ലേഖനം

മതപാഠശാലകളുടെ സമകാലികസാധ്യതകൾമതതീവ്രവാദത്തിന് മറുപടി മറ്റൊരു മതതീവ്രവാദമല്ല.. വിട്ടുവീഴ്ചയില്ലാത്ത നിരീശ്വരവാദിയുടെ യുക്തിവാദവുമല്ല. 'യുക്തിവാദി'യായ മതവിശ്വാസിക്ക് സ്വന്തം മതത്തെ -വിശ്വാസങ്ങളെ -വിശ്വാസികളെ -കാലാനുസൃതമായി പരിഷ്കരിക്കാനും ബോധവൽക്കരിക്കാനും കഴിയും -- വിശ്വാസികളെ മനുഷ്യരാക്കാനും!

മതപാഠശാലകൾക്ക് ധാർമികവും വൈകാരികവും വിജ്ഞാനപരവും സാംസ്കാരികവും ചരിത്രപരവും ആയ പല തലങ്ങളും ഉണ്ട്. ഇവയെ മനസ്സിലാക്കിക്കൊണ്ട് സമകാലിക ലോകത്തിൽ മതപഠന കേന്ദ്രങ്ങളുടെ റോൾ എന്താവണം എന്ന ആലോചനയാണ് ഈ കുറിപ്പ്.

മതപഠനം ഒരു സമുദായത്തിലെ കുട്ടികൾ മാത്രം ഒരുമിച്ചിരുന്നു പഠിക്കുന്ന മേഖല ആയതുകൊണ്ട് അവരുടെ സാമൂഹ്യബോധത്തെ വികലമാക്കാനല്ലേ ഉപയോഗിക്കപ്പെടൂ എന്നൊരു പേടി പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. ശാസ്ത്രീയമായ ഒരു യുഗത്തിൽ ശാസ്ത്രബോധത്തെ മുഴുവനായും തള്ളിക്കളയുന്ന മതബോധത്തെ എന്തിനു സ്ഥാപനങ്ങളിലൂടെ കുട്ടികൾക്ക് പകർന്നുനൽകുന്നു എന്ന ചോദ്യവും കേൾക്കാറുണ്ട്. തീർത്തും സ്വകാര്യമാവേണ്ട മതത്തെ പൊതുവിഷയമാക്കുന്നത് ശരിയല്ല എന്നതാണ് മറ്റൊരു കാഴ്ചപ്പാട്.

ഏതു മതത്തിനും രണ്ടുവശങ്ങളുണ്ട്: ഒന്ന്, വ്യക്തികൾക്ക് ആത്മീയശാന്തിക്കും ധാർമികമായ വ്യക്തതക്കും സാഹചര്യമൊരുക്കുന്നതിനു വേണ്ടിയുള്ളതാണെങ്കിൽ മറ്റേത് വ്യക്തികളെ സാമൂഹ്യവും സാംസ്കാരികവുമായ കൂട്ടായ്മയുടെ ഭാഗമാക്കുന്നതിനുള്ളതാണ്. ആദ്യത്തേത് സ്വകാര്യമാണെങ്കിൽ രണ്ടാമത്തേത് സാമൂഹ്യമാണ്. ശാസ്ത്രം നമ്മുടെ ഭൗതികലോകത്തെക്കുറിച്ചു കൂടുതൽ അറിവ് നൽകുകയും അവയെ കൂടുതൽ നന്നായി ക്രോഡീകരിക്കാൻ കഴിവ് നൽകുകയും ചെയ്യുന്നതാണെങ്കിൽ മതം ഭൌതികാതീതമായ ചിന്തകളെയും മൂല്യവ്യവസ്ഥയെക്കുറിച്ചുള്ള ആലോചനകളെയും സംബന്ധിച്ചുള്ളതാണ്. ഇത് മനസ്സിലാക്കിയാൽ  ശാസ്ത്രബോധവും മതബോധവും തമ്മിലുള്ള സംഘട്ടനം അനാവശ്യമാണെന്ന് വ്യക്തമാവും.

