്നതു പ്രകാരമുള്ള സുപ്രീം കോടതിയടക്കമുള്ള നീതിന്യായ വ്യവസ്ഥയിലേക്കുള്ള  പരിവർത്തനം   സാധ്യമാവുകയും ചെയ്തു . നമ്മുടെ രാജ്യത്തിന്‍റെ  സ്വതന്ത്രവും പരമാധികാരപരവുമായ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും  കെട്ടുറപ്പോടെ കാത്തുസൂക്ഷിക്കുന്നതിനും കോടതികൾ വഹിച്ച പക്വതയാർന്ന പങ്ക് സ്തുത്യർഹമാണ്. . പൗരാവകാശങ്ങൾക്ക് മേലുള്ള ഏതു വിധ കടന്നുകയറ്റത്തെയും ധ്വംസനത്തെയും ശക്തമായി നേരിടാൻ ഭരണഘടനാസ്ഥാപനമായ കോടതി  ഇമ ചിമ്മാതെ സൂക്ഷ്മതയോടെ പ്രവർത്തിച്ചു . ജനതയുടെ ആശയും ആവേശവും പ്രതീക്ഷയുമായി , നീതിയുടെ കാവലാളായി കോടതികൾ എന്നും ഭാരത മണ്ണിൽ നിലനിൽക്കണമെന്ന് ഓരോ പൗരനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. നീതിന്യായ വ്യവസ്ഥയെ കുറിച്ച് ഒരു പൗരന് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് വ്യക്തവും യുക്തി സഹവുമായ മറുപടി നൽകുന്നതിനും കോടതിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനും കോടതികൾക്കും പ്രതിബദ്ധതയുണ്ട്.

ഇൻഡ്യൻ നീതിന്യായ വ്യവസ്ഥ വിമർശനങ്ങൾക്ക് അതീതമാണോ എന്ന ന്യായമായ ചോദ്യം സമൂഹത്തിൽ അലയടിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ജനാധിപത്യ രാജ്യത്തെ പൗരനെ സംബന്ധിച്ചിടത്തോളം മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടാതിരിക്കുകയും നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യാനും അവകാശങ്ങൾ ചോദിച്ച് വാങ്ങാനും ജനപക്ഷത്ത് ചേർന്ന് നിൽക്കുന്ന പ്രതീക്ഷയുടെ ഒരിടമാകേണ്ടതാണ് രാജ്യത്തെ കോടതികൾ . ​പല വിദേശ ​ രാജ്യങ്ങളും നമ്മുടെ രാജ്യ​ത്ത് ​ ഇപ്പാൾ നടന്നു വരുന്ന കോടതിയലക്ഷ്യ കേസുകള്‍ ശ്രദ്ധി​ക്കു ന്നുവെന്നത് ലാഘവത്തോടെ കാണേണ്ടതല്ല. കോടതി അലക്ഷ്യകേസുകളിൽ ബന്ധപ്പെട്ട കോടതികളും വ്യക്തികളും വിട്ടുവീഴ്ച്ചകൾ ചെയ്തിട്ടുള്ള ഒട്ടേറെ സന്ദർഭങ്ങൾ നീതി ന്യായ വ്യവസ്ഥ യുടെചരിത്രത്തിൽ​ ​ഇടംപിടിച്ചിട്ടുണ്ട് . ശരിയും തെറ്റും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ വ്യാഖ്യാനങ്ങളും നിർണ്ണയവും നാം കണ്ടു. വിട്ടുവീഴ്ച്ചകൾ ചെയ്ത് കോടതിയുടെ യശ്ശസ്സുയർത്തി പിടിച്ചതും ജഡ്ജിയെ പോലും ശിക്ഷിച്ചതും നാം കണ്ടതാണല്ലോ.

