പൂമുഖം LITERATUREകഥ ദസ്തയെവ്സ്കി- മാരി എന്ന കൃഷിപ്പണിക്കാരൻ

ദസ്തയെവ്സ്കി- മാരി എന്ന കൃഷിപ്പണിക്കാരൻ

വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു, വഴക്കും തെറിയും ഓരോ കോണിൽ നിന്നും ഇടതടവില്ലാതെ ഉയർന്നുകൊണ്ടിരുന്നു. കേട്ടാലറയ്ക്കുന്ന പാട്ടുകൾ; ബങ്കുകൾക്കിടയിലെ ഇടുങ്ങിയ ഇടങ്ങളിൽ ചീട്ടുകളിസംഘങ്ങൾ; പോക്കിരിത്തം കൂടിപ്പോയതിനു സഹതടവുകാരുടെ വിചാരണയും ശിക്ഷാവിധിയും ഏല്ക്കേണ്ടിവന്ന ചില തടവുപുള്ളികൾ അർദ്ധപ്രാണരായി ആട്ടിന്തോൽ കോട്ടുകളും പുതച്ച് ബങ്കുകളിൽ കിടപ്പുണ്ടായിരുന്നു; ബോധം എപ്പോഴെങ്കിലും തിരിച്ചുകിട്ടുന്നതുവരെ അവർ അങ്ങനെ കിടക്കും. പലതവണ കത്തികൾ പുറത്തുവന്നുകഴിഞ്ഞിരുന്നു. രണ്ടുദിവസത്തെ അവധിക്കാലത്തിനുള്ളിൽ നടന്ന ഇതെല്ലാം കൂടി എന്നെ മാനസികമായി തളർത്തിയിരിക്കുകയായിരുന്നു; അതെന്റെ ശരീരത്തെക്കൂടി ബാധിച്ചിരുന്നു. പിന്നെ, കുടിയന്മാരുടെ ഒച്ചവയ്പും മര്യാദ കെട്ട പെരുമാറ്റവും എനിക്കൊരിക്കലും അറപ്പോടെയല്ലാതെ കാണാൻ പറ്റിയിട്ടില്ല, ഇങ്ങനെയൊരിടത്തു പ്രത്യേകിച്ചും. ഇത്തരം ദിവസങ്ങളിൽ ജയിലധികാരികൾ അവിടേക്കെത്തിനോക്കിയിരുന്നില്ല, ഒരന്വേഷണവുമില്ല, വോഡ്ക്ക ഒളിപ്പിച്ചുവച്ചിട്ടുണ്ടോയെന്നുള്ള തിരച്ചിലുകളില്ല; ഈ സമുദായഭ്രഷ്ടർക്കും ആണ്ടിലൊരിക്കൽ വെറിക്കൂത്തു നടത്താനുള്ള അവസരം കൊടുക്കണമെന്ന് അവർക്കു ബോദ്ധ്യമായിരുന്നു; ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒടുവിൽ, ഇനിയൊട്ടും താങ്ങാൻ പറ്റില്ലെന്ന മട്ടിൽ എന്റെ ഹൃദയത്തിനുള്ളിൽ രോഷം പതഞ്ഞുപൊന്തി. എം. എന്നു പേരുള്ള പോളണ്ടുകാരനായ ഒരു രാഷ്ട്രീയത്തടവുകാരൻ എതിരേ വരുന്നുണ്ടായിരുന്നു; മുഖമാകെ ഇരുട്ടു നിറച്ചുകൊണ്ട് അയാൾ എന്നെ ഒന്നു നോക്കി; അയാളുടെ കണ്ണുകൾ എരിയുകയായിരുന്നു, ചുണ്ടുകൾ വിറ കൊള്ളുകയായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” എന്നെ കടന്നുപോകുമ്പോൾ പല്ലിറുമ്മിക്കൊണ്ട് അയാൾ ഫ്രഞ്ചിൽ പറഞ്ഞു. ഞാൻ ജയിൽ വാർഡിൽ തിരിച്ചെത്തി; കാൽ മണിക്കൂർ മുമ്പു മാത്രമാണ്‌ തല പെരുത്തുകൊണ്ട് അവിടെ നിന്നു ഞാൻ ഓടിപ്പോയത്. വോഡ്ക്ക തലയ്ക്കു പിടിച്ച താത്താർ ഗാസിൻ എന്നയാൾക്കു മേൽ കുറ്റിയാന്മാരായ ആറു പേർ ചാടിവീണപ്പോഴാണ്‌ ഞാൻ അവിടെ നിന്നിറങ്ങിയത്; ഒരൊട്ടകത്തെ കൊല്ലാൻ പോന്നത്ര തല്ലു കൊടുത്ത് അവർ അയാളെ അസ്തപ്രാണനാക്കി ഇട്ടിരിക്കുകയാണ്‌; ഈ ഹെർക്കുലീസ് അങ്ങനെയൊന്നും ചാവാൻ പോകുന്നില്ലെന്നും അതിനാൽ കരുണയൊന്നും കാണിക്കേണ്ടെന്നും അവർക്കുറപ്പായിരുന്നു. ഞാൻ തിരിച്ചുചെല്ലുമ്പോൾ ഗാസിൻ ഒരു ബങ്കിൽ ജീവനുള്ളതിന്റെ ഒരു ലക്ഷണവുമില്ലാതെ ബോധം കെട്ടു കിടക്കുകയാണ്‌; ആട്ടിന്തോൽ കോട്ടു കൊണ്ട് അയാളെ പുതപ്പിച്ചിട്ടുണ്ട്; എല്ലാവരും നിശ്ശബ്ദരായി അയാളെ മാറി കടന്നുപോകുന്നു. അടുത്ത ദിവസം കാലത്താകുമ്പോഴേക്കും അയാൾ പഴയ പടി ആകുമെന്ന് അവർക്കു നല്ല ഉറപ്പാണ്‌; എന്നാൽ ഭാഗ്യക്കേടിന്‌ ഒരു മനുഷ്യന്റെ ജീവനെടുക്കാൻ അയാൾ കൊണ്ട അത്രയും തല്ലു മതിയാകാനും മതി. ഇരുമ്പഴിയിട്ട ഒരു ജനാലക്കെതിരേയുള്ള എന്റെ ബങ്കിലേക്കു പോയി കൈ തലയിണയാക്കി, കണ്ണുമടച്ച് ഞാൻ മലർന്നുകിടന്നു.അങ്ങനെ കിടക്കാൻ എനിക്കിഷ്ടമായിരുന്നു: ഉറങ്ങുന്നയാളെ ആരും ശല്യപ്പെടുത്താൻ വരില്ല; അയാൾക്കു ദിവാസ്വപ്നം കാണുകയോ ചിന്തിക്കുകയോ ആവാം.