മതത്തിൽ എക്കാലത്തേക്കും ബാധകമായ ശാസ്ത്രതത്വങ്ങള്‍ വ്യക്തമായോ സൂചനാപരമായോ ഉണ്ട് എന്ന് പറയുന്നവരും ശാസ്ത്രത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ലെന്നു പറയുന്നവരും ഓർക്കാത്ത ഒരു കാര്യം സ്വയം പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുന്ന മേഖലയാണ് ശാസ്ത്രമെന്നതാണ്. അതായത്, മുൻഗാമികളായ ശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളെ പലപ്പോഴും തീർത്തും തള്ളിക്കളയുന്നത് ശാസ്ത്രത്തിന്റെ അടിസ്ഥാനരീതിയാണ്. അതുകൊണ്ടു എക്കാലത്തേക്കുമുള്ള ശാസ്ത്രതത്വം എന്ന വാദം ശാസ്ത്രകാരന്മാർ തന്നെ ഉന്നയിക്കുന്നില്ല. അതുപോലെ, മതം എല്ലാക്കാലത്തേക്കുമാണ് എന്നുപറഞ്ഞാൽ അതിന്റെ അർത്ഥം ഓരോ കാലത്തും ദേശത്തും ഉള്ള സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാങ്കേതിക വിഷയങ്ങളെക്കൂടി ധാർമികതയുടെ കാഴ്ചപ്പാടിൽ കണ്ടു പ്രവർത്തിക്കാനും മൂല്യങ്ങളെ വ്യഖ്യാനിച്ചുള്‍ക്കൊള്ളാനുമുള്ള ശേഷി ഇവ പിന്തുടരുന്നവർക്ക് ഉണ്ടാവേണ്ടതുണ്ട് എന്നാണ്. അപ്പോൾ മതപഠനകേന്ദ്രങ്ങൾ ശാസ്ത്രബോധത്തിനും അവ പഠിപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും എതിരാണെന്ന ചിന്ത തന്നെ ഇല്ലാതാവുന്നു.

മതപഠനകേന്ദ്രങ്ങളുടെ ചരിത്രപരമായ ഭാഗധേയം

നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ തുടക്കം മതവിദ്യാഭ്യാസത്തിൽ നിന്നാണെന്നു കാണാം. വേദപുസ്തകങ്ങൾ വായിക്കാനും പ്രാർത്ഥനകൾ പഠിപ്പിക്കാനും സാമൂഹികമായി അതാതു മതം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പ്രചരിപ്പിക്കാനും വേണ്ടിയാണ് പലസ്ഥലത്തും സ്കൂളുകൾ ആരംഭിച്ചത്. ഇന്ത്യയിലെ ബ്രാഹ്മണർക്കിടയിലും ബുദ്ധമതക്കാർക്കിടയിലും  അറബ്-പേർഷ്യൻ നാടുകളിലെ മുസ്ലിംകൾക്കിടയിലും യൂറോപ്പിലെ ക്രിസ്ത്യാനികൾക്കിടയിലും ഇതു നാം കണ്ടതാണ്.

ഇന്നത്തെപ്പോലെയുള്ള വിഷയങ്ങളോ അധ്യയനരീതിയോ ഇല്ലാത്തതിനാൽ ആദ്യകാലത്ത് ശാസ്ത്രവിഷയങ്ങളും ചരിത്രവും തത്വചിന്തയും പഠിപ്പിച്ചിരുന്നതും മതപാഠശാലകളിലായിരുന്നു.  ഈജിപ്തിലെയും ബാഗ്ദാദിലേയും പേർഷ്യയിലേയും മദ്രസ്സകൾ ഗ്രീക്ക്-ലാറ്റിൻ ചിന്തകൾ പരിഭാഷപ്പെടുത്തി  ആഴത്തിലുള്ള വിജ്ഞാനോൽപാദനവും വിജ്ഞാന വിതരണവും നടത്തിയിരുന്നു. കുരിശുയുദ്ധകാലത്തു കണ്ട ആ മാതൃക ഉപയോഗിച്ചാണ് മധ്യകാല യൂറോപ്പിലെ പല യൂണിവേഴ്സിറ്റികളും സ്ഥാപിക്കപ്പെട്ടതെന്നത് പ്രസിദ്ധമാണ്.