ഇന്ന് ചർച്ച ചെയ്യപ്പടുന്ന കോടതി അലക്ഷ്യ കേസിന് ദേശീയ രാഷ്ട്രീയത്തിനപ്പുറം ഒരു അന്തർദേശീയ പ്രാധാന്യം ഉയർന്നു വരുന്നുവെന്ന വസ്തുത നാം അവധാനതയോടെ കാണാൻ തയാറാവുകയും പരിശോധിക്കുകയും ചെയ്യണം​ .​ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നമ്മുടെ അവകാശപ്പെടലിൽ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകൾ ഊതി പെരുപ്പിച്ച കടങ്കഥകൾ മാത്രമാണെന്ന് വിളിച്ച്‌ പറയാൻ വിദേശ രാജ്യത്തിന്‍റെ കഴുകൻകണ്ണുകള്‍ കാത്തിരിക്കുന്നത് നാം കാണാതെ പോകരുത്. ജനാധിപത്യം അതിന്‍റെ സമ്പന്നതയിലും സമ്പൂർണ്ണതയിലും ഇവിടെ നിലനിൽക്കുന്നുവെന്ന് ഞാൻ വിവക്ഷിക്കുന്നില്ല. ലോകത്ത് ജനാധിപത്യത്തിന്‍റെ അന്ത:സത്ത കാത്തുസൂക്ഷിക്കുന്നതിൽ നാം വളരെ പുറകിലല്ലാത്ത സ്ഥാനത്താണെന്ന് പറയുന്നതിൽ മടിയുമില്ല.