എന്നാൽ അന്നെനിക്കു സ്വപ്നം കാണാൻ തോന്നിയില്ല; എന്റെ ഹൃദയം അസ്വസ്ഥമായിരുന്നു; എമ്മിന്റെ വാക്കുകൾ കാതുകളിൽ മുഴങ്ങുകയുമായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതിരിക്കട്ടെ, ഞാനെന്തിന്‌ അപ്പോഴത്തെ എന്റെ ചിന്തകൾ വിവരിക്കണം? ഇക്കാലത്തുപോലും ചിലപ്പോൾ ആ രാത്രിയെക്കുറിച്ചു ഞാൻ സ്വപ്നം കാണാറുണ്ട്; അതുപോലെ എന്നെ വേദനിപ്പിക്കുന്ന സ്വപ്നങ്ങൾ വേറേയില്ലെന്നുതന്നെ പറയാം. എന്റെ ജയിൽ ജീവിതത്തെക്കുറിച്ച് ഞാൻ ഇന്നേവരെ അച്ചടിച്ച രൂപത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത് നിങ്ങൾ ഒരുപക്ഷേ, ശ്രദ്ധിച്ചുകാണും. പതിനഞ്ചു കൊല്ലം മുമ്പ് “മരിച്ച വീട്” ഞാനെഴുതിയത് ഒരു സാങ്കല്പികവ്യക്തിയെ ആഖ്യാതാവാക്കി വച്ചിട്ടാണ്‌- സ്വന്തം ഭാര്യയെ കൊന്നുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റവാളി. (എന്നെ കഠിനതടവിനു ജയിലിലേക്കയച്ചത് ഭാര്യയെ കൊലപ്പെടുത്തിയതിനാണെന്നു വിശ്വസിക്കുകയും ഇന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന പലരുമുണ്ടെന്ന് ഈ സന്ദർഭത്തിൽ പറഞ്ഞുകൊള്ളട്ടെ.)

