അനുഭവം ഓർമ്മ

കുട്ടനാട്ടിലെ ഒഴുകുന്ന സൂപ്പർ മാർക്കറ്റ്വെനീസ് , വിയറ്റ്നാം എന്നിവിടങ്ങളിലെ ആളുകൾ  കഴിഞ്ഞാൽ Floating Supermarket കൾ നേരിട്ട് കണ്ടും , ക്രയവിക്രയങ്ങൾ നടത്തിയും ശീലമുളളവരാണ് ഞങ്ങൾ കുട്ടനാട്ടുകാർ.

കേരളത്തിലെ ഷോപ്പിംഗ് സംസ്കാരത്തിൽ തന്നെ വലിയ മാറ്റങ്ങൾ  കൊണ്ടുവന്ന പല വമ്പൻ സൂപ്പർ / ഹൈപ്പർ മാർക്കറ്റുകളുടെയും   “All under one roof ” എന്ന Concept പോലും ഇത്തരം floating supermarket കളിൽ നിന്ന് ഉടലെടുത്തതാണോ എന്ന് എനിക്ക് എല്ലാക്കാലത്തും സംശയം തോന്നിയിട്ടുണ്ട്.

എന്റെ ഓർമ്മയിൽ പുളിങ്കുന്നിലെ Floating Supermarket കളുടെ തുടക്കക്കാരൻ  ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ ജോസുകുട്ടിച്ചേട്ടൻ ആണ്. “മൊട്ടക്കാരൻ” എന്നാണ് കുട്ടികളായ ഞങ്ങൾ  അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. ബുധൻ , ശനി ദിവസങ്ങളിൽ രാവിലെ മുതൽ ഞങ്ങളിൽ പലരും മൊട്ടക്കാരന്റെ വരവറിയിച്ചുകൊണ്ടുള്ള ഹോൺ മുഴക്കത്തിനായി കാതോർത്തിരിക്കുക പതിവായിരുന്നു. ഞങ്ങളുടെ ഒരാഴ്ചത്തെ  wish list ലുള്ള ഏറെക്കുറെ എല്ലാ സാധനങ്ങളും അടങ്ങിയിട്ടുള്ള  ആ വള്ളത്തിന്റെ വരവിനെ  വളരെ ആകാംക്ഷയോടും , പ്രതീക്ഷയോടും  കൂടിയാണ് ഞങ്ങൾ എതിരേറ്റിരുന്നത്.

തോടിന് ഇരുവശത്തുമുള്ള വീടുകളിലെ സ്ത്രീകളും കുട്ടികളും വള്ളം ദൂരെ നിന്ന് വരുമ്പോൾ തന്നെ ഇരുകരകളിലുമായി സ്ഥാനം പിടിച്ച് കുശലാന്വേഷണങ്ങൾ തുടങ്ങിയിരിക്കും. തലേ ദിവസത്തെ ചോറിൽ വെള്ളമൊഴിച്ച്  പഴംകഞ്ഞിയാക്കി രാവിലെ ഉണക്കമീനും കൂട്ടി കഴിച്ചതും, വാട്ടു കപ്പക്ക്  മുളക് പൊട്ടിച്ചതും മുതൽ തലേ ആഴ്ച മൊട്ടക്കാരന്റെ Floating Supermarket-ൽ നിന്നും വാങ്ങിയ  ഉൽപന്നങ്ങളുടെ വില,ഗുണ നിലവാരം , അടുത്തിടെ  കണ്ട സിനിമയുടെ ഫ്ളാഷ് ബാക്കുകൾ , പള്ളി പെരുന്നാൾ, അമ്പലത്തിലെ ഉത്സവം . അങ്ങനെ അങ്ങനെ വിഷയങ്ങൾ അനവധി നിരവധിയാണ്. അയൽക്കാരുമായി അടുത്ത് ഇടപഴകിയിരുന്ന ചേച്ചിമാർക്ക് ഇന്നെന്നല്ല അന്നും 24 മണിക്കൂർ ഒരിക്കലും  തികയില്ലായിരുന്നു.😪