ഇതുപോലെത്തന്നെയാണ് സാഹിത്യഗ്രന്ഥങ്ങളുപയോഗിച്ച് ഇന്നു നടത്തുന്ന സാമൂഹ്യമൂല്യനിർമിതിയും. ഇവയിൽ ചിലത് ധാർമികമൂല്യങ്ങളോടും മറ്റുചിലത് സദാചാരതത്വങ്ങളോടും ബന്ധപ്പെട്ടതായിരുന്നു. പാവപ്പെട്ടവർക്ക്‌ ഭക്ഷണം കൊടുക്കുക, അനാഥകളെ സംരക്ഷിക്കുക എന്നീ സാമൂഹ്യമൂല്യങ്ങൾ പകർന്നു നൽകുകയും സമൂഹത്തിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്തിരുന്നത് മതപാഠശാലകളായിരുന്നു (ഇന്നത് എത്ര ഫലവത്താണ് എന്ന് സ്വയം വിമർശനം നടത്തി നോക്കാവുന്നതാണ്: ചൂഷണത്തിനോ സ്വാര്ഥതക്കോ എതിരെ ഇന്നത്തെ മതപഠനം പലപ്പോഴും നിഷ്ഫലമാണ് എന്നാണ് എനിക്ക് തോന്നുന്നത്). അന്ന് സാമൂഹ്യസുരക്ഷയും സാമൂഹ്യക്രമവും മതനേതാക്കന്മാരാണ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇന്നത് മിക്കവാറും സർക്കാരുകളാണ് എന്ന വ്യത്യാസമുണ്ട്. സർക്കാരുകളുടെ കൈയില്‍ ഈ മാധ്യമം എല്ലാ വിഭാഗങ്ങളും ഒരുമിച്ചു പഠിക്കുന്ന സ്കൂളുകൾ ആയിമാറുകയും ചെയ്തു.

മതപാഠശാലകൾ ഇന്ന്

മതപാഠശാലകൾക്കു ഇന്നത്തെ കാലത്ത് എന്തൊക്കെ ചെയ്യാനാവും?

മതാചാരങ്ങളും പ്രാർത്ഥനകളും പഠിക്കുക, അനുഷ്ഠാനങ്ങളെക്കുറിച്ചു മനസ്സിലാക്കുക എന്നിവ മനുഷ്യന്റെ ആത്മീയവും വൈകാരികവുമായ വളർച്ചയ്ക്ക് ആവശ്യമാണെന്നു വിശ്വസിക്കുന്നവരാണു വിശ്വാസികളില്‍ അധികപേരും. അത് പകർന്നുകൊടുക്കാനുള്ള ഇടമെന്നനിലയ്ക്ക് മതപാഠശാലകൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ലിപി, കൈയെഴുത്ത്, ഉച്ചാരണം, ആലാപനരീതി എന്നിവ വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും വളർച്ചക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ്. നമ്മുടെ ഇന്നത്തെ സ്കൂൾ അധ്യയനസംവിധാനത്തിനുപുറമേ മറ്റൊരു അധ്യയനരീതിയും പഠനരീതിയും കാണിച്ചുകൊടുക്കാൻകൂടി ഈ സംവിധാനത്തിനാവും.

വിശ്വാസകാര്യങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം മതചരിത്രം മതത്തിലെ ധാർമികമൂല്യങ്ങളിലൂന്നിയുള്ള കഥകൾ എന്നിവയും കുട്ടികൾക്ക്‌ പറഞ്ഞു കൊടുക്കാം. കുറച്ചുകൂടി മുതിർന്ന കുട്ടികൾക്ക് മറ്റു മതങ്ങളുടെ ധാർമികമായ കാഴ്ചപ്പാടും അനുഷ്ഠാനരീതികളും ചരിത്രസന്ദർഭങ്ങൾ ഉപയോഗിച്ച് പഠിപ്പിച്ചാൽ അത് അവരുടെ ലോകത്തെയും വൈവിധ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും വികസ്വരമാക്കും. ഇന്ന് കാണുന്ന വർഗീയതയുടെ അടിസ്ഥാനം മിക്കവാറും ഭീതിയും അരക്ഷിതാവസ്ഥയുമാണ്. അതിന്റെ അടിപ്പടവ് സമുദായം എന്ന നിലക്കുള്ള ആത്മവിശ്വാസമില്ലായ്മയും. ആത്മവിശ്വാസത്തെ ബലപ്പെടുത്താനും ഇത്തരം ഒരു സമീപനത്തിന് കഴിയും.