പതുക്കെപ്പതുക്കെ ഞാൻ എന്നെത്തന്നെ മറന്നു; പോയകാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാനാണ്ടുപോയി. ജയിലിലായിരുന്ന നാലുകൊല്ലക്കാലം എന്റെ പൂർവ്വജീവിതം ഓർമ്മയിൽ വീണ്ടും ജീവിക്കുക എന്നതായിരുന്നു എന്റെ രീതി. ആ ഓർമ്മകൾ സ്വേച്ഛ പോലെയാണ്‌ ഉയർന്നുവന്നിരുന്നത്; എനിക്കവയെ ബോധപൂർവ്വം വിളിച്ചുവരുത്തേണ്ട ആവശ്യമില്ലായിരുന്നു. വിശേഷിച്ചൊരു ബിന്ദുവിൽ, പലപ്പോഴും ശ്രദ്ധിക്കുക തന്നെയില്ലാത്ത ചെറിയൊരു കാര്യത്തിൽ നിന്നാവും തുടക്കം; പിന്നെ പതുക്കെപ്പതുക്കെ ഒരു സമ്പൂർണ്ണചിത്രമായി, വിശദവും വ്യക്തവുമായ ഒരു മാനസികാനുഭവമായി അതു വളരും. ഞാൻ ആ അനുഭവങ്ങളെ വിശകലനം ചെയ്തു നോക്കാറുണ്ടായിരുന്നു; വളരെപ്പണ്ടു നടന്ന സംഭവങ്ങളിൽ പുതിയ വിശദാംശങ്ങൾ ഞാൻ കൂട്ടിച്ചേർക്കും; ഇതിനൊക്കെയുപരി ഞാനവയിൽ തിരുത്തുകൾ വരുത്തും, നിരന്തരമായി തിരുത്തും; എന്റെ ആകെയുള്ള വിനോദം അതായിരുന്നു. ഇത്തവണ, എന്തു കാരണം കൊണ്ടോ, എന്റെ ഓർമ്മയിൽ പെട്ടെന്നുയർന്നുവന്നത് എനിക്ക് ഒമ്പതു വയസ്സു മാത്രം പ്രായമുള്ളപ്പോഴത്തെ ഒരു നിമിഷമാണ്‌- പൂർണ്ണമായി മറന്നുവെന്നു ഞാൻ കരുതിയിരുന്ന ഒരു നിമിഷം. നാട്ടുമ്പുറത്തെ ഞങ്ങളുടെ വീട്ടിലെ ഒരു ആഗസ്റ്റുമാസമാണ്‌ എനിക്കോർമ്മ വന്നത്; തെളിഞ്ഞതും ഈർപ്പമില്ലാത്തതുമെങ്കിലും കുറേശ്ശെ തണുപ്പും കാറ്റുമുണ്ടായിരുന്ന ഒരു പകൽ. വേനലൊടുക്കമായിരുന്നു; അധികം വൈകാതെ എനിക്ക് മോസ്കോയിലേക്കു പോകേണ്ടിവരും; വിരസമായ ഫ്രഞ്ചുക്ലാസ്സുകളുമായി മഞ്ഞുകാലം മൊത്തം അവിടെക്കഴിക്കണം. ഗ്രാമത്തിൽ നിന്നു പോകുന്നതിന്റെ വിഷമമായിരുന്നു എനിക്ക്. മെതിക്കളം ചുറ്റി, കൊല്ലിയുടെ അരികിലൂടെ പൊന്തകൾ ഇടതൂർന്നു വളർന്നുനില്ക്കുന്ന ഇടുക്കിലേക്കു ഞാൻ നടക്കുകയായിരുന്നു. ഉള്ളിലേക്കു ചെല്ലുന്തോറും ഒരു മുപ്പതു ചുവടകലെ ഒരു വെളിമ്പാടത്ത് ഒരു പണിക്കാരൻ ഒറ്റയ്ക്കുഴുതുപോകുന്നത് ഞാൻ കേട്ടു. അയാൾ ഒരു ചരിവിനു മുകളിലേക്കാണുഴുന്നതെന്നും കുതിര ആഞ്ഞുവലിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലായി. കുതിരയെ ഉഷാറാക്കാൻ അയാൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഇടയ്ക്കിടെ എന്നിലേക്കൊഴുകിയെത്തിയിരുന്നു.