ഒരു പാട് കാലം limelight-ൽ ചർച്ചക്ക് വിധേയമായ വിഷയമായിരുന്നു മാളികപറമ്പിലെ സൈക്കിൾ യജ്ഞവും , അതിലെ പ്രധാന ഐറ്റമായിരുന്ന ശശിയുടെ മണ്ണിനടിയിലെ പ്രകടനങ്ങളും.  സൈക്കിൾ യജ്ഞക്കാരൻ ശശി അന്നും ഇന്നും മനസ്സിൽ ഒരു വിസ്മയമായി തന്നെ നിൽക്കുന്നു. .🧐🤔

ഞങ്ങളുടെ നാട്ടിലെ മിക്ക വീടുകളിലേയും ചാച്ചൻമാർ യേശുവിന്റെ ശിഷ്യൻമാരേ പോലെ fishing – ൽ സ്വയം പര്യാപ്തരും, വീശ് വല ,ഉടക്കു വല , കൂട, ഒറ്റാൽ ,മുപ്പല്ലി മുതലായവ കൈകാര്യം ചെയ്യുന്നതിൽ അതീവ സമർത്ഥരും ആയിരുന്നു. തുപ്പലുകൊത്തി പരൽ മുതൽ കാരി , വരാൽ , കരിമീൻ മുതലായ മീനുകളെ  ആവശ്യാനുസരണം പിടിക്കുകയും, പ്രദർശിപ്പിക്കുകയും, കറിവെക്കുകയും ഒക്കെ ചെയ്യുന്നത് ഞങ്ങൾക്ക്  ഹരമായിരുന്നു.

സ്ഥല പരിമിതിയും , ദൈവാനുഗ്രഹം ഇത്തിരി കുറഞ്ഞതുമാവാം ഞങ്ങളുടെ ക്രിക്കറ്റ് ടീമിൽ നിന്ന് ആർക്കും ഇന്ത്യൻ ടീമിൽ  ഇടം കിട്ടാൻ  ആവാതെ പോയതെന്നാണ് എന്റെ തോന്നൽ.  പിൽക്കാലത്ത്  Engineering College ആയി മാറിയ ഞങ്ങളുടെ കുട്ടിക്കാലത്തെ വാങ്കഡേ സ്റ്റേഡിയവും പരിശീന കളരിയും  ആയിരുന്നു അന്നത്തെ മാളിക പറമ്പ് ..ദോഷം പറയരുതല്ലോ, ആ വാങ്കഡേ സ്റ്റേഡിയത്തിലെ ഞങ്ങളുടെ ടീമിന്റെ  bowling open ചെയ്യാൻ പലപ്പോഴും  എനിക്ക് അവസരം കിട്ടിയിട്ടുണ്ട്.

Right Arm around the wicket -ൽ fast bowl ചെയ്തിരുന്ന എന്നെ  Wassim Akram എന്നാണ് ഞാൻ സ്വയം വിശേഷിപ്പിച്ചിരുന്നത്🤣🤪.

തോടിന്റെ ഇരുവശവും ഉള്ള കടവുകളിൽ Floating Supermarket ന്റെ  വരവിനായി ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ ഒരാഴ്ചത്തെ നീണ്ട ഷോപ്പിംഗ് ലിസ്റ്റുമായി (മനസ്സിൽ ) കാത്തുനിൽക്കുന്ന കാഴ്ച ഒരു പ്രത്യേക അനുഭവം ആയിരുന്നു.

ലോകത്തിന്റെ പലഭാഗങ്ങളിലും നിന്ന് അപ്രത്യക്ഷമായെങ്കിലും ഞങ്ങൾ കുട്ടനാട്ടുകാർക്ക്  “ബാർട്ടർ സിസ്റ്റം ” (Barter System) പരിചയപ്പെടുത്തി തന്നത് ഞങ്ങളുടെ ജോസുകുട്ടിച്ചേട്ടൻ ആണ്.

കോഴി മുട്ട, കോക്കോ കായ , പഴയ ആക്രി, ചളുങ്ങിയ പാത്രങ്ങൾ മുതലായവ അങ്ങോട്ട് കൊടുക്കുമ്പോൾ പകരം കോഴിക്കുള്ള ഗോതമ്പ്, 501 ബാർ സോപ്പ്,പള പളാ തിളങ്ങുന്ന അലൂമിനിയ പാത്രങ്ങൾ , സോപ്പ്, ചീപ്പ് , കൺമഷി,കണ്ണാടി മുതലായവ തിരിച്ച് കിട്ടുന്നു.