പൊതു താൽപര്യ ഹർജികളിലൂടെയും  മനുഷ്യാവകാശ പ്രവർത്തന ങ്ങളിലൂടെയും ഇൻഡ്യയുടെ രാഷ്രീയ- സാമൂഹ്യ- സാമ്പത്തിക നീതിന്യായ ഇടങ്ങളിൽ മാറ്റത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ സൃഷ്ടിച്ചെടുക്കാൻ ചെറിയ തോതിലെങ്കിലും കാരണക്കാരനായ 63 വയസ്സുകാരൻ പ്രശാന്ത് ഭൂഷണ് നിശ്ശബ്ദ  വിപ്ലവകാരിയുടെ വേഷം​ ​ചേരില്ലെന്ന്   അദ്ദേഹത്തിന്‍റെ പാരമ്പര്യം അറിയാവുന്നവരിൽ ആർക്കാണ് ബോധ്യപ്പെടാത്തത്. അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും നിയമമന്ത്രിയുമായി തീർന്ന ശാന്തിഭൂഷന്‍റെ പിൻ തലമുറയ്ക്ക് മൗനം മരണത്തിന് സമാനമാണ്. ആ അച്ഛനും മകനും ചൂണ്ടിക്കാട്ടിയ സാമൂഹ്യ രാഷ്ടീയ വിഷയങ്ങൾ രാജ്യത്ത് കോളിളക്കങ്ങൾ സൃഷ്ട്ടിച്ചിട്ടുണ്ട്.PUCL,JAC, Committee for Judicial accountability and Judicial Reforms തുടങ്ങി ഒട്ടനവധി മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യമായി പൊതുപ്രവർത്തന പാരമ്പര്യത്തിൽ തിളങ്ങുന്ന വ്യക്തിത്വമാണ് പ്രശാന്ത് ഭൂഷണ്‍.  സുപ്രിം കോടതി- ഹൈക്കോടതി ജഡ്ജിമാരെ  വിവരാവകാശ നിയമത്തിന്‍റെ  പരിധിയിൽ ഉൾപ്പെടുത്തുക, HP and BP  തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനെ എതിർക്കുക,  കൊക്കകോളയും പെപ്സിയും പാനീയത്തിൽ വിഷം കലർത്തി വിൽപ്പന നടത്തുന്നതു തടയുക . അഴിമതിക്കാരനായ വ്യക്തിയെ കേന്ദ്ര വിജിലൻസിൽ ഉദ്യോഗസ്ഥനായി  നിയമിക്കുന്നതിനെ എതിർക്കുക , 2G സ്പെക്ട്രം അഴിമതി, കൽക്കരിപ്പാടത്തിന്‍റെ അനധിക്യത വിൽപ്പന, നക്സൽ വേട്ടയുടെ പേരിൽ പാവപ്പെട്ട ആദിവാസികളെയും ദളിതരെയും വേട്ടയാടി കൊലപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി ഇടപെടുക, ഭോപ്പാൽ ഗ്യാസ് ട്രാജഡി​യിൽ  യൂണിയൻ കാർബൈഡിനെതിരെ ​ശബ്ദമുയര്‍ത്തുക — എത്രയെത്ര വിഷയങ്ങളിൽ ഹർജികക്ഷിയായും അഭിഭാഷകനായും പ്രശാന്ത് ഭൂഷണ്‍ തെളിമയോടെ നിന്നു! അഴിമതി ആരോപണത്തിൽ ഇൻഡ്യയിൽ ആദ്യമായി ഒരു ​ഐഎഎസ് ഉദ്യോഗസ്ഥൻ ​ശിക്ഷിക്കപ്പെടു​കയുണ്ടായി . ​ പിന്നീട് നർമ്മദാ ബച്ചാവോ ആന്തോളൻ കേസിൽ 2001 ലെ സുപ്രീം കോടതി വിധിക്കെതിരെ കോടതിക്ക് മുന്നിൽ​ ​പ്രതിഷേധിച്ചു – ഡൽഹി ലോവർ കോടതി ജുഡീഷറി നിയമനത്തിലെ പോരായ്മകൾക്കെതിരെ  പോരാടി- കൂടംകുളം ആണവോർജ്ജ നിലയത്തിനെതിരെ നിലപാടെടുത്തു–  നിയമത്തിന്‍റെ വഴിയിലൂടെ അണയാത്ത തീ നാളമായി പ്രവർത്തിച്ച്‌  അദ്ദേഹം രാജ്യത്തെ മനുഷ്യമനസ്സുകളുടെ ഉള്ളറകളിൽ ജന നന്മയ്ക്കായി പോരാട്ടങ്ങൾ നടത്തിയ വ്യക്തിയായി അവരോധിക്കപ്പെട്ടു  .  ശബ്ദമില്ലാത്തവന്‍റെ ശബ്ദവും പ്രതിഷേധിക്കാൻ കഴിവില്ലാത്തവന്‍റെ പ്രതിഷേധവുമാണ്. ഒഴിവാക്കാൻ കഴിയാത്തവിധം മനുഷ്യ മനസ്സുകളിൽ സ്ഥാനം പിടിച്ച മനുഷ്യസ്നേഹിയെന്നതിനപ്പുറം അദ്ദേഹത്തിന് ചാർത്തി കൊടുക്കാൻ മറ്റെന്ത് വിശേഷണമാണ് വേണ്ടത്.ഏറെക്കുറെ ഏവർക്കും സ്വീകാര്യവും അപൂര്‍വ്വം ചിലർക്ക് അസ്വീകാര്യവുമായ മട്ടില്‍ ഒട്ടേറെയിടങ്ങളിൽ ഇടപ്പെട്ടതിനാൽ ശത്രുക്കളുടെ നിരയും എതിരഭിപ്രായത്തിന്‍റെ ശക്തിയും ഒട്ടും കുറവല്ല താനും​.

ഭരണഘടനയുടെ 129-ാം ആർട്ടിക്ക്‌ള്‍ പ്രകാരവും 1971 – ലെ കോടതിയലക്ഷ്യ നിയമപ്രകാരവും ആണ് പരമോന്നത നീതിപീഠമായ സുപ്രിംകോടതി ഹർജികൾ​ ​പരിഗണിക്കുന്നത്.. കോടതിക്ക് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. 2019-ൽ അറ്റോർണി ജനറൽ പ്രശാന്ത് ഭൂഷണെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസ് പിന്നീട് പിൻവലിക്കപ്പെട്ടതാണ്. ഇപ്പോൾ രണ്ട് കോടതിയലക്ഷ്യകേസ്സുകൾ പ്രശാന്ത് ഭൂഷണെതിരെ നിലവിലുണ്ട് .