ഞങ്ങളുടെ മിക്കവാറും എല്ലാ പണിക്കാരെയും എനിക്കു പരിചയമായിരുന്നു; എന്നാൽ അതാരാണെന്ന് എനിക്കു മനസ്സിലായില്ല; സ്വന്തം ചിന്തകളിൽ വ്യാപൃതനായ ഞാൻ അതു കാര്യമാക്കിയതുമില്ല. പിന്നെ, ഞാൻ തിരക്കിലുമായിരുന്നല്ലോ: തവളകളെ തല്ലാൻ വാൾനട്ട് മരങ്ങളിൽ നിന്ന് പറ്റിയ കമ്പുകൾ ഒടിച്ചെടുക്കുകയായിരുന്നു ഞാൻ. ബെർച്ചിന്റെ കമ്പുകൾക്കു ബലമുണ്ടെങ്കിലും വടിയായിട്ടുപയോഗിക്കാൻ ബലം കുറഞ്ഞതെങ്കിലും വാൾനട്ടു തന്നെയാണ്‌ നല്ലത്. പിന്നെ, എന്നെ ആകർഷിക്കാൻ വണ്ടുകളും മറ്റു പ്രാണികളും ഉണ്ടായിരുന്നു. കാണാൻ ഭംഗിയുള്ള അവയെ ഞാൻ പെറുക്കിയെടുത്തുകൊണ്ടിരുന്നു. ദേഹത്തു കറുത്ത പൊട്ടുകളുള്ള, മഞ്ഞയും ചുവപ്പും നിറമായ പല്ലികളേയും അത്രതന്നെ എനിക്കിഷ്ടമായിരുന്നു; എന്തു മെയ്‌വഴക്കമാണ്‌ ആ കുഞ്ഞുജീവികൾക്ക്! എന്നാൽ എനിക്കു പാമ്പുകളെ പേടിയായിരുന്നു. പല്ലികളുടെയത്ര പാമ്പുകളെ ഞാൻ കണ്ടിട്ടുമില്ല. കൂണുകൾ അവിടെ കുറവായിരുന്നു; കൂണുകൾ വേണമെങ്കിൽ ബെർച്ചുമരങ്ങൾ കൂട്ടമായി വളരുന്നിടത്തേക്കു പോകണം; അതായിരുന്നു എന്റെ മനസ്സിലും. കാടിനെപ്പോലെ, കൂണുകളും കാട്ടുകനികളുമുള്ള, പ്രാണികളും കിളികളും പെരുച്ചാഴികളും അണ്ണാറക്കണ്ണന്മാരുമുള്ള, ഇലകളഴുകുന്ന ഈറൻ മണമുള്ള കാടിനെപ്പോലെ മറ്റൊന്നിനെയും ഈ ലോകത്തു ഞാൻ സ്നേഹിച്ചിട്ടില്ല. ഇപ്പോൾ, ഇതെഴുതുന്ന ഈ നേരത്തും, നാട്ടിലെ ഞങ്ങളുടെ ബെർച്ചുമരങ്ങളുടെ മണം ഞാനറിയുന്നുണ്ട്: ആയുസ്സുള്ള കാലത്തോളം ആ അനുഭൂതികൾ എന്റെയൊപ്പം ഉണ്ടാവുകയും ചെയ്യും. പെട്ടെന്ന്, ആ ഗഹനമായ നിശ്ശബ്ദതയ്ക്കിടയിൽ ഒരു നിലവിളി വ്യക്തവും വിശദവുമായി ഞാൻ കേട്ടു: “ചെന്നായ്!” ഞാൻ അലറിക്കരഞ്ഞു; പേടിച്ചരണ്ട ഞാൻ കരഞ്ഞുകൊണ്ട് നേരേ ആ പണിക്കാരൻ ഉഴുതുകൊണ്ടുനില്ക്കുന്ന പാടത്തേക്കോടി. അത് ഞങ്ങളുടെ പണിക്കാരൻ മാരി ആയിരുന്നു. അങ്ങനെ ഒരു പേരുണ്ടോ എന്നെനിക്കറിയില്ല; എന്തായാലും എല്ലാവരും അയാളെ വിളിച്ചിരുന്നത് മാരി എന്നാണ്‌; അമ്പതിനടുത്തു പ്രായമുള്ള, കുറ്റിയാനായ ഒരാൾ; ഇരുണ്ടിടതൂർന്നു തവിട്ടുനിറമായ താടിയിൽ നര നല്ല കണക്കിനുണ്ട്. എനിക്കയാളെ അറിയാമെങ്കിലും അന്നുവരെ സംസാരിക്കാൻ ഇടയായിട്ടില്ല. എന്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ കുതിരയെ നിർത്തി; ഞാൻ ഓടിച്ചെന്ന് കിതച്ചുകൊണ്ട് ഒരു കൈ കൊണ്ട് അയാളുടെ കലപ്പയിലും മറ്റേക്കൈ കൊണ്ട് അയാളുടെ കുപ്പായക്കയ്യിലും കയറിപ്പിടിച്ചു; ഞാൻ എന്തുമാത്രം പേടിച്ചിരിക്കുന്നുവെന്ന് അയാൾക്കു മനസ്സിലായി.

“അവിടൊരു ചെന്നായ!” ഞാൻ ശ്വാസം മുട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.

അയാൾ തല വെട്ടിച്ച് ചുറ്റും നോക്കി; ഞാൻ പറഞ്ഞത് ഒരു നിമിഷം അയാളും വിശ്വസിച്ചെന്നു തോന്നി.

“എവിടെ ചെന്നായ?”

“ഞാൻ കേട്ടു…ആരോ ”ചെന്നായ്!“ എന്നു വിളിച്ചുപറഞ്ഞു…” ഞാൻ വിക്കിവിക്കിപ്പറഞ്ഞു.

“എന്താ ഇപ്പറയുന്നേ, ഇവിടെ ചെന്നായോ? മോനു തോന്നിയതായിരിക്കും.” എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. എന്നാൽ എന്റെ വിറയൽ മാറിയില്ല; ഞാൻ അയാളുടെ കോട്ടിൽ ഒന്നുകൂടി മുറുക്കെപ്പിടിച്ചു; എന്റെ മുഖമാകെ വിളറി എന്നും എനിക്കു തോന്നുന്നു. അസ്വസ്ഥമായ ഒരു പുഞ്ചിരിയോടെ അയാൾ എന്നെ നോക്കി; എന്റെ അവസ്ഥയെക്കുറിച്ച് അയാൾക്കുത്കണ്ഠ തോന്നിയിരിക്കണം.

“മോൻ വല്ലാതെ പേടിച്ചുപോയല്ലോ, അല്ലേ?” തലയാട്ടിക്കൊണ്ട് അയാൾ പറഞ്ഞു. “പേടിക്കാനൊന്നുമില്ല…ഇങ്ങോട്ടു നോക്ക്, അയ്യേ!”

അയാൾ കൈ നീട്ടി പെട്ടെന്ന് എന്റെ കവിളത്തൊന്നു തലോടി.

“പേടിക്കേണ്ട; കർത്താവു കൂടെയുണ്ട്! കുരിശു വരച്ചോ.”

എന്നാൽ എനിക്കു കുരിശു വരയ്ക്കാൻ പറ്റിയില്ല. എന്റെ ചുണ്ടിന്റെ കോണുകൾ പിടയുകയായിരുന്നു; അത് വല്ലാതെ അയാളുടെ ഉള്ളിൽ തട്ടി എന്നു തോന്നുന്നു. അയാൾ നഖം കറുത്ത, ചെളി പറ്റിയ വിരൽ നീട്ടി എന്റെ ചുണ്ടത്തു തൊട്ടു.

“അയ്യേ, ഇങ്ങോട്ടു നോക്ക്,” വിടർന്ന, മാതൃതുല്യമെന്നു പറയാവുന്ന ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു, “പേടിക്കാനൊന്നുമില്ലെന്നേ! അയ്യയ്യേ!”