ഇത് സർവമതസത്യവാദം പോലെയുള്ള വാദമല്ല. സർവമതസത്യവാദത്തിന്റെ ഒരു പ്രശ്നം ചരിത്ര സന്ദർഭവും ഭൂമിശാസ്ത്രപരമായ കാരണങ്ങളും മൂലം മതങ്ങള്‍ തമ്മിൽ ഉള്ള വൈജാത്യങ്ങൾക്കെതിരെ തീർത്തും നിഷേധാത്മകമായ സമീപനം പുലർത്തുന്നതാണ്. വൈജാത്യങ്ങളെ യാഥാർഥ്യബോധത്തോടെ നോക്കിക്കാണാനുള്ള പക്വതയാണാവശ്യം; അല്ലാതെ യാന്ത്രികമായി തള്ളിക്കളയാനുള്ള തിടുക്കമല്ല. എല്ലാ മതങ്ങളും ഒന്നല്ല. ആവേണ്ട ആവശ്യവുമില്ല എന്ന ബഹുസ്വരകാഴ്ചപ്പാടാണ് വേണ്ടത്.

നാം മതങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങള്‍ ഏകസ്വരസമൂഹത്തിലോ തികച്ചും ചൂഷണാത്മകമായ  ഒരു വ്യവസ്ഥിതി, അല്ലെങ്കിൽ ഇന്നത്തെപ്പോലെ സാമൂഹ്യസ്ഥാപനങ്ങൾ സാധാരണമായി ഇല്ലാത്ത അവസ്ഥയിലോ ആണെന്നു സങ്കല്പിച്ചു പരിശോധിക്കേണ്ട സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാവും. ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ സ്വീകരിച്ച നയങ്ങളുടെയും രീതികളുടെയും മാനവികമായ കാഴ്ചപ്പാടായിരിക്കും അപ്പോള്‍ അതില്‍ നമുക്കു കാണാനാവുക. ആ പ്രമാണം നിലനിർത്തിക്കൊണ്ട് ഇന്നത്തെ ബഹുസ്വരസാമൂഹികാന്തരീക്ഷത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആവശ്യമുണ്ടെന്നു ആലോചിക്കുകയാണു വേണ്ടത്. ഇവിടെയാണ് ഗവേഷണത്തിന്റെയും ശാന്തമായി ആലോചിക്കാനുള്ള ഇടങ്ങളുടെയും പ്രസക്തി നമുക്കു ബോധ്യമാവുന്നത്.

മതം സമഗ്രമായ പദ്ധതിയാണെന്നും രാഷ്ട്രീയാദർശമാണെന്നുമൊക്കെയുള്ള ആശയങ്ങളെ ചരിത്രപരമായും ധാർമികമായും പ്രായോഗികമായും പഠിച്ച് ബൗദ്ധികമായി സമീപിച്ചുകൊണ്ടുവേണം മതപഠനത്തിന്റെ  ചട്ടക്കൂട് ഉണ്ടാക്കാൻ. അതിനാല്‍ത്തന്നെ മതാശയങ്ങളിലും മതചരിത്രത്തിലും സമകാലിക ലോകചിത്രത്തിലും ഊന്നിയ ഗവേഷണം അത്യാവശ്യമായി മാറുന്നു.

സിദ്ധാന്ത ശാഠ്യത്തിനു പകരം ചരിത്രബോധത്തിനും  വാശിക്കുപകരം ദയവിനും ആചാരങ്ങളിലെ ധാർമികതക്കും ഇടമുള്ള കാഴ്ചപ്പാടോടെ വേണം ഈ ആലോചനകൾ തുടങ്ങാനും മുന്നോട്ടു കൊണ്ടുപോവാനും. 

Print Friendly, PDF & Email

About the author

സി ടി അബ്ദുറഹീം

വിദ്യാഭ്യാസപ്രവർത്തകനും എഴുത്തുകാരനും ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിന്റെ പേട്രനുമായ സി ടി അബ്ദുറഹീം ഒരു മലയാളി മുസ്ലിമിന്റെ വേറിട്ട ചിന്തകൾ അടക്കം പത്തിലധികം പുസ്തകങ്ങളുടെ രചയിതാവാണ്