2009-ൽ അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ​ഒരു കേസിന് ​ അടിസ്ഥാനം .ടെഹൽക മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടു ‘സുപ്രീം കോടതിയിലെ 16 ചീഫ് ജസ്റ്റിസ്മാരിൽ പകുതിയോളം പേർ അഴിമതിക്കാരായിരുന്നു.’ 2010 ൽ തുടങ്ങിയ നിയമയുദ്ധം ഇപ്പോഴും തീർപ്പാക്കപ്പെട്ടില്ലെന്നത് അത്ഭുതകരമാണ്.

ഇപ്പോൾ 2020 ജൂൺ 27,  29 തീയതികളിലെ പുതിയ ആരോപണ ങ്ങളാണ് കോടതി​യ​ലക്ഷ്യ​ ​കേസിന് ആധാരം.

ജൂൺ 27 Twitter

When Historians in future look back at the last 6 years to see how democracy has been destroyed in India even without a formal emergency,they will particularly mark the role of SC in this distruction and more particularly the role of the last 4 chief Justices of India.

June 29th Twitter.

With pictures of Chief Justice Bobde sitting on Harley Davidson super Bike Without wearing face Mask & helmet .

Chief Justice of India was sitting on a bike belonging to BJP Leader,at a time when the supreme court was denying citizen their fundamental rights to access justice because it was in lock down mode.