ഒടുവിൽ ചെന്നായ യഥാർത്ഥത്തിൽ ഇല്ലെന്ന് എനിക്കു ബോദ്ധ്യമായി; ‘ചെന്നായ്’ എന്ന നിലവിളി ഞാൻ ഭാവനയിൽ കേട്ടതായിരിക്കണം. എന്നാൽ അത്ര വ്യക്തവും വ്യതിരിക്തവുമായി ഞാനതു കേട്ടതുമാണ്‌. മുമ്പും ഇതേപോലെ രണ്ടുമൂന്നു തവണ ഇങ്ങനെ ചില ആക്രോശങ്ങൾ (ചെന്നായകളെക്കുറിച്ചു മാത്രമല്ല) ഞാൻ ഭാവനയിൽ കേട്ടിരുന്നു. (ബാല്യത്തോടൊപ്പം അവയും ഇല്ലാതായി.)

“ഞാനിനി പോയാലോ?” ഒട്ടൊരു നാണക്കേടോടെ അയാളെ നോക്കിക്കൊണ്ട് ചോദ്യരൂപത്തിൽ ഞാൻ പറഞ്ഞു.

“മോനിനി പൊയ്ക്കോ, ഞാൻ നോക്കിക്കോളാം. ഞാനുള്ളപ്പോൾ ചെന്നായക്കു മോനെ കിട്ടില്ല!” അതേ മാതൃതുല്യമായ പുഞ്ചിരിയോടെ അയാൾ കൂട്ടിച്ചേർത്തു. “യേശു കൂടെയുണ്ടാവട്ടെ, പൊയ്ക്കോ,“ എന്നിട്ടയാൾ എനിക്കു മേൽ കുരിശു വരച്ചു, പിന്നെ സ്വന്തമായും. ഞാൻ നടന്നു; ഓരോ പത്തു ചുവടു വയ്ക്കുമ്പോഴും ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. മാരി കുതിരയേയും പിടിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിനിന്നു; ഞാൻ തിരിഞ്ഞുനോക്കുമ്പോഴെല്ലാം അയാൾ തലയാട്ടി. അങ്ങനെയൊരു പേടിത്തൊണ്ടനായി മറ്റൊരാൾ എന്നെ കാണുന്നതിൽ എനിക്കു ചെറിയ നാണക്കേടുണ്ടായി എന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും, ചെന്നായപ്പേടി പൂർണ്ണമായി മാറിയില്ലെങ്കിലും, ഞാൻ നടന്നു; ഒടുവിൽ, കൊല്ലിയും കടന്ന് ആദ്യത്തെ മെതിക്കളം കണ്ണില്പെട്ടപ്പോൾ എന്റെ പേടിയെല്ലാം പമ്പ കടന്നു; ഞങ്ങളുടെ നായ, വോൾചോക്ക്, എന്നെ സ്വീകരിക്കാൻ കുതിച്ചുചാടി വരികയും ചെയ്തിരുന്നു. വോൾചോക്കിനെ കണ്ടപ്പോൾ എന്റെ ആത്മവിശ്വാസമെല്ലാം തിരിച്ചുവന്നു. ഞാൻ അവസാനമായി ഒന്നുകൂടി മാരിയെ തിരിഞ്ഞുനോക്കി. ഇപ്പോൾ അയാളുടെ മുഖം വ്യക്തമായില്ലെങ്കിലും അയാൾ അപ്പോഴും എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുകയാണെന്നും തലയാട്ടുകയാണെന്നും എനിക്കു തോന്നി. ഞാൻ അയാളെ കൈ വീശിക്കാണിച്ചു; അയാളും എന്നെ നോക്കി കൈ വീശിയിട്ട് കുതിരയെ നടത്താൻ തുടങ്ങി. ”നടക്ക്!“ ദൂരെ നിന്ന് അയാളുടെ ഒച്ച ഞാൻ വീണ്ടും കേട്ടു; കുതിര പിന്നെയും മരക്കലപ്പ വലിക്കാൻ തുടങ്ങി.

ഈ ഓർമ്മയാണ്‌- എന്തു കാരണം കൊണ്ടെന്നറിയില്ല- എന്റെ മനസ്സിലേക്കു പെട്ടെന്നു കയറിവന്നത്, അതും അത്യസാധാരണമായ സൂക്ഷ്മതയോടെ. ഞാൻ സ്വയം കുലുക്കിയുണർത്തിയിട്ട് ബങ്കിൽ എഴുന്നേറ്റിരുന്നു. ഓർമ്മയുടെ ഒരു നേർത്ത മന്ദഹാസം അല്പനേരം കൂടി എന്റെ മുഖത്തു തങ്ങിനിന്നിരുന്നു എന്നും ഞാനോർക്കുന്നു. ഒരു മിനുട്ടു കൂടി ഞാൻ അതും ചിന്തിച്ചിരുന്നു.

വീട്ടിലെത്തിയപ്പോൾ മാരിയുമൊത്തുള്ള ആ സാഹസകൃത്യത്തിന്റെ കഥ ഞാൻ ആരോടും പറഞ്ഞില്ല. സാഹസമെന്നു പറയാൻ തന്നെ അതിലൊന്നുമില്ലായിരുന്നു എന്നതാണു സത്യം. അധികം വൈകാതെ മാരി എന്റെ ഓർമ്മയിൽ നിന്നു പോവുകയും ചെയ്തു. അതിനു ശേഷം ഇടയ്ക്കൊക്കെ അയാളെ കണ്ടാലും ആ ചെന്നായയെക്കുറിച്ചൊ മറ്റെന്തിനെയെങ്കിലും കുറിച്ചോ അയാളുമായി സംസാരിക്കാൻ നിന്നിട്ടുമില്ല. എന്നിട്ടിപ്പോൾ, ഇരുപതു കൊല്ലത്തിനു ശേഷം, സൈബീരിയയിൽ വച്ച് ആ കൂടിക്കാഴ്ച എനിക്കോർമ്മ വരികയാണ്‌, ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളോടും കൂടി. അതിനർത്ഥം എന്റെ ഹൃദയത്തിനുള്ളിൽ ഞാൻ ശ്രദ്ധിക്കാതെ അതു മറഞ്ഞുകിടക്കുകയായിരുന്നു എന്നും അതിന്റെ ആവശ്യം വന്ന സമയത്ത് പെട്ടെന്നത് ഓർമ്മയിലൂടെ പുറത്തേക്കു വരികയായിരുന്നു എന്നുമാണ്‌. ഒരു പാവം അടിയാന്റെ സൗമ്യവും മാതൃനിർവ്വിശേഷവുമായ പുഞ്ചിരി ഞാനോർത്തു; എനിക്കു മേൽ കുരിശു വരച്ചുകൊണ്ട് തലയാട്ടുന്ന ആ പ്രത്യേകഭാവം ഞാനോർത്തു. “നീ വല്ലാതെ പേടിച്ചുപോയി, അല്ലേ മോനേ!” എന്റെ വിറയ്ക്കുന്ന ചുണ്ടുകളെ ആർദ്രതയോടെ സ്പർശിച്ച ആ ചെളി പുരണ്ട തടിച്ച വിരലും ഞാൻ വിശേഷിച്ചോർത്തു. തീർച്ചയായും ഏതു കുട്ടിയുടേയും പേടി മാറ്റാൻ ആരും അതുപോലൊക്കെ ചെയ്യും; എന്നാൽ അന്നത്തെ ആ ഏകാന്തസംഗമത്തിൽ തീർത്തും വ്യത്യസ്തമായതെന്തോ ആണ്‌ സംഭവിച്ചത്. ഞാൻ അയാളുടെ സ്വന്തം മകനായിരുന്നെങ്കിൽ ഇതിലും കൂടുതൽ സ്നേഹം തിളങ്ങുന്ന കണ്ണുകളോടെയാവില്ല അയാൾ എന്നെ നോക്കിയിരിക്കുക. ആരാണ്‌ അയാളെ അതിനു പ്രചോദിപ്പിച്ചത്? അയാൾ ഞങ്ങളുടെ അടിയാൻ ആയിരുന്നു, ഞാൻ അയാളുടെ യജമാനന്റെ മകനും. അയാൾ എന്നോടു കാണിച്ച കാരുണ്യം ആരും അറിയാനോ അതിനയാൾക്കു പ്രതിഫലം നല്കാനോ പോകുന്നില്ല. അയാൾക്കിനി കൊച്ചുകുട്ടികളോടു വലിയ സ്നേഹമാണെന്നു വരുമോ? അങ്ങനെയുള്ളവരുണ്ട്. ഞങ്ങൾ തമ്മിൽ കണ്ടത് ആളൊഴിഞ്ഞ ഒരു പാടത്തു വച്ചാണ്‌; ദൈവം മാത്രമേ, ഒരുപക്ഷേ, താഴേക്കു നോക്കുമ്പോൾ കണ്ടിരിക്കുകയുള്ളു, എത്ര അഗാധമായ, നാഗരികമായ മാനുഷികവികാരമാണ്‌, എത്ര പേലവവും സ്ത്രൈണമെന്നുതന്നെ പറയാവുന്നതുമായ ആർദ്രതയാണ്‌ അപരിഷ്കൃതനും പരുക്കനുമായ ഒരാളുടെ ഉള്ളിൽ, അക്കാലത്ത് സ്വാതന്ത്ര്യം പ്രതീക്ഷിക്കാനോ സ്വപ്നം കാണാൻ കൂടിയോ കഴിയാത്ത ഒരു റഷ്യൻ അടിയാന്റെ ഹൃദയത്തിൽ നിറഞ്ഞതെന്ന്. ഇനി പറയൂ, നമ്മുടെ കർഷകജനതയുടെ ഉയർന്ന സംസ്കാരത്തെക്കുറിച്ചു പറഞ്ഞപ്പോൾ കോൺസ്റ്റന്റിൻ അക്സാക്കോവിന്റെ മനസ്സിലുണ്ടായിരുന്നതും ഇതു തന്നെയല്ലേ?