രാമച്ചവിശറി പനിനീരിൽ മുക്കി,

ആരോമൽ വീശും തണുപ്പാണോ,

കസ്തൂരി മഞ്ഞൾ പുരട്ടും പുലർകാല കന്യകേ നിന്റെ തുടിപ്പാണോ എന്ന സ്മരണ ഉണർത്തുന്ന രാധാസ് സോപ്പിൽ ആയിരുന്നു, അല്പം മുന്തിയ ഇനം ആയിരുന്നെങ്കിലും എനിക്ക് താല്പര്യം.😍😁

കുട്ടികളായ ഞങ്ങൾ  അക്കാലത്ത് പ്രധാനമായും പോക്കറ്റ് മണി കണ്ടെത്തിയിരുന്നത് , ഒറ്റതിരിഞ്ഞും പുരക്കകത്ത് കയറി വരുന്നതുമായ കോഴികളെ disciplinary action ന്റെ ഭാഗമായി  കുട്ടക്കടിയിൽ പിടിച്ചിടുക എന്നത് വഴിയായിരുന്നു. അപ്പോൾ അവറ്റകൾ ഇടുന്ന മുട്ട ,കോഴിയെ കുട്ടക്കടിയിൽ പിടിച്ചിടുന്ന ആൾക്ക് സ്വന്തം …ഇങ്ങനെ ചില ആഴ്ചകളിൽ ൽ 3 -4 മുട്ടകൾ വരെ  സ്വന്തമായി ഞങ്ങളുടെ രഹസ്യ ശേഖരത്തിൽ  ഉണ്ടാവും. കൂടാതെ പഴുത്ത കൊക്കോ കായകൾ (Prime location – ൽ നിന്നും അല്പം  മാറിയുള്ളവ ) മരത്തിന് മുകളിൽ കയറിയും, തോട്ടി വച്ച് പറിച്ചതും ഒക്കെ ഞങ്ങളുടെ നോക്ക് കൂലിയിൽ  പെട്ടവയായിരുന്നു.

ഈ കച്ചവടത്തിലെ ഒരു പ്രധാന പ്രത്യേകത വാങ്ങുന്നവനും വിൽക്കുന്നവനും ഒരേ പോലെ  സംതൃപ്തിയും , ലാഭകരമായ ഇടപാട് നടന്നു എന്ന തോന്നലുമായിരുന്നു.

പിന്നെ ആർക്കാണ് ഇതിൽ നഷ്ടം ??  അന്ന് എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു  ചോദ്യമായിരുന്നു .

ഒരു കച്ചവടം ആകുമ്പോൾ ഇങ്ങനെ ഇരു കൂട്ടർക്കും ലാഭമെന്ന തോന്നൽ എങ്ങനെ ഉണ്ടാകുന്നു ??

നഷ്ടം ഒരു പക്ഷേ ഇതിലൊന്നും പെടാതെ മാറി നിന്നിരുന്നവർക്കാകും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.😁🤣

കണ്ടാൽ ഒരു കൊച്ചു വള്ളമായി തോന്നിയിരുന്നെങ്കിലും അന്നത്തെ ഗ്രാമവാസികളായ ഞങ്ങളുടെ ദൈനം ദിന ജീവിതത്തിന് ആവശ്യമായ ഒട്ടുമിക്ക സാധനങ്ങളും ലഭ്യമായിരുന്നു എന്നതാണ് ഈ വള്ളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അക്കാലത്ത് മിക്കവാറും വീടുകളിൽ  3-4 മാസത്തെ ഇടവേളകളിൽ  മുട്ട അടവച്ച് വിരിയിക്കുന്ന പരിപാടി സർവ്വ സാധാരണമായിരുന്നു. ഓരോ ബാച്ചിലും പത്ത് മുതൽ പതിനഞ്ച് വരെ കോഴികുഞ്ഞുങ്ങൾ കാണും. ചെലോർക്ക് റെഡിയാവും, ചെലോർക്ക് റെഡ്യാവില്ല എന്ന് പറയും പോലെ കുറേ എണ്ണത്തിനെ കാക്കയും , കുറേ പുള്ളും  പരുന്തും ഒക്കെ കൊണ്ടുപോകും. മറ്റ് ചിലത്  ദൈവാനുഗ്രഹം ഇല്ലാത്തതിനാലും😪😪