മേൽ ഉദ്ധരിച്ച  വരികൾ കോടതിയ്ക്ക് നേരെയുള്ള വെല്ലുവിളികളോ കടന്നുകയറ്റമോ അവഹേളനമോ അതോ കോടതിയെ ചില തെറ്റുകൾ ചൂണ്ടികാട്ടുന്നതിന് വേണ്ടിയുള്ള തിരുത്തൽ നിർദേശങ്ങളോ  എന്ന് യുക്തിസഹമായി പരിശോധിക്കുക കൂടിയാണ് കോടതിയലക്ഷ്യക്കേസിലൂടെ കോടതി ചെയ്യേണ്ടതും പൊതുസമൂഹം നോക്കി കാണേണ്ടതും. ബഹു: സുപ്രിം കോടതി പ്രശാന്ത് ഭൂഷണെ കുറ്റ​ക്കാരനായി കണ്ടെത്തുകയും ശിക്ഷ വിധിക്കാൻ കാത്തിരിക്കയും ചെയ്യുന്ന വൈകിയ വേളയിലും കോടതി അതിന്‍റെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധം, തെറ്റ് സംഭവിച്ചുവെന്നത് സമ്മതിച്ച് മാപ്പ് പറയുന്നതിനുള്ള പ്രശാന്ത് ഭൂഷന്റെ അവകാശത്തെ ഓർമ്മപ്പെടുത്തുന്നു. പക്ഷെ പറഞ്ഞത് മാറ്റി പറയാനോ കോടതിയുടെ സൗമനസ്യത്തിനോ ദയയ്ക്കോ വേണ്ടി ​യാചിക്കാനോ ​തയ്യാറല്ലെന്ന് അദ്‌ദേഹം വ്യക്തമാക്കി കഴിഞ്ഞു. കോടതി വിധികളെ ബ​ഹു ​മാനപൂർവ്വം അംഗീകരിക്കുന്ന പൗരനെ സംബന്ധിച്ചിടത്തോളം ഇത്തരം വിധികൾ പുതിയ ചിന്തകളും മാനങ്ങളും നൽകുന്നതാണ്… ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയിൽ ഇന്നും വിശ്വാസമുള്ളവരാണ് ജനങ്ങള്‍ . ഇടയ്ക്കൊക്കെ ഇത്തരം ചൂണ്ടിക്കാട്ടലുകളും തിരുത്തലുകളും ജുഡീഷറിയെ ദുർബലപ്പെടുത്തുന്നതിനു പകരം ശക്തിപ്പെടുത്തുകയല്ലേ ചെയ്യുകയുള്ളു എന്ന്  സുചിന്തിതമായും സൂക്ഷ്മതയോടെയും അവധാനതയോടെയും  പരിശോധിക്കപ്പെടുമ്പോൾ തീർച്ചയായും ഇൻഡ്യൻ ജനാധിപത്യം കൂടുതൽ  കരുത്താർജ്ജിക്കും .കോടതി വിധികൾ എല്ലാം ​​ഇരുകക്ഷി​കൾക്ക് അനുകൂലമായി ഭവിക്കാറില്ല. വിധികളിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം .പരമോന്നത നീതിപീഠത്തിന്‍റെ അന്തിമ വിധിന്യായങ്ങളിൽ തെറ്റു സംഭവിച്ചാലും അത് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത വിധം അവസാനിപ്പിക്കുകയേ നിവർത്തിയുള്ളുവെന്ന് നിയമം പറയുന്നു. വ്യവഹാരങ്ങൾക്കു  അറുതി വരുത്താൻ അതേ മാർഗ്ഗമുള്ളു. ഇവിടെ പ്രശാന്ത് ദൂഷണ്‍ കുറ്റക്കാരനെന്ന് വിധിച്ച കോടതിക്ക് പരമാവധി ശിക്ഷയായ ആറ് മാസത്തെ  കാരാഗ്യഹവാസമോ അല്ലെങ്കിൽ 2000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കാം. അദ്ദേഹത്തി​ന്‍റെ​കഴിഞ്ഞകാല നന്മകളും പ്രവർത്തനങ്ങളും കണക്കിലെ​ടുത്ത് ശിക്ഷാനടപടികളിൽ നിന്ന്‍ ഒഴിവാക്കിയാൽ അത് ഇൻഡ്യയുടെ പരമോന്നത നീതിപീഠത്തിന്‍റെ കിരീടത്തിൽ ഒരു പൊൻതൂവ​ലും ​ ഇൻഡ്യയുടെ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തകർന്നടിയുന്നതു കാണാൻ കൊതിച്ചവർക്ക് ഒരു പ്രഹര​വും ആവു​​മെന്നതിൽ തർക്കമില്ല. ഈ കേസില്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്‍റെ വിധി എന്തു തന്നെയായാലും അത് അന്തിമ വിധിയല്ലെന്നതും തുടർ നിയമയുദ്ധത്തിന് സാധ്യതകൾ ഉണ്ടെന്നുള്ളതും ആശ്വാസകരമാണ് ​.​സുപ്രിം കോടതിയിലെയും മറ്റും 12 മുൻ ജഡ്ജിമാർ ഉൾപ്പെടെ 3000 ത്തോളം വ്യക്തികൾ ഒപ്പിട്ട് സമർപ്പിച്ച നിവേദനം രാജ്യത്തെ പൊതു അഭിപ്രായ സമന്വയത്തിന്‍റെ ചൂണ്ടുപലകയായി സുപ്രിം കോടതി പരിഗണിക്കേണ്ടതാണ്.

​അറിയിപ്പ് ​:നിയമം അറിയാത്തത് ഒരു ഒഴിവ്കഴിവല്ല (Ignorance of law is not  an excus​​e  ) എന്ന് നിയമ വ്യഖ്യാനമുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് ഓർക്കണം… കോടതി വിധികൾ പൊതു നന്മയ്ക്കും സാമൂഹ്യ സുരക്ഷിതത്വത്തിനും ജനാധിപത്യ സംരക്ഷണത്തിനും ഉതകുമാറാകും വിധം  ഭവിക്കും എന്ന ശുഭ പ്രതീക്ഷയോടെ…. …..

Print Friendly, PDF & Email