പിന്നെ കിടക്കയിൽ നിന്നെഴുന്നേറ്റ് ചുറ്റും നോക്കുമ്പോൾ, ഞാനോർക്കുന്നു, ഞാൻ ആ ഭാഗ്യം കെട്ട മനുഷ്യരെ വീക്ഷിച്ചത് തീർത്തും വ്യത്യസ്തമായ രീതിയിലാണ്‌; എന്റെ മനസ്സിൽ അവരെക്കുറിച്ചുണ്ടായിരുന്ന വെറുപ്പും ദേഷ്യവും ഏതോ ദിവ്യാത്ഭുതം കൊണ്ടെന്നപോലെ മറഞ്ഞുപോയിരുന്നു. ഞാൻ എഴുന്നേറ്റു നടന്നു; നടക്കുമ്പോൾ ചുറ്റുമുള്ള മുഖങ്ങളിലേക്ക് ഞാൻ ഉറ്റുനോക്കി; കുറ്റവാളി എന്നു മുഖത്തു ചാപ്പ കുത്തിയ, പറ്റെ വടിച്ച ആ കൃഷിക്കാരൻ, കുടിച്ചു ലക്കു കെട്ട് കാറിയ ശബ്ദത്തിൽ ഉച്ചത്തിൽ പാടുന്ന ആ മനുഷ്യൻ- അയാൾ ഞാൻ പറഞ്ഞ ആ മാരി തന്നെയാണെന്നു വരാം. എനിക്കയാളുടെ ഹൃദയത്തിലേക്കെന്തായാലും എത്തിനോക്കാൻ പറ്റില്ലല്ലോ.

അന്നു വൈകിട്ട് ഞാൻ എമ്മിനെ പിന്നെയും കണ്ടു. പാവം മനുഷ്യൻ! മാരിമാരെക്കുറിച്ച് അയാൾക്കെന്തോർമയുണ്ടാവാൻ? അത്തരക്കാരെക്കുറിച്ച് ഇതല്ലാതെ മറ്റൊരു വീക്ഷണം അയാൾക്കെങ്ങനെയുണ്ടാവാൻ: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതെ, പോളിഷ് തടവുകാർക്ക് ഞങ്ങൾ സഹിച്ചതിലുമധികം സഹിക്കേണ്ടിയിരുന്നു, അക്കാലത്ത്.

(1876 ഫെബ്രുവരിയിൽ എഴുതിയ ഈ കഥ ‘ഒരെഴുത്തുകാരന്റെ ഡയറി’ എന്ന പുസ്തകത്തിൽ നിന്നാണ്‌. അദ്ദേഹം സൈബീരിയയിൽ തടവുകാരനായിരുന്നപ്പോഴത്തെ അനുഭവമായിട്ടാണ്‌ കഥയുടെ രൂപം.)

ചിത്രങ്ങൾ : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like