ശേഷിച്ച കോഴി കുഞ്ഞുങ്ങളെ അവയുടെ രൂപം , ഭാവം, ഓട്ടത്തിലെ വേഗത,കാപ്പിരി തൂവൽ, കാലിന്റെ  പൊക്കം ഇവ കണക്കിലെടുത്ത്  നാമകരണം നടത്തുക എന്നതായിരുന്നു ഞങ്ങളുടെ മറ്റൊരു വിനോദം .മിക്കവാറും അക്കാലത്തെ ഒളിമ്പിക്സ് മെഡൽ ജേതാക്കളുടെ പേരുകൾക്കായിരുന്നു മുന്തിയ പരിഗണന.

അങ്ങനെ കാൾ ലൂയീസ് മുതൽ ബെൻ ജോൺസൺ ,മർലീൻ ഓട്ടി തുടങ്ങി  പി.ടി ഉഷ എന്നീ പേരുകൾ വരെയുള്ള കോഴികൾ  വരെ ഞങ്ങളുടെ ശേഖരത്തിൽ ഉണ്ടായിരുന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷം ലോകത്തിലെ തന്നെ ലീഡിങ് ഡിപ്പാർട്ട്മെന്റ്  സ്റ്റോറുകളിൽ ഒന്നായ Debenhams ന്റെ ദുബായിലെ പളപളപ്പുള്ള, മൂന്നു നിലകളിൽ പരന്നു കിടക്കുന്ന ബ്രാഞ്ചിന്റെ  മാനേജർ ആയി നൂറിൽപരം സ്റ്റാഫിനെ കസ്റ്റമർ സർവീസിന്റെ ഉയർന്ന പാഠങ്ങൾ പഠിപ്പിക്കുമ്പോഴും, ഇപ്പോൾ  മെൽബണിലെ ഷോപ്പിംഗ് മാളുകളിൽ ഒരു കസ്റ്റമറുടെ കുപ്പായത്തിൽ  കറങ്ങുമ്പോഴും വ്യാപാരിയും  ഉപഭോക്താക്കളും  തമ്മിലുള്ള വിശ്വാസ്യതയുടെയും , സംതൃപ്തിയുടെയും അളവുകോലായി ഞാൻ ഇന്നും കാണുന്നത്  എന്റെ കുഞ്ഞുനാളുകളിൽ ഞങ്ങളുടെ കുട്ടനാടൻ Floating Supermarket മായി വന്നിരുന്ന ജോസുകുട്ടിച്ചേട്ടനെയും അദ്ദേഹത്തിന്റെ ഗൗരവമാർന്ന പുഞ്ചിരിയെയും തോട്ടിറമ്പത്തു നിൽക്കുന്ന ഓരോരുത്തരുമായും പുലർത്തിയിരുന്ന വ്യക്തി ബന്ധങ്ങളെയുമാണ്.പിൽക്കാലത്ത് കസ്റ്റമർ സർവീസിനെ കുറിച്ച് പഠിക്കാൻ ഫ്രാൻസിൽ വരെ പോകാൻ യോഗമുണ്ടായിട്ടുണ്ട് ഈ കുട്ടനാട്ടുകാരന്,  പക്ഷെ ജോസുകുട്ടിച്ചേട്ടൻ പഠിപ്പിച്ച പാഠങ്ങളെക്കാൾ വലുതായിരുന്നില്ല  അവയൊന്നും.

ഒരു കോർപ്പറേറ്റ് പാഠപുസ്തകങ്ങളും  ഇത്ര സിംപിളായും പവർഫുള്ളായും “ചേടത്തിയേ അവിടെന്നതാ വേണ്ടേ” എന്ന് നൈസർഗികമായി  ചോദിക്കാൻ പഠിപ്പിക്കുന്നില്ല

Print Friendly, PDF & Email

About the author

സോജൻ വർഗ്ഗീസ്

സോജൻ വർഗ്ഗീസ്. കുട്ടനാട്ടുകാരൻ. ഇപ്പോൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസം