EDITORIAL

സാഭിമാനം പ്രശാന്ത് ഭൂഷണോടൊപ്പംനീതിന്യായ വ്യവസ്ഥയുടെ ഭാഗമായവർക്ക് , പ്രത്യേകം കോഡ് ഓഫ് എത്തിക്സ് ആൻഡ് മോറൽസ് ഉണ്ട് .പ്രശാന്ത് ഭൂഷൺ അതുയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്തത് . അത് ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നക്ഷത്ര ശോഭയോടെ അടയാളപ്പെട്ടിരിക്കുന്നു . അദ്ദേഹത്തിന്റെ വാക്കുകൾ (മലയാള നാട് ) സാഭിമാനം പങ്കു വെക്കുന്നു

ബഹുമാനപ്പെട്ട കോടതിയുടെ വിധിന്യായം ഞാൻ വായിച്ചു .ഏതു കോടതിയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ – ഒരു വിശിഷ്ടാംഗമായോ വൈതാളികനായോ അല്ല , മൂന്നു ദശാബ്ദത്തോളം  ഒരു വിനീതഭടനായി- ഞാൻ ആഗ്രഹിച്ചുവോ അതിനെതിരെയുള്ള കോടതിയലക്ഷ്യക്കുറ്റം എന്നിൽ ആരോപിച്ചതിൽ ഞാൻ അതിയായി  ദു:ഖിക്കുന്നു .

ഞാൻ ശിക്ഷിക്കപ്പെടുമെന്നതല്ല , മറിച്ചു ഞാൻ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണെന്നെ വേദനിപ്പിക്കുന്നത് . ഞാൻ നീതിപീഠത്തിനെതിരെ നീചവും , ഭയാനകവും ,ദുരുദ്ദേശപരവുമായ ആക്രമണങ്ങൾ അഴിച്ചുവിട്ടുവെന്ന നിരീക്ഷണം എന്നെ ഞെട്ടിച്ചു .അത്തരം ഒരാക്രമണം നടത്തിയെന്നതിനു യാതൊരു തെളിവും ഹാജരാക്കാതെയാണ് കോടതി അങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നതാണ് എന്‍റെ ദുഃഖം . സ്വമേധയാ എന്‍റെ പേരിൽ ഇങ്ങനെ ഒരുത്തരവ് ഇറക്കുന്നതിനു പ്രേരകമായ പരാതിയുടെ പകർപ്പ് എനിക്ക് നൽകുവാനോ എന്‍റെ മറുപടിരേഖയിൽ ഉന്നയിച്ച വിശദീകരണങ്ങളോടും എന്‍റെ വക്കീൽ സമർപ്പിച്ച നിരവധി വാദങ്ങളോടും അവശ്യമായും പ്രതികരിക്കുവാനോ കോടതി തുനിഞ്ഞില്ല എന്നത് എന്നെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. 

എന്‍റെ ട്വീറ്റ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഈ തൂണിന്‍റെ അടിത്തറ ഇളക്കുമെന്ന കോടതി നിരീക്ഷണം വിശ്വസിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് .രണ്ട് ട്വീറ്റുകളും എന്‍റെ സത്യസന്ധമായ വിശ്വാസങ്ങളാണെന്നും അത് പ്രകടിപ്പിക്കുന്നത് ജനാധിപത്യത്തിൽ അനുവദനീയമാണെന്നും ഞാൻ ആവർത്തിക്കുന്നു

നീതിന്യായ വ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം പൊതുജനത്തിന്‍റെ സൂക്ഷ്മ പരിശോധന സ്വാഗതാർഹമാണ് .ജനാധിപത്യത്തിൽ ഏതൊരു സ്ഥാപനത്തിന്‍റെയും ഭരണഘടനാ സ്ഥാനം നിലനിർത്തുന്നതിന് തുറന്ന വിമർശനം ഉണ്ടാവണമെന്നാണ് എന്‍റെ വിശ്വാസം . പതിവ് മര്യാദകളേക്കാൾ ഉയർന്ന ആദർശങ്ങൾക്കു മുൻ‌തൂക്കം കല്പിക്കുകയും ,വ്യക്തിപരവും ഔദ്യോഗികവുമായ നേട്ടങ്ങളെക്കാൾ ഭരണഘടനാ വ്യവസ്ഥകളുടെ സംരക്ഷണത്തിന് മുൻഗണന നൽകുകയും,ഇന്നിനെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ മൂലം ഭാവിയെ സംബന്ധിക്കുന്ന ഉത്തരവാദിത്തങ്ങൾ തടസ്സപ്പെടാതെ കാക്കുകയും  ചെയ്യേണ്ട ഒരു ചരിത്ര മുഹൂർത്തത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് .ഇപ്പോൾ ശബ്ദമുയർത്താതിരിക്കുന്നതു സ്വന്തം കടമയിൽനിന്നു വ്യതിചലിക്കലാവും ; പ്രത്യേകിച്ച് കോടതിയുടെ ഒരു നിർവ്വാഹകനായ എന്നെ സംബന്ധിടത്തോളം .

നമ്മുടെ റിപ്പബ്ലിക്കിന്‍റെ ഈ ചരിത്ര സന്ധിയിൽ എന്‍റെ ഏറ്റവും പ്രധാനമായ കടമ നിറവേറ്റാനുള്ള ഒരു ലഘു ശ്രമം മാത്രമായിരുന്നു എന്‍റെ ട്വീറ്റുകൾ . ഞാൻ വെറുതെ അലസമായി എന്തോ കുറിക്കുകയായിരുന്നില്ല .ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്ന വസ്തുതകൾ ട്വീറ്റ് ചെയ്തതിനു ക്ഷമാപണം ചെയ്യുന്നത് ആത്മാർത്ഥതയില്ലായ്മയും ആക്ഷേപാർഹവുമായിരിക്കും  .അതുകൊണ്ട് എനിക്കീ അവസരത്തിൽ, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി തന്‍റെ വിചാരണവേളയിൽ പറഞ്ഞത് പരാവർത്തനം ചെയ്യുകയേ നിവൃത്തിയുള്ളൂ : ഞാൻ ദയ യാചിക്കുന്നില്ല , ഞാൻ മഹാമനസ്കതയും ആവശ്യപ്പെടുന്നില്ല .

അതിനാൽ, കുറ്റമെന്ന് കോടതി തീരുമാനിക്കുകയും ഒരു പൗരന്‍റെ ഏറ്റവും ഉദാത്തമായ കടമയാണെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്ന ഒന്നിന്‍റെ പേരിൽ എന്‍റെ മേൽ നടപ്പിലാക്കാവുന്ന നിയമാനുസൃതമായ ഏതു ശിക്ഷയും ഞാൻ സന്തോഷപൂർവം ഏറ്റുവാങ്ങുന്നതായിരിക്കും

Print Friendly, PDF & Email